'എ തൗസന്റ് സൺസ്' മനോഹരമായ ഒരു പഴഞ്ചൊല്ലാണ്. ഈ സൂര്യന് പിന്നിൽ ഒരായിരം സൂര്യൻമാർ വേറെയുണ്ടെന്നർഥം. ഇന്ത്യയിൽ പണ്ടു പണ്ടേ പറഞ്ഞുവരുന്ന ഒരു പറച്ചിൽകൂടിയാണത്. ഇന്ത്യയെ സ്നേഹിച്ച, ഇന്ത്യയുടെ കഥകൾ മനോഹരമായി പറഞ്ഞ ഒരാൾ തന്റെ അനുഭവമെഴുത്ത് പുസ്തകത്തിനും ആ പഴഞ്ചൊല്ല് തലക്കെട്ടായി നൽകിയതിൽ ഒട്ടും അത്ഭുതമില്ല. ഇനിയും നൂറായിരം കഥകൾ ഇവിടെനിന്ന് കണ്ടെടുക്കാനുണ്ടെന്ന് തന്റെ അതേ ഓർമപ്പുസ്തകത്തിൽ പറയുന്നുമുണ്ട് അദ്ദേഹം. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യചരിത്രവും െകാൽക്കത്തയിലെ ജീവിതവും ഭോപാലിലെ ഭീകരമായ കൂട്ടക്കൊലയും എല്ലാം വായനക്ഷമമായ വിധത്തിൽ എഴുതിയ അതേ ഡൊമിനിക് ലാപിയർ ഡിസംബർ 5ന് 91ാം വയസ്സിൽ വിടവാങ്ങിയിരിക്കുന്നു.
ലളിതവും സുന്ദരവുമായ ഭാഷയിലൂടെ ചരിത്രത്തെ വായനക്കാരുടെ മനസ്സിലേക്ക് ടീസ്പൂൺ ഫീഡ് ചെയ്യുകയായിരുന്നു ഡൊമിനിക് ലാപിയർ. ഫ്രഞ്ചുകാരനായ ഡൊമിനിക് ലാപിയറും അമേരിക്കക്കാരനായ ലാറി കോളിൻസും ഒരുമിച്ചു ചേർന്നായിരുന്നു ഇന്ത്യയുടെ കഥ പറയാൻ തുടങ്ങിയത്. അതുതന്നെ ചരിത്രമാണ്. സ്വാതന്ത്ര്യസമരത്തെയും അധികാര കൈമാറ്റത്തെയും കുറിച്ച് ഇരുവരും ചേർന്ന് 1975ൽ എഴുതിയ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' (സ്വാതന്ത്ര്യം അർധരാത്രിയിൽ) ലോകശ്രദ്ധ നേടി. മലയാളത്തിലടക്കം ലോകമെങ്ങും നിരവധി പരിഭാഷകളുണ്ടായി. അസാമാന്യമായ ഗവേഷണം ഇരുവരും ചേർന്ന് നടത്തി. എന്നാൽ, തങ്ങൾ ആധികാരികമായി കണ്ടെത്തിയ വിവരങ്ങൾ അക്കാദമികമല്ലാത്ത ഭാഷയിൽ പറഞ്ഞുവെന്നിടത്താണ് ഡൊമിനിക് ലാപിയർ വേറിട്ടുനിന്നത്. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ ചരിത്രമെഴുതി എന്നതായിരുന്നു മഹത്ത്വം. അങ്ങനെ ചരിത്രമെഴുത്തിന് ഭാഷയുടെ ലാവണ്യം കൂടി ചേർത്തതുവഴി പിന്നീടുള്ള പല ചരിത്രകാരൻമാർക്കും വഴികാട്ടിയായി. രാമചന്ദ്രഗുഹയും വില്യം ഡാൽ റിംപിളും ഇങ്ങേയറ്റത്ത് മനു എസ്. പിള്ളയുമെല്ലാം സഞ്ചരിക്കുന്ന പാതയിലെ ആദ്യ പഥികൻ.
1931ലായിരുന്നു ഡൊമിനിക് ലാപിയറിന്റെ ജനനം. 'എ ഡോളർ ഫോർ എ തൗസന്റ് മൈൽസ്' (1949) ആണ് ആദ്യ രചന. കൊൽക്കത്ത പശ്ചാത്തലത്തിൽ എഴുതിയ 'സിറ്റി ഓഫ് ജോയ്' (1985) ബെസ്റ്റ് സെല്ലറായിരുന്നു. 'സിറ്റി ഓഫ് ജോയി'യെ അവലംബിച്ച് 1992ൽ സിനിമയുമുണ്ടായി. ഡൊമിനിക് ലാപിയർ, ലാറി കോളിൻസുമായി ചേർന്നെഴുതിയ 'ഈസ് പാരിസ് ബേണിങ്', 'ഓർ ഐ വിൽ ഡ്രസ് യു ഇൻ മോണിങ്', 'ഓ ജറൂസലം', 'ദി ഫിഫ്ത്ത് ഹോഴ്സ് മാൻ', 'ഈസ് ന്യൂയോർക് ബേണിങ്' എന്നീ പുസ്തകങ്ങൾ അഞ്ചു കോടി കോപ്പികളാണ് വിറ്റത്.
ലോകത്തെ ഞെട്ടിച്ച 1984ലെ ഭോപാൽ വാതക കൂട്ടക്കൊലയെക്കുറിച്ച് എഴുതാൻ വീണ്ടും ഡൊമിനിക് ലാപിയർ ഇന്ത്യയിൽ വന്നു. ദൃക്സാക്ഷികളുടെ വാക്കുകളിലൂടെ ഭോപാലിനെ അടയാളപ്പെടുത്താനായിരുന്നു ശ്രമം. മൂന്നു വർഷം ഭോപാലിൽ താമസിച്ച് ഗവേഷണം നടത്തിയാണ് പുസ്തകം തയാറാക്കിയത്. ലാപിയറും ജാവിയർ മോറോയും ചേർന്ന് എഴുതിയ 'ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപാൽ' വിഖ്യാതമായി. ഇതിൽനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം 1984ലെ ഇരകൾക്ക് സൗജന്യ ചികിത്സ നൽകാൻ ഭോപാലിൽ ആശുപത്രി സ്ഥാപിച്ചു. പ്രൈമറി സ്കൂളും നിർമിച്ചു. തന്റെ വരുമാനവും വായനക്കാരുടെ സംഭാവനയും വിനിയോഗിച്ച് ഡൊമിനിക് ലാപിയർ ലക്ഷക്കണക്കിന് ക്ഷയരോഗികൾക്കും കുഷ്ഠരോഗികൾക്കും ചികിത്സയൊരുക്കി. കോൺഷൺ ലാപിയറാണ് ഭാര്യ. 2008ൽ ലാപിയറെ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.
ഇന്ത്യയെ സ്നേഹിച്ച നിരവധി എഴുത്തുകാരുണ്ട്. അവരിൽ പലരും ഇന്ത്യയുടെ കഥകൾ ലോകത്തോട് പറഞ്ഞു. എന്നാൽ, അവരിൽ എന്തുകൊണ്ടും മുൻനിരയിലാണ് ലാപിയർ. ആ വഴികളും വേറിട്ടതായിരുന്നു. രാജ്യത്തിന്റെ അറിയാകഥകൾ, കഥപറയുന്നപോലെ നമുക്കാര് ഇനി പറഞ്ഞുതരും?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.