ചന്ദനമരം -കഥ വായിക്കാം

ഒന്ന്എന്നും ശിവൻകുട്ടി ജോലിക്കുപോകാന്‍ നേരം സിമന്റിട്ട കയ്യാലയുടെ ഒരരികില്‍ മതിലിനോട് ചേർന്ന് അയാളുടെ അച്ഛന്‍ പത്രം വായിച്ചിരിക്കുന്നുണ്ടാവും. അച്ഛനോട് ''ഞാന്‍ ഇറങ്ങുന്നു'' എന്ന് പറഞ്ഞിട്ടേ അയാള്‍ ശാരദ അരമതിലില്‍ കൊണ്ടുവെച്ച അയാളുടെ ബാഗും എടുത്ത് ചവിട്ടുകല്ലിലേക്കിറങ്ങൂ. ബാഗില്‍ ഒരു ഫ്ലാസ്കില്‍ ചായയും വട്ടത്തിലുള്ള ഒരു ചോറ്റുപാത്രവുമുണ്ടാവും. അന്നേരം ബാഹുലേയന്‍ പത്രത്തില്‍നിന്നും തലയെടുത്ത് ശിവൻകുട്ടി പടികടന്ന് മറയുന്നതുവരെ അയാളെത്തന്നെ നോക്കിയിരിക്കും. ശ്വാസംമുട്ട് ഇടക്കിടെ ശല്യപ്പെടുത്തുന്നതുകൊണ്ട് ബാഹുലേയന്‍ പുറത്തേക്കൊന്നും അങ്ങനെ പോകാറില്ല. മിക്കവാറും സമയം...

ഒന്ന്

എന്നും ശിവൻകുട്ടി ജോലിക്കുപോകാന്‍ നേരം സിമന്റിട്ട കയ്യാലയുടെ ഒരരികില്‍ മതിലിനോട് ചേർന്ന് അയാളുടെ അച്ഛന്‍ പത്രം വായിച്ചിരിക്കുന്നുണ്ടാവും. അച്ഛനോട് ''ഞാന്‍ ഇറങ്ങുന്നു'' എന്ന് പറഞ്ഞിട്ടേ അയാള്‍ ശാരദ അരമതിലില്‍ കൊണ്ടുവെച്ച അയാളുടെ ബാഗും എടുത്ത് ചവിട്ടുകല്ലിലേക്കിറങ്ങൂ. ബാഗില്‍ ഒരു ഫ്ലാസ്കില്‍ ചായയും വട്ടത്തിലുള്ള ഒരു ചോറ്റുപാത്രവുമുണ്ടാവും. അന്നേരം ബാഹുലേയന്‍ പത്രത്തില്‍നിന്നും തലയെടുത്ത് ശിവൻകുട്ടി പടികടന്ന് മറയുന്നതുവരെ അയാളെത്തന്നെ നോക്കിയിരിക്കും. ശ്വാസംമുട്ട് ഇടക്കിടെ ശല്യപ്പെടുത്തുന്നതുകൊണ്ട് ബാഹുലേയന്‍ പുറത്തേക്കൊന്നും അങ്ങനെ പോകാറില്ല. മിക്കവാറും സമയം കയ്യാലയിലെ ചാരുകസേരയില്‍ പത്രം വായിച്ച് അയാളുണ്ടാവും.

ശാരദ അകത്ത് ബാലകൃഷ്ണനെ സ്കൂളില്‍ വിടാനുള്ള തിരക്കിലായിരിക്കും. മകനെ കുളിപ്പിച്ച്, യൂനിഫോം ഉടുപ്പിച്ച്, ബാഗില്‍ അവന്റെ പുസ്തകങ്ങളും തിരുകി അവനെ കൊണ്ടുവന്ന് പടിക്കല്‍ നിർത്തുന്നതുവരെ ശാരദക്ക് നിന്നുതിരിയാന്‍ ഇടകിട്ടില്ല. ഇതിനിടയില്‍ അച്ഛന് ഒരു കട്ടന്‍ചായയും അനത്തിക്കൊണ്ടുവന്നു കൊടുക്കും. അലക്കോ മറ്റോ ഉള്ള ദിവസങ്ങളില്‍ ചിലപ്പോഴൊക്കെ അച്ഛന് ചായ കൊടുക്കാന്‍ വിട്ടുപോവുകയോ വൈകിപ്പോവുകയോ ചെയ്താല്‍ അടുക്കളയിലേക്ക് അന്തം പാഞ്ഞൊരോട്ടമുണ്ട്. പെട്ടെന്നുതന്നെ ചായയുമായി തിരിച്ചുവരുന്ന മരുമകളെ അയാള്‍ അലിവോടെ ഒന്നു നോക്കും. ചായ കിട്ടാന്‍ വൈകിയാലോ കിട്ടാതിരുന്നാലോ അയാൾക്ക് യാതൊരു പരാതിയുമില്ല. അയാള്‍ കാണുന്നതല്ലേ ശാരദയുടെ ബദ്ധപ്പാട്. അങ്ങനെയുള്ള അവസരങ്ങളില്‍ ശാരദ പറയും, അച്ഛന് ചായ കിട്ടാന്‍ വൈകിയാല്‍ ഒന്നു പറഞ്ഞുകൂടേ അച്ഛാ എന്ന്. അയാള്‍ അതുകേട്ട് ഒന്നു ചിരിക്കുക മാത്രം ചെയ്യും.

അച്ഛനുള്ള രാവിലത്തെ കഞ്ഞി പകർത്തുമ്പോഴും അലക്കാനുള്ള തുണികള്‍ തിരയുമ്പോഴും ശാരദ ഇടക്കിടക്ക് കയ്യാലയില്‍ വന്ന് പടിക്കലേക്ക് നോക്കും, ബാലുവിന്റെ വണ്ടിവന്നോ എന്ന്. അനിയപ്പന്റെ ഓട്ടോറിക്ഷയിലാണ് അവനെ സ്കൂളില്‍ വിടുന്നത്. ബാഹുലേയന്റെ േജ്യഷ്ഠന്റെ മകനാണ് അനിയപ്പന്‍. ശിവൻകുട്ടിയുടെ വീട്ടിലെ ഏതു കാര്യത്തിനും അനിയപ്പനുണ്ടാവും. അവര്‍ ഒരേ പ്രായക്കാരും ഒരുമിച്ച് കളിച്ചുവളർന്നവരുമാണ്. ജോലികഴിഞ്ഞ് ശിവേട്ടന്‍ വരാന്‍ വൈകുമെന്ന് കണ്ടാല്‍, പോരുംവഴി മീനെന്തെങ്കിലും കിട്ടിയാല്‍ വാങ്ങിച്ചോളാന്‍ ശാരദ വിളിച്ചുപറയുന്നത് അനിയപ്പനോടാണ്. അനിയപ്പന്‍ വന്ന് എളേച്ഛാന്നൊരു വിളിയും വിളിച്ച് ബാലകൃഷ്ണനെ കയറ്റിക്കൊണ്ടുപോയാല്‍ പിന്നെ ശാരദക്ക് ഒന്ന് ശ്വാസംവിടാം. അച്ഛനെ വിളിച്ച് കഞ്ഞി കൊടുത്ത് അവളും കഴിച്ചുകഴിയുന്നതോടെ വീടിന്റെ അന്തരീക്ഷം ഒന്നു തണുക്കും. ഇനി ഉച്ചഭക്ഷണത്തിനുള്ള തയാറെടുപ്പ് തുടങ്ങുന്നതിനു മുമ്പായി ഇത്തിരി സമയം കിട്ടും ശാരദക്ക്. അപ്പോഴാണവള്‍ അച്ഛന്‍ വായിച്ചുകഴിഞ്ഞ് അരമതിലില്‍ മടക്കിവെച്ച പത്രമെടുത്ത് ചവിട്ടുകല്ലില്‍തന്നെ ഇരുന്ന് ഒന്ന് കണ്ണോടിക്കുന്നത്.

മീന്‍ വല്ലതും കിട്ടുകയാണെങ്കില്‍, ബാലുവിനെ സ്കൂളില്‍ വിട്ടുകഴിഞ്ഞ് അനിയപ്പന്‍ അത് നേരെ ശാരദക്ക് കൊണ്ടുവന്നുകൊടുക്കും. ശാരദ പിന്നെ അത് കറിയാക്കിയിട്ടേ അലക്കിലേക്കോ അവള്‍ കെട്ടിവന്നപ്പോള്‍ അവളോടൊപ്പം പോന്ന തയ്യല്‍മെഷീനിലേക്കോ തിരിയുകയുള്ളൂ. അച്ഛന് ഉച്ചയൂണിന് മീന്‍കറിയുണ്ടെങ്കില്‍ വലിയ സന്തോഷമാണ്. അടുക്കളപ്പണിക്കിടയിലും ശാരദ ഉമ്മറത്തിരുന്ന് അച്ഛന്‍ ശ്വാസംകിട്ടാതെ ചുമയ്ക്കുന്നതു കേട്ടാല്‍ ഓടിവരും. കുറച്ചുനേരം അയാളുടെ നെഞ്ചൊന്ന് ഉഴിഞ്ഞുകൊടുക്കുകയും ഒരു ചില്ലു ഗ്ലാസില്‍ ചൂടുള്ള കഞ്ഞിവെള്ളം കൊണ്ടുവന്ന് കൊടുക്കുകയും ചെയ്യും. ശ്വാസംമുട്ടിന്റെ ബുദ്ധിമുട്ട് അയാൾക്ക് പണ്ടുമുതലേയുള്ളതാണ്. എന്നാല്‍, ഇപ്പോള്‍ അത് വല്ലാതെ കൂടിയിട്ടുണ്ട്. പലപ്പോഴും, ശിവൻകുട്ടി വീട്ടിലില്ലാത്തപ്പോള്‍ അച്ഛന്‍ ശ്വാസംമുട്ടി നിർത്താതെ ചുമയ്ക്കുന്നതുകണ്ട് ശാരദ അടുത്ത വീട്ടിലെ ലക്ഷ്മിയേടത്തിയില്‍നിന്നും കുറച്ച് പണം വായ്പ മേടിച്ച് അനിയപ്പനെയും വിളിച്ച് അയാളെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്. അപ്പോഴൊക്കെ ഡോക്ടര്‍ അവളോട് പറഞ്ഞിട്ടുണ്ട്, "ഇനി ഇതങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. ഉടനെ ഒരു സർജറി നടത്തണം.''

ഏറ്റവും ഒടുവില്‍ അച്ഛനെ ഡോക്ടറെ കാണിച്ചപ്പോഴും ഡോക്ടര്‍ ശാരദയോട് ചോദിച്ചു, ''ഓപ്പറേഷന്റെ കാര്യമെന്തായി?" അന്ന് ഒരു പരുങ്ങലോടെ ശാരദ പറഞ്ഞു, ''ഞാന്‍ ശിവേട്ടനോട് പറഞ്ഞിട്ടുണ്ട്. എത്ര രൂപയാകുമെന്ന് ചോദിക്കാന്‍ പറഞ്ഞിരുന്നു."

"അമ്പതിനായിരം രൂപ മതിയാകും. എത്രയും പെട്ടെന്നു തന്നെ വന്നോളൂ."

ഡോക്ടര്‍ അങ്ങനെ പറഞ്ഞിട്ടു തന്നെ ഇപ്പോള്‍ എത്ര നാളായി! സിംഗര്‍ തയ്യല്‍ മെഷീന്റെ ബാലൻസ് വീൽ ചവിട്ടിക്കറക്കുന്നതിനിടയിൽ ഒരുദിവസം ശാരദ കണക്കുകൂട്ടി. അന്ന് അവള്‍ ഒരു കാര്യം ഉറപ്പിച്ചു. ഇന്ന് ഇതിനൊരു തീരുമാനമെടുക്കണം.

തടിമില്ലില്‍ ജോലി കൂടുതലുണ്ടായിരുന്നതിനാല്‍ അന്ന് രാത്രി ശിവന്‍കുട്ടി വന്നപ്പോഴേക്കും ബാലു ഉറക്കം പിടിച്ചിരുന്നു. എന്നും അച്ഛനോടും അമ്മയോടുമൊപ്പമേ അവന്‍ രാത്രിഭക്ഷണം കഴിക്കുകയുള്ളൂ. വരാന്‍ ഇത്തിരി വൈകുമെന്ന് ശിവൻകുട്ടി വിളിച്ചുപറഞ്ഞിരുന്നതിനാല്‍ ശാരദ അവന് സമയത്തുതന്നെ ഭക്ഷണം കൊടുത്തു. അച്ഛന്‍ സാധാരണ നേരത്തേ കഴിക്കും. കുളികഴിഞ്ഞ് ശിവേട്ടനോടൊപ്പം ഊണ് കഴിക്കാനിരിക്കുമ്പോള്‍ ശാരദ അച്ഛന്റെ ഓപറേഷന്റെ കാര്യം എടുത്തിട്ടു. ''ങ്ങാ... ചെയ്യണം'' എന്നുമാത്രം പറഞ്ഞ് അയാള്‍ കൈകഴുകാന്‍ എഴുന്നേറ്റു. ഒന്നും കാണാതെയാണ് ശിവേട്ടന്‍ അങ്ങനെ പറഞ്ഞതെന്ന് ശാരദക്കറിയാം.

"കയ്യില്‍ പണം വന്നിട്ട് ചെയ്യാമെന്ന് വിചാരിക്കേണ്ട കാര്യമല്ല ശിവേട്ടാ ഇത്. നമുക്ക് എങ്ങനെയും അത് ചെയ്യണം", പാത്രം കഴുകുന്നതിനിടയില്‍ ശാരദ പറഞ്ഞു.

ശിവൻകുട്ടി ഒന്നും പറഞ്ഞില്ല. അയാള്‍ ആലോചിക്കുകയായിരുന്നു. തടിമില്ലില്‍ ജോലിയുണ്ടെന്നേയുള്ളൂ. കുടുംബം കഴിച്ചിലായി അങ്ങുപോകാമെന്നല്ലാതെ ഒരുരൂപ പോലും മിച്ചം പിടിക്കാന്‍ അയാൾക്ക് കഴിയാറില്ല. കൂലിതന്നെ എന്തെങ്കിലും കൂട്ടിക്കിട്ടിയിട്ട് അഞ്ചാറു വര്‍ഷമായി. പലപ്പോഴും അയാള്‍ മറ്റെന്തെങ്കിലും പണിക്കു പോയാലോ എന്നുവരെ ആലോചിച്ചിട്ടുണ്ട്. സ്ഥിരമായി ഒരു ജോലിയുണ്ടല്ലോ എന്നോർക്കുമ്പോള്‍ പിന്നെയും അങ്ങനെ തുടരുന്നതാണ്.

''നമുക്ക് തൽക്കാലം എന്റെയീ മാലയും വളയും പണയം വെക്കാം. എനിക്ക് പുറത്തെങ്ങും പോകാനില്ലല്ലോ. പൈസ കിട്ടുമ്പോള്‍ നമുക്ക് എടുപ്പിക്കാം." ശിവൻകുട്ടി ആലോചിച്ച് വശംകെടുന്നതുകണ്ട് ശാരദ പറഞ്ഞു.

അയാളുടെ കണ്ണുനിറഞ്ഞുപോയി. അങ്ങനെ ചെയ്യാന്‍ അയാള്‍ ആഗ്രഹിച്ചിട്ടേയില്ല. കാരണം, പണയം തിരിച്ചെടുക്കാന്‍ അയാള്‍ക്ക് പാങ്ങില്ല. എന്തൊക്കെ ബുദ്ധിമുട്ടുണ്ടായിട്ടും ജീവിതത്തില്‍ ഇന്നുവരെ ശാരദയുടെ സ്വർണം അയാള്‍ പണയം വെക്കാനെടുത്തിട്ടുമില്ല. അതില്‍ അയാള്‍ ഒരു സന്തോഷംതന്നെ കണ്ടെത്തിയിരുന്നു.

ശിവേട്ടന്‍ സമ്മതിക്കില്ലെന്ന് കണ്ട് ശാരദ ഇങ്ങനെകൂടി പറഞ്ഞു: "എനിക്ക് തയ്യലും കുറച്ചുള്ളതല്ലേ! കിട്ടുന്നതുപോലെ നമുക്ക് കുറേശ്ശെയായി അടച്ചുതീർക്കാം."

''അതുവേണ്ട, നമുക്ക് മറ്റെന്തെങ്കിലും മാർഗം നോക്കാം ശാരദേ." അയാള്‍ പറഞ്ഞു. പിന്നെ രണ്ടാളും ഒന്നും പറഞ്ഞില്ല.

പിറ്റേന്ന് രാവിലെതന്നെ ശാരദ ശിവൻകുട്ടിയെ വിളിച്ചുണർത്തി ൈകയിലൊരു കട്ടന്‍ചായ കൊടുത്തിട്ടു പറഞ്ഞു, "എന്റെ സ്വർണം എടുക്കാന്‍ ശിവേട്ടന് മടിയാണെങ്കില്‍ ഞാന്‍ വേറൊരു വഴി പറയാം." വേറെന്തു വഴി എന്ന മട്ടില്‍ ശിവന്‍കുട്ടി അവളെ നോക്കുക മാത്രം ചെയ്തു.

''നമുക്കാ ചന്ദനമരം വെട്ടാം," അവള്‍ പറഞ്ഞു. "അമ്പതിനായിരം രൂപ കിട്ടാതിരിക്കില്ല."

ൈകയിലിരുന്ന കട്ടന്‍ചായ ഊതിക്കുടിച്ച ശേഷം ശിവൻകുട്ടി മുറ്റത്തേക്കിറങ്ങി. ശാരദയും ഒപ്പമിറങ്ങി. ശിവന്‍കുട്ടിയുടെ ഓർമ ചെന്നുമുട്ടുന്ന കാലം മുതലേ അവരുടെ പുരയിടത്തിന്റെ വടക്കേ അതിരിനോട് ചേർന്ന് ആ മരം നിൽപുണ്ട്. മുതിർന്നപ്പോഴാണ് അത് ചന്ദനമരമാണെന്നറിയുന്നത്. വഴിയിലൂടെ പോകുന്നവരില്‍ ചിലരെങ്കിലും ആ മരത്തെ കൗതുകപൂർവം നോക്കിപ്പോകുന്നത് ശിവൻകുട്ടിയും കാണാറുണ്ട്. ഒരു തടിമില്ലില്‍ കണക്കെഴുതുന്ന ആളായിട്ടും ചന്ദനമരത്തിന് എന്തുവിലകിട്ടുമെന്ന് അയാൾക്ക് അറിയുമായിരുന്നില്ല.

"ചന്ദനമരം അങ്ങിനെ വീട്ടുമുറ്റത്തൊന്നും വളരില്ല ശിവേട്ടാ. ഇതിപ്പോള്‍ പണ്ടുള്ളോരുടെ ഒരു പുണ്യം എന്നുപറഞ്ഞാല്‍ മതിയല്ലോ! നമ്മുടെ ആവശ്യം കണ്ടറിഞ്ഞ് വെച്ചതുപോലുണ്ട്." ചന്ദനമരത്തിന്റെ തുഞ്ചത്തുനിന്ന് കണ്ണെടുത്ത് ശിവൻകുട്ടി മതിപ്പോടെ ഭാര്യയെ നോക്കി.



 "ശിവേട്ടന് സമ്മതമാണേല്‍ ഞാന്‍ ഇന്നുതന്നെ അനിയപ്പനോട് പറയാം. അവന്‍ ഏർപ്പാടാക്കും, വാങ്ങാനുള്ള ആളെ."

''വേണ്ട, ഞാന്‍തന്നെ പറഞ്ഞോളാം." അയാള്‍ ജോലിക്ക് പോകാനുള്ള തയാറെടുപ്പിലേക്ക് നീങ്ങി. വർധിച്ച ഉന്മേഷത്തോടെയാണ് അന്ന് ശാരദ സ്കൂളില്‍വിടാൻ ബാലുവിനെ വിളിച്ചുണർത്തിയത്.

രണ്ട്

പിറ്റേ ദിവസം ബാലുവിനെ സ്കൂളില്‍ ആക്കിയശേഷം അനിയപ്പന്റെ ഓട്ടോറിക്ഷ ഒരു അപരിചിതനെയുംകൊണ്ട് മുറ്റത്തുവന്നു നിന്നത് കയ്യാലയിലെ ചാരുകസേരയിലിരുന്ന് ബാഹുലേയന്‍ കണ്ടു. മരം കൊടുക്കാന്‍ ഒരാളെ തിരക്കാന്‍ അനിയപ്പനെ ഏർപ്പാടാക്കിയ വിവരം ശിവൻകുട്ടി അയാളോട് പറഞ്ഞിരുന്നു. വന്നയാള്‍ അകത്തേക്ക് കയറാതെ നേരെ വടക്കേ വേലിക്കരികിലേക്ക് നീങ്ങുന്നതു കണ്ട് അയാളും പിന്നാലെ ചെന്നു. ''ശിവൻകുട്ടിക്ക് ബാലകൃഷ്ണന്റെ പ്രായമുള്ളപ്പോ എന്റച്ഛന്‍ നട്ടതാണിത്." അയാള്‍ അപരിചിതനോട് പറഞ്ഞു. ''ഇത് ചോലയിലാണ് പൊന്തിയതെന്നു തോന്നുന്നു. വണ്ണം ഇതു പോരല്ലോ." തിരിഞ്ഞുനോക്കാതെതന്നെ അപരിചിതന്‍ തനിക്ക് ഇക്കാര്യത്തിലുള്ള അറിവ് പരസ്യപ്പെടുത്തുന്ന മട്ടിൽ ആരോടെന്നില്ലാതെ പറഞ്ഞു.

അപ്പോഴേക്കും തടിമില്ലില്‍നിന്നും ശിവൻകുട്ടിയുമെത്തി. ചന്ദനമരച്ചോട്ടിലേക്ക് നാലു ഗ്ലാസ് ചായയുമായി ശാരദ കൂടി ഇറങ്ങിവരാന്‍ തുടങ്ങുമ്പോള്‍ നമുക്ക് വരാന്തയിലിരിക്കാം എന്നുപറഞ്ഞ് ശിവൻകുട്ടി അപരിചിതനെ വീട്ടിലേക്ക് ക്ഷണിച്ചു. ശിവന്‍കുട്ടി അച്ഛന്റെ ചാരുകസേരക്ക് സമീപത്തേക്ക് ഒരു കസേര വലിച്ചിട്ട് അയാളെ അതിലിരുത്തി. ബാഹുലേയന്‍ ചാരുകസേരയിലും അനിയപ്പനും അയാളും അരമതിലിലുമായി ഇരിപ്പുറപ്പിച്ചു. ശാരദ ചായത്തട്ട് അരമതിലില്‍ വെച്ചശേഷം വാതിൽപ്പടിയില്‍ വെറുതെ നിന്ന് തന്റെ സാന്നിധ്യം അറിയിക്കുക മാത്രം ചെയ്തു

അരമതിലില്‍നിന്ന് ഒരു ചായ എടുത്ത് വന്നയാൾക്ക് നീട്ടിയിട്ട് അനിയപ്പന്‍ പറഞ്ഞു, "ജോസേട്ടന് എന്താ പറയാനുള്ളതെന്നു വച്ചാ പറഞ്ഞോ. ഞങ്ങളാരും കച്ചവടക്കാരൊന്നുമല്ല."

"ഞാനും കച്ചവടക്കാരനല്ലെന്ന് അനിയപ്പന് അറിഞ്ഞൂടേ?" പാറക്കാടന്‍ ജോസ് തന്റെ ഇടംകൈയിലെ റാഡോ വാച്ച് ഒന്ന് അയച്ചിട്ട് പറഞ്ഞുതുടങ്ങി.

''എനിക്ക് വീട് പണിക്ക് വേണ്ടീട്ടാ. അപ്പന്റെ ഒരാഗ്രഹാണ്; ചന്ദനത്തടികൊണ്ട് വീടിനൊരു വാതില്‍. ആയ കാലത്തൊന്നും ഒരു പൂപ്പരുത്തിപോലും ഞങ്ങടെ വീട്ടീ കാണാന്‍ പറ്റീട്ടില്ല. ങ്ങാ.. ആഗ്രഹല്ലേ! പാങ്ങുള്ളപ്പോ അത് നമ്മളാല്‍ സാധിച്ചുകൊടുത്താ മൂപ്പര്ക്ക് ഒരു സന്തോഷം. അത്രേ എനിക്കൊള്ള്. തരണ്ട വെല എന്താച്ചാ അതങ്ങ് പറഞ്ഞാൽ തരക്കേടില്ല."അനിയപ്പൻ ശിവൻകുട്ടിയുടെ മുഖത്തേക്ക് നോക്കി.

"ഞങ്ങൾക്ക് ഒരമ്പതിനായിരം രൂപ വേണം. അതിനുള്ള ഒരാവശ്യം ഉണ്ടെന്ന് കൂട്ടിക്കോ.'' ശിവൻകുട്ടി ഒറ്റ വില പറഞ്ഞു.

പാറക്കാടന്‍ വടക്കേ അതിരിലേക്ക് ഒന്നുകൂടി എത്തിനോക്കിയശേഷം പറഞ്ഞു: ''പറഞ്ഞത്ര പ്രായം ഇതിനുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഞാന്‍ തർക്കിക്കുന്നില്ല. അപ്പന്റെ ആഗ്രഹമല്ലേ?"

പാറക്കാടന്‍ ജോസ് കുറച്ചുനേരംകൂടി ഇരുന്നശേഷം അനിയപ്പനെ വിളിച്ച് പുറത്തേക്കിറങ്ങി. അവർ രണ്ടു പേരും മുറ്റത്തുനിന്ന് എന്തൊക്കെയോ പറഞ്ഞശേഷം വീണ്ടും കയ്യാലയിലേക്ക് കയറി. ശേഷം ശിവൻകുട്ടിയോടായി പാറക്കാടൻ ഇങ്ങനെ പറഞ്ഞു: "അമ്പതിനായിരം രൂപ ഞാൻ അനിയപ്പന്റെ കയ്യിൽ കൊടുത്തേക്കാം, ഇന്നുതന്നെ. വെട്ടുകാരുമായി രണ്ടുദിവസത്തിനകം വരാം." ശിവൻകുട്ടി സമ്മതിച്ചു.

പാറക്കാടൻ അനിയപ്പന്റെ ഓട്ടോറിക്ഷയിൽ കയറി. പിന്നാലെ, മില്ലിലേക്ക് തിരിച്ചുപോകാൻ വന്ന ശിവൻകുട്ടിയും. അവരെയുംകൊണ്ട് അനിയപ്പന്റെ ഓട്ടോറിക്ഷ പടികടന്നപ്പോള്‍ ബാഹുലേയൻ നിറഞ്ഞ കണ്ണുകളോടെ ചന്ദനമരത്തിലേക്കൊന്നു നോക്കി. അതുകണ്ട് ശാരദ പറഞ്ഞു, "അതവിടെ നിന്നിട്ട് നമുക്ക് എന്തു കിട്ടാനാ അച്ഛാ, ഒരു വല്യ കാര്യല്ലേ അതുകൊണ്ട് ചെയ്യാൻ പോകുന്നത്." അന്നേരം, അയാളുടെ അച്ഛന്റെ വാത്സല്യം ഏറ്റുവാങ്ങിയ ആ സുഗന്ധവൃക്ഷത്തിന്റെ ചാഞ്ഞ കൊമ്പുകളിൽ തെക്കൻ കാറ്റ് ഊഞ്ഞാലാടുകയായിരുന്നു. അയാള്‍ ഒന്നും പറയാതെ അകത്തേക്കു പോയി.

അന്ന് വൈകുന്നേരം സ്കൂളിൽനിന്ന് ബാലുവിനെയും കൊണ്ടുവന്ന അനിയപ്പൻ പാറക്കാടൻ കൊടുത്ത അമ്പതിനായിരം രൂപ ശാരദയെ ഏൽപിച്ചു. പിറ്റേന്ന്, ബാലുവിനെ സ്കൂളിൽ വിട്ട് വന്ന അനിയപ്പന്റെ ഓട്ടോറിക്ഷയിൽതന്നെയാണ് ശിവൻകുട്ടിയും ശാരദയും ബാഹുലേയനെ ആശുപത്രിയിൽ കൊണ്ടുപോയത്. അതിന് പിറ്റേദിവസമാണ് അയാളുടെ ഓപറേഷൻ നിശ്ചയിച്ചത്. അതിനും മൂന്നുനാല് ദിവസം കഴിഞ്ഞാണ് അവർ ആശുപത്രി വിട്ടത്. ബാഹുലേയനെ ആശുപത്രിയിലാക്കിയ ആ ദിവസങ്ങളിൽ ബാലുവിനെ സ്കൂളിൽ വിട്ടുകഴിഞ്ഞാൽ ശാരദ ആശുപത്രിയിലേക്ക് പോകും. ശിവൻകുട്ടി ജോലികഴിഞ്ഞ് നേരെ ആശുപത്രിയിലെത്തുമ്പോഴേക്കും അവള്‍ വീട്ടിലേക്ക് പോരും. സ്കൂളിൽനിന്നും വരുന്ന ബാലു അതുവരെ ലക്ഷ്മിയേടത്തിയുടെ വീട്ടിലായിരിക്കും.

ആശുപത്രിയിൽനിന്ന് ബാഹുലേയനും ശിവൻകുട്ടിയും ശാരദയും വീട്ടിൽ തിരിച്ചെത്തിയ അതേദിവസംതന്നെയാണ് ചന്ദനമരം വെട്ടാൻ പാറക്കാടൻ ജോസ് പണിക്കാരുമായെത്തിയത്. മുറ്റത്തേക്ക് കയറ്റാതെ വഴിയിൽത്തന്നെ ഒതുക്കി നിർത്തിയ അയാളുടെ കാറിൽനിന്നും ഇറങ്ങിവന്ന പണിക്കാരുടെ കൂട്ടത്തിൽ എൺപത് കഴിഞ്ഞ അയാളുടെ പിതാവുമുണ്ടായിരുന്നു. താൻ ആവുന്നത്ര വിലക്കിയിട്ടും പോരാൻനേരം അപ്പൻ കാറിലേക്ക് ഓടിക്കയറിയതാണെന്ന് പിന്നീട് ശിവൻകുട്ടി എന്തോ ചോദിച്ചതിന് മറുപടിയായി പാറക്കാടൻ പറഞ്ഞു. പുറത്ത് മരം വെട്ടാൻ ആള് വന്നിട്ടുണ്ട് എന്നറിഞ്ഞെങ്കിലും ബാഹുലേയൻ അകത്തെ മുറിയിൽതന്നെ കഴിഞ്ഞു. ശിവൻകുട്ടിയും ശാരദയും മരം വെട്ടുകാർക്ക് ചില ചില്ലറ സഹായം ചെയ്ത് മുറ്റത്ത് നിലകൊണ്ടു.

വെട്ടുകാരിൽ പ്രധാനിയായ അപ്പു ആ നാട്ടിലെ അറിയപ്പെടുന്ന മരംവെട്ടുകാരനാണ്. കൊമ്പൻമീശയും പാറപോലെ ഉറച്ച ശരീരവുമായി ഒരു ആജാനുബാഹു. തോളിൽ മാടിയിട്ട വടമില്ലാതെ അയാളെ ആരും വഴിയിൽ കണ്ടിട്ടില്ല. മരം വെട്ടാനുള്ള പോക്കിൽ അയാളുടെ മീശപോലെ തന്നെ മുനയുള്ള കൈക്കോടാലി തോളത്ത് ഇളകിക്കളിക്കും. അയാള്‍ക്ക് മരംവെട്ടില്ലാത്ത ദിവസമുണ്ടാവില്ല. ഏടാകൂടത്തിൽ നിൽക്കുന്നതും പുരപ്പുറത്തേക്ക് ചാഞ്ഞതുമായ ഏതു മരവും അപ്പുവാണ് വെട്ടുന്നതെങ്കിൽ പിന്നെ പേടിക്കാനില്ല. മരം വെട്ടി വെട്ടി പെൻസിൽ മുനപോലെ നേർപ്പിച്ച് കടക്കുറ്റിയിൽനിന്നും വേർപെടുത്താതെ നിർത്തിയശേഷം എങ്ങോട്ട് വേണമെങ്കിലും ആട്ടി അടർത്തിയിടാനുള്ള അപ്പുവിന്റെ വിരുതാണ് മരംവെട്ടിൽ അയാളെ പ്രസിദ്ധനാക്കിയത്. മുറിക്കഷണം ആട്ടി വേർപെടുത്തുന്നതിനിടയിൽ അയാള്‍ അതിൻമേൽ പ്രയോഗിക്കുന്ന ഒരു ബലമുണ്ട്. അതാണ് അയാള്‍ താഴെ മണ്ണിൽ മനസ്സിൽ കണ്ട ഒരു വൃത്തത്തിലേക്ക് അതിനെ കുത്തിവീഴ്ത്തുന്നത്. അപ്പു മുറിച്ചിട്ട ഒരു മുറിയും എടന്തടിച്ചുവീണ് പൊട്ടിയിട്ടില്ല ഇതുവരെ.

എത്താത്തോർത്തുമുടുത്ത്, വട്ടത്തിൽ മാടിയ വടം മരത്തിന്റെ കടയ്ക്കൽ വെച്ച് അതിന്റെ ഒരറ്റം അരയിൽകെട്ടി അപ്പു മരത്തിലേക്ക് കയറി. മരത്തിന്റെ ഏതാണ്ട് മധ്യഭാഗത്തിന് മുകളിലായി വടംകെട്ടിയശേഷം അയാള്‍ അരയിൽ തിരുകിയിരുന്ന ചെറിയ കോടാലി ഉപയോഗിച്ച് ചില്ലകള്‍ മുറിക്കാൻ തുടങ്ങി. താഴെനിന്നും പാറക്കാടനും പിതാവും അയാളോട് എന്തൊക്കെയോ പറയുന്നുണ്ട്. അയാള്‍ അതൊന്നും കൂട്ടാക്കാതെ അയാളുടെ ജോലി തുടർന്നുകൊണ്ടിരുന്നു. മറ്റ് രണ്ടുപേർ താഴത്തെ കൊമ്പുകളിറക്കുകയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂർകൊണ്ട് ആ അഭിജാതവൃക്ഷം ഒരു അസ്ഥികൂടംപോലെയായി. ചുവട്ടിൽനിന്ന് നോക്കി ബാലകൃഷ്ണൻ മാത്രം കണ്ടുവെച്ചിരുന്ന അതിലെ കാക്കക്കൂട് ഇപ്പോള്‍ ആർക്കും കാണാം. അപ്പു ആദ്യം ചെയ്തത് ആ കാക്കക്കൂട്ടിൽ മുട്ടകളോ കുഞ്ഞുങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. അതിൽ ഒന്നും ഇല്ലെന്ന് കണ്ട് ആ കൂട് മെല്ലെയെടുത്ത് വേലിക്കരികിലേക്ക് നീട്ടിയെറിഞ്ഞു. എന്നിട്ട് കുറെക്കൂടി താഴേക്കിറങ്ങി തായ്ത്തടി മുറിക്കാൻ തയാറെടുത്തു. മരത്തിൽ കെട്ടിയ വടം വലിച്ചു പിടിക്കേണ്ട ദിക്ക് അയാള്‍ താഴെയുള്ള പണിക്കാർക്ക് പറഞ്ഞുകൊടുത്തു. പാറക്കാടനോട് താഴേക്ക് ഒന്നുകൂടി വിളിച്ചു ചോദിച്ച് ഉരുപ്പടിയുടെ മുറിയളവ് അയാള്‍ ഉറപ്പുവരുത്തി. മുറിയുടെ താഴെ വെച്ച് വടത്തിന്റെ അറ്റത്തുണ്ടായിരുന്ന വടി വിലങ്ങനെ കെട്ടി ഇരുവശത്തേക്കും കാലിട്ട് അയാള്‍ അതിന്മേൽ ഇരുന്നു. മറ്റ് പണിക്കാർ വടം വലിച്ചുമുറുക്കി തെക്കേ അതിരിലുള്ള ഒരു തെങ്ങിന്റെ കടക്കൽ കെട്ടി വലിവിൽ നിർത്തി.

കാലുകള്‍ മരത്തിൽ പിണച്ചുവെച്ച്, ഇരുകൈകളിലേക്കും കോടാലി മാറ്റി മാറ്റിപ്പിടിച്ച്, വായുവിൽ മലർന്നുകിടന്ന് അപ്പു മരം മുറിക്കാൻ തുടങ്ങി. ഇടവിട്ടുള്ള ഓരോ വെട്ടിനും ഓരോ മരച്ചീളുകള്‍ ചുറ്റുപാടേക്കും ചിതറി. പൂത്തിരിപോലെ അവ മുറ്റത്തുവന്നുവീഴുന്നത് ശിവൻകുട്ടിയും ശാരദയും കൗതുകത്തോടെ കണ്ടുനിന്നു. വെട്ടിന്റെ താളത്തിൽ ചന്ദനമരത്തിന്റെ തുഞ്ചാനചില്ലകള്‍ ഇലഞ്ഞിത്തറമേളത്തിലെന്നപോലെ മെല്ലെ തുള്ളിക്കൊണ്ടിരുന്നു. മുനവെച്ച ഒരു പെൻസിൽ മലർത്തിവെച്ച് അതിൻമേൽ മറ്റൊരു പെൻസിൽ മുനകുത്തി നിർത്തിയപോലെ ചന്ദനമരം കാണപ്പെട്ടതിന്റെ അതിശയത്തിലാവണം അതിരിലെ തെങ്ങിൻ ചോട്ടിൽ നിന്നിരുന്ന പാറക്കാടൻ ജോസിന്റെ അപ്പന് അത് വലിച്ചുനിർത്തിയ വടത്തിന് കുറുകെ ഒന്ന് നൂണ്ട്കടക്കാൻ തോന്നി. മുന്നോട്ടുള്ള ആയത്തിൽ അയാളറിയാതെതന്നെ തെങ്ങിൻ കടക്കൽ കെട്ടിയ ആ വടത്തേലൊന്ന് പിടിച്ചുപോയി. മരമുറി തള്ളിയിടാൻ പാകത്തിൽ അപ്പു മരത്തിൻമേൽ ഒന്ന് നിവർന്നിരുന്ന നിമിഷത്തിലാണ് പാറക്കാടന്റെ പിതാവ് ആ ചതി ചെയ്തത്. അപ്പുവിന്റെ കൈ പതിയുന്നതിനു മുമ്പേ വടം വലിഞ്ഞ് മരം അടർന്നു. താൻ തൊട്ടതോടെ മുറുകി അയഞ്ഞ വടം കുറുകെ കടക്കാൻ പാറക്കാടന്റെ അപ്പന് എളുപ്പം കഴിഞ്ഞെങ്കിലും തൊട്ടുപിന്നാലെ വടം കെട്ടിയ ദിശയിലേക്ക് വന്നുപതിച്ച ചന്ദനത്തടി അയാളെ മണ്ണോട് ചേർത്തുകിടത്തിക്കളഞ്ഞു. വീടിന്റെ പൂമുഖത്ത് ചന്ദനമണിവാതിൽ സ്വപ്നം കണ്ട തന്റെ പിതാവ് ചന്ദനത്തടിയിൽ പെട്ടുകിടക്കുന്നത്, വേലിക്ക് പുറത്ത് മൊബൈലിൽ അപ്പോള്‍ വന്ന കോളിൽ ആരോടോ സംസാരിച്ചുകൊണ്ടിരുന്ന പാറക്കാടൻ ജോസ് ഒരു നടുക്കത്തോടെ കണ്ടു. തൊണ്ടയിൽനിന്ന് പൊട്ടിയ അപ്പാ എന്നൊരു വിളി തീരും മുമ്പേ അയാള്‍ പിതാവിനടുത്തെത്തി. പണിക്കാരുമായി ചേർന്ന് അയാള്‍ അപ്പന്റെ മീതെ നിന്ന് തടി പൊക്കിമാറ്റി. ശിവൻ കുട്ടിയുടെയും അനിയപ്പന്റെയും സഹായത്താൽ അയാള്‍ അപ്പനെ കയ്യാലയിലെത്തിച്ചു. ശാരദ അകത്തുപോയി ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളം കൊണ്ടുവന്നു അയാളുടെ വായിൽ ഒഴിച്ചുകൊടുത്തു. പാറക്കാടന്റെ അപ്പൻ അത് കുടിച്ചെങ്കിലും അയാള്‍ വേദനകൊണ്ട് പുളയുകയായിരുന്നു. പാറക്കാടൻ കാറെടുത്ത് മുറ്റത്ത് നിർത്തിയിട്ടശേഷം അപ്പനെ വട്ടംപൊക്കി കാറിലിരുത്തി അനിയപ്പനെയും വിളിച്ച് ആശുപത്രിയിലേക്ക് പോയി.

മരത്തിൽനിന്നിറങ്ങിയ അപ്പു കടയ്ക്കൽ കോടാലി തറച്ചുനിർത്തി മരച്ചോട്ടിൽ അന്തംവിട്ടിരുന്നു. എന്താണ് സംഭവിച്ചതെന്ന് അയാള്‍ ഓർക്കാൻ ശ്രമിക്കുകയായിരുന്നു. അയാളുടെ മരംവെട്ടു ജീവിതത്തിനിടയിൽ ഒരിക്കലും അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. മരംവെട്ട് മതിയാക്കി പണിക്കാരെയും വിളിച്ച് അയാള്‍ പതിവുപോലെ കള്ളുഷാപ്പിലേക്ക് പോയി.

മൂന്ന്

അതിരിൽ അരപ്പൊക്കത്തോളം മുള്ളുവേലി കെട്ടിയ മണ്ണാറപ്പിള്ളിക്കാരുടെ നീണ്ടുവളഞ്ഞുകിടക്കുന്ന പുരയിടത്തിന്റെ രണ്ടുവശം ചുറ്റിവേണം ചുറ്റുപാടുമുള്ളവർക്ക് മെയിൻ റോഡിലേക്കെത്താൻ. വഴിയുടെ ഒരുവശം കാരപ്പൊന്ത പൊങ്ങി നോട്ടമെത്താതെ കിടക്കുന്ന പുറമ്പോക്കായതിനാൽ അതുവഴിയേ പോകുന്നവരൊക്കെ മറുവശത്ത് ഭംഗിയിൽ പണിത കയ്യാലക്കെട്ടിന്റെ മുകളിലെ മുള്ളുവേലിക്കിടയിലൂടെ മണ്ണാറപ്പിള്ളിക്കാരുടെ പറമ്പിലേക്ക് ഒന്നു പാളിനോക്കും. നിരനിരയായി നട്ട മാവുകള്‍, പ്ലാവുകള്‍, പേര, ആഞ്ഞിലി, കശുമാവ്, തേക്ക്, നെല്ലി, കൊന്ന, സപ്പോട്ട, റംബൂട്ടാൻ എന്നുവേണ്ട സകലമാന വൃക്ഷങ്ങളും അളവില്ലാതെ നീണ്ടുകിടക്കുന്ന ആ പറമ്പിലുണ്ട്. അണ്ണാൻ, മരംകൊത്തി, കാക്ക, കൊക്ക്, മൈന, തത്ത, പൂത്താൻകീരി തുടങ്ങി സർവജീവജാലങ്ങളുടെയും ആവാസസ്ഥലമാണത്. പറമ്പു മുഴുവൻ പഴുത്തും പക്ഷികള്‍ കൊത്തിയും അണ്ണാൻ കാർന്നുമൊക്കെ വീണ മധുരക്കനികളായിരിക്കും. അവ യഥാസമയം പറിക്കാനോ തിന്നാനോ പേരുകേട്ട മണ്ണാറപ്പള്ളി കുടുംബവീട്ടിൽ ആരിരിക്കുന്നു! എന്നാലും, മുന്നു തലമുറകളുടെ സമ്പാദ്യം ഒരായുസ്സുകൊണ്ട് നേടി, ഒടുവിൽ യുദ്ധക്കളത്തിൽ ഒറ്റപ്പെട്ടുപോയ ഒരു പടയാളിയെപ്പോലെ, രക്തബന്ധമില്ലാത്ത ഒരു കാലാള്‍ സഹായിയോടൊപ്പം, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ആ പറമ്പിനും അതിലൊരു കോണിൽ പൗരാണികതയിൽ പൊതിഞ്ഞുനിൽക്കുന്ന മണ്ണാറപ്പിള്ളി തറവാടിനും കാവലായി ഇന്നും അവിടെയൊരാളുണ്ട്. ഒരുകാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ വിശ്വസ്തനായി സിവിൽ സർവീസിൽ നിറഞ്ഞുനിന്ന, ഔദ്യോഗികവൃത്തങ്ങളിൽ 'മദ്രാസി മേനോൻ' എന്നറിയപ്പെട്ട എം. ശങ്കര മേനോൻ!

ദേശീയ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന നാളുകളിലാണ് മെട്രിക്കുലേഷനും ടൈപ്റൈറ്റിങ്ങും കഴിഞ്ഞ് ശങ്കരമേനോൻ കൊൽക്കത്തക്ക് വണ്ടി കയറുന്നത്. അവിടെ തൃശൂർക്കാരൻ ഒരു പോളിന്റെ സ്പെയർപാർട്സ് കമ്പനിയിൽ കുറെക്കാലം ക്ലർക്കായി ജോലി നോക്കി. അങ്ങനെയിരിക്കെയാണ് പിന്നീട് സർദാർ വല്ലഭഭായ് പട്ടേലിന്റെ വലംകൈയായി മാറിയ ഒറ്റപ്പാലത്തുകാരൻ മേനോനുമായി പരിചയപ്പെടുന്നത്. അത് ശങ്കരമേനോന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ശങ്കരമേനോന്റെ കഠിനാധ്വാനം, ഔദ്യോഗികകാര്യങ്ങളിലെ കണിശത, ഇംഗ്ലീഷ് പ്രാവീണ്യം എന്നീ പ്രത്യേകതകള്‍ കണ്ടറിഞ്ഞ ഒറ്റപ്പാലത്തുകാരൻ മേനോൻ അയാൾക്ക് ആഭ്യന്തര സെക്രട്ടറിയേറ്റിൽ ജോലി നൽകി. അപ്പോഴേക്കും നാട്ടുരാജ്യങ്ങളുടെ സംയോജനമെന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തുകഴിഞ്ഞിരുന്ന കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നാട്ടുകാരൻകൂടിയായ ശങ്കരമേനോന്റെ സഹായം വളരെ വലുതായിരുന്നു. അങ്ങനെ, ഔദ്യോഗിക പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയ ശങ്കരമേനോൻ ആഭ്യന്തര സെക്രട്ടറിയുടെ വിശ്വസ്തനായ മദ്രാസി മേനോനായി സിവിൽ സർവീസിൽ അറിയാൻ തുടങ്ങി. പതുക്കെപ്പതുക്കെ 'മണ്ണാറപ്പിള്ളി' എന്ന വീട്ടുപേര് തെക്കേ മലബാറിലെ അറിയപ്പെടുന്ന തറവാടായി മാറി. ചുറ്റുമുള്ള പറമ്പുകള്‍ ഓരോന്നായി ശങ്കരമേനോന്റെ പുരയിടത്തോട് ചേർന്ന് മണ്ണാറപ്പിള്ളിക്കാരുടെ മുള്ളുവേലിയുടെ വിസ്താരം നാൾക്കുനാള്‍ വർധിച്ചുവന്നു.

പൂർണമായും ഔദ്യോഗിക കാര്യങ്ങളിൽ മുഴുകിപ്പോയ ഒരു ജീവിതം നയിച്ചുപോയതുകൊണ്ടാവും ശങ്കരമേനോന്റെ മൂന്നു മക്കളും മൂന്ന് ഭൂഖണ്ഡങ്ങളിലായി ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ തിരക്കുപിടിച്ച ജീവിതത്തിന്റെ ലഹരിയിലാണ്. ഇന്ത്യൻ എംബസിയിലെ ജീവനക്കാരനായി അമേരിക്കയിൽ താമസമുറപ്പിച്ച മൂത്തമകൻ രാധാകൃഷ്ണ മേനോൻ വല്ലപ്പോഴും ദൽഹിയിൽ വന്നുപോകുമെന്നല്ലാതെ നാട്ടിലേക്ക് വന്നിട്ട് നാളേറെയായി. പത്തും പന്ത്രണ്ടും വയസ്സുള്ള അയാളുടെ രണ്ടു മക്കള്‍ അച്ഛന്റെ തറവാട് വീട് കണ്ടിട്ടേയില്ല. എന്നാൽ, ഔദ്യോഗികയാത്രയുടെ ഭാഗമായി ദൽഹിക്ക് വരേണ്ടിവരുമ്പോള്‍ ചിലപ്പോഴൊക്കെ അയാള്‍ ഭാര്യയോടും മക്കളോടുമൊപ്പം എത്തി ദൽഹിയിലുള്ള സഹോദരിയുടെ വീട്ടിൽ ഒന്നുരണ്ടു ദിവസം ചെലവഴിക്കാറുണ്ട്. അച്ഛന്റെ ആഗ്രഹമനുസരിച്ച് ഐ.എ.എസ് പരിശീലനത്തിന് ദൽഹിയിലെത്തിയ മകള്‍ രണ്ടുതവണ ശ്രമിച്ച് പരാജയപ്പെട്ടശേഷം അവിടെത്തന്നെ ഒരു ഐ.എ.എസ് കോച്ചിങ് സ്ഥാപനം വളരെ വിജയകരമായി നടത്തിവരുകയാണ്. മകളാണ് ഇടയ്ക്കെങ്കിലും കുടുംബത്തോടെ മണ്ണാറപ്പിള്ളിയിലെത്തി ശങ്കരമേനോനെ സന്ദർശിക്കുന്നത്. അതുതന്നെയാണ് ശങ്കരമേനോന്റെ ഇപ്പോഴത്തെ ഏക സന്തോഷവും. ശങ്കരമേനോന്റെ രണ്ടാമത്തെ മകൻ രാമകൃഷ്ണൻ അയർലൻഡിൽ ഐ.ടി സ്ഥാപനത്തിന്റെ മേധാവിയാണ്. അയാളുടെ ഭാര്യയും ആ സ്ഥാപനത്തിൽ പങ്കാളിയാണ്. ഏകമകളോടൊപ്പം അവരും അവരുടെ പ്രവാസജീവിതം തിരക്കുപിടിച്ചതായി മാറ്റിക്കഴിഞ്ഞു.

കുറേനാള്‍ മുമ്പു വരെ, കൃത്യമായി പറഞ്ഞാൽ, ശങ്കരമേനോന്റെ സപ്തതിയാഘോഷം വരെ രണ്ടുമൂന്ന് വർഷം കൂടുമ്പോഴെങ്കിലും മക്കളെല്ലാവരും മണ്ണാറപ്പിള്ളിയിൽ ഒത്തുകൂടുമായിരുന്നു. അന്നേരം അവരെക്കാണാൻ വരുന്നവരും നാട്ടുകാരും ബന്ധുക്കളുമൊക്കെയായി ആ വീടും മുറ്റവും നിറയെ ആളുകളായിരിക്കും. ആഴ്ചകൾക്കു മുമ്പേ മക്കളെല്ലാവരും ചേർന്ന് വ്യക്തമായ പദ്ധതി തയാറാക്കിയാണ് ആ കൂടിക്കാഴ്ച നടപ്പാക്കുന്നത്. അച്ഛനെ സഹായിക്കാൻ രാധാകൃഷ്ണമേനോൻ ഏർപ്പാടാക്കിയ ഭാസ്കരൻ ചേട്ടനെ വിളിച്ച് നേരത്തേതന്നെ അതിനുള്ള ഏർപ്പാടുകള്‍ ചെയ്യിക്കും. ഭാസ്കരന് പിന്നെ തിരക്കോടു തിരക്കായിരിക്കും. പറമ്പെല്ലാം കിളച്ചു വൃത്തിയാക്കൽ, മാങ്ങ പറിക്കൽ, തെങ്ങുകയറ്റം, വീണുകിടക്കുന്ന തേങ്ങകളെല്ലാം പെറുക്കിക്കൂട്ടൽ, കുളം തേവി വെടിപ്പാക്കൽ, വീടിന് വെള്ളയടിക്കൽ, മുള്ളുവേലി ശരിപ്പെടുത്തൽ എന്നുവേണ്ട എല്ലാ പണിയും ആളെ നിർത്തി ചെയ്യിക്കും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഇതിനിടയിൽ വാങ്ങിവെക്കും. തലേദിവസവും പിറ്റേദിവസവുമായിട്ടൊക്കെ ഓരോരുത്തരും എത്തിച്ചേരുമ്പോഴേക്കും വീടൊരു ഉത്സവപ്പറമ്പ് പോലാകും. ശങ്കരമേനോന്റെ വാർധക്യജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളാണത്. പ്രായമെത്രയായെങ്കിലും അയാള്‍ ഇന്നും ആരോഗ്യവാനാണ്. പേരക്കുട്ടികളുമായി ഇടപഴകാൻ അയാൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. സത്യത്തിൽ അവരുടെ സാന്നിധ്യമാണ് അയാള്‍ മക്കളെക്കാള്‍ കൂടുതലായി ആഗ്രഹിക്കുന്നത്. മൂന്നോ നാലോ ദിവസത്തെ താമസം കഴിഞ്ഞ് മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ തിരിച്ചുപോകുന്നതോടെ ശങ്കരമേനോൻ വീണ്ടും ആ വലിയ വീട്ടിൽ ഒറ്റക്കാകും. ഇനി എന്ന് എന്ന ചോദ്യമാകും ഓരോ തവണയും മടങ്ങുമ്പോള്‍ അയാള്‍ അവരോട് ചോദിക്കുക. അതിന് അവർ പെട്ടെന്നൊരു മറുപടി പറഞ്ഞെന്നു വരില്ല. അതിൽ അയാൾക്ക് അവരോട് പരിഭവവുമില്ല. അവരുടെ ജീവിതസാഹചര്യങ്ങള്‍ അയാളും മനസ്സിലാക്കുന്നുണ്ട്. അവർക്കും വരാൻ ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല എന്ന് അയാൾക്കറിയാം. മെല്ലെ മെല്ലെ മണ്ണാറപ്പിള്ളിയുടെ നിശ്ശബ്ദതയിലും ഏകാന്തതയിലും അയാള്‍ അലിഞ്ഞുചേരും.

നാല്

വാർധക്യത്തിലെ ജീവിതം ശരിക്കുപറഞ്ഞാൽ കാലവുമായുള്ള ഒരു ഏറ്റുമുട്ടലാണ്. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലും കാലത്തെ നമ്മള്‍ മുഖാമുഖം കണ്ടെന്നുവരില്ല. ശങ്കരമേനോന്റെ ഏകാന്തതക്ക് കൂട്ടിരുന്ന് ഭാസ്കരന് അങ്ങനെയൊരു തിരിച്ചറിവുണ്ടായി. ശങ്കരമേനോന്റെ ചിന്താമഗ്നതയും ഇടക്ക് കയറിവരുന്ന ഓർമക്കുറവും കാലത്തിനു മുന്നിൽ ഒരു പോരാളിയുടെ കീഴടങ്ങലായി അയാള്‍ വായിച്ചെടുത്തു. ഭാര്യയുടെ അകാലവേർപാടും മക്കളുടെ അസാന്നിധ്യവും തിടംവെപ്പിച്ച മനസ്സുമായി ശങ്കരമേനോൻ ജീവിതത്തെ നിർമമതയോടെ നേരിട്ടെങ്കിലും മണ്ണാറപ്പിള്ളിയിൽ ഇടക്ക് വൈദ്യനെ കൊണ്ടുവരുന്നതും കൊണ്ടുവിടുന്നതും ഭാസ്കരൻ പതിവാക്കിയതോടെ, വർത്തമാനം പറഞ്ഞ് പിരിയുമ്പോള്‍ ശങ്കരമേനോന് വയ്യാതായിരിക്കുന്നു എന്നൊരു വിശേഷംകൂടി അന്നാട്ടിലുള്ളവർ തമ്മിൽ തമ്മിൽ പറയാൻ തുടങ്ങി. ബന്ധത്തിലും പരിചയത്തിലുമുള്ള പലരും ശങ്കരമേനോന്റെ സുഖവിവരം അന്വേഷിച്ച് മണ്ണാറപ്പിള്ളിയിലെത്താനും തുടങ്ങിയിരുന്നു.

അച്ഛന്റെ നിലതെറ്റി വരുന്ന വിവരം ഭാസ്കരൻ ആദ്യം അറിയിച്ചത് മൂത്തമകൻ രാധാകൃഷ്ണനെയാണ്. ഭാസ്കരനെ മണ്ണാറപ്പിള്ളിയിൽ അച്ഛന്റെ നോട്ടക്കാരനാക്കിയതും രാധാകൃഷ്ണനായിരുന്നുവല്ലോ! അതിനുശേഷം മിക്കവാറും എല്ലാ ദിവസവും മക്കളാരെങ്കിലുമൊക്കെ മാറി മാറി വിളിച്ച് അച്ഛന്റെ വിശേഷം അറിയുന്നുണ്ടായിരുന്നു. ആദ്യമൊക്കെ അവർ നേരിട്ട് തന്നെ വിളിക്കുമായിരുന്നു. ഇപ്പോള്‍ പക്ഷേ, ശങ്കരമേനോന് അവരെ കേൾക്കാനോ തിരിച്ചറിയാനോ കഴിയുന്നില്ല എന്നുകണ്ട് അവർ ഭാസ്കരനോട് വിവരം തിരക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ശങ്കരമേനോന്റെ നില കൂടുതൽ വഷളായി കണ്ട ഒരു ദിവസം ഭാസ്കരൻ അവരെ ഓരോരുത്തരെയും വിളിച്ച് ആ വിവരം അറിയിക്കുകയും നാട്ടിലേക്കെത്താൻ പറ്റുമോ എന്ന് തിരക്കുകയും ചെയ്തു. അവരെല്ലാം അത് കാര്യമായിത്തന്നെ എടുക്കുകയും എത്രയും പെട്ടെന്നുതന്നെ എത്താമെന്ന് അറിയിക്കുകയും ചെയ്തു.

ഒരായുസ്സ് മുഴുവൻ തങ്ങൾക്കുവേണ്ടി ജീവിച്ച അച്ഛന്റെ വാർധക്യത്തിൽ തങ്ങൾക്ക് സാന്നിധ്യമാകാൻ കഴിയാതിരുന്നതിന്റെ കുറ്റബോധത്തിലാവണം അവർ യാത്രക്കുള്ള ഏർപ്പാട് ചെയ്യുന്നതിനിടയിൽ ഭാസ്കരനെ മറ്റൊരു കാര്യംകൂടി ചുമതലപ്പെടുത്തി. നാട്ടിലെത്തിയിട്ട് തരപ്പെടുത്താമെന്ന് വെച്ചാൽ അതിനുള്ള സാവകാശം കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ചാണ് ശങ്കരമേനോന്റെ ശവദാഹത്തിന് ചന്ദനമരം കിട്ടുമോ എന്ന് തിരക്കാൻ അവർ അപ്പോഴേ ഭാസ്കരനെ ഏർപ്പാടാക്കിയത്. മക്കളെല്ലാവരും ചേർന്ന് അങ്ങനെയൊരു തീരുമാനമെടുത്തിരുന്നു. ഭാസ്കരനാണെങ്കിൽ അതിൽ അത്ഭുതം തോന്നുകയോ അത് അസാധ്യമാണെന്ന് കരുതുകയോ ചെയ്തില്ല. കാരണം, അധികം ദൂരത്തല്ലാതെ ശിവൻകുട്ടിയുടെ വീട്ടുമുറ്റത്ത് ഒരു ചന്ദനമരം നിൽക്കുന്നത് അയാള്‍ കണ്ടിട്ടുണ്ടായിരുന്നു. പക്ഷേ, മറ്റൊരു ചിന്തകൂടി അയാളുടെ മനസ്സിലൂടെ കടന്നുപോയി. കുറച്ചുനാളായിരിക്കുന്നു താൻ അതുവഴിക്ക് പോയിട്ട്. ചന്ദനമരം ഇപ്പോൾ അവിടെയുണ്ടാവുമോ? ഏതായാലും അന്വഷിക്കുകതന്നെ. ഭാസ്കരൻ തീർച്ചപ്പെടുത്തി.

പിറ്റേന്നുതന്നെ, ശങ്കരമേനോനെ കാണാൻ വന്ന ഒരു അകന്ന ബന്ധുവിനെ കുറച്ചുനേരം കൂടി വീട്ടിൽ പിടിച്ചിരുത്തി ഭാസ്കരൻ ശിവൻകുട്ടിയുടെ വീട്ടിലെത്തി. പടി കടന്ന് മുറ്റത്തേക്കു കടക്കുമ്പോള്‍തന്നെ ഭാസ്കരന് ഒരു പന്തികേട് തോന്നി. മുറ്റത്ത് ഒരു തടിക്കഷണം ദിക്കുതെറ്റിക്കിടക്കുന്നത് കണ്ട് ഭാസ്കരന്റെ കണ്ണുകള്‍ അതിരിലെ ചന്ദനമരത്തിലേക്ക് നീണ്ടു. അന്നൊരിക്കൽ ഇതുവഴി പോകുമ്പോള്‍ പെട്ടെന്ന് വീണൊരു തണൽ കണ്ട് താൻ മുകളിലേക്ക് നോക്കിയതും അതുവരെ കണ്ടിട്ടില്ലാത്ത ചന്ദനമരം ശ്രദ്ധയിൽ പെട്ടതും അയാള്‍ ഓർക്കുകയായിരുന്നു. ചന്ദനത്തിന്റെ തണലിന് കുളിർമ കൂടുമെന്ന് അന്ന് അയാള്‍ മനസ്സിലാക്കി. പാതിവെട്ടിയ നിലയിൽ ചന്ദനമരം തലയില്ലാതെ നിൽക്കുന്നതുകണ്ട് ഭാസ്കരൻ നിരാശപ്പെട്ട് നിൽക്കുമ്പോഴാണ് ശിവൻകുട്ടി മുറ്റത്തേക്ക് വരുന്നത്. മണ്ണാറപ്പിള്ളിയിലെ കാര്യസ്ഥനെ ശിവൻകുട്ടിക്കും നേരത്തേ അറിയാമായിരുന്നു.

"എന്താ ഭാസ്കരേട്ടാ, ഇതുവഴിയൊക്കെ?"

ശിവൻകുട്ടി ഭാസ്കരനെ അകത്തേക്ക് ക്ഷണിച്ചു. കയ്യാലയിലെ അച്ഛന്റെ കസേര ഭാസ്കരന് നീക്കിയിട്ടുകൊടുത്തശേഷം ശിവൻകുട്ടി അരപ്രൈസിലിരുന്നു.

ഭാസ്കരൻ കയ്യാലയിലിരുന്ന് ചന്ദനമരത്തെ ഒന്നുകൂടി എത്തിനോക്കി. ശിവൻകുട്ടി അത് ശ്രദ്ധിക്കാതെ ഭാസ്കരനോട് പറഞ്ഞു,

"ശങ്കരമേനോന് വയ്യാതായെന്ന് പറഞ്ഞുകേട്ടു. ഒന്ന് വരാൻ പറ്റിയില്ല.''

"അതിന്റെ ഒരു കാര്യത്തിന് വേണ്ടീട്ടാണ് ഞാൻ വന്നത്", ഭാസ്കരൻ തുടക്കമിട്ടു. അപ്പോഴേക്കും ശാരദയും ഉമ്മറത്തെത്തി.

"തീരെ വയ്യാതായിട്ടുണ്ട്. ഇന്നോ നാളെയോ എന്ന് മട്ടിലാണ് മേനോൻ സാറിന്റെ കിടപ്പ്. മക്കളൊക്കെ ഒന്നെത്തിക്കിട്ടിയാൽ മതിയായിരുന്നു." ശാരദയോടുംകൂടിയാണ് ഭാസ്കരൻ അത് പറഞ്ഞത്.

ശങ്കരമേനോനെ അതുവരെ ഒന്ന് പോയിക്കാണാൻ പറ്റിയില്ലല്ലോ എന്ന് അയാള്‍ കുറ്റബോധത്തോടെ ഓർത്തു. ശങ്കരമേനോന്റെ രണ്ടാമത്തെ മകൻ രാമകൃഷ്ണനോടൊപ്പം അയാള്‍ ചെറിയ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശങ്കരമേനോനും കുടുംബവും ദൽഹിയിൽ സ്ഥിരതാമസമാക്കുന്നത്. പിന്നീടെപ്പോഴും നാട്ടിലെത്തിയാൽ, പോകുന്നതിന് മുമ്പൊരുദിവസം രാമകൃഷ്ണൻ ശിവൻകുട്ടിയെ തടിമില്ലിൽ ചെന്ന് കാണുന്നത് പതിവാക്കിയിരുന്നു.

"ഞാൻ വന്നത് ഈ ചന്ദനമരം കൊടുക്കുന്നുണ്ടോ എന്നറിയാനായിരുന്നു. അതിന്റെ നിൽപ്പ് കണ്ടിട്ട്..." ഭാസ്കരൻ അത് പൂർത്തിയാക്കുന്നതിനു മുമ്പേ ശിവൻകുട്ടി പറഞ്ഞു, "അത്... ഒരാള്‍ക്ക് വിറ്റുകഴിഞ്ഞതാണ്."

ഭാസ്കരന് ഒട്ടും അത്ഭുതം തോന്നിയില്ല. വന്നപ്പോള്‍ തന്നെ അങ്ങനെയെന്തെങ്കിലും ഒന്ന് അയാള്‍ സംശയിച്ചിരുന്നുവല്ലോ! ശിവൻകുട്ടി നടന്നതെല്ലാം അയാളോട് പറഞ്ഞു.

ഭാസ്കരൻ ആലോചിക്കുകയായിരുന്നു. താനെത്രനാള്‍ ചന്ദനമരത്തണലുള്ള ഈ വഴിയിലൂടെ കടന്നുപോയിരിക്കുന്നു. അപ്പോഴൊന്നും കരുതിയിട്ടില്ലല്ലോ ഈ ചന്ദനമരം തേടി ഒരിക്കൽ ഇവിടെ വരേണ്ടിവരുമെന്ന്. വന്നപ്പോഴാകട്ടെ ദിവസങ്ങള്‍ക്കു മുമ്പ് മാത്രം ആ മരം വിറ്റുപോയിരിക്കുന്നു.

അപ്പോഴേക്കും ശാരദ ഒരു പാത്രത്തിൽ രണ്ട് ചായയുമായി വന്ന് പാത്രം അരമതിലിന്മേൽ വെച്ചു. രണ്ടുപേരും ചായ എടുത്ത് കുടിക്കാൻ തുടങ്ങുമ്പോള്‍ ശാരദ ശിവൻകുട്ടിയോടായി പറഞ്ഞു, "ജോസേട്ടന്റെ അപ്പന് ഇത്തിരി കാര്യായിട്ട് പറ്റീന്നാ അനിയപ്പൻ പറഞ്ഞത്. വീടുപണി നിർത്തിവെച്ചിരിക്ക്യാത്രെ!"

ചായ കുടിച്ചുകഴിഞ്ഞ് ഗ്ലാസ് തിരികെ പാത്രത്തിലേക്ക് വെക്കുമ്പോള്‍ ഭാസ്കരന് ഒരു ഉണർവ് തോന്നി. മണ്ണാറപ്പിള്ളിയിലെന്നപോലെ പടികടന്നുവന്ന ഒരു ഇളംകാറ്റിൽ അയാള്‍ ഒന്നു തണുത്തു. അയാള്‍ തെല്ലിട വെറുതെയിരുന്നശേഷം ഒരു ഉപായമെന്നോണം അവരോട് ചോദിച്ചു, "ജോസ് വീടുപണി നിർത്തിവെച്ച സ്ഥിതിക്ക്, അയാൾ നിങ്ങള്‍ക്ക് നൽകിയതിന്റെ ഇരട്ടിവില കൊടുക്കാമെന്ന് പറഞ്ഞാൽ അയാള്‍ അത് തരില്ലേ?" അയാള്‍ക്ക് അന്നേരം അങ്ങനെയൊരു വഴിയാണ് തോന്നിയത്. അതിന് ശിവൻകുട്ടി ഒട്ടും ആലോചിക്കാതെയാണ് മറുപടി പറഞ്ഞത്, "ഞാനായിട്ട് അത് പറയുന്നത് ശരിയല്ലല്ലോ ഭാസ്കരേട്ടാ! ഭാസ്കരേട്ടൻ തന്നെ അത് ചോദിച്ചുനോക്കിക്കോളൂ..."

"ശരിയാണ്, ഞാൻതന്നെ ചോദിക്കണം" എന്നുപറഞ്ഞ് ഭാസ്കരൻ എഴുന്നേറ്റു. ശിവൻകുട്ടി അയാള്‍ക്ക് പാറക്കാടൻ ജോസിന്റെ അപ്പനെ കിടത്തിയിരിക്കുന്ന ആശുപത്രി പറഞ്ഞുകൊടുത്തു.

ശിവൻകുട്ടിയുടെ വീട്ടിൽനിന്നിറങ്ങിയ ഭാസ്കരൻ നേരെ ആശുപത്രിയിലേക്കാണ് പോയത്. അന്വേഷിച്ചും പറഞ്ഞും അയാള്‍ പാറക്കാടൻ ജോസിന്റെ അപ്പനെ കിടത്തിയ ഐ.സി യൂനിറ്റിന്റെ മുന്നിലെത്തി. വരാന്തയിൽ, ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് അസ്വസ്ഥതയോടെ അങ്ങുമിങ്ങും നടക്കുന്ന ജുബ്ബാധാരി പാറക്കാടൻ ജോസാണെന്ന് ഭാസ്കരന് എളുപ്പം മനസ്സിലായെങ്കിലും ഫോണിലെ സംസാരം കഴിയുന്നതുവരെ അയാള്‍ ഒഴിഞ്ഞുമാറി നിന്നതേയുള്ളൂ. ഫോൺ വിളി കഴിഞ്ഞിട്ടും അതിന്റെ തുടർച്ചയെന്നോണം ജോസ് കൂടെയുള്ളവരോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

"ഞാൻ ഒന്നു കാണാൻ വന്നതാണ്."

ശങ്കരമേനോനിൽനിന്ന് പകർന്നുകിട്ടിയ അതേ നയതന്ത്രജ്ഞതയോടെ ഭാസ്കരൻ ഊഴംകാത്തുനിന്ന് ജോസിനെ അഭിമുഖീകരിച്ചു.

ജോസ് പ്രത്യേകിച്ച് ഒന്നും പറയാതെ ആശുപത്രിവരാന്തയുടെ അരികിലേക്ക് ഭാസ്കരനെയും കൂട്ടി നീങ്ങിനിന്നു. താൻ പറയുന്നത് അനവസരത്തിലാണെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടുകൂടിയാവണം താഴ്ന്ന ശബ്ദത്തിൽ ഭാസ്കരൻ വന്ന കാര്യം പറഞ്ഞു.

എന്നിട്ടും അൽപനേരത്തേക്ക് ജോസ് ഒന്നും മിണ്ടിയില്ല. അല്ലെങ്കിൽത്തന്നെ അപ്പന്റെ കാര്യം വിട്ട് മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാൻ അയാള്‍ ആ സന്ദർഭത്തിൽ അശക്തനായിരുന്നു. അപ്പന് വന്നുപെട്ട അപ്രതീക്ഷിത ദുരന്തത്തിൽ അപ്പനോട് തന്നെയും ദ്വേഷപ്പെട്ട ഒരു മാനസികനിലയിലായിരുന്നു അയാള്‍. അയാളുടെ പ്രതികരണത്തിലും ഭാസ്കരൻ അതുകണ്ടു.

"കാർന്നോന്മാര് ചെയ്തുവെക്കണ ഓരോ ഏടാകൂടത്തിൽ പിടിവിട്ട് നിക്കണ ആളാണ് ഞാൻ. ഇപ്പോ ഡോക്ടർ പറഞ്ഞിട്ട് പോയതേയുള്ളൂ, ഒരു സർജറി അടിയന്തരമാണത്രേ! തുക എത്രയാണെന്ന് കേക്കണോ? മൂന്ന് ലക്ഷം രൂപ! അപ്പന്റെ നട്ടെല്ല് പൊട്ടിയിട്ടുണ്ട്." പാറക്കാടൻ ജോസിന്റെ മുഖത്ത് കടുത്ത നിരാശ പ്രകടമായിരുന്നു.

ഭാസ്കരന് എന്തുപറയണമെന്ന് നിശ്ചയമില്ലായിരുന്നു. ഐ.സി മുറിയുടെ ചില്ലുവാതിലിലൂടെ വെറുതെ എത്തിനോക്കിയും വരാന്തയിലങ്ങുമിങ്ങും നടന്നും അയാള്‍ ആ നിമിഷങ്ങളെ പിന്നിലേക്ക് തള്ളിമാറ്റിക്കൊണ്ടിരുന്നു. ആശുപത്രി വരാന്തയുടെ ഘനീഭവിച്ച നിശ്ശബ്ദതയിൽ അയാളും അലിഞ്ഞുപോയി. അങ്ങനെയിരിക്കെ എന്തോ ആലോചിച്ചുറപ്പിച്ച മട്ടിൽ പെട്ടെന്ന് ജോസ് ഭാസ്കരന്റെ അരികിലേക്ക് വന്ന് ഒറ്റ ചോദ്യമായിരുന്നു, "നിങ്ങളതിന് ഒരു മൂന്നു ലക്ഷം രൂപ തരുമോ? എന്നിട്ട് നിങ്ങളതെടുക്കേ ദഹിപ്പിക്കേ എന്താന്ന് വെച്ചാ ചെയ്തോ!" ഭാസ്കരന് അത് അവിശ്വസനീയമായിത്തോന്നി. കാരണം, മരത്തിന്റെ വിലയെക്കുറിച്ച് അയാള്‍ ഒട്ടും ആവലാതിപ്പെട്ടിരുന്നില്ല; മറിച്ച് മരം തരാതിരിക്കുമോ എന്നേ അയാള്‍ ആശങ്കപ്പെട്ടിരുന്നുള്ളൂ.

ജോസിന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു, ഞാൻ പറഞ്ഞില്ലേ, എനിക്ക് ആ മരമാണ് വേണ്ടത്. നിങ്ങള്‍ പറഞ്ഞ തുക എന്ന് വേണമെന്ന് പറഞ്ഞാൽ മതി..."

ജോസ് ഭാസ്കരന്റെ കൈ വിടുവിച്ച് സങ്കടത്തോടെ പറഞ്ഞു, "നമുക്ക് നാളെക്കാണാം."

അഞ്ച്

മണ്ണാറപ്പിള്ളിയുടെ വേലിക്കെട്ട് ശങ്കരമേനോന്റെ സന്ദർശകരെക്കൊണ്ട് നിറഞ്ഞു. ഉത്തരായനം കാത്തെന്നപോലെ ശങ്കരമേനോൻ മരണശയ്യയിലെ കിടപ്പുതുടങ്ങിയിട്ട് ദിവസങ്ങളായല്ലോ! മക്കളെല്ലാവരും അടുത്തുണ്ട്. തൊടിയിലങ്ങുമിങ്ങും മക്കളും മറ്റു ബന്ധുക്കളും പരിചയക്കാരും പഴയ സഹപ്രവർത്തകരുടെ മക്കളുമൊക്കെയായി ചെറിയൊരു ആള്‍ക്കൂട്ടം തന്നെ എപ്പോഴുമുണ്ടാവും. മണ്ണാറപ്പിള്ളി ചുറ്റി മെയിൻറോഡിലേക്ക് പോകുന്നവരും വരുന്നവരും, അവർ ശങ്കരമേനോന്റെ ചാർച്ചക്കാരല്ലെങ്കിൽകൂടി, മുള്ളുവേലിക്ക് മുകളിലൂടെ എത്തിനോക്കി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ആത്മഗതംപോലെ കൂടെയുള്ളവരോട് എന്തെങ്കിലും ഒന്ന് പറഞ്ഞ് നടന്നുപോകും. ഇനി അധികം വൈകില്ലെന്നോ അന്നത്തെ ദിവസത്തിന്റെ പ്രത്യേകതയോ മക്കളെല്ലാവരും എത്തിയിട്ടുണ്ടെന്നോ മറ്റോ ഒക്കെയാവും അവർ പറയുന്നത്.

അങ്ങനെ ഒരുദിവസം വൈദ്യൻ വന്ന് മക്കളോടായി എന്താണ് വേണ്ടതെന്ന് വെച്ചാൽ ചെയ്തോളാൻ പറഞ്ഞതോടെ മണ്ണാറപ്പിള്ളി ഒരു മരണവീടുപോലെയായി. മക്കളെല്ലാവരും മരണാനന്തര ചടങ്ങുകളുടെ തയാറെടുപ്പുകളിലേക്ക് ഏതാണ്ട് നീങ്ങി. മുറ്റം നിറയെ ആളുകളായി. പറമ്പ് കിളച്ചു വൃത്തിയാക്കുന്നവർ, തെങ്ങിൽനിന്നും ഉണക്കത്തേങ്ങ പറിക്കാൻ വന്നവർ, കുളം തേവുന്നവർ, പറമ്പിലെ ചവറുകള്‍ അടിച്ചുവാരി തീയിടുന്നവർ... അങ്ങനെ പലരും ഭാസ്കരൻ പറഞ്ഞിട്ട് മണ്ണാറപ്പിള്ളിയിലെത്തി. പത്തിരുപത് പേരുള്ള ഒരു അടിയന്തരവീട്ടിലേക്ക് ഒന്നുരണ്ട് ആഴ്ചക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഭാസ്കരൻ ഏർപ്പാടാക്കി. അതുവരെ ഭാസ്കരൻമാത്രം കൈകാര്യം ചെയ്തിരുന്ന മണ്ണാറപ്പിള്ളിയുടെ അടുക്കള നിന്നുതിരിയാനിടമില്ലാത്ത വണ്ണം പെണ്ണുങ്ങളെക്കൊണ്ടു നിറഞ്ഞു. സന്ദർശകർക്കുള്ള കാപ്പിക്കുമാത്രമായി ഒരടുപ്പിൽ ഏതുനേരവും ഒരുപാത്രം വെള്ളം വെട്ടിത്തിളച്ചുകിടന്നു.

അതിനിടയിൽ വീട്ടിലെ മറ്റ് ഏർപ്പാടുകള്‍ േജ്യഷ്ഠനെ ഏൽപിച്ച് രാമകൃഷ്ണൻ ഭാസ്കരനെയും കൂട്ടി ശിവൻകുട്ടിയുടെ വീട്ടിലേക്ക് പോയി. ചന്ദനമരം വെട്ടാൻ ഭാസ്കരൻ അപ്പുവിനെ തിരക്കിയെങ്കിലും അപ്പോഴാണറിഞ്ഞത്, അന്ന് പാറക്കാടൻ ജോസിന്റെ അപ്പന്റെ മേലെ മരത്തടി വീണതിനുശേഷം അപ്പു പിന്നീട് മരം വെട്ടിയിട്ടില്ലത്രേ! ഏറ്റുപോയ മരംമുറി പൂർത്തിയാക്കാൻ പിന്നീട് പലയിടത്തും അയാള്‍ മരംമുറിക്ക് പോയെങ്കിലും മരത്തിൽ വടം കെട്ടി കൂടെയുള്ളവർക്ക് വലിക്കാൻ പാകത്തിൽ ഇട്ടുകൊടുത്ത് മരം മുറിക്കാൻ തുടങ്ങുമ്പോഴേക്കും അയാളുടെ കൈകള്‍ വിറയ്ക്കാൻ തുടങ്ങും. വടം മുറുകിയിട്ടുണ്ടോ എന്ന് സംശയമാകും. മരത്തിലെ ഇരിപ്പ് ശരിയായില്ല എന്നു തോന്നും. ഒടുവിൽ അയാള്‍ ആരോടും ഒന്നും പറയാതെ താഴേക്കിറങ്ങിപ്പോരും. അങ്ങനെയാണ് മരം മുറിക്കാൻ വർഷങ്ങളോളം അപ്പുവിന്റെ സഹായിയായി നിന്ന മമ്മദ് മരംമുറിക്കാൻ തുടങ്ങുന്നത്. മമ്മദ് ഇപ്പോൾ നാട്ടിൽ ഒത്തൊരു മരംവെട്ടുകാരനായി അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മമ്മദ് ആവശ്യപ്പെട്ടതനുസരിച്ച് അപ്പു കുറച്ചുനാള്‍ മമ്മദിന്റെ കൂടെനിൽക്കാൻ തയാറായെങ്കിലും മരത്തിന് താഴെനിന്ന് തനിക്ക് ഒന്നും ചെയ്യാനില്ലെന്ന തിരിച്ചറിവിൽ പിന്നീട് അയാള്‍ പണിക്ക് പോകാതായി. ഒടുവിൽ കള്ളുകുടിക്കാൻപോലും വഴിയില്ലാതെ അപ്പു ബുദ്ധിമുട്ടാൻ തുടങ്ങിയതോടെ ശിവൻകുട്ടിയാണ് അയാള്‍ക്ക് തടിമില്ലിൽ ജോലി ഏർപ്പാടാക്കുന്നത്.




 


മമ്മദിനെയും പണിക്കാരെയും കൂട്ടി രാമകൃഷ്ണനും ഭാസ്കരനും ശിവൻകുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ കയ്യാലയിൽ ബാഹുലേയൻ പത്രം വായിച്ചിരിക്കുകയായിരുന്നു. കാഴ്ചയിൽത്തന്നെ ചന്ദനമരം വെട്ടാനുള്ള വരവാണെന്ന് ബോധ്യപ്പെട്ടതിനാൽ ബാഹുലേയൻ ശങ്കരമേനോന്റെ കാര്യമാണ് പെട്ടെന്ന് മനസ്സിലോർത്തത്. അതുകൊണ്ടുതന്നെ അയാള്‍ രാമകൃഷ്ണനോട് കുശലമൊന്നും ചോദിക്കാതെ അകത്തുപോയി ശിവൻകുട്ടിയെ വിളിച്ചുവരുത്തി. ശിവൻകുട്ടിയും രാമകൃഷ്ണൻ വന്ന വിവരം ഭാസ്കരൻ പറഞ്ഞ് അറിഞ്ഞിരുന്നു. പാറക്കാടൻ ജോസ് ചന്ദനമരം ഉപേക്ഷിച്ച വിവരം പറയാൻ ഭാസ്കരൻ ശിവൻകുട്ടിയെ കണ്ട ദിവസം ശിവൻകുട്ടി ഭാസ്കരന്റെ കൂടെത്തന്നെ മണ്ണാറപ്പിള്ളിയിൽ പോയി ശങ്കരമേനോനെ കണ്ടിരുന്നു. രാമകൃഷ്ണന്റെ കൂട്ടുകാരനാണെന്ന് ഭാസ്കരേട്ടൻ വെറുതെയൊന്ന് പറഞ്ഞുനോക്കിയെങ്കിലും ശങ്കരമേനോൻ അത് കേട്ടിട്ടുപോലുമുണ്ടാവില്ല എന്ന് ശിവൻകുട്ടിക്ക് തോന്നി. അന്നേരം ശിവൻകുട്ടിയും ചിന്തിച്ചുപോയിരുന്നു, മക്കളൊക്കെ വേഗം എത്തിയിരുന്നെങ്കിൽ എന്ന്.

"എപ്പോഴായിരുന്നു?" ശിവൻകുട്ടി അങ്ങനെ ചോദിച്ചാണ് പുറത്തേക്ക് വന്നത്. ഒന്നും പറയാതെ രാമകൃഷ്ണൻ ശിവൻകുട്ടിയുടെ തോളിൽ കൈയിട്ട് മുറ്റത്തേക്കിറങ്ങി. "ഒന്നും പറയാറായിട്ടില്ല. പക്ഷേ, നാളേക്ക് നീളില്ല എന്നാണ് വൈദ്യൻ പറഞ്ഞത്." രാമകൃഷ്ണൻ ശിവൻകുട്ടിയോട് മാത്രമായി അങ്ങനെ പറഞ്ഞപ്പോള്‍ താൻ ചോദിച്ചത് അനവസരത്തിലായിപ്പോയെന്ന് അയാള്‍ കുറ്റബോധത്തോടെ ഓർത്തു. എങ്കിലും അത് സാരമാക്കാതെ അയാള്‍ "എല്ലാവരും ഉണ്ടല്ലോ അല്ലേ?" എന്നുതിരക്കി. അതിന് രാമകൃഷ്ണൻ ഔപചാരികതയേതുമില്ലാതെ "ഞാനാണ് ഏറ്റവും ഒടുവിൽ എത്തിയത്" എന്ന് മറുപടി പറയുകയും ചെയ്തു. പുറത്തെ സംസാരം കേട്ട് ശാരദകൂടി മുറ്റത്തെത്തിയപ്പോഴേക്കും മമ്മദ് വേലിക്കരികിലെത്തി മരംമുറിക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അവർ ചന്ദനമരച്ചോട്ടിലേക്ക് നീങ്ങി.

ചന്ദനമരത്തിന്റെ ഒരു മുറി നേരത്തേതന്നെ അപ്പു മുറിച്ചിട്ടിരുന്നതിനാൽ മമ്മദിന് മരത്തിൽ അത്രത്തോളം കയറേണ്ടിവന്നില്ല. ഉപയോഗം വിറകിന്റേതായതിനാൽ അളവിന്റെ കൃത്യതയും അയാള്‍ക്ക് നോക്കേണ്ടിവന്നില്ല. അപ്പുവിനെപ്പോലെ, ചുറ്റിയ വടം താഴെ വെച്ച് അതിന്റെ ഒരറ്റം അരയിൽ കെട്ടി മമ്മദ് മരത്തിൽ കയറി. ഒരു കോടാലിതന്നെ മരത്തിൽ വട്ടം വെച്ചുകെട്ടി അതിലിരുന്ന് മമ്മദ് മറ്റൊരു ചെറിയ കോടാലികൊണ്ട് മരംമുറിക്കാൻ തുനിയവേ, അകലെ പാടം മുറിച്ചുപണിത പുതിയ റോഡിലൂടെ ഒരു നാലുചക്രവാഹനം കടന്നുവരുന്നത് മമ്മദിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇടതൂർന്ന ചന്ദനച്ചില്ലകള്‍ക്കിടയിലൂടെ മമ്മദിെന്റ നോട്ടം ദൂരേക്ക് ഏന്തുന്നതുകണ്ട് താഴെയുള്ളവരും മമ്മദ് നീട്ടിയ വഴിയേ കൗതുകംപൂണ്ടു. ഭാസ്കരന്റെ ഉള്ളൊന്നു പിടഞ്ഞു. കൊയ്ത്തിന് തയാറായ നെൽപ്പാടത്തിന് മുകളിൽ തെളിഞ്ഞും മറഞ്ഞും പ്രത്യക്ഷപ്പെടുന്നത് ഒരു ആംബുലൻസാണെന്ന് അയാള്‍ കണ്ടു. അത് കടന്നുവരുന്നത് ശിവൻകുട്ടിയുടെ വീടിന് മുന്നിലെ റോഡിലൂടെയാണെന്നും ക്രമേണ അയാള്‍ക്ക് വ്യക്തമായി. ആംബുലൻസ് അടുത്തെത്തുന്തോറും അയാളുടെ നെഞ്ചിടിപ്പുകൂടാൻ തുടങ്ങി. കാരണം, അതിനകത്ത് പാറക്കാടൻ ജോസിന്റെ അപ്പനാണെന്ന് അയാള്‍ എന്തുകൊണ്ടോ ചിന്തിച്ചുപോയിരുന്നു.

കടന്നുവരുന്ന ആംബുലൻസിൽ ആരാണെന്നറിയാൻ ശിവൻകുട്ടിയും ശാരദയും രാമകൃഷ്ണനും മമ്മദും ഒരുപോലെ തിടുക്കപ്പെട്ടെങ്കിലും ഭാസ്കരൻ മാത്രം പാറക്കാടൻ ജോസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ പാകത്തിൽ ചന്ദനമരച്ചോട്ടിലേക്ക് നീങ്ങി മമ്മദിനോട് എന്തോ പറഞ്ഞു. ആംബുലൻസിൽ മൂടിപ്പൊതിഞ്ഞ് കിടത്തിയിരിക്കുന്നത് ആരെയാണെന്ന് ആർക്കും മനസ്സിലായില്ലെങ്കിലും പിന്നാലെ വന്ന കാറിന്റെ മുൻസീറ്റിൽ വീർത്തുകെട്ടിയ മുഖവുമായി പാറക്കാടൻ ജോസിനെ എല്ലാവരും കണ്ടു. പടിക്കലെത്തിയപ്പോള്‍ അയാള്‍ മെല്ലെ തലചെരിച്ച് ചന്ദനമരത്തിലേക്ക് എത്തിനോക്കുന്നതും അവർ കണ്ടു. അങ്ങനെ, പുതിയ റോഡിലൂടെ ചന്ദനമരത്തണലിൽ കുളിർത്ത് ആദ്യമായി ഒരു ശവവണ്ടി കടന്നുപോയി.

കുറച്ചുനേരത്തേക്ക് ആരും ഒന്നും പറഞ്ഞില്ല. മമ്മദ് മരത്തിൽ വെറുതെയിരുന്നും ശിവൻകുട്ടിയും ശാരദയും ഭാസ്കരനും അകന്നുപോകുന്ന ആംബുലൻസ് നോക്കി വിഷാദം പൂണ്ടും ഉറഞ്ഞേപോയ ആ നിമിഷങ്ങളുടെ ഒടുവിൽ രാമകൃഷ്ണന്റെ മൊബൈൽ ശബ്ദിച്ചു. മൊബൈലുമായി അയാള്‍ വഴിയിലേക്കിറങ്ങിയപ്പോള്‍ മമ്മദ് മരംവെട്ടിലേക്ക് മടങ്ങി. മരത്തിൽ കെട്ടിയ വടം പണിക്കാർ വലിച്ചുപിടിച്ചു. മൊബൈലുമായി തിരിച്ചുവന്ന രാമകൃഷ്ണനെ എല്ലാവരും ശ്രദ്ധിച്ചെങ്കിലും ആ മുഖത്ത് നിർവികാരതയാണ് പ്രകടമായിക്കണ്ടത്. അടുത്തേക്ക് ചെന്ന ഭാസ്കരനോട് അയാള്‍ പറഞ്ഞു, "അത് പിന്നെ, ഭാസ്കരേട്ടാ... ചേട്ടനാണ് വിളിച്ചത്. അച്ഛന് വല്യ കുഴപ്പം തോന്നണില്ല. ഇപ്പോള്‍ എഴുന്നേറ്റിരിക്കുകയാണത്രേ!"

അതുകേട്ടിട്ടാണോ എന്തോ മമ്മദ് വെട്ട് നിർത്തി താഴേക്ക് നോക്കി.

"ഇനിയിപ്പോ എന്താ ചെയ്ക?" ഭാസ്കരൻ രാമകൃഷ്ണനോട് ചോദിച്ചു.

"തൽക്കാലം മരം വെട്ടേണ്ടെന്നാണ് ചേട്ടൻ പറഞ്ഞത്." രാമകൃഷ്ണൻ പറഞ്ഞു. മമ്മദ് അത് കേള്‍ക്കുന്നുണ്ടായിരുന്നു. ഭാസ്കരൻ മമ്മദിനോട് ഇറങ്ങിപ്പോരാൻ കൈകാണിച്ചതോടെ പണിക്കാർ വടം അഴിച്ചെടുത്തു. രാമകൃഷ്ണൻ ശിവൻകുട്ടിയോട് പറഞ്ഞു. "ആ മരം അവിടെത്തന്നെ നിക്കട്ടെ!"

ശിവൻകുട്ടിയോടും ശാരദയോടും യാത്രപറഞ്ഞ് രാമകൃഷ്ണനും ഭാസ്കരനും വെട്ടുകാരോടൊപ്പം പടികടന്നു പോകുന്നത് കയ്യാലയിലെ ചാരുകസേരയിലിരുന്ന് ബാഹുലേയൻ കാണുന്നുണ്ടായിരുന്നു.

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT
access_time 2024-10-28 05:30 GMT