''എന്നാലും... ഇത് കൊറച്ച് ഓവറായിപ്പോയില്ലേടീ...''
മൂന്ന് പെഗ്ഗടിച്ചതിന്റെ ഹാങ്ങോവറിലും ധൈര്യത്തിലുമാണ് സ്റ്റെല്ലയത് പറഞ്ഞത്. രണ്ടാമത്തെ ബിയർ ബോട്ടിൽ ചുണ്ടോടടുപ്പിക്കാൻ തുനിഞ്ഞ ആശ പൊടുന്നനെയൊന്ന് സ്റ്റക്കായി, പിന്നെ കട്ടക്കലിപ്പിൽ 'മടമടാ'യെന്ന് കുപ്പി വായിലേക്ക് കമഴ്ത്തി.
''കുറച്ചൊന്നുമല്ല... നല്ല ഓവറായിപ്പോയി. മീങ്കറി വയ്ക്കാനറിയോന്ന് ചോയ്ച്ചേന് കാമുകന്റെ കരണംപൊകച്ച് ബ്രേക്കപ്പടിച്ച് പോന്നർക്കണു! അണക്കെന്തിന്റെ കേടാ ആശേ...''
വെള്ളമടി പാർട്ടികൾക്കായി മാത്രം റൂം നമ്പർ അമ്പത്തിരണ്ടീന്ന് നാപ്പത്തെട്ടിലേക്ക് ചാടാറുള്ള ഫെമി കിടന്നിടത്തീന്ന് തപ്പിപ്പിടഞ്ഞെഴുന്നേറ്റ് കടല കൊറിച്ചോണ്ട് ചൊറിഞ്ഞു.
''പ്ഫാ... ടേഷ് മക്കളേ... എന്റെ കാശിന് കള്ളും മേടിച്ചടിച്ച് എനിക്കിട്ട് തന്നെ താങ്ങുന്നോ!''
കാലുകൾ അകത്തിെവച്ചിരുന്ന് പാതിയൊഴിഞ്ഞ ബിയർകുപ്പി വിറപ്പിച്ച് ആശ ചീറി.
ആശയുടെ സ്കോളർഷിപ് തുകയും പ്രേമങ്ങളും പ്രേമനൈരാശ്യങ്ങളുമാണ് തങ്ങളുടെ ജീവിതത്തിലെ മഴവില്ല് എന്ന തിരിച്ചറിവിൽ തറച്ചുനിന്ന ഫെമി ആയാസപ്പെട്ട് ആശക്കരികിലേക്ക് നീങ്ങിയിരുന്നു. പിന്നെ ഒച്ച താഴ്ത്തിക്കൊണ്ട് പറഞ്ഞു:
''ന്റെ പൊന്ന് ആശേ... കഴിഞ്ഞ എട്ട് ബ്രേക്കപ്പിലും ഞങ്ങള് ഇടോം വലോം നിന്ന് നിന്റെ കവിളത്ത് മുത്തി. ആ ജിഷ്ണൂന്റെ മോന്തേല് ചാണകസ്പ്രേയടിച്ചപ്പഴും കോഫി ഹൗസിലെ പയ്യന്റെ പണി തെറിപ്പിച്ച് പോന്നപ്പഴും ഞങ്ങള് കട്ടക്ക് നിന്റൊപ്പം നിന്നു. കാരണം, അവന്മാര് നാറികളായിരുന്നു. നീ പൊളിയും. നിന്റെ എട്ട് പ്രേമങ്ങൾ പൊളിഞ്ഞപ്പഴും നമ്മളത് ആഘോഷിച്ചു. ചിയേഴ്സടിച്ച് കഴിഞ്ഞതിനോടൊക്കെ സലാം പറഞ്ഞു. പക്ഷേ... പക്ഷേ ഇതങ്ങനല്ലല്ലോ...''
''എങ്ങനല്ലാന്ന്... ഇതെന്താ വല്ല വിശുദ്ധ പ്രേമാണോ! ഇത് മൂഞ്ചിയതോണ്ട് ഞാനങ്ങ് കെട്ടിത്തൂങ്ങി ചത്തുകളയണംന്നാണോ!''
കുടിച്ചുവറ്റിച്ച കുപ്പി താഴെവച്ച് ആശ ചുണ്ട് കോട്ടി ചിരിച്ചു.
''ശ്ശെ ശ്ശെ... അത് വിട്...'' കസേരയിലേക്ക് കാലുകൾ കയറ്റിവെച്ച് നിലത്ത് മലർന്നു കിടക്കുകയായിരുന്ന സ്റ്റെല്ല, നെഞ്ചിനു താഴെ ശേഖരിച്ചു വെച്ച പോപ്പ്കോൺ പൊടികൾ തട്ടിക്കളഞ്ഞുകൊണ്ടെഴുന്നേറ്റു.
''അവനെന്നല്ല...ഏത് മറ്റവൻ പോയാലും നിനക്ക് പുല്ലാന്ന് ഞങ്ങക്കറിയാ... പക്ഷേ മോളേ...ഇറ്റ് ഹാവ് ബീൻ ടൂ ഇയേഴ്സ്... അഫ്സല് സൂപ്പറാന്ന് നീ തന്നെയെത്രവട്ടം ഞങ്ങളോട് പറഞ്ഞിട്ടൊണ്ട്. നല്ല കോമൺസെൻസ്... ഹ്യൂമർസെൻസ്... ജെൻഡർ സെൻസ്... എന്തൊക്കെയായിരുന്നു. എന്നിട്ടൊരു കാര്യൂല്ലാത്ത കാര്യത്തിന്...'' സ്റ്റെല്ല നിരാശയോടെ ആശയെയും പിന്നെയൊരു സപ്പോർട്ടിനുവേണ്ടി ഫെമിയെയും മാറിമാറി നോക്കി.
''അതു മാത്രല്ലല്ലോ... അവനെ ശരിക്കും ഇഷ്ടായോണ്ടല്ലേ കഴിഞ്ഞ രണ്ട് ദീസം ഒന്നും മിണ്ടാണ്ടേം മര്യാദക്കൊന്നും തിന്നാണ്ടേം നീയീ മുറിക്കകത്ത് ഡിപ്രഷനടിച്ചിരുന്നത്. നിനക്ക് മീങ്കറി അറപ്പാണെന്നും കഴിക്കാത്ത മീങ്കറി പോയിട്ട് നിനക്കിഷ്ടള്ള ബീഫ് കറിപോലും നിനക്ക് വക്കാനറിയില്ലെന്നും അവനോട് പറഞ്ഞാൽ തീരാവുന്ന പ്രശ്നേയുള്ളൂ... അവനിതൊക്കെ മനസ്സിലാവും. എടീ... അവനൊരു പാട്രിയാർക്കൽ തെണ്ടിയൊന്നുമല്ലല്ലോ! ഞങ്ങളിപ്പൊഴും പറയണു... നിങ്ങള് നല്ല മാച്ചാ... നീയവനെ കൈ വെച്ചിട്ട് പോലും അവന് നിന്നോടുള്ള പ്രേമത്തിനയവ് വന്നിട്ടില്ല. നിന്നെ വിളിച്ചാ കിട്ടാത്തോണ്ട് ഇന്നലെത്തൊട്ട് അവനെന്നീം ഇവളേം മാറിമാറി വിളിച്ചോണ്ടിരിക്ക്യാ... നീയവനെയൊന്ന് തിരിച്ച് വിളിക്ക്.'' രണ്ടു ദിവസം മുന്നേ ആശയാൽ മൃതിയടഞ്ഞ മൊബൈൽ ഫോൺ അവൾക്കു നേരെ നീട്ടിക്കൊണ്ട് ഫെമി കെഞ്ചി.
സ്റ്റെല്ലയപ്പൊഴും പ്രതീക്ഷയുടെ തരിമ്പുപോലുമില്ലാത്ത കുറിയ കണ്ണുകൾകൊണ്ട് ആശയെ നോക്കിക്കൊണ്ടിരുന്നു. മനസ്സിലൊന്ന് തിട്ടപ്പെടുത്തിയാൽ അതീന്നെളുപ്പം വ്യതിചലിക്കാത്തൊരുവളാണ് തന്റെ കൂട്ടുകാരിയെന്ന് ആശക്കൊപ്പമുള്ള അഞ്ചു കൊല്ല സഹവാസത്തിലൂടെ സ്റ്റെല്ല മനസ്സിലാക്കിയെടുത്തിരുന്നു.
''ആഹാ... അങ്ങനെ പറ... ബ്രേക്കപ്പിന്റെ പേരിൽ എന്റെ കാശിന് കള്ളും മേടിച്ചടിച്ച് ഒരു പാച്ചപ്പ് പാർട്ടിയൊണ്ടാക്കാനായിരുന്നു പൊന്നുമക്കൾടെ പ്ലാൻ! കിടു തന്നെ.'' ഫെമി നീട്ടിയ ഫോൺ തട്ടിത്തെറിപ്പിച്ച് ആർത്ത് ചിരിച്ചുകൊണ്ട് ആശ പിറകിലേക്ക് മറിഞ്ഞു. കള്ളാലസ്യത്തിൽ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ് അവൾ പൂർണമായ ഉറക്കത്തിലേക്ക് വഴുതി. പന്ത്രണ്ട് മണിക്കൂർ ഇരുത്തം മടുത്ത മെൻസ്ട്രുവൽ കപ്പ് അവളുടെ യോനിയിൽനിന്നും പുറത്തേക്കു ചാടാനാകാതെ വീർപ്പുമുട്ടി.
ഉറക്കത്തിനിടക്ക് ഉലുവയിട്ടു വറ്റിച്ച മീങ്കറിമണം ആശയുടെ മൂക്കിൻതുമ്പിലേക്കൊഴുകിയടിഞ്ഞു. മെലിഞ്ഞിരുണ്ട രണ്ട് നീളൻ കൈകൾ അമ്മിയിലിട്ട് തേങ്ങ ചതക്കുന്നു. തേങ്ങ വാരിയെടുത്ത് പാത്രത്തിലാക്കി അടുപ്പിലെ മൺചട്ടിയിലിരുന്ന തിളക്കുന്ന മീങ്കറിയിലേക്ക് പിഴിഞ്ഞൊഴിക്കുന്നു. അതേ കൈകൾ കരിപിടിച്ച തുണ്ടുതുണികൊണ്ട് മീങ്കറിയടുപ്പീന്ന് മാറ്റി, താളല് വറക്കുന്നു. കറുവേപ്പിലേം ചുവന്നുള്ളീം താളിച്ചൊഴിച്ച മീങ്കറിക്ക് കിറുക്ക് മണം!
ഹോസ്റ്റൽമുറിയിലെ ഒറ്റ ജനലിലൂടെ വെട്ടം വന്ന് മുഖത്ത് തട്ടിയപ്പോഴാണ് ആശ ഉറക്കമുണർന്നത്. നേരം നട്ടുച്ച. വെയിലിൽനിന്ന് മുഖം വെട്ടിച്ച് ഒന്നൂടെ കണ്ണിറുക്കിയടച്ച് തുറന്നപ്പോൾ താൻ സ്റ്റെല്ലയുടെ കട്ടിലിലാണെന്ന് തിരിഞ്ഞു. പാന്റീസിലെ നനവ് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കിയെങ്കിലും മെൻസ്ട്രുവൽ കപ്പ് മാറ്റിവെക്കുന്നതിലെ മുഷിച്ചിലോർത്ത് അൽപനേരമങ്ങനെ തന്നെ കിടന്നു. ഇന്നലത്തെ വെള്ളമടി പാർട്ടിയുടെ അടയാളങ്ങളൊന്നും ബാക്കിവെക്കാതെ സ്റ്റെല്ലയും ഫെമിയും കൂടി റൂം ക്ലീനാക്കിയിരിക്കുന്നു. പാപത്തിന്റെ ദുർഗന്ധത്തിനുമേൽ ജാസ്മിന്റെ റൂം ഫ്രഷ്നറുമടിച്ച് ഹൈസ്പീഡിൽ ഫാനുമിട്ടാണ് രണ്ടു പെണ്ണുങ്ങളും കാമ്പസിലേക്ക് പോയിരിക്കുന്നത്.
ആശ പതിയെ എഴുന്നേറ്റ് നടുവിനു താങ്ങു കൊടുത്തുകൊണ്ട് ക്ഷീണത്തോടെ ബാത്റൂമിലേക്ക് നടന്നു. വലിയ ആയാസമൊന്നും കൂടാതെ മെൻസ്ട്രുവൽ കപ്പെടുത്ത് ആർത്തവരക്തം കഴുകിക്കളഞ്ഞ് തിരിച്ചുവെച്ചു. കഴിഞ്ഞ പിറന്നാളിന് അഫ്സൽ സമ്മാനിച്ചതാണ് ഈ കപ്പ്. ഇളംചുമപ്പ് നിറമുള്ള, ഓറഞ്ച് മണമുള്ള ഒന്ന്. ഞങ്ങളുടെ പ്രണയത്തിന്റെ നിറം കെടാത്ത അവശേഷിപ്പ്.
ഷവറിന് ചുവട്ടിൽ നിൽക്കുമ്പോൾ, യൂനിവേഴ്സിറ്റി കാന്റീനിരുപുറമിരുന്ന് സാൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കേക്കുണ്ടാക്കുന്ന രംഗത്തെപ്പറ്റി ചർച്ചചെയ്യുന്ന കമിതാക്കളിലേക്ക് മനസ്സ് പാഞ്ഞു.
രുചിമുകുളങ്ങളിലേക്ക് ചർച്ച നീളുന്നതിനിടെ പൊടുന്നനെ ആൺകുട്ടി പറഞ്ഞു:
''എനിക്ക് മീങ്കറി ഭയങ്കരിഷ്ടാണ്!''
കുടിച്ചുകൊണ്ടിരിക്കുന്ന നാരങ്ങാവെള്ളത്തിന്റെ ഗ്ലാസ് താഴെ വെച്ച് പെൺകുട്ടിയവനെ ഉറ്റുനോക്കി.
''അറ്റ് ലീസ്റ്റ് ഒരു മീങ്കറിയെങ്കിലും വക്കാനറിയുമോ നിനക്ക്?'' ആൺകുട്ടിയുടെ ചോദ്യമുന ശൂലംകണക്കിരുന്നു. പെൺകുട്ടിക്ക് നീറി. ഇടക്കാലത്തെന്നോ ഉണങ്ങാൻ തുനിഞ്ഞ അവളുടെ ഉൾമുറിവിൽനിന്ന് വെളുത്ത ദ്രാവകം ഹൃദയത്തിലേക്ക് പടർന്നു.
''നീ മീങ്കറി വക്കാൻ പഠിക്കണം!'' ആൺകുട്ടി കനത്തു.
തന്റെ മുന്നിലിരുന്ന ചില്ല് ഗ്ലാസ് തട്ടിത്തെറിപ്പിച്ച്, ഇരുന്നിടത്തുനിന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റ് കാമുകന്റെ കരണം പൊകച്ച് പെൺകുട്ടി പുറത്തേക്ക് നടന്നു.
ആശക്ക് വല്ലാതെ തണുപ്പനുഭവപ്പെട്ടു. ടവ്വലെടുത്ത് ശരീരത്തിലെ നനവൊപ്പിയെടുത്ത് ഇട്ടിരുന്ന കുപ്പായം തന്നെ വീണ്ടുമെടുത്തണിഞ്ഞ് അവൾ ബാത്റൂമിന്റെ വാതിൽ തുറന്ന് ധൃതിയിൽ പുറത്തേക്കിറങ്ങി.
കൈയിലൽപം മോയ്സ്ച്യുറൈസറുമെടുത്ത് അലമാരക്കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ, ഇരുണ്ട് മെലിഞ്ഞ് നീളൻമുടിയുള്ളൊരുവളായി താൻ പരിണമിക്കുന്നുവെന്ന് ആശക്ക് തോന്നി. കണ്ണാടിയിലെ സ്ത്രീയുടെ കൂർത്ത മൂക്കിൽ ചുവന്ന മൂക്കുത്തിക്കല്ല് തിളങ്ങി. വരണ്ട ചുണ്ടുകൾ ചിരിക്കാനാഞ്ഞു. കണ്ണിലപ്പൊഴും വറ്റാത്തൊരുറവ! പൊടുന്നനെ അവരുടെ മുഖം പൊള്ളലേറ്റതുപോലെ ചുവന്നു. കവിളുകളിലും നെറ്റിയിലും കുമിളകൾ പൊന്തി. ചുണ്ടുകൾ വികൃതമായി. ആശക്ക് നീറി. ചെറിയ വിറയലോടെ അവൾ പിറകോട്ട് തെന്നി. കണ്ണാടിയിലെ സ്ത്രീരൂപം കാണാനാവതില്ലാതെ അവൾ കണ്ണുകളിറുക്കിയടച്ച് തലതാഴ്ത്തി നിന്നു. രണ്ടു കൈയുംകൊണ്ട് മുഖം പൊത്തിപ്പിടിച്ച് ആശ നിലത്ത് കുന്തിച്ചിരുന്നു. തുടരത്തുടരെയുള്ള വാതിൽമുട്ട് കേട്ടാണ് പ്രയാസപ്പെട്ടാണെങ്കിലും എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നത്. സ്റ്റെല്ലയാണ്. ഇളിച്ചുകൊണ്ടാണ് നിൽപ്. കൈയിലൊരു പാർസൽ പൊതിയുണ്ട്.
''നീയിവിടെ ശോകമടിച്ചിരിക്കുമ്പൊ എനിക്കാ ശീതീകരിച്ച മുറിയിലിരുന്ന് മെത്തഡോളജിയെഴുതാനൊക്കുമോ മോളേ... ഞാനിങ്ങ് പോന്നു.''
സ്റ്റെല്ല ആശയുടെ തോളിൽ കൈയിട്ടോണ്ട് റൂമിനകത്തേക്ക് കയറി.
''നൈറ്റ് ഫെമി കെട്ടിയെടുക്കുന്നൊണ്ട്. ബിയറെടുക്കണമെന്നാ ഓർഡർ. ഹെന്റെ പൊന്നാശേ... നീയഫ്സലുമായി കോംപ്രമൈസാകുന്ന വരെ അവളിവിടെ ബ്രേക്കപ്പ് പാർട്ടിയാഘോഷിക്കുവെന്നാ തോന്നണേ..!'' സ്റ്റെല്ല അലസമായി ചിരിച്ചു.
ആശയുടെ നിസ്സംഗതയെ വെല്ലുവിളിച്ചുകൊണ്ട് സ്റ്റെല്ല ചോദിച്ചു:
''നീയവനെ വിളിച്ചാരുന്നോ?''
ആശ 'ഇല്ലെന്ന്' തലയാട്ടി.
''ഹാ... അതെന്തേലുമാകട്ട്... നീയീ ശോകമൂകഭാവമൊക്കെയൊന്ന് മാറ്റി ഉഷാറായിക്കേ... ഞാനൊന്നാന്തരം ബീഫ് ബിരിയാണി കൊണ്ടുവന്നിട്ടൊണ്ട്. ബീഫ് ബിരിയാണിക്ക് മുമ്പിൽ മുട്ടുമടക്കാത്ത ഡിപ്രഷനൊന്നും നിനക്കില്ലെന്റെ കൊച്ചേ...''
ആശ ചിരിച്ചെന്നു വരുത്തി. ടേബിളിനു മുകളിൽ വെച്ച പാർസൽ പൊതി കെട്ടഴിക്കുന്ന സ്റ്റെല്ലയെ നോക്കി ആശ പൊടുന്നനെ പറഞ്ഞു:
''അവനെന്നോട് മീങ്കറിയുണ്ടാക്കാൻ പഠിക്കണമെന്നാ പറഞ്ഞത്!'' സ്റ്റെല്ല ചെയ്തിരുന്ന പണി നിർത്തിവെച്ച് ആശയെ തിരിഞ്ഞുനോക്കി.
''പറച്ചിലല്ലടീ... അതൊരാജ്ഞയായിരുന്നു. അവന്റെ മുഖമപ്പോൾ എന്റച്ഛന്റെപോലിരുന്നിരുന്നു.'' സ്റ്റെല്ല നിശ്ശബ്ദമായി ആശക്കരികിലേക്കടുത്തു.
''കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം എന്റമ്മേടെ രൂപമാണ് ഞാൻ കാണുന്നത്. നീണ്ടുമെലിഞ്ഞ്... കണ്ണു കലങ്ങി... എനിക്കവരെയത്ര ഇഷ്ടൊന്നുമല്ലായിരുന്നു. അവരെന്നെ കൊഞ്ചിച്ചിട്ടില്ല... ചോറൂട്ടിയിട്ടില്ല... മുടിപിന്നിതന്നിട്ടില്ല... ഒരിക്കലുമെന്നെ കെട്ടിപ്പിടിച്ച് കിടന്നിട്ടില്ല...''
തന്നെതന്നെയുറ്റുനോക്കുന്ന സ്റ്റെല്ലയിൽനിന്നും മുഖംവെട്ടിച്ചുകൊണ്ട് ആശ തുടർന്നു:
''ഒരീസം... ഞാനന്നൊന്നിലോ രണ്ടിലോ പഠിക്കുവാണ്. സ്കൂളിൽ പോകാനൊരുങ്ങി നിക്കുന്ന എനിക്കു മുന്നിൽ മുട്ടുകുത്തി നിന്ന് അവരെന്നോട് 'അമ്മ പോകുവാ'ന്നൊരു പറച്ചിലാരുന്നു. കൂടെ പോരണോയെന്നൊന്നും ചോദിച്ചില്ല. അവരെല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു. ഒടുവിൽ എഴുന്നേറ്റുനിന്ന് അവരുടെ വയറ്റിലേക്കെന്റെ മുഖമമർത്തി പിടിച്ചുകൊണ്ട് 'എപ്പൊഴേലും എവിടുന്നേലുമിറങ്ങി പോരണമെന്നു തോന്നിയാല് അതപ്പൊത്തന്നെയങ്ങ് ചെയ്തേക്കണേ മോളേ... അമ്മേടത്രീം വൈകിപ്പിച്ചേക്കല്ലേ'ന്ന് പറഞ്ഞു. എനിക്കതിന്റർഥം മനസ്സിലാകാൻ എത്രയോ കാലമെടുത്തു. എനിക്കമ്മയോട് സ്നേഹം തോന്നാനും അത്രതന്നെ കാലമെടുത്തു.'' കട്ടിലിന്മേലിരിക്കുന്ന ആശയെ സ്റ്റെല്ല തന്റെ മാറോടണച്ചുപിടിച്ചു. കുഞ്ഞ് അമ്മയിലേക്കെന്നോണം ആശ സ്റ്റെല്ലയിലേക്ക് ചാഞ്ഞു. അൽപമേറെനേരം ആ ഇരിപ്പ് തുടർന്നു.
ആശയും സ്റ്റെല്ലയുംകൂടി ബിരിയാണിപ്പൊതിയുമെടുത്തോണ്ട് നിലത്തിരുന്നു. സ്റ്റെല്ല ആശക്ക് വിളമ്പിക്കൊടുത്തു. ഒരു വാ ബിരിയാണി രുചിച്ചുനോക്കിയതിനുശേഷം ആശ പറഞ്ഞു:
''അമ്മ നല്ല ഉഷാറ് മീങ്കറിയുണ്ടാക്കുമായിരുന്നു. കൊടമ്പുളിയൊക്കെയിട്ട്... ചെറുള്ളീം ഉലുവേം വറുത്തിട്ട്...ഒരു രക്ഷീമില്ലാത്ത സായ്നാണ്. കഷ്ണമൊക്കെ അച്ഛനാണ്. ന്നാലും നമുക്കാ ചാറ് മതി... ഒരു കുന്ന് ചോറുണ്ണാം.
മീങ്കറി തിളക്കണേനൊപ്പം പൊന്തി പടരണൊരു മണണ്ട്. മത്താണ്! മണം പിടിച്ചോണ്ട് ഞാനടുക്കളേൽതന്നെ പറ്റിക്കൂടും. മീങ്കറി വെച്ച ദിവസം പതിവുപോലെ വീട്ടിൽ വലിയ വഴക്കുണ്ടായി. ഒച്ചയിട്ട് കലഹിച്ച് അയാളടുക്കളേൽക്ക് മണ്ടിപ്പാഞ്ഞു വന്നു. തിളച്ചോണ്ടിരിക്കണ മീങ്കറിയെടുത്ത് അമ്മേടെ തലവഴിയൊരു കമിഴ്ത്തലാണ്. അതിന്റെ ചാറ് തെറിച്ച് എന്റെ കഴുത്തും കവിളുമെല്ലാം നീറി പൊകഞ്ഞുപോയി. അമ്മ നിലത്ത് വീണു. കെടന്ന് പെടഞ്ഞു. അവര് മരിച്ച് പോയെന്ന് തന്നെ ഞാൻ കരുതി... അതിന്റെ നാലാം നാളാണ് ഞാനവസാനമായി അമ്മയെ കണ്ടത്!
മീങ്കറി കാണുമ്പൊഴൊക്കേം എനിക്കവർടെ മുഖമതില് കെടന്ന് പെടക്കണ മാതിരി തോന്നും!''
സ്റ്റെല്ല ആശക്ക് മുന്നിൽ നിശ്ചലമായിരുന്നു.
പതിയെയെഴുന്നേറ്റ് ചെന്ന് കൈകഴുകുമ്പോൾ വാഷ്ബേസിനു മുന്നിലെ കണ്ണാടിയിൽ ഇരുണ്ട് നീണ്ടുമെലിഞ്ഞ സ്ത്രീരൂപം തെളിഞ്ഞുവരുന്നത് ആശ കണ്ടു. അവരുടെ മുഖമാകെ വെളുത്ത പാണ്ടുകൾ കിളിർത്തുവന്നു. ഇറുകി പുണരാനുള്ള അത്യാർത്തിയോടെ അവർ രണ്ടു കൈകളും ആശക്കു നേരെയുയർത്തി!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.