അപ്രഖ്യാപിത അടിയന്തരാവസ്​ഥ

എഴുത്തുകാരിയും ആക്ടിവിസ്​റ്റുമായ അരുന്ധതി റോയിക്ക്​ എതിരെ നിഷ്​ഠുരമായ യു.എ.പി.എ ചുമത്താൻ ഡൽഹി ലെ​ഫ്. ഗ​വ​ർ​ണ​ർ വി.​കെ. സ​ക്സേ​ന കഴിഞ്ഞയാഴ്​ച അനുമതി നൽകി. രാജ്യം അടിയന്തരാവസ്​ഥയുടെ അമ്പതാം വർഷത്തിലേക്ക്​ കടക്കുന്ന ഇൗ സമയത്ത്​ അരുന്ധതി റോയി നല്ലൊരു രൂപകവും ​െഎക്കണും അടയാളവുമായി ഇൗ ഭരണകൂട നടപടിയിലൂടെ മാറി.

ഇന്ദിര ഗാന്ധി 1975 ജൂൺ 25നാണ്​ രാജ്യത്ത്​ ​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. അതൊരു പഴം പുരാണമല്ല. രാജ്യചരിത്രത്തിൽ എന്നും പ്രസക്തമാണ്​ ആ അധ്യായം. അടിയന്തരാവസ്​ഥ ചില പാഠങ്ങൾ ഭരണകൂടത്തിനും ഭരണവർഗത്തിനും നൽകി. ഇനി നിവൃത്തിയില്ലാത്ത ഒരു ഘട്ടത്തിലല്ലാതെ അടിയന്തരാവസ്​ഥ ഭരണവർഗം പ്രഖ്യാപിക്കില്ല. അതി​ന്റെ ആവശ്യവു​ം ഭരണകൂടത്തിനില്ല എന്നതാണ്​ വാസ്​തവം. പകരം പരോക്ഷമായ അടിയന്തരാവസ്​ഥ നടപ്പാക്കും. അടിയന്തരാവസ്​ഥയേക്കാൾ എന്തുകൊണ്ടും ഭരണകൂടത്തിന്​ ‘നല്ലത്​’ അപ്രഖ്യാപിത അടിയന്തരാവസ്​ഥയാണ്​. ഒരർ​ഥത്തിൽ രാജ്യം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്​ അപ്രഖ്യാപിത അടിയന്തരാവസ്​ഥയിൽകൂടിയാണ്​. അതായത്​ 2024 എന്നുപറയുന്നത്​ അപ്രഖ്യാപിത അടിയന്തരാവസ്​ഥയുടെ അമ്പതുവർഷംകൂടി എന്നാണർ​ഥം. ഇൗ അപ്രഖ്യാപിത അടിയന്തരാവസ്​ഥയെക്കുറിച്ച്​ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്​ത വ്യക്തിയാണ്​ അരുന്ധതി റോയി.

നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​​ർ​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് 2010ൽ ​ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട ഒ​രു കേ​സി​ലാണ്​ അരുന്ധതിക്കെതിരെ ഇപ്പോൾ നടപടി. അ​രു​ന്ധ​തി റോ​യിക്കൊപ്പം ജ​മ്മു-​ക​ശ്മീ​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ മു​ൻ പ്ര​ഫ​സ​ർ ശൗ​ഖ​ത്ത് ഹു​സൈ​നെ​യും പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നാണ്​ ഡ​ൽ​ഹി ലെ​ഫ്. ഗ​വ​ർ​ണ​റുടെ അനുമതി. വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ന്ന​തും ദേ​ശീ​യ ഐ​ക്യ​ത്തി​ന് ഹാ​നി​ക​ര​വുമാ​യ പ്ര​സം​ഗ​ങ്ങ​ൾ ചെ​യ്തു​വെ​ന്ന​താ​ണ് ചു​മ​ത്ത​പ്പെ​ട്ട കു​റ്റം. കശ്​മീർ വിഷയത്തിൽ കേന്ദ്രസർക്കാർ നടപടിക്കെതിരെ സംസാരിച്ചതാണ്​ പ്രശ്​നം. സ​ർ​ക്കാ​റി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​രി​ക്ക​ലും ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ക​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി അ​സ​ന്ദി​ഗ്ധ​മാ​യി വി​ധിക​ൽ​പി​ച്ചി​ട്ടുണ്ട്​. അതും ‘മറന്നുകൊണ്ടാണ്​’ ഇൗ നടപടി. അതായത്​, രാജ്യത്ത്​ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നർ​ഥം. അതുതന്നെയാണ്​ അപ്രഖ്യാപിത അടിയന്തരാവസ്​ഥയുടെ ഒരു ലക്ഷണം.

വിമതശബ്​ദം ഉയർത്തിയവരെ മുഴുവൻ വിചാരണകൂടാതെ ജയിലിലടക്കുന്നതാണ്​ 1975ലെ അടിയന്തരാവസ്​ഥയിൽ കണ്ടത്​. അതുതന്നെയാണ്​ നമ്മളിപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്​. കുപ്രസിദ്ധമായ ഭീമ-കൊറേഗാവ്​ കേസിൽ മലയാളികളായ റോണ വിൽസൺ, ഹാനി ബാബു എന്നിവരുൾപ്പെടെ നിരവധി പേർ വർഷങ്ങളായി വിചാരണപോലും കൂടാതെ തടവറയിൽ കഴിയുന്നു. മാത്രമല്ല, ന്യൂനപക്ഷ രാഷ്​ട്രീയം സംസാരിച്ച പലരും എൻ.​െഎ.​എ കോടതികളുടെ കനിവ്​ കാത്തുകഴിയുന്നു. കേരളത്തിലടക്കം രാജ്യത്ത്​ പലയിടത്തും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. ഛത്തിസ്​ഗഢിൽ വനമേഖലയിൽ ബോംബുകൾ വർഷിക്കുന്നു. വടക്കുകിഴക്കിനുൾപ്പെടെ നീതി നിഷേധിക്കപ്പെടുന്നു. നിയമംതന്നെ നോക്കുകുത്തിയാകുന്നത്​ ബാബരി മസ്​ജിദ്​ കേസിലടക്കം കണ്ടു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. നേരിട്ടുള്ള അടിച്ചമർത്തൽ കൂടാതെ, പരോക്ഷമായും പത്രധ്വംസനം നടത്തുന്നു.

ഇൗ രാജ്യം സമഗ്രാധിപത്യത്തെയും ഫാഷിസത്തെയും ഒരിക്കലും അംഗീകരിക്കില്ല എന്നതാണ്​ ചരിത്രം. ​പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ അടിയന്തരാവസ്​ഥകളെ വെച്ചുപൊറുപ്പിക്കില്ല. താൽക്കാലികമായി ഭരണകൂടം വിജയിച്ചേക്കാം. പക്ഷേ, ആത്യന്തികമായി പരാജയപ്പെടുകതന്നെ ചെയ്യും. ഒരണുവിലും ഫാഷിസത്തെ അംഗീകരിക്കരുത്, ഒര​ു തരിമ്പും വിട്ടുവീഴ്​ചയും പാടില്ല. അമ്പതുവർഷം മുമ്പ്​ മഹത്തായ പോരാട്ടത്തിലൂടെ പ്രഖ്യാപിത അടിയന്തരാവസ്​ഥയെ തോൽപിച്ചതി​ന്റെ പാഠങ്ങൾ ജനം ഉൾക്കൊള്ളണം. ആ പോരാട്ട പാരമ്പര്യത്തിൽ ഉറച്ചുനിന്നും അതി​ന്റെ ഉൗർജം ഉൾക്കൊണ്ടും വേണം ഇന്ത്യയിലെ ​ജനം മുന്നോട്ടുപോകേണ്ടത്​. ഒാരോ ചെറിയ ചുവടും വിലപ്പെട്ടതാണ്​. അരുന്ധതി റോയിക്കെതിരെയുള്ള ഭരണകൂട നീക്കത്തിനെതിരെ അണിനിരക്കുക എന്നതും അത്തരം ചെറിയ നീക്കമാവാം. എങ്കിലും അത്​ പ്രധാനമാണ്​.


Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.