മലയാള സിനിമ മുമ്പെങ്ങുമില്ലാത്ത വിധം തുറന്നുകാട്ടപ്പെടുന്ന ദിനങ്ങളാണ് ഇപ്പോൾ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ നല്ല പങ്കും പുറത്തുവന്നതോടെ ഒന്നിന് പുറകെ ഒന്നായി സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികവും അല്ലാത്തതുമായ അതിക്രമങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പല വിഗ്രഹങ്ങളും ഉടഞ്ഞുവീണു. ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിനും എ.എം.എം.എ ജനറൽ സെക്രട്ടറി സിദ്ദീഖിനും രാജിവെക്കേണ്ടി വന്നു.
എ.എം.എം.എ കമ്മിറ്റി തന്നെ രാജിെവച്ചു. കൊല്ലം എം.എൽ.എകൂടിയായ നടൻ മുകേഷ്, ജയസൂര്യ, ബാബുരാജ്, ഇടവേള ബാബു, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെ സ്ത്രീകൾ തന്നെ പരസ്യമായി മൊഴി നൽകി. 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടർച്ചയായാണ് ഈ സംഭവങ്ങൾ ഒന്നൊന്നായി ചുരുളഴിയുന്നത്. ഇതിൽ അതിജീവിതയുടെയും സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെയും പോരാട്ടങ്ങൾക്ക് വലിയ പങ്കുണ്ട്. സിനിമ-സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പീഡനങ്ങളും ചൂഷണങ്ങളും വിവേചനവും ചൂണ്ടിക്കാട്ടുകയും പ്രതിവിധി നിർദേശിക്കുകയും ചെയ്യുകയായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ചുമതല.
നാലു വർഷം മുമ്പ് സമർപ്പിക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതെ പരണത്തുെവച്ച സർക്കാർ വരുത്തിയ വീഴ്ച വലുതാണ്. എന്നാൽ, വൈകിയ വേളയിലെങ്കിലും, പൊതുബോധത്തെ തൃപ്തിപ്പെടുത്താനായിട്ടെങ്കിലും സർക്കാർ ചില നടപടികൾ എടുക്കുന്നു എന്നത് ആശ്വാസകരമാണ്.
യഥാർഥത്തിൽ സിനിമ എന്ന തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന അസമത്വം, വിവേചനം, ചൂഷണം എന്നിവക്കെതിരെയുള്ള സ്ത്രീകളുടെ പോരാട്ടമാണ് ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നതിൽ സർക്കാർ എത്തിയത്. ഒട്ടും സ്ത്രീസൗഹൃദമല്ല സിനിമ എന്ന തൊഴിലിടം. ഇപ്പോൾ ഉയർന്നുവരുന്ന വിവാദങ്ങൾക്ക് പിറകെയാണ് മാധ്യമങ്ങളും ജനങ്ങളും. പൈങ്കിളിവത്കരണത്തിനു പുറമെ പലരും ചർച്ച ചെയ്യുന്നത് സ്ത്രീകൾക്ക് നേരെയുള്ള പുരുഷൻമാരുടെ ലൈംഗിക അതിക്രമങ്ങളാണ്.
മലയാള സിനിമാരംഗം മാന്യമായ തൊഴിലിടമായി മാറുകയാണ് ആദ്യം വേണ്ടത്. ആരും ചൂഷണം ചെയ്യപ്പെടാത്ത, മാന്യവും അർഹവുമായ വേതനം പറ്റുന്ന ഇടമാവണം. അഭിമാനത്തോടെ സ്ത്രീകൾക്കും പണിയെടുക്കാനാവണം. അതിനുവേണ്ടത് നിലവിലെ സിനിമയിലെ അധികാര ഘടന മാറുക എന്നതാണ്. സ്ത്രീകൾക്ക് നയരൂപവത്കരണങ്ങളിലടക്കം തുല്യപങ്കാളിത്തം ലഭിക്കണം.
രണ്ടാമതായി, സിനിമയെ ക്രിമിനൽമുക്തമാക്കണം. മൂലധനത്തിന്റെ അപ്രമാദിത്വമുള്ള മേഖലയിൽ ക്രിമിനൽവത്കരണം സ്വാഭാവികമാണ്. അതിനെതിരെ പൊതുസമൂഹം ജാഗരൂകരാകണം. പ്രായപൂർത്തിയാകാത്ത കുട്ടികൾവരെ ചൂഷണംചെയ്യപ്പെട്ടുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്... ഇത് പോക്സോ കേസ് ചുമത്തി അന്വേഷിക്കുകയും നടപടി എടുക്കുകയും വേണം. മലയാള സിനിമയെ അധോലോകത്തിൽനിന്നും ക്രിമിനൽ പിടിയിൽനിന്നും മോചിപ്പിക്കണം.
ഇങ്ങനെ ആയിരിക്കുമ്പോൾതന്നെ മലയാള സിനിമ മൊത്തത്തിൽ കുഴപ്പമാണ് എന്ന് ധരിക്കുന്നത് തെറ്റാവും. നല്ല സിനിമകൾ ലോകോത്തര നിലവാരത്തിൽ ഇവിടെ ഇറങ്ങുന്നുണ്ട്. ഭാവനയിലും ആവിഷ്‍കരണത്തിലും ഉജ്ജ്വലമായ സൃഷ്ടികൾ ഉണ്ടാവുന്നു. അവിടെയാണ് ആനന്ദ് ഏകർഷിയെപ്പോലുള്ളവരുടെ മികവ്. നമുക്ക് കൂടുതൽ ആനന്ദ് ഏകർഷിമാർ ലിംഗഭേദമന്യേ കടന്നുവരുന്ന മേഖലയായി മലയാള സിനിമ മാറണം. അതിന് തൊഴിൽ മേഖലയെന്ന നിലയിലും കലാ ആവിഷ്‍കാര മേഖലയെന്ന നിലയിലും സിനിമ അടിമുടി മാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.