ജനം, രാജ്യം എന്നിവയുടെ അർഥം ഒന്നാകുന്ന ചരിത്രസന്ധികളുണ്ട്. ആ നിമിഷങ്ങളിലാണിപ്പോൾ നമ്മൾ. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതു തന്നെയാണ് ആ മുഹൂർത്തം. ‘തുടക്കം’ എഴുതുേമ്പാൾ കേരളത്തിൽ പ്രചാരണങ്ങൾ മൂർധന്യത്തിലെത്തിയിട്ടുണ്ട്. ആവേശം സഹ്യനോളം വളർന്നിരിക്കുന്നു. ജനത്തിന്, രാജ്യത്തിനു മുന്നിൽ അധികം തെരഞ്ഞെടുപ്പുകൾ (ഒാപ്ഷനുകൾ) ഇല്ല. ജയിച്ചേ മതിയാകൂ. തോൽവി നമ്മെ ഇരുട്ടിലേക്ക് നയിക്കും. ലളിതമാണ് ഇൗ പറച്ചിൽ. പലവട്ടം ‘തുടക്ക’ത്തിലടക്കം ആവർത്തിച്ചതുമാണ്. നമുക്ക് മഹത്തായ ഇൗ രാജ്യം അത് കെട്ടിപ്പൊക്കിയ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും മേൽ തുടർന്നു കാണണം. അതു മാത്രമാകണം വിചാരം. ജനാധിപത്യം, മതേതരത്വം എന്നിവതന്നെയാണ് ആ മഹത്തായ ആശയങ്ങൾ. ആ തൂണുകളിൽ മാത്രമേ ഇന്ത്യക്ക് നിലനിൽപുള്ളൂ.
ഗുരുതരമായ വിധത്തിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും പരിക്കേറ്റ വർഷങ്ങളാണ് കടന്നുപോകുന്നത്. സഹിഷ്ണുതയും ഇതരമനുഷ്യരോടുള്ള സ്നേഹവും ബോധപൂർവം കൈമോശം വന്നു. വെറുപ്പ് കഴിയുന്നത്ര പടർന്നു. ദലിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ അപരവത്കരിക്കപ്പെടുകയോ ജീവിതത്തിന്റെ ഒാരങ്ങളിലേക്ക് കൂടുതലായി തള്ളപ്പെടുകയോ ചെയ്തു. അഴിമതിയും അനീതിയും മലപോലെ വളർന്നു. പൗരത്വം, വേഷം, വസ്ത്രം എല്ലാം ചോദ്യം ചെയ്യപ്പെട്ടു.
ശാസ്ത്രത്തിനും നിയമത്തിനും മേൽ ഹിന്ദുത്വയും അതിന്റെ വിചാരധാരകളും ആധിപത്യം പുലർത്തുന്നതാണ് വർത്തമാന അവസ്ഥ. അങ്ങനെ ഇന്ത്യയെന്ന ആശയവും സങ്കൽപവും പലവിധത്തിൽ തകർന്നടിഞ്ഞു. ജനാധിപത്യമെന്നാൽ ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല. ഭൂരിപക്ഷമില്ലാത്തവർക്കും അർഹമായ ഇടമാണ് ജനാധിപത്യം. ന്യൂനപക്ഷ ചിന്തകളെയും വിശ്വാസങ്ങളെയും അടിച്ചമർത്തി ഭൂരിപക്ഷഹിതം സ്ഥാപിക്കലുമല്ല അത്. അങ്ങനെയല്ല ജനാധിപത്യം വിവക്ഷിക്കപ്പെട്ടിട്ടുള്ളതും. നമുക്ക് വേണ്ടത് നല്ല ഇന്ത്യയാണ്. എല്ലാവർക്കും തലയുയർത്തിപ്പിടിച്ച് അഭിമാനത്തോടെ ജീവിക്കാവുന്ന നാട്. സാഹോദര്യവും സഹിഷ്ണുതയും പൂക്കുന്ന ദേശം. വെറുപ്പിന്റെ വിത്തുകൾ മുളക്കാത്ത ഇടം. ആരും അന്യരാകാത്ത ശമരിയ.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ യാഥാർഥ്യങ്ങളും വസ്തുനിഷ്ഠ യാഥാർഥ്യങ്ങളും വിശകലന വിധേയമാക്കുകയാണ് ഇൗ ലക്കം. നമുക്ക് മുന്നിലെ സാധ്യതകൾ എന്താണെന്നും പരിമിതികൾ എന്തെന്നും അറിയുകതന്നെ ലക്ഷ്യം. എന്താണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രസക്തി? എന്താണ് തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട സമീപനം? കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ അവസ്ഥ എന്താണ്? ജനകീയ വിഷയങ്ങളില്‍ അവര്‍ എങ്ങനെ ഇടപെടുന്നു? ജാതി സെന്‍സസ് പോലുള്ള വിഷയങ്ങളില്‍ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കൊണ്ട സമീപനം എത്രകണ്ട് ഗുണകരമാണ്? തുടങ്ങിയ വിഷയങ്ങൾ പരിേശാധിക്കാനാണ് ശ്രമം. ഉദ്ദേശ്യം വളരെ വ്യക്തമാണ് –ഇപ്പോൾ ഇൗ തെരഞ്ഞെടുപ്പിൽ ജയിക്കാനാവണം വോട്ടുകൾ. രാജ്യവും ജനവും തോൽക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.