‘തുടക്ക’ത്തിന്റെ തലക്കെട്ട് മാറ്റുന്നില്ല. കഴിഞ്ഞയാഴ്ചയിലേതു തന്നെയാണ് ഇത്തവണയും. ഒരാഴ്ച മുമ്പ് ‘തുടക്ക’മെഴുതുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെ കോടതിവിധി വന്നിരുന്നില്ല. മുന്നറിയിപ്പ് നൽകുക മാത്രമാണ് ഇത്തവണയും ഉദ്ദേശ്യം. രാജ്യവും ജനാധിപത്യവും ഗുരുതരമായ അപകടാവസ്ഥയിലാണ് എന്നുതന്നെയാണ് അത്. കാര്യങ്ങൾ ഈ വിധം മുന്നോട്ടു പോകുന്നത് അഭികാമ്യമല്ല. ‘മോദി’മാരെക്കുറിച്ച് ഒരു പൊതുയോഗത്തിൽ പരാമർശം നടത്തിയെന്നതിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത്...
‘തുടക്ക’ത്തിന്റെ തലക്കെട്ട് മാറ്റുന്നില്ല. കഴിഞ്ഞയാഴ്ചയിലേതു തന്നെയാണ് ഇത്തവണയും. ഒരാഴ്ച മുമ്പ് ‘തുടക്ക’മെഴുതുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെ കോടതിവിധി വന്നിരുന്നില്ല. മുന്നറിയിപ്പ് നൽകുക മാത്രമാണ് ഇത്തവണയും ഉദ്ദേശ്യം. രാജ്യവും ജനാധിപത്യവും ഗുരുതരമായ അപകടാവസ്ഥയിലാണ് എന്നുതന്നെയാണ് അത്. കാര്യങ്ങൾ ഈ വിധം മുന്നോട്ടു പോകുന്നത് അഭികാമ്യമല്ല.
‘മോദി’മാരെക്കുറിച്ച് ഒരു പൊതുയോഗത്തിൽ പരാമർശം നടത്തിയെന്നതിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചു. അഴിമതിയെക്കുറിച്ചും അതിൽ ‘മോദി’മാരുടെ പങ്കുമാണ് രാഹുൽ ഗാന്ധി പറഞ്ഞത് എന്ന് എല്ലാവർക്കും അറിയാം. അല്ലാതെ മോദിയെന്ന സമുദായത്തെപ്പറ്റിയല്ല. അത് ബാധകമാകാത്ത വിധമായിരുന്നു മാനനഷ്ടക്കേസിലെ ശിക്ഷ. മണിക്കൂറുകൾക്കുള്ളിൽ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കി. അതിനും തൊട്ടുപിന്നാെല ഔദ്യോഗിക വസതി ഒഴിയാനുള്ള ഉത്തരവും വന്നു. രാഹുൽ ഗാന്ധി വിധിക്കെതിരെ അപ്പീൽ പോകുന്നതോ, കോടതി തന്നെ വിധി നടപ്പാക്കുന്നത് 30 ദിവസം നീട്ടിവെച്ചതോ ഒന്നും ബാധകമല്ലാത്ത പോലെയാണ് മോദി ഭരണകൂടം പ്രവർത്തിച്ചത്. പ്രതികാരവും പക്ഷപാതിത്വവും തങ്ങളുടെ മുഖമുദ്രയാണ് എന്ന് ഭരണവർഗം ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.
കഴിഞ്ഞയാഴ്ചകളിലും രാഹുൽ വേട്ട കൊണ്ടുപിടിച്ചു നടന്നിരുന്നു. വിദേശത്തുെവച്ച് മോദിഭരണത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ ഇന്ത്യാവിരുദ്ധമെന്നാരോപിച്ച് അതിൽ സ്പീക്കർക്ക് മാപ്പ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സഭയിൽ പ്രശ്നങ്ങളുണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലും പാർലമെന്റിന്റെ ഇരുസഭകളിലും നടന്ന പ്രതിഷേധം രാഹുൽ ഗാന്ധിക്കെതിരെ തീരുമാനിച്ചുറച്ചാണ് ബി.ജെ.പി നടത്തുന്നത് എന്ന് ആദ്യം മുതൽക്കേ വ്യക്തമാക്കി. രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കുന്നതിനുള്ള നടപടിക്രമത്തിന് തുടക്കമിടാൻ പ്രത്യേക പാർലമെന്ററി സമിതി രൂപവത്കരിക്കണമെന്ന് അന്ന് ബി.ജെ.പി സ്പീക്കർ ഓം ബിർലക്ക് കത്ത് നൽകി. തങ്ങൾ ലക്ഷ്യമിടുന്നത് അവകാശലംഘനത്തിനുള്ള കേവലനടപടി അല്ലെന്നും മാപ്പുപറയാത്ത രാഹുലിനെ സഭയിൽനിന്ന് പുറത്താക്കിയേ തങ്ങളുടെ പ്രതിഷേധം അവസാനിക്കൂ എന്നുമാണ് ബി.ജെ.പി പറഞ്ഞത്. അവകാശലംഘനത്തിനുള്ള നടപടി വ്യക്തമാക്കുന്ന ചട്ടം 223 പ്രകാരം ഇന്ത്യൻ ജനാധിപത്യത്തെയും പാർലമെന്റിനെയും കോടതികളെയും കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ അനാവശ്യവും അംഗീകരിക്കാനാകാത്തതുമാണെന്ന് രാഹുലിനെതിരെ അവകാശലംഘനത്തിന് നടപടി ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ച നിഷികാന്ത് ദുബെ പറഞ്ഞു. അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നീങ്ങുന്നത് ഇല്ലാതാക്കാനാണ് രാഹുൽ ഗാന്ധിക്കെതിരെ നീങ്ങിയത്. ഇത് കൂടാതെ വിവരശേഖരണം എന്ന പേരിൽ രാഹുൽ ഗാന്ധിയെ നിരന്തരമായി ശല്യംചെയ്യാനും സർക്കാർ ശ്രമിച്ചു. രാഹുൽ ഗാന്ധിയെ ചോദ്യംചെയ്യാൻ ഡൽഹി പൊലീസ് വീട്ടിൽ എത്തി. ഈ തലത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുമ്പോഴാണ് കോടതിവിധി വന്നത്. അത് രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് പുറത്താക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് ആക്കം കൂട്ടിയെന്നു മാത്രം.
രാജ്യത്ത് ഒരു വിമതശബ്ദവും അനുവദിക്കില്ല എന്നാണ് മോദി ഭരണകൂടത്തിന്റെ അപ്രഖ്യാപിത നിലപാട്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഏതൊരു ശബ്ദവും അടിച്ചമർത്തും. അതിന്റെ ഭാഗമായി, രാജ്യത്തെ പ്രമുഖരായ മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും നീണ്ടകാലമായി ജയിലിനകത്താണ്. മാർച്ച് 21ന് ഹിന്ദുത്വക്കെതിരെ ട്വിറ്ററിൽ പോസ്റ്റിട്ടതിന്റെ പേരിൽ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതൻ കുമാർ അറസ്റ്റിലായതാണ് അതിൽ ഒന്ന്. തൊട്ടുതലേന്ന് ‘‘നുണകളുടെ മുകളിലാണ് ഹിന്ദുത്വ കെട്ടിയുയർത്തിയത്’’ എന്ന് ട്വീറ്റ് ചെയ്തതാണ് കുറ്റം.
രാഹുൽ ഗാന്ധിയെ മാത്രമല്ല രാജ്യത്തെ മൊത്തം വിമതരെയും നിശ്ശബ്ദമാക്കുകയാണ് ഭരണകൂടലക്ഷ്യം. അദാനി വിഷയമോ, രാജ്യത്ത് ഭരണകൂടം നടത്തുന്ന ന്യൂനപക്ഷ വേട്ടയോ ഒന്നും രാഹുലടക്കം ആരും മിണ്ടരുത്. ഒട്ടും ശുഭസൂചകമല്ല കാര്യങ്ങൾ. എല്ലാം പൂർണമായും കൈവിട്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.