വർഗീയതയും പച്ചനുണയും ചേരുന്ന മിശ്രിതം ഏതൊരു തെരഞ്ഞെടുപ്പിലും ഏറ്റവും ശക്തമായ പ്രചാരണായുധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ചാൽ അത് വോട്ടായി മാറും. ഹിന്ദുത്വയുടെ അധികാരവഴികളെ എളുപ്പമാക്കും.
മോദി ഇൗ തെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യക്കാരെ ലക്ഷ്യമിട്ട്, തന്റെ വിഷനാവ് പുറേത്തക്ക് ഇട്ടിരിക്കുന്നു. ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ നുണകൾ വിളിച്ചുപറയുന്നു. അതിന് ഒരു മടിയും കൂടാതെ തരംതാണിരിക്കുന്നു. ഒരിക്കലല്ല, ‘തുടക്കം’ എഴുതുേമ്പാൾ മൂന്നു ദിവസമായി തന്റെ വിദ്വേഷവാക്കുകൾ ആവർത്തിക്കുകയാണ്. വിദ്വേഷപ്രസംഗത്തിന്റെ പേരിൽ മോദിക്കെതിരെ നടപടിയെടുക്കണമെന്ന പരാതികൾ വിവിധ പാർട്ടികളും വ്യക്തികളും നൽകിയെങ്കിലും നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ കൂട്ടാക്കിയിട്ടില്ല; അവരതിന് ഒരുക്കവുമല്ല.
ഏപ്രിൽ 21ന് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി തുറന്ന രൂപത്തിൽ മുസ്ലിം വിദ്വേഷപ്രസംഗവുമായി ആദ്യം വന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകൾക്ക് വീതിച്ചുനൽകുമെന്ന് മോദി വിളിച്ചുകൂവി. കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി അവിടെ വികാരഭരിതനായി ചോദിച്ചു. ‘‘രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?’’ –മോദി ചോദിച്ചു. അമ്മമാരുടെയും പെൺമക്കളുടെയും സ്വർണത്തിന്റെ കണക്കെടുത്ത് വിതരണംചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി തുടർന്നു.
2006ൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ദേശീയ വികസന കൗൺസിൽ എന്ന ഭരണഘടനാ ബോഡിയിൽ സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരായ ആദിവാസികൾക്കും ദലിതർക്കും പിന്നാക്കക്കാർക്കും ഒപ്പം മുസ്ലിം ന്യൂന പക്ഷങ്ങളെയും വിഭവവിതരണത്തിലെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം എന്നു പറഞ്ഞതാണ് മോദി വളച്ചൊടിച്ച് വർഗീയപ്രചാരണത്തിന് വിഷ(യ)മാക്കി മാറ്റിയത്.
അടുത്ത ദിവസം, ഏപ്രിൽ 22ന് അലീഗഢിലെ റാലിയിൽ മോദി നിലപാട് മയപ്പെടുത്തിയെങ്കിലും വർഗീയത ഒളിച്ചുകടത്തി, മുസ്ലിം ഭീതി മോദി പടർത്തി. അമ്മപെങ്ങന്മാരുടെ പണവും സ്വത്തും തട്ടിയെടുത്ത് വിതരണംചെയ്യലാണ് കോൺഗ്രസ് ലക്ഷ്യമെന്ന് ആവർത്തിച്ചു. ‘‘ഇത് മാവോയിസ്റ്റ്, കമ്യൂണിസ്റ്റ് ചിന്തയാണ്. നിരവധി രാജ്യങ്ങൾ ഇതുമൂലം നശിച്ചു. ഇതേ നയം ഇന്ത്യയിലും നടപ്പാക്കാനാണ് കോൺഗ്രസും ഇൻഡ്യ സഖ്യവും ശ്രമിക്കുന്നതെ’’ന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഏപ്രിൽ 23ന് ടോങ്കിൽ നടന്ന പ്രചാരണ റാലിയിൽ, പട്ടികജാതി-വർഗ വിഭാഗത്തിന്റെ സംവരണം തട്ടിയെടുത്ത് മുസ്ലിംകൾക്ക് നൽകാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് പറഞ്ഞ് മോദി വീണ്ടും മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിർത്തി. ‘‘2004ൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരമേറ്റയുടൻ ചെയ്തത് ആന്ധ്രപ്രദേശിലെ പട്ടികജാതി-വർഗ സംവരണം വെട്ടിക്കുറച്ച് മുസ്ലിംകൾക്ക് നൽകലാണ്. രാജ്യമാകെ നടപ്പാക്കാനുള്ള പൈലറ്റ് പദ്ധതിയായിരുന്നു ഇത്. 2004നും 2010നുമിടയിൽ ആന്ധ്രയിൽ നാലുതവണ മുസ്ലിം സംവരണം നടപ്പാക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും നിയമനൂലാമാലകളും സുപ്രീംകോടതി ഇടപെടലും തടസ്സമായി. 2011ൽ രാജ്യമാകെ നടപ്പാക്കാൻ ശ്രമം നടത്തി’’ എന്നിങ്ങനെ പോയി മോദിയുടെ പ്രസംഗം.
തെരഞ്ഞെടുപ്പിന് തുടക്കത്തിലുണ്ടായിരുന്ന വിജയപ്രതീക്ഷകൾ മോദിക്കും സംഘത്തിനും നഷ്ടമായിട്ടുണ്ട്. വലിയ തിരിച്ചടി അവർ ഭയക്കുന്നു. അതിനാലാണ് ഇപ്പോൾ വിഷം ചീറ്റുന്നത്. വർഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുവോട്ടുകൾ സ്വന്തമാക്കുകയാണ് ലക്ഷ്യം. ഉള്ളിൽ തീവ്രമായ വർഗീയവിദ്വേഷം പുലർത്തുന്ന ഒരാളായിരുന്നു മോദിയെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. ഭരണഘടനാ തത്ത്വങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളും ലംഘിച്ചുള്ള ഇൗ അസത്യ പ്രസ്താവനകൾ രാജ്യത്തിന് കൂടുതൽ ശക്തമായ അപായസൂചനകൾ നൽകുന്നുണ്ട്. നമുക്കു വേണ്ടത് വിഷനാവില്ലാത്ത, വിദ്വേഷമില്ലാത്ത പ്രധാനമന്ത്രിയെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.