മനസ്സ് നീറും വേദനയോടെയാണ് ഈ അനുശോചന ‘തുടക്കം’ എഴുതുന്നത്. ‘മാധ്യമ’ത്തിന്റെ സ്വന്തമായിരുന്ന, അഭ്യുദയകാംക്ഷിയും സുഹൃത്തുമായിരുന്ന ബാബു രാജേന്ദ്രപ്രസാദ് ഭാസ്കര്‍ എന്ന ‘ബി.ആര്‍.പി’ വിടവാങ്ങിയിരിക്കുന്നു. ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ക്ക് ബി.ആർ.പിയെപ്പറ്റി ഒരു മുഖവുരയുടെയും ആവശ്യമില്ല. നമ്മള് എത്രയോ താളില്‍ ബി.ആര്‍.പി എഴുതിയത് വായിച്ചിരിക്കുന്നു, ചര്‍ച്ചചെയ്തിരിക്കുന്നു. ‘ന്യൂസ് റൂം: ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍’ എന്ന ആത്മകഥ മുതല്‍ എത്രയെത്ര പ്രൗഢഗംഭീരമായ കുറിപ്പുകള്‍. ആ രചനകളില്‍കൂടി അദ്ദേഹം നീതിയെപ്പറ്റി, മനുഷ്യാവകാശത്തെപ്പറ്റി, ജനാധിപത്യത്തെപ്പറ്റി, മതേതരത്വത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ തന്നെ ദിശനിര്‍ണയിക്കുന്ന അളന്നുമുറിച്ച വിമര്‍ശനങ്ങളും വിശകലനങ്ങളും എത്ര...
1932 മാര്‍ച്ച് 12ന് തിരുവിതാംകൂറിൽ, തിരുവനന്തപുരത്തിന് സമീപമുള്ള കായിക്കരയില്‍, ‘നവഭാരതം’ പത്രത്തിന്റെ ഉടമ എ.കെ. ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായാണ് ബി.ആര്‍.പിയുടെ ജനനം. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ പത്രവും പത്രപ്രവര്‍ത്തനവും അറിഞ്ഞാണ് വളര്‍ന്നത്. 1952ല്‍ പത്തൊമ്പതാം വയസ്സില്‍ ചെന്നൈയില്‍ ‘ദ ഹിന്ദു’വില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തനം തുടങ്ങി. 1958 വരെ ‘ഹിന്ദു’വില്‍. പിന്നീട് ന്യൂഡല്‍ഹിയില്‍ ‘ദ സ്റ്റേറ്റ്മാനി’ല്‍ (1959-1963).
തുടര്‍ന്ന് ‘പേട്രിയറ്റ്’ (1963-1965), ‘ഡെക്കാന്‍ ഹെറാള്‍ഡ്’ (1984-91), ‘ആന്ധ്രപ്രദേശ് ടൈംസ്’ (1996 -1997) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1966 മുതല്‍ 1984 വരെ ‘യു.എന്‍.ഐ’യില്‍ ന്യൂസ് എഡിറ്ററായിരുന്നു. 1994 മുതല്‍ 1999 വരെ ‘ഏഷ്യാനെറ്റി’ന്റെ എഡിറ്റോറിയല്‍ ഉപദേശകനായിരുന്നു. ഇക്കാലത്ത് ‘പത്രവിശേഷം’ എന്ന മാധ്യമവിമർശന പരിപാടി സക്കറിയയുമായി ചേര്‍ന്ന് അവതരിപ്പിച്ചു. ‘മാധ്യമം’ ദിനപത്രത്തിന്റെ കോളമിസ്റ്റായിരുന്നു ബി.ആ.പി. ഭാസ്കര്‍. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനക്ക് കേരള സര്‍ക്കാര്‍ നല്കുന്ന സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്കാരമടക്കം (2014) വിവിധ അംഗീകാരങ്ങള്‍ നേടി.
കേരളത്തിലെ സാമൂഹികപ്രസ്ഥാനങ്ങൾക്കും ജനകീയസമരങ്ങൾക്കുമൊപ്പം ബി.ആർ.പി എന്നും നിലകൊണ്ടു. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, പ്രൗഢമായ ഭാഷ സ്വന്തമായുണ്ടായിരുന്ന, വിമർശനങ്ങൾ വെട്ടിത്തുറന്നു പറഞ്ഞ മനുഷ്യാവകാശ പോരാളികൂടിയായിരുന്നു ബി.ആർ.പി. ജാതിയെപ്പറ്റി 1980കളിൽ ഇ.എം.എസിനോട് അടക്കം ശക്തമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു.
‘മാധ്യമ’ത്തിന്റെ നിർബന്ധപ്രകാരമാണ് ആത്മകഥ എഴുതുന്നതുതന്നെ. ഒാർമക്കുറിപ്പുകളിൽ ‘ഞാൻ’ അനാവശ്യമായി കടന്നുവരുമെന്നതിനാൽ എഴുതില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. ‘ഞാൻ’ ഇല്ലാതെ എഴുതിയ ആ ആത്മകഥ മലയാളത്തിലെ എണ്ണംപറഞ്ഞ കൃതികളിലൊന്നാണ്. അതിനാലാണ് ആ കൃതിയെ കേരള സാഹിത്യ അക്കാദമി അവാർഡ് തേടിവന്നതും. ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേണലിസത്തില്‍ അധ്യാപികയായിരുന്ന മകൾ ബിന്ദു ഭാസ്കറിന്റെ ഒപ്പം കഴിയുക എന്ന ഉദ്ദേശ്യത്തോടെയാണ് അവസാനവേളയിൽ ബി.ആർ.പി കേരളം വിട്ടത്. കേരളം വയോജനസൗഹൃദമല്ല എന്നത് അതിന് ഒരു കാരണം കൂടിയായി.
മകളും പിന്നാലെ ഭാര്യയും വിടപറഞ്ഞത് ബി.ആർ.പിയെ ഉലച്ചു. എന്നാൽ, ജീവിതത്തിന്റെ എല്ലാ സമസ്യകളെയും അതേ ഗൗരവത്തിലും നിസ്സംഗതയിലും നേരിട്ട ബി.ആർ.പി പിന്നെയും എഴുത്തിൽ സജീവമായി തുടർന്നു. തിരുവനന്തപുരത്തേക്ക് മടങ്ങിവന്ന് നാലു മാസങ്ങൾക്കു ശേഷമാണ് വിയോഗം. ഒട്ടും ഉടയാത്ത ഓര്‍മശക്തി, പ്രൗഢമായ ഭാഷ, ഒരിക്കലും ചുളിവുവീഴാത്ത മാന്യത, നിലപാടിലെ സത്യസന്ധത, സൗമ്യത, പ്രായമാകാന്‍ കൂട്ടാക്കാത്ത മനസ്സ് എല്ലാം ബി.ആര്‍.പിയിലേക്ക് ആളുകളെ അടുപ്പിച്ചു. രാജ്യത്തിനും നമുക്കും ഏറ്റവും അവശ്യംവേണ്ട നിമിഷങ്ങളിലാണ് ബി.ആർ.പിയുടെ വിയോഗം. നമുക്ക് മഹാമനീഷികൾ അധികമില്ല എന്നതും നഷ്ടത്തിന്റെ ആഴംകൂട്ടുന്നു. ബി.ആർ.പി നയിച്ച ജനകീയ മാധ്യമപ്രവർത്തന പാരമ്പര്യത്തിൽ തന്നെ ‘മാധ്യമം’ തുടരും എന്ന ഉറപ്പാണ് ഇൗ നഷ്ടവേളയിലും ആവർത്തിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.