ഒന്ന്
അടുത്തത് ആരാണ് സംസാരിക്കുന്നത് എന്ന് തെറാപ്പിസ്റ്റ് ചോദിച്ചപ്പോൾ, താൻ ഇവിടെ വരാൻ തുടങ്ങിയിട്ട് ആഴ്ചകൾ ആയല്ലോ, എന്നിട്ടും ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ എന്ന ഉത്കണ്ഠ കിരണിനോട് ചോദിക്കാതെതന്നെ അയാളുടെ കൈപിടിച്ചുയർത്തി. വൃത്താകൃതിയിൽ ഇരുന്ന സഹവിഷാദികളുടെ വലയം ഭേദിച്ച് ആർക്കും മുഖം കൊടുക്കാതെ, തനിക്ക് അഭിമുഖമായി നിന്ന ചുമരിൽ നോക്കി, എന്തുകൊണ്ടോ അയാൾ തന്റെ അങ്കണവാടിക്കാലത്തെ പറ്റി സംസാരിച്ചുതുടങ്ങി.
പോയ മഴക്കാലത്തിന്റെ ശേഷിപ്പുകൾ അയാളുടെ വീട്ടിലെന്നപോലെ ആ പഴയ ഒറ്റമുറി കെട്ടിടത്തിന്റെ ഉത്തരത്തിലും ഈർപ്പച്ചിത്രങ്ങൾ വരച്ചിരുന്നു. ഉച്ചക്കഞ്ഞി കുടിച്ച് ആ ചിത്രങ്ങൾ നോക്കി തഴപ്പായയിൽ ഉറങ്ങാതെ കിടക്കുമ്പോൾ ഓരോരോ രൂപങ്ങൾ തെളിഞ്ഞുവരും. അപ്പോൾ അയാൾ ഓർക്കും:
"അപ്പുക്കുട്ടാ, കാക്ക എവിടെടാ?"
"ദാ അവിടെ."
"ചിത്രശലഭം എവിടെടാ?"
"ദേ ഇവിടെ."
മഴക്കാർ ഇരുളുമ്പോൾ അച്ഛന് വേദനയിളകും. പുളയുന്ന കാലുകൾ അയാളുടെ കുഞ്ഞിക്കൈകൾക്കാവുന്ന ബലത്തിലുഴിയുമ്പോൾ ആശ്വാസത്തിന്റെ ഒരു ഞരക്കം കേൾക്കും. അപ്പോൾ അച്ഛൻ വീണ്ടും ചോദിക്കും:
"ശംഖ് എവിടെടാ?"
"ശംഖോ? അതെന്താ?"
"അത് കടലിൽ ഉള്ളൊരു സാധനമാ, അതിനോട് ചെവി ചേർത്തുവെച്ചാൽ കടലിന്റെ ഇരമ്പം കേൾക്കാം."
തഴപ്പായയിൽനിന്ന് തലചരിച്ചു ചെവി തറയിലേക്ക് ചേർത്തുവെച്ചാൽ നിരത്തിലൂടെ ഓടുന്ന വണ്ടികളുടെ ഇരമ്പം കേൾക്കാം. പലർക്കും ഇന്നും അപരിചിതമായ ഒരു ലോകസത്യം നന്നേ ചെറുപ്പത്തിലേ അയാൾ മനസ്സിലാക്കിയത് അങ്ങനെയാണ്. അകലെനിന്നും ആ പഴയ കാവാസാക്കി കാലിബർ ബൈക്കിന്റെ ശബ്ദം പല പ്രതലങ്ങളിലും തട്ടിത്തിരിഞ്ഞ് തണുത്ത തറയിലൂടെ ചെവിയിൽ എത്തുമ്പോൾ അയാളുടെ മുഖത്തു സന്തോഷം പടരും. പായമടക്കി ചെരുപ്പിട്ട് ബാഗും തൂക്കി അയാൾ എണീക്കും. സഹപാഠികളെ ഉണർത്താതെ അയാൾ പുറത്തു കടക്കും.
ബൈക്കിന്റെ ടാങ്കിൽ ഇരുന്ന് പോവുമ്പോൾ അയാൾ കണ്ണടക്കുമായിരുന്നു. അപ്പോൾ പല നിറങ്ങൾ ഉള്ളിൽ തെളിയും. നേർത്ത ചുവപ്പിലാണ് തുടക്കം. തണലും വെയിലും ഇടവിട്ട് അച്ഛൻ വണ്ടി ഓടിക്കുമ്പോൾ നീലയും പച്ചയും തെളിയും. പിന്നെ...
അത്രയും പറഞ്ഞപ്പോഴേക്കും കിരൺ പൊട്ടി. തെറാപ്പിസ്റ്റ് അയാളെ ആശ്വസിപ്പിച്ചു. സംസാരിക്കേണ്ടിയിരുന്നില്ല എന്നയാൾ സ്വയം പഴിച്ചു. സെഷൻ പിരിഞ്ഞു കാനിസ്റ്ററിൽനിന്നും ഒരു ഗ്ലാസ് ചായ നിറക്കവേയാണ് അവൾ അടുത്തുവന്നത്.
"എനിക്ക് ഇയാളുടെ കഥ ഇഷ്ടമായി."
ചായ മൊത്തിക്കൊണ്ട് അയാൾ പറഞ്ഞു: "അത് കഥയല്ല, ഓർമയാണ്."
അവൾ ഒന്ന് ചിരിച്ചു. ചായപ്പുക മറച്ച കണ്ണട മാറ്റി അയാൾ അവളെ വീണ്ടും നോക്കി.
രണ്ട്
മെത്തയിൽ അലക്ഷ്യമായി അഴിഞ്ഞുവീണ പാഡഡ് ബ്രായുടെ മാർദവത്തിൽ കൈ ഓടിച്ചുകൊണ്ട് കിരൺ തളർന്നുകിടന്നു. അയാളുടെ പരുക്കൻ കൈത്തണ്ട മലർത്തിയിട്ട് ഉള്ളംകൈ തഴുകിക്കൊണ്ട് അവളും. അസാമാന്യമായ അതിന്റെ ദൃഢത തൊട്ടുകൊണ്ട് അയാളുടെ കൈക്ക് എന്തൊരു തഴമ്പാണ് എന്നവൾ ചോദിച്ചു. അയാൾ അവളിലേക്ക് ചേർന്നുകിടന്ന് തോളെല്ലിൽ ചുണ്ടമർത്തിക്കൊണ്ട് പറഞ്ഞു:
"ഞങ്ങൾ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കൈ ഇങ്ങനെയാണ് ഹേ."
"ഓ പിന്നെ, കീബോർഡിൽ കുത്തി കോഡ് ചെയ്യുന്നവർക്ക് എന്തായാലും ഇങ്ങനെ തഴമ്പ് വരില്ല."
അയാൾ ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിൽ മുഖംപൂഴ്ത്തി ചെവിയിൽ മന്ത്രിച്ചു:
"അമ്മ എന്താ അതിനെപ്പറ്റി പറയുന്നത് എന്ന് അറിയുമോ?"
"എന്താ?"
"ഞാൻ കൊച്ചിലേ ക്രിക്കറ്റ് കളിച്ചതുകൊണ്ടാണെന്ന്.''
"ക്രിക്കറ്റ് കളിച്ചതുകൊണ്ടോ?"
"അല്ലെങ്കിൽ സൈക്കിൾ ഓടിച്ചതുകൊണ്ട്... അല്ലാതെ, ഞാൻ ഈ കൈകൊണ്ട് കട്ടി പണി ഒന്നും ചെയ്തിട്ടില്ല."
അയാളുടെ കുറ്റിരോമങ്ങൾ കഴുത്തിൽ അമർന്നപ്പോൾ അവൾക്ക് ഇക്കിളിയായി. അയാളുടെ കൈ വായുവിൽ ഉയർത്തിക്കൊണ്ട് അവൾ മന്ത്രിച്ചു:
"എനിക്ക് കൈ നോക്കാൻ അറിയാം എന്ന കാര്യം ഇയാൾക്ക് അറിയുമോ?"
"നിനക്ക് കൈ നോക്കാൻ അറിയില്ല എന്ന കാര്യം എനിക്ക് അറിയാം."
"ഏയ് ചുപ്പ്."
തന്റെ ഇളം കൈത്തണ്ടകൊണ്ട് അയാളുടെ കൈ അവൾ ഉയർത്തിപ്പിടിച്ചു. ശേഷം സസൂക്ഷ്മം അയാളുടെ കൈരേഖകൾ നോക്കി.
"ആരോടും പറയാത്ത ഒരു രഹസ്യം ഇയാൾക്ക് ഉണ്ട്.''
"അയ്യേ, അത് ആർക്കാ ഇല്ലാത്തത്.''
"അങ്ങനെയല്ല, പറഞ്ഞാൽ ആളുകൾ ചിരിക്കും എന്നപോലെയുള്ള രഹസ്യം.''
"അത് നേരുതന്നെ."
"എന്നാൽ, എന്നോട് പറ, ആ രഹസ്യം."
ആരോടും പറയാത്ത ആ രഹസ്യം അയാൾ അപ്പോൾ വെളിവാക്കി.
"ഈ ലോകത്ത് ഒരു വണ്ടിവരുമ്പോൾ തോന്നുന്നതുപോലെ മറ്റൊരു വണ്ടി വരുമ്പോൾ തോന്നില്ല."
"മത്ലബ്?"
അയാൾ എണീറ്റ് അവളെ വാരിയെടുത്തു തറയിൽ കിടത്തി. നേർത്തു മിന്നിയ സീറോ വാട്ട് ബൾബ് അണച്ച ശേഷം അയാളും കൂടെ കിടന്നു. തറയോട് ചേർത്ത് ചെവിവെക്കാൻ അയാൾ അവളോട് പറഞ്ഞു. നിരത്തിലൂടെ ഓടുന്ന വണ്ടികളുടെ ചിലമ്പിച്ച ശബ്ദം തറയിലൂടെ ഒഴുകിയെത്തി. ഹെഡ്ലൈറ്റുകളുടെ വെളിച്ചം എയർഹോളിലൂടെ ആ മുറിയിലേക്ക് അരിച്ചിറങ്ങി. ഇരുട്ട് തുളച്ച് അതുണ്ടാക്കുന്ന രൂപങ്ങൾ ഭിത്തിയിലൂടെ ഓടിമറഞ്ഞു. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ ചോദിച്ചു:
"നോക്ക്, ഇപ്പോൾ പോയ വണ്ടിപോലെയാണോ മുന്നേ പോയ വണ്ടി പോയപ്പോൾ തോന്നിയത്?"
ഒന്നും മനസ്സിലാവാത്തതുപോലെ അവൾ അയാളെ നോക്കി.
"ദേ ആ വണ്ടി പോയപ്പോൾ വേറെ പോലെയല്ലേ തോന്നിയത്? അതിന്റെ ശബ്ദവും വെളിച്ചവും വേറെ അല്ലേ?"
"തനിക്ക് വട്ടാണ്. അപ്പോൾ ഒരേപോലെയുള്ള രണ്ട് വണ്ടി അടുപ്പിച്ചു പോയാൽ എങ്ങനെ അറിയും?''
"അതൊക്കെ അറിയാം. നിനക്ക് ഒരുപക്ഷേ മനസ്സിലാവില്ല, പക്ഷേ ഈ ലോകത്ത് ഒരേ പോലെ പോവുന്ന രണ്ടു വണ്ടികൾ ഇല്ല.''
മൂന്ന്
വണ്ടി പാർക്ക് ചെയ്ത് കിരൺ വന്നപ്പോഴേക്കും അച്ഛൻ ചീട്ട് എടുത്തിരുന്നു. അധികം വൈകാതെതന്നെ അവരെ ഉള്ളിലേക്ക് വിളിച്ചു. ഫയൽ നോക്കിയശേഷം ഏറ്റവും അടുത്തുള്ള ഒരു ഡേറ്റ് തന്നെ ഓപറേഷൻ ചെയ്യാനായി ഡോക്ടർ കുറിച്ചു. അച്ഛന്റെ മുഖത്തെ പരിഭ്രമം ഡോക്ടർ കണ്ടു.
"പേടിക്കേണ്ട, മൈനർ ഓപറേഷനാണ്. കാലിലെ രോമം കുറച്ചുപോവും, അത്രേയുള്ളൂ."
"കാലിൽ ഇനി രോമം ഒന്നും ഇല്ല ഡോക്ടറെ, അതൊക്കെ എന്നോ കൊഴിഞ്ഞുപോയിരിക്കുന്നു."
തിരിച്ചുപോവുന്ന വഴിക്കും അച്ഛൻ അസ്വസ്ഥനായിരുന്നു. എന്താണ് കാരണം എന്നയാൾ തിരക്കിയില്ല. ചോദിച്ചാലും പറഞ്ഞെന്നു വരില്ല. ഒരുപക്ഷേ ഓപറേഷന്റെ ചെലവിനെ ഓർത്താവും. തന്റെ കമ്പനി വക ഇൻഷുറൻസിൽ അത് ഉൾപ്പെടും എന്നയാൾ അച്ഛനോട് പറഞ്ഞു. പക്ഷേ, അച്ഛൻ അപ്പോൾ മറ്റെന്തോ ചിന്തയിലായിരുന്നു. വിൻഡ്ഷീൽഡിലേക്കു വീഴുന്ന മഴത്തുള്ളികളെ നോക്കി അച്ഛൻ അങ്ങനെ ഇരുന്നു.
ബിയർ എടുക്കണോ എന്ന് അയാൾ അച്ഛനോട് ചോദിച്ചു. ചോദ്യം ആവർത്തിച്ചപ്പോൾ നിനക്ക് വേണമെങ്കിൽ എടുത്തോ എന്ന് മറുപടി കിട്ടി. സ്റ്റീരിയോയിൽ തെരുതെരെ കുത്തി അയാൾ അച്ഛന് ഇഷ്ടപ്പെട്ട ഒരു പാട്ട് വെച്ചു. അത് കേട്ടപ്പോൾ അച്ഛൻ ഒന്ന് അയഞ്ഞെന്നു തോന്നി. സീറ്റിൽ അമർന്നിരുന്ന് അച്ഛൻ കണ്ണുകൾ അടച്ചു. എ.സി ഇത്തിരിക്കൂടെ കൂട്ടിയിട്ടശേഷം വീട് ലക്ഷ്യമാക്കി അയാൾ മെല്ലെ ഓടിച്ചുനീങ്ങി.
ഗ്ലാസിൽ നുരഞ്ഞുപൊന്തിയ ബിയർ രണ്ടിറക്ക് കുടിച്ചുവെച്ചപ്പോൾ തന്റെ കൂട്ടുകാരുടെ ഇടയിൽ അച്ഛന്റെ മീനച്ചാർ തരംഗമാണെന്ന് കിരൺ പറഞ്ഞു. താൻ കഴിഞ്ഞദിവസം ഇട്ട അച്ചാറിൽനിന്നും അച്ഛൻ രണ്ടു കഷണം വായിലിട്ടു രുചിച്ചുനോക്കി. ഇത്തവണത്തെ അച്ചാർ അത്ര നന്നായില്ല. വെളുത്തുള്ളി കുറച്ചു കൂടിപ്പോയി. അപ്പോഴേക്കും അമ്മ അത്താഴം കഴിക്കാൻ വിളിച്ചു. ബിയർ കുപ്പികൾ വേഗം ഒഴിഞ്ഞു.
ഭക്ഷണം കഴിഞ്ഞ് അച്ഛനും അമ്മയും കിടന്നു. വീട്ടിലെ ലൈറ്റുകൾ അണഞ്ഞു. ഫോണിൽ ഇൻസ്റ്റഗ്രാം റീൽസ് തോണ്ടി കിരൺ തന്റെ കട്ടിലിൽ വെറുതെ കിടന്നു. സ്ഥിരമായി ഉറങ്ങുന്ന സമയം ആയിരുന്നില്ലെങ്കിലും ക്ഷീണം കാരണം വേഗം മയങ്ങിപ്പോയി.
ഇടക്ക് ഉറക്കം ഞെട്ടിയപ്പോൾ അടുത്ത മുറിയിൽ അച്ഛൻ കാലുകൾ കൂട്ടിത്തിരുമ്മുന്നത് കിരൺ അറിഞ്ഞു. കട്ടിലിൽനിന്ന് എണീറ്റ് ലൈറ്റിട്ടശേഷം അയാൾ ടൈഗർ ബാം പരതാൻ തുടങ്ങി. തീന്മേശക്ക് അടുത്തുള്ള ഒരു ടീപ്പോയിയിൽ തന്റെ ഷർട്ടുകൾ വൃത്തിക്ക് ഇസ്തിരിയിട്ട് വെച്ചിരിക്കുന്നതും അതിന്റെ അടുത്തായി മീനച്ചാർ നിറച്ച കുപ്പി ഭദ്രമായി അടച്ചുവെച്ചിരിക്കുന്നതും അരണ്ട വെളിച്ചത്തിൽ അയാൾ കണ്ടു. ടീപ്പോയുടെ അടിയിൽനിന്നും ടൈഗർ ബാം എടുത്ത് അയാൾ അച്ഛന്റെ മുറിയിലേക്ക് നടന്നു.
നാല്
റബറില വീണ് മൂടിയ നടപ്പാതയിലൂടെ കോമ്പുല്ലുകളെ മെതിച്ചുകൊണ്ട് അവർ നടന്നു. കറ നിറച്ച പ്ലാസ്റ്റിക് ജാറുമായി അച്ഛൻ മുന്നിലും ഇരു കൈയിലും ബക്കറ്റ് നിറയെ കറയുമായി കിരൺ പിന്നാലെയും. കൗമാരമുറ്റിയ അവന്റെ കൈത്തണ്ട ബക്കറ്റിന്റെ ഭാരത്തിൽ വിറക്കുന്നുണ്ടായിരുന്നു. ഓരോന്നായി കൊണ്ടുവന്നാൽ മതിയെന്ന് അച്ഛൻ പറഞ്ഞു. വേണ്ട ഇരുകൈയിലും ഉള്ളതാണ് സുഖം, അതാകുമ്പോൾ ഓളംവെട്ടാതെ നടക്കാം.
കുന്നു കേറാൻ തുടങ്ങിയപ്പോൾ അച്ഛൻ സാൾട്ട് അനാലിസിസിനെ പറ്റി വാചാലനായി. അവരുടെ കാലത്ത് ലെഡ് കാർബണേറ്റ് ആർക്കും കൊടുക്കാറുണ്ടായിരുന്നില്ല. ഒറ്റയടിക്ക് ആനയോണും ക്യാറ്റയോണും കിട്ടുന്ന ഏക സാൾട്ട് ലെഡ് കാർബണേറ്റാണ്. ആദ്യ മോഡൽ ആയതുകൊണ്ടാവും ലെഡ് കാർബണേറ്റ് കിട്ടിയത്. എന്നാലും, ആദ്യ മോഡൽതന്നെ തനിക്ക് നഷ്ടപ്പെട്ടല്ലോ എന്ന് കിരൺ വ്യാകുലപ്പെട്ടു. അടുത്ത മോഡലിൽ പറ്റിയാൽ രണ്ട് സാൾട്ട് ചെയ്തുനോക്കാം എന്ന് അച്ഛൻ അവനെ ആശ്വസിപ്പിച്ചു.
"ചിലർക്ക് അമോണിയം ക്ലോറൈഡ് കിട്ടി. മൂക്കിൽ കുത്തുന്ന അതിന്റെ മണത്തിന് എന്തോ പേരുണ്ട്. പഠിച്ചതാ... ഞാൻ മറന്നു."
"പഞ്ചന്റ് സ്മെൽ" -കറവീപ്പ തുറക്കവെ അച്ഛൻ പറഞ്ഞു.
"ദേ ഈ വീപ്പ തുറക്കുമ്പോ വരുന്ന മണമിേല്ല? അതുതന്നെ. ഇതിന്റെ ഉള്ളിലും അമോണിയയാണ്."
വൈകുന്നേരം കിരൺ കാലുഴിയുമ്പോഴും അച്ഛൻ സാൾട്ട് അനാലിസിസിനെ പറ്റിയാണ് സംസാരിച്ചത്. പ്രീഡിഗ്രി ഫൈനലിന് അച്ഛന് കിട്ടിയത് കാൽസ്യം നൈട്രേറ്റ് ആണ്. ആനയോണും ക്യാറ്റയോണും കണ്ടെത്താൻ വളരെ വിഷമമുള്ള സാൾട്ട് ആണത്. ഗ്രൂപ് ഫൈവ് ക്യാറ്റയോൺ ആണ് കാൽസ്യം. അത് കണ്ടെത്താൻ കുറച്ചധികം പരീക്ഷണങ്ങൾ ചെയ്യണം. പിന്നെ ക്യാറ്റയോൺ...
ഉഴിച്ചിലിന്റെ സുഖത്തിൽ അച്ഛൻ വേഗം ഉറങ്ങി. വൃത്തിക്ക് കഴുകിയിട്ടും ഇളകിപ്പോവാൻ കൂട്ടാക്കാത്ത റബർക്കറ കാലിലെ ചില രോമങ്ങളെ കൂട്ടിക്കെട്ടി നിർത്തിയിരുന്നു. അച്ഛൻ ഉറങ്ങിയെന്ന് ഉറപ്പിച്ച് വളരെ മൃദുവായി അവ ഓരോന്നായി കിരൺ ശ്രദ്ധയോടെ പിഴുതെടുത്തു.
അഞ്ച്
ഗ്രാമദീപം സ്വയം സഹായ സംഘത്തിന്റെ റീത്ത് സെക്രട്ടറി മൃതശരീരത്തിൽ വെച്ചത് കിരൺ കണ്ടില്ല. കരഞ്ഞു തളർന്ന കണ്ണുകളുമായി അഗർബത്തി എരിയുന്നത് നോക്കി അച്ഛന്റെ കാൽക്കൽ ഇരിക്കുകയായിരുന്നു അയാൾ.
ഓർമകൾ കാവാസാക്കി കാലിബറിൽ ഏറിപ്പാഞ്ഞു. ഇറുക്കിയടച്ച കണ്ണുകളുമായി ബൈക്കിന്റെ കണ്ണാടികളിൽ കൈ ഉറപ്പിച്ച് വീട്ടിലേക്ക് പോവുമ്പോൾ താനാണ് വണ്ടി ഓടിക്കുന്നതെന്ന് അയാൾക്ക് തോന്നുമായിരുന്നു.
"അപ്പുക്കണ്ണാ, ഇപ്പൊ ഏത് നിറമാടാ?"
"നീല."
"ഇപ്പോഴോ?"
"പച്ച.''
പട്ടടയിലേക്ക് അച്ഛനെ എടുത്തപ്പോൾ വിഭ്രാന്തിയോളമടുത്ത അമ്മയുടെ കരച്ചിൽ പിന്നിൽനിന്നും ഉയർന്നു. അയാൾക്ക് വല്ലാത്ത ഈർഷ്യ തോന്നി. വാതിൽ കടന്ന് മുറ്റത്തെ പടികൾ ഇറങ്ങുമ്പോൾ അച്ഛന്റെ കാലുകൾ മെല്ലെ ഇളകി. ഓർമവെച്ച നാൾ മുതൽ കേട്ട് ശീലിച്ച അച്ഛന്റെ ശബ്ദം അയാൾ വീണ്ടും കേട്ടു.
"മക്കളെ, ഈ കാലൊന്ന് ഉഴിഞ്ഞു താടാ."
ആറ്
തെറാപ്പി കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയപ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു. കുതിരാൻ ഇട്ട കുത്തരി കിരൺ പ്രഷർകുക്കറിൽ കേറ്റി. പച്ചക്കറികൾ കഴിഞ്ഞിരുന്നുവെന്ന് അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്. ഫ്രിഡ്ജ് ഇല്ലാത്തതിനാൽ അധികം പച്ചക്കറി വാങ്ങി അയാൾ സൂക്ഷിക്കാറുണ്ടായിരുന്നില്ല. ഇനി പോയിവാങ്ങാൻ വയ്യ. അന്നത്തെ സെഷൻ അയാളെ വളരെയധികം തളർത്തിയിരുന്നു.
ഇന്ന് കഞ്ഞി ആക്കാം എന്നയാൾ കരുതി. പ്രഷർ കുക്കറിന്റെ വിസിൽ പോവുന്നത് നോക്കി കിരൺ അങ്ങനെനിന്നു. സ്റ്റീൽപാത്രത്തിലേക്ക് കഞ്ഞിപകർന്ന് ഉപ്പും ചേർത്ത് അയാൾ കഴിക്കാനിരുന്നു. മേശപ്പുറത്തു വെച്ചിരുന്ന മീനച്ചാർ കുപ്പി തുറന്ന് അയാൾ തന്റെ പാത്രത്തിലേക്കിട്ടു. അൽപം മുഴച്ചുനിന്ന വെളുത്തുള്ളിയുടെ രുചി നാവിലേക്ക് ഇറങ്ങിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. തെറാപ്പിസ്റ്റ് പറഞ്ഞപ്രകാരം നീളൻ ശ്വാസങ്ങൾ എടുത്ത് അയാൾ സ്വയം ആശ്വസിപ്പിച്ചു.
ശ്രദ്ധതിരിക്കാനായി അയാൾ ഫോണെടുത്തു. ഇൻസ്റ്റഗ്രാമിൽ നോട്ടിഫിക്കേഷൻ. പുതിയ ഫോളോ റിക്വസ്റ്റാണ്. അയാൾ പ്രൊഫൈൽ എടുത്തുനോക്കി. അത് അവളായിരുന്നു. വൈകുന്നേരം കണ്ട കുട്ടി. അയാൾക്ക് ഉത്കണ്ഠ കൂടി. ഫോൺ മാറ്റിവെച്ച് അയാൾ ഭക്ഷണം കഴിച്ചു.
പാത്രങ്ങൾ കഴുകിവെച്ച്, മിച്ചം വന്നത് അയാൾ ചവറ്റുകുട്ടയിൽ ഇട്ടു. മുറിയിൽ വല്ലാത്ത ഉഷ്ണമുണ്ടായിരുന്നു. വിസ്തരിച്ചൊന്ന് കുളിച്ചശേഷം അയാൾ മുറിയിൽ വന്നു. അമ്മയെ വിളിക്കാനായി ഫോൺ എടുത്തപ്പോൾ അവളുടെ റിക്വസ്റ്റ് അയാൾ വീണ്ടും കണ്ടു. ഒരിക്കൽക്കൂടെ ആലോചിച്ചശേഷം അയാൾ അത് ആക്സെപ്റ്റ് ചെയ്തു.
ഏഴ്
കറന്റ് പോയിട്ട് ഒ
രു മണിക്കൂറോളമായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ കിരൺ സോഫയിൽ വെറുതെ കിടന്നു. അയാളുടെ ഫോൺ വിറച്ചു. ഇൻസ്റ്റഗ്രാമിൽ അവളുടെ മെസേജ്: "അടുത്ത ആഴ്ച കൊച്ചിക്ക് വരുന്നുണ്ട്. കാണാൻ പറ്റുമോ?" പറ്റും എന്നയാൾ മറുപടി അയച്ചു.
രാത്രിയിൽ കറന്റ് വരാൻ സാധ്യത ഇല്ലെന്ന് അമ്മ പറഞ്ഞു. ഭക്ഷണം കഴിച്ചിട്ട് കിടക്കാം എന്ന് അയാളും കരുതി. തീൻമേശയിൽ അമ്മ പാത്രങ്ങൾ നിരത്തി. ചപ്പാത്തി മുറിച്ച് കറിയിൽ പൊതിഞ്ഞ് അയാൾ കഴിച്ചു തുടങ്ങി.
ദൂരെനിന്നും ഒരു വണ്ടിയുടെ ശബ്ദം ഇരമ്പിത്തുടങ്ങുന്നത് അയാൾ കേട്ടു. ഉള്ളിൽ ആഴത്തിൽ പതിഞ്ഞ ആ ഇരമ്പംപോലെയായിരുന്നു അതിന്റെ തുടക്കം. കാവാസാക്കി കാലിബർ ബൈക്ക്തന്നെ, സംശയമില്ല. പക്ഷേ, അത്രയും പഴയ വണ്ടി ഇപ്പോൾ ആരാവും ഉപയോഗിക്കുക. തന്റെ അയൽക്കാർക്ക് ഒന്നും ഈ വണ്ടിയില്ല. പിന്നെ ആരാവും അത്?
വണ്ടി കൂടുതൽ അടുത്തു. അയാളുടെ കാതുകൾ കൂർത്തു. ആക്സിലറേറ്റർ കൂടുന്നതിന്റെയും കുറയുന്നതിന്റെയും താളം അയാൾ ശ്രദ്ധിച്ചു. വീട്ടിൽനിന്നുള്ള ആദ്യത്തെ വളവിലെത്തിയപ്പോൾ വണ്ടിയുടെ ഹെഡ്ലൈറ്റ് വെളിച്ചം എയർഹോളിലൂടെ മുറിയിലേക്ക് ചിതറിയെത്തി. അത് മറ്റാരുടെയോ വണ്ടിയാണെന്ന് അയാൾക്ക് ബോധ്യപ്പെട്ടു.
അടുക്കുംതോറും അപരിചിതമാവുന്ന ആ ശബ്ദവും വെളിച്ചവും അയാളെയും അമ്മയെയും തഴുകി കടന്നുപോയി. ചുവരിൽ തൂക്കിയ അച്ഛന്റെ ഫോട്ടോ ആ വെളിച്ചത്തിൽ കിരൺ തെളിഞ്ഞു കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.