യുദ്ധം ഒരിക്കലും ഒന്നിനും പരിഹാരമല്ല എന്ന് അനുഭവങ്ങൾ പലവട്ടം ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. എങ്കിലും പലപ്പോഴും രാഷ്ട്രങ്ങളുടെ വിവേകരഹിതമായ നടപടികൾ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലും ദുരിതത്തിലുമാഴ്ത്തും. പശ്ചിമേഷ്യ അത്തരമൊരു സാഹചര്യത്തിന്റെ നടുവിലാണിപ്പോൾ.
ഇസ്രായേലിനോടുള്ള പ്രതികാര നടപടിയെന്ന നിലയിൽ ഏപ്രിൽ 13ന് അർധരാത്രിക്കു ശേഷം മുന്നൂറോളം ഡ്രോണുകളും മിസൈലുകളും ഇസ്രായേലിലെ നവാത്തിം സൈനികത്താവളം ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടതാണ് പശ്ചിമേഷ്യയെ പെട്ടെന്ന് യുദ്ധഭീതിയിലാഴ്ത്തിയത്. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നാണ് ഇസ്രായേലിെന്റ നിലപാട്. തിരിച്ചടിക്കരുതെന്ന അമേരിക്കയുടെയും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളുടെയും നിർദേശം ഇസ്രായേൽ സ്വീകരിക്കുമെന്ന് കരുതുക വയ്യ.
സംയമനം പാലിക്കാൻ യു.എൻ സെക്രട്ടറി ജനറലും ഇസ്രായേലിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, സയണിസ്റ്റ് അധികാരത്തിന്റെ ഹുങ്ക് നിലനിർത്താൻ ഇസ്രായേൽ ശ്രമിക്കുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. വിവേകരഹിതമായി ഏത് സമയവും ഇസ്രായേൽ തെറ്റായ നിലപാട് എടുത്തേക്കാം. അത്തരം ഒരു നടപടിക്ക് മുതിർന്നാൽ അമേരിക്കയും മറ്റ് സഹായക രാഷ്ട്രങ്ങളും അതിനൊപ്പം നിൽക്കാനാണ് സാധ്യത. ഇറാന്റെ നേരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെല്ലാം അമേരിക്കയുടെ പിന്തുണയുണ്ടെന്ന് മറന്നുകൂടാ. ഇറാനിൽ അമേരിക്കക്ക് സാമ്രാജ്യത്വ താൽപര്യങ്ങൾ ശക്തമാണ് താനും.
ഏപ്രിൽ ഒന്നിന് ഡമസ്കസിലെ ഇറാൻ കോൺസുലേറ്റ് ബോംബിട്ട് തകർത്ത് രണ്ട് പട്ടാള ജനറൽമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഇസ്രാേയൽ വധിച്ചിരുന്നു. എല്ലാ അന്താരാഷ്ട്ര മര്യാദകളെയും നിയമങ്ങളെയും ലംഘിച്ചായിരുന്നു ഇത്. ഇതിനുള്ള സ്വാഭാവിക തിരിച്ചടിയാണ് ഏപ്രിൽ 13ന് ഇറാൻ നടത്തിയത്. എന്നാൽ, ഇറാനെ നിലക്കുനിർത്തണം, ആ രാജ്യത്തിന്റെ മിസൈൽ പദ്ധതിക്കെതിരെ ഉപരോധം ഏർപ്പെടുത്തണം, ഇസ്രായേലിന്റെ മേൽ ആക്രമണം നടത്തിയ ഇറാൻ റെവലൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളാണ് ഇസ്രായേൽ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇത് പലവട്ടം ആവർത്തിച്ചുകഴിഞ്ഞു.
ഫലസ്തീൻ ജനതക്കുനേരെ ഇസ്രായേൽ നടത്തുന്ന വംശീയ നശീകരണ പദ്ധതിക്കെതിരെ പ്രതികരിക്കുന്ന പശ്ചിേമഷ്യയിലെ ഏക രാജ്യമാണ് ഇറാൻ എന്നത് സയണിസ്റ്റുകളെയും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്. ഗസ്സയിൽ ഇതുവരെ 34,000 പേരെ കൊലപ്പെടുത്തിയ ഇസ്രായേൽ അതിക്രമങ്ങെള അപലപിക്കാത്ത പല രാജ്യങ്ങളും ഇറാന്റെ ഡ്രോൺ-മിസൈൽ പ്രയോഗത്തെ മാത്രം ഏകപക്ഷീയമായി അപലപിച്ച് മുന്നോട്ടുവന്നിട്ടുണ്ട്.
യഥാർഥത്തിൽ പശ്ചിമേഷ്യയിൽ സമാധാനം പുലരണമെങ്കിൽ ഫലസ്തീൻ ജനതക്ക് അവകാശങ്ങൾ അംഗീകരിച്ചുെകാണ്ട് സയണിസ്റ്റ് വികസനവാദ നയങ്ങളിൽനിന്ന് ഇസ്രായേൽ പിന്മാറണം. അതിന് ഒരു സാധ്യതയും നിലവിലില്ല. ഇപ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഒരു തിരിച്ചടിയിൽനിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കേണ്ടതുണ്ട്. ഇസ്രായേലിനോടും ഇറാനോടും ഉറ്റ സൗഹൃദം പുലർത്തുന്ന രാജ്യമായ ഇന്ത്യയുടെ നിലപാട് ഇക്കാര്യത്തിൽ പലതുകൊണ്ടും പ്രധാനമാണ്. പശ്ചിമേഷ്യയിലെ ഏത് പ്രശ്നവും ആത്യന്തികമായി ഇന്ത്യയെയും മലയാളികളെയുമാണ് ബാധിക്കുക. നമുക്ക് വേണ്ടത് സമാധാനം നിറഞ്ഞ ലോകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.