മൂന്നു മൈൽ ദൂരമുണ്ട്; ഞങ്ങൾ നടക്കാൻ തുടങ്ങി. പത്തുമുപ്പതു കുട്ടികൾ. വരമ്പും തോടും ഏത്തവാഴത്തോട്ടവും കരിമ്പിൻപാടവും പോത്തുകൾ തുള്ളിക്കളിക്കുന്നിടവും മണ്ടപോയ മരച്ചീനിക്കുന്നും തെങ്ങിൻതടിപ്പാലവും പിന്നിടണം. എത്രവേഗത്തിൽ പോയാലും രണ്ടാംബെല്ലിന്റെ അവസാന മണിനാദത്തോടൊപ്പമേ എത്തുകയുള്ളൂ. ഈശ്വരപ്രാർഥന കാണാതറിയാവുന്നവർ പാടി ഇരിക്കാൻ തുടങ്ങിയിട്ടുണ്ടാവും.
ഏറ്റവും പിന്നിൽവന്ന ബേബിസാർ ഞങ്ങളെ പിന്നിലാക്കി. ഞങ്ങൾ നടന്നുകഴിഞ്ഞിട്ടെത്ര കഴിഞ്ഞിട്ടായിരിക്കും ബേബിസാർ തുടങ്ങിയത്; എന്നിട്ടോ? സാറിനെ തോൽപിക്കാൻ കുട്ടികൾക്കാവില്ല.
–ഓടി വാടേ.
ബേബിസാർ മുന്നിൽനിന്നും വിളിച്ചു. തോടു ചാടിക്കടന്നപ്പോൾ ക്ഷീണം വന്നോ എന്തോ? സാർ ഒരു ബീഡി കത്തിച്ചു. സിസർ വലിക്കുന്ന സാറന്മാരാണ് കൂടുതൽ; ബീഡി വലിക്കുന്നത് പ്യൂൺ മണിക്കുട്ടനും പിന്നെ ബേബിസാറും. മണി അടിച്ചുകഴിഞ്ഞ് ക്ഷീണം തീർക്കാൻ മണിക്കുട്ടൻ പുകയ്ക്കും; മണിക്കുട്ടനും ബേബിസാറും ഒരുമിച്ചുനിന്ന് ബീഡി കത്തിക്കുന്നത് കണ്ടിട്ടുണ്ട്. ബീഡിക്ക് സാറെന്നോ പ്യൂണെന്നോ വേർതിരിവില്ലല്ലോ.
ദിവസവും മൂന്നു മൈൽ വീതം നടക്കണം; മൂന്ന് കുന്നുകൾ; അതു കയറി ഇറങ്ങണം; പിന്നെ നീണ്ടു വിശാലമായ വയൽ; ഒത്ത നടുവിൽ തോട്; അതുംകഴിഞ്ഞ് ഒരു കരിമ്പിൻപാടം; പിന്നെയും ഒരു കുന്ന്. അത് കഴിഞ്ഞാൽ സ്കൂൾ. പാറകൾ പൊട്ടിച്ചുമാറ്റിയതിനെ തുടർന്നുണ്ടായ വലിയൊരു കുഴി എങ്ങനെയോ മൈതാനമായി. അവിടെ കുട്ടികൾ പന്തു കളിക്കുന്നു. ആ പാറ മൈതാനത്തിന്റെ ഒരരികിൽ, ഉയരത്തിൽ സ്കൂൾ വരാന്ത. ഓടിക്കളിക്കുമ്പോൾ കൂട്ടിമുട്ടിയാൽ ഉറപ്പ്; താഴെ മൈതാനത്തേക്കു മൂക്കുകുത്തും; അതുകൊണ്ട് കളിയും ചാട്ടവും സൂക്ഷിച്ച്.
–കളിച്ചും ചാടിയുമല്ലിയോ ഇങ്ങോട്ട് വരുന്നേ, പിന്നെ ഇവിടേം വന്ന് ചാടണോ?
ചോക്കുകഷ്ണംകൊണ്ട് ക്ഷ, റ വരപ്പിക്കുന്ന റെയ്ച്ചൽ ടീച്ചർ ചോദിക്കും; താഴേക്ക് മുമ്പൊരു കുട്ടി മറിഞ്ഞു വീണിട്ടുണ്ട്.; തല പൊട്ടി; ഭാഗ്യം ഇന്നും ജീവനോടെയുണ്ട്. വരാന്തയിൽ ടീച്ചർ ചോക്കുകൊണ്ട് വര വരച്ചിട്ടുണ്ട്. തള്ളുന്നവരും വീഴുന്നവരും വര മറികടക്കരുത്. വര കടന്നാൽ, വടി. ടീച്ചറിനൊപ്പം വടിയും സഞ്ചരിക്കുന്നു.
മൂന്നു മൈലും നടന്നുവരുന്ന ബേബിസാറിന്റെ കൈയിൽ വടിയില്ല. കൈയിൽ പുസ്തകങ്ങൾ, അന്നത്തെ പത്രം മടക്കിയത്, മടക്കിനുള്ളിൽ ചോറുപൊതി; കഴുത്തിനുപിന്നിൽ തൂങ്ങിയാടുന്ന കാലൻകുട, കൈചുരുട്ടിൽ കലഹിക്കുന്ന കർചീഫ്, പോക്കറ്റിൽ ബീഡിയും തീപ്പെട്ടിയും. തേഞ്ഞുപരുവമായ റബർ ചെരുപ്പിൽനിന്ന് ചളിത്തുള്ളികൾ മടക്കിക്കുത്തിയ മുണ്ടിൽ മൂട്ടകളാകും.
–നീ ഏതു ക്ലാസിലാ?
ഏറ്റവും പിന്നിൽ പതുങ്ങിനടക്കുന്ന എന്നെ ബേബിസാർ കണ്ടുപിടിച്ചു.
–ഏഴ് ബി.
ഒരധ്യാപകൻ ആദ്യമെയെന്നോട് വിശേഷം ചോദിക്കുന്നത്, മറ്റു കുട്ടികളെക്കാൾ ആരോഗ്യം കുറവായതുകൊണ്ടായിരിക്കുമോ? ബേബിസാർ വേഗത കുറച്ചു. കറുത്ത റബർ ചരടുകൊണ്ട് പുസ്തകം കെട്ടിവെച്ചിരുന്നത് സാർ ശ്രദ്ധിച്ചു. മിക്ക കുട്ടികളും ആ റബർചരടിനു കീഴിൽ ഒരു ഇലപ്പൊതി ഭദ്രമാക്കിയിട്ടുണ്ടായിരിക്കും. അന്നല്ല; മിക്കപ്പോഴും. പേരും വീടും നാടുമൊക്കെ ചോദിച്ചു. അപ്പന്റെ പേര് പറഞ്ഞപ്പോൾ തലയാട്ടി. അറിയുമെന്നോ ഇല്ലെന്നോ? അതോ അപ്പന്റെ കൈയിൽനിന്നും ബീഡി വാങ്ങി വലിച്ചിട്ടുണ്ടെന്നോ?
–രാവിലെ വല്ലോം കഴിച്ചാരുന്നോ?
ബേബിസാർ എന്നോടൊപ്പം നടന്നുകൊണ്ട് തിരക്കി. എങ്ങനെയും വിചാരിക്കാവുന്നപോലെ ഞാൻ തലകുലുക്കി. സാർ വിട്ടില്ല.
–എന്തുവാ കഴിച്ചെ?
ആലോചിക്കാൻ സമയമില്ല, എങ്ങനെയോ ധൈര്യം വന്നു.
–കള്ളപ്പം.
–എത്രയെണ്ണം?
അധ്യാപകരോട് കള്ളം പറഞ്ഞാൽ...? എനിക്കു വിഷമം കൂടി. ചുണ്ടു വിറച്ചു. മറ്റു കുട്ടികൾ കേട്ടാലോ?
ബേബിസാർ എന്റെ തലയിൽ വിരലോടിച്ചു; ബീഡിയുടെ മണം. പെട്ടെന്ന് സാർ കൈ പിൻവലിച്ചു. രാവിലെ എണ്ണ തേച്ചതേയുള്ളൂ; കുളിക്കാൻ പറ്റിയില്ല. ബീഡിമണം എണ്ണയിൽ കുരുങ്ങി. കുളിക്കാത്തതെന്തെന്നു ചോദിച്ചിരുന്നെങ്കിൽ അരി തീർന്ന കാര്യംകൂടി അറിയാതെ പറഞ്ഞുപോകുമായിരുന്നു. സാർ ഒന്നും ചോദിച്ചില്ല. ക്ഷീണമുണ്ടോ എന്നുമാത്രം തിരക്കി.
ക്ഷീണമുണ്ടോ എന്നു ചോദിച്ചാൽ? കണക്കു പീരിയഡു കഴിഞ്ഞാൽ ക്ഷീണം പമ്പകടക്കും. ആ കണക്കുസാറും ബേബിസാറും കൂട്ടാണോ എന്തോ?
വാസുദേവന്റെ ചായക്കടക്കു മുന്നിലെത്തിയപ്പോൾ ബേബിസാർ എന്റെ കൈയിൽ മുറുകെ പിടിച്ചു. എനിക്ക് വേദനിച്ചു. കടക്കുള്ളിലേക്ക് എന്നെ കയറ്റി ഇരുത്തി. നല്ല തിരക്കുണ്ട്. വാസുദേവൻ ബോണ്ട ചീനച്ചട്ടിയിൽനിന്നും കോരി എടുക്കുന്ന തിരക്കിലായിരുന്നു.
–എടേ വാസുദേവാ, എവന് എന്തുവാന്ന് വച്ചാ കൊടുക്കടേ; എന്റെ പറ്റിൽ.
വാസുദേവൻ പറഞ്ഞതു കേൾക്കാത്തതുപോലെ മൂന്ന് കള്ളപ്പവും കിഴങ്ങുകറിയും കൊണ്ടുവെച്ച് തുമ്മി. ബേബിസാർ എനിക്കെതിരെ ബഞ്ചിലിരുന്ന് ബീഡി വലിച്ചു. ഒരു ബീഡി വാസുദേവനും കൊടുത്തു. വാസുദേവൻ ബീഡി തിരിച്ചുംമറിച്ചും നോക്കി പറഞ്ഞു:
–കാജാ പോര സാറേ; തെറുപ്പാ മെച്ചം.
ബേബിസാർ അതിനു മറുപടി പറഞ്ഞില്ല. പക്ഷേ മറ്റാരോ ഉറക്കെ പറഞ്ഞു.
–ബീഡി ഏതായാലും മനുഷ്യൻ നന്നാവണം.
ബേബിസാർ ഒറ്റച്ചിരി; ഇതിൽ ചിരിക്കാനെന്തുണ്ട്? ബീഡിയുടെ കാര്യം മുതിർന്നവർക്കല്ലേ അറിയൂ. ഇടയ്ക്ക് പകുതി തീർത്ത ബീഡിക്കുറ്റി കാതിൽ തിരുകിക്കൊണ്ട് വാസുദേവൻ എന്നെ നോക്കി.
–ചായ വേണോ?
മറുപടി പറയാൻ തോന്നിയില്ല. ഞാനല്ലല്ലോ തീരുമാനിക്കേണ്ടത്.
–അവന് പാലുംവെള്ളം കൊടുക്കടേ.
ബേബിസാർ വിളിച്ചുപറഞ്ഞു. ബേബിസാർ എന്തു പറഞ്ഞാലും വാസുദേവൻ ചെയ്യും. അത്ര അനുസരണയോടെയാണ് ആ ചായക്കടക്കാരൻ പെരുമാറുന്നത്.
ഞങ്ങൾ ഒരുമിച്ച് സ്കൂളിലേക്കു നടന്നു. എനിക്ക് നടക്കാൻ ഉന്മേഷം തോന്നി. പക്ഷേ സാറിനെക്കാൾ മുമ്പിലെത്താൻ ഒരു കുട്ടിക്ക് കഴിയുകയില്ലല്ലോ.
–പത്രം വായിക്കാറുണ്ടോ?
പോകുന്നപോക്കിൽ ബേബിസാർ തിരക്കി. ഞാൻ തലകുനിച്ചു.
–വീട്ടിൽ പത്രമില്ല.
ശബ്ദം അടക്കിപ്പിടിച്ച് ഞാൻ പറഞ്ഞു.
ബേബിസാർ അതു സാരമാക്കിയില്ല. വായനയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞുതന്നു. വായന പരിപൂർണ മനുഷ്യനെ സൃഷ്ടിക്കുന്നു; വായിക്കാത്തവൻ ആത്മാവില്ലാത്ത ശരീരം മാത്രമാണ്. കുന്നും കരിമ്പിൻപാടവും എങ്ങനെ പിന്നിട്ടുവെന്നു നല്ല ഓർമയില്ല. ഞങ്ങൾ കരിമ്പിൻപാടം കഴിഞ്ഞപ്പോഴേക്കും, ഞങ്ങളെക്കാൾ മുമ്പേ നടക്കാൻ തുടങ്ങിയ ഏഴെട്ടു കുട്ടികൾ പിന്നിലായി. സാർ വരമ്പിലിറങ്ങിയപ്പോൾ ഒന്നുരണ്ടു വേഗക്കാരായ കുട്ടികൾ വഴിമാറിക്കൊടുത്തു. ആ വിടവിൽ ഞാനും ബേബിസാറിനൊപ്പം മുന്നിൽ കടന്നു. കണക്കുസാർ ഈ പോക്കൊന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ബേബിസാറിനൊപ്പം വേഗം നടന്നുവരുന്ന കുട്ടിക്ക് അടിയുടെ കാര്യത്തിൽ കണക്കുസാർ സൗജന്യം അനുവദിക്കാതിരിക്കുമോ?
ഉച്ചക്ക് ഉന്മേഷം; കിണറ്റിൻകരയിൽ പോയി പോക്കറ്റിലെ നെല്ലിക്കയെടുത്ത് വായിലിട്ടു. ഇഷ്ടംപോലെ വെള്ളംകുടിച്ചു. ആദ്യം ചവർപ്പ്, പിന്നെ മധുരം. നോട്ടുബുക്ക് തുറന്ന് ബേബിസാറിനെ ഓർത്തെഴുതി: ''വായിക്കാത്തവൻ ആത്മാവില്ലാത്ത ശരീരമാകുന്നു.'' അപ്പോഴുണ്ട് കൂട്ടമണിയടിക്കാൻ മണിക്കുട്ടൻ പോകുന്നു. സമരം വരുന്നു; സമരക്കാർ വരും മുമ്പ് കൂട്ടമണി. എല്ലാവർക്കും നേരത്തേ പോകാമല്ലോ. മണിക്കുട്ടൻ മണി അടിക്കുന്ന ചുറ്റികക്കമ്പുമായി ഓഫീസിലേക്ക് പോകുന്നതിനുപകരം എന്നെ തിരക്കി ക്ലാസിൽ വന്നു. കുട്ടികൾക്കെല്ലാം മണിക്കുട്ടനെ പ്രിയമാണ്. ഏറ്റവും അടുപ്പമുള്ളവർക്ക് വല്ലപ്പോഴും ചുറ്റികക്കമ്പെടുത്തു കൊടുത്തു മണി മുട്ടിപ്പിക്കാൻ സമ്മതിക്കും. മണിക്കുട്ടനെ പിടിച്ചുപറിച്ചു കുട്ടികൾ; മണികേട്ടിട്ടും പോകാതെ. മണിക്കുട്ടൻ എന്റെ പേരു വിളിച്ചു. ഓഫീസിലേക്ക് കൂടെച്ചെല്ലാൻ പറഞ്ഞു. ഹെഡ് ടീച്ചറുടെ കൈയിൽനിന്നും നല്ല പെരുക്കു കിട്ടാനായിരിക്കുമെന്ന് ഒരടക്കംപറച്ചിലുണ്ടായി.
മണിക്കുട്ടൻ മുണ്ട് മടക്കിക്കുത്തിയാണ് നടക്കുക. അധ്യാപകർ പക്ഷേ മുണ്ട് താഴ്ത്തിയിടും. റെയ്ച്ചൽ ടീച്ചറിനും മണിക്കുട്ടനെ പേടിയായിരിക്കും. ടീച്ചറിന് ചായ വാങ്ങിക്കൊണ്ടുവരുന്നതും, ഓട്ടോ വിളിച്ചുകൊടുക്കുന്നതുമൊക്കെ മണിക്കുട്ടനാണല്ലോ. അതായിരിക്കും മണിക്കുട്ടന്റെ ധൈര്യം. റെയ്ച്ചൽ ടീച്ചർ മൂന്നുതവണ എന്നെ തല്ലിയിട്ടുണ്ട്. ഒരിക്കൽ ടീച്ചറിന്റെ വെള്ളസാരിയിൽ ഞാനായിരിക്കും മഷി കുടഞ്ഞതെന്ന് വിചാരിച്ച്, മറ്റൊരിക്കൽ ഓടിവന്ന കെ.കെ. ബാബുവിനെ കാൽ കുറുകെവെച്ച് വീഴിച്ചതിന്, മറ്റൊരിക്കൽ തയ്യൽ ടീച്ചറിനോട് തറുതല പറഞ്ഞതിന്. ഇന്ന് നാലാമത്തേത് എന്തിനായിരിക്കും?
റെയ്ച്ചൽ ടീച്ചറിന്റെ മുറിക്കു തൊട്ടടുത്താണ് സ്റ്റാഫ് റൂം. മണിക്കുട്ടൻ മുണ്ടു മടക്കിക്കുത്തി അകത്തേക്ക് കയറി. ഞാൻ വരുന്നത് വരട്ടെ എന്നു വിചാരിച്ച് കാത്തുനിന്നു. അപ്പോഴുണ്ട് ബേബിസാർ!
–ഇങ്ങ് കേറിവാടെ...
ഞാൻ മടിച്ചു ചെന്നു. മറ്റധ്യാപകരാരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവരുടെ മക്കളെല്ലാം സ്റ്റാഫ് റൂമിൽ അധ്യാപകർ ഇരിക്കുന്ന അതേ കസേരയിൽ ഇരുന്ന് വെള്ളം കുടിക്കുന്നു. ഒരു കുട്ടിയുടെ ചുണ്ടിൽ പറ്റിയ ബിസ്കറ്റ് മറ്റൊരു ടീച്ചർ തുടച്ചുകൊടുക്കുന്നു. ചിണുങ്ങുന്ന ഒരു കുട്ടിയെ വേറൊരു ടീച്ചർ താലോലിക്കുന്നു.
ബേബിസാർ എന്റെ നേർക്ക് രണ്ട് പുസ്തകം നീട്ടി.
–കൊണ്ടുപോയി വായിച്ചാട്ടെ...
ഗ്രീക്ക് കഥകൾ, കാരൂർ കഥകൾ. ഗ്രീക്കുകഥകൾ തടിച്ച പുസ്തകമായിരുന്നു. ഞാൻ മാറോടു ചേർത്തുവെച്ചു.
–പുസ്തകം സൂക്ഷിച്ചോണേ.
ബേബിസാർ വിളിച്ചുപറഞ്ഞു.
എനിക്കു മാത്രമല്ല വേറെ കുട്ടികൾക്കും ബേബിസാർ പുസ്തകം കൊടുക്കാറുണ്ടെന്നു മണിക്കുട്ടൻ പറഞ്ഞു. ചില കുട്ടികൾക്ക് പ്രത്യേകം ട്യൂഷൻ കൊടുക്കും. മറ്റു ചിലർക്ക് ഉച്ചക്ക് ഭക്ഷണം വാങ്ങിക്കൊടുക്കും. മണിക്കുട്ടന് എന്നെ ഇഷ്ടമായി. ബേബിസാറിന് ഇഷ്ടമായവരെ മണിക്കുട്ടനും ഇഷ്ടമായിരിക്കും.
രണ്ടാംവട്ടം പുസ്തകം മാറാൻ വന്നപ്പോൾ ഗ്രീക്കുകഥകളിലൊരെണ്ണം കാണാതെ പറഞ്ഞു കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. തെറ്റാതെ പറഞ്ഞു. ഏഴ് ഇംഗ്ലീഷ് കഥകൾ, മലയാളത്തിലാക്കിയത് പുതുതായി തന്നു. കാരൂർ കഥകൾ തീർന്നോ എന്നു തിരക്കി. 'പൂവമ്പഴം' തീർത്തു. അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
''കാരൂരിനെ കഴിഞ്ഞേ വേറൊരാളുള്ളൂ''
ബേബിസാർ പറഞ്ഞു. മണിക്കുട്ടനും തലകുലുക്കി.
മറ്റധ്യാപകർക്കതിൽ താൽപര്യമില്ലെന്നു തോന്നി. പുറത്തേക്കിറങ്ങിയപ്പോൾ ബേബിസാർ പിന്നാലെ വിളിച്ചു. മണിക്കുട്ടൻ എന്നെ തോണ്ടി.
–നീ പറഞ്ഞാ കേക്കാത്തതെന്താ?
ഞാൻ വിഷമിച്ചു. ബേബിസാർ പറഞ്ഞാൽ ഞാൻ എന്തും കേൾക്കുമല്ലോ.
–നീ പിന്നാ വാസുദേവന്റെ കടയിൽ പോയില്ലല്ല്.
ഒന്നുകിൽ രാവിലെ, അല്ലെങ്കിൽ സ്കൂൾ വിടുമ്പം പോയി ആവശ്യംപോലെ കഴിച്ചോണം.
മണിക്കുട്ടൻ എന്നോടു രഹസ്യം പറഞ്ഞു. അതു ബേബിസാറിന്റെ പ്രകൃതമാ. മറ്റുള്ളവരെപ്പോലല്ല. അതിനു കാരണമുണ്ട്. ഭയങ്കര കാശുകാരനാ. സ്കൂളീന്നു കിട്ടുന്നതല്ല. പൈസ പലിശക്കു കൊടുക്കും. അതാ പ്രധാന വരുമാനം.
–പക്ഷേ കിട്ടുന്നതിൽ നല്ലപങ്ക് പാവങ്ങക്ക് കൊടുക്കും, ഏതു കുട്ടികളേം സഹായിക്കും. പട്ടിണി കിടക്കാൻ സമ്മതിക്കുകേല.
മണിക്കുട്ടന്റെ അറിവിൽ അറുന്നൂറു രൂപയെങ്കിലും പ്രതിമാസം പലിശയായി കിട്ടുന്നുണ്ട്. റെയ്ച്ചൽ ടീച്ചർ പ്രതിമാസം നൂറ്റി ഇരുപത് പലിശയായി കൊടുക്കുന്നു. മറ്റധ്യാപകർ കൊടുക്കുന്ന കണക്ക് മണിക്കുട്ടനറിയില്ല. മണിക്കുട്ടന്റെ കൈയിൽനിന്നും ബേബിസാർ പലിശ വാങ്ങുകയില്ല.
–കണക്കുനോക്കിയാൽ ഇപ്പോഴും ഞാൻ ഇരുന്നൂറ്റി എൺപത് കൊടുക്കാനൊണ്ട്.
മണിക്കുട്ടന് ജോലി സ്ഥിരമായിട്ടില്ല.
അതുകൊണ്ട് ബേബിസാർ പലിശ തള്ളിക്കൊടുത്തു.
മണിക്കുട്ടൻ എനിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു. ഞാൻ ബേബിസാറിന് പ്രിയങ്കരനായ വിദ്യാർഥിയാണെന്ന് എങ്ങനെയോ മണിക്കുട്ടൻ മനസ്സിലാക്കിയിട്ടുണ്ട്. ബേബിസാർ പിശുക്കനാ: ബീഡിയേ വലിക്കൂ; നല്ല ഷർട്ടും മുണ്ടും പോലും വാങ്ങിക്കുകയില്ലെന്നൊക്കെയാ ആക്ഷേപം. അതദ്ദേഹത്തിന്റെ കാര്യം. ആർക്കെങ്കിലും പ്രയോജനം വേണമെങ്കിൽ ബേബിസാർ കനിയണം. പന്ത്രണ്ട് കുട്ടികൾക്ക് ബേബിസാർ പ്രത്യേക ട്യൂഷൻ നൽകി പത്തിൽ ഫസ്റ്റ് ക്ലാസ് മേടിപ്പിച്ചു. ആര് ചെന്ന് അത്യാവശ്യം പറഞ്ഞാലും സഹായിക്കും.
–ഇേത്രം മനുഷ്യപ്പറ്റുള്ള വേറൊരു സാറും ഈ സ്കൂളിലില്ല. എന്നിട്ടോ കാശ് കൊടുക്കാനുള്ളവർ മാറിനിന്ന് ഏഷണിപറയും.
മണിക്കുട്ടന് ഒരു സൈക്കിൾ വാങ്ങാൻ ചോദിച്ച ഉടൻ നൂറ്റമ്പതുരൂപ ബേബിസാർ എടുത്തുകൊടുത്തു. ഒരു മാസം കഴിഞ്ഞ് മടക്കിക്കൊടുക്കാമെന്നറിയിച്ചപ്പോൾ നീ ഇതുവച്ചോ; നന്നാവുമ്പം ഓർമ വരികയാണേൽ തന്നാൽ മതിയെന്നു പറഞ്ഞേത്ര. മണിക്കുട്ടനെയും വായിക്കാൻ േപ്രരിപ്പിക്കാറുണ്ട്. കഴിഞ്ഞമാസം തകഴിയുടെ രണ്ടിടങ്ങഴി വായിക്കാനേൽപിച്ചു. തിരികെ കൊടുക്കാൻനേരം നോവലിന്റെ കഥ ചുരുക്കിപ്പറയാൻ ആവശ്യപ്പെട്ടു. ഒരുവിധം മണിക്കുട്ടൻ രക്ഷപ്പെട്ടു. എന്തിനധികം പറയണം. ഞാൻ വാസുദേവന്റെ കടയിൽ കയറാൻ തുടങ്ങി; രാവിലെ അവിടെവരെ തളർന്നു നടന്നുവരും. പുട്ടും മുട്ടയും അല്ലെങ്കിൽ കടലക്കറി. അതും കഴിഞ്ഞ് സ്കൂളിലേക്ക് നടക്കാൻ നല്ല ഉത്സാഹമാണ്.
ഒരുദിവസം സ്കൂൾ കഴിഞ്ഞാണു കഴിക്കാൻ കയറിയത്. പുട്ടും മൊട്ടയും തീർന്നു. മോദകവും ഏത്തയ്ക്കാപ്പവും കഴിച്ചുകൊണ്ടിരുന്നപ്പോൾ തൊട്ടപ്പുറത്ത് മൂന്നു കുട്ടികളിരുന്ന് അതിവേഗം അതുതന്നെ തീർക്കുന്നു. വാസുദേവൻ പാലുംവെള്ളം കൊണ്ടുവെച്ചിട്ട് ഉറക്കെ വിളിച്ചുപറഞ്ഞു.
–ദാ, ഈ നാലു പുള്ളാരും ബേബിസാറിന്റെ പറ്റാ. സാറു പിന്നെ ആരേം സഹായിക്കും.
പിറ്റേദിവസം രാവിലെ പത്രക്കാരൻ തങ്കച്ചൻ വീടിന്റെ തെക്കേ അതിരിൽ വന്നുനിന്നുറക്കെ വിളിച്ചു.
വീട്ടിനുള്ളിലേക്ക് നടന്നുവരണമെങ്കിൽ ഒരു തോട് ചാടിക്കടക്കണം. തോട്ടിലെ തെങ്ങിൻ തടിപ്പാലം ദ്രവിച്ചുപോയി.
അമ്മ ഇറങ്ങിച്ചെന്ന് കാര്യം തിരക്കി.
–ഇന്നുതൊട്ട് ഇവിടേം പത്രമിടുവാ.
തങ്കച്ചൻ അറിയിച്ചു.
അമ്മ ഭയന്നു.
–അയ്യോ വേണ്ട; ഇച്ചിരെ ബുദ്ധിമുട്ടിലാ.
തങ്കച്ചൻ പത്രം ചുരുട്ടി ഒരു റോക്കറ്റാക്കി എറിഞ്ഞു.
അത് തെങ്ങിൻചോട്ടിൽ വന്നുവീണു. പ്രധാനവാർത്തയിൽ ചളിപറ്റി.
–കാശ് ബേബിസാർ തന്നോളും.
അമ്മ അമ്പരന്നിരിപ്പായി.
ഇേത്രം വല്യ മനുഷ്യർക്ക് നമ്മളെപ്പോലുള്ളവരെ!
അതുതന്നെ ഞാനും ഓർത്തു.
ഒരിക്കൽ ഒരുമിച്ചു നടന്നപ്പോൾ ഗ്രീക്കുകഥകളിലൊന്ന് കാണാതെ പറയിപ്പിച്ചു. പഠിച്ചതു മറക്കാതിരിക്കാനുള്ള കുറുക്കുവഴികളും പറഞ്ഞു കേൾപ്പിച്ചു. പ്രയാസമുള്ള ഉത്തരങ്ങൾ മുഴുവൻ ഓരോ പ്രത്യേക നിറങ്ങൾ കൊണ്ടടയാളപ്പെടുത്തിവയ്ക്കണം. പിന്നീടത് മുഷിപ്പില്ലാതെ എടുത്തുനോക്കാൻ തോന്നും. വ്യാകരണം മുഴുവൻ ഞാൻ പല നിറങ്ങളിലാക്കി എഴുതിവെച്ചു; മാർക്കും കിട്ടി.
പിന്നൊരിക്കൽ വായനാദിനത്തിൽ പ്രസംഗമത്സരത്തിന് ബേബിസാർ തന്നെ പേരെഴുതി കൊടുത്തു. മണിക്കുട്ടന്റെ കൈയിൽ പ്രസംഗിക്കാനുള്ള കുറിപ്പും കൊടുത്തയച്ചു. ഏഴാം നമ്പറായി മത്സരത്തിന് പേർ വിളിച്ചു. ''സുഖദുഃഖങ്ങളിലെ പിരിയാത്ത സ്നേഹിതനാണ് പുസ്തകം...'' ഞാൻ അറിയാതെ പറഞ്ഞു. ബേബിസാർ പുറത്തുനിന്നു കേൾക്കുന്നുണ്ടായിരുന്നു. ദൂരെ എവിടെനിന്നോ ബീഡിപ്പുക മണം...
മത്സരത്തിൽ രണ്ടാം സമ്മാനം.
ബേബിസാർ തന്നെ പരിശീലിപ്പിച്ച ഒരു പെൺകുട്ടിക്കായിരുന്നു ഒന്നാം സമ്മാനം.
ഒരു പേനയും േട്രാഫിയും കിട്ടി.
അതു തുറന്നപ്പോൾ അമ്മ കണ്ണു തുടച്ചു.
ഇരുപത്തിയഞ്ച് ലോകകഥകളുമായി ഒരുദിവസം മണിക്കുട്ടൻ എന്നെ തിരക്കി ക്ലാസിൽ വന്നു. വേറെ എട്ടു കുട്ടികൾക്ക് ഇതേവിധം ബേബിസാർ കൊടുത്തയച്ച പുസ്തകങ്ങൾ നേരിൽ എത്തിച്ചശേഷമാണ് മണിക്കുട്ടൻ ഏഴ് ബിയിലും വന്നത്. വായിച്ചുതീർത്ത 'ഒരേയൊരു അലക്സാണ്ടർ' എന്ന പുസ്തകം ബേബിസാറിന്റെ കൈയിൽ തിരികെ ഏൽപിക്കാനുള്ളത് എന്റെ കൈയിൽ ഉണ്ടായിരുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ കഥ ഇനി കാണുമ്പോൾ ബേബിസാറിനെ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്.
–അതു സാരമില്ല; പുസ്തകം ഞാൻ കൊടുത്തോളാം. ബേബിസാറിനു ചെറിയൊരു തലകറക്കം. ഇപ്പം വിശ്രമിക്കുവാ; എഴുന്നേറ്റിരുന്നപ്പോൾ, മണിക്കുട്ടാ പുസ്തകം കൊടുത്തോടാ എന്നൊരു ചോദ്യം. പിന്നെ ഞാനവിടെ നിന്നില്ല.
മണിക്കുട്ടൻ അലക്സാണ്ടർ ചക്രവർത്തിയെ ഒന്നുനോക്കി. ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. എനിക്കെന്തായാലും ഇഷ്ടമായി. ഇഷ്ടമാകുന്നത് ഞാൻ ഒരു ബുക്കിൽ എഴുതിവയ്ക്കും. ഇപ്പോൾതന്നെ ''ആയിരം കുഞ്ഞാടുകളെ നയിച്ചുവരുന്ന ഒരു സിംഹത്തെ ഞാൻ ഭയക്കും. എന്നാൽ, ആയിരം സിംഹങ്ങളെ നയിച്ചുവരുന്ന ഒരു കുഞ്ഞാടിനെ ഞാൻ ഭയക്കില്ല'' എന്ന അലക്സാണ്ടർ ചക്രവർത്തിയുടെ വാചകം പലവക ബുക്കിൽ ഭംഗിയായി എഴുതിച്ചേർത്തിട്ടുണ്ട്. വായിച്ചതിൽനിന്ന് എന്തെങ്കിലുമൊക്കെ കുറിച്ചുവയ്ക്കാൻ ബേബിസാർ പറയും. മനഃപാഠമാക്കാനും പറയും. ''ആയിരം കുഞ്ഞാടുകൾ...'' എപ്പോൾ ചോദിച്ചാലും തയ്യാർ. പക്ഷേ കുറച്ചുദിവസത്തേക്ക് ബേബിസാറിനെ കണ്ടില്ല. ലോകകഥകളും തീരാറായി. അതിൽനിന്നും ചിലത് കുറിച്ചുവെച്ചു. പിന്നെ പത്രങ്ങളിൽ വരുന്നതിൽ ചിലത് വെട്ടി പശതേച്ച് പലവക ബുക്കിൽ ഒട്ടിച്ചുവെക്കും. ഇടക്ക് ആ ബുക്ക് ബേബിസാർ നോക്കി നന്നായെന്നു പറഞ്ഞു. പച്ചമഷികൊണ്ട് V.Good എന്നെഴുതി ഒപ്പുവെച്ചുതന്നത് കാണിച്ചപ്പോൾ അമ്മ കൊതിതീരാതെ എത്ര നേരമാണെന്നറിയാമോ നോക്കിയിരുന്നത്.
–ആ സാറൊണ്ടായോണ്ട് എന്റെ കൊച്ചിന് പട്ടിണിയില്ല...
അമ്മ പറഞ്ഞു.
അമ്മ പക്ഷേ ബേബിസാറിനെ കണ്ടിട്ടില്ല.
–കാണാൻ എങ്ങനാരിക്കും മോനേ?
ഒരുദിവസം അമ്മ ചോദിച്ചു.
–വഴീലെങ്ങാണംവച്ച് കണ്ടാൽ തിരിച്ചറിയാൻ വേണ്ടിയാ...
ബേബിസാറിനെ തിരിച്ചറിയാൻ എന്താ പ്രയാസം; മറ്റധ്യാപകർ ബസിലും ബേബിസാർ നടന്നും. വെറുതെ നടക്കുകയല്ല, ഒന്നുകിൽ കൂടെ കുട്ടികൾ അതുമല്ലെങ്കിൽ, വഴിപോക്കരിലാരെങ്കിലും; എല്ലാവരോടും വിശേഷം ചോദിച്ചും പറഞ്ഞും...
ഒറ്റക്കു നടന്നുപോകുന്ന ബേബിസാറിനെ ഇതേവരെ ആരും കണ്ടിട്ടേയില്ല. ചിലപ്പോൾ റബർതോട്ടത്തിലെ പാറക്കെട്ടിനടുത്തുനിന്ന് മരംവെട്ടുന്ന ഒരാളിന് നോട്ട് എണ്ണി കൊടുക്കുകയായിരിക്കും. മറ്റ് ചിലപ്പോൾ ഒരു കാളവണ്ടിക്കാരന്റെ കൈയിൽനിന്നും തീപ്പെട്ടി കടംവാങ്ങി കത്തിക്കുകയായിരിക്കും; വണ്ടിക്കാരന് പകരം ഒരു ബീഡി... അതുമല്ലെങ്കിൽ വാസുദേവന്റെ കടയിൽ കുല വിൽക്കാനെത്തിയ കൃഷിക്കാരനുമായി പൂവൻകുലയുടെ വില പറഞ്ഞ് തർക്കം, കായെണ്ണി നോക്കി മതിപ്പുവില കൂട്ടി ബേബിസാർ മധ്യസ്ഥനാകും. ഒരിക്കൽ കരിമ്പിൻപാടവും തോടും ചാടിക്കടക്കുമ്പോൾ മുതിർന്ന കുട്ടികൾ തള്ളിയിട്ടതിന്റെ മാനക്കേടിൽ കരയുന്ന ചെറിയ കുട്ടിക്കടുത്ത് തള്ളിയിട്ടവന്റെ കാതിൽ ഞെരടുന്ന രക്ഷകൻ... അപ്പോഴും കക്ഷത്തിൽ രണ്ടു പുസ്തകങ്ങളും പോക്കറ്റിൽ ഒരു ബീഡിക്കെട്ടും.
ഒരുദിവസം 'പാവങ്ങൾ' വായിച്ചിട്ട് തിരികെ കൊടുക്കാൻനേരം സാറിന്റെ കൈയിൽനിന്നും പുകയുന്ന കുറ്റിബീഡി തെറിച്ച് എന്റെ കാലിൽ വീണു. എനിക്ക് പൊള്ളിയില്ലെങ്കിലും സാറിനു പൊള്ളി.
ബേബിസാർ ഓർമിപ്പിച്ചു;
–എന്റെ ഈ ശീലം മാത്രം ഓർക്കരുത്. വലി നല്ലതല്ല; എനിക്കിതു മാറ്റാൻ പറ്റിയില്ല.
ചന്തയിൽ പോയി വന്ന അമ്മ പറഞ്ഞു:
–വാസുദേവന്റെ കടയ്ക്കുമുമ്പിൽ മഞ്ഞ ടെർളിൻ ഉടുപ്പിട്ട ഒരാൾ നിൽക്കുന്നതു കണ്ടു; ബേബിസാർ ആരിക്കുമോ?
ടെർളിൻ ഷർട്ടോ? ബേബിസാർ പിഞ്ചിയതുപോലെ തോന്നിപ്പിക്കുന്ന വെള്ള ഉടുപ്പേ ഇടുകയുള്ളൂ; പലേടത്തും ബീഡി തീ വീണ തുളകളും കാണാം. വാച്ച് കാണുകയില്ല. ചെരുപ്പും വല്ലപ്പോഴും; അതിവേഗം പോകുന്നവർക്ക് ചെരുപ്പെന്തിന്? മറ്റുള്ളവർ കൂടെയുള്ളപ്പോൾ വാച്ചും.
–അമ്മേ കയ്യിൽ പുസ്തകം പിടിച്ചിരുന്ന ആളാന്നോ? ചിരിക്കുന്ന മുഖമാന്നോ?
ഞാൻ തിരക്കി.
അമ്മ മുഖം ഓർക്കുന്നില്ല.
വാസുദേവനുമായി നിന്ന് വലിയവായിൽ സംസാരിക്കുന്നു ഒരാൾ.
–എന്നാ അതല്ല; ബേബിസാർ പതുക്കേ പറയൂ...
ഒരുദിവസം കുന്നു കയറുമ്പോൾ തീരെ പതുക്കെ പറഞ്ഞു:
– ''മോനെ, ആദ്യം പോകുന്നവർ ഒരിക്കൽ പിന്നാലാകും...''
കുന്നു കയറാനുണ്ടായിരുന്ന കെ.കെ. ബാബു അതു കേട്ടിട്ടും കേൾക്കാതെ നടന്നുപോകുന്നത് ബേബിസാർ ശ്രദ്ധിച്ചു. പിറ്റേന്ന് അവന് മണിക്കുട്ടൻ 'കേൾക്കാൻ കാതുള്ളവർ കേൾക്കട്ടെ' എന്നൊരു പുസ്തകം കൊണ്ടുകൊടുക്കുന്നത് കണ്ടു.
കുറെ ദിവസത്തേക്ക് ബേബിസാറിനെ കണ്ടില്ല. പതിവുപോലെ വാസുദേവന്റെ കടയിൽ പുട്ടുംതിന്ന് പാലുംവെള്ളവും കുടിച്ച് ഇറങ്ങാൻ നേരം ദാ, ബേബിസാർ മുന്നിൽ. മെല്ലെ മെല്ലെ നടക്കുന്നു. പിന്നാലെ വന്നവരെല്ലാം സാറിനെ മറികടന്നു പോയി. ചുമയ്ക്കുന്നുമുണ്ട്. ചുമ കൂടിയപ്പോൾ കത്തിച്ച ബീഡി ഒരു ദയയുമില്ലാതെ എറിഞ്ഞുകളഞ്ഞു.
–സാറെന്നാ ആശുപത്രീന്നെറങ്ങിയെ?
വാസുദേവൻ വിളിച്ചു ചോദിച്ചു.
–ഓ സാരമില്ലെടേ, ഇതൊക്കെ വരും പോവും.
ബേബിസാർ കടയിലേക്ക് കയറിയില്ല. പടി കയറണേൽ പിടിക്കണമായിരിക്കും. ഞാൻ കൂടെ നടന്നു. കാലൻകുട ഊന്നിയാണ് നടക്കുന്നത്. കുട ഉടുപ്പിനു പിന്നിലെ കോളറിൽ തൂക്കിയിടുകയായിരുന്നു പതിവ്. സാറിനെ അടുത്തു കണ്ടതും ഞാൻ അലക്സാണ്ടറുടെ ഉദ്ധരണി കാണാതെ പറഞ്ഞു കേൾപ്പിച്ചു.
''ആയിരം കുഞ്ഞാടുകളെ...''
കരിമ്പിൻ പാടത്തിനടുത്ത് വെള്ളം വറ്റിയ ഒരു കൽക്കെട്ടുണ്ട്. പതിവില്ലാതെ ബേബിസാർ അതിന്മേലിരുന്ന് കിതച്ചു. പുസ്തകം പിടിക്കണോ എന്നു തിരക്കിയപ്പോൾ വേണ്ടെന്നു തലയാട്ടി. ഞാനപ്പോൾ വായിച്ചവയൊക്കെ എഴുതി സൂക്ഷിച്ചിട്ടുള്ള പലവക ബുക്ക് നിവർത്തി കാണിച്ചുകൊടുത്തു. അദ്ദേഹത്തിനു കണ്ണു പിടിക്കുന്നില്ലെന്നു തോന്നി. ലോകകഥയിൽ ഞാൻ എഴുതിവെച്ചത് ബേബിസാർ കണ്ണിനോടടുപ്പിച്ച് വായിച്ചു: ''ഫോർ യുവർ ടുമാറോ വി ഗെവ് ഔർ ടുഡെ...'' സാറിനു തീർക്കാൻ പറ്റുന്നില്ല. കാഴ്ച മങ്ങിയതുകൊണ്ടായിരിക്കുമോ? ബേബിസാർ മുണ്ടിന്റെ കോന്തല ചുരുട്ടി കണ്ണു തുടച്ചുകൊണ്ട് എന്നെ തലോടി ചോദിച്ചു:
–മനസ്സിലായോ അർഥം?
ഒരു ബീഡികൂടി കത്തിക്കാൻ നോക്കുന്നുണ്ടായിരുന്നു. പിന്നെ എന്തോ ആലോചിച്ചിട്ട് പോക്കറ്റിൽനിന്നും ഒരു കെട്ടുബീഡി എടുത്ത് അവസാനമായി ഒന്നു തലോടിക്കൊണ്ട് ആ കൽക്കെട്ടിലേക്ക് ബേബിസാർ എറിഞ്ഞുകളഞ്ഞു. എനിക്ക് വിഷമം തോന്നി. മനഃപൂർവം എറിഞ്ഞുകളഞ്ഞതായിരിക്കുമോ? അതോ അബദ്ധത്തിൽ..?
ബേബിസാറിനൊപ്പം കരിമ്പിൻപാടം പിന്നിട്ടു. വഴിയിലാരുമില്ല. കുട്ടികളെല്ലാം എത്രയോ മുമ്പേ ചെന്നുകാണും. ഒരു മൈൽ ബാക്കി കിടക്കുന്നു; ഇനി ഒരു കുന്ന്; അതു കഴിഞ്ഞിറങ്ങി ചെന്നാൽ സ്കൂൾ മുറ്റമായി. ക്ലാസ് തുടങ്ങിക്കാണുമെന്നും അതുകൊണ്ട് വേഗം പൊെയ്ക്കാള്ളാനും ബേബിസാർ പറഞ്ഞു. സാർ, മെല്ലെ മെല്ലെ അങ്ങ് എത്തിക്കോളും. എനിക്ക് പോകാൻ മനസ്സുവന്നില്ല. പരുങ്ങി കൂടെ നടന്നു. അപ്പോൾ അദ്ദേഹം ഊന്നിയ കാലൻകുട ഉയർത്തിക്കൊണ്ട് വേഗം പൊയ്ക്കൊള്ളാൻ നിർബന്ധിച്ചു. സാർ പറഞ്ഞാൽ കുട്ടി കേൾക്കണം.
കുറെ ദൂരം ചെന്നിട്ട് കുന്നു കയറുംമുമ്പ് ഞാൻ തിരിഞ്ഞുനോക്കി; അപ്പോൾ ബേബിസാർ കാലൻകുട ഉയർത്തി വിളിച്ചുപറഞ്ഞു:
–കുന്ന് കയറി തീർന്നിട്ട് ഞാൻ വരുന്നുണ്ടോ എന്ന് ഒന്നു തിരിഞ്ഞു നോക്കിയേക്കണം...
സമ്മതിച്ചു. ഇടയ്ക്കൊക്കെ ബേബിസാർ കാണാതെതന്നെ ഞാൻ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. വേഗത്തിൽ കുന്നുകയറാൻ എനിക്കു തോന്നിയതേയില്ല. ഒടുവിൽ കുന്നിനു മുകളിൽ ചെന്നു; ഇനി ഇറക്കമാണ്. ബേബിസാർ ഒരു പൊട്ടുപോലെ താഴെ...
ഞാൻ കൈ ഉയർത്തി വീശിക്കാണിച്ചു.
അദ്ദേഹം കാണുന്നുണ്ടോ എന്തോ?
വെളുത്ത ഉടുപ്പ്; കറുത്ത കുട.
വെളുപ്പും കറുപ്പും ചേർന്ന ആ അടയാളം ബേബിസാർ തന്നെ ആയിരിക്കുമെന്ന് വിചാരിച്ച് ഒരിക്കൽകൂടി തിരികെ നോക്കിക്കൊണ്ട് ഞാൻ കുന്നിറങ്ങിപ്പോയി.
വീട്ടിൽ ചെന്ന ഉടൻ ബേബിസാറിനെ ഓർത്ത് എഴുതാൻ തുടങ്ങി: ആദ്യം പോകുന്നവർ ഒരിക്കൽ പിന്നിലാകും; എന്നാൽ അവർ ഒരിക്കലും മാഞ്ഞുപോകുകയില്ല.
ഞാൻ പിന്നീട് എത്രയോ എഴുതി; എന്നാലതൊന്നും ബേബിസാർ കണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.