വളരെക്കാലം മുൻപ് അതായത് കാക്കകൾ വീട്ടുമുറ്റത്ത് ധാരാളമായി വറ്റ് കൊത്തിപ്പെറുക്കി നടന്ന കാലം, പുഴയിൽ ഒരുപാട് മീനുകൾ ജീവിച്ച കാലം. മൂന്ന് കുട്ടികൾ ചേർന്ന് ഒരു കളിപ്പന്തൽ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. അവർ എട്ടും പത്തും പതിനൊന്നും വയസ്സുള്ള രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയുമാണ്. ഏറ്റവും ഇളയ പെൺകുട്ടി മൂത്ത ചേട്ടനോട് പറഞ്ഞു:
''ചേട്ടാ... ഈ കാലിന് ഉറപ്പ് പോരാ. ഇത് ഒന്നുകൂടി ആഴത്തിൽ കുഴിച്ചിടണം. നമ്മൾ ഉണ്ടാക്കുന്ന പന്തലെല്ലാം ഒറ്റ ദിവസത്തിൽ കൂടുതൽ നിൽക്കുന്നില്ലല്ലോ? ഈ പന്തലിലെങ്കിലും നമുക്ക് കുറച്ച് കാലം താമസിക്കണം.''
ചേട്ടൻ നടുനിവർത്തി wഎഴുന്നേറ്റുനിന്നു. അവൻ പന്തൽക്കാൽ തൊട്ടുനോക്കി.
''അതെ ഇളകുന്നുണ്ട്. അനിയാ നമുക്ക് നാലു കാലുകൾക്ക് പകരം എട്ടു കാലുകൾ കുഴിച്ചിട്ടാൽ കുറച്ചുകൂടി ഉറപ്പുണ്ടാവും.''
അനിയൻ ചേട്ടനെ നോക്കി. പക്ഷേ നല്ല ശക്തിയുള്ള നാല് കമ്പുകൾ കൂടി വേണം.അവർ മൂന്നുപേരും വീട്ടിന് പുറകിലെ കുറ്റിക്കാട്ടിലേക്ക് പോയി.
സർപ്പങ്ങൾ ഇഴയുന്ന കുറ്റിക്കാട്ടിൽനിന്ന് അവർ ശ്രദ്ധയോടെ പന്തൽകാലുകൾക്ക് പാകമായ നാല് കൊമ്പുകൾ അടർത്തിയെടുത്ത് കൊണ്ടുവന്നു. സർപ്പങ്ങൾ ഒന്നും കണ്ടില്ല. ഒരുപക്ഷേ അവ പകലുറക്കത്തിലായിരിക്കണം. ധൃതിയിൽ ഓടിയ പെൺകുട്ടിയുടെ കാലിലെ ചെറുവിരലിൽ ഒരു മുള്ള് കൊണ്ടു. ചോരത്തുള്ളികൾ ചുറ്റുമുള്ള പുൽനാമ്പുകളിലേക്കുറ്റി. ഇളം ചോരയുടെ ശൂരുതേടി ഉറുമ്പടക്കമുള്ള ചെറുപ്രാണികൾ ഒട്ടും താമസിയാതെ പുൽച്ചെടികളിലേക്ക് വലിഞ്ഞുകയറി വന്നു. പുല്ലുകളിൽ പ്രാണിക്കൂട്ടം പൂവ് പോലെ വിടരുമ്പോഴേക്കും കുട്ടികൾ കിണറ്റിൻ കരയിൽ എത്തിയിരുന്നു. രക്തക്കറയിലേക്ക് നീട്ടിയ അനേകം പ്രാണിനാവുകൾ അവിടം മുഴുവൻ നക്കി വെടിപ്പാക്കി. ഉച്ചസൂര്യന്റെ പ്രകാശത്തിൽ പ്രാണികളുടെ കുടലുകൾക്കുള്ളിൽനിന്ന് ചോരത്തുള്ളികൾ മിന്നി. കുട്ടികളുടെ അച്ഛനും അമ്മയും പാമ്പുകളെപ്പോലെ ഉച്ചയുറക്കത്തിലാണ്. അവരും ഒന്നും അറിഞ്ഞിരുന്നില്ല.
അവളുടെ കാൽവിരലുകളിൽ വെള്ളമൊഴിക്കുമ്പോൾ ചേട്ടൻ പറഞ്ഞു. ''മോള് കുറ്റിക്കാട്ടിലേക്ക് വരേണ്ടായിരുന്നു.'' പക്ഷേ അവൾ ചേട്ടനെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു. വേദനയുേണ്ടാ എന്ന് അനിയൻ ചോദിച്ചപ്പോഴും അവൾ ഒന്നും മിണ്ടിയില്ല.
ഏറെ ശ്രമത്തിൽ അവർ മൂന്ന് പേരും പന്തൽ നിർമിച്ചു. മനോഹരമായ കൊച്ചു നിർമിതിക്ക് മുന്നിൽനിന്ന് കുട്ടികൾ തുള്ളിച്ചാടി. അവൾ പെെട്ടന്ന് തെക്കെ മുറ്റത്തേക്ക് ഓടിപ്പോയി രണ്ടു ചെമ്പരത്തിപ്പൂക്കൾ പറിച്ചുകൊണ്ടുവന്നു. പന്തലിന്റെ മുൻ വാതിലിന് മുകളിലായി അത് കുത്തിെവച്ചു. കാറ്റിൽ പുഷ്പത്തിന്റെ ദളങ്ങൾ ചലിച്ചപ്പോൾ അവൾ വീണ്ടും തുള്ളിച്ചാടി.
''നോക്കൂ ചേട്ടാ, പൂക്കൾ െവച്ചപ്പോൾ എന്ത് ഭംഗിയാണ്. നമുക്ക് ഈ പന്തൽ മുഴുവൻ പലതരം പൂക്കളെക്കൊണ്ട് മൂടണം.''
അവർ മൂന്ന് പേരും ആ പന്തലിന് മുൻപിൽ കൈകോർത്ത് നിന്ന് അവരുടെ നിർമിതിയെ മതിയാവോളം നോക്കി. പിന്നെ കിലുകിലെ ചിരിച്ചുകൊണ്ട് പന്തലിനുള്ളിലേക്ക് കയറി.
ഉറപ്പുള്ളൊരു പന്തൽ കുട്ടികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. പല സമയങ്ങളിലായി അവരുണ്ടാക്കിയ പന്തലെല്ലാം പല കാരണങ്ങളാൽ പൊളിഞ്ഞു വീണു. ചിലത് പൊളിച്ച് മാറ്റേണ്ടതായും വന്നിട്ടുണ്ട്. അമ്മ നിലവിളി ശബ്ദത്തിൽ പറഞ്ഞു, ''വീടിന്റെ തെക്ക് ഭാഗത്ത് നിങ്ങളാരും കളിച്ച് പോകരുത്.'' കുട്ടികൾ ഒരിക്കലും എന്താണ് അവിടെ കളിക്കാൻ പാടില്ലാത്തത് എന്ന് ചോദിച്ചില്ല. അമ്മക്ക് ഉത്തരങ്ങൾ അറിയാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്ന് അവർക്കറിയാമായിരുന്നു. ഒരിക്കൽ ഒരു പൂവൻ കോഴി പന്തലിന് മുകളിൽ കയറി നിന്ന് കൂവിയതേ ഓർമയുള്ളൂ. തൊട്ടും തൊടാെതയും നിൽക്കുന്ന കമ്പുകൾ ചാഞ്ഞു വീണു. കോഴി അടുത്തുള്ള മുരിങ്ങമരത്തിലേക്ക് പൊടിപറത്തിക്കൊണ്ട് പറന്നുപോയി. എങ്കിലും അവർ വീണ്ടും വീണ്ടും പന്തലുകൾ നിർമിച്ചു.
പന്തലിനുള്ളിൽ അവർ മൂന്ന് മുറികൾ നിർമിച്ചിരുന്നു. മുറികൾക്കെല്ലാം ദുർബലമാണെങ്കിലും വാതിലുകൾ ഉണ്ടായിരുന്നു. അവർ മൂന്നു പേരും മൂന്ന് മുറിയിലേക്ക് കയറി വാതിലടച്ചു.
പന്തൽ മേഞ്ഞ ഇലച്ചാർത്തുകൾക്കിടയിലൂടെ അവളുടെ മുറിയിലേക്ക് പ്രകാശം അരിച്ചിറങ്ങിവന്നു. നിലത്ത് ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഒരുപാട് പുള്ളികൾ. പുറത്ത് വെയിലിന്റെ ചൂട് മാറിയിട്ടില്ലെങ്കിലും ഒരു ശീതളിമ അവളെ തൊട്ടു. അവൾ മുറിയുടെ ഒരു വശത്ത് കട്ടിയായി ഒരുക്കിയ വൈക്കോൽ മെത്തയിലേക്ക് മെല്ലെ ചാഞ്ഞുകിടന്നു. കണ്ണുകൾ തുറന്ന് മുകളിലേക്ക് നോക്കി. ശരീരത്തിൽ അങ്ങിങ്ങായി വീണുകിടക്കുന്ന വെളിച്ചത്തിന്റെ ചില്ലുകഷണങ്ങൾ മെല്ലെ ഇളകുന്നു. അവൾ അനങ്ങാതെ കിടന്നു. എന്നിട്ടും അവ ചലിക്കുകയാണ്. ദൂരെ എവിെടയോ ഒരു പക്ഷി കരയുന്ന ശബ്ദം. അതിനു പിന്നാലെ ഒഴുകിയെത്തിയ സാന്ദ്രമായ ഏകാന്തത. പെട്ടെന്ന് നെഞ്ചിലേക്ക് മുകളിൽനിന്ന് പ്രകാശത്തിന്റെ ഒരു വട്ടക്കുഴൽ വന്ന് കുത്തി. മെല്ലെ അതിനുള്ളിലൂടെ അതീവ സുന്ദരമായൊരു മഴവില്ല് തിരിതാഴ്ത്തിവരുന്നത് അവൾ കണ്ടു. ഏഴ് നിറങ്ങളും തന്നിലേക്ക് ചൊരിഞ്ഞപ്പോൾ അവൾ അറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി...ചേട്ടാ... പക്ഷേ അപ്പുറത്തെ മുറികളിൽനിന്ന് ആരും അനങ്ങിയില്ല. അവരാരും കേട്ടതുമില്ല. ഏകാന്തതയുടെ പടുകുഴിയിലേക്ക് വീണ അവൾ പിടഞ്ഞെഴുന്നേറ്റു. അവൾ വിയർത്തിരുന്നു.
പന്തൽ നിർമിക്കുന്നതിന് മുൻപ് അനുഭവിച്ച അനുഭൂതികൾ എങ്ങോ ഒലിച്ച് പോയി. അവൾ ഒരു നദിപോലെ വരണ്ടു. അമ്മ ഉപയോഗിച്ച പൊട്ടിയ ഒരു ചെറിയ കണ്ണാടി പന്തൽ മുറിയിൽ തൂക്കിയിരുന്നു. പല കഷണങ്ങളായി ചീന്തിയ കണ്ണാടി ഒറ്റ ഫ്രയിമിൽ പന്തൽ ചുമരിൽ എങ്ങനയോ തങ്ങിനിന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ മുൻപില്ലാത്തവിധം ഭീതി തോന്നി. പൊട്ടിയ ചില്ലൂകൂട്ടങ്ങളിൽ അവൾ അവളെ പല കഷണങ്ങളായി കണ്ടു. വലത് കണ്ണ് പതിവിലും വലുപ്പത്തിൽ തന്നിലേക്ക് തുറിച്ച് നോക്കുന്നു. ഇടത് കണ്ണ് പാതാളക്കിണറിൽ വീണ ഒരു നീലബിംബംപോലെ അങ്ങേതോ ആഴത്തിൽ. മൂക്കും ചെവിയും എവിടയൊക്കെയോ ക്രമമില്ലാതെ നിലനിൽക്കുന്നു. കണ്ണാടിയിലെ പൊട്ടി പൊളിഞ്ഞ മുഖം അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
മുറ്റത്ത് വരാറുള്ള കാക്കകൾ വരാതെയായി. പുഴയിലെ മീനുകൾ അടിത്തട്ടിലെവിടയോ ഒളിച്ചു. കുറ്റിക്കാട്ടിൽ സർപ്പങ്ങൾ കാവൽ നിൽക്കാതെയായി. അച്ഛനുമമ്മയും നിതാന്തമായ ഉറക്കത്തിലേക്കും പിന്നെ അവളുടെ വിസ്മൃതിയിലേക്കും മറഞ്ഞു. പക്ഷേ ഉറച്ച കാലുകളുള്ള പന്തൽ മഴയിലും കാറ്റിലും വെയിലിലും അനങ്ങാതെ കാലങ്ങളോളം നിന്നു. അതിനു ചുറ്റും പ്രകൃതി വള്ളികൾ പടർത്തി, അതിൽ പൂക്കളുണ്ടായി, കായ് കനികൾ ഉണ്ടായി വിത്തുകൾ പാറി. ഹരിതാഭ പന്തലിനെ വീണ്ടും വീണ്ടും അടരുകളായി പൊതിഞ്ഞു. സസ്യങ്ങളുടെ തഴുപ്പിൽ പന്തൽ ഒരു ചെറിയ ഗുഹപോലെ പതിഞ്ഞിരുന്നു. ചേട്ടനും അനിയനും പന്തൽ മുറി ഉപേക്ഷിച്ച് എന്നേ നാടു വിട്ടു. പക്ഷേ കാലം അവളെ ആ കുടുസ്സ് മുറിയിൽ കുത്തിപ്പിടിച്ചു. അവൾക്ക് പുറത്ത് കടക്കാനായില്ല. വെളിച്ചത്തിന്റെ പൊട്ടുകൾ വീഴുന്ന ഏകാന്തതയിൽ അവൾ ഒരു കാട്ടുവള്ളിയെപ്പോലെ താനെ വളർന്ന് വലുതായി. നാല് ചുമരുകൾക്കുള്ളിൽ അവൾ ചുറ്റിവരിഞ്ഞു നിന്നു. വലിയ സ്ത്രീയായി.
പൊട്ടിയ കണ്ണാടിയിലെ ബിംബം അവളോട് പലതും പറഞ്ഞു. ''ഒന്നിങ്ങ് വന്നേ പെണ്ണേ, എന്നെ നോക്കി ഞാൻ സുന്ദരി ആണോ എന്ന് പറയൂ?'' ബിംബം അതിന്റെ രൂപം മുകളിലെ ഏറ്റവും വലിയ കണ്ണാടിപ്പൊട്ടിലേക്ക് ഒതുക്കി നിർത്തി. ചായം തേച്ച ചുണ്ടുകൾ, മിന്നുന്ന മൂക്കിൻ തുമ്പ്. വലിയ പ്രകാശിക്കുന്ന കണ്ണുകൾ. അത് അതിന്റെ കവിളുകളിൽ വെളുത്ത വിരലുകൾകൊണ്ട് തടവിക്കൊണ്ട് പറഞ്ഞു: ''പറയൂ പെണ്ണേ ഞാൻ സുന്ദരിയാണോ?''
''പറയാം. പക്ഷേ നിന്റെ മുടികൂടി എനിക്ക് കാണണം.'' പെണ്ണ് കണ്ണാടിയിലേക്ക് ഒന്നുകൂടി കഴുത്ത് നീട്ടി പറഞ്ഞു.
''നീ ആള് കൊള്ളാമല്ലോ?'' പിന്നിൽ അഴിഞ്ഞ് കിടന്നിരുന്ന മുടി ബിംബം എടുത്ത് മുന്നിലേക്കിട്ടു.
''എങ്കിൽ ഒരു പൊട്ടുകൂടി തൊടൂ.''
''അത് വേണോ?'' ബിംബം സംശയിച്ചു. പെണ്ണ് പറഞ്ഞതല്ലേ? അത് ഒരു ചുവന്ന പൊട്ട് നെറ്റിയിൽ തൊട്ടു. ''ഇനി പറ. ഞാൻ സുന്ദരിയാണോ?''
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു: ''അതെ നീ സുന്ദരിയാണ്. പക്ഷേ ബിംബം തൊട്ട നിമിഷത്തിൽ കണ്ണാടിയിലെ മറ്റ് കഷണങ്ങളിലേക്ക് തകർന്ന് പരന്നു.''
കണ്ടുനിന്ന പെണ്ണിന്റെ കണ്ണുകളിൽ സങ്കടം പരന്നു. ''നീ ഇങ്ങനെ ചെയ്യല്ലെ. ഞാൻ നിന്നെ സ്നേഹിച്ചുവരികയായിരുന്നു. നീ കണ്ണാടിയിൽ പല കഷണങ്ങളിലേക്ക് നുറുങ്ങിപ്പോകുമ്പോൾ ഞാനാണ് തകർന്ന് പോകുന്നത്. ഇപ്പോൾ ഞാൻ നിന്നെ കാണുമ്പോൾ നിന്റെ വലത്തെ കണ്ണിൽനിന്ന് മൂക്കിലേക്കുള്ള ദൂരമല്ല ഇടത്തേ കണ്ണിൽനിന്ന് മൂക്കിലേക്കുള്ള ദൂരം. ചെവികൾ രണ്ടും രണ്ട് വലുപ്പത്തിലാണ്. നെറ്റി ഒരു ദ്വീപ് പോലെ എല്ലാറ്റിൽനിന്നും വേറിട്ട് നിൽക്കുന്നു. എന്തൊരു കോലമാണ്. നീ മുകളിലേ ഒറ്റകണ്ണാടിക്കഷണത്തിലേക്ക് ഒതുങ്ങിനിൽക്കൂ. നിന്നെ എനിക്ക് കണ്ടു മതിയായില്ല.''
കണ്ണാടിയിലെ പ്രതിരൂപം ഒന്നും പറയാതെ എങ്ങോ മറഞ്ഞു. അതിനോട് അവൾക്ക് ഒരുപാട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. അത് അങ്ങനെയാണ്. തോന്നുമ്പോൾ വരും പോകും. എന്തെങ്കിലും കാര്യമായി പറയാൻ തുടങ്ങുമ്പോഴേക്കും അപ്രത്യക്ഷമാകും. അവൾ ദുഃഖിതയായി പന്തൽ തറയിൽ മലർന്ന് കിടന്നു. വള്ളിപ്പടർപ്പിനിടയിലൂടെ ആകാശത്തിലെ ഒറ്റ നക്ഷത്രത്തിന്റെ വെളിച്ചം അവളെ തൊട്ടു. ഇലകളിൽ കാറ്റിന്റെ ചെറു മർമരം. മൂക്കിനുള്ളിലൂടെ നെഞ്ചിലേക്ക് തള്ളിക്കയറിയ സുഗന്ധം. ആ രാത്രിയിൽ ഒാരോ അനക്കവും അവളറിഞ്ഞു. ശരീരത്തിൽ രക്തം അലതല്ലിയൊഴുകുന്ന ശബ്ദം ശ്രദ്ധിച്ചപ്പോഴാണ് ഒറ്റക്കൊഴുകുന്ന നദിയാണ് താനെന്ന് അവൾക്ക് തോന്നിയത്.
ഒരിക്കൽ അവൾക്ക് കരയണമെന്ന് തോന്നി. ആവുന്നത്ര ഉച്ചത്തിൽ അവൾ കരഞ്ഞു. കരഞ്ഞു കരഞ്ഞ് തളർന്നു. ക്ഷീണം അവളുടെ എല്ലാ കോശങ്ങളിലും വന്ന് തലകുനിച്ച് നിന്നു. പാതി കണ്ണുകളടഞ്ഞ് താനെ മയങ്ങിപ്പോയി. പുറത്ത് വള്ളിപ്പടർപ്പിലിരുന്ന് ഒരു ചെറുപക്ഷി ദൂെരയുള്ള പൂന്തോട്ടത്തിലേക്ക് പറക്കാൻ അതിന്റെ കാമുകിയെ ക്ഷണിക്കുന്നത് അവൾ കേട്ടു.
''അങ്ങ് ദൂരെ ഒരു പൂന്തോട്ടമുണ്ടെടോ. നീ ഇത് വല്ലതും അറിയുന്നുണ്ടോ? ഒരിക്കൽ ഞാൻ അതുവഴി പറന്നിരുന്നു. അപ്പോഴാണ് പലതരം പൂക്കൾ നിറഞ്ഞ മനോഹരമായ ആ പൂന്തോട്ടം ഞാൻ കണ്ടത്. മഞ്ഞയും ചുവപ്പും വെള്ളയും പിന്നെ നമുക്കറിയാത്ത പലതരം നിറങ്ങളിൽ വലുതും ചെറുതുമായ അനേകം പുഷ്പങ്ങൾ. നീ എപ്പോഴെങ്കിലും കടുംചുവപ്പുള്ള പുഷ്പത്തിന്റെ തേൻ കുടിച്ചിട്ടുണ്ടോ? അതാണ് പ്രിയപ്പെട്ടവളേ ജീവിതം. ഞാൻ അന്നുമുതൽ നിന്നെ വിളിക്കുന്നതല്ലേ? ഈ വള്ളിപ്പടർപ്പിന് ചുറ്റും നമ്മൾ വെറുതെ പറന്ന് തീർക്കുന്നത് നമ്മുടെതന്നെ ജീവിതമാണ്. പിന്നീടൊരിക്കലും തിരിച്ച് വരാത്ത ജീവിതം. തിരിച്ചുവന്നാൽ തന്നെയും നമ്മൾ ഒരുമിച്ച് ജീവിക്കണമെന്നില്ലല്ലോ? ഈ വള്ളികൾക്ക് ചുറ്റുമുള്ള ജീവിതം നിനക്ക് മടുപ്പുണ്ടാക്കുന്നില്ലേ?''
പന്തൽ തറയിൽക്കിടന്ന് പാതിമയക്കത്തിൽ അവൾ അറിയാതെ പറഞ്ഞുപോയി. ''അവനോടൊപ്പം പറന്നു പോകൂ പെൺപക്ഷീ. എത്ര ആർദ്രമായാണ് അവൻ നിന്നെ വിളിക്കുന്നത്. ഈ വള്ളിക്കുടിലിൽ നിന്നെ അത്രമാത്രം ത്രസിപ്പിക്കുന്നതെന്താണ്. പോയി പൂന്തോട്ടം കണ്ടുവരൂ. അവൻ പറയുന്ന കടും ചുവപ്പ് പുഷ്പത്തിന്റെ തേൻ ഒരിക്കലെങ്കിലും നുകരൂ. ഞാനൊരു തെറ്റു ചെയ്തു. ജീവിതത്തിൽ ഞാനും ചേട്ടന്മാരും കൂടി ഉറപ്പുള്ളൊരു പന്തൽ നിർമിച്ചു. എന്റെ ആവശ്യമായിരുന്നു ഉറപ്പുള്ള പന്തൽ വേണമെന്ന്. കാലം കുറെ കഴിഞ്ഞപ്പോൾ ഞാനൊരു കാര്യം മനസ്സിലാക്കുന്നു എന്റെ പ്രിയപ്പെട്ട പെൺപക്ഷീ. എന്തിലെങ്കിലും ഉറച്ചുപോകുന്ന ആ നിമിഷം തൊട്ട് നമ്മൾ ഇല്ലാതാവുന്നു. ഉറപ്പ് ഒഴുകുന്ന ജീവിതത്തിന്റെ ശത്രുവാണ്.''
പെൺപക്ഷി അവനടുത്തേക്ക് പറന്നിരുന്നു. ''നീ പറഞ്ഞത് എനിക്കറിയാം അങ്ങ് ദൂരെ പുഷ്പങ്ങൾ നിറഞ്ഞ പൂന്തോട്ടമുണ്ടെന്ന്. പക്ഷേ...''
''എന്ത് പക്ഷേ?'' അവൻ പ്രതീക്ഷയോടെ പെൺപക്ഷിയെ നോക്കി. ''നാളെ നമുക്ക് അങ്ങോട്ടേക്ക് പറക്കാം.''
പക്ഷേ പെൺപക്ഷി ഒന്നും മിണ്ടിയില്ല.
പക്ഷികൾക്കിടയിലെ മൗനം പന്തലിനുള്ളിലേക്ക് ഇറങ്ങിവന്നു. അവൾ അതിലേക്ക് ചെവി കൂർപ്പിച്ചിരുന്നു.
പിന്നീട് അവൾ ആ പക്ഷികളുടെ ശബ്ദം കേട്ടിട്ടില്ല. അവ പൂന്തോട്ടത്തിലേക്ക് പറന്നു പോയിക്കാണും. അവിടെ പെൺപക്ഷി ചുവന്ന പുഷ്പങ്ങളുടെ തേൻ കൊതിയോടെ നുകർന്നുകൊണ്ട് അവനോടൊപ്പം ജീവിക്കുന്നുണ്ടാവണം. എങ്കിലും ഓരോ ദിവസവും ജീവിതത്തെ നന്നാക്കിയെടുക്കാനുള്ള നിതാന്തമായ പരിശ്രമത്തിലകപ്പെട്ട പക്ഷികൾ അവിടെനിന്നും മറ്റൊരു ദേശത്തിലേക്ക് പറന്നുകാണുമോ. ആൺപക്ഷി പെൺപക്ഷിയെ വീണ്ടും മോഹിപ്പിച്ച് കാണുമോ?
ജീവിതം മാത്രം പോരാ. ജീവിതത്തിൽ നമ്മെ ചിലതൊക്കെ മോഹിപ്പിക്കാൻ ഒരാളുകൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നുവെന്ന് അവൾ ഓർത്തു. പന്തൽക്കാലുകൾ തൊട്ടപ്പോൾ അത് അഭൂതപൂർവമായ ഉറപ്പോടുകൂടി ഭൂമിയിലേക്ക് വേരുകളാഴ്ത്തിയത് അവൾ അറിഞ്ഞു. അവ ഇപ്പോൾ മുൻപ് കുഴിച്ചിട്ട വെറും കമ്പുകളല്ല. അത് ശിഖരങ്ങളും ഇലകളുമുള്ള ഉറച്ച ചെടികളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഉറപ്പുള്ള ജീവിതം അവൾക്ക് വലിയ തെറ്റായി തോന്നി. അണകൾ പൊട്ടിച്ച് ഒഴുകണം.
വർഷങ്ങൾക്ക്ശേഷം ഒരു പ്രഭാതത്തിൽ തീവ്രമായ ഏതോ ബോധത്തിന്റെ ഉണർവിൽ പന്തൽമുറിയിൽനിന്ന് അവൾ പുറത്തേക്ക് കടന്നു. മടുപ്പ് കെട്ടിക്കിടന്ന അറയിൽനിന്നും വള്ളികൾ പകുത്തുമാറ്റി വെളിച്ചത്തിലേക്ക് മെല്ലെ തല നീട്ടി. കണ്ണുകളിൽ വീര്യമേറിയ പ്രകാശം തട്ടിയപ്പോൾ അവൾ വേദനകൊണ്ട് നിലവിളിച്ചുപോയി. അവിടെ അവൾ ഏറെ നേരം കണ്ണുകളടച്ചുനിന്നു. ഒടുവിൽ പ്രകാശത്തിന്റെ മുനകൾ തട്ടി കൺപോളകൾ മെല്ലെ തുറന്നു. ആൾപെരുമാറ്റമില്ലാത്ത പൂപ്പൽ പിടിച്ച പഴയ വീടിനെ കുറച്ച് നേരം നോക്കി. പഴയ ഓർമകളുടെ ശ്മശാനംപോലെ നിശ്ശബ്ദമായി നിലനിൽക്കുന്ന വീട്. അവൾക്ക് വീടിനുള്ളിലേക്ക് കയറാൻ പേടി തോന്നി. പുറത്തേക്കിറങ്ങി നടന്നു. എങ്ങോട്ടെന്നില്ലാതെ നടന്നു.
ലക്ഷ്യങ്ങളില്ലാതെ നടക്കുന്നതിന്റെ സുഖം ഒരു ലഹരിപോലെ അവളെ നുകർന്നു. നടക്കുമ്പോൾ ആദ്യമായി ജീവിതവും കൂടെ നടക്കുന്നതായി അവൾക്ക് തോന്നി. ചേർന്ന് നടക്കുന്ന സ്വന്തം ഉയിരിനെ അവൾ തോളോട് ചേർത്ത് പിടിച്ചു. ചുംബിക്കാനായി ചുണ്ടുകൾ കൂർപ്പിച്ചു. അതിന്റെ കവിളിൽ മൃദുവായി തൊട്ടു. ഒടുവിൽ ഒരു കാറ്റ് പോലെ അവൾ അവളെത്തന്നെ തുറന്നുെവച്ചു. പ്രാണൻ കുളിരായി വന്ന് അവളെ മൂടി. അപ്പോഴും ഓരോ കാൽവെപ്പുകളും കൊതിയോടെ മണ്ണിലമർത്തി നടന്നുകൊണ്ടിരുന്നു. അവൾ ആദ്യമായി ഒഴുകി.
അവൾ നടന്ന് നടന്ന് ചെറുപക്ഷികൾ പാറിപ്പോയ പൂന്തോട്ടത്തിനരികിലെത്തി. പല വർണങ്ങളിലുള്ള പുഷ്പങ്ങളെ നോക്കുന്നതിനിടയിലും കണ്ണുകൾ ആ ചെറുപക്ഷികളെ തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ അവരെ അവിടെ കണ്ടില്ല. ഊഹിച്ചതുപോലെ ആൺപക്ഷി പെൺപക്ഷിയെ മോഹിപ്പിച്ച് മറ്റെവിടെയെങ്കിലും കൂട്ടിക്കൊണ്ട് പോയിക്കാണും.
പൂന്തോട്ടം മടുത്തപ്പോൾ അവൾ വീണ്ടും നടന്നു. പുഷ്പങ്ങളിലേക്കും ചെടികളിലേക്കും അവൾ അവസാനമായി ഒന്നുകൂടി പാളി നോക്കി. പക്ഷികളുടെ അനക്കങ്ങൾ അവിടെ കണ്ടില്ല.
ഏറെ നേരം നടന്നപ്പോൾ ഒരുപാട് കുട്ടികൾ കളിക്കുന്ന വിശാലമായ ഒരു കളിസ്ഥലത്തിനരികിലായി പന്തലിച്ച് നിൽക്കുന്ന ഒരു മരച്ചുവട്ടിൽ അവൾ ചെന്നിരുന്നു. സന്ധ്യയിൽ കനത്ത് തൂങ്ങാൻ തുടങ്ങുന്ന വൃക്ഷത്തിന്റെ ചില്ലകളുടെ ഇരുട്ടിലേക്ക് പക്ഷികൾ പറന്നണയുന്നത് അവൾ കണ്ടു. വെളുപ്പും കറുപ്പുമായ അനേകം പക്ഷികൾ. ചിലത് മരക്കൊമ്പിലിരുന്ന് ചിറകുകൾ ഒതുക്കുന്നു. അതിനുമപ്പുറത്ത് മാനത്ത് കറുത്തിരുണ്ട ഒരു മേഘകപ്പൽ ശാന്തമായി ഒഴുകിപ്പോകുന്നു. അങ്ങ് ദൂരെ പത്മംപോലെ സൂര്യൻ കടലിൽ പാതി മുങ്ങി. ലോകം മുഴുവൻ ചുവന്ന പ്രകാശത്തിന്റെ തീക്ഷ്ണമായ ഒളി. ആ മരച്ചുവട്ടിലിരുന്ന് മുങ്ങിയമരുന്ന സൂര്യബിംബം നോക്കി നോക്കി ഗാഢമായ ഇരുട്ടിലേക്ക് അവൾ താനെ കണ്ണുകൾ അടച്ചു. അപ്പോഴേക്കും കളിച്ചുകൊണ്ടിരുന്ന കുട്ടികളെല്ലാം വിയർപ്പ് മിന്നുന്ന ശരീരവുമായി അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയി.
നക്ഷത്രങ്ങളുടെ നേരിയ വെളിച്ചം വീഴുന്ന ആ രാത്രിയിൽ മരത്തിന്റെ ഇലത്തുമ്പിൽ നിന്നും മഞ്ഞിന്റെ ഒരു നനുത്ത തുള്ളി അവളുടെ തലയിലേക്കുറ്റി. കണ്ണുകൾ തുറന്നു. ബോധത്തിന്റെ ഉള്ളിന്റെയുള്ളിൽനിന്ന് ബുദ്ധസന്യാസിയെപ്പോലെ ആരോ ഒരാൾ നിശ്ശബ്ദനായി ഊരിപ്പോകുന്നത് അവൾ അറിഞ്ഞു. കുടൽഭിത്തിയിൽ വാൾമുനത്തുമ്പ്കൊണ്ട് ഒരു നേർത്ത വര. കിനിഞ്ഞുവന്ന രക്തത്തിന്റെ രണ്ട് തുള്ളികൾ കാലുകൾക്കിടയിൽനിന്ന് നിലത്തേക്കുറ്റി. ക്ഷീണംകൊണ്ട് അവൾ കുഴഞ്ഞുപോയി. നാക്ക് വളച്ച് എന്തെങ്കിലും ചോദിക്കും മുൻപ് അയാൾ പുല്ലുകളിൽ ചവിട്ടി കടൽതീരത്തിലേക്ക് നടന്നിരുന്നു.
ഏയ്... അവൾ നിലവിളിച്ച് കൈകളുയർത്തി. പക്ഷേ അയാൾ ഒന്നും മിണ്ടാതെ തിരിഞ്ഞുനോക്കാതെ നടന്നു. പിന്നാലെ ഓടിച്ചെന്ന് ചുമലിൽ തട്ടിനിർത്താൻ അവൾക്കായില്ല. അയാളുടെ മുന്നിലേക്ക് കയറിനിന്ന് ഒന്ന് നിൽക്കൂ എന്ന് പറയാൻ അവൾക്കായില്ല. ഒഴുകുന്ന ജലത്തിൽ പ്രസവിച്ചുപോയ ഒരു ജലജീവിയെപ്പോലെ അവൾ നിസ്സഹായയായി. തേങ്ങി. മുറിവിൽ അവൾ മെല്ലെ തൊട്ടു. വീണ്ടും കണ്ണുകളടച്ചു.
നമ്മുടെയുള്ളിൽ കാലം സമയാസമയങ്ങളിൽ പലതും വളർത്തും. കുട്ടിയായിരിക്കുമ്പോഴാണ് ഉള്ളിൽ ഒരു പൂമ്പാറ്റ വളർന്നത്. ഞാൻ സുന്ദരിയായ ഒരു പൂമ്പാറ്റയാണെന്ന് കരുതി. അത് ചുറ്റുപാടും പറന്ന് നടന്നു. എപ്പോഴും സന്തോഷമായിരുന്നു. ഒരിക്കൽ അതിന്റെ ചിറകുകളറ്റ് നിലത്ത് വീണ് ഉറുമ്പുകൾ വലിച്ചുകൊണ്ടുേപായി. പിന്നീട് അതിനെ കണ്ടില്ല. ഓരോ പ്രായത്തിലും ആരൊക്കയോ ഉള്ളിൽ കയറുകയും അടർന്ന് പോകുകയും ചെയ്തു. ലോകസുന്ദരിയാണെന്ന് തോന്നി. ഭാഗ്യവതിയാണെന്ന്, ബുദ്ധിമതിയാണെന്ന്, വിരൂപിയാണെന്ന്, ഒന്നിനും കൊള്ളാത്തവളാണെന്ന് അങ്ങനെ പലരും പല സമയങ്ങളിൽ... ജീവിതം ആരെയൊക്കെയോ ഉള്ളിൽ കുത്തിനിറച്ച ഓട്ടം മാത്രമാണ്. ഒടുവിൽ ഇതാ വളരെ സാത്വികനായ ഒരു ബുദ്ധസന്യാസിയും ഈ മരച്ചുവട്ടിൽ െവച്ച് ഒന്നും മിണ്ടാതെ എന്റെയുള്ളിൽ നിന്ന് ഇറങ്ങിപ്പോയി. മരണംപോലെ ഏകാന്തത അനുഭവിച്ച ഓരോ ശരീരത്തിലും ബുദ്ധൻ മൊട്ടിടുന്നത് സാധാരണമായിരിക്കാം. ഇരുട്ടിൽ അയാൾ ആരും അറിയാതെ നിങ്ങളോളം വലുതാവും. ഇറങ്ങിപ്പോയ ബുദ്ധനെ കുറച്ച് നേരംകൂടി അവൾ നോക്കിനിന്നു.
ഇരുട്ടിൽ ആ ബുദ്ധസന്യാസി കടൽതീരത്തെത്തി. ഉപ്പു മിന്നുന്ന കടൽത്തിരയിൽ അയാൾ ഏറെ നേരം നോക്കി നിന്നു. ലോകം മുഴുവൻ നിദ്രയുടെ അടിത്തട്ടിലമർന്നപ്പോഴും അയാൾ കണ്ണുകൾ തുറന്ന് പ്രപഞ്ചം മുഴുവൻ നോക്കി നിന്നു. കടലൂതുന്ന പിരിയൻ കാറ്റിൽ അയാൾ തണുത്തു. എങ്കിലും പല്ലുകൾക്കിടയിൽ മഹാപ്രപഞ്ചത്തിനുവേണ്ടി അയാൾ ഒരു ചെറു ചിരി സൂക്ഷിച്ചിരുന്നു. ആ രാത്രിമുഴുവൻ കടൽതീരത്ത് സന്യാസി സുസ്മേരനായി സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഞാനാരാണ്? എല്ലാറ്റിനും ഉത്തരം പറയേണ്ടത് ആരാണ്?
ലോകമുണർന്നപ്പോൾ കടൽത്തീരത്തിലേക്ക് ഒരാൾക്കൂട്ടം ഓടിവന്നു. തീരത്തിന്റെ പല കോണുകളിൽ നിന്നാണ് അവരോരുത്തരായും ഇറങ്ങിവന്നത്. പതിയെ പതിയെ ഒരാൾക്കൂട്ടമായി സന്യാസിക്ക് ചുറ്റും വിടർന്നു.
നിങ്ങൾ ആരാണ് കള്ളനാണോ?
സന്യാസി പുഞ്ചിരിച്ചു.
കള്ളനായിരിക്കും, അല്ലെങ്കിൽ എന്തിനാണ് പാതിരാ നേരത്ത് ഇവിടെ ചുറ്റിപ്പറ്റി നിന്നത്. കൂട്ടത്തിലൊരാൾ സന്യാസിയുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ചു.
ഞാനൊരു ബുദ്ധസന്യാസിയാണ്.
അതിന് ആരാണ് ബുദ്ധൻ. വെറുതെ ഓരോന്നും പറഞ്ഞ് ആളുകളെ പറ്റിക്കാനിറങ്ങിയതാണോ? ഒരു സ്ത്രീ സന്യാസിയുടെ മൂക്കിൻ മുൻപിലേക്ക് കയറിനിന്നു.
നിങ്ങളെന്നെ വിശ്വസിക്കൂ.
എന്തിന് വിശ്വസിക്കണം. ഒരു ചെറുപ്പക്കാരൻ സന്യാസിയുടെ അടുത്തേക്ക് നീങ്ങിനിന്ന് ചോദിച്ചു. നിങ്ങൾ സന്യാസിയായിരിക്കാം. പക്ഷേ ഇവിടെ ഞങ്ങൾ വളരെ സമാധാനത്തോടെ ജീവിക്കുന്ന കുറച്ച് ആളുകളാണ്. ഞങ്ങൾക്ക് ഒന്നും അറിയണ്ട. നിങ്ങൾ ഈ കടൽത്തീരം വിട്ട് മറ്റെവിടയെങ്കിലും പോയിക്കോളൂ. അപരിചിതരായ ആളുകളെ ഞങ്ങൾക്ക് ഭയമാണ്.
ആളുകൾ സന്യാസിക്ക് ചുറ്റും ബഹളം കൂട്ടിക്കൊണ്ടേയിരുന്നു. അയാൾ അപ്പോഴും ശാന്തമായിത്തന്നെ നിന്നു. നിങ്ങൾക്കെന്നെ ഇവിടെെവച്ച് കൊല്ലാം. പക്ഷേ അതിന് മുൻപ് എനിക്ക് നിങ്ങളോട് ഒരു കഥ പറയാനുണ്ട്.
എന്ത് കഥ?
പെട്ടെന്ന് ആൾക്കൂട്ടത്തിലെ ചില കണ്ണുകൾ തുറിച്ച് തൂങ്ങി. ചെവികൾ വിടർന്നു. അവർ മെല്ലെ മെല്ലെ നിശ്ശബ്ദരായി സന്യാസിക്ക് ചുറ്റും ചുരുങ്ങിപ്പോയി. കണ്ണുകളടച്ച് സന്യാസി അവർക്ക് മുന്നിൽ നിന്നു.
സന്യാസി വാക്കുകൾ പറയാൻ വൈകിയപ്പോൾ, ഒരു കുട്ടി പറഞ്ഞു: ''കഥ പറയൂ കേൾക്കട്ടെ."
പക്ഷേ കഥ പറയാൻ എനിക്ക് കുറച്ച് സമയം വേണം. നിങ്ങളെല്ലാവരും ഇപ്പോൾ പിരിഞ്ഞുപോകണം. വൈകുന്നേരം എല്ലാവരും വീണ്ടും വരൂ. നമുക്ക് ഇവിടെെവച്ച് നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കഥ ഞാൻ പറയാം.
ചെറിയ മുറുമുറുപ്പോട്കൂടി ആൾക്കൂട്ടം പിരിഞ്ഞുപോയി. പക്ഷേ സന്യാസിയും അയാൾക്കുള്ളിലെ കഥയും ആ പൂഴിമണ്ണിൽ ഉറച്ച് നിന്നു.
കടൽതീരത്തുനിന്നും കുറച്ച് മാറി അവൾ അപ്പോഴും എല്ലാം ശ്രദ്ധിച്ച് മരത്തിൻ ചുവട്ടിൽ തന്നെയിരുന്നു. മുകളിലെ ചില്ലകളിൽ രാപാർത്തിരുന്ന പക്ഷികൾ എങ്ങോ കൂട്ടം കൂട്ടമായി പറന്നുപോയി. മുൻപില്ലാത്തവിധം എല്ലാ കാഴ്ചകളിലേക്കും സ്വതന്ത്രയാണെങ്കിലും നിരാശയുടെ തളർച്ചയിൽ അവൾ കണ്ണുകൾ പാതി തുറന്ന് മരത്തിന്റെ വേരിലേക്ക് ചാരിക്കിടന്നു. ചുണ്ടുകൾ വരണ്ടു. പ്രാണൻ അവസാനത്തെ കൊളുത്തിൽ പ്രതീക്ഷയറ്റ് നിൽക്കുന്നു.
പന്തൽമുറിയിലെ കുടുസ്സിൽ അവളുടെ ഉള്ളിൽ സ്വകാര്യമായി ഒരു ബുദ്ധൻ വളർന്നിരുന്നു. ലോകം മുഴുവൻ വ്യക്തമായി നോക്കിക്കാണാനായിരുന്നു ബുദ്ധൻ ആഗ്രഹിച്ചത്. കാണുന്ന മനുഷ്യരോടൊക്കെ കഥകൾ പറയാൻ അയാൾ താൽപര്യപ്പെട്ടിരുന്നു. ഇക്കാണുന്ന പ്രശ്നങ്ങൾക്കൊക്കെ അയാൾക്ക് ഉത്തരങ്ങളുമുണ്ടായിരുന്നു. സ്നേഹത്തെയും ദുഃഖത്തെയും കഷ്ടത്തെയും എല്ലാറ്റിനെയും അതേപോലെ സ്വീകരിക്കണം എന്നുപറഞ്ഞ് കഴിഞ്ഞ പാതിരാവിൽ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അയാൾ ഇറങ്ങിപ്പോയി. ഇനി ഉള്ളിൽ ആരാണ് വളരുന്നത് എന്നറിയില്ല. മറ്റൊരാൾ വളരും. ആരാണെന്നറിയില്ല. മനുഷ്യർ ഇങ്ങനെയൊക്കെത്തന്നെയാണ് ജീവിതം ജീവിച്ച് തീർക്കുന്നത്. ചിലരെ നമ്മൾ ഇറക്കിവിടും. ചിലർ താനെ ഇറങ്ങിപ്പോകും. അവൾക്ക് പന്തലിലേക്ക് തിരിച്ച് പോകണമെന്ന് തോന്നി.
ക്ഷീണിതയാണെങ്കിലും അവൾ എഴുന്നേറ്റ് നടന്നു. പോകെ പോകെ അവൾക്ക് ഒട്ടും ഭാരം അനുഭവപ്പെട്ടില്ല. അവളുടെ കാലുകൾ വേഗതയോടെ ചലിച്ചു. പന്തലിലെത്തണം, മലർന്ന് കിടക്കണം.
വള്ളികൾ മാറ്റി വാതിൽ തള്ളിത്തുറന്ന് അവൾ പന്തൽമുറിയിലേക്ക് കയറി. കണ്ണുകളടച്ച് കിടന്നു.
പുറത്ത് വള്ളിക്കുടിലിൽനിന്നും വീണ്ടും പെൺപക്ഷിയുടെ ശബ്ദം.
ഇനി ഒരിക്കലും എന്നെ എങ്ങോട്ടും വിളിക്കരുത്. ഞാൻ വരില്ല. നിനക്ക് ചുവന്ന പുഷ്പത്തിന്റെ തേൻ നുകരണമെന്ന് തോന്നിയാൽ ഒറ്റക്ക് പൊയ്ക്കോളൂ.
ആൺപക്ഷി പറന്നുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.