വായനക്കാരുടെ കൈകളിൽ ഇൗ ആഴ്ചപ്പതിപ്പ് എത്തുന്ന ദിവസം, ജനുവരി 22ന്, അയോധ്യയിൽ ആഘോഷമായിരിക്കും. കാമറകളുടെ മുന്നിൽ പ്രധാനമന്ത്രി മോദി എന്നത്തെയും പോെല അഭിനയം കൊഴുപ്പിക്കും. ദേശീയ മാധ്യമങ്ങൾക്കൊപ്പം മലയാള മാധ്യമങ്ങളും തത്സമയ സംപ്രേഷണവുമായി രംഗം തകർക്കും. അങ്ങനെ മൊത്തത്തിൽ രാജ്യത്ത് ഒരു പുതിയ ചരിത്രദിനം പിറന്നതായി വാഴ്ത്തപ്പെടും. അതേ ആഘോഷങ്ങളുടെ തുടർച്ച വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പിലും ദൃശ്യമാകും.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൽനിന്ന് റിപ്പബ്ലിക് ദിനത്തിലേക്ക് കുറച്ചുദിവസമേയുള്ളൂ. രൂപകമെന്ന നിലയിൽ ഇൗ ദിനങ്ങൾക്കിടയിലെ നാല് ദിനങ്ങൾ ചില മുന്നറിയിപ്പുകളാണ്. ഒരു അശുഭസൂചനയാണ്. മതേതര, ജനാധിപത്യ റിപ്പബ്ലിക്കിന്റെ ദിനങ്ങൾ ഇനി എന്തായിരിക്കുമെന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയാകും ജനുവരി 22. രാജ്യം ഏത് തൂണുകളിലാണോ കെട്ടിപ്പൊക്കിയത് അതൊന്നൊന്നായി ബോധപൂർവം തകർത്തിട്ടു കഴിഞ്ഞു. അവശേഷിക്കുന്നത് ഉടനെ നിലംപൊത്തും. അതാണ് കുറഞ്ഞപക്ഷം നമ്മെ ആകുലപ്പെടുത്തുകയെങ്കിലും ചെയ്യേണ്ടത്.
ജനുവരി 22 തുടക്കമോ ഒടുക്കമോ അല്ല. അത് നീണ്ടകാല അനീതികളുടെ മധ്യത്തിലെ ഒരുദിനം മാത്രമാണ്. അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെയും അത് പ്രതിനിധാനം ചെയ്ത ജനവിഭാഗത്തിന് നീതി നിഷേധിക്കപ്പെട്ടതിന്റെയും നീണ്ട ചരിത്രം മറന്നുകൂടാ. എങ്ങനെയൊക്കെയാണ് മതേതരത്വവും ജനാധിപത്യവും വഞ്ചിക്കപ്പെട്ടത് എന്നതിന്റെ വലിയ ആഖ്യായികയാണിത്. അതിലൂടെയാണ് ഹിന്ദുത്വ അധികാരത്തിലേക്ക് വന്നത്. അധികാരം അനുദിനം ശക്തിപ്പെടുത്തിയത്. അതിലൂടെ ഹിന്ദുത്വതന്നെ ഒരു ‘റിപ്പബ്ലിക്കായി’ മാറിക്കഴിഞ്ഞിരിക്കുന്നു.
ആഴ്ചപ്പതിപ്പിന്റെ ഇൗ ലക്കം ബാബരി മസ്ജിദ്^റിപ്പബ്ലിക് ദിന പ്രേത്യക പതിപ്പാണ്. അയോധ്യയിലെ ക്ഷേത്ര നിർമാണം ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദുത്വവാദികൾ ആവർത്തിക്കുന്ന നുണകളെ പരിശോധിക്കലാണ് ഒരു വശത്ത് നമ്മൾ ചെയ്യുന്നത്. മറുവശത്ത് എന്താണ് റിപ്പബ്ലിക്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അന്വേഷിക്കുന്നു. അതിനേക്കാൾ, ഇനി എങ്ങോട്ടാണ് രാജ്യം സഞ്ചരിക്കുക എന്ന് വിശകലനം ചെയ്യുന്നു. രാജ്യത്തെ മർദിതർ എല്ലാം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിെതന്ന് ഇൗ ലക്കത്തിലെ അഭിമുഖങ്ങളും ലേഖനങ്ങളും ഒാർമപ്പെടുത്തുന്നു.
അനീതിക്കുമേൽ കെട്ടിപ്പടുക്കുന്ന ഒന്നും ശാശ്വതമല്ല. അനീതിയും അത് നടത്തിയവരും ചോദ്യംചെയ്യപ്പെടും. ചിലപ്പോൾ അതിന് കുറച്ച് സമയം എടുത്തേക്കും. പക്ഷേ, ജനം ആത്യന്തികമായി വിജയിക്കും. അതാണ് ചരിത്രപാഠം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.