അനന്തരം അവര്‍ മുട്ടിപ്പായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.
''സര്‍വേശ്വരാ... മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിര്‍പ്പിന്റെ മഹിമപ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു...''
അന്നാദ്യമായി ഇടറിവീഴാതെ അയാള്‍ കാല്‍വരിയിലേക്കുള്ള പാതപോലെയുള്ള ആ പെരുംവരിയുടെ അറ്റം കണ്ടു. കുട്ടിക്കാലത്ത് ഏതെങ്കിലുമൊരു വാക്കില്‍ നാവുതട്ടുന്നത് പതിവായിരുന്നു. അന്നേരം അമ്മച്ചി താങ്ങും. തിരുഹൃദയരൂപത്തിലിട്ടിരിക്കുന്ന കുഞ്ഞുവിളക്കുകള്‍ ചിമ്മിച്ചിമ്മിച്ചിരിക്കും.
പക്ഷേ ഇപ്പോള്‍ അയാള്‍ക്ക് ചുറ്റും ഇരുട്ടാണ്. ആകെയുള്ള മെഴുകുതിരി കരഞ്ഞുകരഞ്ഞ് തളര്‍ന്നിരിക്കുന്നു. പുറത്ത് റബര്‍മരങ്ങളുടെ ചില്ലകളെ പ്രാപിച്ചുവന്ന കാറ്റ്, തുറന്നിട്ട ജനാലയുടെ കരണത്തടിച്ചശേഷം മുറിയിലേക്ക് അതിക്രമിച്ച് കയറി. മെഴുകുതിരി ഒന്ന് ഏങ്ങി. ആകാശത്തെവിടെയോ ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കുന്നതുപോലുള്ള ശബ്ദം കേട്ടു.
അയാള്‍ ആദ്യം അവളുടെ മുഖത്തേക്കും പിന്നെ കൈയിലെ കൊന്തയിലേക്കും നോക്കി. അവള്‍ പതിയെ എഴുന്നേല്‍ക്കുകയാണ്. തിരുഹൃദയരൂപത്തിനരികിലായി െവച്ചിരുന്ന ബൈബിള്‍ എടുക്കുമ്പോള്‍ അവള്‍ സാരിത്തലപ്പ് വീണ്ടും തലയിലേക്ക് എടുത്തിട്ടു. അയാള്‍ക്കരികില്‍ വന്നിരുന്ന് ഒരു മെഴുകുതിരി കത്തിച്ചുെവച്ചു.
അനന്തരം അയാള്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി...
''അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു. അവന്‍ അത് താഴെയിറക്കി ഒരു തുണിയില്‍ പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ െവച്ചു. അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു. സാബത്തിന്റെ ആരംഭവുമായിരുന്നു. ഗലീലിയില്‍നിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍ അവനോടൊപ്പം പോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ്‌കരിച്ചു എന്നും കണ്ടു...''
അവള്‍ അപ്പോള്‍ അടുത്തുണ്ടായിരുന്നില്ല. കാറ്റ് പുറത്തെവിടെയോ പോയി കൂടുതല്‍ ലഹരിയോടെ തിരിച്ചുവന്ന് വീടിന് വെളിയില്‍ ചുറ്റിത്തിരിഞ്ഞ് ബഹളമുണ്ടാക്കുന്നുണ്ട്. എന്തോ ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ടു. ആകാശത്തെ ബുള്ളറ്റ്ശബ്ദം ഇപ്പോള്‍ കൂടുതല്‍ അടുത്തായി അനുഭവപ്പെടുന്നു.
അവള്‍ ഒരു ബ്രീഫ്‌കേസുമായി വന്നു. തുകലുകൊണ്ടുള്ളത്. തവിട്ടുനിറവും രണ്ടു പോക്കറ്റുകളും വള്ളിയുമൊക്കെയായി അതൊരു ഹോളിവുഡ് സിനിമയിലെ പ്രോപ്പര്‍ട്ടിയെ ഓര്‍മിപ്പിച്ചു. ഏൽപിക്കുമ്പോള്‍ അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി. മുട്ടുകുത്തിനിന്നുകൊണ്ടുതന്നെ അയാള്‍ അത് ഏറ്റുവാങ്ങി. നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ട് പതിയെ സിബ്ബ് തുറന്നു. അവള്‍ അയാളുടെ തലയില്‍ തഴുകി.
അനന്തരം അയാള്‍ ഓര്‍മകളെ വീണ്ടെടുക്കാന്‍ തുടങ്ങി.
അന്നേരം പുറത്തെ ആകാശം ഒരു ആര്‍ക് ലൈറ്റ് തെളിച്ചുകൊടുത്തു.
കൂര്‍ഗിലെ കാപ്പിമണം
ഒരു ക്ലാപ് ബോര്‍ഡിന്റെ വായ തുറന്നടയുന്നു.
''ആക്ഷന്‍...''
ആന ചിന്നംവിളിക്കുംപോലെ വിക്ടറുടെ ശബ്ദം. ഇയാള്‍ എന്തിനാണ് ഇങ്ങനെ തൊണ്ടപൊട്ടിക്കുന്നതെന്ന് അലക്‌സി എപ്പോഴും ആലോചിക്കാറുള്ളതാണ്. കാമറക്ക് മുന്നില്‍ നിൽക്കുന്ന സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍പോലും ഞെട്ടുന്നതു കണ്ടിട്ടുമുണ്ട്. കൽപക ടൂറിസ്റ്റ് ഹോമില്‍ 'ഈ നിമിഷ'ത്തിന്റെ നൂറാംദിവസം ആഘോഷം കഴിഞ്ഞ് രണ്ടെണ്ണം വിട്ടുനിന്ന ശാന്തച്ചേച്ചി പറഞ്ഞ ഡയലോഗ് ഓര്‍ക്കുമ്പോള്‍ അലക്‌സിക്ക് എപ്പോഴും ചിരിവരും: ''അടുത്ത പടത്തില് ലവന്‍ കൊറേക്കൂടി അലറും. ക്യാമറേടെ പെറകിലും കട്ടിലിന്റെ പൊറത്തും ഒരേ സ്വഭാവം. മൃഗം.''
ഉള്ളാലെ ചിരിച്ചുകൊണ്ട് അലക്‌സി നോക്കുമ്പോള്‍ വിക്ടര്‍ ദേവകിയെ വഴക്കുപറയുകയാണ്. അവള്‍ സോറി...സോറി എന്ന് പറയുന്നുണ്ട്.
''ഈ ഫിലിം എന്നുപറയുന്ന സാധനത്തിന് ഓരോ അടിക്കും കാശാ. സൗത്ത് ഇന്ത്യേലെ വലിയ ഹീറോയിനാണെന്നൊന്നും ക്യാമറയ്ക്കറിയൂല. ഒരു റീ ടേകിന് ചെലവാകണ പൈസകൊണ്ട് നാല് എക്‌സ്ട്രാകള്‍ക്ക് ശമ്പളം കൊടുക്കാം, അറിയാവോ...''
വിക്ടര്‍ തൊപ്പി ഊരി കൈകൊണ്ടു ചുരുട്ടി. പനമ്പട്ടപോലെയത് ഞെരിഞ്ഞമര്‍ന്നു. ദേവകിയുടെ മുഖം വല്ലാതാകുന്നത് അലക്‌സി കണ്ടു. അയാള്‍ അങ്ങോട്ടുചെന്നു. ദേവകി കണ്ണ് തുടയ്ക്കുന്നുണ്ട്. അലക്‌സി അസിസ്റ്റന്റ് ഡയറക്ടറുടെ കൈയില്‍നിന്ന് ക്ലാപ്പ് ബോര്‍ഡ് വാങ്ങി.
''വിക്ടറേ...ടേക് പോകാം...ക്ലാപ്പ് ഞാനടിക്കാം...''
അലക്‌സി പറഞ്ഞു.
''എന്നാപ്പിന്നെ ക്രഡിറ്റ് കാര്‍ഡില്‍ ഇനി തന്റെ പേരിന്റെ കൂടെ രചന, ക്ലാപ്പടി എന്നു കൊടുക്കാം.''
വിക്ടറുടെ പുച്ഛച്ചിരി. പക്ഷേ ആരിലും അത് പ്രതിധ്വനിച്ചില്ല. അലക്‌സിയെയും പേടിയായിരുന്നു എല്ലാവര്‍ക്കും. എപ്പോഴാണ് അയാളുടെ നാവ് ഇരട്ടക്കുഴല്‍തോക്ക് ആകുകയെന്ന് ആര്‍ക്കുമറിയില്ല. ഒരു വെടിയൊച്ച കാതോര്‍ത്ത് ചുറ്റുമുള്ളവര്‍ നിൽക്കവേ അലക്‌സി കിളിക്കുഞ്ഞിനെയെന്നപോലെ ക്ലാപ് ബോര്‍ഡിനെ കൈയില്‍ പിടിച്ചു. പിന്നെ കൂട് അടയ്ക്കുന്നതുപോലെ ശബ്ദമുണ്ടാക്കാതെ അതിന്റെ മുകള്‍പ്പാളി ഉയര്‍ത്തി താഴ്ത്തി. അവജ്ഞയും അസഹിഷ്ണുതയും നിറഞ്ഞ ഒരു ആക്ഷന്‍ വിളി കേട്ടു.
ഷോട്ട് കഴിഞ്ഞപ്പോള്‍ ദേവകി അലക്‌സിയുടെ അടുത്തേക്ക് വന്നു. ഒഴിഞ്ഞ മരച്ചുവട്ടിലിരുന്ന് സിഗരറ്റിന് തീ കൊടുക്കാനൊരുങ്ങുകയായിരുന്നു അയാള്‍. ദേവകിക്കൊപ്പമുണ്ടായിരുന്ന ടച്ചപ്പ് ബോയ് ഒരു കസേര കൊണ്ടുവന്നിട്ടു. ആയ ഫ്ലാസ്‌ക് തുറന്നു. കാപ്പിമണം.
''സിഗരറ്റും കോഫിയും ഡെയ്ഞ്ചറസ് കോമ്പിനേഷന്‍ ആണ്. സോ ഏതെങ്കിലും ഒന്ന് ചൂസ് ചെയ്യാം.''
ദേവകി പറഞ്ഞു.
അലക്‌സി സിഗരറ്റിനെ തുപ്പിക്കളഞ്ഞു.
''ഈ ഫില്‍റ്റര്‍ കോഫി എനിക്ക് റൂട്‌സിലേക്കുള്ള ജേണിയാണ്. ഓരോ കാപ്പി കുടിക്കുമ്പോഴും ഞാന്‍ കൂര്‍ഗിലെ എന്റെ വീട്ടിലേക്ക് വെക്കേഷനുപോകും...അതുകൊണ്ട് ഒരു ദിവസം ഞാന്‍ കുറേ കാപ്പി കുടിക്കും.''
ദേവകി സ്റ്റീല്‍ഗ്ലാസ് മൊത്തി. ആവി അവളുടെ നീണ്ട മൂക്കിനെ മുത്തി.
''ക്ലാപ്പ് ബോര്‍ഡിലെ ചോക്ക് പൊടി പലര്‍ക്കും അലര്‍ജിയാ. അടിക്കുമ്പോള്‍ കണ്ണിലേക്കും മൂക്കിലേക്കും പറന്നുകേറും. ശ്രദ്ധപോകും...''
ഗ്ലാസിനെ കൈകള്‍കൊണ്ട് മെല്ലെ കടഞ്ഞുകൊണ്ട് അലക്‌സി പറഞ്ഞു. അവള്‍ അത് ശ്രദ്ധിക്കുന്നതു കണ്ട് അയാള്‍ ചിരിച്ചു
''പണ്ട് അപ്പാപ്പന്‍ ചെയ്യുന്നത് കണ്ട് ശീലിച്ചതാ...''
ദേവകി അയാളെ അത്ഭുതത്തോടെ നോക്കി.
''അലക്‌സി നല്ല റീഡറാണെന്ന് കേട്ടിട്ടുണ്ട്. ബട്ട് ഹൗ കാന്‍ യൂ റീഡ് മൈന്‍ഡ്‌സ്..?''
അയാള്‍ ചിരിച്ചു.
''ഹിന്ദിയില്‍ രേഖക്ക് ഇതേ പ്രശ്‌നമുണ്ടായിരുന്നു. ഡസ്റ്റ് അലര്‍ജി. ഒരു സെറ്റില്‍െവച്ച് അമിതാഭ് ബച്ചന്‍ ക്ലാപ്പ് അടിച്ചുകൊടുത്തുവെന്ന് കേട്ടിട്ടുണ്ട്.''
അലക്‌സി കാപ്പി ഒന്ന് നുണഞ്ഞിറക്കി. അവര്‍ക്കിടയിലേക്ക് രണ്ടുമൂന്ന് ഇലകള്‍ പറന്നുവീണു.
''റിയലി..? അപ്പോ ഐ ആം രേഖ...യൂ ആര്‍ ബച്ചന്‍...''
ദേവകിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ അലക്‌സിക്ക് കുറ്റബോധം തോന്നി. പറഞ്ഞത് നുണയായിരുന്നു. ഇങ്ങനെയൊരു സ്വഭാവമുണ്ട് അയാള്‍ക്ക്. സംസാരത്തിനിടെ ചുമ്മാ കഥകള്‍ മെനയും. വികൃതിപ്പേനകൊണ്ട് എഴുതുന്ന ചെറു തിരക്കഥകള്‍. കേള്‍ക്കുന്നവര്‍ വിശ്വസിച്ചുവെന്ന് കാണുമ്പോള്‍ അലക്‌സി ആസ്വദിക്കാറാണ് പതിവ്. പക്ഷേ അപ്പോഴെന്തോ അയാള്‍ക്ക് അതിന് കഴിഞ്ഞില്ല.
ദേവകി നടന്നുപോയപ്പോള്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച സ്ത്രീകളെക്കുറിച്ച് അലക്‌സി വീണ്ടും ഓര്‍ത്തു. തിരക്കഥയെഴുതിയ ആദ്യ സിനിമയിലഭിനയിക്കാനെത്തിയ ദിവസം മുതല്‍ അയാള്‍ക്ക് അവളെ കാണുമ്പോള്‍ നമ്പൂതിരിയുടെ സ്ത്രീകളാണ് മനസ്സില്‍ തെളിയാറ്. മദാലസകളല്ലാത്ത, ലാവണ്യവതികളായ, നേര്‍ത്ത് ഉയരംകൂടിയ സ്ത്രീകള്‍...
ജോണിവാക്കറിന്റെ എരിവുമണം
കച്ചേരിപ്പടിയിലെ മാതാ ടൂറിസ്റ്റ് ഹോമിന്റെ 107ാം നമ്പര്‍ മുറിയുടെ വാതിലില്‍ മുട്ടി തോമസ് കുര്യന്‍ കാത്തുനിൽക്കുമ്പോള്‍ അകത്തുനിന്ന് അലക്‌സിയുടെ ശബ്ദം.
''മുട്ടണ്ടടാ...അത് മുട്ടാതെ തുറക്കും...''
ബിജു വിശ്വനാഥനും എം.എസ്. വിനോദിനും ജോണിവാക്കറിനും നടുവിലായിരുന്നു അലക്‌സി. തേക്കുവീപ്പകളില്‍ കിടന്ന് പഴകിയ മദ്യത്തിന്റെ പൗരാണികവും എരിവുള്ളതുമായ ഗന്ധം മുറിയില്‍ തങ്ങിനിന്നിരുന്നു. അതിലേക്ക് കടന്നുവന്ന് തോമസ് കുര്യന്‍ പറഞ്ഞു:
''അച്ചായാ...വിക്ടര്‍ സാര്‍ ദേഷ്യത്തിലാണെന്ന് പ്രൊഡക്ഷന്‍ മാനേജര്‍ വെങ്കിയണ്ണന്‍ പറഞ്ഞു. അടുത്ത പടത്തിന്റെ കഥ ഒന്നും ആയിട്ടില്ലെന്ന വിവരം അങ്ങേരറിഞ്ഞു.''
''നീ താഴെച്ചെന്ന് റിസപ്ഷനീന്ന് അവന്റെ വീട്ടിലോട്ട് വിളിക്ക്. സ്‌ക്രിപ്റ്റ് തരാന്‍ സൗകര്യമില്ല എന്ന് ഞാന്‍ പറഞ്ഞൂന്ന് പറ...''
അലക്‌സിയുടെ കൈകളില്‍ ഗ്ലാസ് ഇടംവലം തിരിഞ്ഞു. വിനോദ് മേശപ്പുറത്ത് പൊട്ടിക്കാതെ െവച്ച വെള്ളക്കടലാസിന്റെ പായ്ക്കറ്റിലേക്ക് നോക്കി. ബിജു താടിചൊറിഞ്ഞു.
''എന്റെ സ്‌ക്രിപ്റ്റിലാ ആ ****ന്‍ വലിയ കൊമ്പത്തെ ഹിറ്റ്‌മേക്കറായത്. ഞാന്‍ വരുന്നതിന് മുമ്പുള്ള അവന്റെ പടമെല്ലാം നോക്ക്. ഒരെണ്ണമെങ്കിലും ആള്‍ക്കാര്‍ ഏറ്റെടുത്തതുണ്ടോ...എല്ലാം വേസ്റ്റ്...അവന്‍ കലിച്ചാ എനിക്ക് കോപ്പാ...''
അലക്‌സി പറഞ്ഞുനിര്‍ത്തിയതും തോമസ് കുര്യന്‍ പറഞ്ഞു:
''കഥ ആയില്ലേലും പുള്ളി നായികയെ ഫിക്‌സ് ചെയ്തു.''
''ആരാ?''
''ദേവകി...അല്ലാണ്ടാരാ...''
''ചങ്ങായി അവളെ ആര്‍ക്കും കൊടുക്കുകേല. പ്രൈവറ്റ് പ്രോപ്പര്‍ട്ടി.''
''വിക്ടര്‍സാറ് റോള് മാത്രമല്ല, കാശും കൊടുക്കുന്നുണ്ടെന്നാ ഗോസിപ്പ്. വയനാട്ടില് കാര്‍ന്നോമ്മാര് ഒരുപാട് ഒണ്ടാക്കിയിട്ടിട്ടുണ്ടല്ലോ...ഈ മൊതലിന് ആ മൊതല് ചെലവാക്കിയാലൊരു നഷ്ടോമില്ലല്ലോ...''
''മഹാറാണീല് ഒരു മുറി സ്ഥിരം എടുത്തിരിക്കുകയാണെന്ന് കേട്ടു...''
ലഹരിമൂത്ത മൂന്നു ചെറുപ്പക്കാരുടെ ആസക്തിഭാഷണത്തിന്റെ രാപ്പറവയെ പെട്ടെന്ന് ഒറ്റ അലര്‍ച്ചകൊണ്ട് അലക്‌സി വെടിെവച്ചിട്ടു.
''നിര്‍ത്തെടാ...''
ഒരു മദ്യഗ്ലാസ് ഭിത്തിയില്‍ പോയിടിച്ച് ചിതറി. ജോണിവാക്കര്‍ അതിന്റെ കവിളിലൂടെ താഴേക്ക് ഒലിച്ചു.
''മേലാല്‍ ഇമ്മാതിരി വേണ്ടാതീനം പറയരുത്. നല്ല തേമ്പ് െവച്ചുതരും ഊളകളെ... നീയൊക്കെ ആരാടാ കാമശാസ്ത്രത്തിന്റെ സെക്കന്‍ഡ് പാര്‍ട്ട് എഴുതുന്നവന്മാരോ...''
ബിജു പതിയെ എഴുന്നേറ്റ് ടോയ്‌ലറ്റിന് നേര്‍ക്ക് നടക്കാനൊരുങ്ങിയപ്പോള്‍ അലക്‌സി പറഞ്ഞു:
''ഡാ...ഇരിയവിടെ...നീ വലിയ കവിയല്ലേ...ശ്രീകുമാരന്‍തമ്പി സാറിന്റെ നാല് പാട്ട് പാട്...അങ്ങേരേടാ സിനിമേലേ കവി...ദക്ഷിണാമൂര്‍ത്തിസ്വാമി ട്യൂണിട്ടത് മതി...ഇനി ഇവിടെ സിനിമാപ്പാട്ടിനെക്കുറിച്ച് മാത്രമേ ചര്‍ച്ചയുള്ളൂ...''
ബിജു മെല്ലെ ഇരുന്നു. തോമസ് കുര്യന്‍ അവനെ നോക്കി കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. വിനോദ് മദ്യം നിറച്ച ഒരു ഗ്ലാസ് അലക്‌സിയുടെ മുമ്പിലേക്ക് നീക്കിെവച്ചു. അയാള്‍ കണ്ണടച്ച് കൈകള്‍ മുകളിലേക്കുയര്‍ത്തി മെല്ലെ കൂട്ടിത്തിരുമ്മിക്കൊണ്ട് മൂളി..
''സൗഗന്ധികങ്ങളേ വിടരുവിന്‍...സമാധിയില്‍ നിന്നുണരുവിന്‍...''
പുസ്തകത്തിന്റെ പുതുമണം
ഹൈദരാബാദില്‍ െവച്ച് കാണുമ്പോള്‍ ദേവകിയുടെ കഴുത്തില്‍ ഭംഗിയുള്ളൊരു വെള്ള മുത്തുമാലയുണ്ടായിരുന്നു. വിക്ടര്‍ സമ്മാനിച്ചതാകുമെന്നാണ് അലക്‌സി കരുതിയത്. പക്ഷേ തെറ്റി.
''രജനി വന്നിരുന്നു. വൈത്തിസാറിന്റെ പുതിയ ഫിലിമിന്റെ ഷൂട്ട് ഇവിടെയാണ്. സാറ് തിരക്കിലായതുകൊണ്ട് അവള്‍ക്ക് ബോറടി. ഞാന്‍ നമ്മുടെ ലൊക്കേഷനിലേക്ക് വിളിച്ചു. വൈകീട്ടൊരു ദിവസം ഞങ്ങളൊരുമിച്ച് ഷോപ്പിങ്ങിന് പോയി. ഇതവളുടെ ഗിഫ്റ്റ്.''
ദേവകി പറഞ്ഞു.
''എന്റെ ജൂലിയക്കും ഇങ്ങനെയൊരു മാലയുണ്ട്.''
അത് ആ സിനിമയില്‍ ദേവകിയുടെ കഥാപാത്രത്തിന് അലക്‌സിയിട്ട പേരായിരുന്നു.
''ഓാാ.....ദെന്‍ ഐ വില്‍ യൂസ് ദിസ്...ഏത് സീനില്‍ വേണം?''
''ഫ്ലാഷ് ബാക്കില്‍ എവിടെയെങ്കിലുമാകും സ്യൂട്ടാകുക...''
''ഷുവര്‍...''
ഒരു നിമിഷം നിശ്ശബ്ദയായ ശേഷം ദേവകി തുടര്‍ന്നു:
''ഇത്തരം മാല കുറേയുണ്ടായിരുന്നു, കുട്ടിയായിരുന്നപ്പോ. അപ്പ ഇവിടെ വരുമ്പോഴെല്ലാം വാങ്ങും.''
ചാര്‍മിനാറിന്റെ മുകള്‍പ്പരപ്പിലൊരിടത്തായിരുന്നു അവര്‍. അന്തിമാനം. കൂട്ടിലേക്ക് മടങ്ങിപ്പോകുന്ന പക്ഷികള്‍.
''ദേവകിയുടെ അപ്പ വലിയ പ്രൊഡ്യൂസറായിരുന്നുവെന്നറിയാം.''
അലക്‌സി പറഞ്ഞതുകേട്ട് ദേവകി ചിരിച്ചു.
''യെസ്...ആയിരുന്നു...പാസ്റ്റ് ടെന്‍സ്...എനിക്ക് ഓര്‍മയുള്ള അപ്പ പ്രൊഡ്യൂസറല്ല...ജസ്റ്റ് എ ലൂസര്‍...''
അവളുടെ കഥകേള്‍ക്കാന്‍ അലക്‌സിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വിക്ടറുടെയും സംഘത്തിന്റെയും ശബ്ദം ചവിട്ടുപടികളേറിവരുന്നത് കേട്ട് അയാള്‍ ആകാശത്തേക്ക് കണ്ണയച്ചുനിന്നു.
''രാത്രി ഫ്രീ ആണെങ്കില്‍ റൂമിലേക്ക് വരാമോ? ഡിന്നര്‍ ഒരുമിച്ച് കഴിക്കാം...''
ദേവകിയുടെ ക്ഷണം അലക്‌സിയെ എന്തുകൊണ്ടോ വല്ലാതെ ആഹ്ലാദിപ്പിച്ചു. കാത്തിരുന്നതുപോലെയായിരുന്നു അയാളുടെ മറുപടി
''വിത്ത് എ ചെറി വൈന്‍...''
ദേവകി ചിരിച്ചു. വൈകുന്നേരക്കാറ്റ് അവളുടെ മുടിയിഴകളെ പാറിച്ചുകൊണ്ട് മിനാരങ്ങളില്‍ കൂടേറാന്‍ പോയി.
രാത്രി, അലക്‌സി ചെല്ലുമ്പോള്‍ ദേവകിയുടെ മുറിയുടെ വാതില്‍ പാതി തുറന്നുകിടപ്പുണ്ട്. നിവര്‍ത്തിെവച്ച പുസ്തകംകൊണ്ട് മുഖം മറച്ച് കസേരയില്‍ തല ഉയര്‍ത്തിെവച്ച് കിടക്കുകയായിരുന്നു അവള്‍. അലക്‌സി രണ്ടുനിമിഷം നോക്കിനിന്നു. സിഡ്‌നി ഷെല്‍ഡന്‍ എന്നും വിന്‍ഡ്മില്‍സ് ഓഫ് ദ ഗോഡ്‌സ് എന്നും അയാള്‍ വായിച്ചു. ആ വര്‍ഷം പുറത്തിറങ്ങിയ പുസ്തകത്തെക്കുറിച്ച് 'ഹിന്ദു'വിലെവിടെയോ കണ്ടത് ഓര്‍ത്തു.
''ഇത്ര ബോറാണോ ഈ പുസ്തകം..?''
അലക്‌സിയുടെ ശബ്ദം കേട്ട് ദേവകി കണ്ണുതുറന്നു. സിഡ്‌നി ഷെല്‍ഡനെ മുഖത്തുനിന്ന് മാറ്റി അവള്‍ പറഞ്ഞു:
''നെവര്‍...ഇതും രജനിയുടെ ഗിഫ്റ്റ്...പുതിയ ബുക്കിന്റെ സ്‌മെല്‍ എനിക്ക് കുറേ ഇഷ്ടമാണ്...''
ദേവകി ഒന്നുകൂടി അതിന്റെ താളുകളെ വാസനിച്ചു.
''എനിക്കറിയാം...സിഡ്‌നി ഷെല്‍ഡനല്ലേ അലക്‌സിയുടെ ഫേവ്‌റിറ്റ് റൈറ്റര്‍?''
അവളുടെ നീണ്ട കണ്ണുകളിലൊരു കുസൃതിപ്പരല്‍ പിടയ്ക്കുന്നത് കണ്ട് അലക്‌സി ചിരിച്ചു.
''അപ്പയാണ് എനിക്ക് ഇംഗ്ലീഷ് റൈറ്റേഴ്‌സിനെ പരിചയപ്പെടുത്തിത്തന്നത്. വായിച്ചുവായിച്ച് എനിക്കൊരു റൈറ്ററാകണമെന്ന് പറയുമായിരുന്നു ഞാന്‍.''
വൈകുന്നേരം നിര്‍ത്തിയിടത്തുനിന്ന് അടുത്ത നിമിഷമെന്നപോലെ ദേവകി പറഞ്ഞുതുടങ്ങി. അതിനിടെ അവള്‍ വൈന്‍ ഗ്ലാസുകള്‍ നിറയ്ക്കുകയും അതിലൊന്ന് അലക്‌സിക്കുനേരെ നീട്ടുകയും ചെയ്തു. അവര്‍ക്കിടയില്‍ ഇന്നലെയില്‍നിന്നെന്നോണം ഒരു പുതുമണം പരന്നുനിറഞ്ഞു.
''അലക്‌സിക്കറിയാമോ...ഞാന്‍ എങ്ങനെ ആക്ട്രസ് ആയെന്ന്. ആസ് യൂഷ്വല്‍...അപ്പ തന്നെ റീസണ്‍...പടങ്ങള്‍ കണ്‍ടിന്യൂവസ് ആയി േഫ്ലാപ്പായതോടെ ഞങ്ങളുടെ പ്രോപ്പര്‍ട്ടിയെല്ലാം കുറേപ്പേര് കൊണ്ടുപോയി. അവസാനം കോഫി എസ്റ്റേറ്റും അതിന്റെ നടുക്ക് ഞാനും അപ്പേം താമസിച്ചിരുന്ന വീടും മാത്രം. ഫൈനാന്‍സിയേഴ്‌സിനെ പേടിച്ച് അപ്പ ഇടക്കിടക്ക് അബ്‌സ്‌കോണ്‍ടിങ് ആകാന്‍ തുടങ്ങി. അങ്ങനെ ഒരു ഡേ...വെന്‍ ഐ വാസ് ഫിഫ്റ്റീന്‍...എനിക്കോര്‍മയുണ്ട് അന്നെന്റെ ബര്‍ത്ത് ഡേ ആയിരുന്നു...മഡ്രാസില്‍നിന്ന് ഒരു ചെട്ടിയാര്‍ വീട്ടില്‍ വന്നു. അപ്പയുടെ വലിയൊരു ഫൈനാന്‍സര്‍. ഞാനാണ് ഡോര്‍ തുറന്നത്. അയാള് എന്നെ കുറേനേരം നോക്കിനിന്നു. പരിചയപ്പെട്ട് ഒന്നും പറയാതെ പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അപ്പക്ക് അയാളുടെ കോള്‍ വന്നു. അയാള്‍ പ്രൊഡ്യൂസ് ചെയ്യുന്ന നെക്സ്റ്റ് പടത്തില്‍ ഞാന്‍ ഹീറോയിനാകണം...ആന്‍ഡ് ഹീ വാസ് റെഡി ടു ഇഗ്നോര്‍ ഓള്‍ ഔവര്‍ ലയബിലിറ്റീസ്...''
ദേവകി എഴുന്നേറ്റ് മുറിയുടെ ജാലകം തുറന്നിട്ടു. ഉറങ്ങാത്ത നഗരം ചതുരവടിവില്‍ കാണായി. മിന്നാമിനുങ്ങുകള്‍ പൂത്ത പാടത്തിന്റെ പെയിന്റിങ് പോലെ. അലക്‌സി ഒന്നും ചോദിച്ചില്ല. കടല്‍ക്കരയിലിരുന്ന് തിരമാലയെ എന്നോണം അയാള്‍ അവളെ നോക്കിയിരുന്നു. അവസാനം, ദേവകി ഒറ്റവാചകത്തിലൂടെ അലക്‌സിയില്‍ വന്ന് ചിതറി.
''കാന്‍ യു സേവ് മീ..?''
അപ്പോള്‍ രാത്രിയുടെ വീഞ്ഞുഗ്ലാസ് ഏതാണ്ട് ഒഴിയാറായിരുന്നു. തുറന്നിട്ട ജനാലയിലൂടെ തണുപ്പ് പറന്നുവന്നു.
മുറിയില്‍ ചെന്നിട്ടും അലക്‌സിക്ക് ഉറക്കം വന്നില്ല. അവള്‍ സമ്മാനിച്ച പുത്തന്‍ മണമുള്ള ആ പുസ്തകം പിന്നെയും എടുത്തുനോക്കി. താളുകള്‍ മറിച്ചപ്പോള്‍ ഈ വാചകങ്ങളില്‍ അയാള്‍ സ്വയം നഷ്ടപ്പെട്ടുനിന്നു.
''Life is a cosmic grab-bag. At this moment, somewhere in the world, someone is losing a child, skiing down a mountain, having an orgasm, getting a haircut, lying on a bed of pain, singing on a stage, drowning, getting married, starving in a gutter. In the end, aren't we all that same person?''
ദ്രൗപദിയുടെ താമരപ്പൂമണം
''എങ്ങനെയാണ് ഒരു റൈറ്റര്‍ക്ക് ഇത്രയും ബ്യൂട്ടിഫുള്‍ ഫാന്റസി ഉണ്ടാക്കാന്‍ കഴിയുന്നത്..?''
ദേവകി ചോദിച്ചു. അന്നാണ് അലക്‌സി ആദ്യമായി അവളോട് അതേക്കുറിച്ച് പറഞ്ഞത്. കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന തോന്നല്‍ പങ്കുവെക്കുമ്പോള്‍ അവര്‍ ഗോവയില്‍, ഒരു കുന്നിന്‍മുകളിലെ ഉപേക്ഷിക്കപ്പെട്ട പള്ളിക്ക് അരികിലായിരുന്നു.
ഏറെ ക്ലേശിച്ച് വേണം അങ്ങോട്ട് എത്താന്‍. പുല്‍മേട് താണ്ടുമ്പോള്‍ ദേവകി അലക്‌സിയുടെ കൈകോര്‍ത്ത് പിടിച്ചു. കറുപ്പും വെളുപ്പും നിറങ്ങളില്‍ ഒരു പെന്‍സില്‍ഡ്രോയിങ് പോലെ തോന്നിച്ചു, പള്ളി. അതിന് മുന്നില്‍ ഷഡ്ഭുജാകൃതിയിലുള്ള സ്തൂപത്തിനുമേല്‍ ഒരു കുരിശുണ്ടായിരുന്നു. കവാടത്തിനോട് ചേര്‍ന്നുള്ള കമാനാകൃതിയിലുള്ള കല്‍ക്കെട്ട് ഇടിഞ്ഞുവീഴാറായ നിലയിലാണ്. അസ്ഥിതെളിഞ്ഞ അതില്‍ പായലുകളുടെ നിറം. വലതുഭാഗത്തുനിന്നൊരു മതില്‍വന്ന് പള്ളിയുടെ ശരീരത്തില്‍ ഒട്ടിച്ചേരുന്നു. അതിലും കാലം പച്ചകുത്തിയിട്ടുണ്ട്. വാകപോലുള്ള മരങ്ങള്‍ അവിടവിടെയായി പന്തലിച്ചുനിൽക്കുന്നു. കുന്നിന്‍മുകളില്‍നിന്ന് നോക്കുമ്പോള്‍ ദൂരെയായി ഒരു തടാകം.
ഗോവയിലേക്ക് വരുന്നില്ലേ എന്ന് ചോദിച്ചെഴുതിയ കത്തിനെ ദേവകി ഉപസംഹരിച്ചത് ''എനിക്ക് നല്ലൊരു കഥ കേള്‍ക്കണം'' എന്ന ആവശ്യത്തിലാണ്. ചുവന്ന മഷിപ്പേനകൊണ്ടാണ് അവള്‍ സ്ഥിരം എഴുതിയിരുന്നത്. ചെത്തിപ്പൂക്കള്‍പോലെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍. ഹോട്ടല്‍മുറികളിലേക്കുള്ള ഫോണ്‍വിളികളേക്കാള്‍ ദേവകി ഇഷ്ടപ്പെട്ടത് അലക്‌സിയോട് കത്തുകളിലൂടെ സംസാരിക്കാനാണ്. എന്തുകൊണ്ട് എപ്പോഴും ചുവന്ന വാക്കുകളെന്ന് അലക്‌സി ചോദിച്ചു. ദേവകിയുടെ മറുപടിക്കത്തിലെ ആദ്യവരി ഇങ്ങനെയായിരുന്നു:
Blood is my favorite colour!
ഗോവയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ഇനിയും പൂര്‍ത്തിയാകാത്ത ക്ലൈമാക്‌സിനെക്കാളും വിക്ടറുടെ അക്ഷമയോടെയുള്ള ഫോണ്‍വിളികളെക്കാളും അലക്‌സിയെ ആകുലപ്പെടുത്തിയത് ദേവകിയോട് പറയേണ്ട കഥയാണ്. അയാള്‍ എന്തുകൊണ്ടോ അപ്പോള്‍ ഉയരം കൂടിയ ഒരു സ്ത്രീരൂപത്തെ ഓര്‍ത്തു.
അലക്‌സി എത്തിയതിന്റെ പിറ്റേന്നായിരുന്നു അവര്‍ കുന്നിന്‍മുകളിലെ പള്ളിയിലേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ അയാള്‍ ആദ്യം പറഞ്ഞത് നമ്പൂതിരിയുടെ സ്ത്രീകളെക്കുറിച്ചാണ്. അതുകേട്ടപ്പോള്‍ ദേവകി പൊട്ടിച്ചിരിച്ചു. ആദ്യമായാണ് ഒരു നമ്പൂതിരിച്ചിത്രത്തിന്റെ ചിരി അലക്‌സി കാണുന്നത്. അവള്‍ പറഞ്ഞു:
''അപ്പോള്‍ ഞാന്‍ ആ ഡ്രോയിങ്സിന്റെ ഡ്യൂപ്പായി അഭിനയിക്കുന്നയാളാണല്ലേ...''
ആ വ്യാഖ്യാനം അലക്‌സിയുടെ ചിന്തകള്‍ക്കപ്പുറമുള്ളതായിരുന്നു. അവള്‍ക്ക് ഒരുമ്മ കൊടുക്കണമെന്ന് അയാള്‍ക്ക് തോന്നി.
''എനിക്ക് കാണാന്‍ പറ്റുമോ അവരെ?''
ദേവകി ചോദിച്ചു.
അലക്‌സി അത്രയും നേരം ഒളിപ്പിച്ചുെവച്ച പുസ്തകം പുറത്തെടുത്തു. അടയാളമായിെവച്ചിരുന്നത് ഒരു പച്ചിലയാണ്. അതിന്റെ സഹായത്താല്‍ അയാള്‍ ഒരു താള്‍ അവള്‍ക്കായി വിടര്‍ത്തി.
''ആരാണിത്..?''
അതിലെ ചിത്രം കണ്ട് ദേവകി ആകാംക്ഷയോടെ ചോദിച്ചു. അലക്‌സി പറഞ്ഞു:
''ദ്രൗപദി''
''ഏതാണ് ഈ ബുക്ക്?''
''രണ്ടാമൂഴം''
അവള്‍ പിന്നെയും ആ ചിത്രത്തിലേക്ക് നോക്കി. പെരുവിരലില്‍ ഉയര്‍ന്നുനിന്ന് അര്‍ജുനനെ ഹാരമണിയിക്കുകയാണ് ദ്രൗപദി.
''ഇവളുടെ വിയര്‍പ്പിന് താമരപ്പൂവിന്റെ മണമാണ്...''
അലക്‌സി പറഞ്ഞു. അപ്പോഴാണ് ദേവകി ചോദിച്ചത്:
''എങ്ങനെയാണ് ഒരു റൈറ്റര്‍ക്ക് ഇത്രയും ബ്യൂട്ടിഫുള്‍ ഫാന്റസി ഉണ്ടാക്കാന്‍ കഴിയുന്നത്..?''
പുസ്തകത്തെ പുണര്‍ന്ന് അവള്‍ നിരാശയോടെ പറഞ്ഞു.
''മലയാളം പറയാന്‍ പഠിച്ചു. വായിക്കാന്‍ അറിയില്ല...നിങ്ങളുടെ ലെറ്റേഴ്‌സ് ലൈക് എ ഹില്‍...''
അവര്‍ പള്ളിക്കുള്ളിലേക്ക് നടന്നു. അലക്‌സി അവളുടെ വിരലുകളില്‍ വിരല്‍കോര്‍ത്തു. ആര്‍ച്ചിന്റെ ആകൃതിയിലുള്ള എല്ലാ ദ്രവിച്ച ജനാലുകളിലൂടെയുംവന്ന പ്രഭാതവെയില്‍ അതിനകത്ത് മുട്ടുകുത്തി നില്‍പ്പുണ്ടായിരുന്നു. പടര്‍ന്നുകയറിയ വള്ളിച്ചെടികള്‍ അള്‍ത്താരഭാഗത്തെ അവശിഷ്ടഭിത്തികളെ മുള്‍ക്കിരീടമണിയിച്ചിട്ടുണ്ട്. അതിന് മുന്നിലിരുന്ന് അലക്‌സി അവള്‍ക്ക് വായിച്ചുകൊടുക്കാന്‍ തുടങ്ങി.
''കടലിന് കറുത്ത നിറമായിരുന്നു...ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴുങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്തപോലെ തിരകള്‍ തീരത്ത് തലതല്ലിക്കൊണ്ടലറി...''
പിന്നെ അവര്‍ യാത്ര തുടങ്ങി. കൊടുങ്കാറ്റിന്റെ മര്‍മരം കേട്ട്...വനവീഥികളിലൂടെ നടന്ന്...അക്ഷഹൃദയം പകുത്ത്...പഞ്ചവർണപ്പൂക്കള്‍ നുള്ളി...വിരാടം താണ്ടി...ജീര്‍ണവസ്ത്രങ്ങളണിഞ്ഞ്...പൈതൃകത്തിലേക്ക്...
ഒടുവില്‍, ''വഴികാട്ടാന്‍ വേണ്ടി, വെള്ളപ്പറവകള്‍ മേഘങ്ങളില്‍നിന്ന് ഇറങ്ങി വ്യൂഹം ചമച്ച് മുമ്പേ, താഴ്‌വരയിലേക്ക് പറന്നു'' എന്ന് അലക്‌സി വായിച്ചുനിര്‍ത്തുമ്പോള്‍ വെയിലിന് മഞ്ഞനിറമായിരുന്നു. ഇതിനിടയിലെപ്പോഴോ ദേവകി അയാളുടെ മടിയിലേക്ക് തല ചായ്ച്ചു കിടന്നു.
''കഥ ഇഷ്ടപ്പെട്ടോ...''
അലക്‌സി ചോദിച്ചു.
ദേവകി കൈകള്‍ അയാളുടെ കഴുത്തിലേക്കിട്ടു. മുഖത്തോട് മുഖം ചേര്‍ത്തു. അടിവയറ്റില്‍നിന്നൊരു കൊടുങ്കാറ്റ് പുറപ്പെടുന്നത് അയാള്‍ക്ക് അറിയാനായി. അവര്‍ കയറിഴകള്‍പോലെയായി.
ക്യൂട്ടക്‌സിന്റെ അമ്ലമണം
കൊടൈക്കനാലിന്റെ മഞ്ഞുപുതപ്പിനടിയിലായിരുന്നു അലക്‌സിയും ദേവകിയും. അവര്‍ വിവസ്ത്രരായിരുന്നു. അലക്‌സി അവളെ നോക്കി. കണ്ണുകള്‍ ഏതോ ചിന്തയില്‍ തറച്ച നിലയിലാണ്. അലക്‌സി പുതപ്പ് മാറ്റിയപ്പോള്‍ കട്ടിലില്‍ രണ്ട് ആശ്ചര്യചിഹ്നങ്ങള്‍ പോലെ അവര്‍.
''ഞാന്‍ താങ്ക്‌സ് പറയേണ്ടത് രജനിക്കാണ്. അവളാണ് അലക്‌സിയെ എന്റെ വെയ്‌നില്‍ ഇന്‍ജക്ട് ചെയ്തത്.''
ദേവകി കണ്ണെടുക്കാതെ പറഞ്ഞു.
''നന്മ നിറഞ്ഞ രജനിക്ക് സ്വസ്തി...''
അലക്‌സി ദേവകിയുടെ നെറ്റിയില്‍ ചുംബിച്ചു.
അയാള്‍ക്ക് ചോദിക്കാതിരിക്കാനായില്ല.
''അവള്‍ കരിയറിന്റെ ഹൈറ്റില്‍െവച്ച് വൈത്തി സാറിനെപ്പോലൊരു വെറ്ററന്‍ ഡയറക്ടറെ പ്രേമിച്ച് കല്യാണം കഴിച്ചതിന്റെ റീസണ്‍ എനിക്കൊരിക്കലും പിടികിട്ടിയിട്ടില്ല. വൈത്തി സാറിന്റെ മൂത്ത മോന് രജനിയേക്കാള്‍ മൂന്നോ നാലോ വയസ്സ് കൂടുതലേയുള്ളൂ. എനിക്കറിയാവുന്ന മൂന്നു സൂപ്പര്‍സ്റ്റാര്‍സിന് അവളോട് കടുത്ത ഇന്‍ഫാച്വേഷനായിരുന്നു.''
കണ്ണുകള്‍ മെല്ലെയടച്ച് ദേവകി പറഞ്ഞു:
''മേ ബി എ റിവഞ്ച്...അവളെ ആദ്യം ടച്ച് ചെയ്ത ആളും ഒരു വെറ്ററനായിരുന്നു. തമിഴ്‌നാട്ടിലെ വലിയ പൊളിറ്റീഷന്‍. അന്നവള്‍ സ്‌കൂള്‍കുട്ടിയാണ്. അയാളുടെ ജാതകത്തിലെ പ്രോബ്ലം തീര്‍ക്കാന്‍ ഒരു വിര്‍ജിന്‍ പെണ്‍കുട്ടിയെ കല്യാണം കഴിക്കണമെന്ന് അസ്‌ട്രോളജര്‍ പറഞ്ഞപ്പോ ഉണ്ടായ ഡ്രാമ. ഒറ്റ നൈറ്റ്. ഫ്രം ദാറ്റ് ഡേ, ഓള്‍ഡ് മെന്‍ ആര്‍ മൈ റിയല്‍ ഹീറോസ് എന്ന് ഒരുദിവസം അവള്‍ പറഞ്ഞു...കുറേ ചിരിച്ചു അന്ന് അവള്‍...''
അലക്‌സിക്ക് അതു കേട്ടപ്പോള്‍ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. അവര്‍ എഴുന്നേറ്റു. ''രണ്ടുപേരും നഗ്നരായിരുന്നുവെങ്കിലും അവര്‍ക്ക് ലജ്ജ തോന്നിയിരുന്നില്ല'' എന്ന ഉത്പത്തിപുസ്തകവാക്യം അലക്‌സിക്ക് ഓര്‍മവന്നു. ദേവകി മേക്കപ്പ് ബോക്‌സ് തുറന്ന് ഒരു നെയ്ല്‍പോളിഷ് എടുത്ത് അയാള്‍ക്ക് നേരെ നീട്ടി. ക്യൂട്ടക്‌സിന്റെ റെഡ് വെല്‍വെറ്റ്. അവള്‍ മേശപ്പുറത്തുകിടന്ന സ്റ്റാര്‍ഡസ്റ്റ് എടുത്ത് അതിന്റെ പരസ്യം കാണിച്ചുകൊടുത്തു. കടുംചുവപ്പ് നിറത്തിലുള്ള ഫോൺ റിസീവര്‍ ചരിച്ചുെവച്ച മുഖത്തിനും തോളിനുമിടക്ക് കൊരുത്തുെവച്ച, കടുംചുവപ്പ് ചായമിട്ട ചുണ്ടുകളുള്ള ഒരു മോഡല്‍. താഴെ ഈ വാചകം
'Red', She said
അലക്‌സി അവളുടെ പാദം മടിയിലേക്കെടുത്തുെവച്ചു. പൂച്ചക്കുഞ്ഞിനെയെന്നപോലെ അതിനെ തലോടി. മുത്തുകളുള്ള കറുത്ത ചരട് മുകളിലേക്ക് കയറ്റി. നഖച്ചായക്കുപ്പി തുറന്നപ്പോള്‍ സുഖകരമായ അമ്ലമണം ഉയര്‍ന്നു. മാതളനാരങ്ങയുടെ അല്ലിനിറമായിരുന്നു അവളുടെ നഖങ്ങള്‍ക്ക്. ദേവകി നിലത്ത് കൈകള്‍ പിന്നിലേക്ക് കുത്തി, തല ഉയര്‍ത്തി കണ്ണടച്ചിരുന്നു. രണ്ടു താമരപ്പൂക്കള്‍ തണ്ടുതാഴ്ത്തിനിന്നു. ജലച്ചായചിത്രത്തിലെ അവസാന മിനുക്കുപണികള്‍പോലെ അയാള്‍ സൂക്ഷ്മമായി അവളില്‍ ചായംതൊടുവിച്ചു. ശ്വാസക്കാറ്റില്‍ അതിനെ ഉണക്കി. കൈവിരലുകളും പൂര്‍ത്തിയായപ്പോള്‍ അലക്‌സി പറഞ്ഞു:
''അനങ്ങരുത്...''
അയാള്‍ അവളുടെ പിന്നില്‍ ചെന്നിരുന്നു. മുതുകില്‍ കവിള്‍ ചേര്‍ത്തുെവച്ചു. തണുപ്പ്. പനിവരുമ്പോള്‍ അമ്മച്ചി നെറ്റിയില്‍ നനച്ചിട്ടുതരുന്ന തുണിയുടെ അതേ തണുപ്പ്. അലക്‌സി നെയ്ല്‍പോളിഷിന്റെ ബ്രഷ്‌കൊണ്ട് ചന്ദനനിറത്തിലുള്ള കടലാസുപോലെയുള്ള അവളുടെ ശരീരത്തില്‍ എഴുതി.
സീന്‍ 1
ബുള്ളറ്റിന്റെ കരിമണം
എം.എസ്. വിനോദിന്റെ കൈയക്ഷരത്തില്‍ ജനിച്ച സ്വന്തം വാക്കുകളെ അലക്‌സി നിര്‍വികാരതയോടെ നോക്കി. രണ്ടായി മടക്കിയ കടലാസിന്റെ ഇരുവശത്തുമായി വരിവരിയായി അടുങ്ങിക്കിടന്ന അവയില്‍ ചിലതിന് മുകളില്‍ അയാള്‍ പേനകൊണ്ട് വെട്ടി. മൈലാപ്പൂര്‍ ന്യൂവുഡ്‌ലാന്‍ഡ്‌സിലെ മുറിക്കുള്ളില്‍ പുകവലയങ്ങള്‍ പറന്നു. അതില്‍ കുറേയെണ്ണം ജനലിനരികിലുള്ള മാവിന്റെ തണലിലേക്ക് പോയി. പുറത്തൊരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു.
ഭ്രാന്തന്‍കാറ്റുപോലെ വിക്ടര്‍ ആ മുറിയിലേക്ക് വന്നു.
''വല്യ ഡയറക്ടറായിട്ടും നിനക്ക് ഈ ബുള്ളറ്റ് കഴപ്പ് മാറുകേലല്ലേ...''
അലക്‌സി സിഗരറ്റ് തുപ്പിക്കളഞ്ഞുകൊണ്ട് ചോദിച്ചു.
''കഴപ്പ് എനിക്കല്ല നിനക്ക്...കളി മാത്രേ നടക്കുന്നുള്ളൂന്ന് എനിക്കറിയാം...എഴുത്തല്ലല്ലോ ഇപ്പോ വലുത്...''
വിക്ടറിനെ കരിമണത്തു.
''ഒന്നു പോടാ കോപ്പേ. എഴുതാഞ്ഞിട്ടാണോ എന്റെ പെറകേ ഡയറക്ടര്‍മാര്‍ ക്യൂ നിക്കണത്...നിന്നേക്കാളും മുഴുത്തവര്...''
അലക്‌സി പുച്ഛിച്ചുചിരിച്ചു. അതുകണ്ട് വിക്ടറിന്റെ ദേഷ്യം ഇരട്ടിച്ചു.
''അവളെ കിട്ടിയെന്നോര്‍ത്ത് നീ നെഗളിക്കണ്ട അലക്‌സി...നമ്മളില്‍ ആദ്യം ഉപ്പുനോക്കിയത് ഞാനാ...നീ വെറും സെക്കന്‍ഡ്...രണ്ടാംസ്ഥാനക്കാരന്‍...അവള് എന്റടുത്തേക്ക് തിരിച്ചുവരാന്‍ അധികം ടൈമൊന്നും വേണ്ട...നീ ഓര്‍ത്തുെവച്ചോ...''
വിക്ടര്‍ വിരല്‍ചൂണ്ടിപ്പറഞ്ഞു. അതുകേട്ടതും അലക്‌സി ചാടിയെഴുന്നേറ്റു. ഇരട്ടക്കുഴലുകള്‍ വിക്ടറിന് നേര്‍ക്ക്‌നീണ്ടു.
''ആണാണേ കൊണ്ടുപോടാ...''
വെടിയൊച്ചപോലുള്ള അലര്‍ച്ച.
ഒന്ന് പതറിയ വിക്ടര്‍ തിരിഞ്ഞുനടക്കാനൊരുങ്ങി. പിന്നെ തോല്‍ക്കാന്‍ കൂട്ടാക്കാത്തവണ്ണം പറഞ്ഞു:
''ഞാനല്ലേ വേറെ ആരേലും...ഇന്നല്ലേ നാളെ അവള് പോകും അലക്‌സീ...''
കതക് വലിച്ചടച്ച് വിക്ടര്‍ ഇറങ്ങിപ്പോയി. അലക്‌സി ഒരു കസേരയെ തൊഴിച്ചു. അയാള്‍ തുപ്പിയിട്ട സിഗരറ്റ് നിലത്ത് അപ്പോഴും എരിയുന്നുണ്ടായിരുന്നു.
വൈകീട്ട് ദേവകിക്കൊപ്പം റസ്റ്റോറന്റില്‍ അവളുടെ പ്രിയപ്പെട്ട മസാലദോശ കഴിക്കുമ്പോള്‍ അലക്‌സി പറഞ്ഞു:
''അമ്മച്ചിയെ വിളിച്ചായിരുന്നു. എത്രേം പെട്ടെന്ന് വെടിയിറച്ചി ഉപ്പിട്ടൊണക്കാനറിയാവുന്ന ഒരു പെങ്കൊച്ചിനെ കണ്ടുപിടിച്ചോണമെന്ന് ഫൈനല്‍ വാണിങ്.''
അലക്‌സി സാമ്പാറിന്റെ ചെറുപാത്രം അവളുടെ മുമ്പിലേക്ക് ഉന്തിെവച്ചു. അതിന് മറുപടിയെന്നോണം അവള്‍ പുതിനചട്ണിയെ അയാളിലേക്ക് നീക്കിെവച്ചുകൊണ്ട് ചോദിച്ചു:
''വിക്ടര്‍ സര്‍ വന്നിരുന്നു, അല്ലേ..?''
അലക്‌സി നിശ്ശബ്ദനായി. മറുപടിക്ക് കാക്കാതെ ദേവകി തുടര്‍ന്നു:
''ഇടയ്ക്ക് അപ്പയെ വിളിക്കാറുണ്ട്. അലക്‌സിയെക്കുറിച്ച് കുറേ ഗോസിപ്പ് പറയും. ഈഗോയിസ്റ്റ്...എപ്പോഴും സസ്പീഷസ്...ചെയ്ന്‍സ്‌മോക്കര്‍...അങ്ങനെ കുറേ...അപ്പ വിശ്വസിച്ചു...പാവം.''
അലക്‌സി അൽപം ശബ്ദമുയര്‍ത്തിയാണ് പറഞ്ഞത്:
''ആ നായിന്റെ മോന് വേണ്ടി ഇനി ഞാനെഴുതുകേല...ഞാനവന്റെ അസോസിയേറ്റുമാര്‍ക്ക് എഴുതിക്കൊടുക്കും. അവരെക്കൊണ്ട് ഹിറ്റൊണ്ടാക്കും. പിന്നെ ഞാനും സംവിധാനിക്കാന്‍ പോകുവാ...അവന് മാത്രമല്ല പണി അറിയാവുന്നത്...''
ദേവകി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ചുറ്റിനും നോക്കി. പ്രൊഡക്ഷന്‍ മാനേജര്‍ വെങ്കി അങ്ങോട്ടുവരുന്നത് കണ്ട് അവള്‍ പറഞ്ഞു:
''പ്ലീസ്...''
അലക്‌സി പള്ളവീര്‍ത്ത ദോശയെ പാതിയില്‍ ഉപേക്ഷിച്ചു. വെങ്കി വന്ന് വിനീതനായി നിന്നു.
''മാഡം...ബാംഗ്ലൂര്‍ക്കുള്ള ടിക്കറ്റ് ഹിഗിന്‍ബോതംസില്‍ കൊടുത്തിട്ടുണ്ട്. പതിനൊന്നരയ്ക്കാണ് െട്രയിന്‍...എസ് ടു കൂപ്പെ.''
ദേവകി അയാള്‍ക്കൊരു ചിരി സമ്മാനിച്ചു.
''കന്നഡ ഫിലിമിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍. എനിക്ക് ടെന്‍ഡേയ്‌സ് ഷൂട്ടേയുള്ളൂ...ലാസ്റ്റ് മിനിട്ടിലാണ് കോള്‍ വന്നത്.''
വെങ്കി പോയപ്പോള്‍ അവള്‍ പറഞ്ഞു.
അലക്‌സിയുടെ മുഖം വലിഞ്ഞുമുറുകിത്തന്നെയായിരുന്നു.
''ഗുഡ്‌ലക്കില്‍ ഒരു പ്രിവ്യൂ ഉണ്ട്...വരുന്നോ..?''
അയാളെ സന്തോഷിപ്പിക്കാനായി ദേവകി ചോദിച്ചു. അലക്‌സി നിഷേധാര്‍ഥത്തില്‍ തലയാട്ടി. അവള്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ പറഞ്ഞു:
''അവിടെ നമ്മളൊരുമിച്ച് ഒരു പ്രിവ്യൂ കാണും...നമ്മള്‍ രണ്ടുപേരും മാത്രം...എന്റെ ഫസ്റ്റ് ഡയറക്ടോറിയല്‍ വെഞ്ച്വര്‍.''
ദേവകി അലക്‌സിയുടെ അടുത്തേക്ക് വന്നു. തല താഴ്ത്തി അയാള്‍ക്ക് മാത്രം കേള്‍ക്കാനായി പറഞ്ഞു:
''ഗുഡ്‌ലക്ക് മൈ ഹീറോ...''
രാത്രി അലക്‌സിയുടെ മുറിയിലെ ഫോണ്‍ ശബ്ദിച്ചു. അയാള്‍ വിക്ടറുടെ കുഴഞ്ഞ ശബ്ദം കേട്ടു.
''നിന്റെ കാമുകിയില്ലേ...അവളിപ്പോ എസ്.കെ സിമന്റ്‌സിന്റെ പാണ്ഡ്യരാജിനൊപ്പമുണ്ട്...ഹോട്ടല്‍ രഞ്ജിത്തില്...ഞാമ്പറിഞ്ഞില്ലേ അവള് പറവെടിയാടാ...''
പിന്നെയൊരു ചിന്നംവിളി...
അലക്‌സിയുടെ കൈവിറച്ചു. അയാള്‍ റിസപ്ഷനിലേക്ക് വിളിച്ചു.
''ഹോട്ടല്‍ രഞ്ജിത്തില്‍ പാണ്ഡ്യരാജ് എന്നൊരാള്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കാമോ...എസ്.കെ സിമന്റ്‌സ്...''
പിന്നീടുള്ള മൂന്നുനാലു നിമിഷങ്ങളില്‍ അയാള്‍ക്ക് കാതിലാണ് ഹൃദയമെന്ന് തോന്നിപ്പോയി. ഫോണടിച്ചു. അലക്‌സി വീണ്ടും വിറച്ചു. അയാള്‍ പുറത്തേക്ക് പാഞ്ഞു.
മദ്രാസ് സെന്‍ട്രലിലെ ഹിഗിന്‍ബോതംസ് ഉറങ്ങിയിരുന്നില്ല. അലക്‌സി അവിടേക്ക് വന്നലച്ചു:
''ആക്ട്രസ് ദേവകിയുടെ ടിക്കറ്റ്...''
നെറ്റിയില്‍ വസൂരിക്കലയുള്ള തമിഴന്‍ എന്തോ തിരഞ്ഞു. ഒരു കവര്‍ എടുത്ത് നീട്ടി. അലക്‌സിയിലേക്ക് തീവണ്ടിയുടെ നിലവിളി വന്നുകയറി.
സിഗരറ്റിന്റെ പുകമണം
ദേവകിയെ കൂട്ടിക്കൊണ്ടുവരാനായി അലക്‌സി നേവല്‍ബേസ് വിമാനത്താവളത്തിലേക്ക് പോയത് പുതിയ പ്രീമിയര്‍ പത്മിനി കാറിലാണ്. യാത്രയില്‍ അയാള്‍ ഒരാഴ്ച മുമ്പ് എ.വി.എമ്മില്‍ െവച്ച് കണ്ടപ്പോള്‍ രജനി പറഞ്ഞ വാക്കുകളെക്കുറിച്ച് ആലോചിച്ചു.
''ഉങ്കള്‍ രണ്ടുപേര്‍ക്കും നടുവിലെ അവങ്ക...ആ വിക്ടര്‍...പ്രശ്‌നയ് പണ്ണ ട്രൈ പണ്ണരാറ്...അവര്‍ ലൈഫിലും നമ്പര്‍വണ്‍ ക്രൈം ഡയറക്ടര്‍...തന്തിരമാന ബുദ്ധി...അതിനാലെ അവര്‍ സൊല്‍റത് ഒന്നുമേ നമ്പാതിങ്കെ...''
യാത്ര പറയുമ്പോള്‍ അവള്‍ ഇത്രകൂടി പറഞ്ഞു:
''ബിലീവ് ഹെര്‍...അവ റൊമ്പ പാവം...ഷീ ലവ്‌സ് യൂ എ ലോട്ട്...''
മുംബൈ വിമാനത്തിന് കാത്തിരിക്കുമ്പോള്‍ അലക്‌സിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ദേവകിയോട് പൊട്ടിത്തെറിച്ച പലരാത്രികള്‍ അയാളിലേക്ക് ഒരു യന്ത്രപ്പക്ഷിക്കൊപ്പം താഴ്ന്നുപറന്നുവന്നു. ഹോട്ടല്‍മുറിയിലെ സിമന്റുമുതലാളിയും ഹിഗിന്‍ബോതംസിലെ റെയില്‍വേ ടിക്കറ്റുമെല്ലാം വിക്ടര്‍ സംവിധാനം ചെയ്ത സീനുകളായിരുന്നുവെന്ന് ബോധ്യപ്പെട്ടിട്ടും വീണ്ടും വീണ്ടും അയാളുടെ ചതിക്കുഴികളില്‍പ്പോയി വീണ് അവളെ അവിശ്വസിക്കുന്നതില്‍ അലക്‌സിക്ക് ആത്മനിന്ദ അനുഭവപ്പെട്ടു. ദേവകിയെ നഷ്ടപ്പെട്ടത് മാത്രമല്ല വിക്ടറെ വിറളിപിടിപ്പിക്കുന്നത്. സംവിധായകനെക്കാള്‍ തിരക്കഥാകൃത്ത് വാഴ്ത്തപ്പെടുമ്പോഴുള്ള ഈഗോ ക്ലാഷ്. വയനാട്ടിലേക്കുള്ള വഴിപോലെ തന്നെയാണ് വിക്ടറുടെ മനസ്സും. വളഞ്ഞുപുളഞ്ഞ്, ചുരവും കൊക്കയുമൊക്കെയായി ഒരു മലമ്പാത. ആലോചനകള്‍ ഇങ്ങനെ അതിലൂടെ സഞ്ചരിക്കുമ്പോള്‍ അലക്‌സി തലച്ചോറിനെ പറഞ്ഞുപഠിപ്പിക്കാന്‍ ശ്രമിച്ചു; ഇനി ആരു പറഞ്ഞാലും ദേവകിയെ സംശയിക്കരുത്.
മടക്കയാത്രയില്‍ വെണ്ടുരുത്തിപ്പാലം കടക്കുമ്പോള്‍ ദേവകി പറഞ്ഞു:
''നമുക്ക് മറൈന്‍ ഡ്രൈവ് വഴി പോകാം...''
അലക്‌സി അവളുടെ മനസ്സ് വായിച്ചു. അവിടത്തെ അശോക അപ്പാർട്മെന്റ്‌സ് കാണാനാണ്. അതിനോടെന്തോ വല്ലാത്ത ഇഷ്ടമുണ്ട് അവള്‍ക്ക്. കായലില്‍നിന്ന് നോക്കുമ്പോള്‍, മുന്‍കാലുയര്‍ത്തി രണ്ടു കുതിരകള്‍ ചുംബിക്കുന്നതുപോലെയാണ് അതിന്റെ നിൽപെന്ന് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
''കായലില്‍ പോകുന്നത് പ്രോബ്ലമാകും. നിന്റെ ഫാന്‍സ് കാണും അവിടെ...''
അലക്‌സി കാര്‍ ഇടത്തേക്ക് തിരിച്ചുകൊണ്ട് പറഞ്ഞു.
''വേണ്ട...ജസ്റ്റ് എ ഡ്രൈവ്...''
ദേവകി സണ്‍ഗ്ലാസ് എടുത്തുമാറ്റി. അവളുടെ കണ്ണുകളിലേക്ക് നോക്കി അലക്‌സി ചോദിച്ചു:
''നീ ഉറങ്ങാറില്ലേ...''
അപ്പോഴാണ് ആ ചോദ്യത്തിലൊളിഞ്ഞുകിടന്ന അപകടം അയാള്‍ക്ക് മണത്തത്. തൊട്ടടുത്ത നിമിഷം അയാളൊന്ന് വെറുതെ ബ്രേക്കിട്ടു. ദേവകി മുന്നോട്ടാഞ്ഞു. അവള്‍ ഭയന്ന് ചോദിച്ചു:
''എന്തുപറ്റി..?''
''ഒന്നുമില്ല...ഒരു പട്ടി വട്ടംചാടി...''
അവള്‍ക്ക് മറ്റെന്തെങ്കിലും പറയാന്‍ അവസരംകിട്ടുംമുമ്പേ അയാള്‍ അടുത്ത വാക്യത്തിലേക്ക് കടന്നു.
''പുതിയ കാറെങ്ങനെയുണ്ട്...ഒന്നും പറഞ്ഞില്ലല്ലോ...''
പുറംകാഴ്ചകളിലായിരുന്ന അവള്‍ അത് കേട്ടതായി തോന്നിയില്ല.
അശോക അപ്പാര്‍ട്ട്‌മെന്റിന് അൽപം അകലെയായി അലക്‌സി കാര്‍ നിര്‍ത്തി. ആ പാര്‍പ്പിടത്തിലേക്ക് നോക്കിയിരുന്ന് ദേവകി പറഞ്ഞു:
''ഒരു ദിവസം ആരും കാണാതെ അതിന്റെ ടോപ്പില്‍ കയറണം. അവിടെ ഇങ്ങനെ കിസ് ചെയ്ത് നിക്കണം.''
കായലില്‍നിന്നുള്ള കാറ്റ് വന്ന് അവരെ തൊട്ടുപോയി. അവള്‍ മുടിയൊതുക്കിപ്പറഞ്ഞു:
''ഹോഴ്‌സസ് ആര്‍ ഏഞ്ചല്‍സ്...വിത്തൗട്ട് വിംഗ്‌സ്...''
ഗാന്ധിനഗറിലെ അലക്‌സിയുടെ വീട്ടിലേക്കാണ് അവര്‍ പിന്നെ പോയത്. ''നിനക്കുവേണ്ടി വാങ്ങിയതെ''ന്ന് പറഞ്ഞ് അലക്‌സി ദേവകിയെ മഞ്ഞനിറമുള്ള വീടിനുള്ളിലേക്ക് ക്ഷണിച്ചു.
കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും വീഡിയോ കാസറ്റുകളും ജോണ്‍ പ്ലെയര്‍ സിഗരറ്റിന്റെ കറുത്ത ബോക്‌സും അയാള്‍ക്കായി അവള്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. സിഗരറ്റ് പായ്ക്കറ്റ് കണ്ടപ്പോള്‍ അലക്‌സി പറഞ്ഞു:
''ഇത് ഏതേലും പണച്ചാക്കിന് കൊടുത്തേക്ക്...ഞാന്‍ ഗോള്‍ഡ്ഫ്‌ളേക്ക് ലവറാ...''
ദേവകിയുടെ മുഖം മാറുന്നത് അലക്‌സി ശ്രദ്ധിച്ചു. അയാള്‍ പെട്ടെന്ന് അവളുടെ മുന്നില്‍ മുട്ടുകുത്തിയിരുന്നു. ഭ്രാന്തമായി സോറി...സോറി എന്ന് പുലമ്പാന്‍ തുടങ്ങി. അവള്‍ കണ്ണടച്ചുനിൽക്കുകയായിരുന്നു. അതുകണ്ട് അലക്‌സി പിടഞ്ഞെഴുന്നേറ്റ് ആ കറുത്ത പെട്ടി വലിച്ചുകീറി. അതില്‍നിന്നൊരു സിഗരറ്റ് എടുത്ത് തീ കൊളുത്തി. തുരുതുരെ പുകതുപ്പി. ഇടക്കയാള്‍ ചുമച്ചു. എന്നിട്ടും നിര്‍ത്താതെ പിന്നെയും ആഞ്ഞുവലിച്ചു. മുറിയില്‍ പുകമണം നിറഞ്ഞു.
സിഗരറ്റ് തുപ്പി, അയാള്‍ അവളെ മുറുകെ കെട്ടിപ്പിടിച്ചു. കഴുത്തിലൂടെ, കണ്ണിലൂടെ, നെറ്റിയിലൂടെ ചുണ്ടുകള്‍ പാഞ്ഞോടി. അലക്‌സിക്കൊരു കുതിരവേഗം കൈവരുന്നതുകണ്ട് ദേവകി അയാളുടെ കാതില്‍ പറഞ്ഞു:
''ഐ ആം റെഡ്...''
അലക്‌സി അവളെ നോക്കി കുറച്ചുനേരം നിന്നു. എന്നിട്ട് കാതോടു ചുണ്ടുചേര്‍ത്തുെവച്ച് പിറുപിറുത്ത ശേഷം പിന്മാറി. ദേവകി ചിരിയോടെ അയാളുടെ മൂക്കില്‍ പിടിച്ചുലച്ച്, അകത്തേക്ക് പോയി.
മടങ്ങി വന്നപ്പോള്‍ അവള്‍ എന്തോ പിറകില്‍ ഒളിപ്പിച്ചിരുന്നു. അലക്‌സി കൈനീട്ടിയപ്പോള്‍ ആദ്യം അവള്‍ കൊടുത്തില്ല. അയാള്‍ ആഞ്ഞപ്പോള്‍ അവള്‍ വഴുതി. അവര്‍ മുറിയില്‍ കൊച്ചുകുട്ടികളെപ്പോലെ ഓടിക്കളിച്ചു. ഒടുവില്‍ അവള്‍ തോറ്റുകൊടുത്തു. അവളുടെ കൈയില്‍നിന്ന് അലുക്കുകളുള്ള ആ വെളുത്ത രഹസ്യത്തെ സ്വന്തമാക്കി ജേതാവിനെപ്പോലെ അയാള്‍ നിവര്‍ത്തിപ്പിടിച്ചു. ചിറകുവിരുത്തിനിൽക്കുന്ന വെള്ളരിപ്രാവെന്നോണം അവളുടെ അടിവസ്ത്രം അന്തരീക്ഷത്തില്‍ കാണപ്പെട്ടു. പ്രാവിന്‍ചുണ്ടിന്റെ സ്ഥാനത്ത് ചുവപ്പ് നിറം. ഗര്‍ഭപാത്രം വരഞ്ഞ രക്തഭൂപടം. അയാള്‍ അത് മുഖത്തോട് ചേര്‍ത്തുപിടിച്ചു. ഋതുമതിയുടെ ചോരമണം...
പിറ്റേന്ന് യാത്ര പറയുമ്പോള്‍ ദേവകി അലക്‌സിയുടെ വലതു കൈവിരലുകളില്‍ ചുംബിച്ചു.
''കുറേ എഴുതണം...കുറേ...ലവ് യൂ മൈ ഹീറോ...''
അലക്‌സിക്ക് സങ്കടം വന്നു.
ചകിരിത്തൊണ്ടിന്റെ ചീഞ്ഞമണം
കോടമ്പാക്കത്തായിരിക്കുമ്പോള്‍, അമ്മച്ചിയെ ഓര്‍മവരുന്ന രാത്രികളില്‍ അലക്‌സി പഴയകാല നടി ജമീലയുടെ കഞ്ഞിവീട്ടിലേക്ക് പോകും. മുട്ടചിക്കിയതും പയറുതോരനും നാരങ്ങാ അച്ചാറുമായി കഞ്ഞികുടിക്കാനിരിക്കുമ്പോള്‍ അയാള്‍ക്ക് സന്തോഷം തോന്നുമായിരുന്നു. അമ്മച്ചിയെപ്പോലെ ചോദിക്കാതെ തന്നെ ജമീല പാത്രത്തിലേക്ക് രണ്ടാമതും കഞ്ഞിയൊഴിക്കും, കൊഴുത്ത കഞ്ഞിവെള്ളം പ്രത്യേകമായി കോപ്പയില്‍ നിറച്ചുകൊടുക്കും, കഥ പറയും, സത്യന്‍സാറും നസീര്‍ സാറും അതിലെ നായകരാകും.
അങ്ങനെയൊരു രാത്രിയില്‍ കഞ്ഞിപ്പാത്രത്തിന് മുന്നിലിരിക്കുമ്പോള്‍ അലക്‌സി അപ്പുറത്തിരിക്കുന്ന രണ്ടുപേരുടെ സംഭാഷണം ശ്രദ്ധിച്ചു:
''അയാള്‍ പറ്റിക്കുമോ?''
''ഇല്ല...പുള്ളിയാണ് ഓതറൈസ്ഡ് ബ്രോക്കര്‍.''
''കഴിഞ്ഞമാസം വരെ പതിനയ്യായിരം ആയിരുന്നു. ഹിന്ദിയില്‍പ്പോയതോടെ റേറ്റ് പിന്നേം പത്ത് കൂടി.''
''എന്നാലും നഷ്ടമില്ല...ദേവകിയെ കളിച്ചു എന്ന് പത്തുപേരോട് പറയണതിന്റെ സുഖം വേറെയാ...''
''സാറേ...''എന്ന ജമീലയുടെ നിലവിളിയാണ് പിന്നെ കേട്ടത്. കോപ്പയിലിരുന്ന കഞ്ഞിവെള്ളം ആ രണ്ടുപേരിലൂടെയും ഒലിച്ചിറങ്ങുന്നുണ്ട്. ഇടംകൈകൊണ്ട് ഒരുത്തന്റെ കഴുത്തിന് പിടിച്ച് മറ്റേയാളുടെ കണ്ണിലേക്ക് അച്ചാറിന്റെ പാത്രം കമിഴ്ത്തുകയാണ് അലക്‌സി.
''കൊന്നുകളയും പന്നികളെ...''
അയാള്‍ അലറുന്നു.
ആ രാത്രി അലക്‌സി ഉറങ്ങിയില്ല. അയാള്‍ ഫോണെടുത്ത് ചിന്തിച്ചു. വിരലുകൊണ്ട് അതിന്റെ വള്ളിയെ ചുറ്റിപ്പിണയിച്ചു. ആരെയോ വിളിക്കാനൊരുങ്ങിയ ശേഷം ശ്രമം ഉപേക്ഷിച്ചു. എഴുന്നേറ്റുപോയി സിഗരറ്റ് കത്തിച്ചു. വീണ്ടും ഫോണെടുത്തു. ഇങ്ങനെ പലവട്ടം ചെയ്തപ്പോള്‍ അയാള്‍ വിയര്‍ത്തു. കട്ടിലില്‍ പോയി മലര്‍ന്നുകിടന്ന ശേഷം പിന്നെയും ഫോണിന് നേര്‍ക്ക് നടന്നു.
അന്നേക്ക് മൂന്നാംനാള്‍ അത് ശബ്ദിച്ചു. അലക്‌സിയുടെ കാതിലേക്ക് കാറ്റിലൂടെ ദേവകി വന്നു.
''അലക്‌സീ...''
അവള്‍ വിളിച്ചു. അയാള്‍ ഒരു വാക്കിനായി തിരഞ്ഞു. അത് കിട്ടുംമുമ്പേ അവള്‍ വീണ്ടും...
''സ്‌ക്രിപ്റ്റ് നല്ലതായിരുന്നു. പക്ഷേ ചൂസ് ചെയ്ത ആര്‍ട്ടിസ്റ്റ് മോശമായിപ്പോയി. പുള്ളിക്ക് ഒട്ടും ആക്ട് ചെയ്യാനറിയില്ല. എന്നെ കണ്ടപ്പോഴേ ഡയലോഗ് എല്ലാം തെറ്റിച്ചു. ആന്‍ഡ് വണ്‍ മോര്‍ തിങ്...നീ എനിക്ക് ഫിക്‌സ് ചെയ്ത റേറ്റും തീരെ കുറഞ്ഞുപോയി...ട്വന്റി ഫൈവ് തൗസന്റ്...''
അലക്‌സി ഫോണിലൂടെ ദേവകിയുടെ ചിരികേട്ടു. അയാള്‍ക്ക് ശ്വാസംമുട്ടി.
''നീയെന്താ സൈലന്റ് അലക്‌സീ..? റീ ടേക് പോണോ..? ആളിവിടെ എന്റെ കൂടെ റൂമിലുണ്ട്...''
അലക്‌സിക്ക് തുണിയുരിഞ്ഞുപോകുന്നതുപോലെ തോന്നി. അതിനൊപ്പം തൊലിയും. നീറുന്നു. ചോര പൊടിയുന്നു. അയാളുടെ ദേഹം മുഴുവന്‍ എരിയിച്ചുകൊണ്ട് അവസാനത്തെ കാറ്റടിച്ചു.
'ഗുഡ്‌ബൈ അലക്‌സി...''
പിറ്റേന്ന് അയാളുമായി മദ്രാസില്‍നിന്നുള്ള കാര്‍ ചേര്‍ത്തലക്കടുത്ത് ചെങ്ങണ്ട എന്ന സ്ഥലത്ത് വന്ന് നിൽക്കുമ്പോള്‍ നട്ടുച്ചയായിരുന്നു. ഒരു തോട്ടിന്‍കരയില്‍ ആർക് ലൈറ്റുകള്‍ തെളിഞ്ഞുനിൽക്കുന്നു. കരയില്‍ ആള്‍ക്കൂട്ടമുണ്ട്. തോട്ടിനക്കരെ കൈലിമുണ്ടും ചുവന്ന ബ്ലൗസും ധരിച്ച ദേവകിയെ അലക്‌സി കണ്ടു. ആരൊക്കയോ അയാള്‍ക്ക് വണക്കം കൊടുത്തു. അതൊന്നും കേള്‍ക്കാതെ അയാള്‍ അക്ഷമനായി ആള്‍ക്കൂട്ടത്തെ വകഞ്ഞ് മുന്നോട്ടു കയറാന്‍ ശ്രമിച്ചു.
''സര്‍...''
വിളി കേട്ട് അലക്‌സി തിരിഞ്ഞുനോക്കി. ദേവകിയുടെ ആയയാണ്. അവര്‍ കാത്തുനിൽക്കുകയായിരുന്നുവെന്ന് അലക്‌സിക്ക് തോന്നി.
''ഉങ്കളെ പാക്കവേണ്ടാന്നു മാഡം സൊല്ലിയിരിക്കാങ്കേ... ഇനിമേ വന്ത് തൊന്തരവ് പണ്ണാതിങ്കേന്നും സൊല്ലിയിരുക്കാങ്കേ...സര്‍ നീങ്കെ ദയവുസെഞ്ച് ഇങ്കേയിരുന്ത് പോങ്കെ...''
കൈകൂപ്പി തിരിഞ്ഞുനടക്കുമ്പോള്‍ അവര്‍ അലക്‌സിക്ക് മടക്കിയ ഒരു വെള്ളക്കടലാസ് കൊടുത്തിട്ട് ഇതുകൂടി പറഞ്ഞു:
''ഒരു വിഷയം കൂടെ ഉങ്കള് കിട്ടേ സൊല്ലണോന്നു സൊല്ലിയിരുക്കാങ്കെ...അവങ്ക വന്ത് മലയാളത്തിലെ ഇനിമേ നടിക്കമാട്ടാങ്കേ...''
കടലാസ് നിവര്‍ത്തുമ്പോള്‍ അലക്‌സിയുടെ കൈവിറച്ചു. അതില്‍ അയാള്‍ക്ക് പരിചിതമായ ചുവന്ന ഇംഗ്ലീഷ് ചെത്തിപ്പൂക്കള്‍. അവയെ അലക്‌സിയുടെ മനസ്സ് ഇങ്ങനെ പരിഭാഷപ്പെടുത്തി.
പ്രിയപ്പെട്ട അലക്‌സി,
എത്ര ആണയിട്ടാലും നിങ്ങളുടെ മനസ്സിന് എന്നെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. വിക്ടര്‍സാറും നിങ്ങളുമായുള്ള മത്സരത്തിനിടക്ക് ഞാന്‍ എന്നും സ്വന്തം റോള്‍ തിരിച്ചറിയാനാകാത്ത കഥാപാത്രമായിരിക്കും. അതുകൊണ്ട് ഒരു തിരക്കഥയെഴുത്തുകാരന്റെ സ്വാതന്ത്ര്യമെടുത്ത് നിങ്ങള്‍ എന്നെ മനസ്സിലിട്ട് കൊന്നുകളഞ്ഞേക്കുക. ക്ലൈമാക്‌സില്‍ നായിക മരിക്കട്ടെ. അതാകും എനിക്കും നിങ്ങള്‍ക്കും നല്ലത്. നിങ്ങളെ പരിചയപ്പെട്ടതിനുശേഷം ഞാന്‍ ഇഷ്ടപ്പെട്ട ഏക ഗന്ധം നിങ്ങളുടെ സിഗരറ്റ്മണമായിരുന്നു. ഇതിനപ്പുറം ഒരു സ്ത്രീക്ക് അവളുടെ പ്രണയത്തെ എങ്ങനെ പറയാനാകും എന്ന് എനിക്കറിയില്ല. നിങ്ങളെക്കുറിച്ച് പലതും പറയാനായി വിക്ടര്‍ സാര്‍ എന്റെയടുത്തേക്കും പലപ്പോഴും പലരെയും പറഞ്ഞയച്ചിരുന്നു. ഞാന്‍ അതൊന്നും വിശ്വസിച്ചില്ല, ഒരിക്കലും വിശ്വസിക്കുകയുമില്ല. എനിക്ക് നിങ്ങളെ അത്രക്ക് ഇഷ്ടമായിരുന്നു. പക്ഷേ നിങ്ങള്‍ എന്നെ അവിശ്വസിച്ചു. വില പറഞ്ഞുനോക്കി എന്റെ വിശുദ്ധിയളക്കാനായി ഒരാളെ വേഷംകെട്ടിച്ചുവിട്ടു. അലക്‌സി...ആ ക്ലീഷേ സംഭാഷണം ഞാന്‍ പറയുന്നില്ല. ഒന്നുമാത്രം നിങ്ങള്‍ മനസ്സിലാക്കുക. അഭിമാനിയാണ് ഓരോ പെണ്ണും...
ഇനി എന്നെത്തേടി വരരുത്.
എഴുതുക...കുറേ എഴുതുക...ഈശ്വരന്‍ അനുഗ്രഹിക്കട്ടെ പ്രിയ സുഹൃത്തേ...
അലക്‌സിയെ പിറകോട്ട് തള്ളിക്കൊണ്ട് ആള്‍ക്കൂട്ടം പെരുകിവന്നു. കടലാസിലേക്ക് വീണ്ടും നോക്കിയപ്പോള്‍ അയാള്‍ക്ക് ചെന്തീനാളങ്ങള്‍ ആളുന്നതുപോലെ തോന്നി. അലക്‌സി ദേവകിയെ തിരഞ്ഞു. തോട്ടിനക്കരെ കാണാമറയത്ത് ആയിരുന്നു അവള്‍. അഴുകാനിട്ട ചകിരിത്തൊണ്ടിന്റെ ചീഞ്ഞമണം അവര്‍ക്കിടയിലൂടെ ഒഴുകിക്കൊണ്ടേയിരുന്നു.
എവിടെ നിന്നോ 'കട്ട്' എന്ന ശബ്ദം കേട്ടു.
അന്നേരം...
മെഴുകുതിരി കെട്ടു. മുറി മുഴുവന്‍ ഇരുട്ടിലായി. അലക്‌സി കരയുകയായിരുന്നു. പുറത്ത് നല്ല മഴയുണ്ടായിരുന്നു...
''ആലീസേ...''
അയാള്‍ ദയനീയമായി വിളിച്ചു.
''അനങ്ങണ്ട...അവിടെയിരുന്നോ...ഞാന്‍ മെഴുകുതിരി കത്തിക്കാം...''
ആലീസിന്റെ ശബ്ദം.
അവള്‍ വെളിച്ചമായി അയാള്‍ക്ക് മുന്നില്‍ തെളിഞ്ഞു. അലക്‌സിയുടെ കണ്ണിലും മഴയാണ്. ആലീസ് അയാളെ നോക്കിയിരുന്നു. നോട്ടം അയാള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ബ്രീഫ്‌കേസിലേക്കായി.
''കെട്ടിയ നാളുതൊട്ട് ഞാനീ പ്രാണവേദന കാണാന്‍ തുടങ്ങിയതാ...ഇനീം ഇങ്ങനെ നീറിയാ നിങ്ങള് ചത്തുപോകും അച്ചായാ...അതുകൊണ്ടാ ഞാന്‍ പറഞ്ഞത്...''
ആലീസ് അലക്‌സിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അയാള്‍ അവളില്‍ ചാരി. ദേഹം പനിക്കുന്നു. ആലീസ് അലക്‌സിയെ ചേര്‍ത്തുപിടിച്ചു. അയാളുടെ നെഞ്ചില്‍ അപ്പോഴും ആ ബ്രീഫ്‌കേസുണ്ടായിരുന്നു.
പെട്ടെന്ന് അയാള്‍ അതുംകൊണ്ട് മഴയിലേക്കോടി. വീടിന്റെ കോണില്‍ ഒരു റബര്‍ മരച്ചില്ല ഒടിഞ്ഞുവീണുകിടപ്പുണ്ട്. അതില്‍ തട്ടിവീണ അലക്‌സി പിടഞ്ഞെഴുന്നേറ്റു സ്ഥലം പരതി. ബ്രീഫ് കേസ് നിലത്തിട്ട്, മുറ്റത്തിരുന്ന മണ്‍വെട്ടിയെടുത്ത് കുഴിക്കാന്‍ തുടങ്ങി. ആലീസ് നിസ്സംഗതയോടെ നോക്കിനിന്നു. മഴ കനത്തുവന്നു. മിന്നലുകള്‍. ഇടിമുഴക്കം. ഒരാൾ വലിപ്പത്തിലുണ്ടാക്കിയ കുഴിയിലേക്ക് അലക്‌സി ആ ബ്രീഫ്‌കേസ് കുടഞ്ഞിട്ടു. ഡയറികളും കുറേ കടലാസുകളും താഴേക്ക് വീണു. കാറ്റ് വന്ന് അയാളെ കുത്തി. മഴയില്‍ കടലാസുകളില്‍ ചോരനിറം ഒലിച്ചു. അവസാനമായി അലക്‌സി ബ്രീഫ്‌കേസിനുള്ളിലേക്ക് കൈയിട്ട് പരതി. കൈയില്‍ തടഞ്ഞ അതിനെ അയാള്‍ പുറത്തേക്കെടുത്തു. ഒരു മിന്നലില്‍ അയാളുടെ കൈയില്‍ അലുക്കുകളുള്ള ആ വെള്ളരഹസ്യം പ്രകാശിച്ചു. ചിറകൊടിഞ്ഞപ്രാവിനെയെന്നോണം അയാള്‍ അതിനെ കുഴിയിലേക്കിട്ടു. പിന്നെ ഏങ്ങിയേങ്ങിക്കരഞ്ഞു. ആലീസിന്റെ കൈകളിലേക്ക് ചെന്നുവീഴുമ്പോള്‍ അലക്‌സി ചോദിച്ചു:
''എനിക്ക് ചോരയുടെ മണമുണ്ടോ..?''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.