അധികാരത്തിന് എന്നും വിധേയരെയാണ് ആവശ്യം. വിമതശബ്ദം ആര് ഉയർത്തിയാലും അത് അടിച്ചമർത്തും; ചിലപ്പോൾ ബലപ്രയോഗത്തിലൂടെ, ചിലപ്പോൾ ഭീഷണിയിലൂടെ, മറ്റുചിലപ്പോൾ തുറുങ്കിലടച്ച്. ഏതുവിധേനയും ‘ഇഷ്ടമില്ലാത്ത’ ശബ്ദങ്ങൾ ‘അധികാരം’ ഇല്ലായ്മ ചെയ്യും. ചോദ്യങ്ങൾ ഉന്നയിക്കുന്നതേ ഇഷ്ടമല്ല. സമകാലിക ഇന്ത്യയിൽ അധികാരം അതിന്റെ പ്രമത്തത ആഘോഷിക്കുകയാണ്. മറുശബ്ദം ഉയർത്തിയവരെ മുഴുവൻ കൊന്നും തുറുങ്കിലടച്ചും ‘തുറന്ന ജയിലി’ലാക്കിയുമെല്ലാം അതിന്റെ ഒരു...
അധികാരത്തിന് എന്നും വിധേയരെയാണ് ആവശ്യം. വിമതശബ്ദം ആര് ഉയർത്തിയാലും അത് അടിച്ചമർത്തും; ചിലപ്പോൾ ബലപ്രയോഗത്തിലൂടെ, ചിലപ്പോൾ ഭീഷണിയിലൂടെ, മറ്റുചിലപ്പോൾ തുറുങ്കിലടച്ച്. ഏതുവിധേനയും ‘ഇഷ്ടമില്ലാത്ത’ ശബ്ദങ്ങൾ ‘അധികാരം’ ഇല്ലായ്മ ചെയ്യും. ചോദ്യങ്ങൾ ഉന്നയിക്കുന്നതേ ഇഷ്ടമല്ല.
സമകാലിക ഇന്ത്യയിൽ അധികാരം അതിന്റെ പ്രമത്തത ആഘോഷിക്കുകയാണ്. മറുശബ്ദം ഉയർത്തിയവരെ മുഴുവൻ കൊന്നും തുറുങ്കിലടച്ചും ‘തുറന്ന ജയിലി’ലാക്കിയുമെല്ലാം അതിന്റെ ഒരു ഘട്ടം വിജയകരമായി നിർവഹിച്ചു. രണ്ടാമത്തെ ഘട്ടമാണ് മാധ്യമങ്ങളുടെ – അത് അച്ചടി-ദൃശ്യമാധ്യമങ്ങളാകട്ടെ, നവ മാധ്യമങ്ങളാകട്ടെ – നിശ്ശബ്ദമാക്കുക. പത്രാധിപർമാരെ പുറത്താക്കിയും പുറത്താക്കിച്ചും, മാധ്യമസ്ഥാപനങ്ങൾതന്നെ വിലക്കെടുത്തും, മാധ്യമപ്രവർത്തകരെ ജയിലിലടച്ചും അതിന്റെ ഇപ്പോഴത്തെ തലം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.
ട്വിറ്ററിനെ കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയതാണ് ഏറ്റവും പുതിയ വാർത്ത. കർഷകസമരത്തിൽ ഞങ്ങൾ പറഞ്ഞത് കേട്ടില്ലെങ്കിൽ ഇന്ത്യയിലെ ട്വിറ്ററിന്റെ മുഴുവൻ ഓഫിസുകളും അടച്ചുപൂട്ടുമെന്നും ജീവനക്കാരുടെ വീടുകൾ റെയ്ഡ് നടത്തുമെന്നും കേന്ദ്രം ഭീഷണിപ്പെടുത്തിയെന്നാണ് വാദം. ട്വിറ്റർ മുൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജാക് ഡോഴ്സിനാണ് ഇത് വെളിപ്പെടുത്തിയത്. ജാക് ഡോഴ്സി പറയുന്നത് പച്ചക്കള്ളമാണെന്ന് കേന്ദ്രം ആരോപിക്കുന്നുവെങ്കിലും കർഷകസമരനേതാക്കളും പ്രതിപക്ഷവും മാധ്യമപ്രവർത്തകരുമെല്ലാം ഇത് ശരിവെക്കുന്നുണ്ട്. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്വിറ്റർ മുൻ മേധാവിയുടെ വെളിപ്പെടുത്തൽ. ഭരണകൂടം ഒരു ആരോപണവും അംഗീകരിക്കാത്തതിനാൽതന്നെ കേന്ദ്രനിഷേധത്തിൽ വലിയ കഴമ്പില്ല. 2023ലെ മാധ്യമ സ്വാതന്ത്ര്യസൂചികയിൽ (World Press Freedom Index) 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 161ലേക്ക് ഇടിഞ്ഞത് ഇൗ അവസരത്തിൽ ഒാർക്കുന്നത് നന്നാവും. Reporters Without Borders (RSF) തയാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലേക്ക് പോയത്. 2022ൽ സ്ഥാനം 150 ആയിരുന്നു.
മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യം കേരളത്തിലും പരുങ്ങലിലാണ് എന്നാണ് വർത്തമാന അനുഭവം. വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതാണ് അതിൽ ഒന്ന്്്. വ്യാജ സർട്ടിഫിക്കറ്റിനെ സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോക്കെതിരെ കെ.എസ്.യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വാർത്താ അവതാരകനെ ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ചതാണ് മറ്റൊരു സംഭവം. 2020ൽ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസംഗത്തെക്കുറിച്ച പരാതിയിലാണ് വാർത്താ അവതാരകൻ അംബ്ജോദ് വർഗീസിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
മാധ്യമസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അളവുകോൽ. അതാണ് ജനാധിപത്യത്തിന്റെ കാമ്പും ഉള്ളടക്കവും. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന, അതിന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന മാധ്യമവേട്ട അധികാരികൾ അവസാനിപ്പിക്കണം. മാധ്യമങ്ങളെ അടിച്ചമർത്തിയും ഭീഷണിപ്പെടുത്തിയും വരുതിക്ക് നിർത്തിക്കൊണ്ട് ഒരു ജനാധിപത്യസമൂഹത്തിനും മുന്നോട്ടുപോകാനാവില്ല. ശബ്ദങ്ങൾ ഉയർന്ന് കേൾക്കുകതന്നെ വേണം. അതിന് നമുക്ക് സ്വതന്ത്രമായ മാധ്യമങ്ങൾ വേണം. മാധ്യമസ്വാതന്ത്ര്യം വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.