രാജ്യത്ത് സമീപകാലത്ത് കണ്ട ഏറ്റവും വലിയ അനീതിയാണ് ബുൾഡോസർ രാജ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറ്റാരോപിതരുടെ കെട്ടിടങ്ങളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് വ്യാപകമായി തകർക്കുന്നത് അടുത്തിടെ പതിവായിരുന്നു. അങ്ങനെ തകർക്കപ്പെട്ടത് മിക്കതും ന്യൂനപക്ഷങ്ങളുടെ താമസസ്ഥലവും കെട്ടിടങ്ങളുമായിരുന്നുവെന്നതാണ് വാസ്തവം. കുറ്റാരോപിതരാണ് അല്ലെങ്കിൽ ഭരണകൂടത്തിന് അപ്രിയങ്ങളായ കാര്യങ്ങളിൽ ഏർപ്പെട്ടുവെന്നതിന്റെ പേരിൽ വാസസ്ഥലങ്ങൾ തകർക്കാൻ ഭരണഘടനയിലോ മറ്റ് നിയമവ്യവഹാരങ്ങളിലോ വ്യവസ്ഥയില്ല. പ്രതികാരം നടപ്പാക്കാനല്ല ഭരണകൂടം. സെപ്റ്റംബർ എട്ടിന്,...
രാജ്യത്ത് സമീപകാലത്ത് കണ്ട ഏറ്റവും വലിയ അനീതിയാണ് ബുൾഡോസർ രാജ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറ്റാരോപിതരുടെ കെട്ടിടങ്ങളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് വ്യാപകമായി തകർക്കുന്നത് അടുത്തിടെ പതിവായിരുന്നു. അങ്ങനെ തകർക്കപ്പെട്ടത് മിക്കതും ന്യൂനപക്ഷങ്ങളുടെ താമസസ്ഥലവും കെട്ടിടങ്ങളുമായിരുന്നുവെന്നതാണ് വാസ്തവം. കുറ്റാരോപിതരാണ് അല്ലെങ്കിൽ ഭരണകൂടത്തിന് അപ്രിയങ്ങളായ കാര്യങ്ങളിൽ ഏർപ്പെട്ടുവെന്നതിന്റെ പേരിൽ വാസസ്ഥലങ്ങൾ തകർക്കാൻ ഭരണഘടനയിലോ മറ്റ് നിയമവ്യവഹാരങ്ങളിലോ വ്യവസ്ഥയില്ല. പ്രതികാരം നടപ്പാക്കാനല്ല ഭരണകൂടം.
സെപ്റ്റംബർ എട്ടിന്, എന്തായാലും സുപ്രീംകോടതി ബുൾഡോസർ രാജ് വിഷയത്തിൽ ഇടപെട്ടിരിക്കുന്നു. നിയമവാഴ്ചയെ നോക്കുകുത്തിയാക്കി ‘ബുൾഡോസർ നീതി’ നടപ്പാക്കുന്നത് സുപ്രീംകോടതി ഒക്ടോബർ ഒന്നുവരെ തടഞ്ഞു. വ്യക്തികളുടെ വീടുകളും കെട്ടിടങ്ങളും സുപ്രീംകോടതിയുടെ അനുമതിയില്ലാതെ അധികൃതർ പൊളിക്കരുതെന്നാണ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പൊതു തെരുവുകൾ, നടപ്പാതകൾ, റെയിൽവേ പാതകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഉത്തരവ് ബാധകമല്ല. കേസ് ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും. ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് ഇടക്കാല ഉത്തരവ്.
നിയമപരമായി അധികാരമുള്ളവരുടെ കൈകൾ ഇത്തരത്തിൽ കെട്ടിയിടരുതെന്ന് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചത് തന്നെ നിയമവ്യവസ്ഥയോടുള്ള ഭരണകൂട സമീപനം വ്യക്തമാക്കുന്നു. എന്നാൽ, ഇടിച്ചുനിരത്തൽ രണ്ടാഴ്ച നിർത്തിവെച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് തുഷാർ മേത്തക്ക് ജസ്റ്റിസ് ഗവായ് മറുപടി നൽകിയത് ശുഭസൂചകമാണ്. 2022ൽ ഡൽഹിയിലെ ജഹാംഗീർപുരിയിൽ കലാപത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ വീടുകൾ ഇടിച്ചുനിരത്തിയത് ചോദ്യംചെയ്ത് ജംഇയ്യതുൽ ഉലമായെ ഹിന്ദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി നടപടി.
ഉത്തർപ്രദേശിലാണ് ബുൾഡോസർ രാജ് ശരിക്കും അരങ്ങേറിയത്. പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ വീടുകൾ പലതും ഇടിച്ചുപൊളിച്ചു. പ്രയാഗ്രാജിൽ ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചത് വലിയ വിവാദമുയർത്തിയിരുന്നു. ജാവേദ് മുഹമ്മദിന്റെ വീട് പൊളിക്കുമെന്ന് പ്രഖ്യാപിച്ച് ഭരണകൂടം പൊളിച്ചത് അദ്ദേഹത്തിന്റെ വീടായിരുന്നില്ല. ഭാര്യ പർവീൻ ഫാത്തിമയുടെ വീടായിരുന്നുവെന്നത് മറ്റൊരു കാര്യം. അതെന്തായാലും ഭരണകൂടത്തിന് എതിരായി നിലപാട് എടുത്തുവെന്നതിന്റെ പേരിലോ കുറ്റങ്ങളിൽ പ്രതിയായതിന്റെ പേരിലോ ബുൾഡോസർ രാജ് നടപ്പാക്കുന്നത് അനീതിയാണ്, നിയമ നിഷേധമാണ്, മനുഷ്യാവകാശ-പൗരാവകാശ ലംഘനമാണ്. അത് അനുവദിച്ചുകൂടാ. കോടതി ഇക്കാര്യത്തിൽ ഏറ്റവും നീതിയുക്തമായ വിധി പുറപ്പെടുവിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.