രാജ്യത്ത് വീണ്ടും ‘പൗരത്വം’ പ്രധാന ചർച്ചാവിഷയമായി ഉയർന്നിരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിന്റെ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി മാർച്ച് 11ന് വിജ്ഞാപനം ഇറങ്ങിയതോടെയാണത്. ഇതേ തുടർന്ന് രാജ്യമെമ്പാടും വീണ്ടും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ആരുടെ പൗരത്വം എന്നതുതന്നെ മുഖ്യവിഷയം.
രണ്ടാം മോദി സർക്കാർ 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത്. ഡിസംബർ 13ന് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. പിന്നാലെ നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ അതിശക്തമായ പ്രക്ഷോഭം രാജ്യത്ത് ഉയർന്നു. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) എന്നിവ കൂട്ടിക്കുഴക്കുമെന്നും അത് ന്യൂനപക്ഷങ്ങൾക്കെതിരെ തിരിയുമെന്നും ജനങ്ങളിൽ ആശങ്ക പടർത്തി.
രാഷ്ട്രപതി ഒപ്പുവെച്ചു കഴിഞ്ഞാൽ, നിയമം നടപ്പാക്കുന്നതിന്റെ ചട്ടങ്ങൾ ആറുമാസത്തിനകം വിജ്ഞാപനം ചെയ്യണമെന്നാണ് വ്യവസ്ഥ. എങ്കിലും കടുത്ത എതിർപ്പുകൾക്കിടയിൽ ചട്ടവിജ്ഞാപനം ഒമ്പതു തവണ കേന്ദ്രം നീട്ടിക്കൊണ്ടുപോയി. ഇതിനിടയിൽ പൗരത്വ അപേക്ഷകൾ ഓൺലൈനിൽ നൽകാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക സംവിധാനം രൂപപ്പെടുത്തിയിരുന്നു.
മുമ്പില്ലാത്ത വിധത്തിൽ മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമത്തെ വിവാദത്തിലാക്കിയത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നൽകുക. യാത്രാരേഖകളില്ലാതെ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. ഇത്തരത്തിൽ പൗരത്വം നൽകുന്നതിന്റെ വ്യവസ്ഥകളും നടപടിക്രമങ്ങളുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് വിജ്ഞാപനം ചെയ്തത്.
2019ൽ നിയമം പാസാക്കിയതിനെതിരെ വിദ്യാർഥികളാണ് ആദ്യം രംഗത്തുവന്നത്. ഡിസംബർ 15ന് ഡൽഹിയിലെ ശാഹീൻബാഗിൽ സ്ത്രീകൾ സമരം ആരംഭിച്ചതോടെ സി.എ.എ വിരുദ്ധ പ്രക്ഷോഭം വാർത്തകളിൽ നിറഞ്ഞു. അസമിലെ ഗുവാഹതിയിലും ത്രിപുരയിലെ അഗർതലയിലും ആയിരങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് വെടിവെപ്പിൽ നിരവധി പേർ മരിച്ചു. ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ കാമ്പസിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് അതിക്രമമുണ്ടായി. 200ലധികം വിദ്യാർഥികൾക്ക് പരിക്കേറ്റു.
അലീഗഢ് മുസ്ലിം സർവകലാശാലയിലും ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലും വിദ്യാർഥികൾക്കു നേരെ ആക്രമണമുണ്ടായി. പശ്ചിമ ബംഗാളിൽ മുർഷിദാബാദ് ജില്ലയിൽ പ്രതിഷേധക്കാർ അക്രമാസക്തരായി ട്രെയിനുകൾക്ക് തീയിട്ടു. ഡൽഹിയിലെ ചെങ്കോട്ടയിലും ബംഗളൂരുവിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 2020 ഫെബ്രുവരിയിൽ 53 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കലാപവും സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു. കേരളത്തിലും വലിയ പ്രേക്ഷാഭങ്ങൾ നടന്നു. കേരള നിയമസഭ ഒറ്റക്കെട്ടായി നിയമത്തിനെതിരെ പ്രമേയം പാസാക്കി. എന്നാൽ, അന്ന് പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 835 കേസുകളിൽ വെറും 63 എണ്ണമാണ് ഇതേവരെയായി പിൻവലിച്ചത്.
1955ലെ പൗരത്വ നിയമപ്രകാരം പൗരത്വം നൽകാൻ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, യു.പി, ഡൽഹി, മഹാരാഷ്ട്ര എന്നീ ഒമ്പതു സംസ്ഥാനങ്ങളിലെ 30 ജില്ല മജിസ്ട്രേറ്റുമാർക്കും ആഭ്യന്തര സെക്രട്ടറിമാർക്കും കേന്ദ്രം കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ അനുമതി നൽകിയിട്ടുണ്ട്. കുടിയേറ്റക്കാർ കൂടുതലായി താമസിക്കുന്ന ജില്ലകളാണ് ഇവ. ജില്ലതല ഉന്നതാധികാര സമിതിയുടെ പരിശോധനക്കു വിധേയമായി ജില്ല മജിസ്ട്രേറ്റാണ് അനുമതി നൽകുക. 2021 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മൂന്നു രാജ്യങ്ങളിൽനിന്നുള്ള 1414 മുസ്ലിം ഇതര മതവിഭാഗക്കാർക്ക് 1955ലെ പൗരത്വ നിയമപ്രകാരം പൗരത്വം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.
ഭരണഘടനയുടെ അഞ്ചാം വകുപ്പ് ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവർക്കും അവരുടെ മക്കൾക്കും പുറമെ അഞ്ചുവർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർക്കും പൗരത്വാവകാശം ഉറപ്പുനൽകിയിട്ടുണ്ട്. ഈ നിയമം നടപ്പാക്കാനുള്ള ചട്ടങ്ങളും പാർലമെന്റ് നേരത്തേതന്നെ ആവിഷ്കരിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനായി ഇേപ്പാൾ വിജ്ഞാപനംചെയ്ത ചട്ടങ്ങൾ ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. മുസ്ലിംകളെ മാത്രം ഈ പ്രക്രിയയിൽനിന്ന് ഒഴിവാക്കുന്നത് മതപരമായ വിവേചനവുമാണ്.
പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട് എന്നതാണ് ആശ്വാസകരം. തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് വിജ്ഞാപനമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നിയമം പൗരന്മാരെ വിഭജിക്കുന്നതാണെന്നും നടപ്പാക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ ഭരണഘടനവിരുദ്ധവും വിവേചനപരവുമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സംസ്ഥാനത്ത് സി.എ.എ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേരള മുഖ്യമന്ത്രിയെപ്പോലെ മമതയും വ്യക്തമാക്കി. കേന്ദ്രസർക്കാർ ചട്ടം പുറത്തിറക്കിയതിനെ തുടർന്ന് നിയമയുദ്ധത്തിനും കളമൊരുങ്ങി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗും ഡി.വൈ.എഫ്.ഐയും പുതിയ അപേക്ഷകളുമായി സുപ്രീംകോടതിയെ സമീപിച്ചു.
‘തുടക്കം’ എഴുതുേമ്പാൾ രാജ്യവ്യാപകമായി തന്നെ വിദ്യാർഥികൾ സമരരംഗത്തിറങ്ങിയിട്ടുണ്ട്. ഡൽഹി സർവകലാശാലയിൽ ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ്, എസ്.ഐ.ഒ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധത്തിനിറങ്ങിയത്. പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. കാമ്പസിൽ പ്രവേശിച്ച പൊലീസ് പ്രതിഷേധിച്ച പെൺകുട്ടികളെയടക്കം റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ജാമിഅ മില്ലിയ്യ സർവകലാശാല വൈസ്ചാൻസലറുടെ വിലക്ക് ലംഘിച്ചാണ് വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടികൾക്കുശേഷം എം.എസ്.എഫ്, എസ്.എഫ്.ഐ, എൻ.എസ്.യു, ഐസ, എസ്.ഐ.ഒ സംഘടനകൾ സംയുക്ത വാർത്താസമ്മേളനം നടത്തി. സി.എ.എ വിരുദ്ധ പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കാൻ ജാമിഅ നഗർ, ശാഹീൻബാഗ്, വടക്കു കിഴക്കൻ ഡൽഹി മേഖലകളിൽ അർധസേന വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിൽ പൊലീസ് ഫ്ലാഗ് ഓഫ് മാർച്ച് നടത്തി.
2019ലെ പോലെ അസമിലാണ് ഇത്തവണയും പ്രേക്ഷാഭം ശക്തമാകുക എന്ന സൂചനകളുണ്ട്. എന്നാൽ, അസമിന്റെ പ്രക്ഷോഭത്തിന് വേറെ തലമാണുള്ളത്. അസമികളുടെ പുതിയ പ്രക്ഷോഭം പൗരത്വ നിയമ ഭേദഗതിയിലൂടെ 15 ലക്ഷം ഹിന്ദുക്കൾക്ക് പൗരത്വം നൽകാനുള്ള അജണ്ടക്കെതിരെയാണ്. ബംഗാളി ഭാഷ സംസാരിക്കുന്ന ഹിന്ദു അഭയാർഥികൾ അസമിന്റെ തനത് വംശീയതക്ക് ഭീഷണിയായി അവർ കരുതുന്നതാണ് കാരണം. അഞ്ചു ലക്ഷം മുസ്ലിം അഭയാർഥികളുടെ വിഷയം അവർ ഗൗനിക്കുന്നുമില്ല.
അഞ്ചു വർഷം മുമ്പ് മോദിസർക്കാർ പാർലമെന്റിൽ ചുട്ടെടുത്ത പൗരത്വ ഭേദഗതി നിയമം ഇപ്പോൾ ധൃതിപിടിച്ച് നടപ്പാക്കാനുള്ള കാരണം സുവ്യക്തമാണ് -വർഗീയ ധ്രുവീകരണം. പ്രത്യേകിച്ച്, അസമിലും പശ്ചിമ ബംഗാളിലും ധ്രുവീകരണമുണ്ടാക്കുകയാണ് ലക്ഷ്യം. ഭൂരിപക്ഷ സമുദായത്തിലെ സങ്കുചിത മനസ്സുകളുടെ വോട്ടുകൾ സ്വന്തമാക്കണം. തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ ലഭിക്കണമെന്ന സംഘ്പരിവാർ താൽപര്യത്തിന്റെ വഴിയും ചട്ടുകവുമാണ് സി.എ.എ.
മതത്തിന്റെ പേരിൽ പൗരത്വം നൽകുന്ന സി.എ.എക്കെതിരെ എല്ലാവരും, എല്ലാ സമുദായങ്ങളും രാഷ്ട്രീയ കക്ഷികളും പുരോഗമനവാദികളും മതേതരവാദികളും ഒന്നിച്ച് പോരാട്ടം നടത്തുകയാണ് വേണ്ടത്. രാജ്യം ഒറ്റക്കെട്ടായി ഇൗ അനീതിയെയും ചെറുത്തു തോൽപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.