ജനസംഖ്യാ അടിസ്ഥാനത്തിൽ ആനുപാതികമായി വിവിധ സമുദായങ്ങൾക്ക് അധികാരത്തിലും തൊഴിൽ മേഖലകളിലുമുള്ള പ്രാതിനിധ്യം അനുവദിക്കുന്നതുകൂടിയാണ് ജനാധിപത്യം. ഈ ഒരു സാമൂഹികനീതി കാഴ്ചപ്പാടിൽനിന്ന് ആഴ്ചപ്പതിപ്പിന്റെ ഇൗ ലക്കം അവസാന വട്ട ജോലികളിൽ എത്തിയപ്പോഴാണ് മൂന്നാം മോദി സർക്കാറിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമായത്. ആ ബജറ്റിൽ കേരളം അവഗണിക്കപ്പെെട്ടന്നു മാത്രമല്ല, ചില സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയിരിക്കുന്നു. ആനുപാതികമായി ലഭിക്കേണ്ടത് കേരളത്തിന് നിഷേധിക്കപ്പെട്ടിരിക്കുന്നു. അതായത് വിഭവങ്ങളുടെ വിതരണത്തിൽ ജനാധിപത്യം ഇല്ലാതായിരിക്കുന്നു എന്ന് ചുരുക്കം.
കേന്ദ്രസർക്കാറിനെ താങ്ങിനിർത്തുന്ന മുഖ്യ സഖ്യകക്ഷികളുടെ സംസ്ഥാനങ്ങളായ ബിഹാറിനും ആന്ധ്രപ്രദേശിനുമാണ് വാരിക്കോരി നൽകിയിട്ടുള്ളത്. പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് അർഹമായ നികുതിവിഹിതം നൽകാതെ ഒന്നും രണ്ടും മോദി സർക്കാർ ഏർപ്പെടുത്തിയ അപ്രഖ്യാപിത ഉപരോധമാണ് ഇക്കുറിയും ആവർത്തിച്ചത്. പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട ആന്ധ്രക്ക് അത് ലഭിച്ചില്ലെങ്കിലും തത്തുല്യമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന പല വാഗ്ദാനങ്ങളും ബജറ്റിൽ കാണാം.
15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആന്ധ്രക്കായി മാറ്റിവെച്ചിരിക്കുന്നത്. കൂടാതെ, സംസ്ഥാനത്ത് നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള ഒട്ടനവധി പദ്ധതികൾ വേറെയും. ബിഹാറിൽ കാൽ ലക്ഷം കോടിയുടെ ആഭ്യന്തര സൗകര്യ വികസനത്തിന് പുറമെ ആവശ്യത്തിന് മെഡിക്കൽ കോളജുകളും വിമാനത്താവളങ്ങളുമെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, പ്രത്യേക പ്രളയരക്ഷാ ഫണ്ടും ഈ രണ്ട് സംസ്ഥാനങ്ങൾക്കും അനുവദിച്ചു. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലും പരോക്ഷമായ ബജറ്റ് ഇടപെടൽ കാണാം.
കേരളമടക്കമുള്ള പല പ്രതിപക്ഷ സംസ്ഥാനങ്ങളെയും ഒരിക്കൽപോലും പരാമർശിക്കാനുള്ള മര്യാദപോലും ധനമന്ത്രി കാണിച്ചില്ല. വാസ്തവത്തിൽ, പ്രളയരക്ഷാ പാക്കേജിനും ആരോഗ്യ അടിയന്തരാവസ്ഥാ സഹായത്തിനുമെല്ലാം അർഹതയുള്ള സംസ്ഥാനമാണ് കേരളം. രണ്ടു കേന്ദ്രമന്ത്രിമാരുള്ള കേരളം ഇക്കുറി എയിംസ് യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രഖ്യാപനമുണ്ടായില്ല. വിനോദസഞ്ചാര മേഖലയിൽ വലിയ പ്രതീക്ഷകളുമായി ബജറ്റ് കാത്തിരുന്ന സംസ്ഥാനത്തിന് അവിടെയും നിരാശയായിരുന്നു ഫലം.
24,000 കോടിയുടെ സാമ്പത്തിക പാക്കേജെന്ന കേരളത്തിന്റെ ആവശ്യം ബജറ്റ് കണ്ടില്ല. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി, ജി.എസ്.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത് 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതം 60ൽനിന്ന് 75 ശതമാനമാക്കൽ, കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങൾക്ക് അധികാരം ഉറപ്പാക്കൽ എന്നിവയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. റെയിൽവേയുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനവും ഉണ്ടായില്ല. കേരളത്തിന്റെ ആകെ ചെലവിന്റെ 21 ശതമാനം മാത്രമാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നതെന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു. അതേസമയം, ബിഹാറിന് 71 ശതമാനവും ഉത്തര്പ്രദേശിന് 47 ശതമാനവും കേന്ദ്രവിഹിതം ലഭിക്കുന്നു.
റബർ കർഷകർക്ക് താങ്ങുവില, കൊച്ചി മെട്രോ വികസനം, ശബരിമല വിമാനത്താവളം, കോഴിക്കോട്-വയനാട് തുരങ്കപാത, സിൽവർ ലൈൻ, ദേശീയപാത വികസനം എന്നിവയിലെല്ലാം കേരളം പ്രതീക്ഷയർപ്പിച്ചിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്രവിഹിതത്തിന്റെ കുടിശ്ശികയായി 3686 കോടി ലഭ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ കടപരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചതടക്കം കാരണങ്ങൾ പ്രതികാര സ്വഭാവത്തിലുള്ള ഈ അവഗണനക്ക് പിന്നിലുണ്ടാകാം. ഏതായാലും അനീതി നടന്നിരിക്കുന്നു. അത് ചോദ്യംചെയ്യപ്പെടുക തന്നെ വേണം. കേരളത്തിൽനിന്നുള്ള എം.പിമാർ ഒറ്റക്കെട്ടായി ഇൗ ജനാധിപത്യവിരുദ്ധതക്കെതിരെ ശബ്ദിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.