രാജ്യത്ത് നിശ്ചിത ജനസമൂഹത്തെ സന്ദർശിക്കാനും കൂടിക്കാണാനും മുൻകൂർ അനുമതി തേടൽ പതിവില്ല. ജയിൽ സന്ദർശനത്തിനുപോലും മുൻകൂർ അനുമതി വേണ്ട. കാഴ്ചബംഗ്ലാവിലടക്കം കയറാൻ അന്നു രാവിലെ ടിക്കറ്റ് എടുത്താൽ മതിയാകും. അപ്പോൾ പിന്നെ കേരള പട്ടികവർഗ വികസന വകുപ്പ് ഇറക്കിയ സർക്കുലർ എന്തിനാണ്?
ഇനിമുതൽ ആദിവാസി മേഖലകളിൽ വിവരശേഖരണം നടത്താനും ക്യാമ്പുകൾ സംഘടിപ്പിക്കാനുമെല്ലാം പട്ടികവർഗ വകുപ്പിന്റെ ജില്ല ഓഫിസുകളിൽനിന്ന് രണ്ടാഴ്ച മുമ്പെങ്കിലും അനുമതി വാങ്ങണമെന്നാണ് സർക്കാർ സർക്കുലർ. പട്ടികവർഗ വികസനവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ ഊരുകളിലേക്കുള്ള വ്യക്തികളുടെയും സംഘടനകളുടെയും സന്ദർശനവും വിവരശേഖരണവും നിർത്തിവെപ്പിക്കാൻ നടപടിയെടുക്കണമെന്ന് പ്രസ്താവിച്ചാണ് പട്ടികവർഗ വികസനവകുപ്പ് ഉത്തരവ് ഇറക്കിയത്. പട്ടികവർഗ മേഖലകളിലെ ഗവേഷണാനുമതി, ഫീൽഡ് സർവേ, ഇന്റേൺഷിപ്പ്, ക്യാമ്പുകൾ സംഘടിപ്പിക്കൽ എന്നിവക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ബി 2 - 1740/ 22 എന്ന നമ്പറായി മേയ് 12ന് സർക്കുലർ പുറത്തിറക്കിയത്.
സർക്കുലർ നടപ്പാക്കുന്നതോടെ സ്വതന്ത്രമായ ഗവേഷണപ്രവർത്തനങ്ങളും വിവരശേഖരണവും പൂർണമായും തടയപ്പെട്ടും. മാധ്യമപ്രവർത്തകർക്കുപോലും ഉൗരുകളിൽ കടക്കാൻ കഴിയാത്ത അവസ്ഥ വരും. അനുമതിയോടുകൂടി നടത്തുന്ന ഗവേഷണപ്രവർത്തനങ്ങൾ പൂർണമായും സർക്കാർ നിയന്ത്രണത്തിലാക്കും.
ആദിവാസി മേഖലകളിലെ മാവോവാദി സാന്നിധ്യമാണ് ഈ നീക്കത്തിന് കാരണമെന്ന് സർക്കുലർ പറയാതെ പറയുന്നുണ്ട്. അല്ലാതെ എന്തുകൊണ്ട് സർക്കുലർ എന്നതിന് കൃത്യമായ കാരണം പറയുന്നില്ല.
രാത്രികാലങ്ങളിൽ ഊരുകളിൽ തങ്ങാൻ പാടില്ല, സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന കോളനികളുടെ വിവരങ്ങൾ, സന്ദർശിക്കുന്ന തീയതി എന്നിവ മുൻകൂറായി നൽകണം തുടങ്ങിയ സർക്കുലറിലെ വ്യവസ്ഥകൾ സ്വതന്ത്രമായ ഗവേഷണത്തെ തടസ്സപ്പെടുത്തുന്നതാണ്. ആദിവാസി ജനതയുടെ സാമൂഹികാവസ്ഥയെ സംബന്ധിച്ച യഥാർഥ വസ്തുത മൊത്തം കേരളത്തിൽനിന്നും മറച്ചുവെക്കുകയാണ് ഇതിലൂടെ സംഭവിക്കുക. സംരക്ഷണത്തിന്റെ പേരിൽ ഉൗരുകളെ 'മ്യൂസിയം' ആക്കി അവഹേളിക്കുകയാണ് ഇതിലൂടെ സംഭവിക്കുക. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം എന്നാൽ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശമാണ്. സമൂഹവുമായി ഇടപഴകി ജീവിക്കാനുള്ള ആദിവാസി ജനതയുടെ അവകാശത്തെ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. പല കോണുകളിൽനിന്നും പ്രതിഷേധം ഉയർന്നിട്ടും ഒരു പുനരാലോചനക്കുപോലും ഇതെഴുതുമ്പോഴും (ജൂൺ ഒന്ന്, ബുധൻ) സർക്കാർ തയാറായിട്ടില്ലെന്നത് നിർഭാഗ്യകരമാണ്.
സർക്കാറിന്റെ നിലപാടിനെതിരെ ആദിവാസി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നുവെന്നത് നല്ല കാര്യമാണ്. ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത സർക്കുലർ സർക്കാർ പിൻവലിക്കണം. അതിനായി മുഴുവൻ സമൂഹവും രംഗത്തുവരണം. ഉൗരുകളിലേക്ക് ഐക്യത്തിന്റെ കരങ്ങൾ നീട്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.