രാജ്യത്ത് ഇന്നുവരെ നടന്ന വൻ അഴിമതികളിൽ ഒന്നായ ‘ഇലക്ടറൽ േബാണ്ട്’ തട്ടിപ്പ് സുപ്രീംകോടതിയുടെ ഇടപെടൽമൂലം കൂടുതൽ വെളിച്ചത്തുവന്നതും ആ ബോണ്ട് സംവിധാനം നിർത്തലാക്കപ്പെട്ടതും എന്തുകൊണ്ടും സ്വാഗതാർഹമാണ്. ബോണ്ട് ഇടപാടുകൾ മറച്ചുവെക്കാൻ എസ്.ബി.ഐ പല വിദ്യകൾ പുറത്തെടുത്തുവെങ്കിലും അതെല്ലാം ഏറക്കുറെ പൊളിഞ്ഞിരിക്കുന്നു.
ഒട്ടും സുതാര്യമല്ലാത്ത ഇടപാടായിരുന്നു ഇലക്ടറൽ ബോണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ആര് പണം നൽകിയെന്ന് ജനം അറിയേണ്ട എന്ന് ഭരണാധികാരികൾതന്നെ നിശ്ചയിച്ചുറപ്പിച്ചു നടത്തിയ അഴിമതി. 2017-23 കാലത്ത് വിവിധ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച ഒമ്പതിനായിരത്തിൽപരം കോടിയിൽ 6565 കോടി രൂപയും പോയത് ബി.ജെ.പി അക്കൗണ്ടിലേക്കാണെന്ന് സുപ്രീംകോടതിയുടെ വിധിന്യായം തന്നെ വ്യക്തമാക്കുന്നുണ്ട്. കോടതി ഇടപെടലിനുശേഷം ഈ പണം ബി.ജെ.പി സ്വന്തമാക്കിയത് വളഞ്ഞ വഴികളിലൂടെയാണ് എന്ന് കൂടുതൽ തെളിഞ്ഞു. ആദ്യം സ്ഥാപനങ്ങളിൽ ഇ.ഡിയുടെ റെയ്ഡ് നടക്കുന്നു. പിന്നാലെ ആ സ്ഥാപനവും കമ്പനികളും ഇലക്ടറൽ ബോണ്ടുകൾക്കായി കോടികൾ മുടക്കുന്നു.
ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ വിധി വന്നത്. ഇലക്ടറൽ ബോണ്ട് വിതരണം ഏക ചുമതലക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഉടനടി നിർത്തണമെന്നും ഇതിനകം ലഭിച്ച ബോണ്ടിന്റെ വിശദാംശങ്ങൾ മാർച്ച് ആറിനു മുമ്പായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നുമുള്ള സുപ്രധാന നിർദേശമായിരുന്നു ആ വിധി. ജുഡീഷ്യറിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടപെടലുകളിലൊന്നായിരുന്നു ഇലക്ടറൽ ബോണ്ട് റദ്ദാക്കൽ.
പദ്ധതി സുതാര്യമല്ലെന്നും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യുന്നവരെക്കുറിച്ച് അറിയാനുള്ള പൗരന്മാരുടെ അവകാശം റദ്ദുചെയ്യുന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട് എന്നുമുള്ള കോടതിയുടെ നിരീക്ഷണം സത്യമായിരുന്നു. അത് മോദി സർക്കാറിന്റെ ഏകാധിപത്യ പ്രവണതകൾക്കേറ്റ തിരിച്ചടികൂടിയാണ്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നീട്ടണമെന്ന് വാദിച്ചാണ് എസ്.ബി.ഐ കോടതിവിധിയെ മറികടക്കാൻ നോക്കിയത്. ബോണ്ട് സംബന്ധമായ ഏതു വിവരവും പുറത്തുവിടാനുള്ള സാങ്കേതിക സംവിധാനം ഉണ്ടായിരിക്കെയായിരുന്നു വിവരശേഖരണത്തിന്റെ കാലതാമസം എന്ന തൊടുന്യായം പുറത്തെടുക്കാൻ എസ്.ബി.ഐ നോക്കിയത്. അത് കോടതി പൊളിച്ചു.
2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ വ്യക്തികളും വ്യവസായ സ്ഥാപനങ്ങളുമൊക്കെ വാങ്ങിയ ബോണ്ടിന്റെ മുഴുവൻ വിശദാംശവും തെരഞ്ഞെടുപ്പ് കമീഷന് സ്റ്റേറ്റ് ബാങ്ക് സമർപ്പിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ബോണ്ട് വാങ്ങിയത് ആര്, തീയതി, തുക തുടങ്ങി മുഴുവൻ വിവരവും നൽകണമെന്നും കോടതി നിഷ്കർഷിച്ചു. ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബി.ജെ.പിയായിരുന്നു.
രാഷ്ട്രീയ പാർട്ടികൾ കേന്ദ്രീകരിച്ചുള്ള കള്ളപ്പണമൊഴുക്ക് തടയുക എന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി യഥാർഥത്തിൽ ബി.ജെ.പിയുടെ ഔദ്യോഗിക ഫണ്ട് ശേഖരണ പദ്ധതിയായി മാറി. ഭീമമായ തുക കോർപറേറ്റുകൾ ബി.ജെ.പിക്ക് നൽകിയത് ഭരണകൂട നടപടിയിൽനിന്ന് രക്ഷപ്പെടാൻ മാത്രമല്ല, രാജ്യത്ത് തങ്ങളുടെ താൽപര്യം നന്നായി നടപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ തുടരാൻകൂടിയാണെന്ന് വ്യക്തം. ഭരണകൂടത്തിൽനിന്ന് ഒരു ഗുണവുമില്ലാതെ അവർ ഇത്രയും വലിയ നിക്ഷേപമിറക്കാൻ ഒരു സാധ്യതയുമില്ല.
ഹിന്ദുത്വ രാഷ്ട്രീയം അനുദിനം രാജ്യത്തെ ജനാധിപത്യ-ഭരണഘടന സ്ഥാപനങ്ങളെ വിലക്കെടുത്ത് തകർക്കുന്നത് തുടരുകയാണ്. അതിന്റെ ഒരു ഭാഗമായിരുന്നു ഇലക്ടറൽ േബാണ്ട്. എത്ര കാലത്തേക്കാണ് എന്നറിയില്ലെങ്കിലും, കോടതി വിധി നല്ല സൂചനയാണ്. ബോണ്ട് രാഷ്ട്രീയമല്ല രാജ്യത്ത് വേണ്ടത് എന്നതുകൊണ്ടുതന്നെ അതിനെ ശ്ലാഘിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.