''പടമെന്ന് പറഞ്ഞാ അതാ പടം. അതും ഏത് കാലത്തെ പടം. കൊല്ലമിത്ര കഴിഞ്ഞൂന്ന് പറഞ്ഞാലെന്താ? അങ്ങനത്തൊന്ന് പിന്നെ ഉണ്ടായിട്ടുണ്ടോ?''
വല്ലാത്തൊരു നിർവൃതിയിൽപൂണ്ട ഭാവത്തോടെ കണ്ണുകളടച്ചാണ് സുരേന്ദ്രൻ മാഷ് ചോദിച്ചത്. മലയാളം അധ്യാപകൻ ആയതിനാലാകണം, എന്ത് കാര്യവും മാഷ് ഒരു താളത്തിലേ പറയൂ. അടുത്തിടെയിറങ്ങിയ ഒരു മലയാള പടത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു തുടങ്ങിയതായിരുന്നു. അതാണ് പൊടുന്നനെ റാഷമോൺ എന്ന ജാപ്പനീസ് സിനിമയിലേക്ക് മാഷ് വഴിതിരിച്ചു വിട്ടത്. ഞങ്ങളുടെ സഞ്ചാരം ഒരു കാട്ടിലൂടെയാണെന്നും, ഇപ്പറഞ്ഞ സിനിമയുടെ പശ്ചാത്തലം ഒരു ഘോരവനമാണെന്നതും ഒഴിച്ചുനിർത്തിയാൽ മാഷിന് ആ സിനിമയെപ്പറ്റി സംസാരിക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല.
''നിങ്ങളാരും അത് കണ്ടിട്ടില്ലാ?''
ഉത്തരം പറയില്ലെന്നുറപ്പുള്ള ഉഴപ്പന്മാരോടെന്ന മട്ടിൽ മാഷ് ചോദിച്ചു.
''പണ്ട് പി.എസ്.സിക്ക് പഠിക്കുമ്പോ കേട്ടിട്ടുണ്ട്'' -സ്മിത ടീച്ചർ പറഞ്ഞു.
''ആരും?''
കേൾക്കാത്ത നാട്യത്തിൽ മാഷ് അത്ഭുതംകൂറി.
''ഞാൻ കണ്ടിട്ടുണ്ട്.''
ബസിൽ ഉണ്ടായിരുന്നതിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതെ പിറകിൽ ഒറ്റക്കിരുന്ന ബിജു പെട്ടെന്ന് ശബ്ദിച്ചതു കേട്ട് ഞങ്ങൾ അമ്പരന്നു. പതിനൊന്ന് മാഷമ്മാരും എട്ട് ലേഡി ടീച്ചേഴ്സും അടങ്ങുന്നതാണ് ഞങ്ങളുടെ യാത്രാസംഘം. അക്കൂട്ടത്തിൽ ആ സിനിമ കണ്ടിട്ടുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കാത്തൊരാളായിരുന്നു ബിജു. സ്കൂളിലെ കണക്ക് മാഷാണ്. പ്രായത്തിൽ ഏറ്റവും ചെറുപ്പമെങ്കിലും സിനിമയിലോ സ്പോർട്സിലോ ഒന്നും യാതൊരു കമ്പവും ഒന്നിച്ചു ജോലിചെയ്ത നാലു കൊല്ലവും അയാൾ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. ആരോടും അധികം സംസാരിക്കാത്ത ഒരു നാണംകുണുങ്ങി.
എന്നു മാത്രമല്ല, സുരേന്ദ്രൻ മാഷിനോട് ബിജു കുറച്ചുകാലമായി അത്ര രസത്തിലല്ലായിരുന്നു. 'സഹ്യന്റെ മകൻ' കവിത പഠിപ്പിക്കുമ്പോൾ, കാടിന്റെ മകനാണ്, നമ്മുടെ ബിജുവിനെപ്പോലെ, എന്നൊരു ഉപമ സുരേന്ദ്രൻ മാഷ് ഒരിക്കൽ ക്ലാസിൽ പറഞ്ഞിരുന്നു. ആരൊക്കെയോ പറഞ്ഞ് അക്കാര്യം ബിജുവിന്റെ ചെവിയിലെത്തി. മാഷുടെ ശുദ്ധത അറിയാവുന്നതുകൊണ്ട് ഞങ്ങൾക്കതിൽ വലിയ കാര്യമൊന്നും തോന്നിയില്ല. ബിജുവാകട്ടെ അതൊരു അപമാനമായി കണ്ട് മാഷോട് മിണ്ടുന്നത് പാടെ നിർത്തി.
''ബിജു, നീ എപ്പഴാടാ കണ്ടേ?''
ബിജു പിണങ്ങിയതും പിണക്കം മറന്നതും ശ്രദ്ധിക്കാതെ സുരേന്ദ്രൻ മാഷ് ചോദിച്ചു.
''പത്തില് പഠിക്കുമ്പോ. ട്രൈബൽ സ്കൂളില് വെച്ച്.''
ബിജു പതിവില്ലാത്ത താൽപര്യത്തോടെ മറുപടി പറഞ്ഞു. അപ്പോഴും അന്യനാട്ടുകാർ പറയുമ്പോഴുണ്ടാകുന്നതുപോലുള്ള ഒരു കൃത്രിമത്വം അയാളുടെ ഉച്ചാരണത്തിൽനിന്ന് വിട്ടുപോയില്ല.
''ആഹാ. അവിടെ ഇങ്ങനത്തെ സൗകര്യമൊക്കെ ഉണ്ടാരുന്നോ? പിന്നെന്താടാ നിങ്ങടെ കൂട്ടര് പഠിത്തം മുഴുമിപ്പിക്കാത്തെ?''
അതിന് ഉത്തരം പറയാതെ ബിജു മുഖം കുനിച്ചു. ബിജു നല്ല മൂഡിലിരിക്കേണ്ടത് ഈ യാത്രയെ സംബന്ധിച്ചിടത്തോളം ഞങ്ങൾക്ക് പ്രധാനമായിരുന്നു. ഭാഗ്യത്തിന്, സുരേന്ദ്രൻ മാഷ് സംസാരം അവിടെ അവസാനിപ്പിച്ചു. കുറച്ചു നേരത്തേക്ക് പടർന്ന നിശ്ശബ്ദതയിൽ ഞാൻ പുറത്തോട്ടു നോക്കിയിരുന്നു.
കാട്, അതിന്റെ മാന്ത്രികതയിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്യുകയായിരുന്നു. വെയിലിനെ അരിച്ചരിച്ചുമാത്രം താഴേക്ക് വീഴ്ത്തുന്ന പച്ചത്തലപ്പുകൾ. ചുറ്റും പടരുന്ന സുഖകരമായ കാറ്റ്. കൊമ്പുകളിലിരുന്നു പേരറിയാത്ത പക്ഷിമൃഗാദികൾ ഞങ്ങളെ ശ്രദ്ധിക്കുന്നു. ശബ്ദംമാത്രം ബാക്കിയാക്കി അരൂപികളെപ്പോലെ ചിലത് കരിയിലകളെ ഞെരിച്ചു ഓടിപ്പോകുന്നു.
ഒരുകൂട്ടം മനുഷ്യരെ ഒന്നിച്ചു വിഴുങ്ങിയ ഒരു ഭീമൻ പുഴു അതിവേഗം ഇഴയുന്നതായാണോ ഞങ്ങളുടെ വാഹനം കാണുമ്പോൾ അവറ്റകൾ ചിന്തിക്കുന്നുണ്ടാകുക?
എത്ര നാളുകളായി കാത്തിരിക്കുന്നതാണ് ഇതുപോലൊരു യാത്ര!
ബിജു സ്കൂളിൽ ജോയിൻചെയ്ത കാലം തൊട്ട് ഞങ്ങൾ പ്ലാനിടുന്നതായിരുന്നു വയനാട്ടിലോട്ടുള്ള ഈ ട്രിപ്. ബിജു ഇവിടെ ജനിച്ചുവളർന്നവനാണ്. അതുകൊണ്ട് കാട്ടിലെ ഊടുവഴികളും നയനമനോഹരങ്ങളായ സ്ഥലങ്ങളുമെല്ലാം അയാൾക്ക് നന്നായറിയാം. ഇതിനുള്ളിൽ മാത്രം കിട്ടുന്ന സ്പെഷലുകൾ എത്തിച്ചുതരാൻ ബിജുവിനെക്കാളും നല്ലൊരു ഗൈഡിനെ ഞങ്ങൾക്ക് കിട്ടാനുണ്ടോ? പേക്ഷ, ഇക്കാര്യം സൂചിപ്പിക്കുമ്പോഴെല്ലാം എന്തെങ്കിലും പറഞ്ഞു ബിജു ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. കഴിഞ്ഞ വർഷം പത്താം ക്ലാസുകാരെ വയനാട്ടിലേക്ക് സ്റ്റഡി ടൂർ കൊണ്ടുപോകാമെന്ന് ഏതാണ്ട് തീരുമാനമായതാണ്. ഉടക്കുവർത്തമാനം ഒന്നും പറയാതിരിക്കാൻ ബിജുവിനോട് ഞങ്ങൾ അവസാനം മാത്രമേ കാര്യം പറഞ്ഞുള്ളൂ. എന്നിട്ടും അയാളത് മുടക്കി.
''നിന്റെ വീടൊക്കെ ഞങ്ങളെ ഒക്കെ ഒന്ന് കാട്ടെടോ ബിജു'' എന്ന് ലോഹ്യംപറഞ്ഞ എന്നോട്, നിങ്ങളാരെങ്കിലും, സ്വന്തം വീട്ടിലേക്ക് ടൂറ് കൊണ്ടുപോകാറുണ്ടോ മാഷേ എന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ച് ബിജു തടിതപ്പി. സ്റ്റാഫ് റൂമിൽ എന്നോട് മാത്രമേ അയാൾ അൽപമെങ്കിലും മിണ്ടാറുള്ളൂ. അതും ഞങ്ങളിരുവരും പഠിപ്പിക്കുന്നത് ഒരേ വിഷയമായതിനാലാണെന്നേ ഞാൻ പറയൂ.
ബിജു ജോയിൻചെയ്ത കാലത്ത് അയാളുടെ ക്ലാസുകളെ നിരീക്ഷിക്കാൻ ഹെഡ് മാസ്റ്റർ ജോസഫ് സാറ് ചുമതലപ്പെടുത്തിയത് എന്നെയാണെന്നതും ഒരു കാരണമാകാം. ഒരു നൂൽച്ചരടിനെക്കാൾ അൽപം അധികംമാത്രം തടിയും, എട്ടാം ക്ലാസ് പിള്ളേരേക്കാൾ ഉയരം കുറഞ്ഞവനുമായ ബിജുവിന് ഇത്ര ഗഹനമായ ഒരു വിഷയം പഠിപ്പിക്കാൻ സാധിക്കുമോ എന്ന് സ്റ്റാഫ് റൂമിൽ എല്ലാവരും പൊതുവിൽ സംശയിച്ചിരുന്നു. വെറുതെ ഉലാത്താനെന്ന ഭാവത്തിൽ വരാന്തയിലൂടെ നടന്നവർ, ബാക്ക് ബെഞ്ചിലെ പോക്കിരികൾ ബിജുവിന്റെ ക്ലാസിലിരുന്ന് കാട്ടിക്കൂട്ടുന്ന വിക്രിയകളെപ്പറ്റി പരസ്പരം മുറുമുറുത്തു. എങ്ങാനും പിള്ളേര് കൂട്ടത്തോടെ തോറ്റുപോയാൽ സ്കൂളിനാകെ കേടല്ലേ?
''ഈ വടിയുംകൊണ്ട് പൊക്കോ ബിജു. ഈ പ്രായത്തിലെ പിള്ളേരല്ലേ. അടക്കിനിർത്തിയാലേ പഠിക്കൂ.''
മുഴുവൻ സ്റ്റാഫിന്റെയും പ്രതിനിധിയായി ഒരു ചൂരൽവടി നീട്ടി ബിജുവിനെ ഞാൻ ഒരുവട്ടം ഉപദേശിച്ചു.
''വേണ്ട മാഷെ. അങ്ങനെ പേടിപ്പിച്ചടക്കാനൊന്നും എന്നെക്കൊണ്ട് പറ്റൂല്ല'' എന്ന് പറഞ്ഞു ബിജു അത് എനിക്ക് തിരികെ തന്നു.
പക്ഷേ, എല്ലാവരെയും അത്ഭുതപ്പെടുത്തി ഓണപ്പരീക്ഷക്ക് ബിജുവിന്റെ ക്ലാസിലെ കുട്ടികൾ ഒന്നൊഴിയാതെ പാസായി. എന്റെ ക്ലാസിൽ ചിലർ തോറ്റുപോയത് എനിക്ക് ക്ഷീണമായി.
''നല്ല പിള്ളേരൊക്കെ ആ ഡിവിഷനിലല്ലേ.'' ഞാൻ ന്യായം പറഞ്ഞു. ''ആള് കാണുന്ന പോലല്ല. ക്ലാസൊന്നും വലിയ തരക്കേടില്ലാന്ന് തോന്നുന്നു.'' കേട്ടവർക്കെല്ലാം എന്റെ ജാള്യം ബോധ്യപ്പെട്ടിട്ടുണ്ടാകണം.
''മാഷെ ഇവിടെ താമസത്തിന് ഒരു വീട് കിട്ടുവോ?''
അഭിനന്ദിക്കാൻ ചെന്ന എന്നോട് ബിജു ഒരു സഹായം ചോദിച്ചു. കുറെയകലെയുള്ള ഒരു ബന്ധുവീട്ടിൽനിന്ന് നിത്യവും പോയിവന്ന് അയാൾക്ക് മടുത്തുവത്രെ.
''ഇവിടെ കിട്ടാനെന്താ പാട്. അടുത്തുള്ള വീട്ടുകാരൊക്കെ വാടകക്ക് ആളെ തപ്പി നടക്കുകല്ലേ?''
ഞാൻ ചോദിച്ചു.
''ഞാൻ അന്വേഷിച്ച വീട്ടുകാരൊന്നും താൽപര്യമില്ലാന്നാ പറഞ്ഞേ.''
നോക്കട്ടെ എന്ന് പറഞ്ഞെങ്കിലും ഞാനത് പിന്നെ വിട്ടു.
''ഒരു സ്ഥലം കിട്ടി സാറെ. വീടൊന്നുമല്ല. ഒരു ഒറ്റമുറി. കോമൺ ബാത്റൂം. ചുറ്റുമുള്ളതൊക്കെ ഇവിടെ പണിക്ക് വരുന്ന ഹിന്ദിക്കാരൊക്കെയാ. എന്നാലും കുഴപ്പക്കാരല്ല.''
ഏതാനും ആഴ്ചകൾ കഴിഞ്ഞ് ബിജു വന്നു പറഞ്ഞപ്പോൾ മാത്രമേ ഞാനത് ഓർത്തുള്ളൂ.
കാര്യങ്ങളതിന്റെ സ്വാഭാവികമായ രീതിയിൽ നടന്നുപോകുമ്പോഴാണ് ബിജുവിന് ഹയർസെക്കൻഡറി അധ്യാപകനായി പ്രമോഷൻ തരപ്പെട്ടത്. അതും സ്വന്തം ജില്ലയിൽ, വീട്ടിൽനിന്ന് പോയിവരാവുന്ന ദൂരത്തിൽ.
''ഞാൻ കഴിഞ്ഞ കൊല്ലത്തെ കെമിസ്ട്രി ലിസ്റ്റിൽ എത്ര മുന്നിൽ ഉണ്ടായിരുന്നതാ. എനിക്കിതുവരെ വിളി വന്നിട്ടില്ല'' -ഷീന ടീച്ചർ സങ്കടത്തോടെ പറഞ്ഞത് ഞാൻ മറന്നിട്ടില്ല.
''പോട്ടെ ഷീനേ, ബിജൂനെപ്പോലുള്ളോർക്കൊക്കെ ഇതെല്ലാം എളുപ്പല്ലേ. ഒന്ന് പരീക്ഷ എഴുതിയാ മതി. നമ്മടെ നാട് അങ്ങനായിപ്പോയി. ഇനി ഇപ്പൊ കേക്കാ ബിജു പ്രിൻസിപ്പാൾ ആയീന്ന്.'' സമാധാനിപ്പിക്കാൻ ചെന്ന സ്മിത ടീച്ചർ സ്വന്തം വിഷമംകൂടെ എല്ലാവരോടുമായി പങ്കുവെച്ചു.
ഏതായാലും ബിജു പോകാനുള്ള തയാറെടുപ്പിലായതോടെ ഞങ്ങളൊരു നീരാളിപ്പിടുത്തം പിടിച്ചു. ഞങ്ങളെ കാട് കാണിച്ചു തരാതെ റിലീവിങ് ഓർഡർ ഒപ്പിട്ടു തരില്ലെന്ന് ജോസഫ് സാറ് കട്ടായം പറഞ്ഞതോടെ ബിജുവിന് വഴങ്ങേണ്ടിവന്നു. പിന്നീട് ബിജു കുറച്ചുത്സാഹത്തിലായിരുന്നു എന്നുവേണം പറയാൻ. രണ്ടു ദിവസത്തെ ട്രിപ്പിനുള്ള ഞങ്ങളുടെ താമസവും ഭക്ഷണവും, എന്തിന്, വണ്ടി പോലും തരപ്പെടുത്തിയത് അയാളായിരുന്നു.
''സത്യത്തിൽ കാട്ടിലോട്ട് പോകുക എന്ന് പറഞ്ഞാ മനുഷ്യന്റെ സ്വന്തം ഉത്ഭവത്തിലേക്ക് മടങ്ങുക എന്ന് പറയുന്നതു പോലാ.''
മിണ്ടാതിരിക്കാവുന്ന നേരത്തിന്റെ പരിധി കടന്നതുപോലെ സുരേന്ദ്രൻ മാഷ് കുറെക്കഴിഞ്ഞു വീണ്ടും പറഞ്ഞുതുടങ്ങി.
''ബിജുവിന്റെ ഒക്കെ ഒരു ഭാഗ്യം നോക്കണം. ശുദ്ധമായ വായു. സുന്ദരിയായ പ്രകൃതി. ദേ, നോക്ക് മൊബൈലിന് റേഞ്ച് പോലും ഇല്ലാ. അതോണ്ട് ആ ശല്യോമില്ല. ഇങ്ങനെ കാറ്റൊക്കെ കൊണ്ട്, പുഴേലൊക്കെ കുളിച്ചു നടക്കാം.''
മാഷ് പറഞ്ഞു വന്നപ്പോൾ ഞങ്ങൾക്കും ബിജു ഒരു മഹാഭാഗ്യവാനായി അനുഭവപ്പെട്ടു.
''ഉള്ളതു പറയാലോ മാഷെ, ഞാൻ വന്നത് കാറ്റുകൊള്ളാനും പുഴ കാണാനും ഒന്നുമല്ല. ഈ വൃത്തിയില്ലാത്ത വെള്ളക്കെട്ടിൽ പോയി അട്ടകടി കൊള്ളാൻ എനിക്ക് താൽപര്യമുണ്ടായിട്ടും അല്ലാ. രാത്രി ഒന്ന് പിടിപ്പിച്ചു, പറ്റിയാ വെടിയിറച്ചിയൊക്കെ തട്ടി ഒന്ന് കൂടണം. അതെന്റെ കുറെ കാലത്തെ ഒരു ആഗ്രഹമാ.''
പെട്ടെന്ന് എന്റെ സീറ്റിനടുത്തേക്ക് മാറിയിരുന്നു ജോസഫ് സാറ് സ്വകാര്യം പറഞ്ഞു. കേൾക്കാൻ സുഖമുണ്ടെങ്കിലും അതൊന്നും നടപ്പുള്ളതല്ലെന്ന് എനിക്കറിയാമായിരുന്നു. ബസിലിരുന്ന് അയാളുടെ ഭാഷേലൊരു പാട്ട് പാടാൻ പറഞ്ഞപ്പോൾ വിസമ്മതിച്ച കക്ഷി ആണ് ബിജു. അവനാണോ വെടിയിറച്ചി സംഘടിപ്പിക്കാൻ പോകുന്നത്? ഇനി സിനിമകളിലൊക്കെ കാണുന്നതുപോലെ ഏതെങ്കിലും വാച്ചറെയോ മറ്റോ മണിയടിച്ചു ഞങ്ങൾ ശ്രമിച്ചാലും കൂട്ടത്തിലെ പെണ്ണുങ്ങളൊക്കെ എന്ത് കരുതും?
''ബിജു, ആനയിറങ്ങുവോടാ?''
സ്മിത ടീച്ചർ ചോദിച്ചു.
''ഈ വഴിക്കൊന്നും ഇല്ലാ.''
ബിജു മറുപടി കൊടുത്തു.
നേരം അഞ്ചു കഴിഞ്ഞതേയുള്ളൂവെങ്കിലും എന്തോ തിരക്കുള്ളതുപോലെ സൂര്യൻ ഉൾവലിയുകയും പുറത്തൊക്കെ ഇരുട്ട് പടരുകയും ചെയ്തിരുന്നു.
''എങ്ങാനും വരുവാണെ ആനച്ചൂര് നിനക്ക് മനസ്സിലാകില്ലേ?''
സ്മിത ടീച്ചർക്ക് സംശയം തീർന്നില്ല.
''ഉം''
ബിജു ഒന്ന് മൂളി.
''എന്ത് പറഞ്ഞാലും ഇങ്ങോട്ടെത്താൻ ലേശം പാട് തന്നാണ്. എന്റെ കുട്ടികള് വരാൻ തിരക്ക് കൂട്ടിയതാ. പിന്നാരും കൂട്ടാത്തോണ്ടാ ഞാൻ വീട്ടിലാക്കിയേ. അവരെങ്ങാൻ വന്നിരുന്നേ ഇപ്പ ഇരിക്കപ്പൊറുതി തരൂലാർന്ന്.''
ഷീന ടീച്ചർ പറഞ്ഞപ്പോൾ നാല് മണിക്കൂറായി യാത്രചെയ്യുന്നതിന്റെ ക്ഷീണം ഞങ്ങളോർത്തു. കയറിയപ്പോഴത്തെ ആവേശം മിക്കവർക്കും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എനിക്ക് നേരിയ തോതിലൊരു തളർച്ച തോന്നി. ഒരു ചായ കിട്ടിയാൽ നന്നായിരുന്നുവെന്ന് ഞാൻ ചിന്തിച്ചു.
''ഇനിയും ഒരുപാടുണ്ടോ ബിജു?''
ഞാൻ വിളിച്ചു ചോദിച്ചു.
''എത്താറായി.'' ബിജു എന്നെ സമാധാനിപ്പിച്ചു.
''ഇവിടെ കടുവേം പുലിയും വല്ലോം ഇറങ്ങുവോ ബിജു?''
സ്മിത ടീച്ചർ ഇതെല്ലാം ആകാംക്ഷകൊണ്ടാണോ ഭയംകൊണ്ടാണോ ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
''ഏയ്''
ബിജു നിസ്സംഗമായി മൂളി.
''അങ്ങനെ പറയല്ലേടാ ബിജു. ഇതൊക്കെ കടുവയിറങ്ങണ ഭാഗം തന്നാ.''
അതുവരെയില്ലാത്ത ആവേശത്തോടെ ഒച്ചയുയർത്തി ജോസഫ് സാറ് പറഞ്ഞതു കേട്ട് എല്ലാവരും സാറിന്റെ നേരെ തല വെട്ടിച്ചു.
''എനിക്കറിയാമെന്ന് കൂട്ടിക്കോ.''
സ്റ്റാഫ് മീറ്റിങ്ങിൽ പ്രകടിപ്പിക്കാറുള്ള അതേ ആജ്ഞാശക്തിയോടെ സാറ് പറഞ്ഞപ്പോൾ ഞങ്ങൾ കാത് കൂർപ്പിച്ചു.
''നിങ്ങക്കൊരു കാര്യം കേക്കണോ? സത്യത്തിൽ ബിജുവിനുള്ളതുപോലൊരു ബന്ധം എനിക്കും ഈ പ്രദേശത്തോടുണ്ട്. ഒന്നൂടെ മുറുക്കിപ്പറഞ്ഞാ ബിജുവിനെക്കാളും.''
ജോസഫ് സാറ് പറയുന്നതെന്താണെന്ന് ഞങ്ങൾക്ക് വ്യക്തമായില്ല. സാറ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഞാൻ മൂക്ക് വിടർത്തി. എനിക്ക് പ്രത്യേകിച്ച് മണമൊന്നും കിട്ടിയുമില്ല.
''എന്റെ അപ്പാപ്പൻ ഇവിടുണ്ടാരുന്നു പണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇങ്ങോട്ട് കുടിയേറി വന്നതാ. കൃഷിയായിരുന്നു. ഇപ്പൊ ഉള്ള പോലൊന്നുമല്ല. ഏക്കറ് കണക്കിന് പറമ്പിലാ അന്ന് കൃഷി. ഏലോം കുരുമുളകും എന്ന് വേണ്ട അങ്ങേര് സകലതും വിളയിച്ചെടുക്കുവാരുന്നു. ഇവിടത്തെ ആദിവാസികളെ കൊണ്ടൊക്കെ എല്ല് വെള്ളമാകുമ്പോലെ പണിയെടുപ്പിക്കും. മനുഷ്യമ്മാരായാലും ശരി മൃഗങ്ങളായാലും ശരി, ആളുടെ നിഴല് കണ്ടാ തന്നെ ഓടിമാറിക്കളയും. ആറ് ആറര അടി പൊക്കത്തില്, അത് പോലൊരു രൂപമാ. പണ്ട് ചോറുണ്ണാണ്ട് ഞാൻ വാശിപിടിക്കുമ്പോ അമ്മാമ്മ അപ്പാപ്പന്റെ കഥ പറഞ്ഞു തരും. അപ്പാപ്പന്റെ കഥ കേൾക്കാൻ മാത്രം ഞാൻ ഉണ്ണാണ്ട് നിൽക്കുവാരുന്നു.''
സാറിന്റെ ശബ്ദത്തിലും മുഖത്തുമെല്ലാം അപ്പാപ്പനോടുള്ള ആരാധന പടരുന്നത് ഞാൻ തിരിച്ചറിഞ്ഞു.
''അപ്പാപ്പന് നായാട്ടായിരുന്നു ഹരം. ഇവന്മാര് കെണി വെച്ച് പിടിക്കുമ്പോലല്ല.''
സാറ് ബിജുവിന്റെ നേർക്കൊരു നോട്ടമെറിഞ്ഞു.
''വല്ല മുയലിനെയോ മറ്റോ പിടിക്കാനാണേല് അത് മതി. അപ്പാപ്പൻ അങ്ങനല്ല. ഇരട്ടക്കുഴൽ തോക്ക് വെച്ചാ കളി. അതിപ്പഴും അഞ്ചാറെണ്ണം ഞങ്ങടെ തറവാട്ടിലുണ്ട്. ഉൾക്കാട്ടിലോട്ട് പോയി ആനയെയും പുലിയെയും കടുവയെയും എന്ന് വേണ്ട സകലതിനേം ഉന്നം തെറ്റാണ്ട് വെടി വെച്ചിടലാ പരിപാടി. തറവാട്ടിലോട്ട് പോണം. ആനക്കൊമ്പും പുലിത്തോലും എത്രയെണ്ണമുണ്ടെന്ന് വെച്ചാ? ഒക്കത്തിനേം അപ്പാപ്പൻ കൊന്നതാ. അപ്പാപ്പൻ തിന്നാത്ത ഇറച്ചിയുണ്ടോ?''
ധ്യാനിക്കുമ്പോലെ കുറച്ചുനേരം ജോസഫ് സാറ് കണ്ണുകളടച്ചിരുന്നു. സ്കൂളിലെ ഗൗരവക്കാരനായ ഹെഡ് മാസ്റ്റർ, ചരിത്രാധ്യാപകൻ, സ്വന്തം കുടുംബചരിത്രം വിളമ്പുന്നത് കേൾക്കാൻ ഞങ്ങൾക്ക് കൗതുകമായി.
''എന്നിട്ടെന്തുണ്ടായി മാഷെ?''
സുരേന്ദ്രൻ മാഷ് എല്ലാവർക്കും വേണ്ടി ചോദിച്ചു.
''അപ്പാപ്പൻ എപ്പോ നായാട്ടിന് പോകുമ്പഴും കുറെ പണിക്കാരെ കൂടെ കൂട്ടും. ഇറച്ചി ചുമക്കുന്നതും ചുട്ടു കൊടുക്കുന്നതും അവരാ. അപ്പാപ്പന്റെ പിറകെ അവന്മാര് പട്ടികളെ പോലെ നടന്നോളുവാരുന്നു.''
വെടിയിറച്ചി തിന്നാനുള്ള പൂതി സാറിന്റെയുള്ളിൽ പൊട്ടിമുളച്ചതെങ്ങനെയാണെന്ന് ഞാനൂഹിച്ചു. ജോസഫ് സാറ് വീണ്ടും ചിന്തയിലാണ്ടു. അപ്പാപ്പന്റെ പ്രേതം കയറിയതുപോലെ അപ്പോഴേക്കും സാറിരുന്നു വിറച്ചുതുടങ്ങി.
''അപ്പഴാ കുറെ നാറികള് മലകേറി വന്നേ. വിപ്ലവോം പറഞ്ഞോണ്ട്. നക്സലൈറ്റുകള് പൊട്ടിമുളച്ചു തുടങ്ങിയ കാലമാ. മര്യാദക്ക് പണിയെടുത്തോണ്ടിരുന്നവന്മാരുടെ തലേൽ ഓരോന്ന് ഓതിക്കൊടുത്ത് ആദ്യം അവരെ അപ്പാപ്പനെതിരാക്കി. കൂടെയുള്ളവർ അപ്പാപ്പനെ ധിക്കരിക്കാൻ ധൈര്യപ്പെട്ടു തുടങ്ങി. പണിക്കാര് ഓരോരുത്തരായി അപ്പാപ്പനെ വിട്ടുപോയി. ആദായം കുറഞ്ഞു. അപ്പാപ്പനെ കണ്ടാ കൊന്നുകളയണമെന്ന് വരെ തീട്ടൂരം വന്നു. വിശ്വാസമുള്ള ഒന്നു രണ്ട് പേരെ ഒഴിച്ചു എല്ലാവരേം അപ്പാപ്പൻ പറഞ്ഞുവിട്ടു. അതിലൊരുത്തനേം കൂട്ടി അപ്പാപ്പൻ ഒരു രാത്രി കാട് കേറിയതാ.''
ഇരുന്നിടത്തുനിന്ന് ശകലം നിരങ്ങിയിറങ്ങി സാറ് വീണ്ടും സീറ്റിനോട് ചേർന്നിരുന്നു. കഥ മൂത്തതോടെ സാറ് ഭയങ്കരമായ വികാരത്തള്ളിച്ചയിലായിരുന്നു. അല്ലെങ്കിലേ ബ്ലഡ് പ്രഷർ വളരെ കൂടിയ മനുഷ്യനാണ്. സാറിനോട് ഒന്ന് അടങ്ങാൻ പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും ഞാൻ മിണ്ടിയില്ല.
''ചതിയായിരുന്നു. കൊന്നതാ. കൊല്ലിച്ചതാ. കാട്ടാനയെക്കൊണ്ട്. അന്ന് കൂടെ പോയവന് ഒടിവിദ്യകളും ആനയെ മയക്കാനുള്ള വിദ്യകളും എല്ലാം അറിയാമാരുന്നു. അപ്പൊ പിന്നെ കേസൊന്നും ഉണ്ടാകൂലാലോ. കാട്ടാന ചവിട്ടി നെഞ്ചംകൂട് പൊളിച്ചെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അത്രേം കാലത്തില് ഒരിക്കൽപ്പോലും വരാത്ത കാട്ടാനയാ…''
ശ്വാസമെടുക്കാൻ പാടു പെടുമ്പോലെ സാറ് ദീർഘമായി നിശ്വസിച്ചു.
''ഞാൻ അന്ന് വെറും കൈക്കുഞ്ഞാ.''
ഉള്ളിൽ തിളച്ചുമറിയുന്ന ദേഷ്യത്തെ അടക്കി നിർത്താനാകാതെ സാറ് സീറ്റിലിരുന്നാടി.
''പഞ്ഞിക്കെട്ട് കൊണ്ട് വരുമ്പോലാ അപ്പാപ്പനെ വീട്ടിലോട്ട് കൊണ്ട് വന്നേ.''
സാറിന്റെ തൊണ്ടയിടറി. സങ്കടത്തെക്കാളുപരി സാറിന്റെ വാക്കുകളിൽ മുഴച്ചുനിന്നത് പകയായിരുന്നു. സാറ് പല്ല് ഞെരിക്കുന്ന ശബ്ദം ഞാൻ വ്യക്തമായി കേട്ടു.
''എല്ലാത്തിനേം ചുട്ട് കൊല്ലാം, വരുന്ന കേസ് വന്നോട്ടേന്നും പറഞ്ഞു അപ്പൻ ഇറങ്ങാനിരുന്നതാ. അമ്മാമ്മ പിടിച്ചുവെച്ചിട്ടാ. ഇവിടുത്തെ സ്ഥലമെല്ലാം വിറ്റ് ഞങ്ങള് കോട്ടയത്തോട്ട് ബന്ധുക്കാരുടെ അടുത്തോട്ട് പോയി. അവസാനം ഇവന്മാർക്ക് എന്തായി? പണിയുമില്ല. വിപ്ലവോമില്ല. എല്ലാം നശിച്ചു നാറാണക്കല്ലെടുത്തു. നാറികള്.''
ജോസഫ് സാറ് തല പുറത്തോട്ടിട്ട് പരിസരബോധം മറന്ന് കാർക്കിച്ചു തുപ്പി. കുറച്ചുനേരം ആരുമൊന്നും ശബ്ദിച്ചില്ല. സാറിന്റെ ശരീരത്തിൽനിന്ന് പ്രസരിച്ചതു കണക്കൊരു അസ്വസ്ഥത അന്തരീക്ഷത്തിൽ പരന്നു. തലമുറകളിലേക്ക് പടരുന്ന പ്രതികാരദാഹം മൂത്തു ജോസഫ് സാറ് ബിജുവിന്റെ നേർക്ക് ചീറിപ്പാഞ്ഞാലോ എന്ന് ഞാൻ ശങ്കിച്ചു. പിടിച്ചു നിർത്താൻ പാകത്തിൽ ഞാൻ ഒന്ന് കൂടെ സാറിനോട് ചേർന്നിരുന്നു.
''സാറ് പറഞ്ഞ നായാട്ടു കഥ ഞാൻ ചെറുപ്പത്തില് കേട്ടതാ.''
അപ്രതീക്ഷിതമായ നേരത്തു സംസാരിച്ച് ബിജു ഞങ്ങളെ രണ്ടാമതും ഞെട്ടിച്ചത് അപ്പോഴാണ്. പടർന്നുപിടിക്കുന്ന ഇരുട്ടിൽ അവന്റെ കറുത്തരൂപം ഇഴുകിച്ചേർന്നത് കണക്ക് ബിജുവിന്റെ ശബ്ദം മാത്രമേ പുറത്തറിയുന്നുണ്ടായിരുന്നുള്ളൂ.
''സാറിന്റെ പേര് ജോസഫ് വട്ടപ്പാറേലെന്നാണെന്ന് അറിഞ്ഞപ്പോ തന്നെ എനിക്ക് ആളെ മനസ്സിലായതാ. പക്ഷെ സാറെ, സാറ് പറഞ്ഞ പോലൊന്നുമല്ല ആ സംഭവം.''
''പിന്നെ ഞാൻ നൊണ പറഞ്ഞതോ?''
ജോസഫ് സാറ് പ്രകോപിതനായി.
''ബിജു നമുക്ക് വേറെന്തെങ്കിലും പറയാം.''
രംഗം വഷളാക്കിത്തിരിക്കാൻ സുരേന്ദ്രൻ മാഷ് ഇടപെട്ടു.
''ഞങ്ങളാരും ആരേം കൊന്നിട്ടുമില്ല. കൊല്ലിക്കുന്ന വിദ്യയൊന്നും പഠിച്ചിട്ടും ഇല്ലാ.''
സുരേന്ദ്രൻ മാഷ് പറഞ്ഞത് കാര്യമാക്കാതെ ബിജു തുടർന്നു.
''അത്രേം ഒക്കെ അറിയാർന്നേ ഞങ്ങക്കൊക്കെ നിങ്ങടെ പറമ്പിലിങ്ങനെ ചത്ത് പണിയെടുക്കണോ?''
ഇതുവരെ കാണാത്ത രീതിയിൽ ബിജു പൊടുന്നനെ വികാരക്ഷുബ്ധനായി. ബിജു വിതുമ്പിയോ എന്നുപോലും ഞാൻ സംശയിച്ചു.
''ഞങ്ങള് നായാടികള് തന്നാ. സാറ് പറഞ്ഞ പോലെ തീറ്റയിട്ട് കെണിവെച്ച് പിടിച്ചു വല്ല മുയലിനേം കോഴിയേം തിന്നും. കെണിയിൽപെട്ടതിന്റെ പരാക്രമമെല്ലാം കഴിഞ്ഞ് അത് ഒതുക്കത്തിലിരിക്കുമ്പോ കൊല്ലും. ചത്തൂന്ന് അത് പോലും അറിയൂല്ല. അത്ര ശ്രദ്ധിച്ചേ കൊല്ലൂ. തിന്നതിന്റെ ബാക്കി അവിടിടും. അതും പാഴാകൂല്ല. കുറുക്കനോ കഴുകനോ തിന്നോളും.''
ഇത്രയും കാര്യങ്ങൾ ബിജു ഒന്നിച്ചു പറയുന്നത് ഞങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. അൽപം മുന്നേ ജോസഫ് സാറ് ചെയ്തതു പോലെ ബിജു ഒരു ദീർഘനിശ്വാസം വിട്ടു.
''സാറിന്റെ അപ്പാപ്പന്റെ കാര്യം. അതെല്ലാരും ഓർത്തിരിക്കാൻ ഒരു കാരണമുണ്ട്. മല കേറി വന്നോരാരും ഞങ്ങക്ക് നല്ലതായിട്ടൊന്നും ചെയ്തിട്ടില്ല. കൂട്ടത്തില് ഏറ്റവും ദ്രോഹം ചെയ്തൊരാളാ സാറിന്റെ അപ്പാപ്പൻ. രാവ് പകല് വിശ്രമമില്ലാണ്ട് പണിയെടുപ്പിക്കും. കൂലി ചോദിച്ചാ തരുകേം ഇല്ല. നായാട്ടെന്നും പറഞ്ഞു ഉൾക്കാട്ടിലേക്ക് തെളിച്ചോണ്ട് പോകും. സാറ് പറഞ്ഞില്ലേ, പട്ടികളെ പോലെത്തന്നെ. ഗതിയില്ലാഞ്ഞിട്ടാ ആൾക്കാര് പണി നിർത്തിയെ. അല്ലാണ്ട് വിപ്ലവം നടത്താനുള്ള പാങ്ങ് ഞങ്ങക്കുണ്ടോ? എന്നിട്ടും ഒന്ന് രണ്ട് പേര് കൂടെ നിന്നത് കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടാ.''
''നൊണ. പെരും നൊണ.''
ജോസഫ് സാറ് വാദിക്കുമ്പോലെ ഇടക്ക് കയറി പറഞ്ഞു.
''ഇതാ സാറേ സത്യം.''
ബിജു ശാന്തനായി പറഞ്ഞു.
''പിന്നെ അപ്പാപ്പൻ മരിച്ച സംഭവം കേക്കണോ? ഞാൻ പറയാം. ആ കഥ അറിയാത്ത ഒരു കുഞ്ഞും ഇന്നും ഞങ്ങടെ കൂട്ടത്തില് ഇല്ല.''
കഥക്കൊരു ഒഴുക്ക് വരാനെന്നോണം ബിജു മുരടനക്കി.
''അന്നൊരു രാത്രി അപ്പാപ്പന് പെട്ടെന്ന് നായാട്ട് പ്രാന്ത് മൂത്തതാ. കൂട്ട് പോകാൻ സാറ് പറഞ്ഞപോലെ അങ്ങേർക്ക് ഒരാളെയേ കിട്ടിയുള്ളൂ. പെട്ട് പോയതാ പാവം. രണ്ടാളും കുറെ നടന്നിട്ടും ഒരൊറ്റ ജീവിയേം കണ്ടില്ല. നടന്ന് നടന്ന് മണിക്കൂറുകളായി. കാട് തീരാൻ പോണത്ര ദൂരായി. അപ്പാപ്പൻ കലി മൂത്തു നിൽപ്പാ. അവസാനം ഒരു മാൻ മുന്നില് പെട്ടു. അതാണേ പക്ഷേ വയറ്റിലുള്ള ഒരു പേടമാൻ.''
ഒന്ന് നിർത്തി, ബിജു തുപ്പലിറക്കി. മുന്നിലെ വഴികൾപോലെ നിനച്ചിരിക്കാത്ത വളവുകളിലൂടെയാണല്ലോ ഇവരുടെ കഥകളും പോകുന്നതെന്ന് ഞാൻ ചിന്തിച്ചു.
''നായാട്ട് എന്ന് പറഞ്ഞാ വെറും വെടിവെപ്പല്ലാ. അതിന് കുറച്ചു നിയമങ്ങളും ചിട്ടകളും ഉണ്ട്. ഒരിക്കലും തെറ്റിക്കാൻ പാടില്ലാത്ത ചിലതുണ്ട്. വയറ്റിലുള്ള ജന്തുക്കളെ എന്ത് കാരണത്താലും കൊല്ലരുതെന്നാ ഒന്ന്. തുണക്കാരൻ ആവതും പറഞ്ഞതാ വെടി വെക്കല്ലേന്ന്. അപ്പാപ്പൻ കേട്ടോ? ഉന്നംപിടിച്ചു വെടിവെച്ചു. ഉന്നം പക്ഷേ കൃത്യമായില്ല. വെടി കൊണ്ടത് പുറകില്. മാൻ ഓടാൻ തുടങ്ങി. തുണക്കാരൻ അപ്പാപ്പനോട് വിട്ട് കളയാൻ പറഞ്ഞു. അപ്പാപ്പൻ തുണക്കാരനേം വിരട്ടി ഓടാൻ തുടങ്ങി. ഓടെടാ ഓട്ടം തന്നെ. ഓടിയോടി മാൻ കേറിപ്പോയത് പോതിക്കാവിലേക്കാണ്. പോതീന്ന് കേട്ടിട്ടുണ്ടോ? കാട് കാക്കുന്ന ദേവിയാ. മനുഷ്യരെ മാത്രമല്ല. കാട്ടിലെ സകലമാനജീവികളേം കാക്കുന്നത് പോതിയാന്നാ വിശ്വാസം. അത്രേം ശക്തിയാ. പോതിക്ക് വെക്കാണ്ട് ഞങ്ങള് ഭക്ഷണം തൊടൂല്ല. പോതിയോട് പ്രാർഥിക്കാണ്ട് ഒരു കാര്യത്തിനെറങ്ങൂല്ല.''
ബിജു വിവരിച്ചപ്പോൾ പുരാണങ്ങളിലെ ഭദ്രകാളിയുടെ രൂപത്തിൽ നാല് കൈകളും കണ്ണുകൾ തുറിച്ചു ചോരയിറ്റുന്ന നാക്കുമുള്ള പോതിയുടെ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു.
''ഉത്സവം നടക്കാനിരുന്ന കാവാണ്. പോതി ആ സാധു ജന്തുവിനെ രക്ഷിക്കാൻ വിളിച്ചു കേറ്റിയതാന്നാ പറയണേ. പോതിയോട് കളിക്കാൻ ആരും നിക്കൂല്ലാന്ന് അതിനും അറിയാ. പക്ഷേ സാറിന്റെ അപ്പാപ്പൻ...''
ബിജുവിന് പെട്ടെന്ന് വാക്കുകൾ മുട്ടി. ഞങ്ങൾക്കയാളുടെ കഥയിൽ രസംപിടിച്ചു തുടങ്ങിയിരുന്നു. ബാക്കി കേൾക്കാനുള്ള ജിജ്ഞാസയോടെ അയാളിരിക്കുന്ന ദിക്കിലേക്ക് ഞാൻ ചെവി വട്ടംപിടിച്ചു.
''പോകല്ലേന്ന് തുണക്കാരൻ കാലിൽ വീണതാ. പാത്തി മടക്കിയായിരുന്നു അടി. തലങ്ങും വിലങ്ങും. എന്നിട്ട് കാവിലേക്ക് വലിച്ചോണ്ട് പോയി. മാനതിനുള്ളിൽ കിതച്ചോണ്ട് നിൽപ്പാ. അപ്പാപ്പൻ ഉള്ളില്ക്കേറി. ഇത്തവണ പിഴച്ചില്ല. ഉന്നം കിറുകൃത്യമായിരുന്നു. പാവം ചത്തപ്പഴേക്കും അപ്പാപ്പന്റെ ആവേശമടങ്ങി. ചുമന്നു കൊണ്ടുപോകാനുള്ള മടി കൊണ്ട് തുണക്കാരനേം മാനിനേം അവിടെത്തന്നിട്ടു അപ്പാപ്പൻ കാടിറങ്ങി. പോതിക്കാവ് ചോരേല് മുങ്ങി.''
പഴയ ചലച്ചിത്രങ്ങളിലെ ഫ്ലാഷ്ബാക്കുകൾപോലെ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഈ രംഗങ്ങൾ ഞങ്ങളുടെ മുന്നിൽ മിന്നിമറിഞ്ഞു.
''അന്ന് തിരിച്ചിറങ്ങുമ്പഴാ സാറിന്റെ അപ്പാപ്പനെ ആന കൊന്നേ. സാറ് പറഞ്ഞതിലൊരു കാര്യം നേരാ. ആനെക്കൊണ്ട് സാറിന്റെ അപ്പാപ്പനെ കൊല്ലിച്ചതാ. പക്ഷേ അത് ഞങ്ങളാരുമല്ല. പോതിയാ. സാറിന്റെ അപ്പാപ്പനെ കൊല്ലിച്ചത് പോതിയാ.''
''നൊണയൻ.''
ക്ഷമ നശിച്ച് ഒരു ഹിംസ്രജന്തുവിനെപ്പോലെ മുരണ്ട് ജോസഫ് സാർ സീറ്റിൽനിന്ന് കുതറിയെഴുന്നേൽക്കാൻ ശ്രമിച്ചു. ബെസാരു കല്ലിൽ കേറിയിറങ്ങി. സാർ സീറ്റിലേക്കു തന്നെ വീണു.
''കഥ തീർന്നില്ലല്ലോ സാറെ.''
ജോസഫ് സാറിനും മീതെ ഒച്ചയിട്ടു ബിജു ഞങ്ങളെ പേടിപ്പിച്ചു.
''പോതിക്കാവ് തീണ്ടി തോന്ന്യാസം കാട്ടിയ അപ്പാപ്പന്റെ തുണക്കാരന്റെ ഗതി സാറിനറിയോ? ചോര തുപ്പി, തിന്നാനും മിണ്ടാനും പറ്റാണ്ട് കുറേക്കാലം കിടന്നു. പിന്നൊരു ദിവസം അപ്പാപ്പനെ പോലെ തന്നെ തീർന്നുപോയി. എന്നിട്ടെന്തായി? പോതി ക്ഷമിച്ചോ? പോതീടെ ദേഷ്യം ഇല്ലാണ്ടായോ?''
ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിന്റെ മൂർധന്യത്തോളം ബിജുവിന്റെ ശബ്ദം ചിലമ്പിച്ചു. അയാളിൽ പോതി ആവേശിച്ചതാണോ?
കാര്യങ്ങൾ വിചാരിക്കാത്ത ഗൗരവം കൈവരിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
''കൊമ്പു കൊത്താൻ കേറിയ ചപ്പൻ കാർന്നോര് വീണു തണ്ടെല്ലൊടിഞ്ഞതാ തുടക്കം. മരം വെട്ടുകാരോട് മരങ്ങൾ തീരെ കനിയാണ്ടായി. ഒന്നുകിൽ ചാഞ്ഞു ദേഹത്തോട്ട് വീണ് കൊല്ലും. അല്ലെങ്കിൽ നിലത്തോട്ട് തള്ളിയിടും. ഒരു കാട് മുഴുവനും ഞങ്ങടെ കുലത്തോട് പ്രതികാരം ചെയ്യാർന്നു പിന്നെ. തേനെടുക്കാൻ പോയോരെ തേനീച്ചകൾ കൂട്ടത്തോടെ കുത്തിക്കൊന്നു. അണ്ടി പെറുക്കാൻ പോയ പെണ്ണുങ്ങളെ പാമ്പുകൾ കൊത്തിക്കൊന്നു. കടുവയിറങ്ങി കുടിയിൽനിന്ന് കുട്ടികളെ കടിച്ചെടുത്തു തിന്നു. സകലതും മുടിഞ്ഞു. ചോലേല് വെള്ളം വറ്റി. പട്ടിണിയായി. ഊര് വിട്ട് ഞങ്ങടെ കാർന്നോന്മാർ അലഞ്ഞു നടന്നു. കുരുതി കൊടുത്ത് പോതിയോട് മാപ്പ് ചോദിക്കാൻപോലും ഞങ്ങടെ മൂപ്പൻ തീരുമാനിച്ചതാ.''
ബസിലെല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരിപ്പായിരുന്നു. സന്ദിഗ്ധമായ ഈ ഘട്ടത്തിൽ ബിജുവിന്റെ ഫോൺ ശബ്ദിച്ചു.
''പിന്നെ സാറേ, നമ്മള് തമ്മിൽ വേറൊരു ബന്ധമുണ്ട്. അന്ന് സാറിന്റെ അപ്പാപ്പന് തുണ പോയി ചോര തുപ്പി ചത്തത് എന്റെ അമ്മനാ. നിങ്ങടെ ഭാഷേല് പറഞ്ഞാ അപ്പൂപ്പൻ.''
ഇത്രയും പറഞ്ഞു ബിജു ഫോൺ ചെവിയോട് ചേർത്തു. ഞങ്ങൾക്ക് തീർത്തും അപരിചിതമായ ഒരു ഭാഷയിൽ അയാൾ സംസാരിച്ചു തുടങ്ങി.
ഞങ്ങളൊന്നടങ്കം തരിച്ചിരിപ്പായിരുന്നു. സുമാർ അമ്പതു കൊല്ലം മുന്നേ നടന്ന സംഭവമാണ്. അതിലെ നെല്ലും പതിരും വേർതിരിക്കുന്നത് നടപ്പുള്ള കാര്യമല്ല. ജോസഫ് സാറിന്റെ നെഞ്ചിൽ ക്ഷോഭം പെരുമ്പറ മുഴക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. പുറംലോകത്തോടുള്ള സകല ബന്ധവും വിട്ട് ഇരുണ്ട ഉൾക്കാട്ടിൽ ഞങ്ങൾ അകപ്പെട്ടു കഴിഞ്ഞു. ഏതോ അന്യഗ്രഹലോകത്തിലെത്തിയ കണക്ക് ഒരു പരിചയവും തോന്നിക്കാത്ത മണങ്ങളും മരങ്ങളുമാണ് ചുറ്റും. വെളിച്ചമറ്റതിന്റെ ധൈര്യത്തിൽ വേട്ടക്കിറങ്ങിയ ജന്തുക്കൾ പുറപ്പെടുവിക്കുന്ന ശബ്ദം വേറെ.
ഒരുപക്ഷേ എല്ലാമൊരു ഗൂഢാലോചനയുടെ ഭാഗമാണെങ്കിലോ?
പരസ്പരം സംസാരിച്ചില്ലെങ്കിലും എല്ലാവരും ചിന്തിക്കുന്നത് ഇതുതന്നെയാണെന്ന് എനിക്കുറപ്പായിരുന്നു. ഇനിയും വീടാത്ത പകയും പേറി കുലത്തിന്റെ പ്രതിനിധിയായി കാടിറങ്ങിയ ഒടിയനാണ് ബിജുവെങ്കിലോ? കാട് കാണാനുള്ള പൂതി ഞങ്ങളിൽ സൃഷ്ടിച്ചു കെണിയൊരുക്കാനായിരുന്നു അവന്റെ വരവെങ്കിലോ?
യാദൃച്ഛികതകൾ മാത്രമായി തള്ളാമായിരുന്ന കുറെ സംഭവങ്ങൾ ആലോചിച്ചു നോക്കുമ്പോൾ ഒരേ മാലയിലെ ചുട്ടുപഴുത്ത മുത്തുകളായി ഒത്തുവരുന്നു. അത് ഞങ്ങളുടെ അകവും പുറവും പൊള്ളിച്ചു. ജോസഫ് സാർ മാത്രമല്ല, ഞങ്ങളെല്ലാവരും ഈ കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് എനിക്ക് തോന്നി. ദേഷ്യത്തിൽനിന്ന് പേടിയിലേക്ക് ജോസഫ് സാറിന്റെപോലും ശ്വാസതാളം മാറി. ബിജു നിർത്താതെ സംസാരിക്കുകയാണ്. അയാൾ ഇടക്കിടെ സന്തോഷത്തോടെ പൊട്ടിച്ചിരിക്കുന്നു. ഇപ്പോഴയാൾക്ക് സ്കൂളിലെ ആത്മവിശ്വാസം തോന്നിക്കാത്ത ദുർബലന്റെ ശബ്ദമല്ല. വലിയൊരു വീരകർമംചെയ്ത ഗാംഭീര്യം അയാളുടെ ശബ്ദത്തിൽ മുഴങ്ങുന്നുണ്ട്. സമയം, കാട് കണ്ടതിന്റെ ആലസ്യത്തിൽ മയങ്ങിയത് മാതിരി പതുക്കെമാത്രം നീങ്ങി.
എത്രയെന്നറിയാത്ത നിമിഷങ്ങൾക്കുശേഷം ബിജുവിന്റെ ഫോൺവിളി അവസാനിച്ചു.
''ഫുഡ് റെഡിയായെന്ന് പറയാൻ വിളിച്ചതാ. എന്റെയൊരു സുഹൃത്തിനെ ഏൽപിച്ചതാർന്നു'' -ബിജു പറഞ്ഞു.
അത് വിശ്വാസമാകാത്തതുപോലെ ആരുമൊന്നും ഉരിയാടിയില്ല.
''നിങ്ങളെന്താ ഞാൻ പറഞ്ഞത് കേട്ടിട്ടാ ഒന്നും മിണ്ടാത്തെ?''
അയാളുടെ ഗൗരവം നന്നേ കുറഞ്ഞു.
''സാറെ, സാറ് ഈ വിഷയം എടുത്തിട്ടോണ്ട് ഞാൻ പറഞ്ഞൂന്നേ ഉള്ളൂ. ഇതൊന്നും നടന്നത് ആരുടേം കുറ്റം കൊണ്ടൊന്നുമല്ലാന്ന് എനിക്ക് അറിഞ്ഞൂടെ. പോതി ശപിച്ചില്ലേല് ഞങ്ങടെ ഗതി ഇത് പോലൊക്കെത്തന്നെ ആകൂലേ?''
ബിജു ചെറുതായി ചിരിച്ചത് ഞങ്ങൾ കേട്ടു.
''എന്റെ ദൈവമേ.''
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം സ്മിത ടീച്ചർ ആശ്വാസത്തോടെ ഉറക്കെ വിളിച്ചു. ഞങ്ങളുടെ പിരിമുറുക്കം ഒന്നയഞ്ഞു.
''വേണ്ടാത്തത് എങ്ങാനും സംഭവിച്ചാ... ഇവിടുന്ന് എത്രദൂരം പോണം നാട്ടിലെത്താനെന്നാ ഞാനോർത്തേ. ഇവിടുന്ന് രക്ഷപ്പെടുന്നത് എളുപ്പമുള്ള കാര്യമാണോ?''
സ്മിത ടീച്ചർ ചിരിയോടെ ചോദിച്ചു. ചൈനീസ് പടക്കങ്ങൾ പൊട്ടുമ്പോലെ ആ തമാശയിൽ കൊളുത്തി ബസിൽ അങ്ങിങ്ങായി ചിരികൾ മുഴങ്ങി.
''അതിര് കാക്കും മലയൊന്ന് തുടുത്തേ...''
സുരേന്ദ്രൻ മാഷ് സന്തോഷസൂചകമായി പാട്ട് തുടങ്ങി. എല്ലാവരും ടൂറിന്റെ മൂഡിലേക്ക് മെല്ലെ തിരിച്ചുകയറി. സമാധാനത്തോടെ ഞാൻ സീറ്റിലേക്ക് ചാഞ്ഞു.
പൊടുന്നനെ നായാട്ടുധർമത്തെ കുറിച്ച് ബിജു പറഞ്ഞ രണ്ടാമത്തെ വാചകം എന്റെയുള്ളിൽ കൊള്ളിയാനായി മിന്നി. വെപ്രാളമൊഴിഞ്ഞ നേരത്തു വേണമത്രേ ഇരയെ കൊല്ലാൻ...
ഭീതി എന്റെ രോമങ്ങളെ വീണ്ടും എഴുന്നേറ്റുനിർത്തി. ബസിന്റെ ചില്ലുവാതിലിൽ എന്റെ പിടിത്തം മുറുകി. സുരേന്ദ്രൻ മാഷുടെ പാട്ടിന് ജോസഫ് സാർ കൈകൊട്ടി താളംപിടിക്കുകയാണ്. തക്കംപാർത്ത് ബിജു ഏതു നിമിഷവും ചാടിവീഴാം. ബിജുവിന്റെ കൈയും നഖവുംകൊണ്ട് ദേഹം പോറാതിരിക്കാൻ സാറിൽനിന്ന് പരമാവധി അകലംപാലിച്ച് ജനാലക്കരികിലേക്ക് ഞാൻ നീങ്ങിയിരുന്നു. പിന്നെ, വായുവിലെ ആദ്യ സീൽക്കാരത്തിനനുസരിച്ച് ശരീരത്തെ മെരുക്കാൻ, കണ്ണുകൾ മുറുക്കിയടച്ച് ഉള്ളിലെ കാളീരൂപത്തോട് മനസ്സുരുകി ഞാൻ പ്രാർഥിച്ചു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.