പിന്നോട്ടു നടക്കൽ ഭൗതികശാസ്ത്രപരമായി തന്നെ തെറ്റായ നടപടിയാണ്. സാമൂഹികശാസ്ത്രപരമായി നോക്കിയാൽ തീർത്തും തെറ്റ്. പിന്നോട്ടു നടന്ന്, കടന്നുവന്ന വഴികളെ റദ്ദാക്കി അതിവേഗം തുടങ്ങിയിടത്തേക്കു പോകുന്നത് ഒരു സമൂഹത്തിന് ഒട്ടും ആശാസ്യമല്ല. ഒരു ജനതയുടെ വളർച്ചമുറ്റി എന്നു മാത്രമല്ല അതിന്റെ സൂചന. അപകടാവസ്ഥയിലാണ് എന്നുകൂടിയാണ്. നവോത്ഥാനത്തിന്റെ കുറഞ്ഞത് രണ്ട് ശതാബ്ദങ്ങളെ മറികടന്നാണ് നമ്മൾ മുന്നോട്ടുവന്നത്. ആഭിചാരത്തെയും ദുർമന്ത്രവാദത്തെയും...
പിന്നോട്ടു നടക്കൽ ഭൗതികശാസ്ത്രപരമായി തന്നെ തെറ്റായ നടപടിയാണ്. സാമൂഹികശാസ്ത്രപരമായി നോക്കിയാൽ തീർത്തും തെറ്റ്. പിന്നോട്ടു നടന്ന്, കടന്നുവന്ന വഴികളെ റദ്ദാക്കി അതിവേഗം തുടങ്ങിയിടത്തേക്കു പോകുന്നത് ഒരു സമൂഹത്തിന് ഒട്ടും ആശാസ്യമല്ല. ഒരു ജനതയുടെ വളർച്ചമുറ്റി എന്നു മാത്രമല്ല അതിന്റെ സൂചന. അപകടാവസ്ഥയിലാണ് എന്നുകൂടിയാണ്.
നവോത്ഥാനത്തിന്റെ കുറഞ്ഞത് രണ്ട് ശതാബ്ദങ്ങളെ മറികടന്നാണ് നമ്മൾ മുന്നോട്ടുവന്നത്. ആഭിചാരത്തെയും ദുർമന്ത്രവാദത്തെയും എല്ലാം തട്ടിനീക്കി പുരോഗമന- പ്രബുദ്ധ കേരളത്തിലേക്ക് എത്തിച്ചേർന്നുവെന്നായിരുന്നു നമ്മുടെ അവകാശവാദം. എന്നാൽ, അത് തെറ്റാണെന്നും പൊള്ളയായ അവകാശവാദമാണെന്നും കഴിഞ്ഞ ദിവസം പത്തനംതിട്ട ഇലന്തൂരിലടക്കം നടന്ന സംഭവങ്ങൾ തെളിയിക്കുന്നു.
കുടുംബത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി മന്ത്രവാദത്തിന്റെ പേരിൽ രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുവന്ന് കൊന്നു കഷണങ്ങളാക്കി കുഴിച്ചിട്ടെന്ന വാർത്ത നമ്മളെ നടുക്കുന്നു. മൃതദേഹം കറിവെച്ചെന്നും മറ്റുമുള്ള 'കാനിബാലിസ' വാർത്തകളും ഇതോടൊപ്പം പ്രചരിക്കുന്നു. ഇലന്തൂരിന് സമീപം കാരംവേലി-പുന്നക്കാട് റോഡിൽ പുളിന്തിട്ട മാർത്തോമ പള്ളിക്ക് സമീപം പാരമ്പര്യ തിരുമ്മുചികിത്സ കേന്ദ്രം നടത്തുന്ന ഭഗവൽ സിങ്ങിന്റെ വീട്ടിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ലോട്ടറി വിൽപനക്കാരായ, എറണാകുളം കടവന്ത്രയിൽ താമസിക്കുന്ന തമിഴ്നാട് ധർമപുരി സ്വദേശി പത്മ (56), കാലടി മറ്റൂരിൽ താമസിച്ചിരുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസ്ലിൻ (49) എന്നിവരെയാണ് മന്ത്രവാദത്തിന്റെ ഭാഗമായി പീഡിപ്പിച്ചും തലയറുത്തും കൊലപ്പെടുത്തിയത്. ഭഗവൽ സിങ്ങിന്റെ കുടുംബത്തിന്റെ സമ്പദ്സമൃദ്ധിക്കായി ഇയാളുടെ വീടിന് സമീപത്തെ തിരുമ്മുചികിത്സ കേന്ദ്രത്തിലാണ് ജൂൺ, സെപ്റ്റംബർ മാസങ്ങളിലായി കൊലപാതകങ്ങൾ നടന്നത്. കേസിൽ മന്ത്രവാദിയായ ഏജന്റ് പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷിഹാബ്, പാരമ്പര്യ തിരുമ്മുചികിത്സ കേന്ദ്രം നടത്തുന്ന ഇലന്തൂർ കടകമ്പള്ളിൽ ഭഗവൽ സിങ് (67), രണ്ടാം ഭാര്യ ലൈല (60) എന്നിവരാണ് അറസ്റ്റിലായത്.
നടന്നുവെന്ന് പറയുന്ന നരബലിക്ക് ഒരു പാറ്റേണുണ്ട്. വിദ്യാസമ്പന്നനാണ് ഭഗവൽ സിങ്. സമൂഹത്തിൽ മാന്യമായും പുരോഗനപരമായും ഇടപെടുന്നയാളാണ്. ഇരകളാക്കപ്പെട്ട സ്ത്രീകൾ ദരിദ്രരും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുമാണ്. മെച്ചപ്പെട്ട ജീവിതം, പണം എന്നിവയിലേക്കുള്ള മോഹമാണ് എല്ലാവരെയും ഒരുമിപ്പിക്കുന്നത്. അതായത്, ഇത് കേവലം അന്ധവിശ്വാസത്തിന്റെ തലത്തിൽ മാത്രമല്ല കാണേണ്ടത്. നമ്മുടെ സമൂഹത്തിലെ ക്രമം, ദാരിദ്ര്യം, വിശ്വാസങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ച് സാമൂഹികശാസ്ത്ര തലത്തിൽതന്നെ പരിശോധിക്കപ്പെടണം.
സമൂഹത്തിന്റെ എല്ലാതലങ്ങളിലും ശാസ്ത്രീയ അവബോധം പടർത്താൻ ഭരണാധികാരികളെപ്പോലെ ഓരോരുത്തർക്കും ബാധ്യതയുണ്ട്. അതല്ല നടക്കുന്നത്. പകരം എല്ലാത്തരം മാധ്യമങ്ങളിലൂടെയും മറ്റും എളുപ്പത്തിൽ പണവും സൗഭാഗ്യവും ലഭിക്കുന്ന പൂജകൾ, ഏലസ്സുകൾ എന്നിവയുടെ പരസ്യങ്ങളും വാർത്തകളും പ്രചരിപ്പിക്കപ്പെടുന്നു. നാരായണഗുരുവും അയ്യൻകാളിയും സഹോദരൻ അയ്യപ്പനുമെല്ലാം നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ച, പ്രചരിപ്പിച്ച അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടം നിലക്കുകയും പകരം അന്ധവിശ്വാസം ആ സ്ഥാനം കൈയേറുകയും ചെയ്യുന്നു. ഹിന്ദുത്വയുടെ ഘോഷണം ശക്തമായതോടെ രാജ്യത്ത് മൊത്തത്തിൽതന്നെ പുനർജീവനവാദം ശക്തമാണ്. ഇതൊരു അപകടാവസ്ഥയാണ്. നമ്മുടെ പോരാട്ടമുഖങ്ങൾ പലതട്ടിൽ വികസിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ നരബലി വാർത്തകൾ ഒന്നും പുതുമയല്ലാത്തതായി വേഗം മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.