ഒരു സമൂഹമെന്ന നിലയിൽ കേരളീയർ എത്രമാത്രം അകമേ അകന്നിരിക്കുന്നുവെന്നും അതെത്രമാത്രം സ്ഫോടനാത്മകമാണെന്നും മനസ്സിലാക്കാൻ ഏറ്റവും നല്ല സൂചകമാണ് കളമശ്ശേരിയിലെ ബോംബ് സ്ഫോടനങ്ങൾ. വിഷവിത്തുകൾ നാടിന്റെ നാനാഭാഗത്തും പൊട്ടിമുളച്ചിരിക്കുന്നുവെന്നും ചിലതെല്ലാം തഴച്ചുവളർന്നിരിക്കുന്നുവെന്നും വ്യക്തം. വളർന്നവ വീണ്ടും വിത്തുകൾ പൊഴിച്ചുകൊണ്ടിരിക്കുന്നു.
ഒക്ടോബർ 29ന് ഞായറാഴ്ച രാവിലെ 9.40ന് എറണാകുളം കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികൾ എന്ന ക്രൈസ്തവ വിഭാഗത്തിന്റെ പ്രാർഥനാസംഗമത്തിലുണ്ടായ സ്ഫോടനങ്ങളെ തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ എത്രമാത്രം വിഷമാണ് നമ്മുടെ ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ഹിന്ദുത്വ വർഗീയ പ്രൊഫൈലുകളും കൂടി ചീറ്റിച്ചത്. ഐ.ഇ.ഡി സ്ഫോടനത്തിൽ ഇതിനകം മൂന്നുപേർ മരിച്ചു, അമ്പതോളം പേർ ചികിത്സയിലുമാണ്. സ്ത്രീകളും കുട്ടികളും വയോധികരുമെല്ലാമടങ്ങിയ രണ്ടായിരത്തിലധികം വരുന്ന വിശ്വാസികൾ പകച്ചുനിന്ന നിമിഷങ്ങളായിരുന്നു അത്.
സംഭവം നടന്ന് മണിക്കൂറുകൾക്കകം കേന്ദ്ര-സംസ്ഥാന ഏജൻസികൾ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അന്വേഷണം തുടങ്ങും മുേമ്പ സംഭവം ക്രിസ്ത്യാനികൾക്കും ജൂതർക്കുമെതിരെയുള്ള ‘മുസ്ലിം’ ബോംബായി പ്രത്യക്ഷമായും പരോക്ഷമായും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. മുസ്ലിം സമൂഹം ഒന്നടങ്കം ഇൗ സ്േഫാടനത്തിന് ഉത്തരവാദികളാണ് എന്ന മട്ടിലായിരുന്നു പലരും പറയാതെ പറഞ്ഞുകൊണ്ടിരുന്നത്. ‘ഏഷ്യാനെറ്റ്’ മേധാവിയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖറിനെ പോലുള്ളവർ കൊടുംവിഷം ചീറ്റി. ‘‘ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാകരമായ പ്രീണന നയത്തിന്റെ ഉദാഹരണമാണ് കളമശ്ശേരിയിലുണ്ടായത്.
കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിനുവേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ, നിരപരാധികളായ ക്രിസ്ത്യാനികൾക്കുനേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടക്കുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയാണ്’’ എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ തട്ടിവിട്ടത്. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയന് രാജീവ് ചന്ദ്രശേഖറിനെ ‘കൊടുംവിഷം’ എന്ന് വിശേഷിപ്പിക്കേണ്ടിവന്നു.
സ്ഫോടനങ്ങൾ നടന്ന് മണിക്കൂറുകൾക്കുള്ളിൽ ബോംബ് താൻതന്നെ നിർമിച്ച്, താൻതന്നെ പൊട്ടിച്ചതാണെന്ന് കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയും പിന്നാലെ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. മതിയായ ആസൂത്രണത്തിനും തയാറെടുപ്പിനും ശേഷം താൻ ഇത് ചെയ്യാനുള്ള കാരണവും അയാൾ പറഞ്ഞു. ‘‘യഹോവയുടെ സാക്ഷികളോടൊപ്പം താൻ ഏറെനാൾ പ്രവർത്തിച്ചിരുന്നുവെന്നും അവരുടെ ‘രാജ്യദ്രോഹപരമായ’ പ്രവൃത്തികളോടുള്ള രോഷമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നു’’മായിരുന്നു അത്. ഇൗ സംഭവത്തിലെ ശേഷിക്കുന്ന ദുരൂഹതകൾ അധികം വൈകാതെ പൂർണമായി നീങ്ങുമായിരിക്കും. അതല്ല വിഷയം.
ഇൗ സംഭവം സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കാനും മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനും ഉപയോഗിക്കപ്പെട്ടുവെന്നിടത്താണ് അപകടം. കൊടും വർഗീയവിഷം വമിക്കാൻ കിട്ടിയ അവസരം പരമാവധി ശീഘ്രതയിൽ തീവ്ര ഹിന്ദുത്വ ബ്രിഗേഡുകൾ ഉപയോഗിച്ചു. ബോംബ് സ്ഫോടനവാർത്ത പുറത്തുവരേണ്ട നിമിഷംതന്നെ സംഘ്പരിവാർ ജിഹ്വകളും അവരുടെ പക്ഷത്ത് നിലയുറപ്പിച്ച ദൃശ്യ-സമൂഹ മാധ്യമങ്ങളും ‘ജിഹാദികൾ’ക്കെതിരായ യുദ്ധം ആരംഭിച്ചു.
വിഷവിത്തുകൾഅതിനാൽ, ഹമാസ് ഭീകരരോടൊപ്പം നിൽക്കുന്ന ‘ജിഹാദി’കൾക്കും ഇസ്രായേലിന്റെ കണ്ണിൽചോരയില്ലാത്ത മനുഷ്യക്കശാപ്പിനെ തുറന്നെതിർക്കുന്ന മതേതര പാർട്ടികൾക്കുമെതിരെ നിറംപിടിപ്പിച്ച നുണകളും പച്ചക്കള്ളങ്ങളും പ്രചരിപ്പിപ്പിച്ചു. ചില മാധ്യമങ്ങളെങ്കിലും ഇൗ ‘വിഷം ചീറ്റലിൽ’നിന്ന് സംയമനത്തോടെ അകലം പാലിച്ചുവെന്നത് ശുഭകരമായ കാര്യംതന്നെയാണ്.
പക്ഷേ, ഇനിയും ‘സ്ഫോടനങ്ങൾ’ ഉണ്ടാകും. അത് നമ്മുടെ സമൂഹത്തിനകത്ത്, മനുഷ്യർക്കിടയിൽ, മനസ്സുകൾക്കുള്ളിൽ, വീണു പൊട്ടരുത്. അതിനുവേണ്ട ഏറ്റവും പ്രാഥമികമായ കാര്യം വിഷവിത്തുകൾ ഇനിയും പൊഴിയാനും വളരാനുമുള്ള സാഹചര്യം ഉണ്ടാകാതെ നോക്കുകയെന്നതാണ്. അത് ഏത് വിധേനയും തടയണം. അല്ലെങ്കിൽ മനുഷ്യരെന്ന് അഭിമാനത്തോടെ പറയാനുള്ള അവസരംപോലും നമുക്ക് നഷ്ടമാകും. നമുക്ക് ഇൗ മണ്ണിൽ ഒന്നായി തുടർന്നേ പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.