സിറിയയില്‍ വ്യോമാക്രമണത്തിന് ഇറാന്‍ വ്യോമതാവളം; റഷ്യ–യു.എസ് വാഗ്വാദം രൂക്ഷം

വാഷിങ്ടണ്‍: സിറിയയില്‍ ആക്രമണം നടത്താന്‍ ഇറാനിലെ വ്യോമതാവളം ഉപയോഗിക്കുന്ന റഷ്യയുടെ നടപടി ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ ലംഘനമാണെന്ന് സംശയിക്കുന്നതായി യു.എസ്. ഇറാനിന് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിനുമുമ്പ് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന്‍െറ അനുമതി നേടേണ്ടതാണ്. ഇറാനുമായി വന്‍ശക്തി രാജ്യങ്ങളുണ്ടാക്കിയ ആണവക്കരാര്‍ തയാറാക്കുന്നതിന്‍െറ ഭാഗമായി സുരക്ഷാസമിതി പാസാക്കിയ പ്രമേയത്തില്‍ ഇതുസംബന്ധിച്ച് നിര്‍ദേശമുണ്ട്. ഈ നിര്‍ദേശങ്ങള്‍ റഷ്യ ലംഘിച്ചെന്നാണ് യു.എസ് കരുതുന്നത്.

ഇറാനിലേക്ക് യുദ്ധവിമാനങ്ങളും സൈനികസന്നാഹങ്ങളും കൈമാറിയെന്ന കേവല പ്രശ്നമല്ല ഉദിച്ചിരിക്കുന്നതെന്നും കാര്യങ്ങള്‍ അതിനപ്പുറമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് സെക്രട്ടറി മാര്‍ക് ടോണര്‍ പറഞ്ഞു. റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ ഇരകളാവുന്നത് സാധാരണക്കാരും മിതവാദികളായ സിറിയന്‍ പ്രതിപക്ഷ സംഘടനകളുമാണെന്നും ടോണര്‍ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനാണ് യു.എസ് ആഗ്രഹിക്കുന്നത്. റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ ആ ലക്ഷ്യത്തിന് അനുയോജ്യമല്ല, ഇത് നിര്‍ഭാഗ്യകരമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച മുതലാണ് ഇറാനിലെ വ്യോമതാവളത്തില്‍നിന്നും റഷ്യ ആക്രമണം ആരംഭിച്ചത്. യു.എസിന്‍െറ ആരോപണം റഷ്യ തള്ളി. ഐക്യരാഷ്ട്രസഭാ പ്രമേയങ്ങള്‍ ലംഘിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

ഇറാനിന് റഷ്യ ആയുധങ്ങള്‍ കൈമാറിയിട്ടില്ല. സിറിയയിലെ ആക്രമണത്തിന് ഇറാനിന്‍െറ വ്യോമതാവളങ്ങള്‍ അവരുടെ സമ്മതത്തോടെ ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. ചര്‍ച്ചയുടെ ആവശ്യംപോലുമില്ലാത്ത സംഗതിയാണിത് ലാവ്റോവ് പറഞ്ഞു.
ഐക്യരാഷ്ട്രസഭ പ്രമേയങ്ങള്‍ അമേരിക്ക ഒരുതവണ കൂടി വായിച്ചുനോക്കണമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തുര്‍ക്കിയിലെ ഇന്‍സിലിരിക് വ്യോമതാവളത്തില്‍നിന്നും യു.എസ് നടത്തുന്ന മിസൈലാക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭാ പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മന്ത്രാലയം ആരോപിച്ചു.
അതിനിടെ, റഷ്യയുടെ നടപടിയെ പിന്തുണച്ച് ഇറാനും രംഗത്തുവന്നു. സിറിയന്‍ സര്‍ക്കാറിന്‍െറ അഭ്യര്‍ഥനമാനിച്ച് ഇറാനും റഷ്യയും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളില്‍ നിയമവിരുദ്ധമായി ഒന്നുമില്ളെന്ന് പരമോന്നത നേതാവ് അലി ഖാംനഇയുടെ ഉപദേശകന്‍ അലി അക്ബര്‍ വിലായതി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.