സേര്‍,
കഴിഞ്ഞ മാസം സമര്‍പ്പിച്ച എന്റെ സ്വപ്നപദ്ധതിയുടെ അപേക്ഷയുടെ കാര്യം താങ്കൾ ഒാര്ക്കുന്നുണ്ടാവുമല്ലോ. സുപ്രധാനമായ ആ അപേക്ഷയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ജനാധിപത്യത്തിന്റെ അടിത്തറ അച്ചടക്കമാണെന്ന് സംസ്ഥാനത്തെ ചീഫ്സെക്രട്ടറിയോട് ഞാന്‍ പറയേണ്ടതില്ലല്ലോ. ആ അടിത്തറ ബലപ്പിക്കാനുള്ള എന്റെ എളിയ പരിശ്രമമാണ് സ്വകാര്യജയില്‍ എന്ന സ്വപ്നപദ്ധതി. എന്റെ അപേക്ഷയിലെ ഉള്ളടക്കം ഒന്നുകൂടി ബോധ്യപ്പെടുത്തുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു.
സംസ്ഥാനത്ത് ഒരു സ്വകാര്യ ജയിൽ ആരംഭിക്കാനുള്ള എന്റെ പദ്ധതിയുടെ നടപടിക്രമങ്ങള്‍ക്ക് യൂണിയന് സര്‍ക്കാര്‍ പച്ചക്കൊടികാണിക്കുകയും പുതിയ സംരംഭകന് എന്നനിലക്ക് എന്നില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ സേര്‍, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആശാവഹമായ മുന്നേറ്റമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ എത്രമാത്രം ശ്ലാഘനീയമാണെന്ന് ഞാന്‍ താങ്കളോടു പറയേണ്ടതില്ലല്ലോ. റെയില്‍വേ, എയര്‍പോര്‍ട്ടുകള്‍, സ്റ്റീല്‍ പ്ലാന്റുകള്‍, തുറമുഖങ്ങള്‍, ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ തുടങ്ങിയവ കേന്ദ്രം സ്വകാര്യവത്കരിക്കുന്നതുകൊണ്ട് എന്നെപ്പോലുള്ള സ്റ്റാര്‍ട്ടപ്പ് പദ്ധതിക്കാര്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ നിരവധിയാണ്. മാത്രമല്ല, അത്തരം പദ്ധതികള്‍ നമ്മെ ലോകാന്തര ശ്രദ്ധയിലേക്ക് ഉയര്‍ത്തിക്കാട്ടുകയും ചെയ്യുമെന്നുറപ്പാണ്.
സേര്‍, എന്റെ പദ്ധതിയിലേക്ക് മടങ്ങിവരാം. ഞാന്‍ സമര്‍പ്പിച്ചിരിക്കുന്ന പ്രൊപ്പോസല്‍ ഉന്നത ഉദ്യോഗസ്ഥന് എന്ന നിലക്ക് താങ്കൾ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതാണ്.രാജ്യത്ത് ഒരു സ്വകാര്യ ജയില്‍ ആരംഭിക്കാനുള്ള എന്റെ എളിയ പരിശ്രമം തുടങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. ജനാധിപത്യം നിലനിര്‍ത്താന്‍ നാം എത്രമാത്രം പണവും സമയവും ആരോഗ്യവുമാണ് ചെലവിടുന്നത്! അതുകൊണ്ടുതന്നെയാണ് സ്വകാര്യജയില്‍ എന്ന ആശയവുമായി ഞാന്‍ രംഗത്തുവന്നത്. ഇതിനെന്താണ് മുന്‍പരിചയം എന്ന ചോദ്യത്തിനു പ്രസക്തി ഒട്ടുമില്ല. ഭരണനിര്‍വഹണത്തെ മനസ്സറിഞ്ഞ് സഹായിക്കാന്‍ ദീര്‍ഘകാലമായി ചിന്തിച്ച് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് ഇത്. അതിന്റെ വാസ്തവികമായ വശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ താങ്കള്‍ക്ക് അതിനെ തമസ്കരിക്കാന്‍ കഴിയില്ല എന്ന് എനിക്കുറപ്പുണ്ട്. എന്റെ ഫയൽ ഒരു ചീഫ് സെക്രട്ടറിയുടെ മുന്നില്‍ പൊടിയടിച്ചിരിക്കുകയാണോ എന്ന് ചിന്തിക്കുമ്പോള്‍ സത്യത്തില്‍ എനിക്ക് ഭയം വർധിക്കുകയാണ്.
സേര്‍, സ്വകാര്യവത്കരണം എന്ന മഹത്തായ ആശയം പുരോഗമന ചിന്താഗതിയുള്ള നമ്മുടെ കേന്ദ്രസര്‍ക്കാരിനു മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. (എന്നെ തെറ്റിദ്ധരിക്കില്ലെങ്കില്‍ ഒരു കാര്യം പറയാൻ ഞാനാഗ്രഹിക്കുന്നു. എന്തുകൊണ്ട് നീതിനിര്‍വഹണം നടത്തുന്ന കോടതികളും നമുക്ക് സ്വകാര്യമേഖലയില്കൊണ്ടുവന്നുകൂടാ? യൂണിയന് സര്‍ക്കാര്‍ അക്കാര്യം ആലോചിക്കുന്നതായി കേള്‍ക്കുന്നുണ്ട്.)
സേര്‍, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന എത്ര ജയിലുകളുണ്ട് നമ്മുടെ രാജ്യത്ത്? ജയിലുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് തകര്‍ന്നുതരിപ്പണമാകുന്നത്. എന്റെ നിഗമനങ്ങളില്‍ തൂങ്ങി അങ്ങ് പുലിവാല് പിടിക്കേണ്ട. എന്റെ ബലവത്തായ ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ പോരുന്ന കാര്യമായ ചട്ടക്കൂടുകളാണ് എന്റെ പ്രോജക്ടില്‍ ഉള്ളത്. യൂണിയന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി എന്റെ പദ്ധതിയേയും അതിന്റെ ഉള്‍ക്കാഴ്ചയേയും ശ്ലാഘിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നിട്ടും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് മാന്യമായ പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടില്ല എന്ന് പറയേണ്ടിവരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഇനി പദ്ധതിയുടെ കാതലായ ചില മികവുകളിലേക്ക് കടന്നുചെല്ലാന്‍, സേര്‍, എന്നെ അനുവദിക്കണം.
രാജ്യത്ത് ചെറുതും വലുതുമായ ഏതാണ്ട് 1360 ജയിലുകൾ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്. അവയുടെ ഭരണക്രമങ്ങളെല്ലാം സംസ്ഥാനങ്ങളുടെ കീഴിലുമാണ്. കാര്യമായ പുരോഗതിയൊന്നും ഇന്നത്തെ ജയില്സമ്പ്രദായത്തിനു കൈവന്നിട്ടില്ല. അവിടെയാണ് എന്റെ സ്വകാര്യ നവീന ജയില്‍ പദ്ധതിയുടെ മഹത്ത്വം കുടികൊള്ളുന്നത്.
നിലവിലുള്ള ജയിലുകളില്‍ 478800 കുറ്റവാളികളാണുള്ളത്. എന്നാല്‍ 403939 പേരെ താമസിപ്പിക്കാനുള്ള ശേഷി മാത്രമേ അവയിലുള്ളൂ എന്നു കേള്‍ക്കുമ്പോള്‍ എന്റെ ചങ്ക് തകരുകയാണ്, സേര്‍. ഇവയില്‍ 330687 വിചാരണത്തടവുകാരാണ് എന്ന കാര്യവും നാം വിസ്മരിക്കരുത്. അതായത്, 70 ശതമാനം. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ജയില്‍ പരിഷ്കരണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിൽ ഇതൊക്കെ കാണാവുന്നതാണ്. അതെല്ലാം പഠിച്ച ശേഷമാണ് സ്വകാര്യജയില്‍ എന്ന സ്വപ്നപദ്ധതിക്ക് ഞാന്‍ രൂപം നല്‍കിയിരിക്കുന്നത്.
ആയിരത്തി അഞ്ഞൂറ് കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള സ്വകാര്യജയില്‍ എന്ന ആശയമാണ് എന്റേത്. അത് വിജയിച്ചുകഴിഞ്ഞാൽ രാജ്യത്തെ മുന്‍പന്തിയിലുള്ള ജയിലുകളൊക്കെ സ്വകാര്യമേഖലയിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉത്സാഹം കാണിക്കുമെന്നതില്‍ എനിക്ക് അല്‍പ്പംപോലും ആശങ്കയില്ല. ഇതൊക്കെ പറയുമ്പോള്‍ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കാന്‍ താങ്കൾക്ക് എന്ത് മുന്‍പരിചയമാണുള്ളത് എന്ന സംശയം ഉയരാം. ശരിയാണ് സേര്‍. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം എനിക്കുണ്ട്. പിന്നെ, എന്റേതല്ലാത്ത ചില കൈപ്പിഴകള്കാരണം പത്തുവര്‍ഷത്തോളം വിവിധ ജയിലുകളിൽ കഴിയേണ്ടിയുംവന്നിട്ടുണ്ട്. അങ്ങനെ പരിചയസമ്പന്നനായ ഒരാള്‍ എന്നനിലക്ക് താങ്കൾക്ക് എന്റെ നിഗമനങ്ങള്‍ തള്ളിക്കളയാനാവില്ല.
അഞ്ചു വര്‍ഷത്തെ സമഗ്രപഠനത്തിനുശേഷമാണ് ആയിരത്തഞ്ഞൂറ് പേജു വരുന്ന 'എന്തുകൊണ്ട് സ്വകാര്യ ജയില്‍' എന്ന പഠനറിപ്പോര്‍ട്ട് ഞാന്‍ എഴുതി തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ചത്. ഇത് നടപ്പിലാക്കാന്‍ ഇനി സംസ്ഥാനത്തിന്റെ അനുമതിപത്രം വാങ്ങുക എന്നതാണ് നടപടിക്രമം. അതാണ് അഭ്യർഥനയുമായി താങ്കളെ വീണ്ടും ഞാന്‍ സമീപിക്കുന്നത്. പുതുമയുള്ള പദ്ധതികള്‍ക്ക് തുരങ്കംവെക്കുക എന്ന ചെപ്പടിവിദ്യകള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.
സേര്‍, നഗരത്തിനു വെളിയിൽ മുന്നൂറ് ഏക്കര്‍ ഭൂമിയാണ് എന്റെ സ്വപ്നപദ്ധതിക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നത്. അതിനായി വമ്പിച്ച മുതല്‍മുടക്കാണ് കണ്ടെത്തിയിരിക്കുന്നത്. ചില വിദേശകമ്പനികള്‍ അകമഴിഞ്ഞു സാമ്പത്തികസഹായംചെയ്തതിനാൽ കാര്യങ്ങള്‍ സുഗമമായി. ആദ്യഘട്ടം എന്ന നിലക്ക് കെട്ടിടങ്ങളുടെ പണിയൊക്കെ പൂര്‍ത്തിയായിക്കഴിഞ്ഞു. കൊലക്കയര്‍ കാത്തിരിക്കുന്നവര്‍, കോടതിവിധിക്കായി ചെവികൂര്പ്പിച്ചിരിക്കുന്നവര്, വിചാരണത്തടവുകാര്‍, കേസുകളിലൊന്നുംപെടാതെ അഴികള്‍ക്കുള്ളിൽ കഴിയേണ്ടിവന്ന മാധ്യമപ്പരിഷകള്‍, രാഷ്ട്രീയത്തടവുകാര്‍, ഉള്ളതിനും ഇല്ലാത്തതിനുമൊക്കെ കൊടിപിടിച്ചിറങ്ങുന്ന പരിസ്ഥിതിവാദികൾ തുടങ്ങിയ പതിനഞ്ചിലേറെ വിഭാഗങ്ങളില്‍പ്പെടുന്നവരെ പാര്‍പ്പിക്കാന്‍ പാകത്തിലുള്ള വമ്പിച്ച സന്നാഹമാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്.
സേര്‍, നമ്മുടെ ജയിലുകളില്‍ 70 ശതമാനത്തോളം വിചാരണത്തടവുകാരാണെന്ന് നേരത്തേ പറഞ്ഞല്ലോ. ഇക്കാര്യം കഴിഞ്ഞ വര്‍ഷം ജയില്‍ പരിഷ്കരണ കമ്മിറ്റി ശരിവെച്ചതാണ്. ഇതിൽ രാഷ്ട്രീയക്കാരും രാഷ്ട്രത്തെ തകിടംമറിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നക്സലുകളും മാവോവാദികളും പുരോഗമനത്തെ അട്ടിമറിക്കാന്‍ കാത്തിരിക്കുന്നവരും തീവ്ര ഇടതുപക്ഷ മേലാളന്മാരുമൊക്കെ ഉണ്ടെന്നത് യാഥാർഥ്യം. പത്തും പതിനഞ്ചും വര്‍ഷംകഴിഞ്ഞിട്ടും വിചാരണത്തടവുകാരായി കഴിയുന്നവരെ ജയിലില്‍ താമസിപ്പിക്കുന്നത് കഠിനമായ പ്രക്രിയയാണ്. എന്നാല്‍, എന്റെ പദ്ധതിപ്രകാരം ഇത്തരക്കാരെ നേരിടാനും വിചാരണകഴിഞ്ഞ് ശിക്ഷ കൊടുക്കുന്നതുവരെ പാര്‍പ്പിക്കാനും അനുയോജ്യമായ രീതിയിലാണ് ജയില്പദ്ധതിയുടെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ മതത്തിനും പ്രത്യേക സെല്ലുകൾ സ്ഥാപിക്കാനുള്ള എന്റെ ആശയത്തെ കേന്ദ്രം ഏറെ അഭിനന്ദിക്കുകയാണ് ചെയ്തത്.
രാജ്യത്ത് മരണശിക്ഷ വിധിക്കപ്പെട്ടു കഴിയുന്ന അഞ്ഞൂറിലധികം പേരുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ദിവസംതോറും കോടതികള്‍ പുതിയവരെ മരണശിക്ഷക്ക് വിധിച്ച് ജയിലുകളിലേക്ക് അയക്കുന്നുമുണ്ട്. എന്നാല്‍, ഇവരെ തൂക്കിലേറ്റാന്‍ പോരുന്ന ചുറ്റുപാടുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ ജയിലുകളില്‍ ഇല്ല. (ഇക്കാര്യത്തിൽ ജയിലധികാരികളില്‍ മനസ്സാക്ഷിക്കുത്തുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നതില്‍, സേര്‍, കുറ്റം കണ്ടെത്തരുത്.) എന്നാൽ, എന്റെ സ്വകാര്യജയിലിൽ എത്രപേരെ വേണമെങ്കിലും തൂക്കിലേറ്റാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തൊഴിലിൽ മി കച്ച പരിശീലനം നേടിയ ഒരുഡസനിലധികം ആരാച്ചാരന്മാരെ നിയമിച്ചുകഴിഞ്ഞു. കല്‍ക്കത്ത, ഝാർഖണ്ഡ്, ഷില്ലോങ്, അഫ്ഗാനിസ്ഥാനിലെ കാന്തഹാർ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ഇവരെ റിക്രൂട്ട്ചെയ്തിരിക്കുന്നത്. തൂക്കിക്കൊല വൈകുന്തോറും രാജ്യം അരാജകത്വത്തിലേക്ക് മുതലക്കൂപ്പു നടത്തുമെന്ന് ഞാന്‍ പറയാതെതന്നെ ചീഫ്സെക്രട്ടറി എന്നനിലക്ക് അങ്ങേക്ക് അറിവുള്ളതാണല്ലോ. എല്ലാ കലാപകാരികളും അടിസ്ഥാനപരമായി ഏകാകികളാണെന്നും അപകടകാരികളാണെന്നും നാം മറക്കരുത്. ഇവിടെ മനസ്സാക്ഷിയുടെ പ്രശ്നം ഉദിക്കുന്നില്ല. കോടതിവിധിയാണ് പ്രധാനം.
സേര്‍, വിചാരണത്തടവുകാരാണ് ഇന്ന് നാടിന്റെ ഏറ്റവും വലിയ ഭീഷണി. രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാൽ കേസുകൾ ഏറ്റെടുക്കാനും തക്കതായ ശിക്ഷകൊടുക്കാനും നമ്മുടെ അധികാരികൾക്ക് കഴിയുന്നില്ല. വിചാരണത്തടവുകാരുടെ എണ്ണം ജയിലിൽതന്നെ കുറക്കാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ സജ്ജമാക്കിയിട്ടുണ്ട്. ജയിലിൽ കഴിയുന്ന ചില മതമേധാവികളും മാധ്യമക്കാരും പരിസ്ഥിതിവാദികളും വര്‍ഷങ്ങളായി വിചാരണക്കുവേണ്ടി മുറവിളികൂട്ടുന്ന കാര്യം അറിവുള്ളതാണല്ലോ. ഒന്നരക്കോടിയിലധികം ക്രിമിനല്‍ കേസുകളാണ് ഇന്ന് വിവിധ കോടതികളിൽ അവശേഷിക്കുന്നതെന്ന റിപ്പോർട്ട് ആരെയാണ് അങ്കലാപ്പിലാക്കാത്തത്? അവയുടെ കോടതിവിധി കൂടി വന്നുകഴിഞ്ഞാൽ ജയിലുകളുടെ അവസ്ഥ എന്താകും?
നമ്മുടെ ജയിലുകളിൽ ഗുണ്ടകളുടെ വിളയാട്ടം നടക്കുന്നു എന്ന് പത്രങ്ങള്‍ എഴുതിവിടുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഗുണ്ടകളുടെ സാമീപ്യമില്ലാതെ ജയില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല സേര്‍. വിചാരണത്തടവുകാരില്‍ നല്ലൊരു ശതമാനം ഗുണ്ടകളാണ്. വാസ്തവത്തിൽ അവരാണ് നമ്മുടെ ജയിലുകളിലെ അന്തരീക്ഷം ആകര്‍ഷകമായി നിലനിര്‍ത്തുന്നത്. കഴിഞ്ഞവര്‍ഷം 2850ല്‍പരം വിചാരണത്തടവുകാർ വിവിധ ജയിലുകള്‍ക്കുള്ളിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് ജയില്‍ പരിഷ്കരണ കമ്മിറ്റി അടുത്തിടെ വെളിപ്പെടുത്തിയത്. അതിൽ വാസ്തവമുണ്ട്. ജയിലിനകത്തെ ഗുണ്ടകള്‍ (ഗുണ്ടാവിളയാട്ടം എന്നൊക്കെ പത്രക്കാർ വെറുതേ വീമ്പടിക്കുന്നതാണ്, സേര്‍.) ഭരണകൂടത്തിന്റെ നേട്ടമാണെന്ന് പറഞ്ഞേതീരൂ. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ (ചിലപ്പോള്‍ വിപ്ലവകാരികളാകാം) ജയിലിൽ എത്തിച്ചാല്‍ ഉന്മൂലനം ചെയ്യാനുള്ള ഉത്തരവാദിത്തം ഇത്തരം ഗുണ്ടകള്‍ക്കുണ്ട് (ഇത്തരം സത്യങ്ങൾ വെട്ടിത്തുറന്നുപറയാന്‍ പാടില്ലെന്ന് എനിക്കറിയാം. അതിനാൽ സത്യം സത്യമല്ലാതാകുന്നില്ലല്ലോ).
ഇനി നമുക്ക് പ്രധാന വിഷയത്തിലേക്കു വരാം. എന്റെ സ്വപ്നപദ്ധതി വന്നുകഴിഞ്ഞാൽ സര്‍ക്കാരിന്റെ തലവേദന മൂന്നിലൊന്നായി കുറയുമെന്നതിൽ സംശയമില്ല. പൊതുജയിലുകളെക്കുറിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, സ്വകാര്യ ജയിലാകുമ്പോള്‍ സര്‍ക്കാരിനു രക്ഷപ്പെടാന്‍ പഴുതുകളുണ്ട്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ പുറപ്പെടുന്നവരില്‍ അധികവും യുവാക്കളാണെന്ന കണക്കുകൾ താങ്കളെ ആശങ്കപ്പെടുത്തുന്നില്ലേ സേര്‍? ശരിയാണ്. അത്തരം യുവാക്കളെ ഉന്മൂലനം ചെയ്യണമെന്നല്ല ഞാന്‍ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ടവരിൽ ബഹുഭൂരിപക്ഷം പേരും യുവാക്കളായിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. അത് കാലത്തിന്റെ അനിവാര്യതയായിരിക്കാം. എന്നാൽ, സ്വകാര്യ ജയിൽ സ്ഥാപിതമായിക്കഴിഞ്ഞാൽ യുവാക്കളെ അവിടെ എത്തിക്കുന്നതോടെ ഭരണസിരാകേന്ദ്രത്തിന്റെ തലവേദന കുറയുന്നു (അതെങ്ങനെയെന്ന് വ്യക്തമാക്കാന്‍ എനിക്കാവില്ല. കാരണം ഞാന്‍ കേന്ദ്രത്തിനു കൊടുത്ത പ്രൈവസി പോളിസിയുടെ ഭാഗമാണത്).
സേര്‍, ജയില്‍ചാട്ടമാണ് ജയിലുകളിലെ മറ്റൊരു ദുരിതം. കഴിഞ്ഞ വര്‍ഷംതന്നെ അഞ്ഞൂറിലധികം കുറ്റവാളികൾ ജയില്‍ചാടിയെന്നാണ് റെക്കോഡുകള്‍ പറയുന്നത്. എന്നാൽ, എന്റെ ജയിലില്‍നിന്ന് അത്തരം ചാട്ടങ്ങൾ ഉണ്ടാകില്ല. അതിനു പുതിയ ചില ഹൈടെക് സാങ്കേതികവിദ്യകൾ ആവിഷ്കരിച്ചിരിക്കുന്നു. എന്റെ അപേക്ഷ മനസ്സിരുത്തി സേർ വായിക്കണമെന്ന് അപേക്ഷിക്കുന്നു.
ഇത്തരത്തിൽ കൈക്കൊണ്ട ധീരമായ പരിശ്രമങ്ങൾ സര്‍ക്കാരിന് നൂറുശതമാനം സുരക്ഷിതമായിത്തീരുമെന്നതില് എനിക്ക് ഉറപ്പുണ്ട്. അങ്ങയുടെ അംഗീകാരം ഉടനുണ്ടാകുമെന്ന പ്രതീക്ഷയോടെ,
വിധേയന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.