എന്റെ വാർധക്യകാല ദിവസങ്ങളിൽനിന്നും പറയത്തക്ക പുതുമകളൊന്നുംതന്നെ ഇല്ലെങ്കിലും പതിവുപോലെ ''ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം'' എന്ന പാട്ടും കേട്ട് ജെനിയെ (വളർത്തുനായ) മടിയിൽവെച്ച് തലോടിക്കൊണ്ട് ഞാൻ എന്റെതന്നെ പുസ്തകങ്ങളിൽ ഒന്ന് രഹസ്യമായി പത്രത്തിനുള്ളിൽ വെച്ച് വായിച്ച് 'ചില്ല്' ചെയ്യും.
എന്റെ പുസ്തകത്തിലെ കഥകൾ സ്വയം വായിച്ചു, വേറെ വിമർശകർ ഒന്നും ഇല്ലാത്തതിനാൽ സ്വയം വിമർശിച്ച് കഥയിലെ അർഥപൂർണമായ വാക്യങ്ങൾ വീണ്ടും വീണ്ടും വായിച്ച് സ്വയം അഭിനന്ദിക്കുന്ന ഞാൻ എനിക്കുതന്നെ ഒരു അത്ഭുതമാണ്. അതിനു തെളിവുകളായ മച്ചിൽ കെട്ടിക്കിടക്കുന്ന വിറ്റുപോവാത്ത എന്റെ പുസ്തകങ്ങൾ എന്നെ നോക്കി ഇളിച്ചുകാട്ടി.
കുറച്ച് സെന്റിമെന്റൽ ആയി തോന്നുമെങ്കിലും വാർധക്യത്തിന്റെ നാളുകൾ ഇങ്ങനെയാണ് അടിച്ചുപൊളിച്ചു തീർക്കുന്നത്. രാവിലെ അഞ്ചുമണിക്ക് അലാറമടിച്ചാലും എഴുന്നേൽക്കാതെ ആറുമണിക്ക് എഴുന്നേറ്റ് സോക്സും ഷൂവും ഇട്ട് കൈയും വീശി നടക്കാൻ പോകും. 'ഹെൽത്ത് ഈസ് വെൽത്ത്' എന്നാണല്ലോ ശാസ്ത്രം. വെറുതെ എന്തിനാ ഈ വയസ്സാൻകാലത്ത് കാലന്റെ യമപുരിക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്യുന്നത്!
''അയാം സ്റ്റിൽ 18 യൂ നോ!..''
''റെഡി റ്റു മിങ്കിൾ.''
ഈ പ്രായത്തിൽ കോഴിത്തരത്തിന് ഒരു കുറവും ഇല്ല! നടത്തത്തിനുശേഷം ഒരു കുളി നിർബന്ധാ. അതിനുശേഷം ടെറസിലെ പച്ചക്കറി തോട്ടം നനച്ച്, സൂര്യരശ്മികളിൽ തിളങ്ങി വിരിഞ്ഞുനിൽക്കുന്ന പയറിന്റെ പൂവും നോക്കി മഹാകവി, ഒരു പത്ത് മിനിറ്റ് നേരം അർഥഗർഭമായി അഞ്ചാം ക്ലാസിൽ പഠിച്ച നാലുവരി കവിത പറയാൻ നോക്കുമെങ്കിലും മറന്നുപോകും. സ്ഥിരം ക്ലീഷേയോടെ ''പ്രായമായി വര്വല്ലേ'' എന്ന കോമഡിയും പാസാക്കി, യൂട്യൂബിലെ നൂറ് വയസ്സുവരെ ജീവിച്ചിരിക്കാൻ 101 വഴികൾ എന്ന വീഡിയോയിൽ പറഞ്ഞപോലെ പല്ല് കാട്ടി ചിരിച്ചുകൊണ്ട് ഗേറ്റിൽവെച്ച പാൽക്കുപ്പി ഇളംമഞ്ഞത്ത് എടുക്കാൻ പോകും.
''വൃശ്ചികമാസേ കുളിരാരംഭേ ധനു മകരേ ഘോരേഘോരേ...'' എന്നു പറഞ്ഞുകൊണ്ട് ചേട്ടന്റെ കൊച്ചുമക്കളുടെ അടുത്തേക്ക് പോകും. കൊച്ചുമക്കൾ സ്കൂളിൽ പോകാനുള്ള തിരക്കായിരിക്കും. അതിനിടയിൽ ഇളയവൻ എന്നെ അടുത്തുവിളിച്ച് കാര്യം പറയും.
ചെറിയച്ഛാച്ചോ... ഇന്നലെ പറഞ്ഞ കാര്യം എന്തായി?
ഞാൻ പെരുവിരൽ ഉയർത്തി 'റെഡി' എന്ന് ആംഗ്യം കാണിക്കും. ടീച്ചർ അവനു കൊടുത്ത കടുകട്ടി ഹോംവർക്ക് കണക്കുകളൊക്കെ വിരലിൽ കണക്കുകൂട്ടി ചെയ്തുതീർക്കും. അത് എന്തിനാണെന്ന് ചോദിച്ചാൽ ഞാനും ഒരു മൂക്കട്ട ഒലിപ്പിച്ച് നടക്കുന്ന കുട്ടി ആണെന്ന് ഉത്തരം. ഇടക്ക് കണക്കുതെറ്റിയാൽ 'വയസ്സായി വര്വല്ലേ' എന്ന് സമാധാനിക്കും.
മൂത്തവൻ ഉറക്കത്തീന്ന് എണീറ്റാൽ കണ്ണുപോലും തുറക്കാതെ അടുക്കളയിൽചെന്ന് അവന്റെ അമ്മയോട് ചോദിക്കും, ഇന്ന് സ്കൂൾ ഉണ്ടോ? അതിനുത്തരം ''ഉണ്ട്'' എന്നാണെങ്കിൽ പരമശിവൻ തൃക്കണ്ണ് തുറക്കുന്നതുപോലെ കണ്ണുതുറന്നു, പല്ലുതേച്ച് ഭക്ഷണം കഴിച്ചശേഷം സ്കൂളിൽ പോവാൻ റെഡി ആവും. ഇല്ലേൽ പാമ്പ് മാളത്തിൽ കയറി ചുരുണ്ടു കൂടുന്നതുപോലെ പുതപ്പിനുള്ളിൽ കയറി ചുരുണ്ടുകൂടും. സ്കൂളുള്ള അന്ന് തള്ളേം പിള്ളേ ഒരുങ്ങി പുറത്തുപോകുമ്പോൾ ഇളയവൻ ചെറിയച്ഛാച്ചാ എന്ന് കൈവീശി റ്റാറ്റാ തന്നു പോകും. അത് കഴിഞ്ഞ് എല്ലാം എന്റെ നിയന്ത്രണത്തിലാണ്.
തോന്നുമ്പോൾ തോന്നുമ്പോൾ ഫോണിൽ പബ്ജി, ഫ്രീ ഫയർ കളിക്കാം. ടെലിഗ്രാമിന്ന് പടം ഡൗൺലോഡ് ചെയ്തു കാണാം . ബ്ലൂടൂത്ത് സ്പീക്കറിൽനിന്ന് ബില്ലി എല്ലിഷിന്റെയോ എമിനത്തിന്റെയോ ബോബ് മാർലിയുടെയോ ടെൻഡൻഷ്വാവിന്റെയോ ഫാരൻ വില്യംസിന്റെയോ ആരുടെയും പാട്ട് വേണേൽ കേട്ട് വെറുതെ ഇരിക്കാം. ഡാൻസും കളിക്കാം. ഒരു പ്രശ്നോം ഇല്ല. പക്ഷേ, കൊച്ചുമക്കൾ തിരിച്ചുവരുന്ന സമയം അലാറം വെക്കണംന്ന് മാത്രം.
പിന്നെ ഒരു കാര്യം ഡാൻസ് കളിച്ച് അറിയാതെപോലും ചാടാൻ പാടില്ല. മുട്ട് അടുത്തിടെയായി നല്ല വേദനയാ! വയസ്സായില്ലേ! ചാരുകസേരയിൽ ഇരുന്നു പാട്ടും കേട്ട് ലൈബ്രറിയിൽ എന്തിനോ വേണ്ടി പൊടിപിടിച്ച് കെട്ടിക്കിടക്കുന്ന പുസ്തകം വായിക്കാം. അതുകഴിഞ്ഞ് കുടവയറും തൂക്കിപ്പിടിച്ച്, ഇപ്പോൾ മുഴു കിളവന്മാരും കിളവികളുമായ ഫ്രണ്ട്സിനെ കണ്ടു കൊണകൊണാന്ന് രണ്ട് വർത്തമാനം പറയാം. അൽപം തള്ളുകയുമാവാം. ഇതിനിടയിൽ പത്രവും വായിച്ചു വീട്ടിൽചെന്ന് മൈ ഫേവറേറ്റ് ഡിഷ് ഓംലെറ്റ് ഉണ്ടാക്കി കഴിക്കും. വെറുതെ മുട്ട ചൂടാക്കുക മാത്രമല്ല, രണ്ട് മൂന്ന് ടീസ്പൂൺ കുരുമുളക് പൊടി ഒരു നുള്ള് ഉപ്പും ചേർത്ത് ഗ്ലാസിലിട്ടു ടക ടകാന്ന് സ്പൂണോണ്ട് ഗ്ലാസിലിട്ടു അടിച്ച് അത് ചുട്ടെടുത്ത് കഴിക്കും. നേരത്തേ സെറ്റ് ചെയ്ത അലാറം അടിക്കുമ്പോഴേക്കും തള്ളേം പിള്ളാരും വീട്ടിൽ വന്ന് മാനവും കറുത്തു കലങ്ങി, പിള്ളേര് ടീച്ചർമാര് കൊടുത്ത എടുത്താ പൊങ്ങാത്ത ഹോംവർക്ക് ചെയ്തു കുത്തിയിരിക്കുന്നുണ്ടാകും. ശേഷം കുടവയറും തലോടി സ്മാർട്ട് ടീവീല് നെറ്റ് ഫ്ലിക്സും കണ്ടോണ്ട് ഞാനിരിക്കും. അതും കഴിഞ്ഞ് ഡിം... ചത്തതല്ല. ചത്ത പോലെ ഉറങ്ങും. സ്മാർട്ട് ഫോണും ടി.വിയും ഇല്ലാത്ത ഒരുദിവസം എനിക്ക് സ്വപ്നം കാണാൻകൂടി കഴിയില്ല.
ദിവസങ്ങളിങ്ങനെ സൈക്കിൾ ടയർപോലെ കറങ്ങിക്കൊണ്ടിരിക്കും. എന്നാൽ, ഇതൊന്നുമല്ല എനിക്ക് പറയാനുള്ളത്!
ഞാൻ എവിടെനിന്നോ എത്രയോ കാലങ്ങളായി കാത്തിരുന്ന ഒരു മണിയുടെ ശബ്ദം കേട്ടു. ആ ശബ്ദം കുറെക്കാലമായി ഷെൽഫിലെ പൊടിപിടിച്ചു കിടക്കുന്ന പുസ്തകത്തെപ്പോലെ പൊടിപിടിച്ച് ചിതലു കയറിയ ഒന്നായിരുന്നു. പറയുന്നത് കേട്ടിട്ട് പരട്ട കിളവൻ എന്താ ഈ പറയുന്നതെന്ന് ചിന്തിച്ചാലും അതിൽ ഞാൻ കുറ്റം പറയില്ല.
''ഒരു പഞ്ഞിമുട്ടായി ജീവിതത്തിലൊരിക്കലെങ്കിലും കഴിക്കണം.''
പിങ്ക് നിറത്തിൽ ചകിരിപോലെ തോന്നുന്ന ഒന്ന്, ചുരുട്ടിയാൽ കൈവെള്ളയിൽ ഒതുങ്ങുന്ന പഞ്ഞിമുട്ടായി.
ആദ്യമായി പഞ്ഞിമുട്ടായി കാണുന്നത് അമ്മായീടെ മോന്റെ കയ്യിലാ! ആദ്യ കാഴ്ചയിൽ അവൻ പഞ്ഞി തിന്നുന്നത് കണ്ട് ഞാൻ ഞെട്ടിയെങ്കിലും അവനത് എന്നെ കൊതിപ്പിച്ചുതന്നെ തിന്നു. രുചി നോക്കാൻ ഒരു കഷണംപോലും തന്നില്ല. പിന്നീട് പഞ്ഞിമുട്ടായിയെ കുറിച്ചുള്ള എന്റെ ഗവേഷണങ്ങളിൽനിന്ന് കുറേ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി.
ഞങ്ങളുടെ നാട്ടിലേക്ക് വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ബംഗാളി ഒരു കോലിൻമേൽ പഞ്ഞിമുട്ടായി കെട്ടിയിട്ട് മണികിലുക്കി വരാറുള്ളൂ. അയാളുടെ മണി ശബ്ദം കേട്ടാൽ നാട്ടിലുള്ള പിള്ളേര് മുഴുവൻ ഓട്ടയുള്ള മുഷിഞ്ഞ പത്ത് രൂപ നോട്ടുമായി പാഞ്ഞെത്തും. പക്ഷേ, എന്റെ അമ്മയോട് ചോദിച്ചാൽ പത്തുരൂപ പോയിട്ട് ഓട്ടക്കാലണപോലും കിട്ടില്ല. രണ്ടു കാരണങ്ങളാണുള്ളത്.
ഒന്ന്: അമ്മയുടെ കൈയിൽ ചോദിക്കുമ്പോൾ പൈസ കാണണമെന്നില്ല.
രണ്ട്: പഞ്ഞിമുട്ടായി തിന്നുന്ന നാലിൽ മൂന്നുഭാഗം പിള്ളേർക്കും ഛർദിയും തൂറലും ഇടതടവില്ലാതെ വരും.
പഞ്ഞിമുട്ടായി വിൽക്കാൻ വരുന്ന ബംഗാളി പഞ്ഞി, കളർ വെള്ളത്തിൽ മുക്കി അത് പഞ്ചസാരയിൽ കുതിർപ്പിക്കുന്നുണ്ടെന്നാ അംഗൻവാടിയിലെ തുപ്പൽറാണി ആൻസി പറയുന്നത്. എന്തായാലും ക്ലാസിലെ എല്ലാ കുട്ടികൾക്കും പഞ്ഞിമുട്ടായി ഒരു രാത്രി സ്വപ്നമായിരുന്നു.
ഇക്കണ്ട കോലാഹലങ്ങൾക്കെല്ലാം ഇടയിലും എനിക്കും ഒരു പറ്റ് പറ്റിയിട്ടുണ്ടായിരുന്നു.
''വനജ്യോത്സ്ന.''
''മാപ്പു നൽകൂ... പ്രിയ വനജ്യോത്സ്നേ നീ മാപ്പു നൽകൂ സ്നേഹിച്ച തെറ്റിനായ്...'' ഒ.എൻ.വിയുടെ വരികൾ കടമെടുക്കട്ടെ. നോക്കുക എന്നത് ഒരു പൗരന് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണല്ലോ. വനജ്യോത്സ്ന ആൻസിയോടൊപ്പം കളിക്കും. ഞാൻ നോക്കും. അവള് ഉച്ചക്ക് അംഗൻവാടിയിൽ ഉറങ്ങാൻ കിടക്കും. ഞാൻ കിടന്നോണ്ട് നോക്കും. അവള് ഉച്ചക്ക് ഉണക്ക കഞ്ഞീം പയറും കഴിക്കും. ഞാൻ നോക്കും. ദാഹിക്കുമ്പോൾ ചൂട് വെള്ളം കുടിക്കും. ഞാൻ നോക്കും. ഇടയിൽ ഒന്ന് കൃഷ്ണമണി എന്റെ നേരെ തിരിഞ്ഞാൽ നായകന്മാര് സിനിമയിൽ ചെയ്യുന്ന സ്ഥിരം ക്ലീഷേ, മുഖം വെട്ടിക്കും. അംഗൻവാടിയിൽ വരുന്നതുതന്നെ അതിനുവേണ്ടിയാ.
കുറച്ച് ശ്രദ്ധപറ്റാൻ ഞാൻ ഉച്ചത്തെ കഞ്ഞിക്ക് കൂട്ടാൻ അമ്മയെക്കൊണ്ട് പ്രത്യേകം മുളക് ചമ്മന്തി ഏർപ്പാടാക്കും. കുട്ടികൾ കാണെ ചമ്മന്തി വലിയ കാര്യത്തിൽ ടീച്ചർക്ക് കൊടുക്കും. പിന്നെ ചെറിയ ഒരു ഷോക്ക് വേണ്ടി മാന്യത നടിച്ചുനിൽക്കും. അത് കാണുമ്പോൾ ടീച്ചർ കൈയടിക്കാൻ പറയും. കുട്ടികൾ ൈകയടിക്കും. കൂട്ടത്തിൽ വനജ്യോത്സ്നയും കൈയടിക്കും. അതാണ് നമ്മുടെ ടാർജറ്റ്. ചെറുപ്പത്തിലേ അങ്ങനെ ചെറിയ ചെറിയ ബാലപാഠം ഞാൻ പഠിച്ചുകൊണ്ടിരുന്നു.
എല്ലാം സുഖസുന്ദരമായി പോകുന്നു. എന്റെ നോട്ടം, ആൻസിയുടെ (തുപ്പൽറാണി) തുപ്പൽ, മാധവന്റെ തുടരത്തുടരെയുള്ള നിക്കറിൽ മുള്ളൽ, ഇതിന് എല്ലാത്തിനും പുറമെ വേറൊരെണ്ണം ബാംഗ്ലൂരീന്ന് കെട്ടുകെട്ടി വന്നു.
ശംഭു!
ശംഭു ഒരു ബനിയന് മുകളിൽ ഷർട്ടും കേറ്റി അതിനു താഴെ കീറിപ്പറിഞ്ഞ ജീൻസും ഇട്ടു ഒരു പരിഷ്കാരി. ആ ഭ്രാന്തൻ എന്ന് അംഗൻവാടിയിൽ കാലുകുത്തിയോ അന്ന് തുടങ്ങിയതാ എന്റെ കഷ്ടകാലം. വനജ്യോത്സ്നയും ആൻസിയുമൊക്കെ അവന്റെ പിറകെ നടന്നു സൊള്ളും.
കാര്യങ്ങൾ ഇങ്ങനെ പോയാൽ ശരിയാവില്ല എന്നുവെച്ച് പിറ്റേന്ന് ഞാൻ ചേട്ടന്റെ നിറംമങ്ങിയ ഒരു ബനിയനും അതിനുമുകളിൽ ചേട്ടന്റെ, എനിക്ക് പാകമല്ലാത്ത ഒരു ഷർട്ടും കൈയിൽ അപ്പൂപ്പനോട് പറഞ്ഞ് ഉണ്ടാക്കിയ ഒരു വാച്ചും (ബ്രാൻഡ്: കുരുത്തോല) ഇട്ട് അംഗൻവാടിയിൽ പോയി. ഞാൻ പോകുന്നിടത്തെല്ലാം ചേട്ടന്റെ ഷർട്ട് നിലം തൂത്തുവാരി. ശംഭുവിന്റെ മുന്നിൽ ആളാവാൻ ഞാൻ ചുമരും ചാരി എന്നെക്കൊണ്ടാവുന്ന ആറ്റിറ്റ്യൂഡും കൊടുത്തു അവിടെനിന്നു. എന്നാൽ കുറച്ചു വൈകിയായിരുന്നു ഈ പരിപാടി നമുക്ക് പ്രതികൂലമായ ഫലമാണ് നൽകുന്നത് എന്നറിഞ്ഞത്.
പിന്നെ ഓണത്തിന് കൈനീട്ടമായി കിട്ടിയ പത്തുരൂപ കൊടുത്തു, ഒരു പഞ്ഞിമുട്ടായി വാങ്ങി. അതു പെട്ടെന്നു തിന്നുതീർത്തില്ല. ഇത് ബാംഗ്ലൂരുകാരൻ പരിഷ്കാരിക്ക് കൊടുക്കാവുന്ന ആദ്യത്തെ അടി ആയിരിക്കണം. അന്ന് അംഗൻവാടിയിൽ പഞ്ഞിമുട്ടായി കൈയിൽ പിടിച്ചാണ് പോയത്. എല്ലാ കുട്ടികളും അത് നോക്കിയിരുന്നു വായിൽ വെള്ളമിറക്കി. വനജ്യോത്സ്ന ആദ്യമായി കൊതിയോടെ എന്റെ കൈയിൽ ഇരിക്കുന്ന പഞ്ഞിമുട്ടായിയിലേക്ക് നോക്കി. ക്യാപ്റ്റൻ അമ്പയറോട് ചോദിക്കാതെ വിക്കറ്റ് കിട്ടാറില്ലല്ലോ. ഞാൻ ആ പഞ്ഞിമുട്ടായി അവൾക്കു കൊടുത്തു. എന്നിട്ട് മഴയത്ത് ഇരുന്ന് പഞ്ഞിമുട്ടായി കഴിക്കുന്ന രണ്ടുപേരുടെ ദൃശ്യം മനസ്സിൽ വെറുതെ വരച്ചിട്ടു. അവൾക്ക് പഞ്ഞി മുട്ടായി വല്ലാതെ ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അവളത് കൈവെള്ളയിൽ സൂക്ഷിച്ചു. അംഗൻവാടിയിൽ. ഉച്ചക്ക് എല്ലാവരും ഉറങ്ങിയിരുന്നു. വനജ്യോത്സ്ന പതുക്കെ കണ്ണുതുറന്ന് പഞ്ഞിമുട്ടായി ശംഭുവുമായി പങ്കുവെച്ചു കഴിച്ചു. എന്റെ ഹൃദയം ആയിരം കഷണങ്ങളായി നുറുങ്ങിയതുപോലെ തോന്നി.
''ഉറക്കത്തിൽ ഇടക്ക് ഹാർട്ട് അറ്റാക്ക് വന്നു ചാവുന്നതിനുമുമ്പ് ഇവളാണ് എല്ലാത്തിനും കാരണമെന്ന് മരണമൊഴി എഴുതിവെച്ച് ചത്താൽ മതിയായിരുന്നു.''
ഞാൻ അവിടെ കിടന്നു കാറാൻ തുടങ്ങി. അംഗൻവാടിയിലെ ടീച്ചർമാർ ചുറ്റുംകൂടി പിടിച്ചെഴുന്നേൽപിച്ചു. കാര്യമെന്താണെന്ന് തിരക്കി. ഞാൻ ഒച്ചവെച്ച് കരഞ്ഞ് അവർ രണ്ടുപേരുടെയും മേൽ ചാടിവീഴാൻ ശ്രമിച്ചു. ടീച്ചർമാർ എന്റെ കൈത്തണ്ടയിൽ ശക്തിയിൽ പിടിച്ചുവെച്ചു: ഞാൻ അലറി കരഞ്ഞിട്ടും വനജ്യോത്സ്ന ഒന്നും നടക്കാത്തപോലെ എന്നെ തുറിച്ചുനോക്കിയിരുന്നു, ഞാൻ എന്തൊക്കെയോ തെറി വിളിച്ചുപറയാൻ തുടങ്ങി, ഒരു ചാറ്റൽമഴക്ക് ശേഷം ഒരു ഭീമൻ ഇടിവെട്ടോടുകൂടി അസഭ്യമഴ കോരിക്കോരി ചൊരിഞ്ഞു. അവസാനം ചെറിയൊരു മിന്നലോടുകൂടി വായിൽ വെള്ളം വറ്റി. ഞാനവിടെ തളർന്ന് അവശനായി കിതച്ച് ഇരുന്നുപോയി. കവിളിലെ ചാലിൽ ഒരിക്കലും നിലക്കാത്ത വെള്ളം ഒഴുകിക്കൊണ്ടിരുന്നു. അണ്ണാക്ക് അടഞ്ഞിരുന്നു. അംഗൻവാടിയുടെ അടുത്തുകിടക്കുന്ന ഓട്ടോസ്റ്റാൻഡിലെ ഓട്ടോക്കാരെല്ലാം തെറിഭാഷണം കേട്ട്, എന്നെ സാകൂതം നോക്കി. അവരെയും ഞാൻ തെറി വിളിച്ചിരിക്കുമോ? ഓർമയില്ല. അന്നത്തോടെ സ്ത്രീവിഷയത്തിലുള്ള അധ്യായം എന്നെന്നേക്കുമായി ഞാൻ അടച്ചു. പിന്നീട് ഉറക്കത്തിനിടയിൽ എന്തു നിഷ്ഠുരവും ക്രൂരയുമായ ജീവിയാണ് സ്ത്രീയെന്ന് ഞാൻ സങ്കൽപിച്ചു.
എന്തൊക്കെയോ കാരണംകൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ ഒന്നുംതന്നെ പഞ്ഞിമുട്ടായി ഞാൻ വാങ്ങിയില്ല. ഏഴാം തരത്തിൽ മൈസൂരിലേക്കുള്ള ട്രിപ്പിനു വേണ്ടി അമ്മയോട് പൈസ ഒപ്പിച്ചു പോയപ്പോഴാണ് പലനിറത്തിലുള്ള പഞ്ഞിമുട്ടായി ശ്രദ്ധിച്ചത്. മേഘക്കെട്ടുപോലെ പല നിറമുള്ള മുട്ടായി വീണ്ടും എന്നെ ഹരം കൊള്ളിച്ചു. പക്ഷേ അന്നും എനിക്ക് പഞ്ഞിമുട്ടായി കിട്ടിയില്ല.
ഓർമകളിൽനിന്നുണർന്നപ്പോഴേക്കും മണിയുടെ ശബ്ദം വീടിന്റെ മുറ്റത്തുവരെ എത്തി. പഴയ പഞ്ഞിമുട്ടായിക്കാരൻതന്നെയാണോ അത്? നരച്ച താടിയും മീശയും, കവിളുകൾ ഒട്ടി എല്ലും തോലുമായ ഒരു രൂപം ! പഞ്ഞിമുട്ടായി കെട്ടിയിട്ട വടിയിൽ പിടിച്ച കൈകളിൽ ഞരമ്പുകൾ കാണാം. അയാളുടെ ഓരോ പഞ്ഞിമുട്ടായി കവറുകളിലും കെട്ടിവെച്ചത് എന്റെ ഓർമകളും വെളിച്ചം കാണാത്ത സ്വപ്നങ്ങളും ആയിരുന്നു.
ഞാൻ കസേരയിൽനിന്ന് ചാടിയെണീറ്റു. ഷർട്ടിന്റെ പോക്കറ്റിലും തപ്പിനോക്കി. പെട്ടെന്ന്, ഷെൽഫ് തുറന്ന് ഒരു പത്തുരൂപ നോട്ട് എടുത്തു കൈയിൽ മുറുകെ പിടിച്ചു. ഉമ്മറത്തേക്ക് തിരികെ ഓടി. മണിശബ്ദം അപ്പോഴേക്കും വീട് കടന്നുപോയിരുന്നു.
ഞാൻ പേരക്കുട്ടിയുടെ സൈക്കിൾ എടുത്തു. എങ്ങനെയെല്ലാമോ സൈക്കിളിനു മുകളിൽ കയറിപ്പറ്റി. തേയ്മാനം സംഭവിച്ച വേദനിക്കുന്ന കാലുകൾകൊണ്ട് സൈക്കിൾ ആഞ്ഞു ചവിട്ടി: മുന്നിലുള്ള തടസ്സങ്ങളെല്ലാം അവഗണിച്ച് കുത്തനെയുള്ള കയറ്റങ്ങൾ ചവിട്ടിക്കയറ്റി പഞ്ഞിമുട്ടായിക്കാരനെ തേടി കവലയിലെത്തി. എന്നാൽ, അവിടെയൊന്നും അയാളെ കാണാൻ പറ്റിയില്ല. ഞാൻ ഒരു കിതപ്പു കലർന്ന ദീർഘനിശ്വാസത്തോടെ ബ്രേക്ക് ചെയ്തു സൈക്കിൾ ചവിട്ടിനിർത്തി. ചേട്ടന്റെ മകൻ പിറന്നാൾ സമ്മാനമായി തന്ന വെളുത്ത ഷർട്ട്, വിയർപ്പുകൊണ്ട് ആകെ നനഞ്ഞുകുളിച്ചിരുന്നു. കണ്ണുകളിൽനിന്ന് അറിയാതെ കണ്ണീര് എന്തിനോ തുളുമ്പിപ്പോയി. സ്വപ്നത്തിന്റെ ചുവയുള്ള കണ്ണീര് വരണ്ടുണങ്ങിയ മണ്ണിലേക്ക് ആഴ്ന്നിറങ്ങി. പൊടുന്നനെ മേഘങ്ങളിൽനിന്ന് ഒരായിരം മഴത്തുള്ളികൾ കണ്ണീരിന്റെ സങ്കടം കേട്ട് ഭൂമിയെ തണുപ്പിച്ചു.
കോരിച്ചൊരിയുന്ന മഴയിൽ എവിടെനിന്നോ വീണ്ടും മണിയടിശബ്ദം! പഞ്ഞിമുട്ടായിക്കച്ചവടക്കാരൻ മഴയിൽനിന്ന് രക്ഷപ്പെടാൻ കവലയോട് ചേർന്നുനിൽക്കുന്ന കടയിലേക്ക് ഓടി കയറിപ്പറ്റി. കവലയിലെ ആളുകൾ നോക്കിനിൽക്കെ ഞാൻ സൈക്കിൾ തറയിലിട്ടു പഞ്ഞിമുട്ടായിക്കാരന്റെ അടുത്തേക്ക് ചെന്നു. ഒടുവിൽ പോക്കറ്റിൽനിന്ന് നനഞ്ഞ പത്തു രൂപ നോട്ട് കൊടുത്തു ഒരു പാക്കറ്റ് പഞ്ഞിമുട്ടായി കരസ്ഥമാക്കി. മഴയത്ത് തിരികെ പോകുമ്പോൾ പഞ്ഞിമുട്ടായിപ്പാക്കറ്റിനെ ഷർട്ടിനുള്ളിൽ കയറ്റി ഭദ്രമാക്കി വെച്ചിരുന്നു.
വീട്ടിലെത്തി പഞ്ഞിമുട്ടായിപ്പാക്കറ്റ് പൊട്ടിക്കാനുള്ള ആകാംക്ഷ അടക്കാനാവാതെ കടിച്ചുപൊട്ടിച്ചു. അതിനുള്ളിലെ പഞ്ഞിമുട്ടായി ഒരു കഷണം വായിലേക്കിട്ടു. മൃദുലമായ പിങ്ക് നിറത്തിലുള്ള മധുരമുള്ള 'പഞ്ഞിമുട്ടായി'യുടെ ഓരോ അണുവും ഞാൻ ആസ്വദിച്ചു കഴിച്ചു. മഴ പെയ്തതുകൊണ്ടാണോ എന്നറിയില്ല കണ്ണിൽനിന്ന് നിർത്താതെ വെള്ളം ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. അറിയാതെ ചിരിച്ചു. ഭ്രാന്തനെപ്പോലെ എന്തോ പുലമ്പി. വാതിൽപടിയിൽ ഇരുന്ന് കൗതുകത്തോടെ എന്നെ, കാര്യം എന്തെന്നറിയാതെ തുറിച്ചുനോക്കുന്ന എന്റെ നായ ജനിക്ക് ഒരു കഷണം പഞ്ഞിമുട്ടായി തറയിലേക്ക് ഇട്ടുകൊടുത്തു. അവനും അത് ഇഷ്ടായീന്ന് തോന്നുന്നു. അവൻ നിർത്താതെ കുരച്ചുകൊണ്ടിരുന്നു. ഞാൻ സ്പീക്കറിലെ പാട്ട് ഓൺചെയ്തു നൃത്തംവെച്ചു. എല്ലാറ്റിനുമൊടുവിൽ തളർന്ന് അവശനായി വീണുപോയി. അപ്പോഴും മഴ ശക്തിയായി പെയ്തുകൊണ്ടിരുന്നു.
ഇടിമിന്നലിന്റെ അലർച്ചയിൽ ആരോ അടുത്ത ലോകത്തേക്ക് വിളിക്കുന്നപോലെ. പക്ഷേ, അതിന് ഈ കിഴവന് ഇനിയും ആഗ്രഹങ്ങൾ നടത്താനുണ്ടല്ലോ. ഞാൻ ചാരുകസേരയിൽ മലർന്നുകിടന്നു. അപ്പോഴും സ്വപ്നങ്ങളെ കൂട്ടിക്കൊണ്ടുവന്ന് മഴ വീണ്ടും പെയ്തുകൊണ്ടേയിരുന്നു.
പതിവുപോലെ എന്റെ വാർധക്യ ദിവസങ്ങൾ പറയത്തക്ക പുതുമകളൊന്നുംതന്നെ ഇല്ലാതെ പോയിക്കൊണ്ടിരുന്നു. ഷെൽഫിലെ പുസ്തകങ്ങൾ തപ്പിപ്പിടിച്ച് ചാരുകസേരയിൽ നീണ്ടുനിവർന്നു കിടന്നു ഭൂമിയിലേക്ക് വീഴുന്ന അനേകായിരം മഴത്തുള്ളികൾ കൺനിറയെ കണ്ടു, പുസ്തകം വായിച്ചിരിക്കുമ്പോൾ ബ്ലൂടൂത്ത് സ്പീക്കർ വീണ്ടും പാടാൻ തുടങ്ങി.
''ഈ വർണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ?
സന്ധ്യകളുണ്ടോ?
ചന്ദ്രികയുണ്ടോ..?
ഗന്ധർവഗീതമുണ്ടോ..?''
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.