ആഴ്ചപ്പതിപ്പ് വീണ്ടുമൊരു കഥാപതിപ്പ് ഒരുക്കുകയാണ്. എന്തുകൊണ്ട്?
ഇത് കഥയുടെ കാലമായതുകൊണ്ട് തന്നെ. മലയാളത്തിൽ ഇപ്പോൾ നല്ല കഥകളുടെ നാളുകളാണ്. നിരവധി പേർ മികച്ച കഥകളുമായി കടന്നുവരുന്നു. എഴുതി തെളിഞ്ഞവരാകട്ടെ വായനക്കാരെ ഞെട്ടിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. പ്രതിഭാധനരായ നിരവധി ചെറുപ്പക്കാർ തങ്ങളുടെ വരവിന്റെ ഇടിമുഴക്കങ്ങൾ നമ്മെ അറിയിച്ചുകൊണ്ടിരിക്കുന്നു. നല്ല കഥ വായിക്കാനായി കാത്തിരിക്കുന്ന വലിയൊരു ആസ്വാദന സമൂഹവും നമുക്കുണ്ട് എന്നതാണ് ഇത് കഥയുടെ കാലമായി മാറ്റുന്നത്.
ആഴ്ചപ്പതിപ്പ് എന്നും പുതിയ കാലത്തിനും പുതിയ കഥക്കുമൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. ആഴ്ചപ്പതിപ്പിലൂടെ എഴുതി മുന്നിലേക്കുവന്ന പലർക്കും ഇന്നു മധ്യവയസ്സ് കടന്നിരിക്കുന്നു. എന്നും പുതിയ കാലത്തിനൊപ്പവും പുതിയ കഥക്ക് ഒപ്പം നിന്നുകൊണ്ടും ആഴ്ചപ്പതിപ്പ് ഇന്നും ചെറുപ്പം നിലനിർത്തുന്നു. അതിശയോക്തിയല്ല. ഇന്നും ഏറ്റവും കൂടുതൽ ചെറുപ്പക്കാർ എഴുതുന്ന, അവരുടെ ആദ്യ രചനകൾ വരുന്ന സാംസ്കാരിക പ്രസിദ്ധീകരണം നമ്മുടെ ആഴ്ചപ്പതിപ്പ് തന്നെയാണ്.
മുമ്പ് പറഞ്ഞതുപോലെ, ഒരു പ്രസിദ്ധീകരണത്തിന് ഉൾക്കൊള്ളാവുന്നതിലധികമാണ് ആഴ്ചപ്പതിപ്പിന് കിട്ടുന്ന കഥകളും രചനകളും. അതിൽ തിരഞ്ഞെടുപ്പുകൾ പലപ്പോഴും പാടാണ്. എങ്കിലും മുമ്പെന്നത്തേയുംപോലെ തന്നെ പുതിയകാലത്തിനൊപ്പം മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടാണ് ‘മാധ്യമം’ മുന്നോട്ടുനീങ്ങുന്നത്. സമകാലിക കഥയുടെ ഒരു പരിച്ഛേദമാണ് ഈ ലക്കം. പല പ്രായത്തിലുള്ളവർ, രചനയുടെ വ്യത്യസ്ത തലങ്ങൾ സ്വീകരിക്കുന്ന ഒമ്പതു പേർ കഥാപതിപ്പിൽ ഒന്നിക്കുന്നു. ഈ കഥകൾ നിങ്ങൾക്ക് ഇഷ്ടമാകും.
===================
കഥാപതിപ്പ് ഒരുങ്ങുമ്പോഴാണ് വയനാട്ടിൽനിന്ന് നാടകസംവിധായകനും നോവലിസ്റ്റും സാമൂഹികപ്രവർത്തകനുമായ കെ.ജെ. ബേബിയുടെ മരണവാർത്ത അറിയുന്നത്. ‘നാടുഗദ്ദിക’ നാടകത്തിലൂടെയും ‘മാവേലിമൻറം’ നോവലിലൂടെയും ബേബി തീർത്ത സാംസ്കാരിക അലകൾ എത്ര ശക്തമായിരുന്നു! കാലത്തെ പിടിച്ചുകുലുക്കിയിരുന്നു അദ്ദേഹത്തിന്റെ ഇടെപടലുകൾ. ‘കനവ്’ അദ്ദേഹത്തിന്റെ നല്ല സ്വപ്നങ്ങൾ പേറി. മാധ്യമം ആഴ്ചപ്പതിപ്പിന്റെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമായ െക.ജെ. ബേബിയുടെ മരണത്തിൽ തീരാവേദന ഞങ്ങളും പങ്കിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.