ഗവർണറുമായി സംസ്ഥാന സർക്കാറുകളുടെ ഇടച്ചിൽ ആദ്യ സംഭവമൊന്നുമല്ല. 1957ൽ ഐക്യ കേരളത്തിലെ ആദ്യ സർക്കാർ രൂപവത്കരിക്കുന്ന ഘട്ടത്തിൽ തുടങ്ങിയതാണത്. അഞ്ചു സ്വതന്ത്രർ തന്നെ ഒറ്റക്ക് ഒറ്റക്ക് കാണണമെന്ന് ശഠിച്ച ഗവർണർ രാമകൃഷ്ണറാവുവിനെതിരെ കമ്യൂണിസ്റ്റുകൾ ശക്തമായി ആക്ഷേപംചൊരിഞ്ഞു. കോൺഗ്രസുകാരനായ ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു ആരോപണം. പിന്നീട് ജ്യോതി വെങ്കിടാചലം ഗവർണറായപ്പോഴും രാം ദുലാരി സിൻഹ ആയപ്പോഴും സംസ്ഥാന...
ഗവർണറുമായി സംസ്ഥാന സർക്കാറുകളുടെ ഇടച്ചിൽ ആദ്യ സംഭവമൊന്നുമല്ല. 1957ൽ ഐക്യ കേരളത്തിലെ ആദ്യ സർക്കാർ രൂപവത്കരിക്കുന്ന ഘട്ടത്തിൽ തുടങ്ങിയതാണത്. അഞ്ചു സ്വതന്ത്രർ തന്നെ ഒറ്റക്ക് ഒറ്റക്ക് കാണണമെന്ന് ശഠിച്ച ഗവർണർ രാമകൃഷ്ണറാവുവിനെതിരെ കമ്യൂണിസ്റ്റുകൾ ശക്തമായി ആക്ഷേപംചൊരിഞ്ഞു. കോൺഗ്രസുകാരനായ ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു ആരോപണം. പിന്നീട് ജ്യോതി വെങ്കിടാചലം ഗവർണറായപ്പോഴും രാം ദുലാരി സിൻഹ ആയപ്പോഴും സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടൽ തുടർന്നു. രാം ദുലാരി സിൻഹയുടെ കാലത്ത് സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് സംസ്ഥാന സർക്കാറും ഗവർണറും ഇടഞ്ഞത്.
പക്ഷേ, ഇപ്പോൾ ഗവർണർ-സംസ്ഥാന സർക്കാർ ഏറ്റുമുട്ടലുകൾ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. മുൻകാലങ്ങളിൽനിന്നെല്ലാം വിഭിന്നമായൊരു തലത്തിലേക്ക് അത് മാറിയിരിക്കുന്നു. സെപ്റ്റംബർ 19ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചട്ടങ്ങളും മര്യാദയും വിട്ടു പ്രവർത്തിച്ചു. കക്ഷിരാഷ്ട്രീയ നേതൃത്വത്തെപ്പോലെ വ്യക്തികൾക്കു നേരെ ആരോപണം ചൊരിഞ്ഞു. വൈദേശിക പ്രത്യയശാസ്ത്രത്തിന്റെ വർഗശത്രുനിലപാടുകാരാണ് ഭരണത്തിലെന്നും അതിന്റെ കെടുതിയാണ് കാമ്പസിൽ മുതൽ കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ വരെ ഉണ്ടായ അനിഷ്ടസംഭവങ്ങൾക്ക് കാരണമെന്നും പറഞ്ഞു. സർവകലാശാല, ലോകായുക്ത നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് പറഞ്ഞ ഗവർണർ രോഷം മുഴുവൻ ചൊരിഞ്ഞത് മുഖ്യമന്ത്രിക്കു നേരെയാണ്. ഗവർണറുടെ അധികാരപരിധിയിൽ നിയമത്തിനും കീഴ് വഴക്കങ്ങൾക്കും വിരുദ്ധമായി മുഖ്യമന്ത്രി ഇടപെട്ടെന്നും കണ്ണൂർ വി.സി നിയമനത്തിൽ തന്റെ ഇംഗിതം നടപ്പാക്കാൻ രാജ്ഭവനിൽ നേരിട്ടെത്തി സമ്മർദമുണ്ടാക്കിയെന്നും ആരോപിച്ചു. കണ്ണൂരിൽ തനിക്കുനേരെ ആക്രമണമുണ്ടായപ്പോൾ സഹായക നിലപാട് സ്വീകരിച്ചതിനാണോ വി.സിക്കും കെ.കെ. രാഗേഷിനും ലഭിച്ച സ്ഥാനമാനങ്ങളെന്ന് പരിഹസിച്ചു.
സർക്കാറിനെതിരെയുള്ള ബന്ധുനിയമനം അടക്കമുള്ള ഗവർണറുെട വിമർശനങ്ങളിൽ ചില കാര്യങ്ങളുണ്ട് എന്നതിൽ തർക്കമില്ല. പക്ഷേ, ഗവർണർ തന്റെ നിലമറന്ന്, മോദി സർക്കാറിന്റെ ഏജന്റിന്റെ പണിയിലേക്ക് പതിച്ചിരിക്കുന്നു. പദവിയുടെ അന്തസ്സ് തകർത്ത് ആർ.എസ്.എസ് തലവനെ അങ്ങോട്ടുചെന്ന് കണ്ടു. വാർത്തസമ്മേളനത്തിൽ അതിനെ ന്യായീകരിച്ചു. സംഘ്പരിവാറിന്റെ രാഷ്ട്രീയനിലപാടിനെ പ്രകീർത്തിച്ചു. അതുവഴി സ്വയം വെളിപ്പെടുത്തി.
ഭരണഘടനയുടെ 153ാം അനുച്ഛേദത്തിലാണ് സംസ്ഥാനത്തിന് ഒരു ഗവർണർ വേണമെന്ന് നിഷ്കർഷിക്കുന്നത്. ഗവർണർ കക്ഷിരാഷ്ട്രീയത്തിന് അതീതനായിരിക്കണമെന്ന് സർക്കാരിയ കമീഷനും പൂഞ്ചി കമീഷനുമെല്ലാം വിവിധ കാലങ്ങളിൽ ശിപാർശ ചെയ്തതുമാണ്. ഈ ശിപാർശകൾ പൊതുവിൽ എല്ലാവരും മാനിക്കപ്പെടാറുണ്ട്. എന്നാൽ, മോദിസർക്കാർ അധികാരത്തിലേറിയശേഷം ഈ കീഴ് വഴക്കം അടിമുടി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 'പ്രതിപക്ഷ സംസ്ഥാനങ്ങളിൽ' രാജ്ഭവൻ കേന്ദ്രീകരിച്ച് സമാന്തരമായൊരു ഭരണത്തിന് ശ്രമിക്കുകയാണ് കേന്ദ്രം. കേരളത്തിൽ ആ പണി ചെയ്യുന്നത് ആരിഫ് മുഹമ്മദ് ഖാനാണെന്ന് മാത്രം.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനോട് ചേർന്നുപോകുകയും മാർഗനിർദേശം നൽകുകയുമാണ് കടമ എന്നു ഗവർണർ ഇനിയെങ്കിലും തിരിച്ചറിയണം. കേരളത്തിൽ സംഘ്പരിവാറിനും ബി.ജെ.പിക്കും നിക്ഷിപ്ത താൽപര്യമുണ്ടെന്ന് എല്ലാവർക്കും അറിയാം. അതിന് ചട്ടുകവും ചവിട്ടുപടിയുമായി നിൽക്കാനുള്ള ഗവർണറുടെ നീക്കം തീർത്തും അപലപനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.