കടലും കരയും ജീവിതവും തിരിച്ചുനല്കുകഴിഞ്ഞം പദ്ധതിയുയര്‍ത്തുന്ന പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് ആഴ്ചപ്പതിപ്പ് പലവട്ടം എഴുതിയിട്ടുണ്ട്, കവര്‍സ്റ്റോറികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാഴ്ച മുമ്പ് ഇറങ്ങിയ 'മീന്പതിപ്പി'ലും തിരുവനന്തപുരത്തെ തീരദേശത്തിന്റെ അവസ്ഥകള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വലിയ ഒരു ജനകീയസമരം അവിടെ നടക്കുകയാണ്. ലത്തീന്‍ കത്തോലിക്കാ പുരോഹിതരടക്കം സമരമുഖത്താണ്. പദ്ധതി തുടങ്ങിയതോടെ തീരത്തിന്റെ സ്വഭാവം മാറി,...
കടലും കരയും ജീവിതവും
തിരിച്ചുനല്കുകഴിഞ്ഞം പദ്ധതിയുയര്‍ത്തുന്ന പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് ആഴ്ചപ്പതിപ്പ് പലവട്ടം എഴുതിയിട്ടുണ്ട്, കവര്‍സ്റ്റോറികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാഴ്ച മുമ്പ് ഇറങ്ങിയ 'മീന്പതിപ്പി'ലും തിരുവനന്തപുരത്തെ തീരദേശത്തിന്റെ അവസ്ഥകള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വലിയ ഒരു ജനകീയസമരം അവിടെ നടക്കുകയാണ്. ലത്തീന്‍ കത്തോലിക്കാ പുരോഹിതരടക്കം സമരമുഖത്താണ്.
പദ്ധതി തുടങ്ങിയതോടെ തീരത്തിന്റെ സ്വഭാവം മാറി, കടലിലെ ആവാസവ്യവസ്ഥ തകര്‍ന്നു. ശംഖുംമുഖം ബീച്ച് കടലെടുത്തു, വീടുകള്‍ കൂട്ടത്തോടെ തകര്‍ന്നു, മീന്‍പിടിത്തക്കാര്‍ മരിച്ചു...
വലിയൊരു നഷ്ടക്കച്ചവടമാണ് വിഴിഞ്ഞം പദ്ധതി. അദാനിയുടെ തുറമുഖ പദ്ധതി ഏറ്റെടുത്തതു തന്നെ നേരായ വഴികളിലൂടെയല്ല എന്ന ആക്ഷേപം തുടക്കത്തിലേ ഉയര്‍ന്നു. 2015 ജൂണിൽ, പ്രതിപക്ഷത്തായിരുന്നപ്പോൾ തോമസ് ഐസക് പറഞ്ഞ ചില കാര്യങ്ങൾ എന്നും പ്രസക്തമാണ്: ''മൊത്തം പദ്ധതിത്തുക 7525 കോടി രൂപ. ഇതില്‍ 75 ശതമാനവും കേരളസര്ക്കാറാണ് മുടക്കുന്നത്. എന്നാല്‍, മുതല്‍മുടക്കുന്ന കേരള സര്‍ക്കാറിന് 20 വര്‍ഷം കഴിയുമ്പോള്‍ വരുമാനത്തിന്റെ ഒരു ശതമാനം കിട്ടും -അതായത് 11.71 കോടി രൂപ. ഇതിന്റെ 40 ശതമാനം വി.ജി.എഫിന് കേന്ദ്രം മുടക്കിയ പണത്തിന് തിരിച്ചടവായി നല്‍കണം. കേരളസര്‍ക്കാറിന് കിട്ടുക 6.95 കോടി രൂപ. നാല്പതു വര്‍ഷം കഴിയുമ്പോള്‍ 827 കോടി രൂപ കിട്ടും. ഇതിന്റെ 40 ശതമാനം കേന്ദ്രത്തിനു കൊടുക്കണം. അപ്പോള്‍ കേരളം മുടക്കിയ അയ്യായിരത്തിൽപരം കോടി രൂപയുടെ മൂല്യം പത്തു ശതമാനം പലിശവെച്ചു കൂട്ടുകയാണെങ്കില്‍ രണ്ടരലക്ഷം കോടിയിലേറെ വരും. ഈ മുതല്‍മുടക്കിനാണ് തുച്ഛമായ പ്രതിഫലം കിട്ടുന്നത്. പദ്ധതിരേഖയില്‍ പറഞ്ഞതില്‍നിന്നു വ്യത്യസ്തമായി തുറമുഖേതര ആവശ്യത്തിന് മുപ്പതു ശതമാനം ഭൂമി ഉപയോഗിക്കാനും അദാനിക്ക് അവകാശമുണ്ട്. എന്തു സാമ്പത്തിക ന്യായമാണ് ഈ ഏര്‍പ്പാടിനു പിന്നിലുള്ളത്? അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറിലെ വ്യവസ്ഥ ന്യായമാണോ അല്ലയോ എന്ന് എങ്ങനെ പറയും?'' ലാഭനഷ്ടങ്ങളുടെ സാമ്പത്തിക കണക്ക് മാത്രമാണ് ഐസക് പറഞ്ഞത്. അതല്ലാത്ത പരിസ്ഥിതിനാശത്തിന്റെ കണക്ക് വേറെയാണ്. അതുകൊണ്ടാണ് ഇപ്പോൾ ജീവനും കടലും കരയും തിരികെ ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സമരമുഖത്തേക്ക് വന്നത്.
സമരത്തിന് നേരെ പലതരം ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിൽ ഒന്ന് നഷ്ടമായതിനാൽ അദാനി വിഴിഞ്ഞം വിടാൻ ഒരുങ്ങുന്നുവെന്നും അതിന് അദാനി സ്പോൺസർ ചെയ്ത സമരമാണ് ഇപ്പോൾ നടക്കുന്നത് എന്നുമാണ്. അത്തരക്കാർ മറക്കുന്ന പ്രധാന കാര്യം 2015 മുതൽ പലഘട്ടങ്ങളിലായി, പല തലങ്ങളിൽ മത്സ്യത്തൊഴിലാളികൾ സമരവും പ്രതിഷേധവും ഉയർത്തുന്നുവെന്ന വസ്തുതയാണ്. ആരെങ്കിലും പറഞ്ഞാൽ ആടുന്ന പാവകളല്ല മത്സ്യത്തൊഴിലാളികൾ എന്ന് ഈ വാദക്കാർ മറക്കുന്നു. ജീവിതം വഴിമുട്ടിയ ഘട്ടത്തിൽ ജനം സ്വയമേവ സമരരംഗത്തിറങ്ങുമെന്ന് ആർക്കാണ് അറിയാത്തത്.
'മുന്‍കൂട്ടി തയാറാക്കിയ സമരം', 'പുറത്തു നിന്നുള്ളവർ' ഇടപെടുന്ന സമരം എന്നൊക്കെ വിഴിഞ്ഞം സമരത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കം അധിക്ഷേപിക്കുന്നുണ്ട്. വൈകാതെ തീവ്രവാദ, ഭീകര വിളികൾ ഉയരും.
വിഴിഞ്ഞം പദ്ധതി പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും വലിയ ദുരന്തമാണ്. അതിന്റെ ദുരന്തം തിരിച്ചറിഞ്ഞ് പോരാടുന്നവർക്കൊപ്പം നിലകൊള്ളുകയാണ് ശരി. കാരണം ഈ സമരം തിരുവനന്തപുരത്തെ തീരദേശക്കാർക്കു മാത്രമായുള്ളതല്ല. നമുക്കോരോരുത്തർക്കും വേണ്ടി കൂടിയുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.