ജനകീയ സംവാദത്തിനൊരു ആമുഖംസൈലന്റ് വാലി ഒരു തുടക്കമായി കാണാം. സംസ്ഥാനത്ത് ബദൽ ജനസഞ്ചയ രാഷ്ട്രീയത്തിന്റെയും ജനകീയ സമരത്തിന്റെയും പുതുഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. അതിനുശേഷം കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിന് സമരങ്ങൾ നടന്നു. ഇതിൽ സാമ്രാജ്യത്വവിരുദ്ധവും കോർപറേറ്റ് വിരുദ്ധവുമായ സമരങ്ങളുണ്ടായിരുന്നു, പരിസ്ഥിതി സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുണ്ടായിരുന്നു, അതിജീവനത്തിനുവേണ്ടിയുള്ള മുറവിളികളുണ്ടായിരുന്നു. ഈ സമരങ്ങളിൽ...
ജനകീയ സംവാദത്തിനൊരു ആമുഖം
സൈലന്റ് വാലി ഒരു തുടക്കമായി കാണാം. സംസ്ഥാനത്ത് ബദൽ ജനസഞ്ചയ രാഷ്ട്രീയത്തിന്റെയും ജനകീയ സമരത്തിന്റെയും പുതുഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. അതിനുശേഷം കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിന് സമരങ്ങൾ നടന്നു. ഇതിൽ സാമ്രാജ്യത്വവിരുദ്ധവും കോർപറേറ്റ് വിരുദ്ധവുമായ സമരങ്ങളുണ്ടായിരുന്നു, പരിസ്ഥിതി സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുണ്ടായിരുന്നു, അതിജീവനത്തിനുവേണ്ടിയുള്ള മുറവിളികളുണ്ടായിരുന്നു. ഈ സമരങ്ങളിൽ മാവൂർ, പ്ലാച്ചിമട, മുത്തങ്ങ, ചെങ്ങറ, കിനാലൂർ, വിളപ്പിൽശാല, പെമ്പിളൈ ഒരുമ, പൗരത്വ പ്രക്ഷോഭം, കെ. റെയിൽ പോലുള്ള അത്യുജ്ജ്വല ചെറുത്തുനിൽപുകളുണ്ടായിരുന്നു.
അേപ്പാൾതന്നെ ഈ സമരനടത്തിപ്പുകൾക്ക് എതിരെ പലതരം വിമർശനം ഉയർന്നു. ഭരണകൂടം നടത്തിയ തീവ്രവാദ ചാപ്പകളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. സംസ്ഥാനതലത്തിൽ ഉയർന്നുവരേണ്ടിയിരുന്ന ബദൽ ജനകീയ രാഷ്ട്രീയം ഉണ്ടായില്ല എന്നതാണ് അതിൽ ഒന്ന്. എൻ.ജി.ഒകളുടെ പങ്ക്, അട്ടിമറി, ഹൈജാക്കിങ് പോലുള്ള ആക്ഷേപം ഒരുവശത്ത് ഉയർന്നു. മറുവശത്ത് കീഴാള രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചവരിൽ ചിലർ പരിസ്ഥിതി സമരങ്ങൾ സവർണരുടെ ഗൃഹാതുരതയായിരുന്നു എന്നമട്ടിൽ വിമർശനം ചൊരിഞ്ഞു. ബദൽ രാഷ്ട്രീയം ഉയർന്നുവരാത്തതിന് പിന്നിൽ ചിലരുടെ നിക്ഷിപ്ത താൽപര്യവും ഗൂഢ പങ്കാളിത്തവുമാണെന്ന് കുറ്റപ്പെടുത്തലുണ്ടായി.
എന്താണ് വസ്തുത എന്ന് പരിശോധിക്കേണ്ടതുണ്ട്. ഏതാണ്ട് നാലരപ്പതിറ്റാണ്ടിലേറെ വരുന്ന സിവിൽ പൊളിറ്റിക്സിനെ ഗൗരവമായി തന്നെ പഠനവിധേയവും വിമർശനവിധേയവുമാക്കേണ്ടതുണ്ട്. പരാജയത്തിൽനിന്ന് പഠിക്കേണ്ടതുണ്ട്. തെറ്റുകൾ സംഭവിച്ചെങ്കിൽ തിരുത്തേണ്ടതുണ്ട്. ആ അന്വേഷണത്തിന്, സംവാദത്തിന് വേദിയാകാൻ മാധ്യമം ആഴ്ചപ്പതിപ്പ് ഒരുങ്ങുകയാണ്. വായനക്കാരും എഴുത്തുകാരും ചിന്തകരുമെല്ലാം ഈ പ്രക്രിയയിൽ പങ്കാളിയാകണം. കാരണം, നമുക്ക് മുന്നോട്ടാണ് പോകേണ്ടത്, ചുവടുകൾ പിഴക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.