ട്രമ്പിനെതിരെ സുക്കര്‍ബര്‍ഗും മുഹമ്മദലി ക്ലേയും

വാഷിങ്ടൺ: അമേരിക്കയില്‍ മുസ് ലിംകളുടെ പ്രവേശം പൂര്‍ണമായും വിലക്കണമെന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പിന്‍റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാരിസ്, കാലിഫോർണിയ തീവ്രവാദി ആക്രമണങ്ങളുടെ പേരിൽ മുസ് ലിംകളെ പ്രതികൂട്ടിലാക്കുന്ന നടപടിക്കെതിരെ ഫേസ്ബുക്ക് സ്ഥാപകൻ മാർക് സക്കര്‍ബർഗ് രംഗത്തെത്തി. ലോകമെമ്പാടുമുള്ള മുസ് ലിംകളെ പിന്തുണ അറിയിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ സക്കര്‍ബർഗ് അറിയിച്ചു.

ഒരു ജൂതൻ എന്ന നിലയിൽ, ഏത് സമുദായത്തിന് നേരെയുള്ള അക്രമങ്ങൾക്കെതിരെയും പ്രതികരിക്കാനാണ് തന്‍റെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടുള്ളത്. ഫേസ്ബുക്ക് മേധാവി എന്ന നിലയിൽ മുസ് ലിംകളുടെ എല്ലാവിധ സ്വാതന്ത്ര്യവും സംരക്ഷിക്കും. അവർക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കും. വെറുപ്പ് വിദ്വേഷത്തിന് മാത്രമെ വഴിവെക്കൂവെന്നും ഒത്തൊരുമിച്ച് ലോകം കെട്ടിപ്പടുക്കാമെന്നും സക്കര്‍ബർഗ് വ്യക്തമാക്കി.

ട്രമ്പിന്‍റെ പ്രസ്താവനക്കെതിരെ ബോക്സിങ് ഇതിഹാസം മുഹമ്മദലി ക്ലേയും ശക്തമായി പ്രതികരിച്ചു. ഇസ് ലാമിനെ വ്യക്തിപരമായ അജണ്ട നടപ്പാക്കാൻ ഉപയോഗിക്കുന്നവർക്കെതിരെ രംഗത്തിറങ്ങണമെന്ന് മുഹമ്മദലി ആവശ്യപ്പെട്ടു. ഇസ് ലാമിക് ജിഹാദികൾ ചെയ്യുന്ന ക്രൂരമായ അക്രമങ്ങളെ ‍യഥാർഥ്യ മുസ് ലിംകൾ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. അത് ഇസ് ലാമിന്‍റെ വിശ്വാസ പ്രമാണങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വിവാദ പ്രസ്താവന നടത്തിയ ഡൊണാള്‍ഡ് ട്രമ്പ് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണിൽ ഒപ്പുശേഖരണം പുരോഗമിക്കുകയാണ്. വിഷയം പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാറിനാണ് പ്രതിഷേധക്കാർ ഇമെയിൽ വഴി നിവേദനം അയക്കുന്നത്. ഒരു വിഷയം ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പൗരന്മാരിൽ നിന്നോ രാജ്യത്ത് താമസിക്കുന്നവരിൽ നിന്നോ രണ്ട് ലക്ഷത്തിലധികം നിവേദനങ്ങൾ ലഭിച്ചാൽ ആ വിഷയം ബ്രിട്ടീഷ് പാർലമെന്‍റ് ചർച്ച ചെയ്യണമെന്നാണ് നിയമം.

കാലിഫോര്‍ണിയയില്‍ മുസ് ലിം ദമ്പതികള്‍ 14 പേരെ വെടിവെച്ചു കൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ട്രമ്പ് വിവാദ പ്രസ്താവന നടത്തിയത്. ആക്രമണത്തിനു ശേഷം അമേരിക്കന്‍ മുസ് ലിംകളോടുള്ള വിവേചനത്തിനെതിരെ യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ശക്തമായി പ്രതികരിച്ചിരുന്നു.

 

I want to add my voice in support of Muslims in our community and around the world.After the Paris attacks and hate...

Posted by Mark Zuckerberg on Wednesday, December 9, 2015
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.