തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ ഒഴുക്കിൽപെട്ട ശുചീകരണ തൊഴിലാളി നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ജോയിയുടെ മരണം വേദനജനകമാണ്. ദുഃഖത്തിൽ ജോയിയുടെ കുടുംബത്തിനൊപ്പം ചേരുകയാണ് ആഴ്ചപ്പതിപ്പ്.
ജൂലൈ 13 ശനിയാഴ്ച രാവിലെയാണ് ജോയിയെ ഒഴുക്കിൽപെട്ട് കാണാതായത്. മാലിന്യം നീക്കാൻ ആമയിഴഞ്ചാൻ തോട്ടിൽ ഇറങ്ങിയപ്പോഴായിരുന്നു അത്യാഹിതം. മൂന്നുദിവസത്തെ തിരച്ചിലിനു ശേഷം കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററിനപ്പുറം തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് അടിയിലൂടെ വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്ത്, റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകി മാലിന്യക്കൂമ്പാരത്തിൽ തടഞ്ഞ് നിൽക്കുകയായിരുന്നു മൃതദേഹം.
കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം അഗ്നിരക്ഷാസേനക്കും ദേശീയ ദുരന്തനിവാരണ സേനക്കുമൊപ്പം ഊർജിത തിരച്ചിൽ നടത്തി. മാലിന്യം നീക്കാൻ റോബോട്ടിന്റെ സഹായവും ഉപയോഗപ്പെടുത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 150 മീറ്ററോളം ദൂരത്തിൽ റെയിൽവേ സ്റ്റേഷന് അടിയിലൂടെ തോട് കടന്നുപോകുന്നത് തുരങ്കസമാനമായ സ്ഥലത്തുകൂടെയാണ്. ഇവിടെ മാലിന്യം നിറഞ്ഞുകിടക്കുന്ന അവസ്ഥയാണ് എപ്പോഴും. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തോട്ടിലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവേയും പരസ്പരം പഴിചാരുന്നത് ഒരുവശത്ത് നടക്കുന്നുമുണ്ട്.
1. തിരുവനന്തപുരമടക്കമുള്ള കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളുമെല്ലാം അതിയായ മാലിന്യകൂമ്പാരത്തിന്റെ നടുവിലാണ്. തോടുകളിലും ജലസ്രോതസ്സുകളിലുമെല്ലാം മാലിന്യം നിറഞ്ഞിരിക്കുന്നു.
2. ആമയിഴഞ്ചാൻപോലെ മിക്ക നഗരത്തിലൂടെയും നീളത്തിൽ ഒഴുകുന്ന പല തോടുകളും മാലിന്യവാഹിനികളാണ്. ഇത് മൊത്തം ജലസ്രോതസ്സുകളെ മലിനമാക്കിയിരിക്കുന്നു.
3. മാലിന്യസംസ്കരണത്തിന് കേരളത്തിൽ ശാസ്ത്രീയ പദ്ധതികൾ ഇല്ല. ഉണ്ടെങ്കിൽതന്നെ അത് നടപ്പാകുന്നില്ല.
4. മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ജനങ്ങളിൽ നല്ല പങ്കും പുലർത്തുന്നു.
5. മാലിന്യസംസ്കരണത്തിനോ മാലിന്യം നീക്കംചെയ്യാനോ റോേബാട്ടിക് അടക്കമുള്ള നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നില്ല.
6. ശുചീകരണ ജോലികളിൽ, പ്രത്യേകിച്ച് ആമയിഴഞ്ചാൻ േപാലുള്ള ഇടങ്ങളിലെ മാലിന്യനിർമാർജനത്തിൽ ഏർപ്പെട്ടിരിക്കുന്നതിൽ തീർത്തും ദരിദ്രരും സമൂഹത്തിലെ അടിസ്ഥാന ജാതി-വർഗ വിഭാഗങ്ങളിൽപെടുന്നവരുമാണ്.
7. ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാര്യമായ സുരക്ഷാസംവിധാനങ്ങളില്ല.
8. ജോയിയെപ്പോലെ അപായത്തിൽപെട്ടവരെ രക്ഷിക്കാൻ മതിയായ സംവിധാനവും നിലവിലില്ല. അതായത് ദാരിദ്ര്യം, ജാതി, സുരക്ഷ, മാലിന്യനിർമാർജനം, പൊതുബോധം എന്നിങ്ങനെ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ് ജോയിയുടെ മരണം. ഇനിയെങ്കിലും ഇക്കാര്യത്തിൽ കേരളസമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെയെല്ലാം നഗര-പട്ടണ ജീവിതം ജോയിമാരുടെ തോളിലാണ് നിലകൊള്ളുന്നത് എന്ന തിരിച്ചറിവുകൂടി ഉണ്ടാവണം. അത് ജാതിശ്രേണികളിലമർന്ന സമൂഹത്തെ പുതുക്കി പ്പണിയണം എന്ന ചിന്തകൂടി നമ്മിലുണർത്തുകയെങ്കിലും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.