ചുറ്റുമുള്ളത് ഒന്നും നിങ്ങളുടെ വിഷയമല്ലെന്ന തോന്നലിൽ നിങ്ങൾ നിങ്ങളിലേക്കുതന്നെ തലയാഴ്ത്തിയാണോ ഇരിക്കുന്നത്? ലോകത്ത് ഒാരോ നിമിഷവും നടക്കുന്ന അക്രമങ്ങൾ, കവർച്ചകൾ, യുദ്ധങ്ങൾ, കൂട്ടക്കൊലകൾ, ഭരണകൂട വേട്ടകൾ, മർദനങ്ങൾ ഒന്നും നിങ്ങളെ സ്പർശിക്കുന്നില്ലേ? എന്നാൽ, സംശയിക്കേണ്ട നിങ്ങൾ കാഫ്കയുടെ ഒരു കഥാപാത്രം തന്നെയാണ്.
നിഗൂഢവും എന്നാൽ പ്രവചനാത്മകവുമായ ലോകെത്ത ആവിഷ്കരിച്ച് കാഫ്ക വിടവാങ്ങിയിട്ട് ഒരു നൂറ്റാണ്ടാകുന്നു.വളരെ കൃത്യമായി പറഞ്ഞാൽ, ഇൗ ലക്കം ആഴ്ചപ്പതിപ്പ് നിങ്ങളുടെ കൈകളിലെത്തുന്ന ദിവസം, ജൂൺ 3ന്, ഒരു നൂറ്റാണ്ടു മുമ്പാണ് കാഫ്കയുടെ വിയോഗം. പക്ഷേ, കാഫ്ക രചനകളിലൂടെ വരച്ചിട്ട, പ്രവചിച്ച ലോകത്താണ് നമ്മൾ ഇപ്പോൾ. അനുദിനം നമ്മൾ ഒരു കാഫ്കയുടെ കഥാപാത്രമായി രൂപാന്തരം പ്രാപിച്ചും അല്ലാതെയും കഴിയുന്നു.
‘കാഫ്ക ലാൻഡ്’ എന്നൊരു സംജ്ഞകൂടിയുണ്ട്. ‘വിചാരണ’ അടക്കമുള്ള പല കൃതികളിലും കാഫ്ക ഭയാനകവും എന്നാൽ അയഥാർഥമെന്ന് തോന്നിക്കുന്നതുമായ ഒരു നിഗൂഢലോകം സൃഷ്ടിച്ചിട്ടുണ്ട്. മിക്കപ്പോഴും ഈ ഭൂമിക നിലവിലെ ലോകത്തിന്റെ ഇരുണ്ടതും ഭീതിദവുമായ പകർപ്പാണ്. അവിടെ നീതിക്കും യുക്തിക്കും ഇടം ഇല്ലാതാകുന്നു. ‘വിചാരണ’ എന്ന നോവൽ തുടങ്ങുന്നത് ഒരു ബാങ്കിന്റെ ചീഫ് കാഷ്യറായ ജോസഫ് കെ.കെയെ തന്റെ മുപ്പതാം ജന്മവാർഷിക ദിനത്തിൽ അജ്ഞാതരായ രണ്ട് ഏജന്റുമാർ അദൃശ്യ ഏജൻസിയുടെ നിർദേശപ്രകാരം വ്യക്തമല്ലാത്ത കുറ്റത്തിന് പിടികൂടി തടവിലാക്കുന്നതോടെയാണ്.
ഇനിയും കാഫ്ക ലാൻഡ് എന്താണെന്ന് മനസ്സിലായില്ലെങ്കിൽ വ്യക്തമാക്കാം –നമ്മൾ ജീവിക്കുന്ന ലോകംതന്നെയാണത്. ഫലസ്തീനിലെ റഫയിൽ അരങ്ങേറുന്ന കൂട്ടക്കൊലയില്ലേ? ആ റഫയും ഇസ്രായേൽ ഭരണാധികാരവും സത്യത്തിൽ കാഫ്ക ലാൻഡിന്റെ രണ്ട് അറ്റങ്ങളാണ്. വെറുപ്പിന്റെ, അന്യമത വിദ്വേഷത്തിന്റെയും വിഷംചീറ്റുന്ന നാവുകൾ ഭരണാധികാരികൾ തന്നെ എടുത്തുപയോഗിക്കുന്ന, ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ നിങ്ങളുടെ സഹോദരൻ, അയൽവാസി ആക്രമിക്കുന്ന നാടും മറ്റൊരു കാഫ്ക ലാൻഡാണ്. എന്നിട്ടും നിശ്ശബ്ദരായിരിക്കാൻ കാണിക്കുന്ന അതിശുഷ്കാന്തിയുണ്ടല്ലോ അതാണ് കാഫ്ക ലാൻഡിന്റെ പൊതു പ്രവണത.
കാഫ്ക വിവരിക്കുന്ന ലോകത്തിലാണ് ഭരണകൂട വേട്ടകൾ ദിവസവും അരങ്ങേറുന്നത്. ‘വിചാരണ’ എന്ന പുസ്തകത്തിലേതിന് സമാനമാണ് രാജ്യത്ത് നടന്ന പല അറസ്റ്റുകളും. ഭീമ കൊറേഗാവ് കേസിൽ തടവിലാക്കപ്പെട്ടവരും ഉമർ ഖാലിദുമെല്ലാം ജോസഫ് കെയുടെ തുടർച്ചതന്നെയാണ്. ‘ദ കാസിൽ’ എന്ന നോവലിൽ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും വഴികൾ കാഫ്ക വരച്ചിടുന്നു. അത് നമ്മളെ വന്നു തൊടുന്നു. അധികാരത്തിന്റെ ധാർഷ്ട്യങ്ങൾ നിശ്ശബ്ദം സഹിച്ച്, അനീതികൾക്ക് വിധേയരായി നിലകൊള്ളുന്നു. കാഫ്കയുടെ രചനകളിൽ പ്രകടമായ പ്രത്യാശയുടെയും ഉയിർത്തെഴുന്നേൽപിന്റെയും സൂചനകൾ കൂടിയുണ്ട്. അവിടേക്കാണ് മറ്റൊരർഥത്തിൽ നമുക്ക് നീങ്ങേണ്ടത്. കാഫ്ക ശ്രമിക്കുന്നതും തന്റെ വായനക്കാരെ ആ പുതിയ ലോകത്തിലേക്ക് നീക്കാൻകൂടിയാണ്. അവിടെ പരാജയപ്പെട്ടാൽ കാഫ്ക ലാൻഡിൽ തന്നെ നമ്മൾ ഒടുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.