ക്രിക്കറ്റിലെ വിജയ പരാജയങ്ങൾ

ലോക ക്രിക്കറ്റ്​ കപ്പ്​ ആസ്​ട്രേലിയയുടെ പക്കലേക്ക്​ ആറാമതും എത്തി. സ്വാഭാവികമായും ഫൈനലിലെ പരാജയം ഇന്ത്യയെയും ഇന്ത്യൻ ക്രിക്കറ്റിനെയും സ്​നേഹിക്കുന്നവർക്ക്​ നിരാശ നൽകി. നിർണായക മത്സരത്തിൽ വൻ സമ്മർദത്തിനിടയിൽ ഇന്ത്യക്ക്​ ചുവടുകൾ പിഴച്ചു. എന്നാൽ, ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം ആ ദുഃഖത്തെയും മറികടക്കുന്നതാണ്​. തുടർച്ചയായി 10 മത്സരങ്ങളിൽ ഇന്ത്യ ജയിച്ചു. അത്​ നിസ്സാര വിജയങ്ങളായിരുന്നില്ല. ആധിപത്യം സമ്പൂർണമായി പ്രകടമാക്കുന്നതായിരുന്നു ആധികാരികമായ ആ വിജയങ്ങളെല്ലാം. അതിനാൽതന്നെ ഫൈനലിലെ പരാജയം ഗൗരവമുള്ള ഒരു ചർച്ചാവിഷയംപോലുമല്ല. മികച്ച വിജയങ്ങൾക്ക്​ ഇന്ത്യയെ അഭിനന്ദിക്കുകയാണ്​ വേണ്ടത്​.

വിജയപരാജയങ്ങൾക്കപ്പുറം മറ്റു പലതുമാണ്​ ചർച്ചയാകേണ്ടത്​. അതിൽ പ്രമുഖം 50 ഒാവർ ഏകദിന ക്രിക്കറ്റിന്​ നിലനിൽപുണ്ടോ എന്ന ചോദ്യമാണ്​. വാശിയേറിയ, വേഗമുള്ള ചെറിയ ഫോർമാറ്റിലെ കളികൾക്ക്​ പ്രിയമേറുന്നു. മറ്റൊരു തരത്തിൽ ക്രിക്കറ്റി​ന്റെ സ്വഭാവംത​െന്ന എന്താവണം, എന്തായിരിക്കണം എന്ന കാര്യത്തിൽ ആകുലതകൾ നിലനിൽക്കുന്നുണ്ട്​.

രണ്ടാമത്തെ പ്രധാനവിഷയം ഇൗ ലോകകപ്പിൽ കാണികളുടെ പ്രകടനമാണ്​. അത്​ അഹ്മദാബാദിൽ തീർത്തും ​േമാശമായതായി കാണാം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാണികൾ തീർത്തും ശുഷ്​കമായിരുന്നു. പാകിസ്​താൻ ടീമംഗങ്ങൾക്ക്​ നേരെ ജയ്​ശ്രീറാം ആക്രോശം മുഴക്കിയതാണ്​ ഇന്ത്യക്കും ​ക്രിക്കറ്റ്​ കാണികൾക്കും നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവം. കളികൾ ബൗണ്ടറി ലൈനിന്​ പുറത്തേക്ക്​ രാഷ്​ട്രീയവും വംശീയവും ദേശീയസങ്കുചിതവാദമായും പടരുന്നതി​ന്റെ വ്യക്തമായ സൂചനയാണത്​. കാണികൾക്ക്​ സ്വാഭാവികമായി കൈവന്ന ആവേശമായിരുന്നില്ല ജയ്​ശ്രീറാം ഘോഷം. ഒരു ഭരണകൂട സംവിധാനത്തിന്റെ പിന്തുണയിൽ കാണികൾ അക​െപ്പട്ട ദുരന്താവസ്​ഥയാണത്​.

ലോകകപ്പിലെ ഇന്ത്യയുടെ വിജയങ്ങളെ രാഷ്​ട്രീയവത്കരിക്കാൻ നടത്തിയ ശ്രമമാണ്​ ശ്രദ്ധിക്കേണ്ട മറ്റൊന്ന്. ഇന്ത്യ ലോകകപ്പ്​ നേടിയെങ്കിൽ അതിനെ വരാൻപോകുന്ന ലോക്​സഭാ തെര​െഞ്ഞടുപ്പിലടക്കം വിജയകരമായ പ്രചാരണായുധമാക്കാനായിരുന്നു പ്രധാനമന്ത്രി മോദിയുടെയും സംഘ്പരിവാറി​ന്റെയും ​ഉദ്ദേശ്യം. അതിനായിരുന്നു ഫൈനൽ കാണാൻ മോദിയും അമിത്​ ഷായും മേളങ്ങ​േളാടെ എത്തിയത്​. സർദാർ വല്ലഭ് ഭായി പട്ടേലിന്റെ പേരിലുണ്ടായിരുന്നത്​ മാറ്റി സ്വന്തം പേരിലാക്കിയ സ്റ്റേഡിയത്തിലാണ്​ നരേന്ദ്ര മോദി വന്നത്​. സുപ്രധാന മത്സരങ്ങൾ ആ സ്​റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചതി​െല ലക്ഷ്യവും സുവ്യക്തം.

ക്രിക്കറ്റിനെ കളിയായി നിലനിർത്തണം. അതിനെ രാഷ്​ട്രീയായുധമാക്കാനും വം​ശീയതയുടെയും മതവൈരത്തി​ന്റെയും കളിസ്​ഥലമാക്കാന​ുമുള്ള നീക്കങ്ങളെ തുറന്ന്​ എതിർക്കുകയും വേണം. ഇല്ലെങ്കിൽ ഒരു കായികവിനോദമെന്ന നിലയിൽ ക്രിക്കറ്റ്​ തോൽക്കും. നല്ല കളി കാണാനുള്ള പൗര​ന്റെ അവകാശവും നിഷേധിക്കപ്പെടും.

 ‘ആഴ്​ചപ്പതിപ്പ്​’ അച്ചടിയിലേക്ക്​ നീങ്ങുന്ന ഘട്ടത്തിലാണ്​ എഴുത്തുകാരി പി. വത്സലയുടെ വിയോഗവാർത്ത അറിയുന്നത്​. വയനാട്ടിലെ കീഴാള ജീവിത പശ്ചാത്തലത്തിൽ എഴുതിയ കൃതികളിലൂടെ വത്സല എന്നും ഒാർമിക്കപ്പെടും. ആഴ്​ചപ്പതിപ്പി​ന്റെ അടുത്ത സുഹൃത്തായിരുന്നു അവർ എന്നും –പരസ്​പരം വിയോജിച്ചും അഭിപ്രായഭിന്നതകൾ തുറന്നുപറഞ്ഞുമായിരുന്നു ആ ബന്ധം ഉൗഷ്​മളമായി മുന്നോട്ടുപോയത്​. കോഴിക്കോ​ട്ട്​ അയൽക്കാർ എന്നു പറയാവുന്ന അത്ര അടുത്തായിരുന്നു ‘മാധ്യമ’വും വത്സല ടീച്ചറും കഴിഞ്ഞത്​. അവരുടെ പല മികച്ച രചനകളും ‘ആഴ്​ചപ്പതിപ്പി’​ന്റെ നാളുകൾക്ക്​ പ്രൗഢി നൽകി. ആ വിയോഗത്തിൽ ‘ആഴ്​ചപ്പതിപ്പും’ വേദനിക്കുന്നു.

Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.