സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ തിമിര്‍പ്പിന്റെ വേളയില്‍തന്നെ, കഴിഞ്ഞ ലക്കം ആഴ്ചപ്പതിപ്പ് നിര്‍ണായകമായ ചോദ്യം ഉന്നയിച്ചിരുന്നു: സ്വാതന്ത്ര്യം ആരുടെ, ആര്‍ക്ക്? ഉത്തരത്തിന് അധികം കാത്തിരിക്കേണ്ടിവന്നില്ല. സ്വാതന്ത്ര്യദിനത്തില്‍തന്നെ മറുപടി വന്നു. ഒരിടത്തുനിന്നല്ല, മൂന്നിടത്തുനിന്ന്. ഒന്ന്: രാജസ്ഥാനിലെ ജലോർ ജില്ലയിലെ സരസ്വതി വിദ്യാമന്ദിര്‍ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ ജാതിവെറിയില്‍, സവര്‍ണ ജാതിക്കാരനായ...
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ തിമിര്‍പ്പിന്റെ വേളയില്‍തന്നെ, കഴിഞ്ഞ ലക്കം ആഴ്ചപ്പതിപ്പ് നിര്‍ണായകമായ ചോദ്യം ഉന്നയിച്ചിരുന്നു: സ്വാതന്ത്ര്യം ആരുടെ, ആര്‍ക്ക്?
ഉത്തരത്തിന് അധികം കാത്തിരിക്കേണ്ടിവന്നില്ല. സ്വാതന്ത്ര്യദിനത്തില്‍തന്നെ മറുപടി വന്നു. ഒരിടത്തുനിന്നല്ല, മൂന്നിടത്തുനിന്ന്.
ഒന്ന്: രാജസ്ഥാനിലെ ജലോർ ജില്ലയിലെ സരസ്വതി വിദ്യാമന്ദിര്‍ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ ജാതിവെറിയില്‍, സവര്‍ണ ജാതിക്കാരനായ അധ്യാപകന് മര്‍ദിച്ചുകൊന്നു. കുറ്റം, ദലിതനായ കുഞ്ഞ് ദാഹിച്ചപ്പോള്‍ അധ്യാപകന്റെ കുടിവെള്ളപ്പാത്രത്തില്‍ തൊട്ടു. മൂന്നാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ കുഞ്ഞ് മരിക്കാന്‍ കാരണം ആന്തരികമായി ഏറ്റ ക്ഷതങ്ങളായിരുന്നു.
രണ്ട്: രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നായ 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ 11 പേരെ ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിച്ചു. ഇവര്‍ക്കുമേലുള്ള കുറ്റം: വംശഹത്യക്കിടയില്‍ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. ഗുരുതര ചട്ടലംഘനമായിരുന്നു മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട, ബലാത്സംഗക്കേസ് പ്രതികളുടെ മോചനം നിയമപ്രകാരം അനുവദനീയമല്ല.
മൂന്ന്: വയനാട്ടിലെ നെയ്ക്കുപ്പ ചക്കിട്ടപൊയില്‍ പണിയ കോളനിയിലെ മൂന്ന് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം. കുറ്റം: കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വയലിലെ വരമ്പ് ചവിട്ടി. വലിയ ശീമക്കൊന്നയുടെ വടിയെടുത്തായിരുന്നു മര്‍ദനം.
നമുക്ക് ഉത്തരത്തിലേക്ക് വരാം. ഇതല്ല കാലത്തിന്റെ ശരിയാവേണ്ട ഉത്തരം. അതിനാല്‍ തന്നെ ഇപ്പോഴത്തെ ഉത്തരം മാറ്റിയെഴുതിയേ തീരൂ. അതുവരെ ചോദ്യം പ്രസക്തമായി തുടരും.
ഠഠഠ
ആഴ്ചപ്പതിപ്പിന്റെ ഈ ലക്കം അച്ചടിഘട്ടത്തിലെത്തിയപ്പോഴാണ് എഴുത്തുകാരന് നാരായന് വിടപറഞ്ഞ വാര്‍ത്ത വരുന്നത്. മാധ്യമത്തിന്റെ എക്കാലത്തെയും സുഹൃത്തായിരുന്നു അദ്ദേഹം. ഗോത്രജീവിതത്തെ തനത് അടിത്തറയില്‍നിന്ന് സാഹിത്യത്തിലേക്ക് പടര്‍ത്തിയ അദ്ദേഹം എന്നും ആഴ്ചപ്പതിപ്പുമായി ഊഷ്മള സ്നേഹം പങ്കിട്ടു. ആ വേര്‍പാട് വേദനിപ്പിക്കുന്നു. വായനക്കാര്‍ക്കായി അദ്ദേഹം ഏല്പിച്ച, അവസാനമെഴുതിയ കഥ ഈ ലക്കത്തിലുണ്ട്.
ആഴ്ചപ്പതിപ്പിന്റെ 1248ാം ലക്കത്തില്‍ നാരായന്റെ അഭിമുഖവും ജീവിതവും പ്രസിദ്ധീകരിച്ചിരുന്നു. ആ ലക്കത്തില്‍ നാഞ്ചിയമ്മയുമുണ്ടായിരുന്നു. ഇപ്പോള്‍ ഈ ലക്കത്തിലും നാഞ്ചിയമ്മയുണ്ട്. അട്ടപ്പാടിയിലെ തന്റെ ഭൂമി തട്ടിയെടുക്കപ്പെടുന്ന അവസ്ഥയിലാണ് നാഞ്ചിയമ്മ. സാംസ്കാരിക ലോകം ഇടപെട്ടില്ലെങ്കില്‍ നാഞ്ചിയമ്മയുടെ ഭൂമി നഷ്ടപ്പെടും. ഗോത്രജീവിതത്തെ പാട്ടില്‍ പടര്‍ത്തിയ നാഞ്ചിയമ്മയോട് 'മാധ്യമം' കൈകോര്‍ക്കുന്നത് കൃത്യമായ അടിത്തറകളിലാണ്. അത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.