ഏത് മേഖലയിലാണ് ചൂഷണവും അനീതിയും നടക്കാത്തത്? അതുകൊണ്ടുതന്നെ സിനിമാ മേഖല മാത്രം എന്തിന് വ്യത്യസ്തമാകണം? ഇതൊരു തെറ്റായ ചോദ്യമാണ്; ഉത്തരവും. നമുക്ക് വേണ്ടത് ഈ മറുചോദ്യങ്ങളല്ല. മലയാള സിനിമയില്‍നിന്ന് കേൾക്കുന്ന വാർത്തകൾ സിനിമാപ്രവര്ത്തകര്ക്കുപോലും നാണക്കേടാണ്. ഒരുവശത്ത് ഒരു നടി താന്‍ നേരിട്ട...
ഏത് മേഖലയിലാണ് ചൂഷണവും അനീതിയും നടക്കാത്തത്? അതുകൊണ്ടുതന്നെ സിനിമാ മേഖല മാത്രം എന്തിന് വ്യത്യസ്തമാകണം?
ഇതൊരു തെറ്റായ ചോദ്യമാണ്; ഉത്തരവും. നമുക്ക് വേണ്ടത് ഈ മറുചോദ്യങ്ങളല്ല.
മലയാള സിനിമയില്‍നിന്ന് കേൾക്കുന്ന വാർത്തകൾ സിനിമാപ്രവര്ത്തകര്ക്കുപോലും നാണക്കേടാണ്. ഒരുവശത്ത് ഒരു നടി താന്‍ നേരിട്ട പീഡനവും അതിക്രമവും തുറന്നുപറഞ്ഞ് കേസുമായി ധീരതയോടെ മുന്നോട്ടുപോകുന്നു. മറുവശത്ത്, സഹപ്രവർത്തകരുടെ ഒരു വലിയ നിര കുറ്റാരോപിതനെ രക്ഷപ്പെടുത്താനായി എതിര്‍ചേരിയില്‍ നില്ക്കുന്നു. ചിലര്‍ അതിജീവിതക്കും കുറ്റാരോപിതനും ഒപ്പം ഒരേസമയം ഒളിച്ചേ കണ്ടേ കളി നടത്തുന്നു. നിര്‍മാതാവും നടനുമായ വിജയ്ബാബുവിനു നേരെ ഒരു നടി ഉയര്‍ത്തിയിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണ്. അതിനോട് തികഞ്ഞ പുരുഷധാര്‍ഷ്ട്യം പ്രകടിപ്പിച്ച്, ഇരയുടെ പേർ വെളിപ്പെടുത്തി, വിജയ് ബാബു ഒളിവില്‍ പോയിരിക്കുന്നു. അയാള്ക്കൊപ്പവുമുണ്ട് സഹപ്രവര്‍ത്തകരുടെ വലിയ സംഘം. ഇരക്ക് നേരെ അവര്‍ ഒരുമിച്ചുനിന്ന് അട്ടഹസിക്കുന്നു.
ഇത്തരം നിരവധി പീഡനങ്ങളും ചൂഷണങ്ങളും അണിയറയില്‍ നിത്യേന നടക്കുന്നുവെന്ന് പകൽപോലെ വ്യക്തം. സിനിമാ തൊഴില്‍മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നു. സ്ത്രീ സംഘടനയുടെ ആവശ്യപ്രകാരം നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറംലോകം കാണാതെ ഒതുക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ സിനിമാമേഖലയില്‍ അരങ്ങേറുന്ന കാര്യങ്ങളെ ഇങ്ങനെ അക്കമിട്ട് നിരത്താം:
1. ഒട്ടും സ്ത്രീസൗഹൃദമല്ലാത്ത തൊഴില്‍ അന്തരീക്ഷം. സ്ത്രീകള്‍ പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നു. തുല്യജോലിക്ക് തുല്യവേതനംപോലും നിഷേധിക്കപ്പെടുന്നു. സ്ത്രീ അതിക്രമങ്ങള്‍ നേരിടാനുള്ള സംവിധാനം ഇല്ല.
2. കോർപറേറ്റുകളുടെയും മൂലധനശക്തികളുടെയും ആധിപത്യവും ചൂഷണവും. തൊഴില്‍മേഖല എന്ന സത്യം അവഗണിക്കപ്പെടുന്നു. തുടക്കം മുതല്‍ ഒടുക്കംവരെ പുരുഷ കേന്ദ്രീകൃതാവസ്ഥ.
3. കുറച്ചുപേര്‍ അല്ലെങ്കില്‍ കോക്കസുകള്‍ മലയാള സിനിമയെ നയിക്കുന്നു. സ്വന്തക്കാര്‍ക്കും വിധേയര്‍ക്കും മാത്രം അവസരം. അല്ലാത്തവര്‍ പുറത്ത്.
4. പുതിയ ചെറുപ്പക്കാര്‍ക്ക് കടന്നുവരാന്‍ കഴിയാത്ത വ്യവസ്ഥകളും അന്തരീക്ഷവും.
5. തിയറ്ററുകളെയും അതിന്റെ ചരിത്ര-സാമൂഹിക പശ്ചാത്തലത്തെയും അവഗണിക്കുന്ന പുതിയ സാങ്കേതിക ഇടപെടലുകള്‍.
6. കടുത്ത ജാതി, വര്‍ഗ താല്പര്യങ്ങളും വിവേചനവും.
7. സിനിമ എന്ന വ്യവസായത്തെ ആശ്രയിച്ചു നില്ക്കുന്ന പതിനായിരങ്ങളുടെ ജീവിതം വിസ്മരിക്കപ്പെടുന്നു. അനാവശ്യവും പിടിവാശി നിറഞ്ഞതുമായ സംഘടനാ സംവിധാനങ്ങള്‍.
8. വിനോദത്തിന് ഉപരിയായ സാമൂഹിക ബാധ്യതകള്‍ സിനിമക്ക് ഉണ്ടെന്നത് വിസ്മരിക്കപ്പെടുന്നു.
9. മലയാള സിനിമ ഇപ്പോഴും പ്രമേയപരമായും ആവിഷ്കാരപരമായും ജനകീയതയെ അവഗണിച്ച് ജനപ്രിയതക്ക് ഒപ്പം നില്ക്കുന്നു, ചില അപവാദങ്ങളുണ്ടെങ്കിലും. പിന്തിരിപ്പന് ആശയങ്ങളും പ്രത്യയശാസ്ത്രവും ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്നു.
10. ഫാഷിസ്റ്റ്കാലത്ത് സിനിമ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുന്നു.
എന്താണ് സിനിമ? എന്തിനാണ് സിനിമ എന്ന അടിസ്ഥാനപരമായ ചോദ്യങ്ങളെ അവഗണിച്ചാണ് മലയാള സിനിമ ഇന്ന് സഞ്ചരിക്കുന്നത്. പ്രായാധിക്യമുള്ള പലരും ആരും നോക്കാനില്ലാതെ ജീവിതം തള്ളിനീക്കുന്നു. രോഗബാധിതര്‍ പലരും അവഗണിക്കപ്പെടുന്നു. വലിയ സാമ്പത്തികവും സംഘടനാക്രമങ്ങളുമുള്ളപ്പോഴാണ് ഇത്.
നന്ദികേടിന്റെ പേരല്ല സിനിമ. സ്വാർഥതയുടെയും അനീതിയുടെയും പേരുമല്ല. വിവേചനത്തിന്റെയും ചൂഷണത്തിന്റെയും പേര് ഒട്ടുമല്ല. അപ്പോള്‍ നമ്മുടെ സിനിമ ഇങ്ങനെ പോരാ എന്നർഥം. മാറിയേ തീരൂ, അടിമുടി. അതിന് സിനിമാപ്രവര്ത്തകര്തന്നെ മുന്‍കൈയെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.