അനീതികൾ തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരുന്നാൽ അതൊരു നാട്ടുനടപ്പായി, നീതിയായി മാറും. സോഷ്യോളജിയിൽ നോർമലൈസേഷൻ എന്നു വിളിക്കുന്ന അവസ്ഥ. ആ ഒരു തലത്തിലാണോ ഇപ്പോൾ രാജ്യം? പിന്നെ എന്തു കൊണ്ടാണ് ഇൗ രാജ്യത്ത് ആവർത്തിച്ച് ഉണ്ടാകുന്ന അനീതികൾ, വംശീയ കൊലപാതകങ്ങൾ നിങ്ങളിൽ (ഭൂരിപക്ഷം പേരിൽ) ഒരു പ്രതികരണവും ഉണർത്താത്തത്? ജൂലൈ 31ന്, മഹാരാഷ്ട്രയിലെ പാൽഘഢ് സ്റ്റേഷനു സമീപം, ഓടുന്ന ട്രെയിനിൽ റെയിൽവേ സുരക്ഷാസേനാംഗം ചേതൻ കുമാർ സിങ് നാലുപേരെ വെടിെവച്ചുകൊന്ന സംഭവം അത് അർഹിക്കുന്ന ഒരു...
അനീതികൾ തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരുന്നാൽ അതൊരു നാട്ടുനടപ്പായി, നീതിയായി മാറും. സോഷ്യോളജിയിൽ നോർമലൈസേഷൻ എന്നു വിളിക്കുന്ന അവസ്ഥ. ആ ഒരു തലത്തിലാണോ ഇപ്പോൾ രാജ്യം? പിന്നെ എന്തു
കൊണ്ടാണ് ഇൗ രാജ്യത്ത് ആവർത്തിച്ച് ഉണ്ടാകുന്ന അനീതികൾ, വംശീയ കൊലപാതകങ്ങൾ നിങ്ങളിൽ (ഭൂരിപക്ഷം പേരിൽ) ഒരു പ്രതികരണവും ഉണർത്താത്തത്?
ജൂലൈ 31ന്, മഹാരാഷ്ട്രയിലെ പാൽഘഢ് സ്റ്റേഷനു സമീപം, ഓടുന്ന ട്രെയിനിൽ റെയിൽവേ സുരക്ഷാസേനാംഗം ചേതൻ കുമാർ സിങ് നാലുപേരെ വെടിെവച്ചുകൊന്ന സംഭവം അത് അർഹിക്കുന്ന ഒരു പ്രതികരണവും ‘പൊതുസമൂഹ’ത്തിൽ ഉണർത്തിയിട്ടില്ല. ഇയാൾ ആദ്യം സഹപ്രവർത്തകനായ എ.എസ്.ഐ ടിക്കാറാം മീണയെ വെടിവെച്ചു വീഴ്ത്തിയശേഷം അടുത്ത കോച്ചിലെത്തി മുസ്ലിം പേരുള്ള മൂന്നു യാത്രക്കാരെ തിരഞ്ഞുപിടിച്ച് വെടിവെച്ചു കൊന്നു. രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്കു സമീപംനിന്ന് കോൺസ്റ്റബ്ൾ ‘‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ട് ചെയ്യുക’’ എന്ന് ആക്രോശിച്ചു. ഒരു വാദത്തിന് ഇയാൾക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് തന്നെ സമ്മതിക്കാം. അപ്പോഴും അയാൾ മുസ്ലിംകളെ അവരുടെ വസ്ത്രവും മറ്റും നോക്കി തിരിച്ചറിഞ്ഞ് വെടിെവച്ചു കൊല്ലണമെങ്കിൽ എന്തായിരിക്കും അയാളുടെ മനസ്സിന്റെ അഗാധതലങ്ങളിലുള്ളത്. വെറുപ്പ് തന്നെ. തികഞ്ഞ വംശീയ വെറി. ഇൗ വെറി വെറുതെ സൃഷ്ടിക്കപ്പെട്ടതുമല്ല.
തൊട്ടടുത്ത ദിവസം ആഗസ്റ്റ് ഒന്നിന് ഹരിയാനയിലെ മേവാത്ത് മേഖലയിൽ മുസ്ലിംകൾ തിങ്ങിത്താമസിക്കുന്ന നൂഹ് ജില്ലയിൽ വംശീയ ഉന്മൂലനശ്രമം തുറന്നരൂപം സ്വീകരിച്ചു. ആദ്യ ദിവസംതന്നെ അഞ്ചുപേർ കൊല്ലപ്പെട്ടു. അമ്പതിലേറെ പേർക്ക് പരിക്കേറ്റു. ഗുരുഗ്രാമിൽ പള്ളി ആക്രമിച്ച് തീയിട്ട ജനക്കൂട്ടം ഇമാമിനെ കൊലപ്പെടുത്തി. ബാദ്ഷാപൂരിൽ നിരവധി കടകൾക്ക് തീയിട്ടു. നിരവധി വാഹനങ്ങൾ കത്തിച്ചു. വംശീയകലാപം സമീപപ്രദേശമായ ഗുരുഗ്രാമിലേക്ക് വ്യാപിച്ചിട്ടുണ്ട്. നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് കലാപത്തിൽ കലാശിച്ചത്. ഗോരക്ഷാ ഗുണ്ടയും രാജസ്ഥാൻ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന വാർത്ത പ്രശ്നം വഷളാക്കിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ബല്ലഭ്ഗഢിലെ ബജ്റംഗ്ദൾ പ്രവർത്തകർ സമൂഹമാധ്യമത്തിലിട്ട വിഡിയോ ആണ് സംഘർഷം സൃഷ്ടിച്ചത്. നൂഹ് ജില്ലക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഇപ്പോഴും സംഘപരിവാരത്തിന് വിധേയമാകാൻ മടിക്കുന്ന അപൂർവം പ്രദേശങ്ങളിൽ ഒന്നാണ് നൂഹ്. വ്യവസായ വളർച്ചയുടെയും മറ്റും പശ്ചാത്തലത്തിൽ ഗുഡ്ഗാവിനെ ‘വളർത്തിയപ്പോൾ’ സാമൂഹികമായും സാമ്പത്തികമായും തഴയപ്പെട്ട നാടാണ് അത്. കോർപറേറ്റ് താൽപര്യങ്ങൾ വളരെ വ്യക്തമായ രീതിയിൽ ഇടപെടുന്ന ഇടം.
ട്രെയിനിലെ കൊലപാതകവും ഹരിയാനയിലെ വംശീയ ഉന്മൂലന ശ്രമങ്ങൾക്കുമെല്ലാം ഒരൊറ്റ പ്രഭവകേന്ദ്രമാണുള്ളത്. ന്യൂനപക്ഷ മതവിദ്വേഷങ്ങളും വെറുപ്പും സാധ്യമാകുന്ന എല്ലാ രീതിയിലും പടർത്തുന്ന ആശയശാസ്ത്രമാണ് അതിന്റെ കേന്ദ്രം. ആ ഹിന്ദുത്വ ഫാഷിസമാണ് രാജ്യത്താകെ പല രൂപത്തിലും തലത്തിലും ശക്തമാകുന്ന മത^ജാതി അക്രമങ്ങളുടെ ഉത്തരവാദി. ആ യഥാർഥ പ്രശ്നത്തെ അഭിമുഖീകരിക്കാൻ തയാറാകുന്നതുവരെ ഇത്തരം വാർത്തകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. നോർമലൈസേഷന് വിധേയമാകും. ഞെട്ടൽ ആരിലും ഉളവാക്കില്ല. അത്തരമൊരു അവസ്ഥ സാമൂഹികശാസ്ത്രത്തിൽ ഏറ്റവും അപകടകരവും മോശവുമായാണ് വിലയിരുത്തുന്നത്. അതായത് ഒരു സമൂഹമെന്ന നിലയിൽ, മനുഷ്യർ എന്ന നിലയിൽ നമ്മുടെ നിലനിൽപിനെ പോലും ഇൗ അവസ്ഥ റദ്ദാക്കുന്നു. നമ്മൾ തോറ്റുകൊണ്ടിരിക്കുന്നുവെന്ന് അർഥം. ഇവിടെനിന്ന് നമുക്ക് തിരിച്ചുവന്നേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.