ഇരുപത് വർഷം മുമ്പ്, ഫെബ്രുവരി 19നാണ് വയനാട്ടിലെ മുത്തങ്ങയിലെ ഭൂസമരം ഭരണകൂടം നിഷ്ഠുരമായി അടിച്ചമർത്തിയത്. എന്തായിരുന്നു ആദിവാസികൾ ചെയ്ത കുറ്റം? ആദിവാസികൾ തങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ ചോദിച്ചു. വനത്തിനുമേലെ തങ്ങളുടെ പരമ്പരാഗത അവകാശം വേണമെന്ന് ആവശ്യപ്പെട്ടു. കുടിൽ കെട്ടി സമരമടക്കം ചെയ്തിട്ടും ഫലമില്ലാതായപ്പോൾ ഭൂമി സമരത്തിലൂടെ പിടിച്ചെടുത്തു. അതൊരു കുറ്റമല്ലെന്ന് ആർക്കാണറിയാത്തത്. എന്നിട്ടും ‘മുഖ്യധാര’ ആദിവാസി സമൂഹത്തെ അടിച്ചമർത്തി....
ഇരുപത് വർഷം മുമ്പ്, ഫെബ്രുവരി 19നാണ് വയനാട്ടിലെ മുത്തങ്ങയിലെ ഭൂസമരം ഭരണകൂടം നിഷ്ഠുരമായി അടിച്ചമർത്തിയത്. എന്തായിരുന്നു ആദിവാസികൾ ചെയ്ത കുറ്റം? ആദിവാസികൾ തങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ ചോദിച്ചു. വനത്തിനുമേലെ തങ്ങളുടെ പരമ്പരാഗത അവകാശം വേണമെന്ന് ആവശ്യപ്പെട്ടു. കുടിൽ കെട്ടി സമരമടക്കം ചെയ്തിട്ടും ഫലമില്ലാതായപ്പോൾ ഭൂമി സമരത്തിലൂടെ പിടിച്ചെടുത്തു. അതൊരു കുറ്റമല്ലെന്ന് ആർക്കാണറിയാത്തത്. എന്നിട്ടും ‘മുഖ്യധാര’ ആദിവാസി സമൂഹത്തെ അടിച്ചമർത്തി. 20 വർഷത്തിനുശേഷവും ഭൂമി ആദിവാസികൾക്ക് ലഭിച്ചില്ല. ഇപ്പോഴും ഭരണകൂടം ചുമത്തിയ കേസുകൾ തീർന്നിട്ടില്ല. വിചാരണയെന്ന പേരിലും അല്ലാതെയും കോടതി വരാന്തകളിലാണിപ്പോഴും സമരക്കാരുടെ ജീവിതം. നീതിനിഷേധമാണ് എല്ലാ അർഥത്തിലും ആദിവാസി സമൂഹം നേരിടുന്നത്.
മുത്തങ്ങയുടെ രണ്ടു പതിറ്റാണ്ടിനുശേഷം ‘പൊതു’സമൂഹത്തിൽ കാര്യങ്ങൾ മാറിയോ? ഒട്ടുമില്ല. മലയാളിയുടെ സവർണ, വംശീയവെറികൾക്ക് ഇരകളാണ് ആദിവാസികൾ. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ മധുവിനെ കെട്ടിയിട്ട് തല്ലിക്കൊന്ന നാടാണിത്. 24 സാക്ഷികൾ കൂറുമാറി ആ കേസ് തന്നെ അട്ടിമറിച്ചിരിക്കുകയാണ്. ശിശുമരണങ്ങൾ ആവർത്തിക്കുന്ന മധുവിന്റെ നാട്ടിൽ കഴിഞ്ഞയാഴ്ചയും അതേ വാർത്ത റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയിൽ ഉയർന്ന മറ്റു വാർത്തകൾ നോക്കൂ. വയനാട് പരവയൽ കോളനിയിൽ സോമന്റെ മകൻ വിശ്വനാഥൻ (46) ഫെബ്രുവരി 11ന് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനു സമീപം ഒഴിഞ്ഞ പറമ്പിൽ മരക്കൊമ്പിൽ തൂങ്ങിമരിച്ചു. മൃതദേഹത്തിൽ ഇരുകാലുകളിലും തുടയിലും മുട്ടിലുമായി ആറു മുറിവുകളുണ്ട്. വ്യാഴാഴ്ച മാതൃ-ശിശു സംരക്ഷണകേന്ദ്രം അങ്കണത്തിലെ കൂട്ടിരിപ്പുകാരുടെ കേന്ദ്രത്തിൽ മൊബൈൽ ഫോൺ മോഷണം നടന്നതുമായി ബന്ധപ്പെട്ട് ചിലർ വിശ്വനാഥനെതിരെ ആരോപണമുന്നയിച്ചിരുന്നു. ഭാര്യാമാതാവ് ലീലയോട് ആളുകൾതന്നെ മോഷ്ടാവാക്കിയതിലുള്ള വിഷമം പറഞ്ഞ് അപ്പോൾതന്നെ യുവാവ് അപ്രത്യക്ഷനായി. പ്രശ്നം വിശ്വനാഥൻ മോഷ്ടാവാണ് എന്ന് ‘മുഖ്യധാര’ മുദ്രകുത്തിയതാണ്. നിറവും വേഷവും രൂപവും നോക്കി ആദിവാസി സമൂഹത്തെ മോഷ്ടാക്കളും കുറ്റവാളികളുമാക്കുന്നതാണ് വിശ്വനാഥന്റെ കാര്യത്തിലും കണ്ടത്. സങ്കുചിത മലയാളി സവർണ മൂല്യബോധവും വംശീയതയും ആദിവാസികൾക്ക് നേരെ ശത്രുതേയാടെ നീങ്ങി. അതായത് വിശ്വനാഥന്റേത് മരണമോ ആത്മഹത്യയോ അല്ല കൊലപാതകമാണെന്ന് ചുരുക്കം.
വിശ്വനാഥൻ, മധു | കടപ്പാട്: ദി ന്യൂസ് മിനിറ്റ്
‘തുടക്കം’ എഴുതുന്ന ദിവസവും വാർത്തയുണ്ട്. വയനാട് അമ്പലവയലിൽ ദിവസവും കൂലിപ്പണിക്കു പോകുന്ന വീട്ടിൽ കൂലി 100 രൂപ കൂട്ടിച്ചോദിച്ചതിന് ആദിവാസി യുവാവിന്റെ മുഖത്ത് ഉടമയുടെ മകൻ ചവിട്ടി. തലയോട്ടിയും താടിയെല്ലുംകൂടിച്ചേരുന്ന ഭാഗത്ത് പൊട്ടൽ ഉണ്ടായി. നീർച്ചാൽ കോളനിയിലെ 56 വയസ്സുള്ള ബാബു ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലാണുള്ളത്.
സംസ്ഥാനതലത്തിൽ നോക്കിയാലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ആദിവാസികളെ വനത്തിൽനിന്ന് പുറംതള്ളുന്ന നടപടികളാണ് സർക്കാർ മൊത്തത്തിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഫ്ലാറ്റുകളിലേക്ക് അവരെ മാറ്റിപ്പാർപ്പിക്കുന്നു. വനത്തിൽ കടക്കുന്നതിനുപോലും നിരോധനം. ‘പെസ’ നടപ്പാക്കാൻ പുരോഗമനം പറയുന്ന സംസ്ഥാനത്തിന് മടി. വനവും ഭൂമിയും നഷ്ടപ്പെട്ട ദുരിതാവസ്ഥയിലാണ് ആദിവാസികൾ. വയനാട്ടിലും പാലക്കാട്ടും ആദിവാസി മേഖലകളിൽ മാവോവാദികളെ നേരിടാനെന്ന മട്ടിൽ ഇറക്കിയിരിക്കുന്ന തണ്ടർബോൾട്ട് തനത് ജീവിതവും തകർത്തിട്ടുണ്ട്. അതായത് രണ്ടു പതിറ്റാണ്ടിനുശേഷവും ആദിവാസി ജീവിതം മെച്ചപ്പെടുകയല്ല, കൂടുതൽ കൂടുതൽ മോശമാവുകയാണുണ്ടായത്. ആ അവസ്ഥ മാറണം. ‘മുത്തങ്ങ’യെ ഇനിയെങ്കിലും മുഖ്യധാര മനസ്സിലാക്കണം, തെറ്റുകൾ തിരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.