ഇന്ത്യക്കു മേൽ തൂക്കിയിട്ടിരിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ടാഗ് പലപ്പോഴും ഒരു ബാധ്യതയാണ്. ആ ടാഗ് മോശം കാര്യമോ ചെറിയ കാര്യമോ ആണ് എന്നർഥത്തിൽ അല്ല. പക്ഷേ, അത് ബാധ്യതയാകുന്നത് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ തെരഞ്ഞെടുപ്പ് രീതികൾ കാണുേമ്പാഴാണ്. കാലുമാറ്റം, എം.എൽ.എമാരെ റിസോർട്ടിൽ മാറ്റിപ്പാർപ്പിക്കൽ, മുന്നണി മാറ്റം, എം.എൽ.എമാരെ വിലയ്ക്കു വാങ്ങൽ, ഭീഷണി തുടങ്ങി എന്തൊക്കെ തെരഞ്ഞെടുപ്പനന്തരം നടക്കാമോ അതെല്ലാം നടക്കുന്ന രാജ്യമാണ് നമ്മുടേത്.
അതിനേക്കാൾ ഒക്കെ പ്രധാനമായി ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് സംവിധാനംതന്നെ സംശയത്തിന്റെ മുനയിലാണ്. വോട്ടുയന്ത്രത്തിലെ തിരിമറികൾ ആര് എത്ര നിഷേധിച്ചാലും സംശയകരമായിതന്നെ തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തെ മുൻകൂട്ടി തീരുമാനിക്കാൻ കഴിയുന്നതാണ് വോട്ടുയന്ത്രങ്ങൾ എന്ന സംശയം രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷികളും വ്യക്തികളും ഉന്നയിച്ചിട്ടുമുണ്ട്.
ചണ്ഡിഗഢിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവവികാസങ്ങൾ തെരഞ്ഞെടുപ്പിലെ ജനാധിപത്യത്തെപ്പറ്റി കൂടുതൽ ഗൗരവമായ ആശങ്ക ഉണർത്തുന്നുണ്ട്. അവിടെ മേയർ തെരഞ്ഞെടുപ്പിൽ എ.എ.പി-കോൺഗ്രസ് സഖ്യ സ്ഥാനാർഥി കുൽദീപ് കുമാർ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, ബി.ജെ.പി സ്ഥാനാർഥി മനോജ് സോങ്കാർ അപ്രതീക്ഷിത വിജയം നേടി. ജനുവരി 30ന് നടന്ന വോട്ടെടുപ്പിൽ കുൽദീപ് കുമാറിന് അനുകൂലമായ എട്ട് വോട്ടുകൾ വരണാധികാരി അസാധുവാണെന്ന് പ്രഖ്യാപിച്ചതാണ് ഫലത്തെ മാറ്റിമറിച്ചത്.
ഇതോടെ, 12നെതിരെ 16 വോട്ടുകൾക്ക് മനോജ് സോങ്കാർ തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയുടെ തീരുമാനത്തിനെതിരെ കുൽദീപ് കുമാർ സുപ്രീംകോടതിയെ സമീപിച്ചു. വരണാധികാരി മനപ്പൂർവം ക്രമക്കേട് നടത്തിയെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയം ഫെബ്രുവരി 20ന് സുപ്രീംകോടതി റദ്ദാക്കി. കുൽദീപ് കുമാറിനെ പുതിയ മേയറായും പ്രഖ്യാപിച്ചു. കോടതിയിൽ തെറ്റായ മൊഴി നൽകിയ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യാനും സുപ്രീംകോടതി ഉത്തരവിട്ടു.
വരണാധികാരി അനിൽ മസീഹ് അസാധുവാണെന്ന് പ്രഖ്യാപിച്ച എട്ട് വോട്ടുകളും സാധുവായി പരിഗണിച്ചാണ് കോടതി നടപടി. വീണ്ടും നടത്തിയ വോട്ടെണ്ണലിൽ കുൽദീപ് കുമാറിന് 20 വോട്ടും ബി.ജെ.പി സ്ഥാനാർഥി മനോജ് സോങ്കാറിന് 16 വോട്ടുമാണ് ലഭിച്ചതെന്ന് കോടതി വ്യക്തമാക്കി. വോട്ടെടുപ്പിന്റെ ബാലറ്റുകളും വിഡിയോ ദൃശ്യങ്ങളും പരിശോധിച്ചാണ് കോടതി ഉത്തരവ്. കാമറയിൽ േവാട്ടുകൾ വരണാധികാരി വികലമാക്കുന്നത് സുവ്യക്തമായിരുന്നു.
ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേസിൽ സുപ്രീംകോടതി നടപടി സ്വീകരിച്ചത്. ഉപജാപങ്ങളിലൂടെ തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയെ തടസ്സപ്പെടുത്താൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കടമയാണെന്ന് സുപ്രീംകോടതി പറഞ്ഞു. അത്രയും ആശ്വാസം. കൗതുകകരമായ കാര്യങ്ങൾകൂടി പിന്നാലെ നടന്നു. കോടതിയുടെ രൂക്ഷ പരാമർശത്തിന് പിന്നാലെ ഫെബ്രുവരി 19ന് മനോജ് സോങ്കാർ രാജിവെച്ചിരുന്നു. അതോടൊപ്പം മൂന്ന് എ.എ.പി കൗൺസിലർമാർ ബി.ജെ.പിയിലേക്ക് കൂറുമാറുകയുംചെയ്തു. അതായത് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ എന്ത് തെറ്റായ നടപടിയും കുതിരക്കച്ചവടവും ബി.ജെ.പി സ്വീകരിക്കുമെന്ന് വ്യക്തം.
ജനാധിപത്യം എന്നത് അട്ടിമറിക്കപ്പെടാനുള്ളതല്ല. അതിലെ ഒാരോ തെരഞ്ഞെടുപ്പും സുതാര്യമായിരിക്കണം. ജനകീയമായിരിക്കണം, സംശയത്തിനതീതമായിരിക്കണം. രാജ്യത്ത് അടുത്ത് നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പ് അടക്കം എല്ലാ തെരഞ്ഞെടുപ്പുകളും അങ്ങനെയായിരിക്കണം. തെരഞ്ഞെടുപ്പിന്റെ രീതികളിലൂടെയാണ് ഫാഷിസം ജർമനിയിലടക്കം അധികാരത്തിൽ വന്നത് എന്നും ഒാർക്കണം. അതിനാൽതന്നെ നമ്മുടെ ഒാരോ ശ്രമവും ജനാധിപത്യത്തെ കൂടുതൽ സുതാര്യവും സുശക്തവുമാക്കാനാവണം. അവിടെ മനോജ് സോങ്കാർമാരും അനിൽ മസീഹുമാരും ഉണ്ടാകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.