The quality of democracy and the quality of journalism are deeply entwined- Bill Moyersബിൽ മോയേഴ്സ് അമേരിക്കക്കാരനാണ് എന്നതുകൊണ്ടും ഒരുകാലത്ത് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്നുവെന്നതുകൊണ്ടും പറഞ്ഞ കാര്യം തെറ്റാവുന്നില്ല. മാധ്യമപ്രവർത്തനവും ജനാധിപത്യവും പരസ്പരം ഇഴചേർന്ന അസ്തിത്വങ്ങളാണ്. ഒന്ന് ഇല്ലെങ്കിൽ മറ്റൊന്നില്ല. ഒരു രാജ്യത്തെ ജനാധിപത്യത്തിെൻറ അവസ്ഥ എന്തെന്നറിയാൻ അവിടത്തെ മാധ്യമങ്ങളുടെ അവസ്ഥ എന്തെന്നു നോക്കിയാൽ മതിയാകും.ഇന്ത്യൻ ജനാധിപത്യത്തിന്റെ അളവുകോലും മാധ്യമ...
The quality of democracy and the quality of journalism are deeply entwined- Bill Moyers
ബിൽ മോയേഴ്സ് അമേരിക്കക്കാരനാണ് എന്നതുകൊണ്ടും ഒരുകാലത്ത് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്നുവെന്നതുകൊണ്ടും പറഞ്ഞ കാര്യം തെറ്റാവുന്നില്ല. മാധ്യമപ്രവർത്തനവും ജനാധിപത്യവും പരസ്പരം ഇഴചേർന്ന അസ്തിത്വങ്ങളാണ്. ഒന്ന് ഇല്ലെങ്കിൽ മറ്റൊന്നില്ല. ഒരു രാജ്യത്തെ ജനാധിപത്യത്തിെൻറ അവസ്ഥ എന്തെന്നറിയാൻ അവിടത്തെ മാധ്യമങ്ങളുടെ അവസ്ഥ എന്തെന്നു നോക്കിയാൽ മതിയാകും.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അളവുകോലും മാധ്യമ സ്വാതന്ത്ര്യമാണ്. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഗുരുതരമായ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് അടിയന്തരാവസ്ഥയിലേതിനു സമാനമാണ് സാഹചര്യങ്ങൾ. ഒരൊറ്റ വ്യത്യാസം അടിയന്തരാവസ്ഥ അപ്രഖ്യാപിതമാണെന്നു മാത്രം. മോദിസർക്കാർ അധികാരത്തിൽ വന്നതിനുശേഷം എന്താണ് മാധ്യമങ്ങൾക്കു സംഭവിച്ചത് എന്ന് ഗൗരവമായ പഠനത്തിനു വിധേയമാക്കേണ്ടതുണ്ട്. മാധ്യമങ്ങളെ പലരീതിയിൽ നിശ്ശബ്ദമാക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. വഴങ്ങാത്ത പത്രാധിപന്മാരെ പലവിധത്തിലെ ഇടപെടലിലൂടെ പുറത്താക്കി. ഗൗതം നവ്ലഖയെ പോലുള്ളവരെ ജയിലിലടച്ചു. പരസ്യവും മറ്റും നിഷേധിച്ച് മാധ്യമങ്ങളെ പൂട്ടിക്കെട്ടി. എൻ.ഡി.ടി.വി പോലുള്ള സ്ഥാപനങ്ങളെ തങ്ങളുടെ ഇഷ്ടക്കാരെക്കൊണ്ട് വിലക്കെടുപ്പിച്ചു. ബദൽ മാധ്യമപ്രവർത്തനം നടത്തുന്ന ‘വയറി’നെ പോലുള്ള പോർട്ടലുകൾക്കുനേരെ കേസുകളുടെ പെരുമഴ തീർത്തു. സമാന്തര മാധ്യമപ്രവർത്തനം നടത്തിയവരെ കശ്മീരിലടക്കം അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു. ഭീഷണികൾക്കു മുന്നിലാണ് രാജ്യത്തെ മാധ്യമപ്രവർത്തനം. വഴങ്ങാത്ത മാധ്യമങ്ങളെ പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭരണകൂട ഗൂഢാലോചനയാണ് ‘മീഡിയവൺ’ ചാനലിന്റെ കാര്യത്തിൽ നടന്നത്. വ്യക്തമായ കാരണം പറയാതെ ലൈസൻസ് പുതുക്കിനൽകാതെ ചാനൽ പൂട്ടിക്കുകയായിരുന്നു പദ്ധതി. ധീരമായി നിയമപോരാട്ടം നടത്തി, ജനപിന്തുണയോടെ ‘മീഡിയവൺ’ അതിൽ വിജയിച്ചു.
ഒരു രാജ്യത്ത് സ്വതന്ത്ര മാധ്യമങ്ങൾ നിലനിൽക്കുന്നുവെന്നതിന് അർഥം ആ രാജ്യത്ത് ജനാധിപത്യം ഒരു പരിധിവരെയെങ്കിലും നിലനിൽക്കുന്നുണ്ട് എന്നാണ്. ഒരുതരത്തിലും മാധ്യമപ്രവർത്തനം ഭരണകൂട വാഴ്ത്തുപാട്ടല്ല. അധികാരത്തെ ചോദ്യം ചെയ്യലും അനീതികളെ തുറന്നുകാട്ടലുമാണ് മാധ്യമപ്രവർത്തനം. രാജ്യത്തെ മാധ്യമപ്രവർത്തനം വിമർശനാതീതമൊന്നുമല്ല. പലതരത്തിൽ വിമർശിക്കപ്പെടേണ്ടതുണ്ട് നിലവിലെ മാധ്യമപ്രവർത്തന രീതികൾ. സ്വതന്ത്ര മാധ്യമപ്രവർത്തനം എന്ന പേരിൽ ചില സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഒക്കെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വ്യാജവാർത്തകളുടെ പേരിലും ഭരണകൂട സേവയുടെ പേരിലുമെല്ലാം വിമർശിക്കപ്പെടേണ്ടതുണ്ട്. തൊഴിലിടമെന്ന നിലയിലെ പ്രശ്നങ്ങൾ വേറെ. പക്ഷേ, ഇതൊന്നും മാധ്യമപ്രവർത്തനത്തെ റദ്ദുചെയ്യാനുള്ള സംഗതികളേയല്ല. തെറ്റുകൾ തിരുത്തുകയും തിരുത്തിക്കുകയും വേണം. അവിടെ സൃഷ്ടിപരമായ ഇടപെടലാണ് വേണ്ടത്. അതും ജനാധിപത്യത്തെ ശക്തിപ്പെടുത്തലാണ്.
പക്ഷേ, ഇവിടെ നടക്കുന്നത് ഏകപക്ഷീയമായ മാധ്യമവേട്ടയാണ്. സത്യം ജനം അറിയരുത് എന്നു കരുതുന്നവരുടെ, വാർത്തസമ്മേളനത്തിൽ ഒരു ചോദ്യം പോലും അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്ത ഭരണാധികാരികളുടെ നാടാണിത്. ലോകത്ത് പലയിടത്തും ജനാധിപത്യത്തിെൻറ പേരിലൂടെയാണ് ഫാഷിസം നടപ്പായത്. അത് നടപ്പാക്കും മുമ്പ് ആ സ്ഥലങ്ങളിലെ മാധ്യമങ്ങളെ ഫാഷിസം കൊലപ്പെടുത്തിയിരുന്നു. ഇവിടെയും സമാനമാണ് അവസ്ഥ.
എന്തുകൊണ്ട് മാധ്യമങ്ങൾ വിജയിക്കണം എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ –ജനാധിപത്യം നിലനിൽക്കണം. അത് ഇല്ലെങ്കിൽ ഒരു രാജ്യമെന്ന നിലയിലോ ജനതയെന്ന നിലയിലോ നമ്മൾ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.