ഒരു ഗോസ്റ്റുറൈറ്ററുടെ ജീവിതപ്പാതകൾ -കഥ

കള്ളൻ പവിത്രനു (ശരിപ്പേരല്ല. മാറ്റിയതാണ്.) വേണ്ടി ആത്മകഥ എഴുതിക്കൊണ്ടിരുന്ന കാലത്ത് ഒരതിശയകരമായ സംഭവമുണ്ടായി. നിരവധി സിറ്റിങ്ങുകളിലൂടെ അയാളുടെ ജീവിതകഥയുടെ രൂപരേഖ തയാറാക്കിയതിൽ പവിത്രൻ ഒരു ടെറസിൽനിന്നും മറ്റൊന്നിലേക്ക് ചാടുന്ന ഒരു സാഹസികരംഗമുണ്ടായിരുന്നു. പണിക്കിടയിൽ അങ്ങനെ കാലുതെറ്റി താഴെവീണ് അയാളുടെ കൈയൊടിയുന്നുണ്ട്. പതിമൂന്നാം അധ്യായത്തിൽ അതെഴുതാൻ ഒരു മടി തോന്നി. അറംപറ്റുമോയെന്ന പേടി. ആ പതിമൂന്നാം അധ്യായം തൽക്കാലത്തേക്ക് മാറ്റിവെച്ചു. അന്നു വൈകുന്നേരത്ത് ലോഡ്ജിൽനിന്നും കഞ്ഞികുടിക്കാനിറങ്ങുന്ന നേരത്ത് ഒരു ആട്ടോ വന്നിടിച്ച് എന്റെ ഇടതുകൈയൊടിഞ്ഞു. ആ വർക്കവിടെ...

ള്ളൻ പവിത്രനു (ശരിപ്പേരല്ല. മാറ്റിയതാണ്.) വേണ്ടി ആത്മകഥ എഴുതിക്കൊണ്ടിരുന്ന കാലത്ത് ഒരതിശയകരമായ സംഭവമുണ്ടായി.

നിരവധി സിറ്റിങ്ങുകളിലൂടെ അയാളുടെ ജീവിതകഥയുടെ രൂപരേഖ തയാറാക്കിയതിൽ പവിത്രൻ ഒരു ടെറസിൽനിന്നും മറ്റൊന്നിലേക്ക് ചാടുന്ന ഒരു സാഹസികരംഗമുണ്ടായിരുന്നു. പണിക്കിടയിൽ അങ്ങനെ കാലുതെറ്റി താഴെവീണ് അയാളുടെ കൈയൊടിയുന്നുണ്ട്. പതിമൂന്നാം അധ്യായത്തിൽ അതെഴുതാൻ ഒരു മടി തോന്നി. അറംപറ്റുമോയെന്ന പേടി. ആ പതിമൂന്നാം അധ്യായം തൽക്കാലത്തേക്ക് മാറ്റിവെച്ചു. അന്നു വൈകുന്നേരത്ത് ലോഡ്ജിൽനിന്നും കഞ്ഞികുടിക്കാനിറങ്ങുന്ന നേരത്ത് ഒരു ആട്ടോ വന്നിടിച്ച് എന്റെ ഇടതുകൈയൊടിഞ്ഞു.

ആ വർക്കവിടെ നിൽക്കട്ടെ! കള്ളന്മാരുടെ കാര്യമല്ലേ! തരാമെന്നു പറഞ്ഞ സംഖ്യ പവിത്രൻ മുഴുവനാക്കിയതുമില്ല. വലതു കൈക്കു കുഴപ്പമില്ലല്ലോ. പ്ലാസ്റ്ററും സ്ലിംഗുമായി പിറ്റേന്ന് വെളുപ്പിനു റിട്ട. ഡി.ഐ.ജി സാറിനെ കാണാൻ പൂജപ്പുരയിലെ ബംഗ്ലാവിൽ പോയി. ഏഴു മുതൽ ഒമ്പതുവരെയാണ് സാധാരണയായി ഞങ്ങൾ ഒരുമിച്ചിരിക്കുന്നത്. 'റോ'യിൽവരെ പ്രവർത്തിച്ച് അതിവിപുലമായ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ സർവീസ്​ സ്റ്റോറിയുടെ ഡ്രാഫ്റ്റ് ആയിട്ടില്ല. പബ്ലിഷിങ് ഒക്കെ മൂപ്പർ നേരിട്ടാണ്. മാതൃഭൂമിയുമായി എഗ്രിമെന്റുണ്ടായിരുന്നു. അതൊന്നും ടിയാൻ വെളിപ്പെടുത്തുന്ന കൂട്ടത്തിലല്ല. മുഴുവൻ പണവും ചെക്കായി ആദ്യദിവസംതന്നെ തരികയും ചെയ്തിരുന്നു. അതിനാൽ ഞാൻ അത്യുത്സാഹത്തിലുമായിരുന്നു. അതിനു വേറെയും കാരണങ്ങളുണ്ടായിരുന്നു.

എട്ടുകെട്ടിലെ സുഖശീതളമായ ബാല്യ, കൗമാരങ്ങൾ, ഹാഷ്ബൂഷ് കോളേജ്കാലം, ആദ്യ എഴുത്തിൽ കൈവന്ന ഐ.പി.എസ് സൗഭാഗ്യം. മസൂറിയിലെ െട്രയിനിങ് കിസ്സകൾ. താലിയണീക്കലിലെത്താതെ പോയ പഞ്ചാബി പ്രണയം, കേരളാ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടിൽ തുടങ്ങി ഉത്തര കേരളത്തിലെ റീജിയണൽ ഐ.ജി വരെയുള്ള രസകരവും ഉദ്വേഗജനകവുമായ അനുഭവങ്ങൾ. ആ വർക്കെനിക്ക് യൂണിവേഴ്സിറ്റി കോളേജിലെ ഒരധ്യാപകൻ വഴി കിട്ടിയതാണ്. മൂപ്പരെ രണ്ടുതവണ പാളയത്തെ മുക്കാടൻസ്​ ബാറിൽ കൊണ്ടുപോയി ഞാൻ പരോപകാരമനസ്​കനായി. രണ്ടാമത്തെ തവണയിലെ ബില്ല് അദ്ദേഹംതന്നെ കൊടുത്ത് എന്റെ അപരരചനോദ്യമത്തിന് എല്ലാവിധ അനുഗ്രഹങ്ങളും നേർന്നു.

ഡി.ഐ.ജി സാറുമായി ഏഴു സിറ്റിങ്ങുകൾ നടത്തി. നോട്ട്സ്​ അപ്പപ്പോൾ എടുത്തുകൊണ്ടിരുന്നു. അദ്ദേഹത്തിനോട് ഒന്നും ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നില്ല. മനസ്സിൽ കുമിഞ്ഞതെല്ലാം വെളിപ്പെട്ടുകഴിഞ്ഞതിനു ശേഷം ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതുന്നതിനുമുമ്പ് കുമ്പസാര നോട്ട്സ്​ നോക്കി പൂരിപ്പിക്കാനുള്ളതിനെക്കുറിച്ച് വ്യക്തത വരുത്തുന്നതാണ് എന്റെ രീതി.

അന്നത്തെ രാത്രിയിൽ ഞാനുറങ്ങിയില്ലയെന്നു പറഞ്ഞാൽ മതി. ഒന്നാമത് കൈയിലെ ചുളുചുളുക്കുന്ന വേദന. പിന്നെ മുടിഞ്ഞ ആകാംക്ഷയും. ആ ബോഡിയന്ന് കക്കയം ഡാമിൽ താഴ്ത്തിയോ? അതോ പഞ്ചസാരചേർത്ത് കരിച്ചുവോ? പറഞ്ഞില്ലെങ്കിൽ ഞാനങ്ങ് കയറി ചോദിക്കും. ഇനി വയ്യ! എത്രകാലമായി കാത്തിരിക്കുന്നു. ഇന്നതു ക്ലിയറാക്കണം. റോയിലെ അടക്കം സാറിന്റെ മുഴുവൻ സർവീസും ആ രഹസ്യത്തിനു മുമ്പിൽ ഒന്നുമല്ല. അതാണാ ജീവിതകഥയുടെ ആരൂഢം. കേരളം മുഴുവനും കാലങ്ങളായി കാതോർത്തിരിക്കുന്ന രഹസ്യം. ഞാൻ സിറ്റീബസ് പിടിച്ചു.

പക്ഷേ! അതു പൊതിയാത്തേങ്ങയായി തുടർന്നു. രഹസ്യത്തെ അങ്ങനെ നിർത്തി അദ്ദേഹം കടന്നുപോയി. അന്ന് ഗുരുവായൂർ സ്വർഗവാതിൽ ഏകാദശിയുമായിരുന്നു. കിരാതനാണെങ്കിലെന്താ? സുഖമരണം. ഓടിക്കൂടിയ പത്രക്കാർ അടക്കം പറയുന്നത് ഞാനും കേട്ടു. ടി.വിയിൽ തലവരാതിരിക്കാൻ ശ്രദ്ധിച്ച് ഐ.ജി സാറിനെ അവസാനമായി ഒന്നുകണ്ടു ഞാൻ പതുക്കെ സീനിൽനിന്നും മുങ്ങി. ബാറു തുറന്നയുടൻ പാളയത്ത് മുക്കോടൻസിൽ ചെന്നു വീണു.

തലക്കാണ് അടി. വല്ലാത്ത നിരാശയായിപ്പോയി. ചാരായം നിരോധിച്ചപ്പോൾപോലും ഇത്ര വിരക്തി വന്നിട്ടില്ല. ഞാൻ മെഡിസിനു തിരുവനന്തപുരത്ത് ചേർന്ന വർഷത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച ആ കസ്റ്റഡിമരണവാർത്ത വന്നത്. തുടർന്നു കോലാഹലങ്ങളുടെ തലസ്​ഥാനമായി നഗരം മാറി. ഡി.ഐ.ജി സാർ പണം തന്നില്ലെങ്കിലും ഞാനത് എഴുതുമായിരുന്നു. മലയാള ആത്മകഥാ സാഹിത്യത്തിനുണ്ടായ വലിയ നഷ്​ടമായിരുന്ന​ു അത്. ഒരു സിറ്റിങ് കൂടി കിട്ടിയിരുന്നെങ്കിൽ ആ രഹസ്യം കൈയിലാകുമായിരുന്നു. മരണത്തിന് യാതൊരു രംഗബോധവുമില്ല. സംശയമില്ല. കോമാളിതന്നെയാണ്.

മൂന്നാലു ദിവസങ്ങളിൽ ഉറക്കംകെട്ടു. വേണമെങ്കിൽ അതങ്ങ് തീർക്കാമായിരുന്നു. എന്തു കുഴപ്പം വന്നാലും കർട്ടനു പിന്നിലെ കളിക്കാരനൊന്നും സംഭവിക്കാനില്ലല്ലോ! അപരരചന പൂർത്തിയാക്കാനോ അദ്ദേഹത്തിന്റെ ബന്ധുക്കളെ ഏൽപ്പിക്കാനോ തോന്നിയതേയില്ല. കാലം വല്ലാത്തൊരു കളി നടത്തിയതല്ലേ! ഒരു നിതാന്ത രഹസ്യമായി തുടരാനാവും ആ സംഭവത്തിന്റെ വിധി! വായിൽ തോന്നിയത് എഴുതുന്നത് ചരിത്രത്തോട് ഞാൻ ചെയ്യുന്ന വഞ്ചനയാവും. സാറിന്റെ കൈയിൽനിന്നും ദ്രവ്യമൊന്നും കിട്ടിയില്ലെങ്കിലും കക്കയം രഹസ്യം വെളിപ്പെട്ടിരുന്നെങ്കിൽ ഞാനത് ചെയ്യുമായിരുന്നു. ആ വിദ്യാർഥിയുടെ കസ്റ്റഡിയിൽ വെച്ചുള്ള തിരോധാനം എന്റെ യൗവനത്തെ അത്രക്ക് സ്വാധീനിച്ചതാണ്.

ഞാനെഴുതിക്കൊടുത്ത പതിനഞ്ച് ആത്മകഥകളാണ് മലയാളത്തിലെ വിവിധ പബ്ലിഷേഴ്സു വഴി പുറത്തുവന്നത്. അവയൊന്നിലും എന്നെക്കുറിച്ചൊരു സൂചനപോലുമില്ല. അക്കാദമി അവാർഡ് പിടിച്ചെടുത്ത ആ മഹാൻപോലും ഒരു നന്ദിപ്രകടനത്തിലും എന്നെയൊരു മോട്ടിവേറ്ററെന്ന നിലയിൽപോലും ഒന്നു പരാമർശിച്ചില്ല. എല്ലാ ജാതിക്കാരായ എഴുത്തുകാരും തനിയനും അപരനുമൊക്കെ നന്ദികെട്ടവരാണ്.

ഞങ്ങളുടെ നാട്ടുകാരൻ കൊങ്ങയിൽ ശ്രീധരന്റെ (ആ പേരും ഞാൻ മാറ്റി) ആത്മകഥ എഴുതിക്കൊണ്ടാണ് ഒരു ഗോസ്റ്റുറൈറ്ററുടെ ജീവിതം ഞാനാരംഭിച്ചത്. ആ വർക്കിനായി എന്നുമെന്നും ഞാൻ കൊങ്ങയിൽ തറവാട്ടുമുറ്റത്ത് ചെല്ലുമായിരുന്നു. ആദ്യമൊക്കെ അദ്ദേഹമെന്ന ആട്ടിവിട്ടു. നടാടെയാണ് ഞങ്ങളുടെ നാട്ടിൽനിന്നൊരു കുട്ടിക്ക് മെഡിസിനു കിട്ടിയത്. സൗഭാഗ്യം കളഞ്ഞുകുളിച്ച് തെണ്ടാനിറങ്ങിയതിന്റെ ദേഷ്യം തീർത്തതാണ്. പറയാതെ പറഞ്ഞ് അതെന്നെ ശ്രീധരൻമാമൻ മനസ്സിലാക്കിച്ചു. (എന്റേതായ എല്ലാ രചനകളിലും ആ പറയാതെ പറഞ്ഞുള്ള ടെക്നിക് ഞാൻ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. മലയാള ആത്മകഥാ സാഹിത്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്ന ടോപ്പിക്കുമായി ഗവേഷണത്തിന് ആരെങ്കിലും വരാതിരിക്കില്ല. അന്നേരത്ത് ഭാഷ, വിഷയാവതരണ സങ്കേത പ്രത്യേകതകൾ അത്തരം സൂക്ഷ്മതകളിൽനിന്നും ഈ പതിനഞ്ചു രചനകളുടെയും തനിക്കർത്താവ് ഞാനാണെന്നു ലോകമറിയും. ഗോസ്റ്റുരചനയുടെ കള്ളി വെളിച്ചത്താക്കാൻ അങ്ങനെ ​െവച്ച ആണികളാണീ പറയാതെ പറയൽ ടെക്നിക്. തല പുണ്ണാക്കണ്ട. ഒന്നുകൂടിയത് വ്യക്തമാക്കുന്നതാണ്.)

കാര്യത്തിലേക്കു കടക്കാം. ഞാൻ വിടാതെ കൊങ്ങയിൽ തറവാട്ടു പടി ചവിട്ടിക്കയറിക്കൊണ്ടിരുന്നു. പിന്നെപ്പിന്നെ ചായ, ഊണുനേരത്ത് ചോറ്... അല്ലാതെ 'ത്യാഗജീവിതം' (ആ പേരിന് മൂപ്പര് നിർബന്ധം പിടിച്ചുകളഞ്ഞു.) ഇറങ്ങിയിട്ടും നയാ​െപ്പെ കായിയായി കിട്ടിയില്ല. അക്കാദമി അവാർഡിന്റെ പേരിൽ പ്രമാണിമാർക്കൊപ്പം സദ്യ തന്നു.

ഞാനുമൊരു ത്യാഗിയാണ്, സ്വാതന്ത്ര്യപ്പോരാളികളോട് അനന്തരതലമുറ ഇങ്ങനെയൊക്കെയാണ് കടപ്പാട് രേഖപ്പെടുത്തേണ്ടത്. അങ്ങനൊരു ചിന്ത വന്നുമൂടി. അതൊതുങ്ങിയത് ഈ വർത്തമാനം എങ്ങനെയോ ലീക്കായി എന്നെ വിളിപ്പിച്ച അബ്കാരി സഹദേവൻകണ്ടറാക്കിന്റെ ആത്മകഥ തയാറാക്കിയതോടെയാണ്. കേസുണ്ട് ഫീസില്ല എന്ന രീതിയിലുള്ള തുടക്കവക്കീലിന്റെ അവസ്​ഥയിലായിരുന്നു ഞാനന്ന്. എനിക്കയാൾ പറഞ്ഞ സംഖ്യ തന്നില്ല. അന്നു കണ്ടറാക്കിന്റെ ബാറിലും ഗോഡൗണിലുമിരുന്നു കുറെ കുടിച്ചു കരളുവാട്ടിയതു മിച്ചമായി. ആ പുസ്​തകം പുറത്തിറങ്ങിയില്ല. പൊട്ടനെ ചതിച്ച അയാളെ പബ്ലിഷറും പറ്റിച്ചു. ഞാനങ്ങനെ സമാധാനിച്ചു.

അധ്യാപകർ, ഐ.എ.എസ്​ ഉൾപ്പെടെ ഒരുമാതിരി മണാകുണാ സർക്കാർ ജീവനക്കാർ, ജീവിതം കോഞ്ഞാട്ടയായിപ്പോയ രാഷ്ട്രീയക്കാർ പണമെത്ര വാരിയെറിഞ്ഞാലും അവരെയൊന്നും ഞാനടുപ്പിക്കാറില്ല. ഒരു പഞ്ചുമില്ലാത്ത ജീവിതപ്പാതകൾക്ക് ഇക്കാലത്ത് ഒരു മാർക്കറ്റുമില്ല. ബുക്സ്റ്റാളിൽ പല്ലിളിച്ചിരിക്കുമെന്നു മാത്രം. എന്റെ പ്രിൻസിപ്പൽ ഡോ. ശങ്കരൻനായർ എഫ്.ആർ.സിയെസിനോട് അറിഞ്ഞുകൊണ്ടാണ് ഞാൻ ഗുരുത്വദോഷം കാണിച്ചത്.

പതിനാറാം വയസ്സിൽ ഏതെങ്കിലും പെണ്ണുമായി ഒളിച്ചോടിയ ചരിത്രം സാറിനുണ്ടോ? ഇേന്റണൽ മാർക്കു ചൊരിഞ്ഞ് സ്വന്തം വിദ്യാർഥിനികളെ ഗർഭിണികളാക്കിയിട്ടുണ്ടോ? നിസ്സഹായകളിലാരെങ്കിലും ലാബിന്റെ മൂലയിൽ സയനൈഡ് കുടിച്ച്..? സാന്മാർഗിക ജീവിതം പറയുന്ന ജീവിതകഥകൾക്ക് ഇന്നൊരു മാർക്കറ്റുമില്ല. രണ്ടായിരത്തിയഞ്ചിൽ ഒരു സെക്സ്​ വർക്കറുടെ ഓർമകൾ എഴുതിയതോടെയാണ് മലയാള ആത്മകഥാ സാഹിത്യത്തിന് ഒരുണർവുണ്ടായത്. കന്യാസ്​ത്രീകൾക്കും അച്ചന്മാർക്കും... ആ വിളി എനിക്കിതുവരെയും കിട്ടിയിട്ടില്ല. ഈ ഫീൽഡിൽ ഞാൻ മാത്രമല്ല പണിയെടുക്കുന്നത്. എനിക്ക് പ്രതിയോഗികളുണ്ട്. പരസ്​പരം അറിയില്ലെന്നു മാത്രം.

ഒരു സ്വാമിയുടെ കേസ്​ പെന്റിങ്ങിലുണ്ട്. മുറ്റൻ സംഗതിയാണ്. പക്ഷേ, സിറ്റിങ് നാലഞ്ച് കഴിഞ്ഞിട്ടും അയാൾക്കെന്നെ അത്രക്ക് വിശ്വാസമായിട്ടില്ല. രാഷ്ട്രീയമില്ലാത്തവൻ എഴുത്തുകാരനും മലയാളിയുമല്ല. നമ്മളതൊരിക്കലും വർക്കിൽ കാണിക്കില്ല. സാമിക്ക് അതിനിയും മനസ്സിലായിട്ടില്ല.

ഒരിക്കൽ ഇഷ്​ടം മൂത്ത് അഴീക്കോടു മാഷിന്റെ ആത്മകഥ ഞാനങ്ങ് ലോഡ്ജിലെ ഇരുട്ടിലിരുന്ന് ചെയ്തുതുടങ്ങി. അതൊരു വല്ലാത്ത ചലഞ്ചായിരുന്നു. എനിക്ക് ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹമുണ്ട്. അതിമനോഹനീയമായ ഒരു ഗസ്റ്റ് ഹൗസിലിരുന്ന് (വിഴിഞ്ഞം കടലോരത്തെ കുന്നിൻ ചെരിവിൽ മന്ത്രിമാർ ബജറ്റെഴുതാൻ പോകുന്ന ആ കുഞ്ഞുവീടുമാതിരിയുള്ള) വിവാഹക്കുരുക്കിൽ ചാടാതെ, ജീവിതം പ്രണയത്തിനു മാത്രം തീറെഴുതിയ ആ കവയിത്രിയുടെ ജീവിതകഥയുടെ ഫൈനൽ എഴുതണമെന്നുള്ളത്. അതുപോട്ടെ! മോഹങ്ങൾ! മോഹഭംഗങ്ങൾ!

തന്റെ ആത്മകഥ രഹസ്യമായി ഒരു വേന്ദ്രനിരുന്നെഴുതുന്നു. അതിലെ ധാർമികത! ഈ ആത്മകഥാവിഷയം മാഷറിഞ്ഞാൽ! സാഗരഗർജനമുൾപ്പെടെ എല്ലാതരത്തിലുള്ള ഒച്ചകളെയും എനിക്ക് പേടിയുമുണ്ടായിരുന്നു. അതിലേറെ പണിയൊന്നുമുണ്ടായിരുന്നില്ല. നോക്കൂ. ഒരു പ്രയാസമുണ്ടായില്ല. മാഷിന്റെ ജീവിതം ഒരു തുറന്ന പുസ്​തകമായിരുന്നല്ലോ.

പതിനെട്ടാമത്തെ അധ്യായം മനസ്സിലെഴുതി ലോഡ്ജിന്റെ കിഴക്കേ കോണിൽ ചെന്ന് അന്നത്തെ നരച്ച പ്രഭാതം നോക്കിനിന്നത് ഇന്നും മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു. അന്നേരത്തു തന്നെ അടുത്ത മുറിയിൽ വരുന്ന ആഴ്ചപ്പതിപ്പിലെ ആ പരസ്യം കണ്ടു ഞെട്ടിപ്പോയി. കുറച്ചു കാലത്തേക്ക് തുടർന്നു ഞാൻ ആഴ്ചപ്പതിപ്പ് വാങ്ങാൻ തുടങ്ങി. മാഷ് അതിലെഴുതിക്കൊണ്ടിരുന്നതും ഞാൻ മനസ്സിൽ കുറിച്ചതും തമ്മിലെത്ര അന്തരമുണ്ട്? അതു പരിശോധിക്കലായി വിനോദം. ആ പ്രണയം. ഹോ. ഞാനതു സങ്കൽപിച്ചു. മാഷ് എഴുതി. അത്രമാത്രം വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. എഴുത്തിന്റെ കാര്യത്തിലുള്ള ഈ ഐക്യപ്പെടൽ അതെങ്ങനെയെന്നറിയത്തില്ല.

ഞങ്ങൾ എഴുതാൻവേണ്ടി ജനിച്ചവരാണ്. മൂന്നു തലമുറമുമ്പ് ഒരു വല്യമ്മാമനൊണ്ടായിരുന്നു. കാവ്യത്തിലായിരുന്നു പുള്ളിക്ക് കൃമികടി. കൊട്ടാരത്തിലും പ്രവേശനമുണ്ടായിരുന്ന​േത്ര! നാട്ടുപ്രമാണിമാരെയും മാടമ്പിമാരെയും കുറിച്ച് കാവ്യങ്ങൾ ചമച്ചു കഞ്ഞികുടിച്ചു കഴിഞ്ഞുപോന്നു. മറ്റു വേലകൾക്കൊന്നും പോയിട്ടില്ല. ഭാഷക്കു പുറമെ തമിഴും സംസ്​കൃതവും ഹിന്ദുസ്​ഥാനിയും മൂപ്പർക്ക് പച്ചവെള്ളംപോലായിരുന്ന​േത്ര! കാശിരാജാവിന്റെ ഓല വന്നുവെന്നു പറഞ്ഞ് ഒരു വെളുപ്പിന് ഭാണ്ഡം കെട്ടിയതാണ്. അന്നു പള്ളിക്കൂടവും മെഡിക്കൽ കോളേജുമൊന്നുമില്ലാത്തതിനാൽ ശോഭനമായ ഒരു ഭാവി തുലച്ചുകളഞ്ഞുവെന്ന പഴി വല്യമ്മാമനുമേലാരും ചാർത്തിയില്ല.

ഞാനോ?

പത്തൊമ്പതാം വയസ്സിൽ മെഡിസിനും ഇട്ടെറിഞ്ഞ് ഇറങ്ങിപ്പോന്നവനാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാറിലെ എം.ബി.ബി.എസാണ്. ഇന്നത്തെ പഠിത്തമല്ല. ആദ്യവർഷം ഹോസ്റ്റൽ വാസത്തിനിടയിൽ ഒരു കാവ്യഭ്രമം എന്നെ പിടികൂടി. ആശാന്റേതു മുതൽ ചുള്ളിക്കാടിനെവരെ കണ്ണുമടച്ച് ഹോസ്റ്റലിൽ കിടന്നു ചൊല്ലുമായിരുന്നു. അനാട്ടമിയോടും ഫിസിയോളജിയോടും കട്ടവെറുപ്പ് കേറി. ഹിമറ്റോളജി പ്രാക്ടിക്കൽഹാളിൽ വിരൽത്തുമ്പിൽനിന്നും ചോര കുത്തിയെടുക്കുന്നതിനു കുത്തോളജി എന്നു ഞാൻ പേരിട്ടു. ആ വാക്ക് ഹിറ്റായ​േത്ര! ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും കുത്തോളജി ദാന്നതു പടർന്നു കയറി. പഠിത്തം പൂർത്തിയാക്കാത്ത എന്റെയീ ശിഷ്യനാണ് കുത്തോളജി എന്ന ടെർമിനോളജിയുടെ ഉപജ്ഞാതാവ്. ആത്മകഥ എഴുതിക്കാൻ ശങ്കരൻനായർ സാർ വിളിപ്പിച്ചപ്പോഴാണ് അതൊക്കെ ഞാനറിഞ്ഞത്. മാത്രമല്ല, ഓരോരുത്തർക്ക് ഓരോന്നാണ് വിധിയെന്നും എന്നെ മണിയടിക്കാൻ സാറ് മൂന്നുതവണ പറഞ്ഞു.

നാലുമാസത്തെ വാടക മുടങ്ങി. വൈകുന്നേരങ്ങളിലെ എൻ.ജി.ഒ കാന്റീനിലെ കഞ്ഞിക്കും വകയില്ലാതെ ബീഡിമാത്രം തിന്നിരുന്നകാലത്ത് എനിക്കൊരു ബുദ്ധിതോന്നി. പണ്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കുപ്രസിദ്ധനായ ഒരു മേധാവിയുണ്ടായിരുന്നു. രാജഭരണകാലത്ത് തൂക്കുമുറിയുടെ ചാർജുമായി സർവീസിൽ കയറിയതാണ്. ഒരു ജയിലറുടെ ജീവിതപ്പാത. മലയാള ആത്മകഥാശാഖക്ക് അതിന്റെ കുറവുണ്ട്. പശുവിന്റെ കടിയും മാറും കാക്കയുടെ വയറും നിറയും. ചൊല്ലും മനസ്സിലിട്ട് ഞാനയാളെ കാണാൻ പോയി. ഇടനിലക്കാരില്ലാതെ നേരിട്ട്.

തലയിൽ മുടി ഒന്നുമില്ല. കുംഭയും തടവി കഴുത്തിലെ സ്വർണം കെട്ടിച്ച രുദ്രാക്ഷ മാലയിൽ ഞരടിക്കൊണ്ട് ചൂരൽവരിഞ്ഞ ഈസിചെയറിൽ കിടക്കുകയായിരുന്ന ആ പൂമാൻ എന്റെ ഐഡിയയിൽ ഒന്നു കൊത്തി ഏറെനേരം പല്ലിളിച്ചിരുന്നു. എനിക്ക് ആവേശം കേറി. വായീന്ന് േപ്രംപ്രകാശെന്ന പേരു ചാടിപ്പോയി. അതാണ് കുഴപ്പമായത്. അയാളുടെ പ്രീഡിഗ്രിക്കാരി മകളുടെ കാമുകൻ േപ്രമൻ എന്റെ ബാച്ച് മേറ്റായിരുന്നു. ആ നിഷ്കളങ്കാരാധനയെ തകർത്തുതരിപ്പണമാക്കാൻ അവനെ മൂന്നുദിവസം ജയിലർ എവിടേക്കോ തട്ടിക്കൊണ്ടുപോയി. ആ കിളുന്ത് പയല് കുത്തോളജി ലാബിൽ തിരിച്ചുവന്നു കയറിയത് മറ്റൊരു ആളായിട്ടായിരുന്നു. ആദ്യമാദ്യം ചിരി. പിന്നെ ഒടുക്കത്തെ മൗനം... ഞാനും അവനുമാണ്... തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എഴുപത്തിയാറു ബാച്ചിലെ ഞങ്ങളിരുവരുടെ ജീവിതപ്പാതകൾ മാത്രം തെറ്റിപ്പോയി. അതുപോട്ടെ, പറഞ്ഞിട്ടു കാര്യമില്ല. ശങ്കരൻനായർ സാറു പറഞ്ഞതുതന്നെയാണ്.

മൂന്നുതവണ എക്സ്​ജയിലറുടെ കിങ്കരന്മാർ എന്നെ തെരഞ്ഞ് അരിസ്റ്റോയിലെ ജയാലോഡ്ജിൽ വന്നു. ഒടുവിൽ സാറിനോട് കളിച്ചാൽ എന്റെ വിരലുകൾ പത്തും ചകചകേന്ന്... മാനേജരെ അതേൽപ്പിച്ച് ഗുണ്ടകൾ പോയി. എൺപത്തിരണ്ടാം വയസ്സിലും ജയിലറുടെ ഒരാങ്ക്! അതെനിക്കിഷ്​ടമായി. ആത്മകഥ പാളംതെറ്റി. സാരമില്ല. എന്നാലും വിടുന്നില്ല. അയാളുടെ തെണ്ടിത്തരങ്ങൾ നിറച്ച ഒരു നോവലിനു പ്ലാനിട്ടു. പേനയെടുക്കുമ്പോൾ മനസ്സിൽ വന്നത് ആത്മകഥയുടെ ഫോർമാറ്റായിരുന്നു. രണ്ടാഴ്ച കാത്തിരുന്നിട്ടും... അന്നാണു ഞാനെന്റെ ആ സർഗാത്മക രചനാസിദ്ധിനാശം തിരിച്ചറിഞ്ഞത്.

ചില പൊലീസുകാർ, രാഷ്ട്രീയക്കാർ ഇവരുടെയൊക്കെ മുടങ്ങിപ്പോയ േപ്രാജക്ടുകളുടെ കടലാസുകൾ മുറിയിൽനിന്നും ഒഴിവാക്കിക്കളഞ്ഞു. ജനറൽ ഹോസ്​പിറ്റലിൽ നിന്നും റിസൽട്ടറിഞ്ഞ ദിവസമാണ് ആ പഴയ കടലാസുകളെല്ലാം ഞാനെടുത്ത് കുനുകുനാ കീറിയത്. ചോരഛർദ്ദി വീണു ബുക്കുകളും കടലാസുകളും അലങ്കോലമായിപ്പോയിരുന്നു. കുറിപ്പടികളും ഡ്രാഫ്റ്റുകളുമായി രണ്ടു ചാക്കുകൾ നിറയെ ഉരുപ്പടികളുണ്ടായിരുന്നു. പൊടിയും മാറാലും കെട്ടിയ അവയെങ്ങാനും ചോർന്ന് ഏതെങ്കിലും പത്രക്കാരുടെ കൈയിലെത്തിയാൽ? വെറുതെ എന്തിന് കുടുംബവും മാനവുമായി ജീവിക്കുന്നവരെ?

അഡ്വാൻസ്​ അതേപടി തിരിച്ചു കൊടുത്ത ഒരു കേസുണ്ട്. തുമ്പയിലെ ഒരു എൻജിനീയറുടേത്. സ്വജീവിതത്തിനപ്പുറത്ത് റോക്കറ്റുകളുടെ ജീവചരിത്രമാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഫിസിക്സ്​, റോക്കറ്ററി, കെമിസ്​ട്രി ശാസ്​ത്രം പാകത്തിന് ചേർക്കാനുണ്ട്. കല്ലുകടി പാടില്ല. സെക്കൻഡ് ഗ്രൂപ്പെടുത്ത് പഠിക്കുമ്പോൾ ഫിസിക്സിനോട് ഒരിഷ്​ടക്കേടുണ്ടായിരുന്നു. ഒരു ജീവപ്പറ്റില്ലാത്ത ശാസ്​ത്രമെന്ന തെറ്റിദ്ധാരണ മനസ്സിൽ ഉറച്ചുപോയി. അതൊക്കെയിനി നല്ല മലയാളത്തിൽ... പണിയും പോക്കറ്റിൽ വീഴുന്ന ദ്രവ്യവും... മുതലാകില്ല. വേണ്ടെന്നുവെച്ചു. ഏറെ കൊതിച്ചത് ഒരു നക്സലിന്റെ ആത്മപ്രകാശനമാണ്. കറയറ്റ, ആക്ഷനുകളിൽ പങ്കെടുത്ത നക്സലുകളാരും തെക്കില്ലാഞ്ഞതിനാൽ എന്റെയാ ആഗ്രഹവും പൊലിഞ്ഞു.

ആരുടെ ജീവിതകഥ വേണമെങ്കിലും എഴുതാൻ പാകത്തിൽ ഞാനിപ്പോൾ കൃതഹസ്​തനാണ്. തീണ്ടലും തൊടീലും ദാരിദ്യ്രവുമുള്ള ബാല്യം. വിശന്നും പേമാരിയിൽ നനഞ്ഞുമുള്ള പള്ളിക്കൂട യാത്രകൾ. കള്ളലോഞ്ചും മണലാരണ്യവും. മന്ത്രിമാരാണെങ്കിൽ എളുപ്പമായി. കുട്ടിക്കാലത്ത് അച്ഛൻ മന്ത്രിക്കൊപ്പം സാനഡു, തൈക്കാട് ഹൗസ്​, ക്ലിഫ്ഹൗസ്​ എന്നിവിടങ്ങളിൽ കഴിച്ചുകൂട്ടിയത്. മര്യാദരാമന്മാരായി മോഡൽ സ്​കൂളിലും നാലാഞ്ചിറ കോളേജിലും പഠിച്ചത്. ഒരു സുപ്രഭാതത്തിലെ പിതാവ് മന്ത്രിയുടെ മരണം. പിന്നത്തെ സഹതാപതരംഗം... അത്തരം ജീവിതപ്പാതകളിലെ ആവർത്തനങ്ങൾ, സമാനതകൾ എന്നിവയുടച്ചുകളയാനാണ് പ്രയാസം.

എല്ലാരും നോവലെഴുതുന്ന കാലത്ത് ഒന്നു രണ്ടു നോവലുകൾ എഴുതിക്കൊടുക്കാൻ പണവും ഉള്ളം കൈയിൽ​െവച്ച് എൻ.ആർ.ഐകളടക്കം വന്നു. ആർക്കാനും വേണ്ടിയുള്ള പണിയല്ലേ! ക്രാഫ്റ്റിലും കഥയിലുമൊന്നും ശ്രദ്ധിക്കണമെന്നില്ല. 'ഗ്രന്ഥകർത്താവ്' തനിയന് അതൊന്നും തിരിയില്ലല്ലോ. എളുപ്പപ്പണിയെന്നു കരുതിക്കൊണ്ടു തുടങ്ങി. പക്ഷേ, സാധിച്ചില്ല. കിടുങ്ങിപ്പോയി. മുമ്പേ പറഞ്ഞല്ലോ! ആത്മകഥകൾ മാത്രമേ എനിക്ക് വഴങ്ങുന്നുള്ളൂ. േപ്രമവും നാലുദിക്കിലും ചിതറേണ്ട ഭാവനാപ്രവാഹവും മുരടിച്ചും വറ്റിയും പോയി. നോവൽ പേനയോട്ടം രണ്ടുവരി കഴിയുമ്പോൾ നിന്നുപോയി.

ജയയിൽ മൂന്നുദിവസം അടുപ്പിച്ച് ചോരഛർദ്ദിച്ച് കിടന്ന എന്നെ ലോഡ്ജിനോളം പഴക്കമുള്ള നോട്ടക്കാരൻ മാധവയണ്ണനും പിന്നെ അടുത്ത മുറികളിലെ രണ്ടുപേരും ചേർന്നാണ് മെഡിക്കലിലെത്തിച്ചത്. രണ്ടാം വാർഡിലെ കട്ടിലിൽ കിടന്നപ്പോൾ കാഴ്ചകൾ ഉന്തിയ വയറിനപ്പുറത്ത് പോകുന്നില്ല. വയറത്രക്ക് പെരുകിപ്പോയി. ചോരയിൽ കുഴഞ്ഞ കീറിക്കൂട്ടിയ വർക്കിങ് പേപ്പറുകളുള്ള ആ മുറിയിലേക്ക് ഇനി മടക്കമില്ല. പരിശോധിക്കാൻ വന്ന ഡോക്ടർമാരും എന്തിന് സ്റ്റുഡന്റ്സ്​ വരെ എന്റെ വയറ്റിൽ തട്ടിയും കൽപോളകൾ പിടിച്ചുനോക്കിയിട്ടും മുൻപിൻ നോക്കാതെ പറഞ്ഞു. ഇത് േക്രാണിക് ആൽക്കഹോളിക് ലിവർ ഡിസീസാണെന്ന്. കൂട്ടത്തിൽ എന്റെ കൂടെ പഠിച്ച രണ്ടാളെ തിരിച്ചറിഞ്ഞു. പേരൊക്കെ പോയി... മറവിയെക്കുറിച്ച് പറഞ്ഞാൽ എഴുതിക്കൊടുത്ത ആത്മകഥകളുടെ പേരാണ് തുടക്കത്തിൽ തലയിൽനിന്നും മാഞ്ഞുതുടങ്ങിയത്. തന്തക്ക് മക്കളെ കണ്ടാൽ തിരിയാത്ത അവസ്​ഥ.

ഇനി കാത്തിരിക്കാനുള്ളത് വലിയൊരു ഹൃദയ ഡോക്ടറെയാണ്. അവനെയൊന്നു കാണണം. ഒരു തവണയെങ്കിലും വരാതിരിക്കില്ല. ഒരു സിനിമയുണ്ടായിരുന്നല്ലോ. ഒരു രോഗിക്ക് തുന്നിപ്പിടിപ്പിക്കാനുള്ള ഹൃദയവുമായി ഒരാംബുലൻസ്​ പായുന്നത്... അതിന്റെ പേര്... മണ്ണാങ്കട്ട... അതിവിടെ നമ്മുടെ നാട്ടിൽ നടന്ന സംഭവമായിരുന്നല്ലോ. യഥാർഥത്തിൽ അന്നാ മിടിക്കുന്ന ഹൃദയവുമായി ആംബുലൻസ്​ ട്രാഫിക്കിലൊന്നും കുടുങ്ങാതെ പാഞ്ഞത് എന്റനിയന് തുന്നിക്കൂട്ടാനായിരുന്നു.

എത്ര നീരു കുത്തിയെടുത്താലും ചോരയും മരുന്നും കേറ്റിയാലും എന്റെ ജീവിതപ്പാതക്ക് ഇനിയധികം ദൈർഘ്യമില്ല. അതിനാൽ ഞാനൊരു ഡ്രാഫ്റ്റിടുകയാണ്.

പ്രശസ്​ത കാർഡിയാക് സർജന്റെ, അനിയന്റെ 'ഹൃദയതാളവും താളപ്പിഴകളും'. അതെഴുതാൻ ഏറെ എളുപ്പമാണ്. എപ്പഴ് തകർത്തുവെന്നു ചോദിച്ചാൽ മതി. അവനുമായി ഒരു സിറ്റിങ്ങും വേണ്ട. ഞാൻ ചെയ്ത പ്രവൃത്തികളുടെ നേർവിപരീത കേദാരമാണവൻ. ഞാൻ നന്നായി പഠിച്ചു. അവൻ ഉഴപ്പിനടന്നു. മെറിറ്റിൽ കയറിയ ഞാൻ കോളേജ് വിട്ടിറങ്ങുന്നു. അന്നുതന്നെ അവൻ റിസർവേഷനിൽ അഡ്മിഷനെടുത്തു. ഞാൻ ജയാ ലോഡ്ജിലെ ഒറ്റമുറിയിൽ. അവൻ... ഞാൻ വാസന്തിയെ ലോഡ്ജിൽ കയറ്റി താമസിപ്പിച്ചു. അയൽമുറിയാരുടെ പരാതിയിൽ അവളെ പൊലീസ്​ പൊക്കി. െപ്രാഫസറുടെ മോളെ അവൻ കല്യാണം കഴിച്ചു.

അവൻ എങ്ങനെയാണ് ഹൃദയങ്ങൾ തുന്നിപ്പിടിപ്പിക്കുന്നത്? ആ ഓപറേഷനുകൾ തിയറ്ററിൽ നടക്കുന്ന രീതിയിൽതന്നെ ലോഡ്ജിൽ കിടന്നു ഞാൻ വള്ളിപുള്ളിവിടാതെ മനനം ചെയ്യാറുണ്ട്. അതാണ് ഭാവനയുടെ കരുത്ത്.

ഒരു കാര്യമുള്ളത്. എന്റെ ജീവിതപ്പാതകൂടിയുള്ളതിനാൽ ഹൃദയതാളവും പിഴകളും പുറത്തുവന്നാൽ അവനതു നിഷേധിക്കും. വലിയ കോലാഹലങ്ങൾ തുടർന്നുണ്ടാവും. മലയാള ഗ്രന്ഥരചനാരംഗത്ത് പ്രവർത്തിയെടുക്കുന്ന എല്ലാ അപരന്മാരും അതോടെ പുകഞ്ഞു പുറത്തുചാടുന്നതാണ്. നല്ല ചേലായിരിക്കും. ചാനൽചർച്ചകൾ... ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റുകൾ... ഇപ്പോൾ ഏതാണ്ട് മരിച്ചുകൊണ്ടിരിക്കുന്ന മലയാളസാഹിത്യം കുറേക്കാലത്തിനു കേരളത്തിൽ വീണ്ടും ചർച്ചയാവുന്നതാണ്.

ആ തങ്കസൂര്യോദയം നാളെ തീർച്ചയാണ്. പക്ഷേ, അതു കാണാൻ മലയാളത്തിലെ ഒരു പ്രമുഖ ഗോസ്റ്റുറൈറ്ററായ ഞാനുണ്ടാവില്ല പ്രിയരേ! മഹോദരം അത്രക്ക് കടുപ്പിച്ചു കളഞ്ഞിരിക്കുകയാണ്.

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT