ചാവാൻ കെടക്കണ അപ്പനെ ഒരുനോക്കു കാണാൻ വേണ്ടിയാണ് ജോമോൻ സൗദിയിൽനിന്നും ഓടിക്കിതച്ച് നാട്ടിലെത്തിയത്. പക്ഷേ, ഒറ്റക്കാട്ടിൽപ്പന്നിയെന്നു പരക്കെ അറിയപ്പെടുന്ന, തണ്ടിയിൽ കുര്യാച്ചൻ എന്ന തന്റെ തന്തക്ക് അങ്ങനെയങ്ങു പരലോകം പുൽകാനുള്ള പരിപാടിയില്ലെന്നു ജോമോൻ കണ്ടു ബോധിച്ചു.
എളേപ്പന്റെ ഇളയമോൻ ജോഷിയാണ് നാട്ടിലെ കാര്യങ്ങൾ സൗദിയിൽ എത്തിച്ചുകൊടുത്തത്. വല്യപ്പച്ചൻ ഐ.സി.യു വാർഡിൽ കിടന്നു ചക്രശ്വാസം വലിക്കുന്നതിന്റെ മുപ്പതു സെക്കൻഡ് വീഡിയോയും അവൻ ജോമോൻ ചേട്ടായിയുടെ വാട്സാപ്പിലേക്ക് അയച്ചുകൊടുത്തിട്ടുണ്ടായിരുന്നു. അതുകണ്ട് ജോമോന്റെ ചങ്കു തകർന്നുപോയി. ഓടിപ്പെടച്ച് ടിക്കറ്റെടുക്കാൻ നോക്കുമ്പോൾ നാട്ടിലേക്കുള്ള സകല ഫ്ലൈറ്റ്സ്സിനും തീപിടിച്ച വെല. കാർഡെല്ലാം പണ്ടേ ഫുള്ള് ചെലവിപ്പോ അതുക്കുംമേലെ എന്ന വൻ ട്വിസ്റ്റിൽ ഓടിക്കൊണ്ടിരിക്കുകയാണ് ജീവിതം. സാരല്ല്യ, അപ്പന് താനും തനിക്ക് അപ്പനും മാത്രമല്ലേ ഈ ഭൂമിമലയാളത്തിൽ ശേഷിക്കുന്നുള്ളൂ എന്നോർത്തുകൊണ്ട് ജോമോൻ കണ്ണുംപൂട്ടി സിസിലിയുടെ കാർഡങ്ങോട്ട് ഉരച്ചു. ഒ.ടി.പി വിളിച്ചു ചോദിച്ചപ്പോൾ, പോയി നിന്റെ അപ്പനോട് ചോദിക്കെടാന്നും പറഞ്ഞ് സിസിലി പൊട്ടിത്തെറിച്ചു. ഭാഗ്യം, അവൾ ഡ്യൂട്ടിയിലായിരുന്നത്. അല്ലേ ചെലപ്പോ തന്നെ കടിച്ചു തിന്നേനെ എന്ന് സ്വയം ശപിച്ചുകൊണ്ട് ജോമോനാ മുപ്പതു സെക്കന്റിന്റെ വീഡിയോ സിസിലിയുടെ വാട്സാപ്പിലേക്ക് താങ്ങിക്കൊടുത്തു.
നീലമാർക്ക് രണ്ടെണ്ണം തെളിഞ്ഞതിന്റെ പിന്നാലെ അങ്ങേപ്രത്തുനിന്നും ഒ.ടി.പിയും രണ്ടു വോയിസ് മെസ്സേജും കിണി കിണി മൂളിക്കൊണ്ട് പറന്നുവന്നു. ഒ.ടി.പി എടുത്ത് ലാപ്ടോപ്പിന്റെ നെഞ്ചത്തു പതിപ്പിച്ചതിനുശേഷമാണ് ജോമോൻ വോയിസ് മെസ്സേജിൽ തൊട്ടത്.
''സോറി ജോ...'' സിസിലിയുടെ ആദ്യത്തെ മെസ്സേജ്, അടങ്ങിയൊതുങ്ങി താണുവണങ്ങി.
''ഇറ്റ്സ് ഒക്കെ...'' അതിനുള്ള ജോമോന്റെ മറുപടി, സർവാധിപന്റെ ഗർവോടെ.
''പള്ളിപ്പെരുന്നാളിന്റെ സീസൺ മൂക്കുമ്പൊള്ള പതിവ് മേളാങ്കം ആണെന്നല്ലേ ഞാൻ കര്ത്യേ.'' സിസിലിയുടെ രണ്ടാമത്തെ മെസ്സേജ്, ക്ഷമാപണത്തോടെ.
''അപ്പനൂടി പോയാപ്പിന്നെ ഞാനീ ലോകത്ത് അനാഥനായില്ലേടീ.'' ജോമോന്റെ മറുപടി, സെന്റിയോടെ കണ്ഠമിടറിക്കൊണ്ട്.
അങ്ങനെയാണ് ഇല്ലാത്ത ലീവുണ്ടാക്കി സിസിലിയും, ടെൻത്തിലെ ക്ലാസ് പരീക്ഷ കട്ട് ചെയ്ത് ഡാര്‍വിനും ജോമോന്റെയൊപ്പം നാട്ടിലേക്ക് തിരിക്കുന്നത്.
തണ്ടിയിൽ തറവാടിന്റെ പടിപ്പുര കടന്നുചെന്ന അവർ കണ്ട കാഴ്ച അതിഭീകരമായിരുന്നു. തെക്കേച്ചരുവില്‍ നില്ക്കുന്ന കൂറ്റന്‍ പ്ലാവിന്റെ ചില്ലകളിലൂടെ മുകളിലേക്ക് മുകളിലേക്ക് കയറിപ്പോകുന്ന അപ്പനെ നോക്കി ജോമോനും സിസിലിയും വാ പൊളിച്ചു നിന്നു. മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയിൽ കിടന്നിരുന്ന മനുഷ്യൻ ഇതാ പ്ലാവിന്റെ തുഞ്ചത്താടിക്കളിച്ചിരുന്ന ചക്കയും വെട്ടിയിറക്കി പുഷ്പംപോലെ ഇറങ്ങിവരുന്നു.
സിസിലിയുടെ നോട്ടം കാണണാർന്നു. ഇതിലും ഭേദം ഭൂമി പിളർന്ന് പാതാളക്കുഴിയിലേക്ക് പണ്ടാറടങ്ങണതായിരുന്നു എന്ന് ജോമോൻ മനസ്സിൽ പറഞ്ഞു.
''വന്ന കാലീ മിറ്റത്തന്നെ നിക്കാണ്ട് കുടുമ്മത്തോട്ട് കേറി കുത്തിരിക്ക് മക്കളെ. ഞാനൊന്ന് തോട്ടീ മുങ്ങീട്ട് വരാം.'' കുര്യാച്ചൻ തലേക്കെട്ടഴിച്ച് വീശാമ്പാളയാക്കി.
''അപ്പനിതെന്ത്ട്ട് കാവടിയാട്ടാണാടണത്?'' സിസിലിയെ തണുപ്പിക്കാൻ വേണ്ടി ജോമോൻ ചൂടായി.
''എനിക്ക് നിങ്ങളെ കാണാൻ തോന്നണെന്ന് പറഞ്ഞാ നീയൊക്കിങ്ങോട്ട് കെട്ട്യെട്ക്കോടാ. ഇല്ലല്ലോ. അപ്പോ ഇമ്മാരി കാവടിയൊക്കെ കെട്ടേണ്ടിവരും'', കുര്യാച്ചൻ കൂളായി പറഞ്ഞു.
''എന്നുവച്ച്ട്ട് എന്ത് കടുംകൈയും കാണിക്കാന്നാണോ? ഇതൊരുമാതിരി കോത്താഴത്തെ എടപാടായിപ്പോയി'', സിസിലി പിറുപിറുത്തു.
മരുമോൾടെ മുറുമുറുപ്പിനെ പാടെ അവഗണിച്ച്, തന്നോളം പോന്ന പേരക്കിടാവിന്റെ തോളിൽ കൈയിട്ട് കുര്യാച്ചൻ കുശലം പറഞ്ഞു: ''നീയങ്ങ് വളർന്ന് പന്തലിച്ചല്ലോടാ മോനേ... കാലം പോയൊരു പോക്കേ!''
അപ്പാപ്പന്റെ മേത്തെ വിയർപ്പും ചക്കപ്പശയും ഡാര്വിന്റെയുള്ളിൽ അറപ്പു ജനിപ്പിച്ചു. കുര്യാച്ചന്റെ ഇംഗിതങ്ങൾക്ക് നിന്നുകൊടുക്കാൻ മടിച്ച അവൻ നൈസായിട്ട് ഊരിപ്പോകാൻ നോക്കിയെങ്കിലും ചക്ക കീറണ അരിവാളിന്റെ ഇരുമ്പു തണുപ്പ് പിൻകഴുത്തിലൂടെ കിനിഞ്ഞിറങ്ങിയപ്പോൾ, കാലുരണ്ടും കുഴിച്ചിട്ടപോലെ നിന്നോടത്തു തന്നെ ഉറച്ചുപോവുകയായിരുന്നു.
''എത്രീസം കാണും ഇവ്ടെ?'' കുരിശുവര കഴിഞ്ഞ്, ചക്കക്കൂട്ടാനും കൂട്ടി കഞ്ഞികുടിക്കാനിരിക്കുമ്പോൾ കുര്യാച്ചൻ ചോദിച്ചു.
''ഏഴീസം കാണും'', ജോമോൻ പറഞ്ഞു.
''ഏഴ് കണക്കാക്കി വന്നതാകും ല്ലെ?'' കഞ്ഞികുടി നിര്‍ത്തി കുര്യാച്ചന് പൊട്ടിച്ചിരിച്ചു.
''മരണനാടകം ആരടെ ബുദ്ധ്യാർന്നു? കെടപ്പ് കണ്ടിട്ട് ഏഴിന്റെ പാലപ്പോം സ്റ്റൂവും തട്ടീട്ടേ പോവാൻ പറ്റൊള്ളെന്നാ ഞാൻ കരുത്യേ'', ജോമോൻ മുഷിഞ്ഞു.
''എന്റെ പുദ്ധി, അല്ലാണ്ടാരടെ തലേലാണ് ഇമ്മാരി കുരുട്ട് കത്തണത്. ആ പൊട്ടൻ ജോഷി കൊളാക്കോന്ന് ഞാനൊന്ന് പേടിച്ചെട്ടാ. പക്ഷേങ്കീ, അവൻ കലക്കി കടുക് വറുത്തു.'' പ്ലാവില കയിൽ കഞ്ഞിപ്പിഞ്ഞാണത്തിൽ മുക്കിത്താഴ്ത്തിക്കൊണ്ട് കുര്യാച്ചൻ വിജയീഭാവം നടിച്ചു.
കുറേകാലംകൂടി തണ്ടിയിൽ തറവാടിന് ജീവൻെവച്ചൊരു രാത്രിയായിരുന്നു അത്. ആഘോഷരാവിനു തിളക്കം കൂട്ടാനെന്നോണം പത്തരമാറ്റിൽ നിലാവുദിച്ചു നിന്നു.
നേരം വെളുത്തപ്പോൾ ജോമോനും ഡാര്‍വിനും കൂടി കിഴക്രിച്ചരിവിലുള്ള തോട്ടിലേക്ക് െവച്ചുപിടിച്ചു. കണ്ണീരുപോലത്തെ തെളിവെള്ളത്തിൽക്കിടന്ന് നീന്താൻ പഠിക്കണ പേരക്കിടാവിനെ കണ്ടുകൊണ്ടാണ് കുര്യാച്ചൻ കാടിറങ്ങി വന്നത്.
''എന്ത്ട്ടാ അപ്പാ മൊതല്, കാട്ടുപന്ന്യാണോ?'' കുര്യാച്ചന്റെ കൈയിലിരുന്ന ഉരുപ്പടി കണ്ട് ജോമോൻ ആവേശം കാണിച്ചു.
''ഒന്ന് പത്ക്കെ പറയെടാ പോർക്കേ.'' കൈയിലിരുന്ന ചാക്ക് പുല്ലുവഴിയിലൂടെ വലിച്ചിഴച്ച് തോട്ടിറമ്പിലേക്ക് കടത്തുന്നതിനിടയിൽ കുര്യാച്ചൻ ഇടംവലം നോക്കി അപായമണിമുഴക്കി. ജോമോൻ ഒന്നു പകച്ചെങ്കിലും, ഈ കൊച്ചുവെളുപ്പാങ്കാലത്ത് കാടുകേറാനുള്ള കഴപ്പ് ഒറ്റക്കാട്ടിൽപ്പന്നിക്ക് അല്ലാതെ മറ്റാർക്കും കാണില്ലല്ലോന്ന് സ്വയം സമാധാനിച്ചു.
രണ്ടാമ്മത്തെ കുർബാന കഴിഞ്ഞ് കുടുമ്മത്ത് തിരിച്ചെത്തിയ കുര്യാച്ചൻ ഒരു മൊന്ത കട്ടനുമായി പന്നിപ്പണിക്കിറങ്ങി.
''ഒരാഴ്ച്ചോണ്ട് ഒണങ്ങി കിട്ട്വോ?'' പന്നി വരട്ടാനുള്ള ഉരുളി തേച്ചുമിനുക്കുന്നതിനിടയിൽ സിസിലി ജോമോനോട് കുശുകുശുത്തു.
''ആരെ ഒണക്കി പറത്തിന്റെ മേലെ കേറ്റണ കാര്യാടീ മോളേ നീയ്യീ ചോയ്ക്കണേ?'' ചൂട്ടുകറ്റക്ക് തീപിടിപ്പിച്ച്, പന്നിയെ അതിലേക്ക് മലർത്തി കിടത്തി രോമം കരിച്ചെടുക്കുന്നതിനിടയിൽ കുര്യാച്ചൻ മരുമോൾക്കിട്ടൊരു പൂളാകേറ്റി. വയസ്സാംകാലത്തും തന്തപ്പിടീടെ വായേന്ന് കൊണച്ചവർത്താനല്ലാണ്ട് നല്ല മുത്തുമണികളൊന്നും പൊഴിയില്ലല്ലോന്നും പറഞ്ഞ് സിസിലി ജോമോന്റെ നേര്‍ക്ക് കുതിരകേറാന്‍ ചെന്നു.
''വിട്ട്കളവ്ളേ, ഏഴീസത്തെ കാര്യല്ലേ.'' മുറ്റത്തെ കല്ലടുപ്പില്‍ തീ പൂട്ടി, ഉരുളി പ്രതിഷ്ഠിക്കുന്നതിനിടയിൽ ജോമോൻ അടക്കം പറഞ്ഞു.
ഊണുകഴിഞ്ഞ്, പതിവുള്ള ഉച്ചമയക്കത്തിനു മലർന്ന കുര്യാച്ചൻ എന്തോ ഓർത്ത് തട്ടിപ്പെടഞ്ഞെഴുന്നേറ്റു. ജോമോൻ അന്നേരം നടുമുറിയിലെ കാൽപ്പെട്ടിക്കുള്ളിൽ നിന്നും കിട്ടിയ പ്രമാണങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പന്റെ അനക്കം കേട്ട് അവൻ തട്ടുമ്പൊറത്തേക്കുള്ള മരഗോവണിയുടെ ചോട്ടിലേക്ക് മറഞ്ഞുനിന്നു.
''കാൽപ്പെട്ടീടെ ഉള്ളില്‍ ചെതല് കേറില്ല മക്കളെ, അയ്നൊള്ള പണികളൊക്കെ അപ്പൻ ചെയ്തു വച്ചിട്ട്ണ്ട്.''
ജോമോനേംകൊണ്ട് വീടിന്റെ പുറകിലുള്ള ചെതലിപ്പാറയുടെ നെറുകയിലേക്ക് വലിഞ്ഞുകേറുമ്പോൾ കുര്യാച്ചൻ പറഞ്ഞു. സൗദീക്ക് കൊണ്ടുപോകാനുള്ള പന്നിയിറച്ചി ഉണക്കാനൊരിടം തിരഞ്ഞാണ് അവർ ചെതലിപ്പാറയുടെ മുകളിലെത്തിയത്.
''അമ്മച്ചീടെ പഴേ ഫോട്ടോ തപ്പിയതാണപ്പാ.'' പാറപ്പുറത്തെ ചൂടിലേക്ക് ചന്തിയുറപ്പിക്കുമ്പോൾ ജോമോന്റെ വായീന്ന് കല്ലുവെച്ചൊരു നുണ പുറത്തേക്കു ചാടി.
''അയ്ന് അവളെ അടക്ക്യേക്കണത് ആ സാമാനത്തിലാണോടാ?'' വെയിൽ വിരിച്ചിട്ട പാറകളിലേക്ക് ഇറച്ചിത്തുണ്ടങ്ങൾ നിരത്തുമ്പോൾ കുര്യാച്ചൻ ചോദിച്ചു. ഉത്തരംമുട്ടിപ്പോയ ജോമോനെ തഴുകി ഒരു ചെറുകാറ്റ് കുന്നിറങ്ങിപ്പോയി.
''നിന്റെ ചെറുക്കന്നിപ്പെത്ര വയസ്സായെടാ?'' പാറയിടുക്കിലെ നീരൊഴുക്കിൽ കൈകഴുകി നെഞ്ചത്തെ പൂടയിൽ തൂത്തുതുടച്ച് കുര്യാച്ചൻ ചോദിച്ചു.
''പതിനഞ്ച്'', ജോമോൻ ഓർത്തെടുത്ത് പറഞ്ഞു.
''ഇനിയെന്നാ അവനെ മാമ്മോദീസാ മുക്കണത്? മൂക്കിൽ പല്ലുമൊളച്ചിട്ടോ? ഇത്തവണ അവന്റെ തലേല് മാമ്മോദീസാ വെള്ളം വീഴണം, കേട്ടല്ലോ.''
അപ്പന്റെ ഉഗ്രശാസനം കേട്ട് ജോമോൻ ഒന്നു ഞെട്ടി. ''ഓഹ് അതിലൊന്നും വല്ല്യ കഥയില്ലെന്നേ. സൗദീ കെടക്കണ ഞങ്ങടെ ജീവിതൊക്കെ ആരറിയാനാണപ്പാ?'' ഒഴുക്കൻമട്ടിൽ പറഞ്ഞൊഴിയാൻ നോക്കിയ ജോമോന് കുര്യാച്ചന്റെ വായിലിരിക്കണ വണ്ടൻ തെറി കേൾക്കേണ്ടിവന്നു.
"'നിനെക്കെന്താടീ പട്ടക്കാരോടിത്ര വിരോധം?'' കുടുംബപ്രാർഥനക്ക് മുട്ടുകുത്താതെ ഒഴിഞ്ഞുമാറി നടക്കണ മരുമോളേം പേരക്കിടാവിനേം തട്ടുമ്പൊറത്തെ ഇടനാഴിയിൽവച്ച് കുര്യാച്ചൻ കൂച്ചുവിലങ്ങിട്ടുപിടിച്ചു.
''ഇത്തവണ ഇവന്റെ തലേല് മാമ്മോദീസാ വെള്ളം വീഴണം. ഇല്ലേ തണ്ടിയിൽ തറവാടിന്റെ പടികടന്ന് ഒരുത്തനും ഒരെടത്തേക്കും പൂവില്ല. അവസാനം അറിഞ്ഞില്ല പറഞ്ഞില്ലാന്നും പറഞ്ഞ് മെക്കെട്ട് കേറാൻ വന്നേക്കര്ത്...''
അപ്പാപ്പന്റെ ചവിട്ടുനാടകോം മീശവിറപ്പിക്കലും കണ്ട് ഡാര്വിന് ഭയന്നുവിറച്ചു.
''ചെക്കനേംകൊണ്ട് ഞാനെന്റെ കുടുമ്മത്തേക്ക് പൊക്കോളാം. നിങ്ങള്‍ നിങ്ങടെ പുന്നാരപ്പന് ഓശാനേം പാടി ഈ നരകത്തീത്തന്നെ കെടന്നോ.''
ഉറങ്ങാൻ കിടക്കുമ്പോൾ സിസിലി പോരുതുടങ്ങി. മറുപടിമുട്ടിയ ജോമോന്റെ മുഖം ഇരുട്ടിലേക്ക് താഴുന്നതുകണ്ട് അവൾ തീര്‍ത്തു പറഞ്ഞു: ''അപ്പന്റെ ഒടുക്കത്തെ ആശ്യാന്ന് പറഞ്ഞാലും ഡാര്‍വിനെ മാമ്മോദീസ മുക്കണ പരിപാടിക്ക് ഞാൻ കൂട്ടുനിക്കില്ലാട്ടാ. അത് മ്മളവനോടു ചെയ്യണ അനീതായിപ്പോവും. മുളയിലേ കൂമ്പ് നുള്ളണ പരിപാട്യായിപ്പോവും.''
ഓരോന്നോർത്തു കിടന്ന് ചവിട്ടി കലക്കിയ കണ്ടംപോലെയായി ജോമോന്റെ മനസ്സ്. ചേറിലും ചളിയിലുമാണ് കതിർക്കനം തൂങ്ങുന്ന നെല്ലു വിളയുന്നത്. പക്ഷേ, അപ്പന്റെ പിടിവാശിയിൽ കരളലിവ് പ്രതീക്ഷിക്കുന്നത് പാഴ്നിലത്തു വിതച്ച വിത്തുപോലെയാണെന്ന് ബോധ്യമുള്ള ജോമോൻ തിരിച്ചും മറിച്ചും ചിന്തിച്ചുനോക്കി.
അപ്പനിപ്പെന്ത്ട്ടിനാണീ മരണനാടകം കളിച്ച് തങ്ങളെ വിളിച്ചുവരുത്തിയത്? മക്കളെ കാണാൻ ആശ തോന്നീട്ടോ? ഏയ്, അത്തരം വികാരവിചാരങ്ങളൊന്നും അപ്പനെ ഏശാൻ വഴിയില്ല. ഇത് വേറെയാണ് കാര്യം, അപ്പന്റെ മരണനാടകത്തിനും ഒരാഴ്ച മുൻപ് റോക്കിയച്ചൻ വിളിച്ച കാര്യംകൂടി ചേർത്തു വായിച്ചുകൊണ്ട് ജോമോൻ ഉറപ്പിച്ചു.
കുര്യാച്ചന്റെ ഇരട്ടസഹോദരനായ തണ്ടിയിൽ കുരുവിളയുടെ ഇളയ സന്താനമാണ് ഈ പറഞ്ഞ റോക്കിയച്ചൻ. പ്രേഷിതപ്രവർത്തനങ്ങളൊക്കെയായി ആളങ്ങ് ആഫ്രിക്കയിലാണ്. ഒരുപാട് കാലത്തിനുശേഷമാണ് അദ്ദേഹം ജോമോനെ വിളിക്കുന്നത്. എടാപോടാ ബന്ധമാണെങ്കിലും ഒരു പട്ടക്കാരനു കൊടുക്കേണ്ട ബഹുമാനങ്ങളൊക്കെ ജോമോൻ തന്റെ കളിക്കൂട്ടുകാരനു നൽകിപ്പോന്നിരുന്നു.
''എന്തൊക്കെയുണ്ട് മകനെ വിശേഷങ്ങൾ?'' അകലങ്ങളിൽ ആയിരിക്കുമ്പോഴും തൊട്ടടുത്തുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു മാന്ത്രികത റോക്കിയച്ചന്റെ ശബ്ദത്തിലുണ്ടായിരുന്നു.
''അങ്ങനെ പോണച്ചോ'', ഏറെ ഭവ്യതയോടെ ജോമോൻ മറുമൊഴി ചൊല്ലി.
''അങ്ങനെയൊക്കെ പോയാൽ മതിയോ കുഞ്ഞേ?'' റോക്കിയച്ചൻ എടുത്തുചോദിച്ചു. ജോമോന് ആ ചോദ്യത്തിലെ മുള്ളും മുനയും തിരിഞ്ഞിട്ടില്ലായിരുന്നു.
''അല്ലലില്ലാതെ പോണുണ്ടച്ചോ. അതുമതി'', അവൻ പറഞ്ഞു.
''അതുപോര ജോമോനെ. ഈ പോക്ക് നാശത്തിലേക്കാണ്. പാപത്തിന്റെ വഴിയിലൂടെയാണ് നീയും നിന്റെ കുടുംബവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതു നമ്മുടെ പാരമ്പര്യത്തിനും വിശ്വാസപ്രമാണങ്ങൾക്കും ചേർന്നതല്ല'', റോക്കിയച്ചൻ താക്കീതു നല്കി.
''അച്ചനെന്തോ അർഥം െവച്ചാണ് സംസാരിക്കണത്. എന്ത്ട്ടാ കാര്യംന്ന് തെളിച്ചങ്ങോട്ട് പറയച്ചോ.'' കുമ്പസാരക്കൂടിന്റെ കിളിവാതിലേക്ക് മുഖം അടുപ്പിക്കുന്നതുപോലെ ജോമോൻ മൊബൈൽ സ്ക്രീനിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
''ഡാര്‍വിനും സിസിലിയും എവിടെ?'' അച്ചൻ ചോദിച്ചു.
''ഇവ്ടിണ്ട് അച്ചോ.''
''എന്നാ അവരേം വിളിക്ക്. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.''
''ഓ!'' ജോമോൻ തലയാട്ടിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു. സിസിലി അവിടെ കൊണ്ടുപിടിച്ച പണികളിലായിരുന്നു.
''ഞാൻ അവ്ടെ വന്നിരുന്ന് ധ്യാനം കൂട്യാ ഇവ്ടിന്ന് അപ്പം മുറിക്കലിണ്ടാകില്ല മനുഷ്യാ.'' നൈറ്റ് ഡ്യൂട്ടിക്ക് പോണേന്റെ പങ്കപ്പാടെടുത്ത് അലക്കാൻ തുടങ്ങിയ സിസിലിയെ, അഞ്ചുമിനിറ്റിന്റെ കാര്യൊള്ളിവളേന്നും പറഞ്ഞ് ജോമോൻ അനുനയിപ്പിച്ചു.
പക്ഷേ, പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഡാര്‍വിനെ റോക്കിയച്ചന്റെ മുൻപിലേക്ക് എഴുന്നള്ളിക്കാനായില്ല. ചൈനയിൽ െവച്ചുനടക്കുന്ന ഇന്റർനാഷണൽ സയൻസ് ആൻഡ് ടെക്നോളജി എക്സിബിഷനിൽ അവതരിപ്പിക്കാനുള്ള പ്രോജക്ടിന്റെ അവസാനഘട്ട പണികളിലായിരുന്നു ഡാര്‍വിനും കൂട്ടുകാരും. ഊണും ഉറക്കോം ഉപേക്ഷിച്ച് കണ്ടുപിടിത്തങ്ങളുടെ പുറകേയലയുന്ന കുട്ടിശാസ്ത്രജ്ഞന്മാരോട് അങ്ങേയറ്റം ബഹുമാനത്തോടെയാണ് സിസിലിയും ജോമോനും ഇടപെട്ടിരുന്നത്.
''സുഖാണോ മോളെ? ചെക്കന് എവിടെ പോയി?'' റോക്കിയച്ചൻ സിസിലിയോട് വിശേഷങ്ങൾ ചോദിച്ച് വിഷയത്തിലേക്ക് ഇഴഞ്ഞു...
''ചെക്കൻ അവന്റെ ഫ്രണ്ട്സിന്റൊപ്പം പൊറത്തേക്ക് പോയേക്കാണച്ചോ.'' ഇല്ലാത്ത വിനയമുണ്ടാക്കി സിസിലി നുണപറയുന്നതു കേട്ടപ്പോൾ, പണ്ട് തന്റേം റോക്കിയച്ചന്റേം ആദ്യകുർബാന സ്വീകരണത്തിന്റെ അന്നുനടന്ന സംഭവങ്ങൾ ഒരു തിരശ്ശീലയിൽ എന്നതുപോലെ ജോമോന്റെ മനസ്സിൽ തെളിഞ്ഞുവന്നു.
നമസ്കാരങ്ങളെല്ലാം കാണാതെ പഠിച്ച്, ആൻമേരി സിസ്റ്ററിനെ ചൊല്ലിക്കേൾപ്പിച്ച്, പാപമോചനത്തിന്റെ താക്കോൽ സ്വീകരിക്കാൻ ഒരുങ്ങിയിറങ്ങിയ പതിനഞ്ചു ആൺകുട്ടികളും ഇരുപത്തിമൂന്ന് പെൺകുട്ടികളും പള്ളിയകത്തിന്റെ ഇരു പള്ളകളിലുമായി മുട്ടില്‍ നിരന്നു. ആദ്യകുമ്പസാരത്തിന്റെ ചങ്കിടിപ്പോടെ, നല്ലകുമ്പസാരത്തിനുള്ള ജപം ചൊല്ലിക്കൊണ്ട് ഓരോരുത്തരും തങ്ങളുടെ ഊഴം കാത്തുനിന്നു. അൾത്താരബാലൻകൂടിയായ റോക്കിയച്ചനായിരുന്നു ആൺകുട്ടികളുടെ നേതാവ്. കോകിലറാണി എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന, ഗായകസംഘത്തിന്റെ പെൺശബ്ദമായ മേരീറാണിയായിരുന്നു പെൺകുട്ടികളുടെ വരി നിയന്ത്രിച്ചിരുന്നത്.
മേട്ടിപ്പാടത്തെ ലൂർദുമാതാപ്പള്ളിയിൽ നിന്നും സ്ഥലം മാറിവന്ന കൊച്ചച്ചനെ പ്രതീക്ഷിച്ചിരുന്നവരെല്ലാം വല്യച്ചന്റെ ളോഹ ഉലയുന്ന ശബ്ദംകേട്ട് ജാഗരൂകരായി. അൾത്താരയിലെ തൂങ്ങപ്പെട്ട ക്രിസ്തുവിനെ താണുവണങ്ങി വടക്കേടത്തച്ചൻ കുമ്പസാരക്കൂടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. തിരുവസ്ത്രമണിഞ്ഞ്, ക്രിസ്തുവിന്റെ പ്രതിപുരുഷനായിമാറിയ വൈദികന്റെ മുന്‍പിലേക്ക് പാപങ്ങള്‍ ഏറ്റുപറയാനുള്ള ആവേശത്തോടെ റോക്കിയച്ചൻ മുട്ടില്‍ നിരങ്ങി. കൈമറയ്ക്കുള്ളിൽക്കിടന്ന് റോക്കിയച്ചന്റെ തല ഇടത്തോട്ടും വലത്തോട്ടും വെട്ടിക്കൊണ്ടിരുന്നു. പിന്നെ കുറച്ചു നേരത്തേക്ക് നിശ്ശബ്ദത. അതിനെ ഭേദിച്ചുകൊണ്ട് വല്യച്ചന്റെ ശബ്ദം ഒരു ഇടിമുഴക്കംപോലെ പള്ളിയകത്തെ പിടിച്ചുകുലുക്കി. ബാൽക്കണിയിലെ കൈവരികളിലിരുന്ന് കുറുകിക്കൊണ്ടിരുന്ന പ്രാവുകള്‍ പരക്കംപാഞ്ഞു; അൾത്താരയിലെ അലങ്കാരപ്പൂക്കളിൽ ചിലത് വാടിവീണു...
''വരീടെ അവസാനം പോയി മുട്ടുകുത്തെടാ കുരുത്തംകെട്ടവനെ''എന്ന് ഗർജിച്ച് വല്യച്ചൻ റോക്കിയച്ചനെ തിരിച്ചയച്ചു.
കുരിശ്ശിൽ കിടന്നിരുന്ന കർത്താവുപോലും ഞെട്ടിവിറച്ചു കാണും. അപ്പോപ്പിന്നെ കോകിലറാണിയുടെ കാര്യം പറയാനുണ്ടോ! പേടിച്ചു പേടിച്ചാണ് അവൾ കുമ്പസാരക്കൂടിന്റെ അരികിലേക്ക് നീങ്ങിനിന്നത്.
കോകിലറാണിയുടെ പാപങ്ങൾ കേൾക്കാൻ ചെവി വട്ടംപിടിച്ച വല്യച്ചൻ അവളോടും വരിയുടെ അറ്റത്തുപോയി മുട്ടുകുത്താൻ കൽപിച്ചതോടെ ബാക്കിയുള്ളവരുടെ മുട്ട് കൂട്ടിയിടിക്കാൻ തുടങ്ങി. പക്ഷേ, എങ്ങനെയൊക്കെയോ മുക്കിയും മൂളിയും എല്ലാവരും ആ കടത്തുകടന്ന് രക്ഷപ്പെട്ടു. റോക്കിയച്ചനും കോകിലറാണിയും അപ്പോഴും മുട്ടിൽത്തന്നെയായിരുന്നു.
അവർ പാപത്തിന്റെ പങ്കുകച്ചോടക്കാരായിരുന്നെന്ന രഹസ്യം വല്ല്യച്ചനല്ലാതെ മറ്റാര്‍ക്കും അപ്പോള്‍ അറിയില്ലായിരുന്നു.
പിറ്റേന്നു കാലത്ത്, ഊട്ടുതിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷമായ പാട്ടുകുർബാനയുടെ സുവിശേഷപ്രസംഗത്തിനിടക്ക് വല്യച്ചൻ ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞു: ''ഇനി പാപം ചെയ്താൽ എന്തു ചെയ്യും എന്ന് ഈ കൂട്ടത്തിലുള്ള ഒരുത്തനോട് ഇന്നലെ ഞാൻ ചോദിക്കുകയുണ്ടായി. വീണ്ടും കുമ്പസാരിക്കും എന്നായിരുന്നു ആ മഹാന്റെ മറുപടി.''
അച്ചന്റെ തമാശകേട്ട്, പള്ളിയകത്ത് തടിച്ചുകൂടിയ സകലവിശ്വാസികളും പൊട്ടിച്ചിരിച്ചു. പെട്ടെന്നുണ്ടായ ഓളംവെട്ട് അടങ്ങാൻ കാത്തുനിൽക്കാതെ, പ്രസംഗം തിരിച്ചുപിടിച്ച് വല്യച്ചൻ പറഞ്ഞു: ''ചെയ്തുപോയ പാപത്തെക്കുറിച്ചോർത്ത് പശ്ചാത്തപിക്കണമെന്നും മേലിൽ പാപം ചെയ്യില്ലെന്നു ദൃഢപ്രതിജ്ഞയെടുക്കണമെന്നും ഞാനവനെ ഉപദേശിച്ചു. പ്രിയപ്പെട്ട ജനമേ, അപ്പോൾ അവൻ പറഞ്ഞ മറുപടി നിങ്ങൾക്കു നേരെ വീശുന്ന ചാട്ടവാറായിരുന്നു.''
ഇത്തവണ ആരും ചിരിച്ചില്ല! മരിച്ച വീടുപോലെ പള്ളിയകം നിശ്ശബ്ദമായ നേരത്ത് റോക്കിയച്ചൻ തന്റെ കുമ്പസാര രഹസ്യം ജോമോന്റെ ചെവിയിൽ വെളിപ്പെടുത്തി: ''എടാ ജോ, വല്യച്ചൻ പറഞ്ഞ ആ മഹാൻ ഞാനാടാ.''
''എനിക്കതപ്ലേ തോന്നി മോനേ...'' അതിശയോക്തികൂടാതെ ജോമോൻ പറഞ്ഞു: ''അയ്നാണല്ലേ വല്ല്യച്ചന് നിന്നെ മുട്ടുമ്മെ നിർത്തീത്?''
''ആന്ന്...അയാക്ക് പ്രാന്താടാ'', റോക്കിയച്ചൻ ആണയിട്ടു.
''അപ്പോ മ്മടെ കോകിലറാണീടെ കേസെന്ത്ട്ടാ?''
''ഒന്നും പറയണ്ടിവനെ'', ശബ്ദം താഴ്ത്തി, അപ്രത്തും ഇപ്രത്തും നിൽക്കുന്നവരെ നിരീക്ഷിച്ചുകൊണ്ട് റോക്കിയച്ചൻ ജോമോനോട് ഒരു ചോദ്യം ചോദിച്ചു: ''ഇന്നലെ നീ എല്ലാ പാപങ്ങളും വല്യച്ചനോട് പറഞ്ഞാർന്നോ?'' ഇല്ലെന്നും ഉവ്വെന്നും അർഥം വരുന്നവിധത്തിൽ ജോമോൻ രണ്ടുവട്ടം ചുമലനക്കി. കഴുത്തിൽ കിടന്നിരുന്ന വെന്തിങ്ങയിൽ തെരുപ്പിടിപ്പിച്ചുകൊണ്ട് റോക്കിയച്ചൻ തുടർന്നു: ''കൈപാപം ഉൾപ്പെടെ സകല പാപങ്ങളും ഞാനാ വെടക്കനച്ചനോടു ഏറ്റുപറഞ്ഞെടാ. അപ്പോ അയാള്‍ ചോയ്ക്കാണ് ആരെ ഓർത്താ നീ കൈപാപം ചെയ്തേന്ന്. കുടുങ്ങീന്നു പറഞ്ഞാപോരെ. കോകിലറാണീടെ പേരിനൊപ്പം വേറേം അഞ്ചെട്ടു പേരുകൾ ഞാനങ്ങോട്ട് നെരത്തി. അപ്പോ അയാള്‍ അതുമ്മെ പിടിച്ചുകേറി. ഞാൻ കെടന്ന് ഉരുളാൻ തുടങ്ങി. അയാള്‍ പിന്നേം കൊറെ കൊനിഷ്ട് ചോദ്യങ്ങൾ ചോദിച്ച് എന്റെ തൊലിയുരിച്ചു.''
കുർബാന സ്വീകരണത്തിന്റെ സമയത്ത് റോക്കിയച്ചൻ ജോമോന് ഒരു ഉപദേശം നൽകി: ''എടാ ജോ, നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങൾ അഞ്ചെണ്ണം എന്നല്ലെ നമ്മൾ പഠിച്ചത്. അനുഭവം ഗുരു പറയാണ്, നല്ല കുമ്പസാരത്തിനു വേണ്ടത് ഒരേയൊരു കാര്യാണ്. കുമ്പസാരക്കൂടിന്റെ മുന്നിൽ മുട്ടുമ്മെനിന്ന് പാപങ്ങൾ മുഴുവനും അക്കമിട്ട് പറയേണ്ട കാര്യൊന്നില്ലെടാ. ഏതേലും രണ്ടു കുഞ്ഞിപാപങ്ങൾ പറഞ്ഞിട്ട്, നൊണപറഞ്ഞിട്ടുണ്ട് അച്ചോന്ന് അവസാനം ഒരു കാച്ചങ്ങോട്ടു കാച്ചാനുള്ള ചങ്കൂറ്റം ഇണ്ടായാ മതി.''
അന്ന് റോക്കിയച്ചൻ പറഞ്ഞ ചങ്കൂറ്റം സിസിലിക്ക് ആവശ്യത്തിൽ കൂടുതൽ കിട്ടിയിട്ടുണ്ടല്ലോ എന്നോർത്തപ്പോൾ ജോമോന് ചിരി നിയന്ത്രിക്കാനായില്ല.
''ചിരിക്കാനുള്ള കാര്യാണോ ജോമോനെ ഞാൻ ഇത്രേം നേരം പറഞ്ഞോണ്ടിരുന്നത്?'' റോക്കിയച്ചന്റെ ചോദ്യംകേട്ട്, മനമങ്ങും മിഴിയിങ്ങും എന്ന അവസ്ഥയിൽനിന്നും ജോമോൻ വർത്തമാനത്തിലേക്ക് തിരിച്ചുവന്നു.
''അച്ചൻ ചുമ്മാ കാടുകേറാണ്'', സിസിലി മുഷിഞ്ഞു. അപ്പോൾ റോക്കിയച്ചന്റെ വിശുദ്ധമുഖം വാടുകയും സ്വരം കനക്കുകയും ചെയ്തു: ''കുടുംബപ്രാർഥനയില്ല, പള്ളീപ്പോക്കും ആണ്ടുകുമ്പസാരോം ഇല്ല. പോട്ടെ, ഇതൊക്കെ ക്ഷമിക്കാം. പക്ഷേ, ഡാര്‍വിനെ ഇതുവരെ മാമ്മോദീസ മുക്കാത്തത് സത്യക്രിസ്ത്യാനികൾക്ക് പറഞ്ഞിട്ടുള്ള കാര്യാണോ സിസിലി? ആണുങ്ങൾ പണ്ടേ കുത്തഴിഞ്ഞ പുസ്തകമാണ്. നിങ്ങൾ പെണ്ണുങ്ങൾ വേണ്ടേ ഇതൊക്കെ ശ്രദ്ധിക്കാൻ.''
റോക്കിയച്ചന്റെ നോട്ടം ചാട്ടുളിപോലെ സിസിലിയുടെ നേർക്ക് നീണ്ടു. അവൾക്കത് ഒട്ടും പിടിച്ചില്ല.
''അന്തസ്സായിട്ട് പണിയെടുത്താണച്ചോ ഞങ്ങൾ ജീവിക്കണത്. പിന്നേ, ആണുങ്ങൾക്ക് മാത്രല്ല പെണ്ണുങ്ങൾക്കും കുത്തഴിഞ്ഞ പുസ്തകം ആവാംട്ടോ. ആകാശം ഇടിഞ്ഞു വീഴാനൊന്നും പോണില്ല.'' അതുംപറഞ്ഞ് വീഡിയോകോളും കട്ട് ചെയ്ത് സിസിലി അടുക്കളയിലേക്ക് തിടുക്കപ്പെട്ടു.
ഈ സംഭവം നടന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കുര്യാച്ചന്റെ മരണനാടകം അരങ്ങേറുന്നത്. റോക്കിയച്ചനും അപ്പനും തമ്മിൽ എന്തോ പാലംവലി നടന്നിട്ടുണ്ടെന്ന് ജോമോൻ സംശയിച്ചു. സംഗതി സത്യമായിരുന്നു...
''ക്രിസ്ത്യാന്യോളെ തെരഞ്ഞുപിടിച്ച് കശാപ്പുചെയ്യണ നാടുകളിൽ പോയി സുവിശേഷം പ്രസംഗിച്ചിട്ടൊള്ള അച്ചന്മാരും കന്യാസ്ത്രീകളും ജീവിച്ചിരുന്ന, കുരിശിന്റെ വഴി തിരഞ്ഞെടുത്ത ഒര് കുടുമ്മാണ് മ്മ്ടെ. പഴമക്കാരുടെ കാര്യം വിട്ടേക്ക്. ഈ തലമുറേലില്ല്യേ ഒര് പുരോഹിതൻ. വേദോപദേശം പഠിപ്പിക്കാൻ നടന്ന സ്വന്തം അമ്മച്ച്യേ ഓർത്തെങ്കിലും നാട്ടാരെക്കൊണ്ട് പറയിപ്പിക്കാതെ ജീവിക്കാൻ നോക്ക് മോനെ.''
സൗദീക്ക് മടങ്ങിപ്പോണേന്റെ തലേദിവസം രാത്രി, സിസിലിയുടെ നിഴൽവെട്ടത്തല്ലാതെ ജോമോനേം ഡാര്വിനേം ഒറ്റക്ക് കൈയിൽ കിട്ടിയ സന്ദര്‍ഭം മുതലാക്കി കുര്യാച്ചൻ തന്റെ അവസാന അടവ് പുറത്തേക്കെടുത്തു.
''മോന് മലയാളം വായിക്കാനറിയോ?'' അവശത അഭിനയിച്ച്, കട്ടില്ക്രാസിയിലേക്ക് തലചായ്ക്കുന്നതിനിടയിൽ കുര്യാച്ചൻ ഡാര്‍വിനോടു ചോദിച്ചു.
''എവ്ടെ, പണ്ട് തപ്പി പെർക്കി എന്തെങ്കിലൊക്കെ വായിക്കാർന്നു. ഇപ്പോ അതും ഇല്ല്യ.'' ജോമോനാണ് മറുപടി പറഞ്ഞത്. സാരമില്ലെന്ന ഭാവത്തിൽ കുര്യാച്ചൻ ഡാര്‍വിനെ നോക്കി ചിരിച്ചു; വാത്സല്യത്തോടെ അരികിലേക്ക് വിളിച്ചു.
അവൻ മടിയൊന്നും കൂടാതെ അപ്പാപ്പന്റെ അരികിൽ ചെന്നിരുന്നു. തലയ്ക്കാംഭാഗത്ത് െവച്ചിട്ടുള്ള വിശുദ്ധഗ്രന്ഥമെടുത്ത് കുര്യാച്ചൻ ജോമോന്റെ കൈകളിലേക്ക് വെച്ചുകൊടുത്തിട്ട് ഉത്പത്തിപ്പുസ്തകം വായിക്കാന്‍ പറഞ്ഞു.
''ഇത് കൊറേയിണ്ടല്ലോ'', ജോമോന് മടിച്ചു.
''അങ്ങോട്ട് വായിക്കെടാ'', കുര്യാച്ചൻ കല്പ്പിച്ചു.
അപ്പനെ അനുസരിച്ചുകൊണ്ട് ജോമോൻ ഇപ്രകാരം വായിച്ചു:
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്തു: ''വെളിച്ചം ഉണ്ടാകട്ടെ.'' വെളിച്ചം ഉണ്ടായി.
വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - ഒന്നാംദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ''ജലമധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ.'' ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍ നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു. വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - രണ്ടാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ''ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചു കൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ.'' അങ്ങനെ സംഭവിച്ചു. കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. സന്ധ്യയായി, പ്രഭാതമായി -മൂന്നാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ''രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില് പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ. ഭൂമിയില്‍ പ്രകാശം ചൊരിയാന്‍ വേണ്ടി അവ ആകാശവിതാനത്തില് ദീപങ്ങളായി നില്ക്കട്ടെ.'' അങ്ങനെ സംഭവിച്ചു. ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്. നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു. ഭൂമിയില്‍ പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില് സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി -നാലാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ''വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കു മീതേ ആകാശവിതാനത്തില് പറക്കട്ടെ.'' അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു. സന്ധ്യയായി, പ്രഭാതമായി -അഞ്ചാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ''ഭൂമി എല്ലാത്തരം ജീവജാലങ്ങളെയും -കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ -പുറപ്പെടുവിക്കട്ടെ.'' അങ്ങനെ സംഭവിച്ചു.
ദൈവം വീണ്ടും അരുളിച്ചെയ്തു: ''നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.'' അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: ''സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.
സന്ധ്യയായി, പ്രഭാതമായി -ആറാം ദിവസം. അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണമായി. ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു...
ജോമോന് ബൈബിൾ ഈണത്തിൽ വായിച്ചുനിര്‍ത്തിയപ്പോള്‍ ''നമ്മുടെ കര്‍ത്താവായ ഈശോമിശ്യായ്ക്ക് സ്തുതി'' എന്നു പ്രതിവചിച്ചുകൊണ്ട് കുര്യാച്ചന് പിതാവിനും പുത്രനും വരച്ചു.
''ജോമോനേ നീ ഇതൊക്കെ വിശ്വസിക്കുന്നില്ലേ?'' കുര്യാച്ചൻ ചോദിച്ചു.
''ഒരിക്കെ വിശ്വസിച്ചിരുന്നു അപ്പാ.'' ആലോചനകൂടാതെ ജോമോന് മറുപടി പറഞ്ഞു. കുറച്ചുനേരം നിശ്ശബ്ദനായി ഇരുന്നതിനുശേഷം കുര്യാച്ചൻ ഡാര്‍വിനോടു ചോദിച്ചു: ''കുഞ്ഞേ നീയിതൊക്കെ വിശ്വസിക്കുന്നോടാ?''
ബൈബിളിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത അവൻ അപ്പാപ്പന്റെ ചോദ്യംകേട്ട് വാപൊളിച്ചുനിന്നു.
''അവന് അതൊന്നും വിശ്വസിക്കാന്‍ പോണില്ലപ്പാ. അവന്റെ വഴി കുരിശിന്റെ വഴിയല്ല. അവന് ശാസ്ത്രജ്ഞന് ആവണന്നാണ് ആഗ്രഹം. അതല്ലേ ഞങ്ങള്‍...''
പറഞ്ഞുവന്നത് മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ കുര്യാച്ചന് ജോമോനുനേരെ കൈയുയര്‍ത്തി കാണിച്ചു.
''മോനിന്ന് അപ്പാപ്പന്റൊപ്പം ഈ മുറീല് കെടക്ക്ട്ടാ. അട്ത്ത വരവിന് അപ്പാപ്പൻ ബാക്കിണ്ടാവോന്ന് ആർക്കറിയാം'', ഇടറുന്ന സ്വരത്തിൽ കുര്യാച്ചന് അപേക്ഷിച്ചു.
''കെടന്നോടാ'', മകന് ധൈര്യം പകര്‍ന്നുകൊണ്ട് ജോമോന് ഓർമിപ്പിച്ചു: ''പിടിവിട്ട് ഒറങ്ങ്യേക്കല്ലേട്ടാ, വെളുപ്പിന് പോവാനൊള്ളതാണ്.''
അപ്പന് ചെവി തിന്നാൻ നിന്നുകൊടുത്തത് പോരാഞ്ഞ് ചെറുക്കനെ അവിടെ ഒറ്റക്ക് ആക്കിപ്പോന്നതിന് സിസിലിയുടെ വായേലിരിക്കണതുമുഴുവൻ ജോമോൻ കേട്ടു.
പന്നിയിറച്ചി ഉണക്കിയത് പൊതിഞ്ഞുകെട്ടി പെട്ടിയുടെ ഉള്ളിലേക്ക് പൂത്തുമ്പോള്, താൻ എന്തൊരു ബുദ്ധിമോശമാണ് കാണിച്ചതെന്നോർത്ത് ജോമോന്റെ മനസ്സുപിടഞ്ഞു. അവന് ധൃതിപിടിച്ച് വാതിലിന്റെ ഓടാമ്പല്‍ നീക്കി. പക്ഷേ, പുറത്തുനിന്നും കുറ്റിയിട്ടു പൂട്ടിയ വാതിൽ ബലംപിടിച്ചുനിന്നു.
ജോമോനും സിസിലിയുംകൂടി ആഞ്ഞുപിടിച്ചെങ്കിലും, ഇരുമുള്ളുകൊണ്ടുണ്ടാക്കിയ വാതില്‍ പാളികൾക്ക് ഒരനക്കോം സംഭവിച്ചില്ല.
''അതേ, ഒച്ചയിട്ട് ആളെ കൂട്ടാൻ നിക്കണ്ടട്ടാ. സമയാവ്മ്പോ വാതില്‍ താനേ തൊറന്നോളും.'' അപ്പന്റെ ശബ്ദംകേട്ട ഭാഗത്തെ ജനാലയുടെ അരികിലേക്ക് ജോമോനും സിസിലിയും കുതിച്ചു.
''അപ്പൻ ചുമ്മാ പ്രാന്തെടുക്കാൻ നിക്കാണ്ട് വാതില്‍ തൊറന്നേ. ഇല്ലേ ഞാനിപ്പോ പോലീസിനെ വിളിക്കുംട്ടാ.'' ജനലഴികൾക്കിടയിലൂടെ പുറത്തേക്ക് കൈയിട്ട് ജോമോൻ കുര്യാച്ചനെ വെല്ലുവിളിച്ചു.
''മിണ്ടാണ്ട് ഒര് സലത്ത് കുത്തിര്‍ന്നാ വെളിച്ചം വീഴുമ്പോ സൗദീക്ക് പൂവ്വാം. ഇല്ലേ ഒര് കാലിന്റെടേയ്ക്കും പൂവില്ല. കാട്ടുപന്നീനെ വെട്ടിവരട്ടി പാര്സലാക്കിയ കേസിന് രണ്ടിനേം ഫോറസ്റ്റാര് പിടിച്ചോണ്ടു പൂവ്വും. അത്ര തന്നെ.''
കുര്യാച്ചന്റെ ഭീഷണികേട്ട് സിസിലി വായപൊത്തിപ്പിടിച്ച് കരഞ്ഞു. അപ്പന്റെ മനസ്സുപോലെത്തന്നെ ഒരായിരം രഹസ്യ അറകളുള്ള, അതിപുരാതനമായ തന്റെ ഭവനത്തില്‍ നിന്നും രക്ഷപ്പെടുന്നത് അത്ര എളുപ്പമല്ലെന്ന് അറിയാവുന്ന ജോമോനും തളർന്നൊടിഞ്ഞു.
''പപ്പേം മമ്മീം ഉറങ്ങി കാണോ? അവരേം കൂടി വിളിക്കാർന്നല്ലേ അപ്പാപ്പാ.'' കുര്യാച്ചന്റെയൊപ്പം കിഴക്കേച്ചെരുവിലെ തോട്ടിൻകരയിലേക്ക് നടക്കുമ്പോൾ ഡാര്വിന് പറഞ്ഞു.
''അവരിപ്പോ പത്തൊറക്കം കഴിഞ്ഞിട്ട്ണ്ടാകും.'' നിലാവെട്ടം പരന്നൊഴുകുന്ന തോട്ടിലേക്ക് ഇറങ്ങിനിന്ന് കുര്യാച്ചൻ പറഞ്ഞു: ''മോനിങ്ങോട്ട് എറങ്ങി വായോ. ഒരുകണക്കിന് അവരില്ലാത്തതാണ് നല്ലത്.''
ഡാര്വിന് ആദ്യം ഒന്നു മടിച്ചെങ്കിലും, അപ്പാപ്പൻ തന്നെവെച്ചു ചെയ്യാൻ പോകുന്ന പരീക്ഷണം എന്താണെന്നു അറിയാനുള്ള ഉത്സാഹത്തിൽ അവൻ ഒതുക്കുകല്ലുകൾക്കിടയിലൂടെ തോട്ടിലേക്ക് ഊർന്നു.
''മോന് യോഹന്നാനെ അറിയോ?'' കുര്യാച്ചൻ ചോദിച്ചു. അരയ്ക്കൊപ്പം വെള്ളത്തിൽ മുഖാമുഖം നിൽക്കുകയായിരുന്നു അവരപ്പോൾ.
''അതാരാ അപ്പാപ്പാ?'' അടിയൊഴുക്കിനെ കാൽവരുതിയിലാക്കാന് പണിപ്പെട്ടുകൊണ്ട് ഡാര്വിന് ചോദിച്ചു. കുര്യാച്ചന്റെ മുഖത്തേക്ക് നിലാവിന്റെ ഒരു ചെറുതരി പാറിവീണു. അപ്പാപ്പന്റെ കൊമ്പൻമീശയിൽ നനവുതൂങ്ങുന്നതുകണ്ട് ഡാര്‍വിന്റെ മുഖത്ത് പുഞ്ചിരി പൂത്തു.
''ഞാൻ തന്നെ'', കുര്യാച്ചന്റെ കൈകൾ ഡാര്‍വിന്റെ ചുമലിൽ അമർന്നു. ഞാൻ തന്നെ നിന്റെ യോഹന്നാൻ എന്നുപറഞ്ഞുകൊണ്ട് കുര്യാച്ചൻ ഡാര്‍വിനെ മൂന്നുവട്ടം വെള്ളത്തില്‍ മുക്കി പൊക്കി. അപ്പോള്‍, വി. റാപ്പേൽ മാലാഖയുടെ നാമധേയത്തിലുള്ള ഇടവകപ്പള്ളിയിലെ മണിമാളികയില്നിന്നും പ്രഭാതമണികള് മുഴങ്ങി കേള്‍ക്കുകയും തോട്ടിന്കരയിലെ ആഞ്ഞിലിയില്‍ തമ്പടിച്ചിരുന്ന ഒരുപറ്റം കിളികള്‍ കൂട്ടത്തോടെ പറന്നുപോവുകയും ചെയ്തു.
''അൽപുതം! മഹാ അൽപുതം!'' ആകാശച്ചരുവില്‍ പ്രത്യക്ഷപ്പെട്ട ദിവ്യപ്രകാശത്തിലേക്ക് കരങ്ങള്‍ ഉയര്‍ത്തി കുര്യാച്ചന് കുരിശുവരച്ചു: ''അങ്ങോട്ട് നോക്ക് മോനെ, പരിശുത്താൽമാവും എടവക മധ്യസ്ത്യായ റാപ്പേൽ മാലാകേം ഒന്നിച്ചെഴുന്നള്ളി വരണ വരവ് കണ്ടാ...''
ശ്വാസംകിട്ടാതെ കുനിഞ്ഞുനിന്ന് കിതച്ചുകൊണ്ടിരുന്ന ഡാര്വിന് തലയൽപ്പമുയർത്തി ആകാശത്തിലേക്ക് നോക്കി. അവന്റെ വായിലൂടേയും മൂക്കിലൂടേയും വെള്ളം കുതിച്ചു.
''അപ്പാപ്പ അത് പരിശുദ്ധാത്മാവും റാപ്പേൽ മാലാഖയൊന്നുമല്ല; അതൊരു സ്പേസ് ഷിപ്പാണ്.'' മേഘങ്ങൾക്കിടയിൽ തെളിഞ്ഞുവരുന്ന ആകാശപ്പാതയിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കിക്കൊണ്ട് ഡാര്വിന് ഉറപ്പിച്ചു പറഞ്ഞു: ''അതൊരു റോക്കറ്റാണപ്പാപ്പാ!''
പരിശുദ്ധാത്മാവിനെ സ്തുതിക്കാൻ ഉയർത്തിയ കരങ്ങൾ താഴേക്കു പതിക്കുമ്പോൾ, ഒരു കുഞ്ഞിനെപ്പോലെ കുര്യാച്ചൻ വിതുമ്പിക്കരഞ്ഞു...അടിയൊഴുക്കില്‍ പതറിപ്പോയ അപ്പാപ്പനെ തോട്ടില്‍ വീഴാതെ താങ്ങിനിര്ത്തുമ്പോഴും ഡാര്‍വിന്റെ കണ്ണുകള്‍ ആകാശത്തുതന്നെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.