നമ്മളിപ്പോൾ വല്ലാത്തൊരു വിഷമഘട്ടത്തിലാണ്. വേദനയുടെയും നിസ്സഹായതയുടെയും പെരുംകടലിലാണ് നമ്മൾ. ഫലസ്തീനിൽ കൂട്ടക്കൊലകൾ എല്ലാ പരിധിയും ലംഘിച്ച് അരങ്ങേറുകയാണ്. കുട്ടികളുടെ ചോരയിൽ നമ്മൾ മുങ്ങിത്താഴ്ന്നിരിക്കുന്നു. എന്നിട്ടും ഉറക്കെ ‘നിർത്തൂ’ എന്ന് വിളിച്ചുപറയാൻ മടി.
‘തുടക്കം’ എഴുതുന്ന ദിവസം ദുഃഖത്തിന്റെ പാരമ്യമാണ്. ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ഇസ്രായേൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രിവളപ്പിൽതന്നെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കി. േബാംബ് വർഷിച്ചും വെടിവെച്ചും ഉപരോധം ഏർപ്പെടുത്തിയും വൈദ്യുതി മുടക്കിയുമാണ് ഇസ്രായേൽ ഇൗ കൂട്ടക്കൊല നടത്തിയത്. ഇന്ധനവും വെളിച്ചവും തീർന്നതോടെ നിശ്ചലമായ ആശുപത്രിയിൽ മരിച്ച ഇൻകുബേറ്ററിലായിരുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും ഇൗ 179 പേരിൽ ഉൾപ്പെടുന്നു.
ഇസ്രായേലിന്റെ ആക്രമണംമൂലം ഒന്നും ചെയ്യാനാവാതെ വന്നതിൽ പല മൃതദേഹങ്ങളും അഴുകിയ നിലയിലായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിന് തൊട്ടുമുമ്പത്തെ ദിവസം ശിഫ ആശുപത്രി ഡയറക്ടർ വൈദ്യുതി ഇല്ലാത്തതിനാൽ െഎ.സി.യുവിലെ മുഴുവൻ രോഗികളും മരിച്ചതായി അറിയിച്ചിരുന്നു. ഇതിനിടയിൽ ഗസ്സയിലെ ആകെ മരണം 11,500 കവിഞ്ഞു.
യുദ്ധങ്ങളിൽ ആശുപത്രികളും വിദ്യാലയങ്ങളും ആക്രമിക്കരുതെന്നാണ് അന്താരാഷ്ട്ര മര്യാദ. മുറിവേറ്റവർക്കുള്ള ചികിത്സക്കുള്ള സൗകര്യം ഒരിക്കലും നിഷേധിക്കാൻ പാടില്ല. മൃതദേഹങ്ങളോട് അനാദരവ് പാടില്ല. എന്നാൽ, ഇൗ എല്ലാ സീമകളും ഇസ്രായേൽ ലംഘിച്ചിരിക്കുന്നു. കൊന്ന്, ഒറ്റക്കുഴിമാടത്തിൽ എല്ലാം തീർക്കാനാണ് ഇസ്രായേലിന്റെ നീക്കമെന്ന് ഉറപ്പായും കരുതാം. അത് സാധ്യമാകില്ല. മർദിത ജനതക്ക്, നാട് നഷ്ടപ്പെട്ടവർക്ക് അതിജീവനം കൂടിയേ തീരൂ. അവരെ തോൽപിക്കാനാവില്ല. ലോകം ഇനിയെങ്കിലും, ഇപ്പോഴെങ്കിലും ഇസ്രായേലിനോട് ഇത് പറഞ്ഞേ തീരൂ: നിർത്തൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.