പതിവിലും വൈകിയാണ് അച്യുതൻ അടിയോടി ഉറങ്ങി എഴുന്നേറ്റത്. ദിവസങ്ങളോളം ധാരമുറിയാതെ പെയ്ത മഴക്ക് ഇന്നെന്തോ ശമനം വന്നിരിക്കുന്നു. മൂടിക്കെട്ടിയ ആകാശം നന്നായി തെളിഞ്ഞിട്ടുണ്ട്. കിഴക്കൻ മലമടക്കുകളിൽനിന്ന് ഉദിച്ചുയർന്ന പ്രഭാതസൂര്യൻ ജനാലവഴി അകത്തേക്ക് കടന്ന് അച്യുതൻ അടിയോടിയെ മൃദുവായി തലോടി.
സുഖകരമായ ഉറക്കത്തിന്റെ ആലസ്യത്തിൽ അടിയോടി തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ, എഴുന്നേറ്റ് കിടക്കയിൽ കുറച്ചുസമയം കണ്ണടച്ചിരുന്ന് കുലദേവതമാരെയും ഭൂമിദേവിയെയും പ്രാർഥിച്ചു. കട്ടിലിൽനിന്ന് എഴുന്നേറ്റ് യോഗാസനമുറയിൽ ഒന്ന് വലിഞ്ഞുനിവർന്നു. അനന്തരം ചുമരിൽ മാലയിട്ട് തൂക്കിയ ഭാര്യ മാധവിയുടെ ഫോട്ടോക്കു മുന്നിൽ അടക്കിപ്പിടിച്ച സങ്കടത്തോടെ കണ്ണടച്ച് നിന്നു.
ഉറങ്ങി എഴുന്നേറ്റ ഉടൻ ഒരു കട്ടൻചായ ഉണ്ടാക്കി കഴിക്കുന്ന പതിവുശീലം ഇന്ന് എന്തുകൊണ്ടോ അടിയോടി തെറ്റിച്ചിരിക്കുന്നു. ചൂട് കട്ടൻചായ പ്രഭാതകർമങ്ങൾക്ക് ഉത്സാഹം കൂട്ടും എന്ന ചിന്ത മറന്നുപോയിരിക്കുന്നു. ദൂരെ, കിഴക്കൻ മലമടക്കുകളിൽനിന്ന് ഇടക്കിടെ തണുത്ത കാറ്റ് വീശുന്നുണ്ട്. പുറത്ത് രാത്രി ബാക്കിവെച്ച ഇരുട്ടിന്റെ നേർത്ത പടലവും മാഞ്ഞുപോയിക്കൊണ്ടിരുന്നു. മുറ്റത്തെ ചെടികളിൽ ചെറുകിളികൾ കൂട്ടത്തോടെ പറന്നിരുന്നു. റോഡിൽ ആളനക്കം വെച്ചുതുടങ്ങുന്നതേയുള്ളൂ. പാൽക്കാരും പത്രവിതരണക്കാരും മത്സ്യം കയറ്റിയ ഗുഡ്സ് ഓട്ടോറിക്ഷകളും ഹോണടിച്ചും മണിയടിച്ചും വിൽപന സാധനങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
പത്രവിതരണക്കാരൻ പയ്യൻ വലിച്ചെറിഞ്ഞ ദിനപത്രം ഇറയച്ചാലിൽ പാതി നനഞ്ഞും നനയാതെയും കിടപ്പുണ്ട്. കാശു കൊടുത്തുവാങ്ങുന്ന പത്രം തീരെ ബഹുമാനമില്ലാതെ വലിച്ചെറിയുന്ന അക്ഷരവിരോധിയായ ഈ പത്രവിതരണക്കാരൻ പയ്യനെ മുക്കാലിയിൽ കെട്ടി തല്ലണമെന്ന് അടിയോടിക്ക് തോന്നി. മാസാവസാനം കാശ് വാങ്ങാൻ പത്ര ഏജന്റ് വരട്ടെ അപ്പോൾ പറയാം ബാക്കി.
നനഞ്ഞ് ഒട്ടിയ പത്രമെടുത്ത് ഉമ്മറത്തിണ്ണയിൽ വിരിച്ചുവെച്ച്, പത്രക്കാരൻ പയ്യനോട് തോന്നിയ ഈർഷ്യ പിറുപിറുപ്പിൽ ഒതുക്കി. അഴിഞ്ഞുതാഴ്ന്ന ഉടുമുണ്ട് ശരിയാക്കി ഉടുത്തുകൊണ്ട് അടിയോടി പതിവിനു വിപരീതമായി ഉമ്മറത്തറയിലിരുന്ന് തൊടിക്കു പുറത്തെ അമ്പലറോഡിൽ നോക്കി ചിന്താവിഷ്ടനായി.
കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന പാടങ്ങളും ചെറുമീനുകൾ പുളയ്ക്കുന്ന തോടുകളും കരപ്പറമ്പിൽ തല ഉയർത്തിനിൽക്കുന്ന തെങ്ങുകൾ, കവുങ്ങുകൾ, റബർ, വാഴ എന്നുവേണ്ട പലജാതി കൃഷികളും വിളഞ്ഞുനിൽക്കുന്ന പാടത്തിനും പറമ്പിനുമിടയിൽ, ഒരു ജന്മത്തിന്റെ വേദന മുഴുവൻ നെഞ്ചിലേറ്റി വേനൽവർഷം സ്മരണപോലെ നെയ്യാറും ശാന്തമായൊഴുകി. വാസ്തവത്തിൽ ചെറുവാഞ്ചേരി ഗ്രാമത്തിന്റെ ഹരിതസമ്പന്നമായ സുപ്രഭാത കാഴ്ച ഒറ്റനോട്ടത്തിൽ ഒരു ജലച്ചായ ചിത്രംപോലെ അടിയോടിക്ക് അനുഭവപ്പെട്ടു.
ഇടക്ക് മഴ ശക്തിയായി വന്നും പോയുമിരുന്നു. കാലങ്ങളായി തന്നെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന അനാരോഗ്യത്തിന്റെ അസ്ക്യതയിൽ തനിക്ക് ഇനിയും കാര്യമായി എന്തോ തകരാറ് സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ അടിയോടിയെ അലട്ടിക്കൊണ്ടിരുന്നു. ഇതിൽ കൂടുതൽ ഇനി എന്തുസംഭവിക്കാൻ? പ്രായത്തിന്റെ തളർച്ചക്ക് ഒപ്പം ഇടക്കാലത്ത് കടന്നുവന്ന മറവിയും തന്റെ ജീവിതത്തെ ആകെ താറുമാറാക്കിയിരിക്കുന്നു. ഈ വിധം പലജാതി ചിന്തയുമായി അടിയോടി നെടുവീർപ്പിട്ടു.
കോവിഡ് പിടിപെട്ട് ചില്ലറയൊന്നുമല്ല അടിയോടി കഷ്ടപ്പെട്ടത്. പരിയാരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വാർഡിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ പതിനഞ്ച് ദിവസത്തോളം ശ്വാസംവലിച്ചു കിടന്നു. ഡോക്ടർമാരുടെ നിരന്തരമായ പരിശ്രമത്തിനൊടുവിൽ അസുഖം ഭേദമായി അടിയോടി വീട്ടിലേക്ക് മടങ്ങി. ഭാര്യ മാധവി അമ്പതുകൊല്ലത്തെ സഹവാസത്തിന് വിരാമമിട്ട് അടിയോടിയെ തനിച്ചാക്കി പോയി. ഓർമകൾ വന്ന് അലോസരപ്പെടുത്തവെ അടിയോടിക്ക് ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി.
സത്യം പറഞ്ഞാൽ തന്നിലൂടെ കടന്നുപോയ ദുരിതപൂർണമായ ദിനരാത്രങ്ങളെ കുറിച്ചോർത്ത് മര്യാദക്ക് ഒന്ന് ഉറങ്ങാൻപോലും കഴിയാതെ അടിയോടി ഇരുന്നും കിടന്നും നടന്നും സമയം തള്ളിനീക്കി. ഉറങ്ങാനായി കണ്ണടക്കുമ്പോഴൊക്കെ രോഗാവസ്ഥയിലുള്ള ഭാര്യ മാധവിയുടെ ദയനീയമായ മുഖം അടിയോടിയുടെ ഉള്ളിൽ ഒരു തേങ്ങലായി. അസ്വസ്ഥതയുടെ നൂലാമാലയിൽപെട്ട് അടിയോടി വല്ലാതെ വിയർത്തു.
ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ തുറന്ന ജാലകത്തിലൂടെ ഗ്രാമാതിർത്തിയിൽ ഒരു നിഴലായി നീലിച്ചുനിൽക്കുന്ന മലഞ്ചെരുവിലേക്കു നോക്കി. മലമടക്കുകളിൽ മേഘപാളികൾ പാൽനുര എന്നപോലെ തുളുമ്പിനിന്നു. ഏകാന്തതയുടെ മരവിപ്പിൽ ജീവിതമാകെ വല്ലാതൊരു അരക്ഷിതാവസ്ഥ പിടികൂടിയതായി അടിയോടി തിരിച്ചറിഞ്ഞു. മിക്ക രാത്രികളിലും ഉറക്കത്തിനായി പ്രാർഥിച്ചുകിടന്നു. ഉറക്കം കണ്ണിലേക്ക് ആവാഹിക്കവെ, ഇരുട്ടിന്റെ വലിയ ഗുഹയിൽനിന്ന് ആരൊക്കെയോ ഇറങ്ങിവന്ന് അടിയോടി ഇതുവരെ അനുവർത്തിച്ചുപോന്ന പെരുമാറ്റ വൈകല്യത്തിന്റെ നീണ്ട പട്ടികതന്നെ വായിച്ചുതുടങ്ങി.
നേരം നീങ്ങിക്കൊണ്ടിരുന്നു. ചാറ്റൽമഴയുടെ നനവിലും നനഞ്ഞ കാറ്റിന്റെ ഈർപ്പത്തിലും അടിയോടി ഒരു കരിങ്കൽ പ്രതിമപോലെ നോക്കിയിടത്തുതന്നെ നോക്കിയിരുന്നു. വയലിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന കൃഷിക്കാർ പനയോലകൊണ്ട് പ്രത്യേകരീതിയിൽ നിർമിച്ച തൊപ്പിക്കുടയും ചൂടി മഴയെ ലവലേശം കൂസാതെ ചേറിൽ തകൃതിയായി പണിയെടുത്തുകൊണ്ടിരുന്നു.
അടിയോടി വിചാരിച്ചു, പണ്ടൊക്കെ എന്നെ കണ്ടാൽ ഇവന്മാർ ഓച്ചാനിച്ചുനിൽക്കുമായിരുന്നു. ഇന്നോ, എന്തെങ്കിലും ഒന്ന് ചോദിക്കുകയോ പറയുകയോ ചെയ്താൽ മക്കാറാക്കിച്ചിരിക്കും, ഈ നശൂലങ്ങൾ.
കോവിഡ് ബാധ ഭേദമായിട്ട് ഇന്നേക്ക് പത്തിരുപത് ദിവസം കഴിഞ്ഞിരിക്കുന്നു. പ്രായം കൂടിയവർ അനാവശ്യമായി പുറത്തിറങ്ങരുത് എന്ന ആരോഗ്യപ്രവർത്തകരുടെ തീട്ടൂരം അനുസരിക്കുകതന്നെ. ബന്ധുബലമോ കുഞ്ഞുകുട്ടി പ്രാരബ്ധങ്ങളോ ഇല്ലാത്ത ഞങ്ങൾക്ക് ലോക്ഡൗൺ കാലത്ത് സമയാസമയം അരിയും പലവ്യഞ്ജനങ്ങളും കൊണ്ടുതന്നത് നേരെചൊവ്വെ കണ്ടിട്ട് പോലുമില്ലാത്ത ആരോ ഒരാൾ. ഇയാൾതന്നെയല്ലേ ഞങ്ങൾക്ക് കോവിഡും കൊണ്ടുതന്നത്? മാഞ്ഞുകൊണ്ടിരിക്കുന്ന ഓർമകളെ തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് അടിയോടി മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു.
ആകാശം സുന്ദരവും പ്രശാന്തവുമായിരുന്നു. മഴക്കാർ മാറിയ ആകാശം കണ്ടപ്പോൾ അടിയോടിക്ക് പുറത്തിറങ്ങി നടക്കാൻ ഉത്സാഹം തോന്നി. പാടം മുറിച്ച് രണ്ട് ചുവട് നടന്നാൽ കടവത്തെ ശ്രീനാരായണ വായനശാലയിലെത്താം. ഒന്ന് അവിടംവരെ പോയിവന്നാലോ? അടിയോടി വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചു. സിമന്റ് തറയിൽ ഏറെനേരം ഇരുന്നതുകൊണ്ടായിരിക്കാം നടുവിനൊരു പിടുത്തം. നേരിയ വേദനയുമുണ്ട്. ഒട്ടൊരു പരിശ്രമത്തിന്റെ ഫലമായി മെല്ലെ എഴുന്നേറ്റ് അയലിൽ ഉണങ്ങാനിട്ട രണ്ടാം മുണ്ടെടുത്ത് കുടഞ്ഞ് തോളിലിട്ട് ഇറയിൽ തിരുകിയ കാലൻകുടയൂന്നി ഒരു സ്വപ്നാടകനെപ്പോലെ ഗേറ്റ് തുറന്ന് റോഡ് മുറിച്ച് വയലിലേക്ക് ഇറങ്ങി.
വയലിനോട് ചേർന്ന റോഡോരങ്ങളിൽ വിദേശരീതിയിൽ പണിതുയർത്തിയ നിരവധി ബഹുനില കെട്ടിടങ്ങൾ കാണാം. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന തന്റെ ഗ്രാമത്തിന്റെ മുഖച്ഛായ കണ്ട്, തന്റെ അനുവാദമില്ലാതെ ആരിതുചെയ്തു എന്ന അരിശത്തിന്റെ സമ്മർദത്തിൽ അടിയോടി മുറുമുറുത്തു.
''ഫൂ. ദുബായ് പണംപോലും ദുബായ് പണം! ക്കേറിക്കേറി അമ്പലം വരെ എത്തിയിരിക്കുന്നു ഈ മൂരി ഇറച്ചി തിന്നുന്ന വർഗം'', അടിയോടി ഓക്കാനിച്ചു. ശേഷം നിരാശയിൽ കുതിർന്ന നെടുവീർപ്പോടെ പ്രാർഥിച്ചു: ''ഹെന്റെ പരദേവതമാരെ കാത്തോളണേ. ''
അതിരാവിലെതന്നെ അച്യുതൻ അടിയോടിയുടെ പന്തിയില്ലാത്ത വരവ് കണ്ട് പ്രഭാതസവാരിക്കിറങ്ങിയവർ അടിയോടിക്ക് ഇതെന്തുപറ്റി എന്ന അമ്പരപ്പിൽ മുഖത്തോടു മുഖം നോക്കി. വയലിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന കർഷകത്തൊഴിലാളികൾ വരമ്പിലൂടെ നടന്നുവരുന്ന അടിയോടിയെ കണ്ട് മൂക്കത്ത് വിരൽവെച്ചു.
കണ്ടത്തിൽ വരമ്പ് പിടിച്ചുകൊണ്ടിരിക്കുന്ന കറുത്തമ്പുവിനെ നോക്കി ഇഷ്ടമില്ലായ്മയോടെ അടിയോടി ചോദിച്ചു, ''എന്താഡോ മരത്താ നീ ഇതുവരെ എന്നെ കണ്ടിട്ടില്ലെ?'' അടിയോടിയുടെ ചോദ്യംകേട്ട് ചിരിയടക്കിപ്പിടിച്ചുകൊണ്ട് കറുത്തമ്പു പറഞ്ഞു: ''ഞാൻ മരത്തനല്ല തമ്പ്രാ അമ്പുവാ, കറുത്തമ്പു.'' മഴ നനഞ്ഞു കുതിർന്ന വരമ്പിൽ ശ്രദ്ധിച്ച് ചുവടുകൾ വെച്ചുകൊണ്ട് അടിയോടി പിറുപിറുത്തു, ''ങ്ഹാ അമ്പു കറുത്താലും കൊള്ളാം വെളുത്താലും കൊള്ളാം. ഇങ്ങനെയുണ്ടോ ഒരു നോട്ടം...''
സർക്കസുകാരന്റെ മെയ്വഴക്കത്തോടെ വരമ്പിലും ചളിയിലും ശ്രദ്ധയൂന്നി അടിയോടി വീണ്ടും നടന്നുകൊണ്ടിരുന്നു. കണ്ടത്തിൽ ഞാറ് നട്ടുകൊണ്ടിരിക്കുന്ന തങ്കമണിയും മീനാക്ഷിയും അടിയോടിയെ ഒളികണ്ണിട്ട് നോക്കി അടക്കാൻ കഴിയാതെ ചിരിച്ചു. തന്നെ കളിയാക്കുംപോലെ ചിരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളെ കണ്ട് അടിയോടി വിചാരിച്ചു, മാട് പോലെ വണ്ണംവച്ചിരി ക്കുന്നു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചെറുമികൾ. അടിയോടി വായിൽ അവശേഷിച്ച പല്ലുകൾ ഞെരിച്ചുകൊണ്ടിരുന്നു. ഇവറ്റകളോട് ചുട്ട മറുപടി പലതും പറയണമെന്നുണ്ടായിരുന്നു. പക്ഷേ, പറഞ്ഞില്ല. ഈ വിവരംകെട്ട സ്ത്രീകളോട് എന്ത് പറയാൻ. എന്തെങ്കിലും പറഞ്ഞാൽ പത്രക്കാരതേറ്റെടുക്കും. ഗ്രാമമുഖ്യൻ അച്യുതൻ അടിയോടി അതു പറഞ്ഞു ഇതു പറഞ്ഞു, വേണ്ട ചുറ്റും അസൂയക്കൂട്ടങ്ങളാണ്. തൊടര്പൊട്ടിച്ച് മുരണ്ടുനിൽക്കുന്ന മനസ്സിനെ അടിയോടി ശാസിച്ചു നിർത്തി.
വയൽപണിയിൽ കറുത്തമ്പുവിനെ സഹായിച്ചുകൊണ്ടിരിക്കുന്ന മകൻ മനോഹരനെ നോക്കി നെറ്റിചുളിച്ചുകൊണ്ട് അടിയോടി ചോദിച്ചു, ''ഏതാ ഈ ചെക്കൻ?''
''അടിയന്റെ മോനാ തമ്പ്രാ മനോഹരൻ.'' പത്താംതരത്തിൽ പഠിക്കുന്നു. ചോദിച്ചതിനും ചോദിക്കാത്തതിനും മറുപടി പറയുന്ന കറുത്തമ്പുവിന്റെ അഹമ്മതികേട്ട് അടിയോടി ഒന്ന് ഞെട്ടി. ഹെന്ത് മനോഹരനോ? പൊലയൻ അമ്പുവിന്റെ ചെക്കന് മനോഹരൻ എന്ന് പേര് വിളിച്ചിരിക്കുന്നു. അഹങ്കാരം. ചാളയിൽ കിടക്കുന്ന ചർവണങ്ങൾ! അടിയോടി പകയോടെ കാർക്കിച്ചുതുപ്പി. കാലം പോയ പോക്ക്. നടത്തം നിർത്തി തിരിഞ്ഞുനോക്കിക്കൊണ്ട് അടിയോടി കറുത്തമ്പുവിനോട് പറഞ്ഞു: ''എഡോ കറുത്തമ്പു, നിന്റെ ചെക്കന്റെ പേര് ഇനിമുതൽ മങ്കോരൻ എന്നു വിളിച്ചാൽ മതി. മങ്കോരൻ മനസ്സിലായല്ലൊ?'' രണ്ടടി നടന്ന് ആരോടെന്നില്ലാതെ അടിയോടി അരിശപ്പെട്ടു. ഫൂ കണ്ടാൽ കുളിക്കേണ്ട ജാതികൾ മറുപടിയൊന്നും പറയാതെ നടുവിന് കയ്യൂന്നി കറുത്തമ്പു നിർവികാരതയോടെ അടിയോടിയുടെ മുഖത്ത് നോക്കി. ഇരുട്ട് പിടിച്ച മനസ്സുമായി വരമ്പിൽനിന്ന് വരമ്പിലേക്ക് മാറിക്കയറവെ അടിയോടി വിചാരിച്ചു. ഈ ചെക്കന്റെ ചെവിയിലും വായിലും ഈയം ഉരുക്കി ഒഴിക്കണം.
അമ്പലത്തിൽ പാലുകൊടുത്തു മടങ്ങുന്ന കറവക്കാരൻ വിക്രമൻ അടിയോടിയോട് ചോദിച്ചു. ഹെന്തൊരു പോക്കാ അടിയോടി യെശമാ ഇത്? ഉന്നതകുലജാതനും ഗ്രാമമുഖ്യനുമായ തന്നോട് ചോദ്യം ചോദിക്കാൻമാത്രം ഈ യാദവ ചെറു ക്കൻ വളർന്നോ? തികട്ടിവന്ന അരിശം കടിച്ച്പിടിച്ച് അടിമുടി വിറച്ചുകൊണ്ട് അടിയോടി പറഞ്ഞു. ഹെന്ത് പോക്ക് നിനക്ക് കണ്ണ് കണ്ട് കൂടെ, വഴുക്കുന്ന വരമ്പാണ് ശ്രദ്ധിക്കേണ്ടെ? അതല്ല എശമാ പിന്നെ എന്ത് എന്ന അർഥത്തിൽ അടിയോടി വിക്രമന്റെ മുഖത്ത് അലോസരത്തോടെ നോക്കി.
''ഉടുമുണ്ടും കുപ്പായവുമില്ലാതെ വെറും കച്ചട്ടവും രണ്ടാം മുണ്ടുമായ് എങ്ങോട്ടാ ഈ പോക്കെന്ന്?''
ചെക്കന്റെ ഈ ചോദ്യത്തിനുമുന്നിൽ അടിയോടി തെല്ലൊന്ന് അമ്പരന്നു. പിന്നെ, ശരീരത്തിലേക്ക് സൂക്ഷിച്ചുനോക്കി. പറഞ്ഞത് നേരുതന്നെ. എന്റെ ഉടുമുണ്ടും കുപ്പായവും എവിടെ പോയി? നേരിയ ജാള്യതയോടെ അടിയോടി തന്റെ മറവിയെ പഴിച്ചുകൊണ്ട് തോളത്തിട്ട രണ്ടാം മുണ്ട് കുടഞ്ഞുടുത്ത് ശകുനം ശരിയല്ലെന്ന് പറഞ്ഞ് തിരിച്ചുനടന്നു. നടത്തത്തിനിടയിൽ അടിയോടി വിക്രമനോട് ചോദിച്ചു, ''നീ ആ കൂനൻ കേളുവിന്റെ മകൻ ഭരതൻ എസ്.ഐ അല്ലെ?'' അടിയോടിയുടെ മുഖഭാവം കണ്ട് മറുപടിയൊന്നും പറയാതെ വിക്രമൻ ചിരിച്ചു. തറവാടിയും ചെറുവാഞ്ചേരി ഗ്രാമമുഖ്യനുമായ തന്റെ ചോദ്യത്തിന് കൃത്യമായ് മറുപടി തരാതെ പരപുച്ഛത്തോടെ ചിരിക്കുന്ന ഈ പോലീസ് ചെറുക്കന്റെ കാലേ പിടിച്ച് ഊക്കോടെ നിലത്തടിക്കണമെന്ന് അടിയോടിക്ക് തോന്നി.
മൗനത്തിന്റെ നേരിയ വരമ്പിലൂടെ മുന്നിലും പിന്നിലുമായി ഇരുവരും നടന്നു. കരപറമ്പും പുഞ്ചപ്പാടവും റോഡും തോടും മുറിച്ചുനടക്കവെ അടിയോടി വിചാരിച്ചു. സ്വന്തം ഉടുമുണ്ട് മേത്തിന്ന് ഊരിപ്പോയിട്ടും താനത് അറിഞ്ഞില്ലല്ലൊ? കഷ്ടം, ദിനംപ്രതി മറവി തനിക്ക് തന്നുകൊണ്ടിരിക്കുന്ന പരിതാവസ്ഥയുടെ കാഠിന്യത്തെ കുറിച്ചോർത്ത് അടിയോടി വല്ലാതെ പരവശനായി.
സ്വന്തം വീടിന്റെ ഗെയ്റ്റ് കടന്ന് അടിയോടി വിക്രമനെ തിരിഞ്ഞുനോക്കി. വിക്രമൻ കൈവീശി കാണിച്ചുകൊണ്ട് പറഞ്ഞു: ''ന്നാ ഞാനങ്ങോട്ട്.''
തന്നെ പിന്തുടർന്ന് പരിഹസിച്ചുകൊണ്ടിരിക്കുന്ന ഭരതൻ എസ്.ഐയെ ഒരു പാഠം പഠിപ്പിക്കണം. ഒരണപോലും നികുതി അടക്കാതെ തന്റെ ഓശാരത്തിന് കഴിയുന്ന ഈ ഏഭ്യനെക്കുറിച്ച് മേലധികാരികൾക്ക് കടുത്ത ഒരു പരാതി എഴുതുവാൻ തന്നെ അടിയോടി തീരുമാനിച്ചു. ഇത്തരം ഏങ്കോണിപ്പുള്ള ചിന്തയുമായ് നാട് വലംവെച്ച് തളർന്ന അടിയോടി കോലായിൽ തന്റെ സ്ഥിരം സീറ്റിൽ ആശ്വാസത്തോടെ ഇരുന്നു. ഇത്തിരി ചൂടുവെള്ളം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. കിതപ്പാറ്റിയും വിയർപ്പ് ഒപ്പിയും വാതിൽ തുറന്നുകിടക്കുന്ന വീടിന്റെ ഇരുളുറഞ്ഞ അകത്തളത്തിലേക്ക് നോക്കി വിളിച്ചുപറഞ്ഞു. മാധവി ഏ, മാധവീ, നീ ഇത്തിരി കുടിക്കാനിങ്ങെടുത്തേ. അടിയോടി പലകുറി ഭാര്യ മാധവിയെ വിളിച്ചുകൊണ്ടിരുന്നു. വിശപ്പും ദാഹവും കലർന്ന പാരവശ്യത്തിന്റെ കാഠിന്യത്തിൽ ഒരു ദീനവിലാപം എന്നപോലെ ഭാര്യ മാധവിയെ അടിയോടി തുടരെ വിളിച്ചുകൊണ്ടിരുന്നു.
പ്രശ്നസങ്കീർണവും പരിതാപകരവുമായി അടിയോടിയുടെ ദിവസങ്ങൾ കടന്നുപോയി. ചിലനേരം ശൂന്യതയിൽ നോക്കി ഭാര്യയോടെന്നപോലെ കുശലം പറഞ്ഞു ചിരിച്ചു. ഇടക്ക് ശാസിച്ചും പലതരം ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കും ശേഷം അടിയാള കൂട്ടവും മേലാളന്മാരും എന്ന വിഷയത്തെ ഉദ്ധരിച്ച് ഗഹനമായൊരു പ്രഭാഷണംതന്നെ നടത്തി. പ്രഭാഷണശേഷം തനിക്ക് മുന്നിൽ വലിയൊരു സദസ്സ് ഉണ്ടെന്ന തോന്നലിൽ അടിയോടി തലതാഴ്ത്തി തൊഴുതുനിന്നു.
ഇത്തരം അത്തും പിത്തും നിറഞ്ഞ ഒരു രാത്രി ജാലകത്തിനടുത്തിരുന്ന് അടിയോടി ആകാശത്തേക്ക് നോക്കി. ആകാശം നിറഞ്ഞുനിന്ന പൂർണചന്ദ്രൻ കൈവീശി കാണിച്ചുകൊണ്ട് സുഖം തന്നെയല്ലെ അടിയോടി? എന്ന് ചോദിച്ചു. അക്കാലത്തുള്ള സുഖം ഇക്കാലത്ത് എവിടെ എന്ന് പറഞ്ഞുകൊണ്ട് നിരാശയോടെ അടിയോടി കൈമലർത്തി. സങ്കടം സഹിക്കവയ്യാതെ നിറകണ്ണുമായി പൂർണചന്ദ്രൻ പറഞ്ഞു: ഭൂമിയിലെ കണ്ണിനെ പൊള്ളിക്കുന്ന കാഴ്ച കണ്ട് എനിക്ക് ആകാശത്ത് ജീവിക്കാൻ പറ്റാതായിരിക്കുന്നു. അനേക വർഷങ്ങളായി ഞാൻ സമാധാനമായൊന്ന് ഉറങ്ങിയിട്ട്. ഉഷ്ണപ്രവാഹത്തിൽ കരിഞ്ഞുകൊണ്ടിരിക്കുന്ന എനിക്കിന്ന് സുഖമായൊന്ന് ഉറങ്ങണം. അടിയോടീ, താങ്കൾ എന്റെ മനസ്സിന് സമാധാനം തരുന്നൊരു പാട്ട് പാട്, ഞാനൊന്ന് ഉറങ്ങട്ടെ.
നിമിഷനേരത്തെ ആലോചനക്കുശേഷം മുരടനക്കി കണ്ഠശുദ്ധി വരുത്തിക്കൊണ്ട് അടിയോടി ഗാനഗന്ധർവന്റെ പാട്ട് പാടി. രാഗവിസ്താരത്തിന്റെ ഗരിമയിൽ അടിയോടി കരഞ്ഞുകൊണ്ടു പാടി. അടിയോടിയുടെ രാഗവിസ്താരവും ഭാവാഭിനയവും കണ്ടും കേട്ടും നെഞ്ചെരിഞ്ഞ പൂർണചന്ദ്രൻ സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരഞ്ഞു. പുറത്ത് ചാറ്റൽമഴ പെയ്തുകൊണ്ടിരുന്നു.
ഗ്രാമവാസികൾ പല വലുപ്പത്തിലും വർണത്തിലുമുള്ള കോവിഡ് മാസ്ക് ധരിച്ച്, ഏതോ അജ്ഞാത ഗ്രഹത്തിൽനിന്ന് ഇറങ്ങിവന്ന ഗ്രഹജീവികളെപ്പോലെ, മറ്റുള്ളവരിൽനിന്ന് കൃത്യമായ അകലംപാലിച്ച് നടന്നുകൊണ്ടിരുന്നു. വായയും മൂക്കും മറച്ച് ഭയപ്പാടോടെ മാത്രം നടന്നുപോകുന്ന ഗ്രാമീണരെ കണ്ട് അടിയോടി നിലവിളിച്ചു. ''രക്ഷിക്കണേ രക്ഷിക്കണേ... ശീമക്കാരും വേദക്കാരും കമ്യൂണിസ്റ്റ് പരിഷകളും എന്നെ തല്ലാനും കൊല്ലാനും വരുന്നേ!''
നിലവിളിക്കൊടുവിൽ പ്രാണരക്ഷാർഥം അടിയോടി അതിസാഹസികമായി മച്ചിൻമുകളിൽ കയറി വാതിലടച്ചു. ഇരുളുനിറഞ്ഞ മേൽമുറിയിൽനിന്ന് പ്രാചീനമായൊരു ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. അസഹ്യമായ ദുർഗന്ധം സഹിച്ച്, എന്തോ തീരുമാനിച്ചുറച്ചതുപോലെ അടിയോടി കണ്ണിൽ കണ്ടതൊക്കെ വാരിവലിച്ചിട്ടു പരതി. ഇരുട്ട് വലിയൊരു കൊമ്പനെപ്പോലെ അടിയോടിക്ക് മുമ്പിൽ വെലങ്ങിനിന്നു. അടഞ്ഞുകിടന്ന മുറികൾ ഓരോന്നായി തുറക്കവെ ഇരുട്ടിന്റെ മടിയിൽനിന്ന് ആരുടെയൊക്കെയോ നിലവിളിയും പിറുപിറുപ്പും അടിയോടിയുടെ കാതിൽ വീണുപിടഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ളതും ദശാസന്ധി പലവട്ടം കടന്നുപോയതുമായ ഈ വലിയ വീടിന്റെ മേൽമുറിയിൽ ചുമരോട് ചേർന്ന് വലിയൊരു മരപ്പെട്ടി കാണാമായിരുന്നു. ചിരപുരാതനമായ ആ പത്തായപ്പെട്ടി ഒരു ഈജിപ്ഷ്യൻ പിരമിഡ്പോലെ അടിയോടിക്ക് മുന്നിൽ മുഴച്ചുനിന്നു. കാലപ്പഴക്കത്തിന്റെ ക്ലാവ് പിടിച്ചതും തുരുമ്പെടുത്തതുമായ ഈ പെട്ടിയുടെ മൂടി വളരെ നേരത്തെ പരിശ്രമത്തിനൊടുവിൽ, കൊല്ലുന്ന ശബ്ദഘോഷത്തോടെ മലർക്കെ തുറന്നു. മച്ചിൽ തലകീഴായ് തപസ്സുചെയ്യുന്ന വവ്വാലുകൾ വികൃതശബ്ദം പുറപ്പെടുവിച്ച് തലങ്ങും വിലങ്ങും പറന്നു. മുറിയിൽ നിറഞ്ഞുനിന്ന പൊടിപടലങ്ങളിൽപെട്ട് അടിയോടി തുമ്മിക്കൊണ്ടിരുന്നു. പൊടിപടലങ്ങൾക്കിടയിൽനിന്ന് ആരൊക്കെയോ തനിക്ക് നേരെ നടന്നടുക്കുന്നതായി അടിയോടിക്ക് തോന്നി.
മറവിയും ഉന്മാദവും കെട്ടുപിണഞ്ഞുനിൽക്കുന്ന ചിന്തയുമായി അടിയോടി ആരോടെന്നില്ലാതെ ഗർജിച്ചു. ''ഇല്ല, തരില്ല സൂചികുത്താനുള്ള ഒരു തുണ്ട് ഭൂമിപോലും ഞാൻ തരില്ല. ഈ കാണുന്ന ഭൂമി മുഴുവൻ എന്റേതാണ്. എന്റേതുമാത്രം.'' അടിയോടി കിതച്ചുകൊണ്ടിരുന്നു.
സമയം പാതിരയോട് അടുത്തിരുന്നു. വീട് കൊടിതോരണത്താലും ദിവ്യപ്രഭയാലും അലങ്കരിച്ചിരിക്കുന്നതായി അടിയോടിക്ക് തോന്നി. കണ്ട് പരിചയമുണ്ടായിരുന്നവരും അല്ലാത്തവരുമായ കുറേ പേർ ഓടിനടന്ന് ഓരോരോ കാര്യങ്ങൾ യഥാവിധി ചെയ്തുകൊണ്ടിരുന്നു. തൊടിയിൽ വടക്ക് കിഴക്കേ മൂലയിൽ തൽക്കാലം കെട്ടി ഉയർത്തിയ ദേഹണ്ണപ്പുരയിൽ ബ്രാഹ്മണർ സർവാണിസദ്യ ഒരുക്കുന്നുണ്ട്. സദ്യയുടെ കൊതിപ്പിക്കുന്ന മണം അടിയോടിയെ വലംെവച്ചു കടന്നുപോയി.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ തായമ്പകയുടെ പെരുക്കത്തിനനുസരിച്ച് ചെവിയാട്ടിക്കൊണ്ടിരുന്നു. ആരതി ഉഴിയാൻ കാത്തുനിൽക്കുന്ന അമ്മമാരും താലപ്പൊലിയേന്തിയ കന്യകമാരും അക്ഷമയോടെ അടിയോടിയെ കാത്തിരുന്നു. മുറ്റത്തും പൂമുഖത്തുമായി, അച്ഛനും അമ്മയും ഭാര്യ മാധവിയും മറ്റ് ബന്ധുമിത്രാദികളും ഗോവണി ഇറങ്ങിവരുന്ന അടിയോടിയെ നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ചു. ധീരനായ അടിയോടിയെ ഒരുനോക്കു കാണാൻ ഇഷ്ടക്കാരും ചാർച്ചക്കാരും തിക്കും തിരക്കും കൂട്ടി. വിജയശ്രീലാളിതനായ അടിയോടിക്ക് സന്തോഷംകൊണ്ട് ഭ്രാന്ത് പിടിച്ചപോലെ തോന്നി. നിമിഷനേരത്തെ ആലോചനക്കുശേഷം മുഖം ഒരുവശം കോട്ടി അടിയോടി ആകാശം നോക്കി കൊക്കി കൊക്കി ചിരിച്ചു. പിന്നെ, ഒരു വെളിപാട് എന്നപോലെ കൂടിനിന്നവരെ വകഞ്ഞുമാറ്റി, നഷ്ടപ്രതാപം ഇതാ താൻ തിരിച്ചുപിടിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ഉമ്മറച്ചുമരിൽ തൂക്കിയ 2021ലെ മാതൃഭൂമി കലണ്ടറിനു മുകളിൽ നേരത്തേ ൈകയിൽ കരുതിയ 1921ലെ കാലഗണനപഞ്ചാംഗം തൂക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.