ആളുകളുടെയോ വണ്ടികളുടെയോ പോക്കുവരവുകള്‍ ഗൗനിക്കാതെ വന്ന നകുലന് അങ്ങാടിയിലെ ഓട്ടോസ്റ്റാൻഡില്‍ സഡന്‍ബ്രേക്കിട്ടു നിന്നു. ചൂടിന്റെ ചൊരുക്ക് തളര്‍ത്തിയിട്ട വഴിയില്‍ യാത്രക്കാര്‍ വരുന്നതും കാത്ത് ഓട്ടോസ്റ്റാൻഡിന് മറുവശത്തുള്ള പ്ലാവിന്‍ചുവട്ടിലെ ടൈല്‍സ് തറയില്‍ ഇരിക്കുകയായിരുന്നു സന്തോഷും വിജയനും ഗോപനും. ശ്വാസം മേൽപോട്ടും കീഴ്പോട്ടും നെടുനീളത്തില്‍ വിട്ട് കിതപ്പടക്കി നിന്ന നകുലന് കൈകള്‍ വായുവില്‍ മലര്‍ത്തി അവരോടു ചോദിച്ചു:
''അറിഞ്ഞിനാ?''
''എന്ത്? എന്ത്ന്നാടാ?'' അവരുടെ ശബ്ദം കൂട്ടത്തോടെ ഉയര്‍ന്നു.
''കരുണേട്ടന പോലീസ് പിടിച്ച്.'' ഇതുംപറഞ്ഞ് നകുലന് വക്രിച്ചൊന്നു ചിരിച്ചു.
''എന്തിന്?'' ചോദ്യത്തിനൊപ്പം വിജയന് എഴുന്നേറ്റു പോയി.
''ആ പെണ്ണില്ലേ... കാപ്പുങ്ങലെ നീലാണ്ടേട്ടന്റെ മോള്. വര്‍ക്കത്തില്ലാത്ത കറുത്ത ആ പെണ്ണപ്പാ... ഓള് പറ്റിച്ച പണിയാ!'' ഇത്രയും പറഞ്ഞൊപ്പിച്ച് നകുലന് അടുത്ത കേന്ദ്രത്തിലേക്ക് ലക്കും ലഗാനുമില്ലാതെ ഓട്ടമാരംഭിച്ചു.
''കാര്യൊട്ടു തിരിഞ്ഞിറ്റൂല്ല, ആകാംക്ഷയാന്നെങ്കില് തലേന്റെ തുഞ്ചത്തുമ്മല് കേറി പിടിമുറുക്കൂം ചെയ്തു.'' സന്തോഷ് പറഞ്ഞു.
''അതോന്റെ പതിവു പരിപാടിയാ. ഏട്ന്നെങ്കിലും എന്തിന്റെയെങ്കിലും കണ്ടം കിട്ടും. എന്നിറ്റ് നാട് നീള വെളമ്പും. അതില്‍ തൊട്ടോന്‍ പൊള്ള്യന്നെ.'' പരിഭ്രമം കളഞ്ഞ് വിജയന് അനുകൂലിച്ചു.
''അത് ശരിയന്യാ. അഞ്ച് മിനിറ്റ് കൊറവായതോണ്ട് ആള് ഓനയൊന്നും പറയൂല്ലല്ലോ. ഓന് പറഞ്ഞതില്‍ തൂങ്ങിയോന്‍ കെണിഞ്ഞ്.'' ഗോപന് പിന്താങ്ങി.
അപ്പോഴേക്കും വാര്‍ത്തയുമായി പാൽക്കാരന് ഭാസ്കരനെത്തി.
''അപ്പം നകുലന് പറഞ്ഞത് ശരിയന്യാ?''
''വെറുതെ പറയ്വോ. പീഡനാ കേസ്. ഈ പിള്ളറ പിടിച്ചോര കുടുക്കുന്ന ഒരു വകുപ്പില്ലേ.''
''ചൈല്‍ഡ് ലൈന്‍...'' ഗോപന് വ്യക്തമാക്കി.
''ഹ്ങാ, അതെന്നെ. അവരിക്കൊപ്പം വന്ന പോലീസ് കരുണനെ അറസ്റ്റുചെയ്തു കൊണ്ടുപോകുന്ന കണ്ടിറ്റല്ലേ ഞാന്‍ ബെരുന്ന്.''
''ആ പാവത്തിനക്കൊണ്ട് ഇങ്ങനൊന്നും പറയല്ല ഭാസ്ക്കരാ. ഞാന്‍ ബിശ്വസിക്കൂല്ല.''
''നീ ബിശ്വസിക്കോ ബിശ്വസിക്കാണ്ട് നിക്ക്വോ എന്താച്ചാ ചെയ്യ്. സംഭവം സത്യാന്ന്.'' കരുണനെ പോലീസ് പിടിച്ച വിവരം അങ്ങാടിയാകെ പരന്നു. എല്ലാവരുടെയും അറിവുകള്‍ക്ക് എന്നത്തേയുംപോലെ ബാലാരിഷ്ടതകള്‍ നിഴല്‍ വിരിച്ചു. അവ്യക്തവും ചിതറിയതുമായ അങ്ങാടി വര്‍ത്തമാനങ്ങള്‍ക്ക് അടുക്കും ചിട്ടയും വെച്ചത് സ്കൂള്‍ വിട്ടുവന്ന രാമകൃഷ്ണന് മാസ്റ്റര്‍ കാര്യങ്ങള്‍ വിവരിച്ചു പറഞ്ഞപ്പോഴാണ്.
''കാപ്പുങ്ങലെ നീലകണ്ഠന്റെ മോളില്ലേ നയന. ഭരതേട്ട നിങ്ങക്ക് മനസ്സിലായിനാ... നമ്മള ഒതേനേട്ടന്റെ മോളെ മോളപ്പാ...'' സാമ്പാര്‍ ഹോട്ടലുടമ ഭരതന് ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് അറിയാം എന്നു തലകുലുക്കി.
''എം.എസ്.ഡബ്ല്യു കഴിഞ്ഞോളാ ഓള്. നമ്മളെ സ്കൂളില്‍ കൗണ്സിലറായിറ്റ് ഓള ശുപാര്‍ശ ചെയ്തത് ഞാനല്ലേ... അതെന്തായാലും നന്നായിനി.'' നിറഞ്ഞ സംതൃപ്തിയോടെ അയാള്‍ ചുറ്റും നില്‍ക്കുന്നവരെ നോക്കി.
കണ്ണേട്ടനും രമണിയേച്ചിക്കും സുധീഷിനുമൊന്നും കൗണ്‍സലര്‍ എന്ത് കുന്ത്രാണ്ടാന്ന് മനസ്സിലായില്ലെങ്കിലും കാര്യം പിടികിട്ടിയ മട്ടില്‍ അവരും മുഖമനക്കി.
''നയന രാവിലെന്നെ നാലാം ക്ലാസിലെ കുഞ്ഞ്യള കൗണ്‍സില്‍ ചെയ്യാന്ന്. കൊറച്ച് കഴിഞ്ഞപ്പൊ കാറ്റ് വീശിവരുംപോലല്ലേ ഓള് സ്റ്റാഫ് റൂമിലേക്ക് പാഞ്ഞ് വന്നത്. എന്ത് പറ്റി നയനേന്ന് ഓള മുഖഭാവം കണ്ടിറ്റ് ഭാര്‍ഗവി ടീച്ചറും ഷീബയും ഒന്നിച്ചു ചോദിക്കുന്ന കേട്ടിറ്റാ കാര്യായിട്ട് എഴുതുകയായിരുന്ന ഞാന്‍ തലയുയര്‍ത്തി നോക്കിയത്. നോക്കുമ്പം ഓള് നിന്നങ്ങന വെയര്ക്ക്ന്ന്. മിണ്ടാമ്പറ്റുന്നില്ല പെണ്ണിന്...''
''ഉയ്യന്റപ്പാ...'' എന്നു പറഞ്ഞ് മീന്‍കാരി സുലോചന കവിളില്‍ കൈചേര്‍ത്തു.
''നാലാം ക്ലാസിലെ ഷബീറേനേം ആതിരേനേം പിന്നെ ആ ചെക്കനില്ലേ, ശ്ശൊ എന്താപ്പാ ഓന്റ പേര് ഓനേം സുഭദ്രേച്ചീന്റെ ഭര്‍ത്താവ് കരുണേട്ടന് എന്തല്ലോ ചെയ്തിനി എന്റെ മാഷേ...'' സുലോചനയുടെ നെടുവീര്‍പ്പിനിടെ രാമകൃഷ്ണൻ മാഷ് മുഴുവിച്ചു.
''നമ്മളെ കരുണേട്ടനങ്ങന ചെയ്യ്വോ?'' കോളേജില്‍ പഠിക്കുന്ന ജയകുമാറാണ് ആള്‍ക്കൂട്ടത്തിനു നടുവിലേക്ക് തിക്കിക്കയറിവന്ന് ഈ ചോദ്യമെറിഞ്ഞത്.
''ഞാനും അങ്ങനെയാ കരുതീനി? പക്ഷേ സംഭവം സത്യാ. പിള്ളറ് പറയുന്ന ഓരോ കാര്യം കേക്കുമ്പം തരിച്ചുപോകുവാപ്പാ...'' രാമകൃഷ്ണൻ മാഷ് തലകുടഞ്ഞ് നീരസം പ്രകടിപ്പിച്ചു.
രാമകൃഷ്ണന് മാഷിനെ തന്റെ കാഴ്ചവട്ടത്തേക്ക് കുരുക്കാന്‍ മിനക്കെടാതെ ആള്‍ക്കൂട്ടത്തില്‍നിന്ന് തെല്ലുമാറി നില്‍ക്കുകയായിരുന്നു അജയന്. അവിടെനിന്നും ചിന്നിപ്പരക്കുന്ന വാക്കുകള്‍ പെറുക്കിക്കൂട്ടാന്‍ കാതുകള്‍ രണ്ടും അതിനുള്ളിലേക്ക് അജയന് തിരുകിവെച്ചിരുന്നു.
അജയന് കഥയുടെ വഴിതിരയുകയായിരുന്നു.
കഥയെഴുതാന്‍ ആവതില്ലാതെ തരിശായി നില്ക്കുമ്പോഴെല്ലാം യാദൃച്ഛികതകള്‍ അപ്പൂപ്പന്താടിപോലെ തന്നെ തൊട്ടുഴിഞ്ഞു പോകുന്നത് പല ആവര്‍ത്തി അജയന് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വന്നുഭവിക്കുന്ന ആകസ്മികതകളുടെ തോണിയില്‍ കയറിയുള്ള പുഴസഞ്ചാരം ഒടുവില്‍ സുരക്ഷിതമായ തീരത്തുതന്നെ ഇറക്കിവിട്ട എഴുത്തു സന്ദര്‍ഭങ്ങള്‍ അജയന് ഓര്‍ത്തു.
സ്കൂള്‍കാലം അജയന്റെ കാഴ്ചയിലേക്ക് ചുവപ്പും മഞ്ഞയും പടര്‍ന്ന പ്രഭാതമായി കയറിവന്നു. മറവിയുടെ മഞ്ഞ് ഓർമയുടെ വെയിലില്‍ അലിഞ്ഞില്ലാതായി. കക്കാടപ്പുറവും ഓലകൊണ്ടു മേഞ്ഞുകെട്ടിയ അവിടത്തെ നീളന്‍ സ്കൂള്ഷെഡ്ഡും പൊടിതട്ടി കുടഞ്ഞെണീറ്റു. ജനഗണമനയുടെ കൂട്ടമുഴക്കങ്ങള്ക്കൊടുവില് കേട്ട മണിയൊച്ചയുടെ പിന്നാമ്പുറങ്ങളില്‍ തൂങ്ങിവന്ന കുട്ടിക്കൂട്ടങ്ങള്‍ ആരവങ്ങളോടെ സ്കൂള്‍മുറ്റത്ത് അടുക്കും ചിട്ടയുമില്ലാതെ വന്നുനിരന്നു. സ്കൂള്‍ മൈതാനത്തിന്റെ പലപല കോണുകളിലേക്ക് നീങ്ങിയ അവര്‍ കള്ളനും പോലീസും കക്കുകളിയും ഒളിച്ചുപൊത്തും തലമയുംകൊണ്ട് മൈതാനം മുഖരിതമാക്കി. കളിച്ചു തളര്ന്നകുട്ടികള് മറിയേച്ചിയുടെ വീട്ടുകിണറ്റില്‍നിന്ന് വെള്ളം കോരിക്കുടിച്ച് വയര്‍നിറച്ചു. വാ തളരാതെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവര്‍ ഒറ്റക്കും ഇരട്ടക്കും കൂട്ടം ചേര്‍ന്നും വീടുകളിലേക്ക് വെച്ചടിച്ചു. വശക്കേടുകള്‍ വിളമ്പുന്ന മുഖവുമായി വെളുത്തുമെലിഞ്ഞ ഒരു പയ്യന് കൂട്ടുകാര്‍ക്കൊപ്പം നടന്നു. വലതുതോളില്‍ തൂക്കിയ പുസ്തക കൊട്ട അവന് ഇടക്കിടെ മുകളിലേക്ക് വലിച്ചുകയറ്റി. കാലന് ചന്ദ്രന് വഴിയിലെവിടെയെങ്കിലും പതിയിരിക്കുന്നുണ്ടാവുമോ എന്ന ആലോചന അവനെ വല്ലാതെ അലോസരപ്പെടുത്തി.
ചന്ദ്രന്റെ ചുഴികുത്തുന്ന നോട്ടങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും ഇടയിലൂടെ പെരുങ്കാറ്റുപോലെ നാട്ടുകാര്‍ പരക്കംപാഞ്ഞ കാലമായിരുന്നു അത്. അറവുകാരന്റെ മൂര്‍ച്ചയുള്ള കത്തി ആഞ്ഞുതറയുമ്പോള് വെട്ടുതടിയുടെ ഇരുപുറങ്ങളിലേക്കും ചിതറിവീഴുന്ന ഇറച്ചിക്കഷണങ്ങളില് കണ്ണുറപ്പിച്ചു നില്ക്കുന്ന കൊതിക്കാരന് പട്ടിയെപ്പോലെ ചന്ദ്രന് പെണ്ണുങ്ങളെയും കുട്ടികളെയും വട്ടമിട്ടു ചുഴറിയ കാലം.
ഒരിക്കല്‍ സ്കൂള്‍വിട്ട് അജയന് ഒറ്റക്ക് വീട്ടിലേക്ക് വരികയായിരുന്നു. സ്കൂള്‍ വഴിയിലെ അരയാലിന്റെ ചുവട്ടില്‍ ചന്ദ്രന് ഇരിക്കുന്നത് അവന് കണ്ടില്ല. അയാള്‍ അവനെ കടന്നുപിടിച്ചു. പൊളിഞ്ഞു വീഴാറായ പഴയ സ്കൂള്‍ കെട്ടിടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു. അജയന് കുതറിയോടി... ആരോടും എന്തെന്ന് പറയാനാവാതെ വിറങ്ങലിച്ചു കിടന്ന ദിനരാത്രങ്ങള്‍...
തെക്കേത്തടത്തിലെ യശോദേച്ചീടെ മേലാണ് ചന്ദ്രന്റെ വിഷപ്പല്ല് ആദ്യമായി തറഞ്ഞത്. അജയന് അമ്മയുടെ വാക്കുകള്‍ ഓർമകള്ക്കടിയില്നിന്ന് കുഴിച്ചെടുത്തു. പണി കഴിഞ്ഞുവരുന്ന യശോദ ചന്ദ്രന്റെ വീടിനു മുന്നിലൂടെ പോവുകയായിരുന്നു. ചന്ദ്രന് വരാന്തയിലിരുന്ന് ചോറുണ്ണുന്നുണ്ടായിരുന്നു.
''ഏ ചന്ദ്രാ, ചോറുണ്ണുവാന്ന്?'' യശോദേച്ചി കുശലം ചോദിച്ചു.
''അല്ല, തൂറുവാന്ന്.''
ചന്ദ്രന് കക്കിയ വര്‍ത്തമാനം കേട്ട് അവര്‍ തരിച്ചുപോയി. അത്തരമൊന്ന് യശോദ പ്രതീക്ഷിച്ചതല്ല. വൈകുന്നേരമായപ്പോഴേക്കും മുത്താറിവാരി വിതറിയപോലെ അവരുടെ ശരീരം മുഴുവന്‍ ചുവന്നുപൊടുത്തു. കിടുകിടുപ്പും പനിയുംകൊണ്ട് യശോദയുടെ ശരീരം തണുത്തും മരവിച്ചും കിടന്നു.
ഇരുപത്തിരണ്ടു വയസ്സുവരെ ചന്ദ്രന് സ്നേഹമയനും ഉപകാരിയുമായിരുന്നു. എല്ലാവരുടെയും തുണക്ക് അയാള്‍ വന്നുംപോയുമിരുന്നു. ഉത്സവങ്ങള്‍ക്കും പെരുനാളുകള്‍ക്കും കല്യാണങ്ങള്‍ക്കും ചാവടിയന്തിരങ്ങള്‍ക്കും. എല്ലാ സന്തോഷങ്ങള്‍ക്കും സന്താപങ്ങള്ക്കും ചന്ദ്രന്റെ ഒരു കരം ആളുകള്‍ ആഗ്രഹിച്ചു.
കാട് കയറിക്കിടന്നിരുന്ന അമ്പലപ്പറമ്പ് ഗ്രാമവാസികളെല്ലാം ചേര്‍ന്ന് വെട്ടിത്തെളിക്കുകയായിരുന്നു. ഉത്സവത്തിന് ഇനി നാളുകളേ ബാക്കിയുള്ളൂ. കലാപരിപാടികളുടെ അരങ്ങേറ്റ സ്ഥാനവും ചന്തയുമെല്ലാം ഈ മൈതാനമാണ്. വെട്ടിത്തെളിപ്പ് തകൃതിയായി നടക്കുകയാണ്. പൊടുന്നനെ വലതുകാല്‍ പൊക്കിപ്പിടിച്ചുകൊണ്ട് ചന്ദ്രന് പറഞ്ഞു:
''ഗോവിന്ദേട്ടാ എന്റെ കാലില്‍ എന്തോ തറഞ്ഞിനി?''
''മുള്ളുകൊണ്ട് വരഞ്ഞതോ മറ്റോ ആന്ന്. സാരാക്കണ്ട...'', ഗോവിന്ദന് ചന്ദ്രന്റെ കാലില്‍ സൂക്ഷിച്ചു നോക്കിയിട്ട് നിസ്സാരമട്ടില്‍ പറഞ്ഞു.
അനന്തനും രാമകൃഷ്ണനുമെല്ലാം മാറിമാറി നോക്കിയിട്ടും ഗോവിന്ദേട്ടന് പറഞ്ഞതില്‍ കവിഞ്ഞ ഒന്ന് ആരും കണ്ടില്ല.
ആ മുറിവ് പിന്നെ ഉണങ്ങിയില്ല. ചലം നിറഞ്ഞ്, പഴുത്ത് കെട്ടിയ വ്രണമായി വലതുകണങ്കാലില്‍ അതങ്ങനെ കിടന്നു. ചികിത്സയും മരുന്നുമെല്ലാം പെരുമ്പാമ്പിനെ പോലെ പുണ്ണ് വിഴുങ്ങിക്കളഞ്ഞു. ചന്ദ്രന് മുഷിപ്പനും മോശക്കാരനുമായി. ആളുകള്‍ കടന്നല്ക്കുത്തേറ്റപോലെ ചന്ദ്രന്റെ താന്തോന്നിത്തരങ്ങളില്‍ പുളഞ്ഞു. ഒന്നും രണ്ടും പറഞ്ഞ് ആളുകളുടെ മെക്കിട്ടു കയറി കവലകളില്‍ അവന് പതിവായി അലമ്പുണ്ടാക്കി. വെറുപ്പുള്ളവരുടെ വീട്ടുവരാന്തകളില്‍ ചന്ദ്രന് തൂറിവെച്ചു. തരംകിട്ടുമ്പോഴെല്ലാം അയാള്‍ തന്റെ ലിംഗം ആളുകളുടെ നേരെ പൊക്കികാണിക്കുകയും അവരെ പരിഭ്രമിപ്പിക്കുകയും ചെയ്തു.
''പയ്യാനമണ്ടലീന്റെ മുള്ളന്യാന്ന് കൊണ്ടിനി. അല്ലെങ്കില്‍ പുണ്ണ് ഒണങ്ങൂല്ലേടോ. ഇതെത്രയായി കാലം...''
''അതൊറപ്പന്നെ എന്റെ കുഞ്ഞാമൂക്ക. എനക്ക് തോന്ന്ന്ന്, സര്പ്പദോഷെന്തോ ഓന് പറ്റീറ്റ്ണ്ടന്ന്്...'' കുമാരന് വെളിച്ചപ്പാട് തന്റെ പക്ഷം സമർഥിച്ചു.
''എന്ത് ദോഷാന്നെങ്കിലും നാട്ടാറ് നട്ടം തിരിഞ്ഞിനി. പണ്ടോന് നല്ലോനെല്ലം തന്നെ പറഞ്ഞിറ്റ് കാര്യണ്ടാ...'', കണ്ണന് മേസ്തിരി എല്ലാവരെയും നോക്കി.
''അല്ല ചങ്ങായിമാറെ, ഓന്റത് നമ്പര്‍വണ്‍ പ്രാന്തല്ലേ, ഇനി പാമ്പെന്നെ കടിച്ചൂന്ന് കൂട്ടിക്കോ. അയിന്റെ മേലെ പ്രാന്ത് വന്നത് ഏടെങ്കിലും കേട്ടിറ്റ്ണ്ടാ...'', കുഞ്ഞാമുക്ക പറഞ്ഞു.
''ഓന്റ ചത്തുപോയ അപ്പനപ്പൂപ്പന്മാര്ക്കാരിക്കെങ്കിലും ഉണ്ടാവൂന്ന്. അല്ലെങ്കിലിങ്ങനെ ബെരുവാ.'' വിധി പ്രസ്താവിച്ച് ഇരിക്കുന്ന ജഡ്ജിയെ പോലെ കടക്കാരന് ദാമു ഇത്രയും പറഞ്ഞ് പത്രാസിലങ്ങനെ ഇരുന്നു.
''പ്രാന്ത്, ആസ്മ, പൈല്‍സ്, ചൊയലി... എണ്ണിയാ തീരൂല്ല തലമുറ കൈമാറി കിട്ടുന്ന അസുഖങ്ങള്‍...'', പാരമ്പര്യവൈദ്യനായ ചിരുകണ്ഠന്‍ തന്റെ അറിവ് വെളമ്പി ചന്ദ്രന്റെ പ്രാന്തിനെക്കുറിച്ച് ഒരു നീണ്ട ചിക്കാഗോ പ്രസംഗം തന്നെ അങ്ങ് നടത്തി.
കാലപ്പഴക്കമേറിയിട്ടും ഇരിപ്പുനേരങ്ങളിലെല്ലാം ആളുകള്‍ ചന്ദ്രനെക്കുറിച്ച് സംസാരിച്ചു. അയാള്ക്കുവന്ന ദുര്‍ഗതിയില്‍ സഹതപിച്ചവര്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഈ കാലൻ ചത്ത് പോയിറ്റ് നാടൊന്നു ശുദ്ധാവണേന്ന് പ്രാർഥിച്ചു. അപ്പോഴെല്ലാം വലതു കണങ്കാലിലെ പുണ്ണും പേറി പയ്യാനമണ്ടലിയെപ്പോലെ വിഷം ചീറ്റി ചന്ദ്രന് നാടുമുഴുക്കെ അലഞ്ഞു. ആളുകള്‍ അയാളെക്കൊണ്ടു പൊറുതിമുട്ടി.
ഒരുദിവസം നാടുണര്‍ന്നത് പഴയങ്ങാടി പുഴക്കരയില്‍ ചന്ദ്രന് ചത്തുകിടക്കുന്നു എന്ന വാര്‍ത്ത കേട്ടാണ്. കാതുകളില്‍നിന്ന് കാതുകളിലേക്ക് ഒഴുകിയ വര്‍ത്തമാനങ്ങള്‍ക്കൊടുവില്‍ പുഴയിലേക്ക് തൂവാതെ ആള്‍ക്കൂട്ടം കരയില്‍ തിങ്ങിനിന്നു.
ശവത്തില്‍നിന്ന് നേരിയ ഒരു ഞരക്കം.
''ചത്തിറ്റില്ല...'' ആരൊക്കെയോ പിറുപിറുത്തു.
പലരും നിരാശയോടെ മുഖംതിരിച്ചു.
''പിടിക്കെടാ വാസു'', കരുണന് മുന്നോട്ടുവന്നു.
നൗഷാദും ബാലനും സുധീഷുമെല്ലാം കൂടെ ചേര്‍ന്നു. സതീഷിന്റെ ജീപ്പിലേക്ക് ചന്ദ്രനെ എടുത്തുകയറ്റി. സംഘം ചേര്‍ന്നുള്ള അക്രമത്തില്‍ തകര്‍ന്നുപോയ അയാളുടെ പനിച്ചുകിടന്ന വലതുകാല്‍ നീണ്ട നാളത്തെ ചികിത്സക്കൊടുവില്‍ മുറിച്ചുമാറ്റി.
അങ്ങാടിയില്‍ പതിയെ ചന്ദ്രന്റെ തലവെട്ടം കാണാന്‍ തുടങ്ങി. അയാളെ കണ്ടതും ആളുകള്‍ ചുവന്നു കനത്തു. അവര്‍ക്കിടയിലൂടെ പഴയ വിഴുപ്പുകളേതുമില്ലാതെ ശാന്തനായി അയാള്‍ നടന്നുപോയി. പഴയ പിറവിയിലേക്കുള്ള ചന്ദ്രന്റെ ഇറങ്ങിനടത്തത്തെക്കുറിച്ച് ആളുകള്‍ അതിശയത്തോടെ അടക്കം പറഞ്ഞു. വര്‍ഷങ്ങളായി അറുത്തുമാറ്റപ്പെട്ട നന്മകള് വലതുകാല്‍ നഷ്ടത്തോടെ കൂടണയാന്‍ ഒന്നിക്കുന്ന പക്ഷികളെപ്പോലെ അയാളിലേക്ക് പറന്നിറങ്ങി. ഗ്രാമീണരുടെ സായാഹ്ന വര്‍ത്തമാനങ്ങളില്‍ നന്മ മരമായി ചന്ദ്രന് പുനരവതരിച്ചു.
''പ്ഫാ, നായിന്റെ മോനെ, കുഞ്ഞുമക്ക്ളേ നിനക്ക് പിടിക്കാ കണ്ടിറ്റുള്ളൂ. നിന്റെ ഇക്കാലും ഞാന്‍ തച്ചു തകര്‍ക്കും പുല്ലേ...'' എഴുത്തുമേശക്കരികിലിരുന്ന അജയന്റെ കാഴ്ചയിലേക്ക് ലോക്കപ്പ് അരങ്ങുകള്‍ ഉള്‍പ്പിടപ്പോടെ ഇരച്ചുകയറി.
സബ് ഇന്‍സ്പെക്ടറുടെ ആക്രോശങ്ങളില്‍ ഉഴറിപ്പോയ കരുണേട്ടന് ഒറ്റക്കാലില്‍ അതാ പൊരുന്നി നില്ക്കുന്നു. പോലീസുകാര്‍ക്കു നടുവില്‍ ചോദ്യംചെയ്യലിന്റെ വീര്‍പ്പുമുട്ടല്‍ വിഴുങ്ങി മഞ്ഞച്ച നിറമായി അയാള്‍.
അജയന്റെ മനസ്സിലേക്ക് അപ്പോള്‍ കരുണന്റെ പൂര്‍വകാലം കടന്നുവന്നു.
കുട്ടിനേതാക്കള്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്കി കൂടെ നിന്ന കരുണേട്ടനെ തെല്ലൊരതിശയത്തോടും ആരാധനയോടും കൂടി നോക്കിനിന്ന സ്കൂള്‍കാലം അജയനില്‍ മയങ്ങികിടന്നു. പൊതുയോഗങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ ആളുകളെ ആകര്‍ഷിക്കാനും ത്രസിപ്പിക്കാനുംവേണ്ടി കരുതലോടെ കരുണേട്ടന് തന്റെ ശേഖരത്തില്‍നിന്ന് വാക്കുകള്‍ ഊറ്റിയെടുക്കുന്നത് അവന് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്.
ഒരിക്കല്‍ അച്ഛന് അമ്മയോടു പറയുന്നത് അജയന് കേള്‍ക്കുകയുണ്ടായി:
''നാണീന്റെ മോന് ബെല്ല്യ പഠിപ്പില്ലെങ്കിലെന്താ? നമ്മളെ തലമുതിര്‍ന്ന നേതാക്കക്കുപോലും ഓന്റ വിവരമില്ലണേ. മൂലധനം, മാര്‍ക്സിന്റെ, നീ കേട്ടിറ്റ്ണ്ടാ?''
ദേവകി ഇല്ലെന്ന് തലയാട്ടി.
''എന്നാ കേട്ടോ, ഓനതെല്ലാം പച്ചവെള്ളാ. അതോണ്ടല്ലേ ഓന ആള് ഇ.എം.എസ്. കരുണനെന്ന് ബിളിക്ക്ന്ന്.''
കരുണന്റെ ചുറുചുറുക്കും ദയാവായ്പും പറഞ്ഞ് അമ്മ അപ്പോള്‍ വാചാലയാകുന്നത് അജയന് കേട്ടിരുന്നു.
എന്നും തിരക്കുകള്‍ക്കു നടുവിലായിരുന്നു കരുണേട്ടന്. നാട്ടിലെ എല്ലാ കാര്യങ്ങളിലും കരുണന്റെ ഒരു കണ്ണ് കൂടെയുണ്ടാവും. വേണ്ടപ്പെട്ടവനായി.
ചന്ദ്രന്റെ വലതുകാല്‍... കരുണന്റെ ഇടതുകാല്....
കഥയില്‍ ചന്ദ്രനും കരുണനും ഒരേ കഥാപാത്രങ്ങളായി മാറിമാറി അവതരിക്കണം...
ഒരേ കാലത്തെയും ദേശത്തെയും ഒരുമിച്ചനുഭവിച്ച കരുണന്റെയും ചന്ദ്രന്റെയും ജീവിതത്തിലേക്ക് തുഴയെറിഞ്ഞ് അജയന് കാത്തിരുന്നു.
കഥയുടെ ഒരൊറ്റ ഫ്രെയിമിലേക്ക് എല്ലാം ഒതുക്കുവാന്‍ അജയന് കൈകളെ വഴക്കിവിട്ടു. ആലോചനകളില്‍നിന്ന് അവ അടുക്കടുക്കായി കടലാസിലേക്ക് വാര്‍ന്നു നിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.