‘‘അയോധ്യ തോ കേവൽ ഝാകി ഹേ, കാശി മഥുര ബാക്കി ഹെ.’’
അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം അക്രമോത്സുക ഹിന്ദുത്വ മുദ്രവാക്യങ്ങളിൽ ഒന്നായിരുന്നു ഇത്. പുതിയ രാമക്ഷേത്രം ഉയർന്നശേഷം അതേ മുദ്രാവാക്യം പല രൂപങ്ങളിൽ കൂടുതൽ ശക്തമായി ഉയർന്നുകൊണ്ടിരിക്കുന്നുവെന്ന് വേണം പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാൻവാപി മസ്ജിദിനുമേലാണ് ഹിന്ദുത്വവാദികൾ ഇപ്പോൾ കണ്ണുെവച്ചിരിക്കുന്നത്. 17ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഇൗ മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് എന്നാണ് ഹിന്ദുത്വവാദികളുടെ വാദം. അതേപ്പറ്റി ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ നടത്തിയ ‘സർവേ’ ഹിന്ദുത്വവാദങ്ങൾ അംഗീകരിച്ചുകൊണ്ടുള്ളതാണ്. നഗരവികസനത്തിന്റെയും മോടിപിടിപ്പിക്കലിന്റെയും പേരിൽ തുടങ്ങിയ സംഭവവികാസങ്ങൾ മസ്ജിദിന്റെ നിലനിൽപിന് ഭീഷണിയായി മാറിയിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകൾക്കുമേൽ അവകാശങ്ങൾ ഉന്നയിച്ച് ഹിന്ദുത്വവികാരം ഉണർത്തുകയും അത് തെരഞ്ഞെടുപ്പിൽ മൂലധനമാക്കുകയും ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് നീണ്ടകാലത്തെ പഴക്കമുണ്ട്.
രാജ്യത്തെ നിരവധി മുസ്ലിം ആരാധനാലയങ്ങൾക്ക് മേൽ അത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഗ്യാൻവാപിയിൽ മാത്രമല്ല ഹൈദരാബാദിലെ പ്രശസ്തമായ ചാർമിനാറിന് മേൽ വരെ അത്തരം അവകാശവാദം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങ് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിലെ ഒരു ക്രിസ്ത്യൻ പള്ളിയുടെ സ്ഥല ഉടമസ്ഥതയും ഇതേ മട്ടിൽ ഹിന്ദുത്വവാദികൾ ചോദ്യംചെയ്യുന്നുണ്ട്.
ഇത് ഒരുവശത്ത് നടക്കുേമ്പാൾ മറുവശത്ത് സർക്കാർ അറിവോടെയും ക്രിസ്ത്യനടക്കമുള്ള ന്യൂനപക്ഷ ആരാധനാലയങ്ങൾ തകർക്കപ്പെടുകയുംചെയ്യുന്നു. ചൊവ്വാഴ്ച (ജനുവരി 30) എട്ട് നൂറ്റാണ്ട് പഴക്കമുള്ള, മഹ്റോളിയിലെ പുരാവസ്തു പ്രാധാന്യമുള്ള അഖോണ്ഡ്ജി മസ്ജിദ് ഇടിച്ചുനിരത്തി. മുഗൾ കാലഘട്ടത്തിനും മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച, ഡൽഹി വഖഫ് ബോർഡ് നിയമിച്ച ഇമാമിന് കീഴിൽ മതപഠനം നടക്കുന്ന 800 വർഷം പഴക്കമുള്ള പള്ളിയാണിത്. പള്ളിയോട് ചേർന്നുള്ള ഖബർസ്ഥാനും അപ്പുറത്തുള്ള ഈദ്ഗാഹും ഇടിച്ചുനിരത്തി.
ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) ചൊവ്വാഴ്ച സുബ്ഹി ബാങ്ക് വിളിക്കുന്നതിന് മുമ്പ് വൻ പൊലീസ് സന്നാഹവുമായെത്തിയാണ് പള്ളി പൊളിച്ചത്. ഇമാമടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈലുകൾ പിടിച്ചെടുത്ത് ബലം പ്രയോഗിച്ച് നീക്കംചെയ്തു. ഒരുതരത്തിലുള്ള മുന്നറിയിപ്പും നൽകാതെയായിരുന്നു നീക്കം. പള്ളിയിൽ താമസിച്ചു പഠിക്കുന്ന 22 വിദ്യാർഥികളുടെ വസ്ത്രങ്ങളും മറ്റുമുള്ള സാധനസാമഗ്രികൾ ഒന്നുപോലും എടുക്കാൻ അനുവദിക്കാതെ തകർത്ത അവശിഷ്ടങ്ങൾക്കൊപ്പം എക്സ്കവേറ്റർ ഉപയോഗിച്ച് കോരിമാറ്റി. പള്ളിയുടെ ഒരു ഭാഗവും അവശേഷിക്കാത്തതരത്തിൽ എല്ലാം ലോറിയിൽ കയറ്റി കൊണ്ടുപോയി.
വികസനത്തിന്റെ ഭാഗമായി ചിലപ്പോൾ ആരാധനാലയങ്ങൾ നീക്കം ചെയ്യേണ്ടിവരും. എന്നാൽ, അതിന് പാലിക്കേണ്ട മര്യാദകളുണ്ട്, നിയമങ്ങളുണ്ട്. ഇന്ത്യയിൽ ഇപ്പോൾ നടപ്പാകുന്നത് തുറന്ന രൂപത്തിലുള്ള ഹിന്ദുത്വ ഫാഷിസമാണ്. അതിന് നിയമമോ ചരിത്രമോ വിശ്വാസമോ ഒന്നും ബാധകമല്ല. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കു മേൽ അവകാശവാദം ഉന്നയിക്കുകയും അവ തകർക്കുകയും ചെയ്യുന്നതു വഴി സൃഷ്ടിക്കപ്പെടുന്നത് എന്തായാലും ജനാധിപത്യമല്ല. ഹിന്ദുരാഷ്ട്രത്തിന്റെ നിർമാണകാഹളം മാത്രമാണ് അതിലൂടെ ഉയരുന്നത്.
ഇൗ തകർത്തിടുന്നത് കേവലം ആരാധനാലയങ്ങൾ മാത്രമല്ല, ഒരു ജനതയുടെ വിശ്വാസങ്ങളാണ്. ജനാധിപത്യം, മതേതരത്വം, വിശ്വാസ സ്വാതന്ത്ര്യം, സഹിഷ്ണുത എന്നിങ്ങനെയുള്ള വലിയ ആശയങ്ങൾകൂടിയാണ്. കുറച്ചു വ്യക്തമായി പറഞ്ഞാൽ മഹത്തായ ഇൗ രാജ്യത്തെ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.