ഒന്ന്
ഒരിക്കല്‍കൂടെ ഉളിയാടുംകുന്നിലേക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ചായക്കട കാരണമായിരുന്നു അത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ കുമാരേട്ടന്റെ ചായക്കട...വാഴയിലയില്‍ വാട്ടിയെടുത്ത പത്തിരിയും പുഴുക്കും കൂട്ടിന് മീന്‍ വറുത്തതും...ഹാ...ഇതുപോലൊന്ന് എന്റെ ജന്മത്തില് കഴിച്ചിട്ടില്ല...എന്തൊരു ടേസ്റ്റാണിതിന്...വ്ലോഗര്‍ ചുണ്ടും കണ്ണും മുറുക്കിപ്പറയുമ്പോള് ആര്‍ക്കാണ് അവിടംവരെ പോകാന്‍ തോന്നാത്തത്..?
പത്തുപതിനഞ്ചു കൊല്ലം മുമ്പായിരിക്കണം ഞാന്‍ അവിടെ പോയത്. കടുത്ത വേനലിലായിരുന്നു അത്. പുറമേക്ക് അധികമാരും അറിയാന്‍ വഴിയില്ലാത്ത ഒരു നാട്. മൂന്നോ നാലോ കിലോമീറ്റര്‍ ദൂരത്തിനിപ്പുറം വരെയേ ബസ്സുണ്ടായിരുന്നുള്ളൂ. അവിടം മുതല്‍ നടക്കുകയായിരുന്നു. വീതികുറഞ്ഞ നടപ്പാത. പാതക്കിരുവശവും ഇലപൊഴിഞ്ഞ് അസ്ഥികൂടമായ മരങ്ങളായിരുന്നു. വരണ്ട കാറ്റ്, പൊടി പറക്കുന്ന അന്തരീക്ഷം. വിജനത. വഴിചോദിക്കാന്‍ പറ്റിയ ആരെയും കണ്ടില്ല. ഒരൂഹംെവച്ച് അങ്ങനെ മുന്നോട്ട് നീങ്ങുകയായിരുന്നു. കൈയില്‍ വെള്ളം കരുതിയത് നന്നായി. അല്ലായിരുന്നെങ്കില്‍ എവിടെയെങ്കിലും കുഴഞ്ഞുവീണേനെയെന്ന് ഞാനോര്‍ത്തു.
കീഴ് ക്കാം തൂക്കായ മലഞ്ചെരിവിലാണ് അങ്ങനെയൊരു ഗ്രാമം സ്ഥിതിചെയ്യുന്നതെന്ന് എന്തുകൊണ്ടോ ഞാന്‍ ഭാവനചെയ്തിരുന്നു. കുറച്ചുമുമ്പ് വായിച്ചൊരു നോവലില്‍ അത്തരമൊരു ഇടമുണ്ടായിരുന്നു. എന്നാല്‍, ഭാവനക്കു വിരുദ്ധമായിരുന്നു കാര്യങ്ങള്‍. ചുറ്റുപാടും മലനിരകള്‍ ഉണ്ടെന്നുള്ളത് നേരായിരുന്നു. രണ്ടോ മൂന്നോ കടകളും. ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങളും.
ഉളിയാടുംകുന്നിലെത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വെയിലുണ്ടായിരുന്നില്ല. നേര്‍ത്ത തണുപ്പുള്ള അന്തരീക്ഷമായിരുന്നു അവിടെ. ശരീരത്തിലെ വിയര്‍പ്പെല്ലാം പൊടുന്നനെ വറ്റി.
അപരിചിതനായതുകൊണ്ടാവണം ആളുകളുടെ കണ്ണുകളത്രയും എനിക്കു നേരെ പാഞ്ഞുവന്നു. ഞാന്‍ ആവുന്നത്ര ഭംഗിയില്‍ അവരോട് ചിരിക്കാന്‍ ശ്രമിച്ചു. അതിന്റെ അനുരണനമെന്നോണം തടിച്ചുകുറുകിയ ഒരാള്‍ എനിക്കരികിലേക്ക് വന്നു.
''ഭക്ഷണം കഴിച്ചോ? മുഖത്ത് നല്ല ക്ഷീണമുണ്ടല്ലോ..?''
ചിരപരിചിതനായ ഒരാളോടെന്നപോലെയാണ് അയാള്‍ പെരുമാറിയത്. എനിക്കപ്പോള്‍ അയാളോട് ചെറിയൊരു അടുപ്പം തോന്നി. ൈകയില്‍ പിടിച്ച് അയാളെന്നെ അടുത്തു കണ്ട ഒരു ചായക്കടയിലേക്ക് നയിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ ഞാന്‍ മടിച്ചില്ല.
മണ്ചുവരിനു മീതെ പനയോല മേഞ്ഞ ചെറിയൊരു എടുപ്പായിരുന്നു അത്. ചുവരിന്റെ വിടവുകളില്‍നിന്ന് ചെറിയ ചെടികള്‍ പുറത്തേക്ക് തല നീട്ടിയിരുന്നു. കടയുടെ ഉള്ളിലേക്ക് കയറിയപ്പോള്‍ മൂക്കില്‍ പുകമണം നിറഞ്ഞു. പഴയൊരു റേഡിയോ ഉച്ചത്തില്‍ തുറന്നുെവച്ചിരുന്നു. ഏതോ സിനിമാഗാനമായിരുന്നു അത്.
വേട്ടുവളിയന്മാര് മത്സരിച്ച് തുളയിട്ട ഏതാനും ബെഞ്ചുകളും മേശയുമായിരുന്നു അവിടെയുണ്ടായിരുന്നത്. സാമാന്യം വൃത്തിയുള്ള ഇടംനോക്കി ഞങ്ങള്‍ മുഖാമുഖം ഇരുന്നു.
''പൊതുവെ, ഇവിടേക്ക് പുറമേ നിന്നങ്ങനെ ആരും വരാറില്ല...'' ചുണ്ടില്‍ നേര്‍ത്ത ചിരിയുമായി അയാള്‍ പറഞ്ഞു.
''എനിക്ക് കുറച്ചൊക്കെ ഊഹിക്കാന്‍ കഴിഞ്ഞു...അതിര്‍ത്തിയില്‍ പക്ഷേ, ആരും എന്നെ തടഞ്ഞില്ല...'' അയാള്‍ അതിനു മറുപടി പറഞ്ഞില്ല.
''കഴിക്കാന്‍ എന്തു വേണം?'' കൈയില്ലാത്ത ബനിയനുള്ളില്‍ മെലിഞ്ഞ ശരീരം തിരുകിയ ഒരാളായിരുന്നു ചായക്കടക്കാരന്.
''അതിപ്പൊ പ്രത്യേകിച്ച് പറയണമെന്നില്ലല്ലോ. ഒറ്റ വാക്കില്‍ പൂരിപ്പിക്കാനുള്ളതല്ലേ ഇവിടെ ഉണ്ടാവൂ...'' എനിക്ക് മുന്നിലിരിക്കുന്ന ആളാണ് കടക്കാരനോട് മറുപടി പറഞ്ഞത്.
''എന്നാലും ഒന്നു ചോദിക്കുന്നതല്ലേ അതിന്റെ മര്യാദ...'' ചായക്കടക്കാരന് ചിരിച്ചു.
അല്പസമയത്തിനകം വാഴയിലയില്‍ ആവി പാറുന്ന കപ്പയെത്തി. കുഴിഞ്ഞ പിഞ്ഞാണത്തിലായിരുന്നു മീന്‍കറി വിളമ്പിയത്. അതിന്റെ മണം തട്ടിയ പാടെ എന്റെ ഉള്ളിലെ വിശന്നുവലഞ്ഞ മൃഗം സടകുടഞ്ഞെഴുന്നേറ്റു. മുന്നിലൊരാളുണ്ടെന്ന വിചാരമില്ലാതെ ഞാന്‍ ആര്‍ത്തിയോടെ അതെല്ലാം അകത്താക്കി.
''ഇവിടത്തെ കുളത്തില്‍നിന്നു തന്നെ പിടിക്കുന്ന മീനാണ്...'' മുന്നിലിരിക്കുന്ന ആളുടെ ശബ്ദം വീണ്ടും ഉയര്‍ന്നപ്പോഴാണ് ഞാന്‍ തലപൊക്കിയത്. അല്പം ജാള്യത്തോടെ ഞാന്‍ ചിരിച്ചു.
''ഓ...''
''താഴെ വയലില്‍ വലിയൊരു കുളമുണ്ട്...അതില്‍ മത്സ്യങ്ങളെ ശാസ്ത്രീയമായിത്തന്നെ വളര്‍ത്തുന്നുണ്ട്.''
''ഓഹോ.''
''പിന്നെ ഞാനെന്റെ പേരുപറഞ്ഞില്ലല്ലോ...ഞാന്‍ ക്ലീറ്റസ്...'' അയാള്‍ സ്വയം പരിചയപ്പെടുത്തി. അപ്പോള്‍ ഞാന്‍ വന്ന കാര്യം അയാള്‍ക്കു മുന്നില്‍ വിശദമായി അവതരിപ്പിച്ചു.
''അവരെ നിങ്ങള്‍ക്ക് പരിചയമുണ്ടോ?'' എല്ലാം ചെവിതുറന്നു കേട്ടതിനുശേഷം ക്ലീറ്റസ് പതുങ്ങിയ സ്വരത്തില്‍ ചോദിക്കുകയുണ്ടായി.
''ഇല്ല. അത് ഞങ്ങളുടെ തൊഴിലിന്റെ ഭാഗമല്ലേ... വ്യത്യസ്തമായി ജീവിക്കുന്നവരെയും അജ്ഞാത ഭൂഖണ്ഡങ്ങളെയും ഞങ്ങള്‍ ലക്ഷ്യമാക്കും...''
ഞങ്ങള്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. കഴുകിത്തുടച്ച് കൈ പോക്കറ്റിലിട്ടപ്പോള്‍ കടക്കാരന് അത് വേണ്ടെന്നു പറഞ്ഞു.
''നിങ്ങള്‍ ഇവിടത്തെ അതിഥിയല്ലേ...''
''അത്രയും ഔദാര്യം വേണോ?'' അതിന് ചായക്കടക്കാരന് ചിരിക്കുക മാത്രം ചെയ്തു. ക്ലീറ്റസ് തലകുലുക്കിയതിനെ തുടര്‍ന്ന് ഞാന്‍ അവിടെ നിന്നിറങ്ങി നടന്നു.
രണ്ട്
''ദൈവനാമം പതിച്ച കടലാസും പലകകളും വില്‍ക്കാനായി വൃദ്ധനായ ഒരാള്‍ ഞങ്ങളുടെ നാട്ടില്‍ വരാറുണ്ടായിരുന്നു. അയാളില്‍നിന്നാണ് ഇങ്ങനെയൊരു നാടിനെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്...''
''മിക്കവാറും അത് അവറാനിക്കയായിരിക്കും...''
''ഹാജ്യാരേ എന്നാണ് ഞാന്‍ വിളിക്കാറുള്ളത്...''
''നാടുചുറ്റലാണ് മൂപ്പരുടെ വിനോദം...ഇതിന്റെയൊക്കെ വില്പനയിലൂടെയാണ് മൂപ്പര് ചെലവിനുള്ള വക കണ്ടെത്തുന്നത്.''
''ഹാജ്യാരാണ് ഇങ്ങനെയൊരു സൗഹൃദത്തിന്റെ കഥ എന്നോട് പറഞ്ഞത്...''
പൂക്കളും തളിരിലകളുമെല്ലാമുള്ള ഒരിടത്തേക്കാണ് ക്ലീറ്റസ് എന്നെ കൊണ്ടുപോയത്. തികച്ചും ശാന്തമായ ഒരന്തരീക്ഷമായിരുന്നു അവിടെ. പൂക്കള്‍ക്കു മീതെ ശലഭങ്ങള്‍ ചിറകടിച്ചു. കിളികള്‍ വല്ലപ്പോഴും ശബ്ദിച്ചു. ഉദ്യാനത്തിനു നടുവിലെന്നപോലെ ഒരു കെട്ടിടം...
''ഇതാണ് നിങ്ങള്‍ പറഞ്ഞ സ്ഥലം... നിങ്ങള്‍ അന്വേഷിച്ചു വന്ന ആളുകള്‍ ഇവിടെയാണുള്ളത്...''
തണുത്ത കാറ്റ് ശരീരത്തിലൂടെ മേഞ്ഞു. ഇത്ര മനോഹരമായ ഒരിടം ഇതുവരെ എന്റെ ശ്രദ്ധയില്‍പെട്ടിരുന്നില്ല.
''ഉസ്താദിന്റെ വല്യുപ്പാപ്പ നിര്‍മിച്ചതാണ് ഈ പള്ളി...'' ക്ലീറ്റസ് മുന്നിലേക്ക് വിരല്‍ചൂണ്ടി.
''തൊണ്ണൂറു വര്‍ഷമെങ്കിലും പഴക്കം കാണും...'' ക്ലീറ്റസ് പറഞ്ഞത്രയും കാലപ്പഴക്കം എനിക്കതില്‍ തോന്നിയില്ല. ചുവരുകളെല്ലാം വെള്ളയൊലിച്ച് വൃത്തിയാക്കിയിരുന്നു. അതിനു മുകളില്‍ പാകിയ ഓടിനുപോലും തിളക്കം നഷ്ടപ്പെട്ടിരുന്നില്ല.
''ഉസ്താദേ...'' ക്ലീറ്റസ് പള്ളിക്കുള്ളിലേക്കു ഒരു വിളിയെറിഞ്ഞു.
''ക്ലീറ്റസേ ഇങ്ങ് കേറിപ്പോര്...'' ഉള്ളില്‍നിന്നും അതിനുടനെ മറുപടിയുണ്ടായി.
''ഈ നാട്ടിലെ ആരുടെ ശബ്ദം കേട്ടാലും ഉസ്താദിന് തിരിച്ചറിയാന്‍ കഴിയും...'' അല്പം ബഹുമാനം കലര്‍ന്ന സ്വരത്തില്‍ ക്ലീറ്റസ് എന്നോടായി പറഞ്ഞു. പിന്നീട് പള്ളിയങ്കണത്തിലെ കുളത്തിലേക്ക് എന്നെ നയിച്ചു. അതിലേക്കിറങ്ങാന്‍ ഭംഗിയില്‍ വെട്ടിയൊതുക്കിയ കൽപടവുകളുണ്ടായിരുന്നു.
കടും പച്ചനിറമായിരുന്നു കുളത്തിന്. കുളത്തിലിറങ്ങി ഞങ്ങള്‍ കൈകാലുകള്‍ കഴുകി. വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു.
കുളത്തില്‍നിന്നു കയറി ഞങ്ങള്‍ പള്ളിക്കുള്ളിലേക്കു നടന്നു.
വന്യമായ നിശ്ശബ്ദതയായിരുന്നു അതിനുള്ളില്‍. കാലുകള്‍ മുന്നോട്ടു വെക്കുന്തോറും അത് മുഴങ്ങുന്നുണ്ടെന്നു തോന്നി. പള്ളിക്കുള്ളിലെ ചെറിയൊരു മുറിയിലായിരുന്നു ഉസ്താദ് ഉണ്ടായിരുന്നത്.
അപ്പൂപ്പന് താടിപോലെ പാറിക്കളിക്കുന്ന വെളുത്ത താടിരോമങ്ങളുണ്ടായിരുന്നു അയാള്‍ക്ക്. ശാന്തമായ കണ്ണുകളില്‍ ദിവ്യമായ പ്രകാശം ഓളംവെട്ടുന്നുണ്ടെന്ന് തോന്നി. അയാളുടെ നെറ്റിയില്‍ കറുത്ത മറുകുപോലെ ഒരടയാളമുണ്ടായിരുന്നു.
''കുറച്ചു ദൂരെനിന്ന് വരുകയാണ്...'' ക്ലീറ്റസ് എന്നെ ഉസ്താദിന് പരിചയപ്പെടുത്തി. ഉസ്താദ് ഇരിക്കുന്നിടത്തു നിന്നും അല്പം മുന്നോട്ടുന്തി നിന്നു. ഞാന്‍ പരമാവധി വിനയം നടിച്ചു.
''അത് മനസ്സിലാക്കാം...'' ഉസ്താദ് എന്നെ നോക്കി മൃദുവായി ചിരിച്ചു.
''ഉസ്താദിനെക്കുറിച്ചും ദാസനെക്കുറിച്ചുമൊക്കെ എഴുതാനാണ് വന്നിരിക്കുന്നത്...ആളൊരു പത്രക്കാരനാണ്.''
ക്ലീറ്റസു തന്നെ എന്റെ വരവിന്റെ ഉദ്ദേശ്യം അയാള്‍ക്കു മുന്നില്‍ നിവര്‍ത്തി.
''അതൊക്കെ ഇപ്പൊ വാര്‍ത്തയാക്കാനുണ്ടോ?'' ഉസ്താദ് വീണ്ടും മനോഹരമായി ചിരിച്ചു.
''ഞാന്‍ വരുന്നത് പോര്‍വിളികള്‍ നിറഞ്ഞ നാട്ടില്‍നിന്നാണ്... മനുഷ്യശരീരങ്ങള്‍ കത്തിയെരിയുന്ന നാട്ടില്‍നിന്നാണ്...എന്തിനാണ് പോര്? ആളുകള്‍ക്കിടയില്‍ പരസ്പരമുള്ള വിശ്വാസമില്ലാതായിരിക്കുന്നു. സൗഹൃദങ്ങളില്ലാത്തിടത്ത് യുദ്ധങ്ങള്‍ തുടങ്ങുന്നു. അതെനിക്ക് എന്റെ നാട്ടുകാരോട് പറയണം..?'' എവിടെനിന്നോ തള്ളിവന്ന ആവേശത്തില്‍ ഞാന്‍ ഉള്ളിലുള്ളതെല്ലാം ഒറ്റയടിക്കു പറഞ്ഞു.
''ഒന്നോര്‍ത്താല്‍ ഇതൊരു വിസ്മയമല്ലേ...പള്ളിയില്‍ താമസിച്ച് കാലിഗ്രഫി ചെയ്യുന്ന വ്യത്യസ്തമായ വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന രണ്ടു പേരു തമ്മിലുള്ള സൗഹൃദം...''
''ഉളിയാടുംകുന്നില് ഇതിലാരും അസാധാരണത്വം കാണാറില്ല...'', ക്ലീറ്റസ് ചിരിച്ചു.
മൂന്ന്
''ദിവസങ്ങളോളം പറയാനുള്ള ചരിത്രമുണ്ട്...''
ഉസ്താദ് കട്ടിലില്‍നിന്നെഴുന്നേറ്റു. അയാളുടെ മെലിഞ്ഞ ശരീരം ഇളകിയപ്പോള്‍ കട്ടിലില്‍നിന്ന് ഞരക്കങ്ങളുണ്ടായി. അരികിലെ മരയലമാരയില്നിന്ന് പഴയൊരു പുസ്തകമെടുത്ത് അയാള്‍ എനിക്കു നീട്ടി. അതിന്റെ വക്കുകളില്‍ മഞ്ഞ കയറിയിരുന്നു.
''ഇത് കൊണ്ടുപോയ്ക്കോളൂ...കാലിഗ്രഫിയെക്കുറിച്ചുള്ള അത്യാവശ്യ വിവരങ്ങളെല്ലാം അതിലുണ്ട്.''
പുസ്തകം തുറന്നപ്പോള്‍ എനിക്ക് തുമ്മല്‍ വന്നു. ഏതോ വിദൂരകാലത്തിന്റെ മണം മൂക്കിന്തുമ്പില് ഉരുമ്മിനിന്നു.
''കൊണ്ടോയ്ക്കോളൂ... സാവധാനം വായിച്ചാലേ കാര്യങ്ങളൊക്കെ മനസ്സിലാകൂ...'' അയാള്‍ വീണ്ടും വാത്സല്യത്തോടെ പറഞ്ഞു. ഞാനതു മടക്കി എന്റെ ബാഗിലേക്കു തിരുകിവെച്ചു.
''വരൂ...''
പള്ളിയോട് ചേര്‍ന്നുള്ള ഒരെടുപ്പിലേക്ക് ഉസ്താദ് എന്നെ കൊണ്ടുപോയി. മരപ്പലകകള്‍കൊണ്ടുള്ള ചുവരുകളായിരുന്നു അതിന്. ചുവന്ന കുപ്പായം ധരിച്ച ഒരാള്‍ അതിനുള്ളിലിരുന്ന് പണിയെടുക്കുന്നുണ്ടായിരുന്നു.
''ഇതാണ് നിങ്ങള്‍ക്കു വേണ്ട രണ്ടാം കക്ഷി...'' ഉസ്താദ് അയാളുടെ നേരെ വിരല്‍ ചൂണ്ടി. ശബ്ദം കേട്ട് അയാള്‍ തലയുയര്‍ത്തി.
അയാളുടെ മുടിയില്‍ മരപ്പലകയില്നിന്നുള്ള പൊടി കലര്‍ന്നിരുന്നു. പ്രക്ഷുബ്ധമായ കണ്ണുകള്‍, വിടര്‍ന്ന ചെവികള്‍, നൂലുപോലെ നേര്‍ത്ത മീശ...
''ദാസാ...അക്കരയെങ്ങാണ്ടോ ഉള്ള പത്രക്കാരനാ...മൂപ്പര്‍ക്ക് നമ്മളെക്കുറിച്ച് എന്തൊക്കെയോ എഴുതണമത്രേ...''
ചുമരില്‍ പ്രത്യേക തരത്തില്‍ കടലാസുകള്‍ കുരുക്കിയിട്ടിരുന്നു. എന്റെ കണ്ണുകള്‍ അതിലേക്കുതന്നെ ചൂഴ്ന്നിറങ്ങി. കടലാസുകളിലെല്ലാം വിശുദ്ധവാക്യങ്ങളായിരുന്നു. ആത്മീയമായൊരു വെളിച്ചം ആ മുറിയെ അലങ്കരിക്കുന്നുണ്ടെന്ന് തോന്നി. ഇത്രയും മനോഹരമായി അക്ഷരങ്ങളെ അണിയിച്ചൊരുക്കാനാവുമോ?
''ഓ...അതൊക്കെ ഉണക്കാനിട്ടതാണ്...'' എന്റെ കണ്ണിലെ കൗതുകം കണ്ടാവണം ഉസ്താദ് പറഞ്ഞു.
''കടലാസിലെ പണിയൊക്കെ ഞാന്‍ തന്നെ ചെയ്യും...പലകയില്‍ കൊത്തിപ്പിടിപ്പിക്കുന്നതൊക്കെ ദാസനാണ്...''
''പല ശൈലികള്‍ ആയിരിക്കണം അല്ലേ?''
''തീര്‍ച്ചയായും...ചിത്രകലയിലെന്നപോലെ പല പ്രസ്ഥാനങ്ങളും ശൈലികളും ഈ കലയിലും ഉണ്ടായിട്ടുണ്ട്... ഞങ്ങള്‍ സാമ്പ്രദായിക രീതിതന്നെയാണ് പിന്തുടരുന്നത്...''
അന്നേരം പുറത്തുനിന്ന് അസാധാരണമായൊരു മുഴക്കം കേട്ടു. ഇടികുടുക്കമാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, കാലവര്‍ഷം ഇനിയും എത്രയോ അകലെ നിലകൊള്ളുന്നൊരു വാസ്തവമാണെന്ന് ഞാനോര്‍ത്തു. വീണ്ടും അതേ ശബ്ദമുയര്‍ന്നപ്പോള്‍, ദാസന് എഴുന്നേറ്റ് ആ മുറിയുടെ ഇത്തിരിപ്പോന്ന ജനല്‍ തുറന്നു.
സൂര്യകാന്തിപ്പൂവുകള് വിടര്ന്നുനില്ക്കുന്ന വിശാലമായ വയലുകളെയായിരുന്നു ജനവാതിലിലൂടെ ഞാന്‍ ആദ്യം കണ്ടത്. അതിനുമപ്പുറം ഒരു കുന്നുണ്ട്. കൂര്‍ത്ത ഉളി കുത്തനെ വെച്ചതുപോലെയായിരുന്നു അതിന്റെ ആകൃതി. അത് പതിയെ ഇളകുന്നതുപോലെ തോന്നി.
''കുന്ന് ഇളകുന്നതാണ്...'' ദാസന് വലിയ ഒച്ചയില്‍ പറഞ്ഞു.
''കുന്നിളകുകയോ?'' ഞാന്‍ അല്പം ഭയത്തോടെ ചോദിച്ചു. ഒരുപക്ഷേ, കുന്നിടിക്കാന് ആരെങ്കിലും സ്ഫോടകവസ്തുക്കള്‍ പ്രയോഗിക്കുന്നതാകുമോ?
''കുന്നിളകുകയാണ്...'' ദാസന് വീണ്ടും ആഹ്ലാദത്തോടെ ഒച്ചയിട്ടു. എനിക്ക് അയാള്‍ ആഹ്ലാദിക്കാനുള്ള കാരണമൊന്നും മനസ്സിലായില്ല. കുന്ന് ഇളകിയാല്തന്നെ അതത്ര നല്ല കാര്യത്തിനുമായിരിക്കില്ല. ഉരുള്‍പൊട്ടല്‍പോലുള്ള വല്ല ദുരന്തങ്ങളുമായിരിക്കില്ലേ..?
കുന്ന് മുന്നോട്ടും പിന്നോട്ടും ആടുകയാണ്. അതിനൊപ്പംതന്നെ കനത്ത ശബ്ദവുമുണ്ട്. എനിക്ക് പേടി തോന്നി.
''ഇന്നിവിടെ എന്തെങ്കിലും സംഭവിക്കും...'' ദാസന് തുള്ളിച്ചാടുമെന്നുപോലും ഒരുവേള എനിക്കു തോന്നി.
''ഉളിപോലെ കൂര്‍ത്ത കുന്ന്... അത് ആടുന്ന സ്ഥലമായതുകൊണ്ടാണ് ഉളിയാടുംകുന്നെന്ന് ഈ നാടിന് പേര് വന്നത്...'' ഉസ്താദ് എന്റെ ഭയത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചു.
''ഒരു മനുഷ്യായുസ്സില്‍ ഒന്നോ രണ്ടോ തവണമാത്രം കാണാന്‍ കഴിയുന്ന സംഗതിയാണ്...നിങ്ങള്‍ക്കതിന് ഭാഗ്യമുണ്ടായി...'' അയാള്‍ ചിരിച്ചു. ''കുന്നിളകുന്ന ദിവസം ഈ നാട്ടില്‍ അപ്രതീക്ഷിത കാര്യങ്ങള്‍ സംഭവിക്കാറുണ്ടെന്നാണ് വിശ്വാസം...മരിച്ചു മണ്ണടിഞ്ഞവര്‍ കുഴിമാടങ്ങള്‍ തുറന്നു പുറത്തുവരിക, കിടപ്പിലായ രോഗികള്‍ പരസഹായമില്ലാതെ തന്നെ എഴുന്നേറ്റു നടക്കുക...എന്റെ കുട്ടിക്കാലത്ത് അങ്ങനെ പല കഥകളും കേട്ടിട്ടുണ്ട്...''
ദാസന് അതിനെ പൂരിപ്പിച്ചു.
''അതിരിക്കട്ടെ...എഴുതിയെടുക്കാന്‍ ഉള്ളതെന്താണെന്നുെവച്ചാല്...'' ഉസ്താദ് പൊടുന്നനെ വിഷയം മാറ്റി.
''നിങ്ങള്‍ക്കിടയിലെ ഈ ബന്ധംതന്നെ...മൂന്നു പതിറ്റാണ്ടായി ഇവിടെയിങ്ങനെ തുടരുന്ന സൗഹൃദം...'' ഞാന്‍ ലളിതമായി ചിരിച്ചു. അപ്പോള്‍ നിരത്തില്‍നിന്ന് ഒരു ആരവം കേട്ടു.
''അതെന്താണ്?''
ദാസന് നിരത്തിലേക്ക് ഇറങ്ങിയോടി. അല്പനേരത്തിനുശേഷം തിരിച്ചുവരികയും ചെയ്തു.
''ഞാന്‍ പറഞ്ഞില്ലേ, കുന്നാടിയാല് പ്രതീക്ഷിക്കാത്ത സംഭവങ്ങളൊക്കെ ഉണ്ടാവുമെന്ന്...നമ്മുടെ നാട്ടില്‍ ഒരു പുഴ ജനിച്ചിരിക്കുന്നു. അത് കാണാന്‍ ആള്ക്കാര് കൂട്ടംകൂട്ടമായി പോകുകയാണ്...''
''പുഴയോ?''
''അങ്ങനെയാണ് കേള്‍ക്കുന്നത്...''
നാല്
ഉളിയാടുംകുന്നിലേക്കുള്ള വഴിയായിരുന്നു പുഴയായി മാറിയത്. തിരിച്ചുപോരുമ്പോള്‍ എന്നെ തോണിയിലാണ് മറുകര കടത്തിയത്. മറുകരയെത്തിയപ്പോള്‍ ഏതോ അപസര്‍പ്പക കഥയില്‍നിന്നും രക്ഷപ്പെട്ട ആശ്വാസമായിരുന്നു എനിക്ക്. ഏതായാലും ആ യാത്ര എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു സംഭവമായി.
ഉളിയാടുംകുന്നെന്ന ദേശവും അവിടത്തെ പള്ളിയില്‍ കാലിഗ്രഫി ചെയ്ത് കാലം കഴിക്കുന്ന രണ്ടുപേരുടെ സൗഹൃദത്തിന്റെ കഥയും വലിയ പ്രാധാന്യത്തോടെയാണ് പത്രത്തില്‍ അടിച്ചുവന്നത്. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സംസ്ഥാനതലത്തില്‍ നാലോ അഞ്ചോ പുരസ്കാരങ്ങള്‍ ലഭിക്കുകയുമുണ്ടായി. എന്നിട്ടും ആ നാട്ടിലേക്ക് വീണ്ടും പോവാന്‍ എനിക്കെന്തുകൊണ്ടോ തോന്നിയില്ല. ഇപ്പോള്‍ ഒരു രുചിപ്പുരയുടെ പ്രചാരണം കാരണം ഒരിക്കല്‍കൂടെ ഞാന്‍ ഉളിയാടുംകുന്നിലേക്ക് പോവുകയാണ്...
അഞ്ച്
ഇപ്പോഴും ഉളിയാടുംകുന്നിലേക്ക് നേരിട്ട് ബസ് സര്‍വീസ് ഇല്ല. മൂന്നോ നാലോ കിലോമീറ്റര്‍ ദൂരം അപ്പുറത്താണ് വാഹനങ്ങള്‍ നിര്‍ത്തിയിടുക. എങ്കിലും പഴയകാലത്തെ അപേക്ഷിച്ച് ഉളിയാടുംകുന്നിലേക്ക് എത്തിപ്പെടാന്‍ കുറച്ചുകൂടി എളുപ്പമാണെന്ന് തോന്നി. ഇരുചക്രവാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാം. പുഴകടക്കാന്‍ വീതി കുറഞ്ഞതെങ്കിലും ഒരു പാലവുമുണ്ട്.
ഒരു ബൈക്കുകാരന് കരുണ കാണിച്ചതിനാല്‍ ഇത്തവണ എനിക്കധികം പ്രയാസപ്പെടേണ്ടി വന്നില്ല. എന്നെയും പിറകിലിരുത്തി അയാള്‍ ക്ഷമയോടെ വണ്ടിയോടിച്ചു. ആ യാത്രയില്‍ അയാള്‍ ഒന്നും ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല. ഞാനും അനാവശ്യമായി നാവിളക്കിയില്ല.
പാലത്തില്‍ കയറിയപ്പോള്‍ ആ പുഴയുടെ ഉത്ഭവനാളിനെക്കുറിച്ച് എനിക്ക് വിചാരങ്ങളുണ്ടായി. കുന്നിളകുന്നതും ആടുന്നതുമെല്ലാം മനസ്സിലൂടെ കടന്നുപോയി. വണ്ടിയോടിക്കുന്ന ആളോട് അതേക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് വിചാരിച്ചുവെങ്കിലും പുഴയുടെ ഉപരിതലത്തില്‍ പുളയ്ക്കുന്ന മീനുകളെ കണ്ടപ്പോള്‍ ഞാനത് പെട്ടെന്നുതന്നെ മറന്നുപോവുകയും ചെയ്തു.
പുഴ വളരെ ശാന്തമായി ഒഴുകുകയായിരുന്നു.
ആറ്
ഉളിയാടുംകുന്നിലെ അങ്ങാടിക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പഴയ ഒന്നു രണ്ടു കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയൊരു കട തുറന്നിരിക്കുന്നുവെന്നു മാത്രം. കുമാരേട്ടന്റെ ചായക്കട എന്ന് അതിനു മുന്നില്‍ എഴുതിവെച്ചിരുന്നു. കടയിലേക്ക് കയറിപ്പറ്റാനായി കുറേ പേര് വരിനില്‍ക്കുന്നുണ്ടായിരുന്നു.
കവലയില്‍ കൂടിനില്ക്കുന്നവരില് പഴയ പരിചയക്കാര് ആരെങ്കിലുമുണ്ടോയെന്ന് ഞാന്‍ ധൃതിപിടിച്ചുനോക്കി. ആര്‍ക്കെങ്കിലും എന്നെയിപ്പോള്‍ കണ്ടാല്‍ മനസ്സിലാവുമോ? അവരില്‍ ചിലരെങ്കിലും ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് ഞാനോര്‍ത്തു.
ഏറെനേരം വരിനിന്നതിനുശേഷമാണ് എനിക്ക് കുമാരേട്ടന്റെ ചായക്കടയിലേക്ക് കയറിപ്പറ്റാനായത്. കാഷ് കൗണ്ടറില്‍നിന്ന് മുന്‍കൂറായി ടോക്കണ്‍ എടുക്കണമായിരുന്നു.
നീണ്ട കൊമ്പന് മീശയുള്ള ഒരാളാണ് കൗണ്ടറില്‍ ഉണ്ടായിരുന്നത്. മീശയും തലമുടിയുമെല്ലാം പാടേ നരച്ചിരുന്നു. എങ്കിലും കണ്ണുകളില്‍ നല്ല തിളക്കമുണ്ടായിരുന്നു. അയാള്‍ക്കു പിറകിലായി ഫ്രെയിം ചെയ്തു തൂക്കിയിട്ട പഴയൊരു പത്രക്കടലാസിലേക്ക് എന്റെ കണ്ണുപാളി.
പോലീസ് ജീപ്പിലേക്ക് ഒരു ചെറുപ്പക്കാരനെ പിടിച്ചുകയറ്റുന്ന ദൃശ്യമായിരുന്നു അതിലുണ്ടായിരുന്നത്. അതിലെഴുതിപ്പിടിപ്പിച്ചതെല്ലാം വായിക്കാന്‍ ഞാനൊരു ശ്രമം നടത്തി.
''സംശയിക്കേണ്ട... അത് ഞാന്‍തന്നെയാണ്...'' കൗണ്ടറിലിരുന്ന കൊമ്പന് മീശക്കാരന് വലിയ ഗൗരവത്തോടെ പറഞ്ഞു. എനിക്കല്പം കൗതുകം തോന്നി. ഇത്തരം വാര്‍ത്തകള്‍ ആരെങ്കിലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുമോ? ഓര്‍ത്താല്‍തന്നെ ആ വാര്‍ത്ത ഇങ്ങനെ പ്രദര്‍ശിപ്പിക്കുമോ? ഒരുപക്ഷേ, വല്ല പൊതു കാര്യത്തിനോ മറ്റോ അറസ്റ്റ് വരിച്ചതാണെങ്കിലോ?
''ജീവിതത്തില്‍ ഓര്‍ക്കാന്‍ വല്ലതും വേണ്ടേ? പ്രത്യേകിച്ചും എന്നെപ്പോലെ സാധാരണ ഒരു മനുഷ്യന്... രണ്ടുപേരെ കൊന്നു. കുറച്ച് രൂപ കൊള്ളയടിച്ചു. കൈയില്‍ കാക്കാശില്ലാത്ത കാലമായിരുന്നു. ജയിലില്‍നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങുന്നതുവരെ എന്റെ ലളിത ഈ പത്ര കട്ടിങ് എടുത്തു വെച്ചു. അപ്പോ പിന്നെ പുതിയ ഏര്‍പ്പാട് തുടങ്ങുമ്പോ പൂമുഖത്ത് തന്നെ ഇരുന്നോട്ടെ എന്ന് കരുതി. പത്രത്തില്‍ പേരും പടവും വന്ന ആളാണെന്നു പറയുമ്പഴല്ലേ ഗമ കൂടൂ... '' ഞാനാകെ സ്തംഭിച്ചുപോയി. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. വായിലെ വെള്ളം വറ്റി. ശരീരത്തില്‍ കുറച്ചു നേരത്തേക്ക് വിറപടര്‍ന്നു.
ഏഴ്
വ്ലോഗര്‍ പറഞ്ഞ രുചിയൊന്നും എനിക്ക് അനുഭവപ്പെട്ടില്ല. ഇതിലും രുചികരമായത് ഞാനെന്റെ വീട്ടില്‍നിന്നും കഴിച്ചിട്ടുണ്ട് എന്നതാണ് രസകരമായ കാര്യം. എന്നിട്ടും എന്തിനാണ് ഇത്രയും പേര് വരിനില്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. പ്രചാരണത്തിന്റെ മിടുക്കുകൊണ്ടാവുമെന്ന് എനിക്ക് തോന്നി. ഒരുവട്ടം ഭക്ഷണം കഴിച്ചാല്‍ അവര്‍ക്ക് അമളി മനസ്സിലായേക്കും.
''സംശയിക്കേണ്ട. ഒരുവട്ടം ഇവിടന്ന് കഴിച്ചാല്‍ പിന്നെ ആരും മറ്റൊരിടത്തുനിന്നും ആഹാരം കഴിക്കുകയില്ല...'' ആരോ എന്റെ മനസ്സിനെ വായിച്ചിട്ടെന്നവണ്ണം പറയുന്നതു കേട്ടു. പക്ഷേ, അതാരാണെന്നു മാത്രം മനസ്സിലായില്ല. അതേക്കുറിച്ച് ഞാന്‍ അന്വേഷിക്കാനും നിന്നില്ല.
ഒരുപക്ഷേ, എന്റെ നാവിന്റെ കുഴപ്പമാകാം...
കുമാരേട്ടന്റെ ചായക്കടയില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ നേരത്തേ എന്നെ അവിടെ കൊണ്ടിറക്കിയ ബൈക്കുകാരന് കാത്തുനില്ക്കുന്നതു കണ്ടു. എന്നെ നോക്കി പുഞ്ചിരിച്ചപ്പോള്‍ അയാള്‍ എന്നെത്തന്നെയാണ് കാത്തിരിക്കുന്നതെന്ന് മനസ്സിലായി. എന്നെ കാക്കാന്‍ ഞാനയാളോട് പറഞ്ഞിരുന്നില്ല...
''പഴയ പള്ളിയും അതിലെ ആളുകളെയും കാണണമെന്നുണ്ട്...അല്ലേ..?'' അയാള്‍ എനിക്കരികിലേക്ക് വന്നു. ഞാന്‍ ആശ്ചര്യത്തോടെ ആ മുഖത്തേക്ക് അല്പനേരം തുറിച്ചുനോക്കി. എനിക്ക് ആളെ മനസ്സിലാകുന്നില്ല...
''അതിന്റെയൊന്നും ഓര്‍മകള്‍പോലും ശേഷിക്കുന്നില്ല...'' അയാളുടെ മുഖം ഇരുണ്ടുവരുന്നതു കണ്ടു. അതേക്കുറിച്ചറിയാന്‍ എനിക്ക് കൗതുകമുണ്ടായി.
''നാലുവര്‍ഷങ്ങള്‍ക്കു മുന്നേ ഉളിയാടുംകുന്ന് ഒരിക്കല്‍കൂടെ ചുവടുവെച്ചു. ആഹ്ലാദകരമായൊരു വിസ്മയം നാട്ടുകാര്‍ പ്രതീക്ഷിച്ചു. പക്ഷേ, ഇത്തവണ സംഭവിച്ചത് മറ്റൊന്നാണ്...'' അയാളുടെ കണ്ണുകള്‍ ഉരുണ്ടു വിടര്‍ന്നു.
''ഞാനിവിടെ വന്ന കാലത്ത് കുന്നിളകുന്നത് കണ്ടിരുന്നു...'' എന്റെ വാക്കുകള്‍ അയാള്‍ കേട്ടതായി ഭാവിച്ചില്ല.
''അതിനുശേഷം എല്ലാവരും നുണകള്‍ പറയാന്‍ തുടങ്ങി. കാണെക്കാണെ നുണകള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ പോലുമായി. അതോടെ ഭൂതകാലത്തിന്റെ കുളിരുകള്‍ മുഴുവനും മാഞ്ഞുപോയി. ചരിത്രമില്ലാതെ ജീവിക്കുന്നവരാണ് ഈ തലമുറ...''
അയാള്‍ പിച്ചും പേയും പറയുകയാണെന്നാണ് ഞാന്‍ വിചാരിച്ചത്. അതുകൊണ്ടുതന്നെ ഞാനത് വലിയ ഗൗരവത്തിലെടുത്തില്ല.
''ഒരു നുണയന്കാറ്റാണ് ആ പള്ളിയുടെ ചുവരുകളിലേക്ക് പാഞ്ഞുകയറിയത്. പിടിച്ചെടുക്കലിന്റെയും അധിനിവേശത്തിന്റെയും ഇല്ലാക്കഥകള്‍ മഴുവും കോടാലികളുമായി...ഇതിഹാസ സമാനമായ ഒരു സൗഹൃദത്തിന്റെ കഥയും ആ കാറ്റില്‍ മാഞ്ഞുപോയി...'' അയാള്‍ പറഞ്ഞുവരുന്നതൊന്നും എനിക്ക് മനസ്സിലായില്ല. ''നിങ്ങളിപ്പോള്‍ ഇല്ലാത്ത രുചിയും തിരഞ്ഞല്ലേ ഇവിടേക്ക് വന്നത്..? യഥാര്‍ഥത്തില്‍ അത്രയും സ്വാദിഷ്ടമാണോ ഈ ചായക്കടയിലെ കാര്യങ്ങള്‍? എല്ലാം പ്രചരിപ്പിക്കപ്പെടുകയല്ലേ...ഇല്ലാത്തതിനെ ഉണ്ടാക്കാന്‍ നൂറുതവണ ആവര്‍ത്തിച്ചാല്‍ പോരേ?''
അതുകേട്ടപ്പോള്‍ അയാള്‍ പറയുന്നതെല്ലാം വാസ്തവമാണെന്ന് എനിക്ക് തോന്നിത്തുടങ്ങി.
''ഞാന്‍ വിചാരിച്ച രുചിയോ മണമോ ഒന്നും ആ കടയില്‍നിന്ന് എനിക്ക് കിട്ടിയിട്ടില്ല...''
''ആ മരത്തെ ശ്രദ്ധിച്ചോ?'' കവലയില്‍ ഒറ്റപ്പെട്ടു വളരുന്ന ഉങ്ങുമരത്തിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി. നിറയെ ഇലകളുള്ള മരമായിരുന്നു അത്. ഇലകളില്‍ കാറ്റ് തിരമാലകളെ സൃഷ്ടിച്ചു. പൊടുന്നനെയാണ് ആ ദൃശ്യം എന്റെ കണ്ണിലുടക്കിയത്.
ഉങ്ങുമരത്തിന് വേരുകളുണ്ടായിരുന്നില്ല. അത് വായുവില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. ഞാന്‍ അയാളിലേക്കും മരത്തിലേക്കും മാറിമാറി നോക്കി.
''വേരുകളില്ലാത്ത മരം...''
''അടിത്തറയില്ലാതെ പണിയുന്ന കെട്ടിടം...'' കുമാരേട്ടന്റെ ചായക്കടയിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി. ഞാന്‍ ശരിക്കും ഞെട്ടി. വായുവിലാണ് അത് നിലകൊള്ളുന്നത്. അതിനു മുന്നില്‍ വരിനില്ക്കുന്നവരെല്ലാം നിലംതൊടാതെയാണ് നില്‍ക്കുന്നത്. വിശ്വാസം വരാതെ ഞാന്‍ അതിലേക്ക് മാറിമാറി നോക്കി. എന്റെ കാഴ്ചയുടെ കുഴപ്പമല്ലെന്ന് ഉറപ്പുവരുത്തി.
''എന്നാലും അവിടത്തെ ഭക്ഷണത്തിന് നല്ല രുചിയാണ്...''
ഞാന്‍ അറിയാതെ പറഞ്ഞു. ഏതാനും നിമിഷത്തെ വൈക്ലബ്യത്തിനൊടുവില് ഞാനത് തിരുത്തുകയും ചെയ്തു.
''അല്ല...അത് ശരിയല്ല...''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.