ഗോത്രസമൂഹത്തെ ‘പരിഷ്കൃത’ മലയാളി എങ്ങനെ കാണുന്നു എന്നത് ഇപ്പോഴും എപ്പോഴും ചോദ്യംതന്നെയാണ്. ആദിവാസികൾ അപരിഷ്കൃതരും ‘കാടൻ’മാരുമായി നിങ്ങൾക്ക് തോന്നുന്നുേണ്ടാ? ഷോകേസ് പീസുകളായി ഗോത്രജനതയെ തോന്നുന്നുവെങ്കിൽ നിങ്ങൾക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നാണ് അർഥം. സോഷ്യൽ സയൻസ് അത്തരം ചിന്താഗതിയെ ഒരുവിധത്തിലും വെച്ചുപുലർത്താൻ അനുവദിക്കുന്നില്ല. നിങ്ങളുടെ കാഴ്ചവസ്തുവല്ല ആദിവാസി സമൂഹം.
ഇപ്പോഴിതാ ആദിവാസി ജനത ‘ലിവിങ് മ്യൂസിയം’ ആയി അവതരിക്കപ്പെട്ടിരിക്കുന്നു. നവകേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇടതുപക്ഷ സർക്കാർ നടത്തിയ കേരളീയം പരിപാടിയിലാണ് ഒരു ജനതയെ അവഹേളിക്കുന്ന കാഴ്ച അരങ്ങേറിയത്. സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ഫോക്ലോർ അക്കാദമിയാണ് ‘ആദിമം’ എന്ന പേരിൽ ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി ലിവിങ് മ്യൂസിയം ‘ഒരുക്കി’യത്. ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ എന്നീ ആദിവാസി വിഭാഗങ്ങളിൽപെട്ടവർ ഗോത്രവേഷത്തിൽ അവിടെനിന്നു. ആദിവാസി ഊര്, ജീവിതരീതി, വസ്ത്രധാരണം എന്നിവയെല്ലാം പുനരാവിഷ്കരിച്ചു. മ്യൂസിയം കാണാൻ ആളുകളെത്തുമ്പോൾ പരമ്പരാഗത വേഷധാരികളായ ഇവർ കലാപരിപാടികൾ അവതരിപ്പിച്ചു.
സന്ദർശകർ ഇവർക്ക് ഒപ്പം നിന്ന് ചിത്രമെടുത്തു. സംഭവം സോഷ്യൽ മീഡിയയിലടക്കം വിവാദമായതോടെ ന്യായീകരണവുമായി ഫോക്ലോർ അക്കാദമി രംഗത്തെത്തി. പ്രദർശിപ്പിച്ചത് ആദിവാസികളെയല്ലെന്നും അവരുടെ കലാരൂപങ്ങളെയാണെന്നുമായിരുന്നു വിശദീകരണം. ‘മുഖ്യധാരാ’ സമൂഹങ്ങളിലെ ജനവിഭാഗങ്ങളുടെ കലാരൂപങ്ങളും കരകൗശല വസ്തുക്കളും കേരളീയത്തിൽ പ്രദർശിപ്പിച്ചിരുന്നു. പക്ഷേ, അെതാന്നും മുൻകാലത്തെ വേഷവിധാനങ്ങളോടെയായിരുന്നില്ല. കലാപരിപാടികൾ ഇല്ലാത്തപ്പോഴും വേഷം കെട്ടി ഇരുത്തി, സന്ദർശകർക്ക് കാഴ്ചവസ്തുവാക്കേണ്ടവരല്ല ആദിവാസി സമൂഹമടക്കം ഒരു ജനവിഭാഗവും. ‘‘ഷോകേസിൽ വെക്കപ്പെടേണ്ടവരല്ല ആദിവാസികൾ’’ എന്ന പട്ടികജാതി-വർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രസ്താവന ശക്തമായ രാഷ്ട്രീയ അഭിപ്രായപ്രകടനമാണ്. തെറ്റുപറ്റിയെന്ന ചില കോണുകളിലെ സ്വയം വിമർശനം മതിയാവില്ല കാര്യങ്ങൾ അവസാനിക്കാൻ.
ആദിവാസി സമൂഹത്തിന്റെ യഥാർഥ അവസ്ഥകളിലേക്ക് ‘മുഖ്യധാര’യുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. ആ ജീവിതങ്ങളിൽനിന്ന് പലതും പഠിക്കാനുണ്ട്. പലതും ചെയ്യാനുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ വികസിത രാജ്യങ്ങൾക്കുവരെ മാതൃകയായ പുകൾപെറ്റ ‘കേരള മോഡലി’ന്റെ ഭാഗമാകാൻ ഇന്നോളം ആദിവാസി സമൂഹത്തിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ ശിശുമരണ നിരക്ക് ആയിരത്തിന് 27 ആണ്. കേരളത്തിൽ ഇത് കേവലം ആറ് ആണ്. എന്നാൽ, അട്ടപ്പാടിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50നടുത്ത് കുഞ്ഞുങ്ങൾ മരിച്ചു. അതായത്, അത് ദേശീയ ശരാശരിക്കടുത്ത്. ഇതാണ് കാണേണ്ടതും അറിയേണ്ടതുമായ യാഥാർഥ്യം.
വയനാട്ടിൽനിന്നും അയൽസംസ്ഥാനമായ കർണാടകയിലെ അതിർത്തി പ്രദേശങ്ങളിലേക്ക് ജോലിക്കുപോയ ആദിവാസി യുവാക്കളുടെ തുടർച്ചയായുള്ള തിരോധാനവും ദുരൂഹമരണങ്ങളുമാണ് കാണേണ്ട മറ്റൊരു വസ്തുത. ആദിവാസികളുടെ ആരോഗ്യവും ജീവനും മാത്രമല്ല, ഇത്തരത്തിൽ ഭരണകൂട ഒത്താശയിൽ കവർന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നത്; പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ഇത്തിരിത്തുണ്ട് ഭൂമിയും അവർക്കിപ്പോൾ അന്യാധീനപ്പെടുകയാണ്.
മറുവശത്ത് ഗോത്രജീവിതത്തിന്റെ സമ്പന്നമായ അറിവുകളുണ്ട്. പ്രകൃതിയെയും കാടിനെയും അറിഞ്ഞു ക്രമപ്പെടുത്തിയ ജീവിത അറിവുകൾ. ഏതൊരു പാഠപുസ്തകത്തിലും ഉൾക്കൊള്ളാൻ കഴിയുന്നതിലുമപ്പുറമാണ് അത്. ഈ രണ്ട് അറ്റങ്ങൾ അറിയുകയാണ് പ്രധാനം. നിങ്ങൾക്കൊപ്പമുള്ള, നിങ്ങളുടെ സഹജീവിതമാണ് ഗോത്രം എന്നറിയാത്ത, ചേർത്തുനിർത്താത്ത ഏതൊരു കെട്ടുകാഴ്ചയും തിന്മയാണ്. കെട്ടിപ്പുണരലിന്റെ രാഷ്ട്രീയത്തിലേക്ക് ‘പ്രബുദ്ധ’ മലയാളിക്ക് ഇനിയെങ്കിലും നടക്കാനാവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.