ചിലപ്പോഴെങ്കിലും നിങ്ങളും കേട്ടുകാണും, പുതുതലമുറയുടെ സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയില്ലായ്മയെപ്പറ്റിയുള്ള കുറ്റപ്പെടുത്തലുകൾ. സ്വന്തം കാര്യങ്ങളിൽ മുഖമാഴ്ത്തി മറ്റേതോ ലോകത്ത് കഴിയുന്നവരായി പുതിയ ചെറുപ്പത്തെ പഴി പറയുന്ന എത്രയോ കുറിപ്പുകൾ സോഷ്യൽമീഡിയയിലടക്കം പാറിനടക്കുന്നുണ്ട്. എന്നാൽ, യുവത്വം തിളച്ചുമറിയുന്നുണ്ട്, ശരികൾ വിളിച്ചുപറയുന്നുണ്ട്, അനീതികൾ ചോദ്യംചെയ്യുന്നുണ്ട്, തെരുവിൽ നീതിക്കായി പോരാടുന്നുണ്ട്, പുതുവഴികൾ വെട്ടി മുന്നേറുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിലും യൂറോപ്പിലെമ്പാടുമുള്ള കാമ്പസുകളിലെ വാർത്തകൾ നിങ്ങൾ ശ്രദ്ധിച്ചില്ലേ. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ വിദ്യാർഥികൾ കാമ്പസുകൾ വിട്ട് തെരുവിലിറങ്ങിയിരിക്കുന്നു. സയണിസത്തെ തുറന്ന് എതിർത്ത വിദ്യാർഥികൾ ഫലസ്തീനുവേണ്ടി കഴിയുന്നത്ര ഒച്ചത്തിൽ മുദ്രാവാക്യം മുഴക്കുന്നു. അവർ ചോദ്യംചെയ്യുന്നത് ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കൻ ഭരണകൂട നടപടികളെയുമാണ്.
കാലിഫോർണിയ, യേൽ, മിഷിഗൺ വാഴ്സിറ്റികൾ ഉൾെപ്പടെ അമേരിക്കയിലെ എൺപതോളം സർവകലാശാലയിലെ വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയതായും അത് ഫ്രാൻസിലും മറ്റും രാജ്യങ്ങളിലും പടർന്നുപിടിക്കുന്നതായുമാണ് വാർത്തകൾ. ഫലസ്തീനികൾക്കു വേണ്ടിയുള്ള ഈ ഐക്യദാർഢ്യ പ്രക്ഷോഭത്തിന് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ, ജ്യൂയിഷ് ഫോർ പീസ് തുടങ്ങിയ വിദ്യാർഥി സംഘടനകളാണ് നേതൃത്വം നൽകിയത്. പ്രക്ഷോഭത്തിനെതിരെ ഇസ്രായേൽ അനുകൂലികളും രംഗത്തുവന്നതോടെ പലയിടത്തും പൊലീസ് ഇടപെടലുകളുണ്ടായി. ന്യൂയോർക്, കൊളംബിയ സർവകലാശാലകളിലും ബർണാഡ് കോളജിലുമായി നൂറുകണക്കിന് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമരഹിത സമരമാർഗമാണ് വിദ്യാർഥികൾ സ്വീകരിച്ചിട്ടുള്ളത്. ഗസ്സയിൽ സമ്പൂർണമായി വെടിനിർത്തുക, ഇസ്രായേലിനുള്ള അമേരിക്കൻ സഹായം ഉടനടി നിർത്തുക, ആയുധക്കച്ചവടക്കാരും യുദ്ധത്തിൽനിന്നു ലാഭം കൊയ്യുന്ന കമ്പനികളുമായുള്ള ഇടപാടുകൾ യൂനിവേഴ്സിറ്റികൾ അവസാനിപ്പിക്കുക, പ്രതിഷേധത്തിന്റെ പേരിൽ പുറത്താക്കുകയോ അച്ചടക്കനടപടി സ്വീകരിക്കുകയോ ചെയ്ത വിദ്യാർഥികളെയും അധ്യാപകരെയും തിരിച്ചെടുക്കുക എന്നിവയാണ് വിദ്യാർഥികളുടെ ആവശ്യങ്ങൾ. പ്രേക്ഷാഭം മുറുകുന്നതിലും തങ്ങൾ തുറന്നുകാട്ടപ്പെടുന്നതിലും അസ്വസ്ഥമാണ് അമേരിക്കൻ ഭരണകൂടം.
ലോകമെങ്ങും വിദ്യാർഥികൾ സ്വയോദ്ഭവകമായി പ്രക്ഷോഭത്തിനിറങ്ങിയതിന്റെ തിളങ്ങുന്ന അധ്യായങ്ങൾ ചരിത്രത്തിലെമ്പാടുമുണ്ട്. ഫ്രാൻസിലെ വസന്തകലാപത്തിലും വിയറ്റ്നാം യുദ്ധവേളയിലും വിദ്യാർഥികൾ, ചെറുപ്പക്കാരായിരുന്നു മാതൃക സൃഷ്ടിച്ചത്. ഇപ്പോൾ അമേരിക്കയിലെ പുതു തലമുറ വിദ്യാർഥികളും വഴികാട്ടുന്നു. അനീതിക്കെതിരെ പോരാടാൻ ചെറുപ്പത്തിന് കഴിയട്ടെ. അവർ ചരിത്രമെഴുതട്ടെ.
* * *
ചെറുപ്പത്തിന്റെ, യുവത്വത്തിന്റെ ശബ്ദങ്ങൾക്ക്, അവരുെട പുതുമ തേടലിന് ഒപ്പം നിൽക്കാൻ ആഴ്ചപ്പതിപ്പ് എന്നും ശ്രമിച്ചിട്ടുണ്ട്. വിമർശിച്ചും വിമർശനങ്ങൾ സ്വീകരിച്ചും പുതുക്കലുകൾ പലതുണ്ടായി. ആഴ്ചപ്പതിപ്പിന്റെ ഇൗ ലക്കവും യുവത്വത്തിനൊപ്പം നിൽക്കാനുള്ള, അവരുടെ ശബ്ദങ്ങൾ കേൾക്കാനുള്ള ശ്രമമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.